അഖിലിന്റെ സ്വന്തം പ്രിയ ( കഥ )

രചന : – ഫൈസൽ കണിയാരി

ചന്തിയിൽ അടി കിട്ടിയപ്പോഴാണ് അഖിൽ എന്ന കുഞ്ഞു മോൻ ഉറക്കത്തിൽ നിന്നും ചാടിയെണീറ്റത്. “എന്റമ്മേ….” എന്നും പറഞ്ഞു കൊണ്ട്. വലത്തേ കൈകൊണ്ട് ചന്തിയും തടവി. ഇടത്തേ കൈ കൊണ്ട് കണ്ണും തിരുമ്മി. എവിടന്നാ ഇപ്പൊ അടിവന്നതെന്നു നോക്കി. അപ്പൊ അതാ മുന്നിൽ പർവതം പോലെ ഒരു കറുത്ത രൂപം. അതേ അത് കാലകേയൻ എന്ന എന്റെ അച്ഛൻ. ഞാൻ വീണ്ടും ഒന്നും കൂടി കണ്ണുതിരുമ്മി സൂക്ഷിച്ചു നോക്കി. അതേ കാലകേയൻ തന്നെ അച്ഛന്റെ ചുണ്ടുകൾ അനങ്ങുന്നുണ്ട് പല്ല് ഉരുമ്മുന്നുണ്ട് പക്ഷെ എന്താണ് പറയുന്നതെന്ന് വ്യക്ത മാകുന്നില്ല. ഞാൻ എന്റെ ചെവി അച്ഛന്റെ നേരെ പിടിച്ചു. അപ്പോൾ ആ വാക്കുകൾ ശൂലം കണക്കെ എന്റെ ചെവിട്ടിലോട്ട് തുളഞ്ഞു കയറി.

“നായെ, എവിടയായിരുന്നടാ ഇന്നലെ രാത്രി മുഴുവൻ മൂക്കറ്റം കുടിച്ചു കിടന്നത് ?”

“ഞാനിവിടെ, വേറെ എവിടെയാ ഞാൻ കിടക്കാറ്”

ഞാൻ അച്ചന്റെ മുഖത്ത് നോക്കാതെ താഴത്ത് നോക്കി പറഞ്ഞു .അത്‌ കേട്ടതും അടുത്ത അടിയും കിട്ടി കവിളിലോട്ട്. അത് കിട്ടിയതും പുറത്തേക്ക് എടുത്തു ചാടി മുറ്റത്തേക്ക് നിന്നു. അവിടെ നിന്ന്‌ റോഡിലോട്ട് ഓടി, കവിളും തടവി അച്ഛനെ രൂക്ഷമായി നോക്കി ഞാൻ. അപ്പൊ അടുത്ത ഡയലോഗ്.

“മൂക്കറ്റം കുടിച്ചു നേരത്തിനും കാലത്തിനും വീട്ടിൽ വരാത്തതും പോര എന്നിട്ടവൻ തർക്കുത്തരം പറയുന്നു. പിന്നെ കൊടുങ്ങല്ലൂർ ഭരണിക്കു. മാത്രം കേൾക്കുന്ന കടിച്ചാൽ പൊട്ടാത്ത ചില പദങ്ങളും. എന്നിട്ട് അകത്തേക്ക് നോക്കി ഒരു അലറലും.”എടി.. മാലതി ..അച്ഛന്റെ അലറൽ കേട്ടതും ദോശ ചുട്ടു കൊണ്ടിരുന്ന ‘അമ്മ ചട്ടുകവുമായും മുടി ചീകികൊണ്ടിരുന്ന പെങ്ങൾ കയ്യിൽ ചീപ്പുമായി ഉമ്മറത്തേക്ക് ഓടി വന്നു. അമ്മയെ കണ്ടതും പേപ്പട്ടിയെ പോലെ ചാടി കൊണ്ട് അച്ഛൻ ചോദിച്ചു ?”.

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടീ പൂതനെ. കള്ളും കുടിച്ചു ഇവൻ കയറിവന്നാൽ എന്നോട് പറയാൻ ?”

‘അമ്മ പേടിച്ചു രണ്ടടി പിന്നോട്ട് വെച്ചു കൊണ്ട് പറഞ്ഞു ?.

“അതിന് ഇവൻ ഇന്നലെ രാത്രി വന്നത് ഞാൻ കണ്ടില്ല .പിന്നെ എങ്ങനെ പറയും?”

“മിണ്ടരുത് നീ… നീയാണ് ഇവന് വളം വെച്ചു കൊടുക്കുന്നത്. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം മര്യാദക്ക്. നിന്റെ മോനോട് വല്ല ജോലിയും തിരഞ്ഞു പിടിക്കാൻ പറഞ്ഞോ, അതെല്ലാ ?.. ഇനിയും കള്ളും കുടിച്ചു കൂട്ടു കൂടി നടക്കാനാണ് അവന്റെ ഭാവമെങ്കിൽ അവന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും. മാറങ്ങോട്ട് , എത്ര അടികിട്ടിയാലും നാണമില്ലാത്ത ജന്തു”

മുന്നിൽ നിന്ന അമ്മയെ തട്ടിമാറ്റികൊണ്ട് അച്ഛൻ കടയിലോട്ട് പോയി. അച്ഛന് അങ്ങാടിയിൽ ഒരു പലചരക്ക് കടയുണ്ട്.. അച്ഛൻ പോയി കഴിഞ്ഞപ്പോൾ വീട്ടിലോട്ട്‌ പോകാൻ നിന്നപ്പോഴാണ് പെങ്ങളുടെ കൂട്ടുകാരികൾ അവളെ കോളേജിൽ പോവ്വാൻ വിളിക്കാൻ വന്നത്. എന്നെ കണ്ടതും അപ്പുകുട്ടന്റെ പെങ്ങൾ ബിന്ദു എന്നെ അടിമുടി നോക്കി മുഖം പൊത്തി ചിരിച്ചു. അവൾക്ക് സപ്പോർട്ടായി മറ്റ് രണ്ട് കൂട്ടുകാരികളും. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ അവരോട് ചോദിച്ചു?.

“എന്താടീ.. ഇത്ര ചിരിക്കാൻ ഇവിടെ ആരെങ്കിലും തുണിയില്ലാതെ നിൽക്കുന്നുണ്ടോ?”

അത് കേട്ടപ്പോൾ അവരുടെ ചിരിക്ക് ശക്തി കൂടി അപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു ഇവർ ഇത്രമാത്രം ചിരിക്കാൻ എന്താ എന്റെ ദേഹത്ത് എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ശരീരം ആകെ ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് ആ സത്യം മനസ്സിലായത്. സത്യത്തിൽ തുണിയില്ലായിരുന്നു. ഒരു ട്രൗസർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പോരാത്തതിന് അതിന്റെ പിന്നിൽ ഒരു തുളയും. അവരുടെ മുന്നിൽ നാണം കെട്ട ഞാൻ മുഖത്തൊരു വളിച്ച ചിരിയും വെച്ചു പുറകിലെ തുളയും പൊത്തി പിടിച്ചു വീട്ടിലോട്ട്‌ ഒരു ഓട്ടം ഓടി. നേരെ അമ്മയുടെ മുന്നിൽ ചെന്നു നിന്നു. “അമ്മേ ചായ” എന്ന് പറഞ്ഞതും ദോശ മറിച്ചിടുന്ന ചട്ടകം കൊണ്ട് എന്റെ കൈ തണ്ടക്കൊന്നു തന്നു കൊണ്ട് പറഞ്ഞു ?.

“എടാ നാണം കെട്ടവനെ എവിടയായിരുന്നു ഇന്നലെ രാത്രി മുഴുവൻ നീ?”

“അമ്മേ അടിക്കല്ലേ. നിങ്ങൾക്കെല്ലാവർക്കും ഇങ്ങനെ ഇട്ട് കൊട്ടാൻ ഞാനെന്താ ചെണ്ടയോ?. രാവിലെ അച്ഛന്റെ വക അടി. അത് കഴിഞ്ഞാ അമ്മേടെ വക …

“പറയാടാ. നീ ഇന്നലെ എവിടെയായിരുന്നു. നീ കാരണത്താൽ നിന്റെ അച്ഛൻ , മരിച്ചുപോയ എന്റെ അമ്മയെയും അച്ഛനെയും ആണ് തെറി പറയുന്നത്. എന്റീശ്വരാ എനിക്ക് വയ്യ ഇവൻ കാരണത്താലെ ഞാൻ തീ തിന്ന് ചാവും”

‘അമ്മ ചട്ടുകം പിടിച്ച കൈ തലയിൽ വെച്ചു കൊണ്ട് നിലവിളിച്ചു പറഞ്ഞു

“ഞാനെവിടെ പോവാനാ അപ്പുകുട്ടന്റെ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി കൊറേ വൈകിയപ്പോൾ നിങ്ങളെ വിളിച്ചു ശല്ല്യം ചെയ്യണ്ടാന്ന് വിചാരിച്ചു ഉമ്മറത്ത് തന്നെ കിടന്നു”.

“നീ ഇന്നലെ കുടിച്ചില്ലേ . കുഞ്ഞോനെ .. എന്തു ഭാവിച്ചാ നിന്റെ നടപ്പ്.. ഇങ്ങനെ തേരാ പാരാ നടക്കാനാ നിന്റെ ഉദ്ദേശം..?”

“നിങ്ങളൊക്കെ എന്താ ഇങ്ങനെ. ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ ഒരു ജോലിക്ക്. കിട്ടണ്ടേ… എത്ര ഇന്റർവ്യൂവിനാ ഞാൻ പോയത്?”

“ജോലി കിട്ടിയില്ലങ്കിൽ വേണ്ട. നിനക്ക് അച്ഛന്റെ കൂടെ കടയിൽ നിന്നൂടെ ?”.

“അയ്യോ… അത് വേണ്ടാ. എന്നിട്ട് വേണം നാട്ടുകാരുടെ മുന്നിലിട്ട് എന്നെ തല്ലാൻ. കടയിൽ സാധനം പൊതിഞ്ഞു കൊടുക്കാനാണോ ബി കോം വരെ ഞാൻ പഠിച്ചത്” .

“നീ , ബി കോമും ചുമന്ന് നടന്നോ. മൂക്കറ്റം കുടിച്ചും കൊണ്ട്. ആദ്യത്തേത് ഒരു ആണ്കുട്ടിയല്ലേ എന്ന് വിചാരിച്ചു. ഞാൻ ഒരു പാട് സന്തോഷിച്ചിരുന്നു. ഇതിപ്പോ എനിക്ക് തീ തിന്നാനാണല്ലോ എന്റെ വിധി ഭഗവാനെ”…

“അമ്മേ…നിങ്ങളൊക്കെ ഇങ്ങനെ പ്രാകി കൊണ്ട് നടക്കുന്നത് കൊണ്ടാ ഞാൻ ഗതി പിടിക്കാത്തത്. പിന്നെ കുടിക്കുന്ന കാര്യം. വല്ലപ്പോഴും രണ്ടണം അടിക്കും അത്പ്പോ വലിയ തെറ്റാ ?”.

“അല്ലെടാ തെറ്റല്ല… ശെരിയാണ്… ആ അപ്പുകുട്ടനെയും ഉണ്ണിയേയും ഞാനൊന്ന് കാണട്ടെ.. കാണിച്ചു തരാം നിങ്ങളെ മൂന്നെണ്ണത്തിനെയും ഞാൻ.”

ഞാൻ പതുക്കെ അമ്മയുടെ സാരിതുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു ?

“‘അമ്മ ,,ഇങ്ങോട്ട് നോക്കിയേ !. ഇങ്ങോട്ട് നോക്കാൻ… ഞാനിതാ അമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്യുന്നു.. ഞാൻ ഇനി കുടിക്കില്ല….എന്റമ്മയാണ് സത്യം”..

“വിശ്വസിക്കാവോ.. നീ ഇങ്ങനെ ഒരു പാട് സത്യം ചെയ്തതാ… എന്നെ ഒന്ന് ഇരുത്തിനോക്കി കൊണ്ട് അമ്മ പറഞ്ഞു അപ്പോഴാണ് അങ്ങോട്ട്‌ കയറി വന്ന പെങ്ങൾ കുഞ്ഞിമോളുടെ ഒരു കമന്റ്”..

“‘,എന്നാ അമ്മ … അമ്മേടെ തല പൊട്ടിത്തെറിക്കാതെ സൂക്ഷിച്ചോ… ഏട്ടന്റെ സത്യമാണ്?”

അത് കേട്ട എനിക്ക് ദേഷ്യം വന്നു ഞാൻ അവളുടെ നേരെ തിരിഞ്ഞു പറഞ്ഞു

“ഹലോ മോളെ ..ഞാൻ നിന്റെ ആരാ ഒന്ന് പറഞ്ഞേ..?”

കുഞ്ഞിമോള് ഇതെന്തു ചോദ്യം എന്ന മട്ടിൽ അവനെ നോക്കിക്കൊണ്ട് ചോദിച്ചു

“ഇതെന്ത് ചോദ്യാ ?. നീ എന്റെ ഏട്ടനല്ലേ” ?.

“ആണല്ലോ” ?. അത് മറക്കണ്ട. അല്ലാണ്ടെ നിന്റെ താഴെ അല്ല ഞാൻ.. മനസ്സിലായോ?.. അതും കുറച്ചല്ല എനിക്ക് നിന്നെക്കാളും മൂപ്പ് കൂടുതൽ 5 വയസ്സാണ്.. മനസ്സിലായല്ലോ?”..

“അതിനിപ്പോ ഞാൻ ഏട്ടനോടൊന്നും പറഞ്ഞില്ലല്ലോ ?. ഞാൻ അമ്മയോടല്ലേ പറഞ്ഞത്. എട്ടാനാദ്യം തുണിപോയി ഉടുക്കാൻ നോക്ക്. ഈ ട്രൗസറിൽ നിൽക്കാതെ. എന്റെ കൂട്ടുകാരികളെല്ലാംഅവിടെ നിൽക്കുന്നുണ്ട്”

“നീ പോടി.. വീപ്പകുറ്റി. അവൾ ഉപദേശിക്കാൻ നിൽക്കുന്നു. അവളും അവളുടെ കൂട്ടുകാരികളും. ഒക്കെ അവസരവാദികളാ”.

“എന്നോട് ചൂടാവേണ്ട. ഞാൻ പോണു. തണ്ണി വണ്ടി പോയി ചായകുടിക്കാൻ നോക്ക്”.

“തണ്ണി വണ്ടി നിന്റെ തന്ത കാലകേയൻ. എന്നിട്ട് അമ്മേടെ നേരെ തിരിഞ്ഞു പറഞ്ഞു.. അമ്മേ അവളോട്‌ പോകാൻ പറ?. ഇല്ലെങ്കി ചിലപ്പോ ഞാനവളെ കൊല്ലും”.

അത് കേട്ടതും ‘അമ്മ കുഞ്ഞോളുടെ നേരെ കയർത്തു

“ടീ .. നീ കോളേജിൽ പോകാൻ നിൽ ക്കുകയല്ലേ ? പെട്ടന്ന് പോകാൻ നോക്ക്‌.. ഇനി ഇവിടെ കിടന്ന് തല്ലുകൂടിയാൽ നിനക്കാവും എന്റെ അടുത്തൂന്ന് കിട്ടുക”..

“ആ… ഏട്ടൻ എന്ത് ചെയ്താലും അമ്മക്ക് പ്രശ്നമില്ലല്ലോ ? ഞാൻ എന്തെങ്കിലും പറഞ്ഞാലല്ലേ.. കുറ്റം.. അച്ഛൻ പറയുന്നത് ശെരിയാണ്. അമ്മയാണ് ഈ ഏട്ടനെ ഇങ്ങനെ വഷളാക്കുന്നത്”

“കുഞ്ഞോളെ നിന്നോട് പോകാനാണ് പറഞ്ഞത്?”

“ഞാൻ പോണു”…എന്നിട്ടവൾ മുറ്റത്തേക്ക് ഇറങ്ങി അകത്തോട്ട് നോക്കി വിളിച്ചു പറഞ്ഞു.. “ഞാൻ പോട്ടെ തണ്ണി വണ്ടി”… അതു കേട്ടതും ഞാൻ അവളുടെ നേരെ ഓടി. എന്നെ കണ്ടതും അവളുടെ കൂട്ടുകാരികളും അവളും ചിരിച്ചു .. അപ്പൊ ഞാൻ വിളിച്ചു പറഞ്ഞു…

“നീ വൈകുന്നേരം ഇങ്ങു വാ ഇതിനുള്ളത് ഞാൻ അപ്പൊ തരാം”..

ചായയും കുടിച്ചു കുളിയും കഴിഞ്ഞു മുറ്റത്തേക്കിറങ്ങി ബൈക്കിൽ കയറിയതും അമ്മയുടെ ചോദ്യം.?

“കുളിച്ച് കുറിയും തൊട്ട് തമ്പുരാൻ എവിടേക്കാണാവോ എഴുന്നള്ളത്ത്?”

“എവിടേക്കുമില്ല ‘അമ്മ തമ്പുരാട്ടി.. നമ്മുടെ ഉണ്ണീടെ വീട് വരെ ഇന്നവന്റെ അച്ഛന്റെ ഓർമ്മ ദിവസമാണ്. അപ്പൊ അവിടം വരെ പോയി ഒന്ന് മുഖം കാണിക്കാമെന്നു വെച്ചു. എന്താ ‘അമ്മ തമ്പുരാട്ടിക്ക് വല്ല വിരോധവും ഉണ്ടോ ആവോ ?”

“ഒരു വിരോധവും ഇല്ല. തമ്പുരാൻ ചെല്ല്… ഉണ്ണി തമ്പുരാന്റെ കൊട്ടാരത്തിൽ ഇന്ന് മദ്യ സേവ എല്ലാം ഉണ്ടാകും അല്ലെ?… അതിലെല്ലാം പങ്കെടുത്ത് തമ്പുരാൻ നാലുകാലിൽ ഇന്ന് ഇങ്ങോട്ട് വന്നാൽ തമ്പുരാന്റെ കാലുകൾ ഞാനിന്ന് തല്ലിയൊടിക്കും.. ഓർമയിലിരിക്കട്ടെ”..

“‘അമ്മ തമ്പുരാട്ടിക്ക് ഈ മകൻ രാവിലെ ഒരു വാക്ക് തന്നിരുന്നു.. മറന്നു പോയോ..?”

“ഇല്ല മറന്നിട്ടില്ല… മകൻ തമ്പുരാൻ മറക്കാതിരുന്നാൽ മതി”

“ഉത്തരവ് ‘അമ്മ തമ്പുരാട്ടി.. എന്നാൽ ഞാനങ്ങോട്ട്”..

ഞാൻ അമ്മയുടെ നേരെ ചിരി പാസാക്കി കണ്ണിറുക്കി കൊണ്ടു ബൈക്ക് സ്റ്റാർട്ട് ചെയ്തു നേരെ അപ്പുകുട്ടന്റെ വീട്ടിന്റെ മുന്നിൽ പോയി ഹോണടിച്ചു. അവൻ വന്നു വണ്ടിയിൽ കയറി”.

“അളിയാ പോകാം. നീയെന്താ ഇത്രയും വൈകിയത് ഞാൻ എത്ര നേരമായി കാത്തു നിൽക്കുന്നു.. അവിടെ കർമങ്ങളെല്ലാം കഴിഞ്ഞോ ആവോ?”

“കർമങ്ങൾ ഉണ്ണിയെല്ലേ ചെയ്യുന്നത് അല്ലാതെ നമ്മളല്ലല്ലോ.?. അപ്പൊ നമ്മള് കുറച്ചു വൈകിയാലും കുഴപ്പമില്ല”..

“അതല്ലടാ മണ്ടാ.. കർമ്മം അവൻ തന്നെയാ ചെയ്യുന്നത്. കർമ്മം കഴിഞ്ഞാലുള്ള കാര്യമാണ് ഞാൻ പറഞ്ഞത്”

“കർമം കഴിഞ്ഞാലെന്തു കാര്യം?”

“അപ്പൊ ഇന്നലെ വാങ്ങിയ കുപ്പിയുടെ കാര്യം നീ മറന്നോ. നമ്മൾ വൈകിയാൽ അവൻ അതെല്ലാം അടിച്ചു തീർക്കും.. എനിക്കാണെങ്കിൽ രാവിലെ രണ്ടണ്ണം അടിക്കാഞ്ഞിട്ട് കൈ വിറക്കുണൂ”

“ഓ ആ കാര്യം ഞാൻ മറന്നു . എന്നാ ഞാൻ കൊല്ലും അവനെ.. ഡാ നിന്നോടൊക്കെ ഞാൻ പറഞ്ഞിട്ടില്ലെ ഞാൻ കൂടുതൽ ഫിറ്റായാൽ എന്നെ കുളിപ്പിച്ചിട്ടെ വീട്ടിൽ കൊണ്ട് വിടാവൂ എന്ന്”

“എന്ത് പറ്റി അളിയാ ഇന്നലെ വീട്ടിൽ വല്ല പ്രശ്നവും ഉണ്ടായോ?”

“ഇന്നലെ അല്ല ഇന്ന് രാവിലെ . ഞാനിന്നലെ ആ ഫിറ്റിൽ അമ്മയെ വിളിക്കാതെ ഉമ്മറത്ത് കിടന്നുറങ്ങി നേരം വെളുത്തപ്പോ അച്ഛന്റെ അടി കിട്ടിയപ്പോഴാണ് ഞാനെണീറ്റത് അടികിട്ടിയതും ഞാൻ റോഡിലേക്ക് ഓടി തുണിയില്ലാതെ. അപ്പോഴാണ് കഞ്ഞോളെ കോളേജിൽ കൂട്ടാൻ നിന്റെ പെങ്ങൾ ബിന്ദുവിന്റെ വരവ് . എന്നെ കണ്ടതും അവർ ചിരിക്കാൻ തുടങ്ങി . എന്തിന് പറയുന്നു എല്ലാവരടത്തുന്നും കിട്ടി രാവിലെ തന്നെ വയറു നിറച്ച്‌”.

” നന്നായി അങ്ങനെ വേണം നിന്നോട് ഞാൻ പറഞ്ഞതാ ഇന്നലെ തുണിയെടുത്തോണ്ട് പോകാൻ. അപ്പൊ നിനക്ക് തുണിയില്ലാതെ തന്നെ പോകണം”.

“സാധനം തലക്ക് പിടിച്ചാൽ പിന്നെ എന്തോന്ന് തുണി ?. പിന്നെ പറക്കെല്ലേ നിലം തൊടാതെ ചരട് പൊട്ടിയ പട്ടം പോലെ”..

ഞങ്ങൾ ഉണ്ണിയുടെ വീട്ടിൽ എത്തിയതും കർമങ്ങളെല്ലാം തുടങ്ങിയിരുന്നു. അവന്റെ ഇരിപ്പ് കണ്ടാലറിയാം അടിച്ചു ഫിറ്റായാണ് ഇരിക്കുന്നതെന്ന്.

തന്ത്രി പറഞ്ഞു കൊടുത്തത് അനുസരിച്ചു ഉണ്ണി ചോറ് ഉരുളയാക്കി ഇലയിൽ വെച്ചു. എള്ളും പൂവും അതിന്റെ മേലെ തെളിച്ചു. തന്ത്രി കൈ കൊട്ടി കാക്കയെ വിളിക്കാൻ പറഞ്ഞു. ഇതെല്ലാം കണ്ടു കൊണ്ട് ഞാനും അപ്പുകുട്ടനും അവന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.

അവൻ കൈ കൊട്ടി കാക്കയെ വിളിച്ചു. കാക്കകൾക്കു വംശനാശം സംഭവിച്ചത് കൊണ്ടോ.. എന്തോ, ഒരു കാക്കയും വന്നില്ല.. അല്ലെങ്കിലും എങ്ങനെ വരാനാ അച്ഛൻ മരിച്ചപ്പോ അടിച്ചു ഫിറ്റായി കിടന്ന ഇവനെ ഞങ്ങള് രണ്ടാളുമാ.. ചുമന്ന് അവന്റെ അച്ഛന്റെ അടുത്ത് കൊണ്ടുവന്ന് ഇരുത്തിയത്. ആ ഇവൻ കൈ കൊട്ടിയാൽ കാക്ക പോയിട്ട് ഒരു ഒരു ഈച്ച പോലും വരുമെന്ന് തോന്നുന്നില്ല. ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു.

ഉണ്ണി വീണ്ടും കൈകൊട്ടി ശക്തിയായി തന്നെ. അതെന്തായാലും കാക്ക കേട്ടു. പക്ഷെ പറക്കുന്ന കാക്കയല്ല. ഇടവഴിയിലൂടെ പോകുന്ന അപ്പുറത്തെ വീട്ടിലെ മമ്മദ് കാക്ക ആയിരുന്നു അത് അയാൾ ഉണ്ണിയെ നോക്കി ചോദിച്ചു ?.

“എന്താ മോനെ ഉണ്ണി എന്നെ വിളിച്ചത്.?”

“മമ്മദ്കാക്കയുടെ ചോദ്യം കേട്ടതും ഉണ്ണി അയാളെ തുറിച്ചു നോക്കി. അത് കണ്ട മമ്മദ്കാക്ക ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് വിചാരിച്ചു പതുക്കെ സ്ഥലം വിട്ടു. ഇത് കണ്ട അപ്പുകുട്ടനും ഞാനും മനസ്സിൽ കുടു കൂടാ ചിരിച്ചു അത് കണ്ട ഉണ്ണി ഞങ്ങളെയും തുറിച്ചു നോക്കി.

അവസാനം കൈ കൊട്ടി മടുത്ത ഉണ്ണി കൊട്ട് അവസാനിപ്പിച്ച് കാക്ക വേണങ്കിൽ തിന്നട്ടെ എന്നും പറഞ്ഞ് വീട്ടിനകത്തോട്ട് പോയി ഷർട്ടും ഇട്ട് കുപ്പിയും എടുത്ത് വന്ന് ബൈക്കിൽ കയറി. ഞങ്ങൾ നേരെ ഞങ്ങൾ എന്നും അടിക്കുന്ന കുന്നിൻ ചെരുവിൽ പോയിരുന്നു

കുപ്പിയും ഗ്ളാസും വെള്ളാവുമെല്ലാം പുറത്ത് എടുത്തു വെച്ചു ഉണ്ണി പറഞ്ഞു

“അളിയാ അഖിലേ എന്താടാ ഞാൻ കൈ കൊട്ടിയിട്ടും കാക്കവരാഞ്ഞെ?”.

“എങ്ങനെ വരാനാ നീയല്ലേ കൊട്ടിയത് ജീവിച്ചിരിക്കുമ്പോ നിന്റെ അച്ഛന് നിനെന കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. ആ നീ കൈ കൊട്ടിയാൽ കാക്ക പോയിട്ട് ഒരു ഈച്ച പോലും വരില്ല.

ഞാൻ പറഞ്ഞെത് കേട്ട് അപ്പുക്കുട്ടൻ അവന്റെ കുടവയറും വെച്ച് കുലുങ്ങികൊണ്ട് കുടു കൂടാ ചിരിച്ചു

ഞാൻ പറഞ്ഞത് കേട്ട് ഉണ്ണി കുറച്ചു നേരം ആലോചിച്ചതിന് ശേഷം പറഞ്ഞു

“അതും ശെരിയാണ്.. വെറുതെ രണ്ടുരുള ചോറ് കളഞ്ഞു”..

അപ്പുക്കുട്ടൻ കുപ്പി പൊട്ടിച്ചു മൂന്ന് ഗ്ലാസ്സിലും ഓരോരോ പെഗ്ഗ് ഒഴിച്ചു വെള്ളവും ഒഴിച്ചു. ഞങ്ങൾ മൂന്നാളും ഗ്ളാസ് കയ്യിലെടുത്തു ഉയർത്തി പിടിച്ചു ചിയേഴ്സ് പറഞ്ഞതും എന്റെ മൊബൈൽ ബെല്ലടിച്ചു. അത് കേട്ടതും അപ്പുക്കുട്ടൻ പറഞ്ഞു

“ആരാടാ ഈ നല്ല മുഹൂർത്തത്തിൽ അപശകുനം പോലെ ഫോണിൽ?”

ഞാൻ ഫോണിലേക്ക് നോക്കിയതും അമ്മയായിരുന്നു. ഞാൻ ഗ്ളാസ് താഴെ വെച്ചു ചുണ്ടത്ത് വിരല് വെച്ചു രണ്ടാളോടും..”മിണ്ടല്ലേ അമ്മയാണെന്ന് പറഞ്ഞു “..

“എന്താ ‘അമ്മ വിളിച്ചത്”.

“നീ എവിടെയാണ്”

“ഞാൻ ഉണ്ണീടെ വീട്ടിൽ ”

“നീ ഇങ്ങോട്ട് വാ ഇവിടെ കുറച്ച് വിരുന്നുകാർ വന്നിട്ടുണ്ട്”

“അയ്യോ ഇവിടെ കർമങ്ങൾ കഴിഞ്ഞിട്ടില്ല തുടങ്ങുന്നതേ ഒള്ളൂ” .

ഞാൻ ഉണ്ണിയേയും അപ്പുകുട്ടനെയും കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു.

“കർമങ്ങളെല്ലാം അവർ ചെയ്തോളും നീ പെട്ടന്ന് ഇങ്ങോട്ട് വാ”

“അത് ശെരിയാവില്ല ഞാനില്ലാതെ ഈ കർമ്മം പൂർത്തിയാവില്ല”.. ഞാൻ കുപ്പിയെടുത്ത് ഒരു ഉമ്മവെച്ചു കൊണ്ട് പറഞ്ഞു.

“മര്യാദക്ക് നിനക്കു ഇങ്ങോട്ട് വരുന്നതാണ് നല്ലത്. അച്ഛനുണ്ട് ഇവിടെ നീ ഇങ്ങോട്ട് വന്നില്ലെങ്കിൽ അച്ഛനങ്ങോട്ട് വരും?”.

“അയ്യോ.. വേണ്ട രാവിലെ കിട്ടിയ അടിയുടെ വേദന ഇതുവരെ മാറിയിട്ടില്ല.. ഞാൻ വരാം”

“…അതേ.. ഞാനിപ്പോ വരാം വീട്ടിൽ ആരോ വന്നിട്ടുണ്ട്.’അമ്മ അവിടം വരെ ഒന്ന് ചെല്ലാൻ പറഞ്ഞു. ഞാൻ തിരിച്ചു വരുന്നതിന് മുമ്പേ മുഴുവൻ അടിച്ചു തീർക്കല്ലേ”…

അത് കേട്ട ഉണ്ണി പറഞ്ഞു

“അളിയാ എന്നാ ഒരു ധൈര്യത്തിനു രണ്ടണം പിടിപ്പിച്ചിട്ട് പൊയ്ക്കോ”.

“വേണ്ട ഞാൻ വന്നിട്ട് കഴിക്കാം. ഇപ്പൊ കഴിച്ചുകൊണ്ടു ചെന്നാൽ ആ വിരുന്നുകാരുടെ മുന്നിലിട്ട് അച്ഛനെന്നെ തല്ലും വെറുതെ എന്തിനാ അച്ഛനെ മെനക്കെടുത്തുന്നത്. അളിയാ അടിച്ചു തീർത്തേക്കല്ലേ”..

വീട്ടിൽ എത്തിയതും ഞാൻ കണ്ടു അച്ഛന്റെ അടുത്ത് ഇരിക്കുന്ന ആളെ അച്ഛന്റെ പഴയ കൂട്ടുകാരൻ ഞങ്ങളുടെ പഴയ അയൽവാസി ബാലേട്ടനെ ഇപ്പൊ പാലക്കാടാണ് താമസം. എന്നെ കണ്ടതും അച്ഛൻ പറഞ്ഞു

“അറിയോ നിനക്കിവരെ. നമ്മുടെ പഴയ ബാലേട്ടനാ”

അപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

“പിന്നെ അറിയാണ്ട്. അങ്ങനെ മറക്കാൻ പറ്റുമോ ബാലേട്ടനെ”. പിന്നെ ഞാൻ മനസ്സിൽ പറഞ്ഞു. പണ്ട് ഇയാളുടെ മോള് പ്രിയയും ഞാനും കളിച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ കാലിന്റെ തുടയിൽ കമ്പ് കോറി മുറിഞ്ഞപ്പോൾ ആ മുറിവ് കാണാൻ അവളുടെ പാവാട പൊക്കി നോക്കിയപ്പോൾ എന്നെ എടുത്തിട്ട് തല്ലിയ ആളാണ് ഇയാൾ. എന്നിട്ട് പോരാത്തതിന് അച്ഛനോടും പറഞ്ഞു കൊടുത്തു. അന്ന് അച്ഛന്റെ കയ്യിൽ നിന്നും കിട്ടി ഒരു പാട് തല്ല്. “നീ പെണ്കുട്ടികളുടെ പാവാട പൊക്കി നോക്കും അല്ലെടാ കുരുത്തം കെട്ടവനെ”. എന്ന് പറഞ്ഞു കൊണ്ട് എന്നെ തല്ലുന്നത് കണ്ട് അന്ന് ഒരാളുടെ മുഖത്ത് മാത്രമേ ഞാൻ വിഷമം കണ്ടുള്ളൂ അത് പ്രിയയുടെ മുഖത്തായിരുന്നു. അന്ന് അവൾ കരഞ്ഞു പറഞ്ഞു ഇയാളോട് അച്ഛാ അഖിലേട്ടനെ തല്ലല്ലേ എന്നു പറ എന്ന് പറഞ്ഞു കൊണ്ട്. അവൾക്ക് എന്നോട് ഇഷ്ടമായിരുന്നു എനിക്ക് അവളോടും. അന്ന് അച്ഛന്റെ അടികിട്ടി എന്റെ ചന്തിയിൽ മുറിവായത്തിന്റെ പാട് ഇന്നും ഉണ്ട് അവിടെ. എന്നും കുളിക്കുമ്പോൾ അവിടെ സോപ്പ് തേക്കുമ്പോൾ ഞാൻ ഇയാളെ ഓർക്കാറുണ്ട്. എന്നിട്ടിപ്പൊ ചോദിക്കാ മറന്നു പോയൊന്ന്..

“നീയെന്താടാ ആലോചിക്കുന്നത്. ബാലേട്ടനോട് സുഖമാണോന്ന് ചോദിക്കെടാ”

അത് കേട്ടതും സ്വപ്നത്തിൽ നിന്നും ഉണർന്ന് ഞാൻ ബാലേട്ടനോട് സുഖ മാണോ എന്ന് ചോദിച്ചു അയാൾ സുഖമാണെന്ന് പറഞ്ഞു അപ്പോൾ അയാൾ എന്നോട് ഞാനെന്ത് ചെയ്യുന്നു എന്ന് ചോദിച്ചു.

“ബി കോം കഴിഞ്ഞു ഇപ്പൊ ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

“അതേ. അപ്പൊ പഠിക്കാനൊക്കെ മിടുക്കനായിരുന്നു അല്ലെ. ഇനിയിപ്പോ നിനക്കൊരു ജോലി കിട്ടിയാൽ അച്ഛന് വീട്ടിലിരിക്കാമല്ലോ. അല്ലെ ദിവാകരാ”…

അത്‌ കേട്ടപ്പോൾ അച്ഛൻ എന്നെ മൊത്തത്തിൽ ഒന്ന് പരിഹസിച്ചു നോക്കിക്കൊണ്ട് ഒരു വളിച്ച ചിരിയും ചിരിച്ചു പറഞ്ഞു.

“അതേ അതെ. അവനൊരു ജോലി കിട്ടിയിട്ട് വേണം. എനിക്കൊന്ന് കാല് നീട്ടി ഇരിക്കാൻ. പക്ഷെ ആ ഇരുത്തം എന്ന്‌ ഉണ്ടാവും എന്നറിയില്ല”

കിട്ടിയ അവസരത്തിൽ അച്ഛൻ നൈസായി എനിക്കിട്ടൊന്നു താങ്ങി. പക്ഷെ ആ താങ്ങൽ മനസ്സിലാവാതെ ബാലേട്ടൻ ചോദിച്ചു

“അതെന്താടാ ദിവാകരാ നീ അങ്ങനെ പറഞ്ഞത്?”

“അല്ല വെറുതെ പറഞ്ഞന്നെ ഒള്ളൂ ഇന്നത്തെ കാലമല്ലേ. ഒരു ജോലിയൊക്കെ കിട്ടാൻ വലിയ പ്രയാസമാണ്. പിന്നെ അനുഭവിക്കാൻ ഒരു യോഗവും വേണം. അല്ലെ മോനെ”

“അച്ഛന്റെ പരിഹാസം നിറഞ്ഞ എന്നോടുള്ള ചോദ്യം എന്നെ വല്ലാണ്ട് നാണം കെടുത്തുന്ന പോലെ തോന്നി. ഞാൻ മുഖത്ത് ഒരു വളിച്ച ചിരിയും വാരിത്തേച്ചു അതേ നാണയത്തിൽ തിരിച്ചു അച്ഛന് ഒരു ഉത്തരം കൊടുത്തു

“അതേ അനുഭവിക്കാൻ ഒരു യോഗം വേണം.. എനിക്ക്”.

“അല്ല ദിവാകരാ നമ്മൾ ഇവർ കുട്ടിയായി ഇരിക്കുമ്പോൾ പണ്ട് ഒരു കാര്യം പറഞ്ഞിരുന്നു ഇവൻ വലുതായി ഒരു ജോലിയൊക്കെ ആയാൽ ഇവനെ കൊണ്ട് എന്റെ മോള് പ്രിയയെ വിവാഹം കഴിപ്പിക്കാമെന്ന്. അന്ന് നീ പറഞ്ഞത് ഞാൻ മറന്നിട്ടില്ല. എനിക്ക് ഇപ്പോഴും അതിന് സമ്മതമാണ് കേട്ടോ. അങ്ങനെയെങ്കിൽ നമ്മുടെ ബന്ധം ഒന്നും കൂടി ഉറക്കുമല്ലോ”.

അത് കേട്ടതും എന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി. പ്രിയയെ എനിക്ക് വിവാഹം കഴിച്ചു തരാൻ ബാലേട്ടന് സമ്മതമാണെന്ന് ഇത് സ്വപ്നമോ. പണ്ട് കണ്ട അവളുടെ മുഖം എന്റെ മനസ്സിലൂടെ പാഞ്ഞു പോയി മൂക്കള ഒലിപ്പിച്ചു മെലിഞ്ഞുണങ്ങിയ ഇരു നിറമുള്ള പ്രിയയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു. ഞാൻ മറുപടിക്കായി അച്ഛന്റെ വായിലോട്ട് നോക്കി.

“അതിനെന്താ ബാലാ. ആദ്യം അവനൊരു ജോലി കിട്ടട്ടെ. എന്നിട്ട് നമുക്ക് ആലോചിക്കാം. ഞാൻ അവനൊരു ജോലി കിട്ടിയതിന് ശേഷം ഈ കാര്യം നിന്നോട് സംസാരിക്കണം എന്ന് വിചാരിച്ചതാ”..

അച്ഛന്റെ മറുപടി എന്നെ വല്ലാതെ അതിശയിപ്പിച്ചു. എന്റെ അച്ഛൻ തന്നെയാണോ ഈ പറയുന്നത്. ഇന്ന് രാവിലെയും കൂടി എന്നെ എടുത്തിട്ട് തല്ലിയ അച്ഛനാണ് ഈ പറയുന്നത്. അപ്പൊ അച്ഛൻ എന്നെ പറ്റി ചിന്തിക്കുന്നുണ്ട് എന്ന് ഉറപ്പായി . എന്നെ ചിന്തയിൽ നിന്നും ഉണർത്തി ബാലേട്ടന്റെ അടുത്ത വാക്കുകൾ

” മോന് ഇഷ്ടകുറവൊന്നും ഇല്ലല്ലോ എന്റെ മോളോട്”

ബാലേട്ടന്റെ ആ ചോദ്യത്തിന് പ്രസാദിച്ച മുഖത്താലെ ഞാൻ പറഞ്ഞു

“നിങ്ങൾക്കൊക്കെ ഇഷ്ടമാണെങ്കിൽ പിന്നെ എനിക്ക് ഇഷ്ടകുറവൊന്നും ഇല്ല എന്നാലും അവളോടൊന്ന് ചോദിക്കാതെ ഞാനങ്ങനെ പറയാ”?….

“അതിനെന്താ അവളോട്‌ ചോദിച്ചോ അവളും വന്നിട്ടുണ്ട്. അവൾ അകത്തുണ്ട്.

“ങ്ങേ.. അവൾ വന്നിട്ടുണ്ടോ. അപ്പോൾ ഇത് എന്റെ പെണ്ണ് കണലാണോ. ഞാൻ മനസ്സിൽ പറഞ്ഞു. ഭഗവാനെ ഇന്നങ്ങാനും രണ്ടണം അടിച്ചിട്ടാണ് വന്നിരുന്നെങ്കിൽ ആകെ കുളമായേനെ. എനിക്ക് അവളെ കാണാൻ തിടുക്കമായി ഞാൻ പതിയെ അകത്തോട്ട് പോയി അടുക്കളയിലോട്ടു പോയി അമ്മയോട് ചോദിച്ചു പ്രിയ എവിടെ എന്ന് ‘അമ്മ പറഞ്ഞു

“കുഞ്ഞോളും അവളും നിന്റെ റൂമിലുണ്ട്”. ‘അമ്മ അവർക്ക് ചായ എടുക്കുന്നതിനിടയിൽ പറഞ്ഞു”

“കുഞ്ഞോൾക്കിന്നു ക്ളാസില്ലേ”?

“ഇല്ല അവൾ നീ പോയി കുറച്ചു കഴിഞ്ഞപ്പോ തിരിച്ചു വന്നു”.

“ദുഷ്ട അവൾ എന്നെ പറ്റി ഇനി പ്രിയയോട് വേണ്ടാത്തത് വല്ലതും പറഞ്ഞു കൊടുത്തോ ആവോ.. എനിക്കിട്ട് പാര പണിയാൻ പറ്റിയ ഒരു അവസരവും അവൾ പാഴാക്കില്ല. പ്രിയ ഇപ്പോൾ കാണാൻ എങ്ങനെ ആയിരിക്കും സുന്ദരി ആയിരിക്കുമോ ?. അതോ പണ്ടത്തെ പോലെ ഇപ്പോഴും മൂക്കള എല്ലാം ഒലിച്ചുകൊണ്ടു തന്നെയാണോ?. ആ അങ്ങനെ ആണെങ്കിലും കുഴപ്പമില്ല. അതങ്ങ് പിഴിഞ്ഞു കളഞ്ഞാൽ മതിയല്ലോ. ഇനി അവൾക്ക് എന്നോടുള്ള പണ്ടത്തെ ആ ഇഷ്ട്ടം ഇപ്പോഴും ഉണ്ടാവുമോ ആവോ… ഇപ്പോഴൊക്കെ ആണ് ഒരു രണ്ടണം മണമില്ലാത്തത് പിടിപ്പിക്കേണ്ടത് ഒരു ധൈര്യത്തിന് എങ്കിൽ സംസാരിക്കാൻ ഒരു താളം കിട്ടിയേനെ”. ഞാൻ മനസ്സിൽ പറഞ്ഞു നേരെ എന്റെ റൂമിന്റെ അടുത്തേക്ക് നടന്നു റൂമിന്റെ മുന്നിലെത്തിയതും ഞാൻ കണ്ടു പുറം തിരിഞ്ഞ് ജനാലയിൽ കൂടി പുറത്തോട്ട് നോക്കി നിൽക്കുന്ന അവളെ ആദ്യം തന്നെ പിൻ ഭാഗമാണ് കണ്ടത് പിൻ ഭാഗം കുഴപ്പമില്ല കാണാൻ ഒരു ചന്തമൊക്കെ ഉണ്ട് അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ട കുഞ്ഞോളുടെ ഒരു കമന്റ്

“അല്ല ആരിത് ഏട്ടനോ. പ്രിയേച്ചി എത്ര നേരമായി ഏട്ടനെ കാത്തിരിക്കുന്നു എന്നറിയോ ?.

“കുഞ്ഞോളുടെ സംസാരം കേട്ടതും പുറതോട്ടുള്ള നോട്ടം അവസാനിപ്പിച്ചു ആകാംഷ യേറിയ ഒരു നിറ പുഞ്ചിരിയോടെ പ്രിയ എന്നെ തിരിഞ്ഞു നോക്കി…

രചന.. ( തുടരും…)

രചന : – ഫൈസൽ കണിയാരി

കുറ്റിപ്പുറം

(മദ്യപാനം ആരോഗ്യത്തിന് ഹാനീകരം)

( ഈ കഥ രണ്ട് പാർട്ട് മാത്രമേ ഒള്ളൂ ഒറ്റ പാർട്ടിൽ കൊടുത്തതാണ് പക്ഷെ പേജിൽ കൊണ്ടില്ല അത് കൊണ്ടാണ് രണ്ട് പാർട്ടാക്കിയത് നിങ്ങൾ സഹകരിക്കുക വായിച്ചു കഴിഞ്ഞാൽ കമന്റ് അറിയിക്കുക. ഇതൊരു കോമഡിയും ലൗ സ്റ്റോറിയും കൂടിയ സബ്ജെക്റ്റാണ് നിങ്ങൾക്ക് ഇഷ്ട്ട പെടുമെന്നാണ് എന്റെ വിശ്വാസം. ഇതിന്റെ ബാക്കി ഭാഗം നാളെ പോസ്റ്റ് ചെയ്യുന്നതാണ് )

Leave a Reply

Your email address will not be published. Required fields are marked *