അവൾ

രചന : – Anjana Mariya Thomas

ഞാൻ ആദ്യമായി അവളെ കണ്ടുമുട്ടിയത് ബസിൽ വെച്ചാണ്… കാണാൻ വലിയ ഭംഗി ഒന്നുമില്ല.. കറുത്തിട്ടാണ്…നല്ല മുടിയുണ്ട്.. പോരാത്തതിനു കേറിയിറങ്ങിയ പല്ലും… പക്ഷെ അവൾ ചിരിക്കുമ്പോൾ വിടരുന്ന നുണകുഴിയും ചെറുതാകുന്ന കണ്ണും അവൾക്കു എന്തോ ഒരു ഭംഗിയൊക്കെ കൊടുക്കുന്നുണ്ട്…

ഞാൻ അവളെ ശ്രദ്ധിക്കാനുള്ള കാരണം ഇതൊന്നുമല്ല….. അവളുടെ വസ്ത്രധാരണമാണ്…അവിടെയും ഇവിടെയും കീറിയ ജീൻസും സ്ലീവ് ലെസ്സ് ടോപ്പും.. ഞാൻ മാത്രമല്ല ആ ബസിലെ എല്ലാരും തന്നെ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… കാരണം ഞങ്ങളുടെ നാട്ടിൻപുറത്തു ആദ്യമായിട്ടാണ് ഇങ്ങനെ ഒരാൾ വരുന്നത് തന്നെ…കണ്ടാൽ ഒരു പിശക് ലുക്ക്‌ തോന്നും…

എന്റെ കോളേജിൽ തന്നെയായതിനാൽ ഞങ്ങൾ പലപ്പോഴും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയിതിട്ടുണ്ട്.. അന്നു ഞാൻ അവസാന വർഷം ബിരുദവിദ്യാർത്ഥിയും അവൾ ആദ്യ വർഷ വിദ്യാർത്ഥിനിയും….

ബാംഗ്ലൂർ ജനിച്ചു വളർന്നതു കൊണ്ടായിരിക്കാം ഇംഗ്ലീഷ് ടോണിലുള്ള അവളുടെ മലയാളം ചിലപ്പോൾ ചിരി പടർത്തും.. ഓരോ പ്രാവശ്യവും സംസാരിക്കുമ്പോഴും അവളെ കുറിച്ചുള്ള എന്റെ തെറ്റിധാരണ എല്ലാം മാഞ്ഞുപോയികൊണ്ടേയിരുന്നു… ഗ്രാമീണതയും പച്ചപ്പും ഇഷ്ടപെടുന്ന എന്നാൽ കാലികാമായി ചിന്തിക്കുന്ന ഒരു ‘ഗ്രാമീണ-മോഡേൺ പെൺകുട്ടി’ അതായിരിക്കാം അവൾക്കു നൽകാവുന്ന ഏറ്റവും നല്ല വിശേഷണം.

എന്റെ അനിയത്തിയുടെ ക്ലാസ്സിൽ ആയിരുന്നതിനാൽ ഞാൻ പലപ്പോഴും അനിയത്തിയോടൊപ്പം അവളെ കാണാറുണ്ടായിരുന്നു..

ഞങ്ങൾ എപ്പോഴും ഫേസ്ബുക്കിൽ ചാറ്റ് ചെയ്യാറുണ്ട്…അതുകൊണ്ടു തന്നെ ഞങ്ങൾ നല്ല കമ്പനിയായിരുന്നു… ആ ഒരു പരിചയവും ‘കിട്ടിയാൽ ഒരാന പോയലൊരു വാക്ക് ‘ എന്നു പണ്ടു കാരണവന്മാർ പറഞ്ഞ പഴഞ്ചൊല്ലും മനസിൽ ധ്യാനിച്ചു കൊണ്ട് ഞാൻ ഒരു ദിവസം ഫേസ്ബുക്കിലൂടെ വാട്സ്ആപ്പ് നമ്പർ ചോദിച്ചു… ഇനി തന്നില്ലങ്കിലും നേരിട്ടു ചോദിക്കുമ്പോഴുള്ള ചമ്മൽ ഒഴിവാക്കാല്ലോ… അതുമാത്രമല്ല അനിയത്തി അറിഞ്ഞാൽ വീട്ടിൽ ഉണ്ടാകാൻ പോകുന്ന പള്ളിപെരുന്നാളും അതിനു ഒരു കാരണമായിരുന്നു..

അന്ന് അവൾ എന്നോട് പറഞ്ഞതു ‘നമ്മൾ എന്നും കോളേജിൽ നിന്നു കാണുന്നവരാണ് പിന്നെ അത്യാവശ്യം എന്തങ്കിലും ഉണ്ടങ്കിൽ ഫേസ്ബുക് മെസ്സേജ് ചെയ്താൽ മതി.’

ബാംഗ്ലൂർ ജനിച്ചു വളർന്നതാണെങ്കിലും അവൾ അത്ര പെട്ടന്നൊന്നും വളയുന്ന ടൈപ്പ് അല്ല എന്നെനിക്ക് മനസിലായി.. കോളേജ് ലൈഫ് ആഘോഷിക്കാൻ ഒരു തട്ടുമുട്ടു പ്രണയം.. അതായിരുന്നു എന്റെ മനസിൽ..

പക്ഷെ അവളോട്‌ എനിക്കു വെറും ഒരു കുട്ടി പ്രണയമല്ല എന്നെനിക്ക് മനസിലായത് കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുമ്പോൾ ഒരുത്തന്റെ വായിൽ നിന്നും അവളെ പറ്റി മോശമായി കേട്ടപ്പോഴാണ്… “എടാ അവൾ ബാംഗ്ലൂർ എന്തോ ഗുലുമാൽ ഒപ്പിച്ചിട്ടാണ് അവളെ ഈ പട്ടിക്കാട്ടിൽ കൊണ്ടു ചേർത്തതു… അവൾ വെറും തരികിടയാടാ ” അന്നു ഞാൻ അവനെ എന്തൊക്കെ ചെയ്തു എന്നതിന് കയ്യും കണക്കുമില്ല… അവിടെ ഉണ്ടായിരുന്ന മറ്റാർക്കും തോന്നാത്ത ദേഷ്യവും സങ്കടവുമെല്ലാം അവൾ എനിക്കു എന്തോ ആണെന്ന എന്റെ തോന്നലിനു ബലം നൽകുന്നതായിരുന്നു…

ആ സംഭവത്തിനു ശേഷം 2 ദിവസം കഴിഞ്ഞു ക്ലാസ്സിൽ വന്ന അവളോട്‌ മനസിലുള്ളതു തുറന്നു പറയണം എന്ന തീരുമാനം എടുത്തുതും അവളെ എനിക്കു ഒരു നിമിഷം പോലും വേർപിരിഞ്ഞിരിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ നിന്നായിരുന്നു… അന്നു വൈകിട്ടു ക്ലാസ്സ്‌ കഴിഞ്ഞു പോകാനൊരുങ്ങിയ അവളെ പിടിച്ചു നിർത്തി ഇഷ്ടം തുറന്നു പറഞ്ഞ എനിക്കു കിട്ടിയ മറുപടി എന്നെ ഒരേ സമയം അത്ഭുതപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു…

“ഇന്നലെ കോളേജിൽ നടന്നതിന്റെ ബാക്കിയായിട്ടാണോ അതോ യഥാർത്ഥ സ്നേഹം കൊണ്ടാണോ താൻ ഇതു പറഞ്ഞതെന്ന് എനിക്കറിയില്ല .. എങ്കിലും ഞാൻ എന്റെ തീരുമാനം പറയാം.. ”

ആകാംഷയോടും അതേ സമയം ആശങ്കയോടെയും നോക്കി നിന്ന എന്നോടവൾ പറഞ്ഞു..

“എന്റെ മനസ്സിൽ ഇപ്പോൾ പ്രണയം എന്നൊരു സാധനമേയില്ല… പിന്നെ ആരെ കെട്ടണം എന്നോർത്ത് വേവലാതി പെടാനും എനിക്കു ടൈമില്ല.. സമയമാകുമ്പോൾ എന്റെ അച്ഛനും അമ്മയും എനിക്കു അനുയോജ്യനായ വ്യക്തിയെ എനിക്കുവേണ്ടി കണ്ടെത്തി തരും.. ”

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ അവളോടായി ചോദിച്ചു

“അച്ഛനും അമ്മയും കണ്ടെത്തുന്ന വ്യക്തി തന്റെ ജീവിതത്തിൽ ഒരു പരാജയമായി മാറിയാലോ ?”

“എന്റെ മുത്തച്ഛനും മുത്തശ്ശിക്കും പറ്റാത്ത തെറ്റ് എന്റെ മാതാപിതാക്കൾക്കും സംഭവിക്കുമെന്നു തോന്നുന്നില്ല… ഇനി എന്തങ്കിലും സംഭവിച്ചാൽ തന്നെ എനിക്കു എന്റെ മാതാപിതാക്കളെ ആശ്രയിക്കാം. കാരണം ഞാൻ സ്വയം കണ്ടെത്തിയ വ്യക്തിയല്ലല്ലോ !”

എനിക്കു അവളോട്‌ ഒന്നും പറയാനില്ലായിരുന്നു.. അത്രക്ക് ഉറച്ചതായിരുന്നു അവളുടെ തീരുമാനം.. സ്വന്തം അച്ഛനെയും അമ്മയെയും അത്രയേറെ സ്നേഹിക്കുന്ന ഒരു വ്യക്തിക്കെ ഇങ്ങനൊരു തീരുമാനം എടുക്കാൻ കഴിയൂ എന്നെനിക്ക് ഉറപ്പായിരുന്നു..

അവളോട്‌ യാത്ര പറഞ്ഞു പോരുമ്പോൾ ഞാനും മനസ്സിൽ ഒരു ദൃഢനിശ്ചയം എടുത്തിരുന്നു “അവൾ എനിക്കുള്ളതാണ്… അവളെ ഞാൻ തന്നെ സ്വന്തമാക്കും ” ആ സംഭവത്തിനു ശേഷം വളരെ വിരളമായെ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ… എങ്കിലും അവളോടുള്ള എന്റെ ഇഷ്ടം ദിനംപ്രതി കൂടി കൊണ്ടേയിരുന്നു…

കോളേജിനോട് വിടപറയുന്ന അന്നു ഞാൻ അവളോടായി പറഞ്ഞു

“പ്രാണ നിന്റെ കഴുത്തിൽ വീഴുന്ന താലിക്കും നെറ്റിയിലെ സിന്ദൂരത്തിനും ഒരു അവകാശിയുണ്ടെങ്കിൽ അത് ഈ അർജുൻ ആയിരിക്കും ”

അവളുടെ മറുപടിക്കു പോലും കാത്തുനിൽക്കാതെ കോളേജിന്റെ പടിയിറങ്ങുമ്പോൾ മനസ്സിൽ തിരതല്ലിയ സന്തോഷത്തിനു അതിരില്ലായിരുന്നു.. പിന്നെ ഒരു വാശിയായിരുന്നു എത്രയും പെട്ടന്ന് പഠിച്ചു നല്ലൊരു ജോലി നേടി അച്ഛനെയും അമ്മയെയും കൂട്ടി അവളുടെ വീട്ടിൽ ചെന്നു പെണ്ണ് ചോദിക്കണം എന്ന വാശി… അവൾ എന്റേത് മാത്രമായി തീരണം എന്ന വാശി..

CA എന്ന ലേബൽ എന്റെ പേരിനു മുൻപിൽ നേടുന്നതു വരെ… ആ അഞ്ചു വർഷങ്ങൾ… ഞാൻ അവളുമായി ഒരു കോൺടാക്ട് പോലും നടത്തിയിട്ടില്ല. അവൾ എവിടെയാണെന്നോ എന്തു ചെയ്യുന്നെന്നോ എനിക്കറിയില്ലായിരുന്നു.. പക്ഷെ ഒന്നുമാത്രം എന്റെ മനസു ഉരുവിട്ടുകൊണ്ടേയിരുന്നു ‘ അവൾ എന്റേത് മാത്രമാണ്.. എന്റെ സ്വന്തം ‘..

ആ ഒരു വിശ്വാസമാണ് അവളുടെ വീട്ടിൽ ആലോചനയുമായി ചെല്ലാൻ എന്നെ പ്രേരിപ്പിച്ചതു.. അതെ എന്റെ വിശ്വാസം തെറ്റിയില്ലായിരുന്നു.. അവൾ CA ആർട്ടിക്കിൾഷിപ് ചെയ്യുന്നു ,വിവാഹം കഴിഞ്ഞിട്ടുമില്ല.. അവളുടെ വീട്ടുകാരുമായി ആലോചിച്ചുറപ്പിച്ചു അവളുടെ പഠനത്തിനു ശേഷം വിവാഹം എന്ന തീരുമാനത്തിലെത്തി തിരിച്ചു വരുമ്പോൾ ഞാൻ അവൾക്കു മെസ്സേജ് ചെയ്തു നീണ്ട 5 വർഷങ്ങൾക്കുശേഷം.. അവളിൽ നിന്നും ഒരു അത്ഭുതം പ്രതീക്ഷിച്ച എനിക്കു കിട്ടിയ മറുപടി ചെറിയ വാക്കുകളിൽ ഒതുങ്ങുന്നതായിരുന്നു .. അഞ്ചുവർഷങ്ങൾ കഴിഞ്ഞിട്ടും അവൾക്കൊരു മാറ്റവുമില്ല..

മെസ്സേജ് ചെയ്യുന്നതു തന്നെ വളരെ അപൂർവമായി.. കാരണം ചോദിച്ചാൽ പറയും വിവാഹത്തിനു മുൻപ് അമിതമായി ഫോണിൽ സംസാരിച്ചാൽ പരസ്പരം നമുക്കുള്ള ബഹുമാനം നഷ്ടപ്പെടൂന്ന് …

കാണാനുള്ള കൊതി കൊണ്ട് ഒരു ഫോട്ടോ ചോദിച്ചപ്പോൾ പറഞ്ഞത് അവളുടെ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കല്യാണ കഥയായിരുന്നു … വിവാഹനാളിൽ മാത്രം പരസ്പരം കണ്ടുമുട്ടിയ കഥ.. എന്നിട്ടും അവർ മരണം വരെ പരസ്പരം ബഹുമാനത്തിലും വിശ്വാസത്തിലും ജീവിച്ച കഥ… അതു വെച്ചു നോക്കുമ്പോൾ നമ്മൾ എത്രയോ ഭാഗ്യം ചെയ്തവരാണ്.. പരസ്പരം കണ്ടിട്ടുണ്ട്.. സംസാരിച്ചിട്ടുണ്ട്..

ഇതു കൂടി കേട്ടപ്പോൾ പുറത്തു ഒരുമിച്ചു പോയി ചുറ്റിയടിച്ചു ഒരു റൊമാന്റിക് , മൂവിയും കാണണമെന്ന എന്റെ ആഗ്രഹം ഞാൻ അപ്പാടെ വിഴുങ്ങി , ദേഷ്യംകൊണ്ടു ഞാൻ എന്തൊക്കെയോ പറഞ്ഞെങ്കിലും അവൾ എന്നോട് തിരിച്ചു ഒരു വാക്കും പറഞ്ഞില്ല… ചിന്തിച്ചപ്പോൾ എനിക്കും അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലായി…

അവളുടെ നെറ്റിയിലെ സിന്ദൂരത്തിനും കഴുത്തിൽ ഞാൻ അണിയിച്ച താലിക്കും അവൾ നൽകിയ പ്രാധാന്യമാണ് അവളുടെ ഓരോ അഭിപ്രായങ്ങളിലും പ്രതിഫലിച്ചിരുന്നത് എന്നു മനസിലാക്കാൻ വിവാഹനാൾ വരെ വേണ്ടിവന്നു.. അത്രക്കായിരുന്നു അവളുടെ മുഖത്തെ പ്രകാശവും സന്തോഷവും .. അതെ അവൾ ഇനി എന്റെ സ്വന്തമാണ്…

“അർജുന്റെ പ്രാണനായ പ്രാണ..”

രചന : – Anjana Mariya Thomas

Leave a Reply

Your email address will not be published. Required fields are marked *