അഴകില്ലാത്ത കറുപ്പ്

രചന :- Unais Bin Basheer‎‎-

എന്റെ ഭഗവതീ

നിങ്ങൾ രണ്ടുപോരും ഈ പെരുമഴ നനഞ്ഞാണോ ഇത്രയും ദൂരം ബൈക്കോടിച്ചു വന്നെ..? അതിന് ഞങ്ങളറിഞ്ഞോ അമ്മെ മഴ പെയ്യൂന്ന് പകുതി ദൂരം എത്തിയപ്പോഴാണ് മഴ തുടങ്ങിയെ. പിന്നെ മഴയത്തു ബൈക്ക് ഓടിച്ചുവരുന്നതിലുംപരം ത്രില്ല് വേറെ എന്തുണ്ട്. അതുകൊണ്ടാ നനഞ്ഞു പോന്നെ. എന്താ അനിക്കുട്ടാ. നീ ഇപ്പോഴും കൊച്ചുകുട്ടിയാണോ.. നിന്റെ ഓരോ വട്ടുകാരണം ഇവനും നനഞ്ഞില്ലേ. പിന്നെ ഇവൻ ഇള്ളിള്ളക്കുട്ടിയല്ലേ. എവിടേലും കേറിനിന്നാലോ എന്നുചോദിച്ചപ്പോൾ ഇവനാ പറഞ്ഞെ മഴ നനഞ്ഞു പോകാം എന്ന്. ഹാ അല്ലേലും ഭഗവതിക്ക് തെറ്റുപറ്റില്ലല്ലോ. ചക്കിക്കൊത്ത ചങ്കരൻ തന്നെ കൂട്ട്. പനിച്ചുവിറച്ചു കിടക്കട്ടെ അപ്പൊ പഠിക്കും രണ്ടും. നിക്ക് ഞാൻ ചെന്ന് തോർത്തെടുത്തുവരാം, ഇതും പറഞ്ഞു ‘അമ്മ അകത്തേക്ക് പോയപ്പോൾ ഞാൻ അനിലിനെ കുത്തിനുപിടിച്ചു.

പ്പ നാറി, ഞാനാണോടാ മഴ നനഞ്ഞു വരാൻ പറഞ്ഞെ ദ്രോഹി.. എടാ ഷാനുമോനെ, ഞാനാണ് മഴനഞ്ഞുവരാൻ പറഞ്ഞത് എന്നമ്മ അറിഞ്ഞാൽ പിന്നെ ഇനി കോളേജ് തുറക്കുന്നതുവരെ അതും പറഞ്ഞെന്നെ ചൊറിഞ്ഞോണ്ടിരിക്കും. ഇപ്പം നോക്കിയേ നീയാണ് പറഞ്ഞതെന്നറിഞ്ഞപ്പോൾ സംഗതി അവിടെ തീർന്നു.. കുത്തിനുപിടിച്ച കൈ മാറ്റിക്കൊണ്ട് അവനിതുപറഞ്ഞപ്പോൾ എന്തെ ചുണ്ടിലൊരു ചിരിയൂറി.

എന്താ രണ്ടുംകൂടി ഒരു സ്വകാര്യം പറച്ചിൽ. അപ്പോഴേക്കും തോർത്തുമായി അനിലിന്റെ അമ്മ എത്തിരുന്നു.. ഹേയ് ഒന്നുല്ലമ്മ. ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞതാ. ന്ന തലതോർത്. അവന്റെ ‘അമ്മ തോർത്ത് എനിക്കുനേരെ നീട്ടി. എനിക്ക് വേണ്ട അമ്മെ. ഞാനെന്തായാലും പോകുമ്പോൾ ഇനിയും നാനയാനുള്ളതല്ലേ.. നീ എവിടെ പോകുന്നു.. അടങ്ങി ഇവിടെ ഇരുന്നോ. പെരുമഴയാണ്. മഴയൊക്കെ ചോർന്നിട്ട് നാളെ പോയാൽ മതി. ഈ മഴയത്തു നീ തനിച്ചു പോയാൽ എനിക്കിവിടെ ഒരു സ്വസ്ഥത ഉണ്ടാവില്ല. നിന്റെ ഉമ്മച്ചിയോട് ഞാൻ വിളിച്ചുപറഞ്ഞോളാം. അതുകൊണ്ടല്ലമ്മെ..

നീ ഇനി ഒന്നും പറയണ്ട, ‘അമ്മ പറഞ്ഞതുകേൾക്കില്യ എന്നുണ്ടോ തമ്പ്രാൻ.. നമ്മളെല്ലാവരും ഇന്നിവിടെ നിൽക്കും.. അല്ലെ ഭാരതീ.. അമ്മയെ പേരെടുത്തു വിളിക്കുന്നോടാ അസത്തെ. അനിലിന്റെ ‘അമ്മ അവനുനേരെ കയ്യോങ്ങിയപ്പോഴേക്കും അവൻ ഓടി അകത്തുകയറി. മോൻ അകത്തേക്ക് ചെല്ല്. നാളെ കാലത്തു പോയാൽ മതി. അവരുടെ സ്നേഹവാത്സല്യത്തിനുമുന്നിൽ ഞാൻ കീഴടങ്ങി, എനിക്കന്ന് അവടെ നിൽക്കേണ്ടി വന്നു.

അനിൽ, ഞാൻ ഹൃദയത്തോട് ചേർത്തുനിർത്തിയ ചുരുക്കം ചിലരിൽ ഒരാൾ. ഒരേ കോളേജിൽ പഠിക്കുന്ന, ഒരു റൂമിൽ താമസിക്കുന്ന, പലപ്പോഴും ഒരുപോലെ ചിന്തിക്കുന്ന എന്റെ ആത്മ മിത്രം.. എത്ര വേഗത്തിലാണ് അവനെന്റെ ഹൃദയത്തിലേക്ക് ചേക്കേറിയത്. സമ്പന്നതയുടെ നടുവിൽ ജനിച്ചുവളർന്ന എനിക്ക് അവനും ഈ വീടും ഇവിടുത്തെ രുചിക്കൂട്ടുകളും പുതുമനിറഞ്ഞതായിരുന്നു. മുമ്പൊരിക്കൽ ഇവിടുന്നു കഴിച്ച കപ്പബിരിയാണി. ഓർക്കുമ്പോഴേക്ക് വായിൽ കപ്പലോടും. എന്റെ വീട്ടിൽ അവനും അവന്റെ വീട്ടിൽ എനിക്കും ഒരുപോലെ സ്വതന്ത്ര്യമുണ്ട്. ഏതുനേരത്തുവേണമെങ്കിലും കയറിച്ചെല്ലാം. എന്നാലും ആദ്യമായാണ് ഞാനിടെ താമസിക്കുന്നത്. അനിലിനൊരു ചേച്ചികൂടെയുണ്ട്. സൗമ്യ. ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു. അനിലിലെപോലെ തന്നെയാണ് ചേച്ചിക്ക് ഞാനും,

അല്ല. ഇന്ന് വിരുന്നുകാരൊക്കെ ഉണ്ടല്ലോ. തിരിഞ്ഞു നോക്കുമ്പോൾ ഒരു പുഞ്ചിരിയോടെ ചേച്ചി നിൽക്കുന്നു. ആ ഉണ്ട് എന്തെ ബുദ്ധിമുട്ടാവുമോ… ഹ ആവും. ആ നനഞ്ഞതൊക്കെ മാറ്റിഉടുക്കാൻ നോക്കെടാ ചെക്കാ. അല്ലേൽ വല്ല പനിയും പിടിക്കും, ഞാൻ പഠിക്കുവായിരുന്നു. പി എസ് സി. ചുമ്മാ ഒരു നേരം പോക്ക്.. ഹ ഞാനിപ്പോ ഓർത്തതേയുള്ളു കണ്ടില്ലല്ലോ എന്ന്. നിങ്ങൾ വന്നതൊന്നും മഴയുടെ ശബ്ദം കൊണ്ട് ഞാൻ അറിഞ്ഞില്ലെട അപ്പൊ ശെരി. നീ ഡ്രെസ്സൊക്കെ മാറി വാ. അല്ല അനിയെന്തെ. അവൻ ഇങ്ങോട്ട് ഓടിക്കയറിയിട്ടുണ്ടല്ലോ. ഹ എന്നാൽ ഞാൻ ചെല്ലട്ടെ.. ശരിയേച്ചി.

രാത്രി ഭക്ഷണം കഴിച്ചു ഓരോ വിശേഷങ്ങളും പറഞ്ഞു കളിയും ചിരിയുമായി ഞങ്ങളങ്ങനെ ഏറെ നേരമിരുന്നു. ഉറക്കം വന്നുതുടങ്ങിയപ്പോൾ പതിയെ സഭ പിരിഞ്ഞു. ആകെ രണ്ടുമുറികളുള്ള വീട്ടിൽ അനിലിന് സ്വന്തമായി റൂമൊന്നുമില്ല. ഹാളിലെ തറയിലാണ് അവൻ കിടക്കുന്നത്. ഞാനുള്ളതുകൊണ്ട് ഇന്ന് ചേച്ചിയുടെ മുറിയാണ് ഞങ്ങൾക്കു വേണ്ടി ഒരുക്കിയിട്ടുള്ളത്.. ഞാൻ ഹാളിലെ തറയിൽ കിടക്കാമെന്ന് ഒരുപാട് പറഞ്ഞുനോക്കിയിട്ടും അവർ അനുവദിച്ചില്ല. അവസാനം ഞാനും അനിലും വിരിച്ചിട്ട ചേച്ചിയുടെ മുറിയിൽ കയറിക്കിടന്നു. സ്ഥലം മാറി കിടന്നതുകൊണ്ടാണെന്ന് തോന്നുന്നു. ഉറങ്ങാൻ കഴിയുന്നില്ല തിരിഞ്ഞുംമറിഞ്ഞും കിടന്നിട്ടും നോ രക്ഷ. നിദ്ര ദേവി എന്നെ തിരിഞ്ഞുപോലും നോക്കുന്നില്ല. തൊട്ടടുത്തുള്ള അനിൽ വാഴ വെട്ടിയിട്ടതുപോലെ കിടന്ന് കൂർക്കം വലിക്കുന്നു. ഇവനൊക്കെ കട്ടിലുകണ്ടാൽ ശവമാണല്ലോ എന്നും പ്രാകി ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു.

ചെറുതാണെങ്കിലും നല്ല അടുക്കും ചിട്ടയുമുള്ള മുറിയാണ് ചേച്ചിയുടേത്. ഒരു കട്ടിലും ഒരു ചെറിയ ടേബിളും പഴയ ഒരു അലമാരയും ആകെ അത്രമാത്രമേ മുറിയിലുള്ളു. തുറന്നിട്ടിരിക്കുന്ന ആ അലമാരയിൽ ഒരുപാട് പുസ്തകങ്ങൾ തിങ്ങി നിൽക്കുന്നു. വായിച്ചാൽ ഉറക്കം വരുന്ന വല്ല കൃതിയും ഉണ്ടോ എന്നറിയാനാണ് ഞാൻ ആ അലമാരക്കടുത്തേക്ക് ചെന്നത്. പെട്ടന്നാണ് നല്ല ഭംഗിയുള്ള പുറംചട്ടയിലൊരു ഡയറി കണ്ടത്.ചേച്ചിയുടെ പഴയ ഡയറി ആയിരിക്കും കൗതുകം തോന്നിയപ്പോൾ ഞാൻ അതെടുത്തു മറിക്കാൻ തുടങ്ങി. പഴയ കുറെ ഓട്ടോഗ്രാഫുകളും ചിലയിടത്‌ ആരുടെയൊക്കെയോ നമ്പറുകളും മാത്രം. തിരികെ വെക്കാനൊരുങ്ങിയപ്പോഴാണ് ഞാൻ അതിലെഴുതിയ ആ വാക്കുകൾ കാണുന്നത്.

“ഇന്നും ഒരു കൂട്ടർ കാണാൻ വന്നിരുന്നു. അവരുടെ കൂട്ടത്തിലുള്ള ആ സ്ത്രീയെ കണ്ടാലറിയാം അവർക്കെങ്ങനെ തീരെ പറ്റിയിട്ടില്ലെന്ന്. മടുത്തു, എത്രവട്ടമായി ഇങ്ങനെ ഒരുങ്ങിക്കെട്ടി ഓരോരുത്തരുടെ മുന്നിലേക്ക്. തൊലികറുത്തുപോയത് എന്റെ കുറ്റമാണോ. പാട്ടിലൊക്കെ പറയാറുണ്ട് കറുപ്പിന് ഏഴഴകാണെന്ന്, കള്ളാ പച്ച കള്ളം.”

വായിച്ചുതീർന്നതും ഹൃദയത്തിലെവിടെയോ പൊള്ളിയതുപോലെ. ഡയറി തിരികെ വെച്ച് ഞാൻ കണ്ണടച്ച് കിടന്നു. നേരം വെളുത്തതും എല്ലാവരോടും യാത്രപറഞ്ഞു ഞാൻ പോകാനിറങ്ങി. എന്നെ യാത്രയാക്കാൻ കവല വരെ കൂടെ ആനിലുമുണ്ടായിരുന്നു. പോകാൻ നേരം അവനോട് ഞാൻ ചേച്ചിയുടെ കല്യാണക്കാര്യം തിരക്കി.

ഓരോരുത്തർ വന്നു കണ്ടുപോകുന്നുണ്ടെടാ. എല്ലാവര്ക്കും നിറമാണ് പ്രശ്നം. ചിലർക്ക് സാമ്പത്തികവും. പാവം.ദൈവം എനിക്ക് തന്ന നിറം അവൾക്കു കൊടുത്താൽ മതിയായിരുന്നു. ഇതുപറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. അവനെ ചേർത്തുപിടിച്ചു എല്ലാം ശരിയാവും എന്നുപറയാൻ മാത്രമേ എനിക്കപ്പോൾ കഴിഞ്ഞൊള്ളു. അവനോട് യാത്ര പറഞ്ഞു ഒഴുകിവന്ന കണ്ണുനീർ അവനെ കാണാതെ തുടച്ചു ബൈക്ക് എടുക്കുമ്പോഴും മനസ്സ് നിറയെ ആ ചേച്ചിയായിരുന്നു. ഒരു കുഞ്ഞു ജീവിതവും സ്വപ്നംകണ്ട് ജീവിതം എണ്ണി തീർക്കുന്ന ആ പാവം ജന്മം..

കുന്നിമണിയോളം മാത്രം ആഗ്രഹമുള്ള ആ ചേച്ചിയുടെ ജീവിതത്തിലേക്ക് ഒരു കുന്നോളം സന്തോഷങ്ങൾ വന്നുചേരട്ടെ എന്ന ആത്മാർത്ഥ പ്രാർത്ഥനയോടെ…

(അനുഭവത്തിന്റെ താളുകൾ)

രചന :- Unais Bin Basheer‎‎-

Leave a Reply

Your email address will not be published. Required fields are marked *