ആറ്റ് നോറ്റ് കാത്തിരുന്ന് കിട്ടിയ ഒരു പെണ്ണാണ് അതും ഈ മുപ്പതാം വയസ്സിൽ…

രചന: സനൽ SBT

കതിർ മണ്ഡപത്തില് വന്ന് കയറിയ പാടെ കല്ല്യാണപ്പെണ്ണ് കിളി പോയി നിക്കണ് കണ്ടപ്പോൾ എൻ്റെ നെഞ്ചൊന്ന് പിടച്ചു .ദൈവമേ ആറ്റ് നോറ്റ് കാത്തിരുന്ന് കിട്ടിയ ഒരു പെണ്ണാണ് അതും ഈ മുപ്പതാം വയസ്സില് ഇനി ഇപ്പം താലികെട്ടാൻ നേരം ഏതേല്ലും തെണ്ടി വന്ന് ഇവളേയും വിളിച്ചോണ്ട് പോവ്വോ? സംശയങ്ങൾ ഒരായിരം എൻ്റെ മനസ്സിൽ അലയടിക്കാൻ തുടങ്ങി.

എവിടേയോ എന്തോ ഒരു തകരാറ് പൊലെ.

“എന്താ സനൂ നീ ആലോചിച്ച് നിക്കണേ? ”

“ഹേയ് ഒന്നും ഇല്ല അമ്മാവാ. ”

“ഡാ നിൻ്റെ അച്ഛൻ വിളിക്കുന്നു ഒന്ന് അങ്ങ് ചെന്നെ. ”

നെറ്റിയിലൂടെ ധാരയായി ഒലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ ഞാൻ കയ്യിലുണ്ടായിരുന്ന കർച്ചീഫ് കൊണ്ട് തുടച്ച് അഛൻ്റെ അടുത്തേക്ക് നീങ്ങി നിന്നു .

“എന്താ അഛാ .”

“നീ സാധനം അടിച്ചിട്ടുണ്ടല്ലേ? ”

“ഹേയ് ഞാനോ ഇല്ല അഛാ. ”

“പിന്നെന്താ ഇവിടെ ഒരു കൂതറ റംമ്മിൻ്റെ മണം. നീ വീട്ടിലേക്ക് വായോ ട്ടോ ഞാൻ ശരിയാക്കിത്തരാം.”

“അളിയോ അത് പിന്നെ താലികെട്ടുമ്പോൾ കൈവിറയ്ക്കാതിരിക്കാൻ ഒരു ധൈര്യത്തിന് അവൻ രണ്ടെണ്ണം അടിച്ചിട്ടുണ്ടാവും പിള്ളേരല്ലേ അത് കാര്യം ആക്കണ്ട. ”

“ഇല്ലമ്മാവാ സത്യം ഇന്ന് ഞാനാ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല. ”

“എന്തായാലും നല്ല മണം വരുന്നുണ്ട് എടാ പൊട്ടാ എന്താൽ പിന്നെ വല്ല വോഡ്കയോ മറ്റോ കഴിച്ചാൽ പോരായിരുന്നോ ഇത് ഒരു മാതിരി കുതിരയ്ക്ക് കൊടുക്കുന്ന കൂതറ റമ്മിൻ്റെ മണം. ”

“ശ്ശേടാ ഇത് വല്ല്യ കഷ്ട്ടായല്ലോ? ”

അമ്മയുടെയും പെങ്ങളുടേയും രൂക്ഷമായ നോട്ടം കൂടിയായപ്പോൾ സംഭവം ഞാനും അപ്പോഴാണ് ശ്രദ്ധിച്ചത്. പറഞ്ഞ പോലെ നല്ല മണം വരുന്നുണ്ട് ഇനി അമ്മാവനെങ്ങാനും ഇന്നലത്തെ ബാക്കി എടുത്ത് അടിച്ചോ? എന്നിട്ടിപ്പോ കുറ്റം എൻ്റെ തലയ്ക്ക് ചാർത്തി പുള്ളി നൈസായി അങ്ങ് മുങ്ങി. ഈ ചടങ് ഒന്ന് കഴിഞ്ഞോട്ടെ കാണിച്ച് കൊടുക്കുന്നുണ്ട് ഞാൻ .

“അതെ താലി കെട്ടാനുള്ള സമയം ആയി കുട്ടി ഇങ്ങ് ചേർന്ന് നിന്നോളൂ. ”

തിരുമേനി വിളിച്ച് പറഞ്ഞു. പൂജിച്ച താലി തട്ടിൽ നിന്നും എടുത്ത് എനിക്ക് നേരെ നീട്ടി.

“ദൈവമേ കൈ വിറച്ചിട്ട് ഒരു രക്ഷേം ഇല്ല. കണ്ടു നിക്കുന്നവർക്ക് ചിരിയ്ക്കാൻ ഉള്ള ഒരു വകയാവുമോ? ”

എന്നാലും മനസ്സിൻ്റെ ധൈര്യം ഞാൻ കൈവിട്ടില്ല. സർവ്വ ദൈവങ്ങളേയും വിളിച്ച് താലിചാർത്താൻ ഞാനങ്ങട് തീരുമാനിച്ചു. അതിനായി അവൾ കഴുത്ത് എൻ്റെ അടുത്തേക്ക് നീട്ടി തന്നു . പെങ്ങൾ പുറകിൽ നിന്നും അവളുടെ മുടിയിഴകളും മുല്ലപ്പൂവും മാറ്റി തന്നു .അങ്ങിനെ ആ ശുഭ മുഹൂർത്തത്തിൽ അവളുടെ കഴുത്തിൽ താലി ചാർത്തിയതും ഞാനൊന്ന് ഞെട്ടി. പെങ്ങളും എൻ്റെ മുഖത്തേക്ക് നോക്കി ആകെ അന്തം വിട്ട് നിൽപ്പുണ്ട്.

“ആ ഇനി രണ്ടു പേരും മൂന്ന് പ്രാവശ്യം വലം വെച്ചോളൂ. ”

ഞാൻ അവളുടെ കൈയ്യും പിടിച്ച് മുഖത്തേക്ക് ഒന്ന് നോക്കി. അവൾ ഒരു വളിച്ച ചിരി ചിരിച്ചു. എനിക്ക് അപ്പോൾ തന്നെ കാര്യം പിടികിട്ടി .ഞാനവളുടെ അടുത്തേക്ക് നീങ്ങി നിന്ന് കാതിൽ പതിയെ ചോദിച്ചു.

“ഏതാ ബ്രാൻ്റ് ”

“ലിക്വർ അല്ല ബിയറാണ് അടിച്ചത് ഒരു ധൈര്യത്തിന് . ”

ഞാനൊന്ന് തലയാട്ടി അപ്പോഴേക്കും എൻ്റെ തലക്കകത്തു നിന്ന് ചുരുങ്ങിയത് ഒരു രണ്ട് മൂന്ന് കിളിയെങ്കിലും പറന്ന് പോയിക്കാണണം.

അവളുടെ കയ്യും പിടിച്ച് ഞാൻ കതിർ മണ്ഡപം വലം വെയ്ക്കുമ്പോൾ മുണ്ട് മാത്രം ഉടുത്ത് ബിയർ ബോട്ടിൽ അരയിൽ വെച്ച ഒരാളുടെ മാനസികാവസ്ഥ ആയിരുന്നു എനിക്ക് വെറെ ഒന്നും അല്ല നിറപറയും നിലവിളക്കും തട്ടിമറിച്ച് ഇടുമോ എന്ന പേടി കാരണം പെണ്ണിൻ്റെ കാല് നിലത്ത് ഉറയ്ക്കണ്ടേ. ഒരു വിധത്തില് ഞാൻ അവളേയും വലിച്ച് കൊണ്ട് പ്രതിക്ഷിണം പൂർത്തിയാക്കി അപ്പോഴും അവളുടെ മുഖത്ത് നിന്ന് ആ വളിച്ച ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല.

ഫോട്ടോ എടുക്കാൻ കൂടെ നിന്ന ബന്ധുക്കാരെല്ലാം എൻ്റെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരിയാണ്. എല്ലാം ഒപ്പിച്ച് വെച്ച ആള് ഒരു കൂസലും ഇല്ലാതെ നല്ല അസ്സലായി ഫോട്ടോയ്ക്ക് പോസ് ചെയുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാനും രണ്ടെണ്ണം അടിക്കേണ്ടതായിരുന്നു എന്നെനിക്ക് തോന്നിപ്പോയി. വിശപ്പിൻ്റെ ഉൾവിളി തുടങ്ങിയിട്ട് സമയം ഒരു പാടായി രാവിലത്തെ ഉപ്പ് മാവ് അത്രയ്ക്ക് അങ്ങോട്ട് ഏറ്റിട്ടില്ല പോരാത്തതിന് വല്ലാത്ത വെള്ളം ദാഹവും. പിന്നെ ഒന്നും നോക്കിയില്ല നേരെ ഊട്ടുപുര ലക്ഷ്യമാക്കി ഞാൻ നടന്നു. നേരെ ചെന്ന് പെട്ടെതോ അളിയൻ്റെ മുൻപിലും

“അളിയാ കുടിക്കാൻ ഇച്ചിരി വെള്ളം വേണായിരുന്നു.”

“അതാണോ ഇവിടെ കിടന്ന് പരുങ്ങുന്നേ. ഇങ്ങോട്ട് വാ അളിയാ. ”

അവൻ എൻ്റെ കയ്യും പിടിച്ച് വലിച്ച് നേരെ ഭക്ഷണപ്പുരയുടെ അകത്തേക്ക് കയറി.

“അളിയന് ഏതാ വേണ്ടത്. എംഎച്ച് ഉണ്ട് ഹണീബീയുണ്ട് എംസിയും ഇരിപ്പുണ്ട് ഏത് വേണമെങ്കിലും അടിക്കാം. ”

ദാണ്ടേ ഞാൻ നോക്കിയപ്പോൾ പൂരപ്പറമ്പില് സർബത്ത് കലക്കി വെച്ച പൊലെ മൂന്ന് വലിയ അണ്ടാവ് നിറയെ സാധനം മിക്സ് ചെയ്ത് വെച്ചിരിക്കുന്നു. ഒരു ടേബിള് നിറയെ ടെച്ച് അപ്പ് അച്ചാറും തോരനും പപ്പടവും. കണ്ടു നിന്ന എൻ്റെ കണ്ണ് തള്ളിപ്പോയി.

“പൊന്നളിയാ ചതിക്കല്ലേ എനിക്ക് കുറച്ച് പച്ചവെള്ളം മാത്രം മതി ഇപ്പോ അടിച്ചാൽ ശരിയാവില്ല അതാ. ”

ആ ബെസ്റ്റ് അങ്ങോട്ട് ഒന്ന് നോക്കിക്കേ എൻ്റെ പെങ്ങളായതുകൊണ്ട് പറയുവല്ല അവൾടെ കൂടെ പിടിച്ച് നിൽക്കാൻ അളിയൻ ഇച്ചിരി പാട് പെടും രാവിലെ തന്നെ ടെൻഷൻ ആണ് എന്നും പറഞ്ഞ് ഇവിടെ നിന്ന് ഒന്നരക്കുപ്പി ബിയർ അടിച്ച് കേറ്റിയിട്ടാണ് അവള് പന്തലിലേക്ക് കയറിയത്. അതിൻ്റെ വല്ല കൂസലും ആ മുഖത്ത് ഉണ്ടോന്ന് നോക്കിയോ ?

ഞാൻ ഒന്നുകൂടി അവളെ അടിമുടിയൊന്ന് നോക്കി ശരിയാ നല്ല കപ്പാസിറ്റിയാണ് അവൾക്ക് എന്ന് എനിക്കും തോന്നി . എന്തായാലും ചെന്ന് കയറുന്നത് ഒരു ഒന്നൊന്നര ഫാമിലിയിലേക്ക് ആണല്ലോ എന്ന് ഓർത്തപ്പോൾ എൻ്റെ മനസ്സിൽ ലഡു പൊട്ടി പക്ഷേ ഇപ്പോൾ തന്നെ നന്മൾ കൂതറയാവണ്ട സമയം വരും അത് വരെ പിടിച്ച് നിൽക്കണം ഞാൻ എന്നെ തന്നെ സ്വയം നിയന്ത്രിച്ചു.

“എന്നാലും ഇപ്പോ വേണ്ടളിയാ പിന്നെ ആവട്ടെ.”

“എന്നാൽ പിന്നെ ശരി അളിയാ ഞാൻ നിർബന്ധിക്കുന്നില്ല ഇനിയും സമയം ഒരുപാടുണ്ടല്ലോ. ”

“ഉം. ”

അപ്പോഴേക്കും ആരോ വന്ന് സദ്യയുണ്ണാൻ എന്നെയും അവളെയും പന്തലിൽ പിടിച്ചിരുത്തി. ഒരു സൈഡിൽ നിന്ന് തൊടു കറികൾ ഓരോന്നായി വിളമ്പിത്തുടങ്ങി അപ്പോഴും അവളുടെ ഉണ്ടക്കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് ആ വഴി വന്ന പയ്യനെ പിടിച്ച് നിർത്തി കൈക്കുമ്പിൾ നിറയെ മോര് വാങ്ങിക്കുടിക്കുന്ന അവളെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. സാമ്പാറിൽ നിന്നും കിട്ടിയ ഒരു മുരിങ്ങാക്കായുടെ കഷ്ണം ഞാൻ കടിച്ച് വലിച്ചപ്പോഴും അവൾ അതെ നാണയത്തിൽ തിരിച്ചടിച്ചു ഒരു ഉഗ്രൻ ചിരി എൻ്റെ മുഖത്തേക്ക് നോക്കി അവളും പാസ്സാക്കി.

ഒരു വിധത്തിൽ യാത്ര പറഞ്ഞ് അവളേയും വിളിച്ച് ഞാൻ കൃത്യ സമയത്തു തന്നെ എൻ്റെ വീട്ടിലേക്ക് യാത്രയായി. അവിടെയെത്തിപ്പോൾ കൊട്ടും കുരവയും ആർപ്പുവിളിയും ചെണ്ടയും മേളവും പോരാത്തതിന് ഒരു പൂരത്തിനുള്ള ജനവുമുണ്ട് . നന്മടെ ആള് ഇത് കാണാത്തതുകൊണ്ടാണോ അതോ ഇനി കണ്ണ് മിഴിഞ്ഞിട്ടാണോ എന്നറിയില്ല ഒരു കുലുക്കവും ഇല്ലാതെ കാറിൽ തന്നെ ഇരിപ്പാണ്. പിന്നെ നിലവിളക്കും നിറപറയുമായി അമ്മ എന്നെയും അവളെയും വിളിച്ച് അകത്തേക്ക് കയറ്റി.

വൈകീട്ട് നാലു മണി മുതൽ രാത്രി 8 മണി വരെ റിസപ്ഷൻ അതൊരു ചടങ്ങ് പരിപാടിയാണ് സ്റ്റേജിൽ നോക്കുകുത്തി പൊലെ എല്ലാരേയും നോക്കി ഇളിച്ച് നിൽക്കണം മനസ്സില്ലാ മനസ്സോടെയാണേലും ആ പരിപാടിയും നല്ല ഗംഭീരമായിത്തന്നെ കഴിഞ്ഞു. പക്ഷേ ഇതിനിടയിലാണ് ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് നടന്നത്. പെണ്ണ് മുട്ടൻ അടിയാണ് എന്ന് അറിഞ്ഞിട്ടാണോ അതോ എനിക്ക് പണി തരാൻ വേണ്ടിയാണോ എൻ്റെ സുഹൃത്തുക്കൾ ഇളനീരിൽ വോഡ്ക കലർത്തിക്കൊടുത്തത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല .

സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി കയ്യിൽ ഒരു ഗ്ലാസ് പാലുമായി വരുന്ന അവളെയും സ്വപ്നം കണ്ടിരുന്ന എനിക്ക് തെറ്റി . തപ്പി പിടിച്ച് ഒരു വിധത്തിലാണ് റൂമിൽ തന്നെ എത്തിയത് വന്നപാടെ വാഴ വെട്ടിയിട്ട പൊലെ അവൾ നേരെ ബെഡിലേക്ക് വീണു. പാമ്പ് ഇരവിഴുങ്ങിയ പൊലെ കിടക്കുന്ന അവളോട് ഇനി എന്ത് പറയാനാണ് എന്തോന്ന് ഫസ്റ്റ് നൈറ്റ് . ആദ്യം ആലോചിച്ചപ്പോൾ കുറച്ച് വിഷമം തോന്നിയെങ്കിലും ഇനി ഷെയർ ഇടാൻ പുറത്ത് നിന്ന് ആളെ തിരക്കണ്ട എന്ന് ഓർത്തപ്പോൾ മനസ്സില് ഒരു മഞ്ഞ് വീഴുന്ന സുഖം തോന്നി. ബെഡിൽ ചുരുണ്ടുകൂടി കിടക്കുന്ന അവളെ ദയനീയമായി ഞാൻ ഒന്നു നോക്കി അപ്പോഴും ഇതിലും വലുത് എന്തോ ഒന്ന് വരാൻ ഇരുന്നതാ എന്ന് എൻ്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. ഇനിയും നല്ല കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ… ( NB :സ്വന്തം അനുഭവത്തിൽ നിന്നും വലിച്ച് ചീന്തിയ ഒരേട് വിവാഹം എന്നുള്ളത് വിവാഹ നിശ്ചയം എന്ന് തിരുത്തി വായിക്കുക)

രചന: സനൽ SBT

Leave a Reply

Your email address will not be published. Required fields are marked *