അമ്മൂ… നീയിതെന്തു ഭാവിച്ചാ…. നാളെ നിന്റെ വിവാഹ നിശ്ചയമാണെന്നു ഓർമ്മ വേണം…..

രചന : – അമ്മു

അമ്മൂ… നീയിതെന്തു ഭാവിച്ചാ…. നാളെ നിന്റെ വിവാഹ നിശ്ചയമാണെന്നു ഓർമ്മ വേണം…..

എന്താ നിന്റെ ഉദ്ദേശം എന്തെങ്കിലും ഒന്നു പറ നീ……

പ്രത്യേകിച്ച് ഒന്നൂല്ല മാളു….

നീയെന്താ താമാശ കാട്ടുകയാണോ…. ? അതോ നിനക്ക് ഭ്രാന്തയായോ…. ?

ക്ഷണിച്ചു വരുത്തിയവർക്കു മുന്നിൽ നിന്റെ അച്ഛനും അമ്മയും തലകുനിച്ചു നിൽക്കേണ്ടി വരും…. നീയെന്തെങ്കിലും ഒന്നു പറയ് …. നിന്നെ ജീവനും തുല്യം സ്നേഹിച്ചവരെയാണ് നീ തോൽപ്പിക്കാൻ ശ്രമിക്കുന്നത്… ഒപ്പം അഞ്ചു വർഷമായി നിന്നെ പ്രാണനെ പോലെ കൊണ്ട് നടക്കുന്ന ശ്രീയെയും….

എന്താ നിന്റെ മനസ്സിൽ… ? അല്ലെങ്കിൽ ഞാനിപ്പോ അവരെ വിളിച്ചു പറയും, നീയിവിടെ എന്റടുത്തുണ്ടെന്നു……

നീ വിളിക്കു മാളു… വിളിച്ചു പറ എന്നെ വന്നു കൊണ്ടു പോവാൻ പക്ഷെ ജീവനോടെയാവില്ല……..

അമ്മു നീ…

എന്റെ അമ്മു എന്താ അവൾക്കു പറ്റിയത്. അവളിങ്ങനെ ആയിരുന്നില്ല. എല്ലാവരുടെയും പ്രിയപ്പെട്ട വായാടി… അഞ്ചു വർഷത്തെ അവളുടെ പ്രണയം സഫലമാകുന്ന ഈ നേരത്തു എന്താണിങ്ങനെ… ? ഒന്നും മനസിലാവുന്നില്ല….

ഹലോ….. ശ്രീ… ഞാൻ മാളുവാണ്. അമ്മു എനിക്കൊപ്പമുണ്ട്.

നിനക്കൊപ്പമോ… ? അവളെങ്ങനെ അവിടെ… ?

ശ്രീ ഒന്നിവിടെ വരെ വരൂ. എനിക്കാകെ പേടിയാകുന്നു…..

നീ അവളുടെ അടുത്ത് തന്നെ ഉണ്ടാവണം മാളു……. ഞാൻ ഉടനെ വരാം…..

അമ്മു……..

ഉം….

ശ്രീ വന്നിട്ടുണ്ട്……..

ശ്രീയേട്ടനോ….? ശ്രീയേട്ടൻ എങ്ങനെ…… ? നീ…. .. .നീ…വിളിച്ചു അല്ലെ….?

അമ്മൂ….. നീ അവളെ വഴക്ക് പറയണ്ട ഞാൻ നിർബന്ധിച്ചപ്പോഴാ നീയിവിടെ ഉണ്ടെന്നു മാളു പറഞ്ഞത്. എന്താ നിനക്ക് പറ്റിയത്….? നീയെന്താ ഇങ്ങനെ…… ?

ശ്രീയേട്ടൻ പോകൂ…… എനിക്ക് നിങ്ങളെ കാണണ്ട….. എന്റെ മുന്നിൽ നിങ്ങൾ വന്നാൽ പിന്നെ ജീവനോടെ എന്നെയാരും കാണില്ല…… വെറുപ്പാ നിങ്ങളോടെനിക്ക്….. ചതിയൻ…..

അമ്മൂ നീയെന്തൊക്കെയാ പറയുന്നത്…? ഞാനെന്ത്… ?

അറിയണോ നിങ്ങൾക്ക്… ? നോക്ക് അവൾ ഫോണെടുത്തു ശ്രീയുടെ നേരെ നീട്ടി….. കണ്ണീരും തുടച്ചു കെട്ടിപിടിച്ചു ആശ്വസിപ്പിക്കുന്ന ഇവൾ ഏതായാലും അവൾ മതി ഇനി നിങ്ങൾക്ക്… വിഡ്ഢി വേഷം കെട്ടാൻ ഇനി ഞാനില്ല … ഇനി എന്റെ മുന്നിൽ വരരുത് പ്ലീസ്…….

ഞെട്ടി തരിച്ചു മാളു നിന്നു……

ഒന്നും മിണ്ടാതെ ശ്രീ തിരിഞ്ഞു നടന്നു… അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..

അമ്മൂ … എന്താടി ഇതൊക്കെ…? ഏതാ ആ പെണ്ണ് ….?

അത് അയാളുടെ പുതിയ കാമുകി … അവർ ജീവിക്കട്ടെ …..

ഇല്ല അമ്മു ഞാനിതു വിശ്വസിക്കില്ല. ശ്രീക്കു നിന്നെ ജീവനാണ്. ആ സ്നേഹത്തിൽ പലപ്പോഴും എനിക്ക് പോലും അസൂയ തോന്നിയിട്ടുണ്ട് … ശ്രീ നിന്നെ ചതിക്കില്ല….

മാളു നീ എനിക്ക് ഒരു സഹായം കൂടി ചെയ്യണം ഇതൊക്കെ വീട്ടിൽ അറിയിച്ചു ഈ കല്യാണം മുടക്കണം …

*** *** *** ***

അമ്മൂ ……

എന്താ മാളു നീ എന്തെങ്കിലും സ്വപ്നം കണ്ടോ ….?

ഉം ….

വർഷങ്ങൾ അഞ്ചു കഴിഞ്ഞിരിക്കുന്നു… എന്താ ഇപ്പോൾ ഇത് സ്വപ്നം കാണാൻ …..? എന്റെ അമ്മു അവൾക്കെന്തെങ്കിലും ….?

ഏട്ടാ …..അമ്മു അവൾക്കെന്തോ ….?

നീ സമാധാനമായിരിക്കു അവൾക്കൊന്നും ഇല്ല…… നമുക്ക് നാളെ അവിടെ വരെ പോവാം …

എനിക്കിനി അവളെ കാണാതെ സമാധാനം കിട്ടില്ലേട്ടാ …

പിറ്റേന്ന് അമ്മൂനേ കാണാൻ എത്തിയ മാളൂനെ സ്വീകരിച്ചത് വെള്ള പുതച്ച അവളുടെ ശരീരം ….

അവൾ എന്നെ വീണ്ടും തോൽപ്പിച്ചിരിക്കുന്നു ….. നിർവികാരയായി ഞാൻ അവൾക്കരികിൽ ഇരുന്നു ….. അമ്മൂ ….നീ കാണുന്നില്ലേ ഞാൻ വന്നത് നിന്നെ കാണാൻ …..

പതിയെ ഞാനാ കാലുകളിൽ തൊട്ടു ചങ്ങല കണ്ണികൾ വലിഞ്ഞു മുറുകി ചോര പൊടിഞ്ഞിരിക്കുന്നു…. അമ്മൂ എന്തിനായിരുന്നെടാ ഇതൊക്കെ …..? ആർക്കു വേണ്ടിയാ നീയിങ്ങനെ ഉരുകി ഇല്ലാതായത് ……?

നിന്റെ ശ്രീയേട്ടനെ കാരണങ്ങൾ ഉണ്ടാക്കി നീ നിന്നിൽ നിന്നകറ്റി ….. ഒടുക്കം എല്ലാവരും നിന്നെ വെറുത്തപ്പോഴും….. സത്യമറിഞ്ഞിട്ടും എനിക്ക് നിശ്ശബ്ദയാകേണ്ടി വന്നു …. എല്ലാവരും സ്വാർത്ഥരായ ഈ ലോകത്ത് നീ മാത്രം ഒറ്റപ്പെട്ടു ….

നിന്റെ ജാതക ദോഷം ഭർത്താവിന്റെ ജീവനെടുക്കും എന്ന സത്യം മറച്ചു വച്ച് നിന്റെ വിവാഹം നടത്താൻ നോക്കിയ നിന്റെ മാതാപിതാക്കൾ കാട്ടിയത് സ്വാർത്ഥതയല്ലേ …….? നിന്നോടുള്ള വാശിക്ക് ശ്രീയേട്ടൻ നിനക്ക് അർഹതപ്പെട്ട ജീവിതം എനിക്ക് നേരെ നീട്ടിയതും…… നിന്റെ ആഗ്രഹപ്രകാരം ആണെങ്കിൽ പോലും ഞാനത് സ്വീകരിച്ചതും സ്വാർത്ഥത തന്നല്ലേ …….?

നിന്റെ ദോഷം ശ്രീയേട്ടന്റെ ജീവന് ആപത്താണെന്നു അറിഞ്ഞാണ് നീയങ്ങനൊക്കെ ചെയ്തു കൂട്ടിയതെന്നു അറിഞ്ഞിരുന്നെങ്കിൽ ശ്രീയേട്ടൻ നിന്നെ തേടി ഓടി വരുമായിരുന്നില്ലേ ….?

ഈ നിമിഷം വരെ ആ സത്യം മറച്ചു വച്ചത് എന്റെ സ്വാർത്ഥതയല്ലേ…?

എന്നിട്ടും നീ മാത്രമെന്തേ …….? സമനില തെറ്റിയവളായി …….

അമ്മൂ നീ ക്ഷമിക്കു ….

ഞാനിതാ വന്നിരിക്കുന്നു….. ഒപ്പം നിന്റെ ശ്രീയേട്ടനുമുണ്ട് ……..

അല്ലമ്മു ……നിന്റെയല്ല ….. എന്റെ ശ്രീയേട്ടൻ …

ഞാനവളുടെ മുഖത്തേക്ക് നോക്കി അവൾ പുഞ്ചിരിക്കുന്നുണ്ടോ ……. ഉള്ളിലിരുന്നു അവൾ പറയും പോലെ……

” ഈ ജന്മം എന്റെ ശ്രീയേട്ടനെ നീ നന്നായി നോക്കണം …

അടുത്ത ജന്മം അമ്മു കാത്തിരിക്കുമെന്നു പറയണം …..

എന്റെ ഏട്ടന്റെ അമ്മുവാകാൻ ….. എന്റെ ശ്രീയേട്ടന്റെ മാത്രം അമ്മു ……..”

രചന : – അമ്മു

Leave a Reply

Your email address will not be published. Required fields are marked *