ആ ചെക്കന്മാരും ഒക്കെ നിന്നിട്ടും ആരും കാണിക്കാത്ത ധൈര്യാ അവള് കാണിച്ചേ…

രചന: ARYA LEKSHMI

“എടീ സുമേ.. എപ്പോ നോക്കിയാലും നിന്റെ മോള് ഈ ചെക്കന്മാരുടെ കൂടെ ഉണ്ടല്ലോ..? പെൺകുട്ട്യോൾടെ കൂടെ എന്താ അവൾക്ക് കൂടിയാൽ..? നിനക്കതിനെ ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കൂടെ..? എപ്പോളും ചെക്കന്മാരുടെ കൂടെ മാവിൽ എറിയാനും, നീന്താനും, ക്രിക്കറ്റ്‌ കളിക്കാനും ഒക്കെ നടക്കാണ്ട് പെൺകുട്ട്യോൾടെ കൂടെ അടങ്ങി ഒതുങ്ങി കളിച്ചൂടെ അവൾക്ക്..? വെറുതെ ആളുകളെകൊണ്ട് അതും ഇതും പറയിക്കാൻ..”

“അവൾ കുട്ടിയല്ലേ രാധികേട്ടത്തീ..?”

“പന്ത്രണ്ട് വയസ് അത്ര ചെറിയ കുട്ടി ആണോടീ..? ഇനി കുട്ടി ആണേൽ തന്നെ ആ കുട്ടി അല്ലേ വളർന്നു വലുതാകുന്നത്..? അടക്കോം ഒതുക്കോം ഇപ്പഴേ പഠിച്ചില്ലേ, പിന്നെ പറഞ്ഞിട്ട് കാര്യമില്ല കേട്ടോ.. ഞാൻ പറഞ്ഞില്ലാന്നു വേണ്ട..”

അതും പറഞ്ഞ് രാധിക വേലിയുടെ അപ്പുറത്തു നിന്ന് വീട്ടിലേക്ക് കയറി പോയി.

“എടീ ശ്രീക്കുട്ടീ.. ഇവിടെ വാടീ..” കയ്യിൽ ഒരു കമ്പും ഒടിച്ചു പിടിച്ച് സുമ നീട്ടി വിളിച്ചു. താഴേ പറമ്പിലെ പഞ്ചാരമാവിന്റെ ചോട്ടിൽ കല്ലെറിയുന്ന ചെക്കന്മാരോടൊപ്പം നിക്കുകയായിരുന്നു അവൾ. അമ്മയുടെ വിളി കേട്ടതും, പടിക്കെട്ട് കയറി അവൾ മുകളിലേക്ക് ഓടിച്ചെന്നു. കയ്യിലിരുന്ന വടി വച്ച് കാലിൽ ഒന്ന് കൊടുത്തിട്ട് വലിച്ചു വീട്ടിനുള്ളിലേക്ക് കൊണ്ട് പോകുന്നതിനിടെ സുമ അവളെ ശകാരിക്കുന്നുണ്ടായിരുന്നു. നിനക്കെന്താടീ ആ പെൺകുട്ട്യോളോടൊപ്പം കൂടിയാൽ..? വെറുതെ ആളുകളെക്കൊണ്ട് ഓരോന്ന് പറയിക്കാൻ. പത്തു പന്ത്രണ്ട് വയസ്സായില്ലേ നെനക്ക്.. നീയിനി എന്നാടീ അടക്കോം ഒതുക്കോം പഠിക്കുക..? നിന്നെക്കുറിച്ച് ഓർക്കുമ്പോ നെഞ്ചിൽ ഒരു തീയാ..” അടികൊണ്ട പാടിലൂടെ വിരലുകൾ ഓടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന അവളെക്കണ്ടപ്പോൾ സുമക്ക് ഉള്ളിൽ തെല്ല് സങ്കടം തോന്നിയെങ്കിലും ആശ്വസിപ്പിക്കാൻ ചെന്നില്ല.

“കടവിൽ നിന്ന് എന്തോ ബഹളം കേൾക്കുന്നല്ലോ അമ്മേ..” ശ്രീക്കുട്ടി അടുക്കളയിലേക്ക് ചെന്നു.

“നേരാണല്ലോ..?” മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഇടവഴിയിലൂടെ പോയ ആരോ വിളിച്ചു പറഞ്ഞു.

“അറിഞ്ഞില്ലേ..? രാധികേട്ടത്തീടെ ഇളയോൻ കടവില് കാല് വഴുതി വീണു.” കടവിലേക്കോടി എത്തിയപ്പോൾ ആളുകൾ കൂടിയിട്ടുണ്ടായിരുന്നു. നല്ലൊഴുക്ക് ഉണ്ടായിരുന്നു വെള്ളത്തിന്‌. വെള്ളത്തിലേക്ക് ചാഞ്ഞു കിടന്ന ആറ്റുകൈതയുടെ വേരിൽ പിടി കിട്ടിയത് കൊണ്ട് ഒഴുകി പോകാണ്ട് ആ കുട്ടി കെടപ്പുണ്ട്. എന്നാൽ ആരും ഒഴുക്കിനെ വക വെക്കാതെ ഇറങ്ങാൻ കൂട്ടാക്കുന്നില്ല… ഒന്നും ആലോചിക്കാതെ ശ്രീക്കുട്ടി പതിയെ നീന്തി അവന്റെ അടുത്ത് എത്തി. പതിയെ അവനെ പിടിച്ചു കരയിലേക്ക് വരുമ്പോൾ കൂടി നിന്നവർ സഹായിക്കാൻ മുൻപോട്ട് ചെന്നു.

“ഡീ, സുമേ…നിന്റെ മോള് ഉണ്ടായോണ്ട്, ന്റെ കുഞ്ഞിന്റെ ജീവൻ തിരിച്ചുകിട്ടി. ഇത്രപേരും, ആ ചെക്കന്മാരും ഒക്കെ നിന്നിട്ടും ആരും കാണിക്കാത്ത ധൈര്യാ അവള് കാണിച്ചേ.. ഞാൻ പറഞ്ഞ പോലെ അവളെ നീ കൂട്ടിലിട്ട് വളർത്തിയിരുന്നേൽ, ചിലപ്പോ ന്റെ കുട്ടീടെ ജീവൻ പോലും കിട്ടില്ലാരുന്നെടീ..”

പലരും വന്ന് സുമയോട് പറഞ്ഞു.

“സുമേ നിന്റെ മോൾക്ക് നല്ല ധൈര്യം ഉണ്ട്ട്ടോ..!കുട്ട്യോളെ അങ്ങനെ വളർത്തണം..!ആണായാലും, പെണ്ണായാലും ധൈര്യോം, ആത്മവിശ്വാസോം. കൊടുത്ത് വളർത്തണം..!”

സുമക്ക് മോളെ ഓർത്ത് അഭിമാനം തോന്നി. അവൾ ശ്രീക്കുട്ടിയെ ചേർത്തുപിടിച്ചു. അപ്പോളും അനുസരണ പഠിപ്പിച്ച അടിപ്പാട് അവളുടെ കാലിൽ തെളിഞ്ഞു കിടപ്പുണ്ടാരുന്നു. രചന: ARYA LEKSHMI

Leave a Reply

Your email address will not be published. Required fields are marked *