ആ സേട്ടനെ ശരിക്ക് അങ്ങോട്ട് വായ്നോക്കാൻ പറ്റിയില്ലല്ലൊ എന്നൊരു വിഷമം…

രചന: കൃഷ്ണ മനു

ലോക്ക്ഡൗൺ എന്നു കേട്ടപ്പോഴേ മനസ്സിൽ അഞ്ചാറു ലഡ്ഡു ഒരുമിച്ച് പൊട്ടി 🤓🤓. ആഹാ ഇനി കുറച്ചു നാൾ ഓഫീസിലെ ടെൻഷനൊക്കെ വിട്ട് സ്വസ്ഥമായി വീട്ടിലിരിക്കാലോ.

ഇനി നേരത്തെ എഴുന്നേൽക്കേണ്ട , ഇഷ്ടം പോലെ കിടന്നുറങ്ങാം ഫോണെടുക്കാൻ സമയം നോക്കണ്ട. ആഹാ ഓഹോ ആലോചിക്കുമ്പോൾ തന്നെ എന്തൊരു സന്തോഷം💃💃 .

പക്ഷേ അതൊരു എട്ടിന്റെ പണിയാണെന്നു തിരിച്ചറിയാൻ രണ്ടുദിവസം പോലും വേണ്ടി വന്നില്ല. ആദ്യ രണ്ടു ദിവസവും പോത്തുപോലെ കിടന്നുറങ്ങിയ ഞാനാ. മൂന്നാം ദിവസം തൊട്ടു പോരാളി അതു നിർത്തിച്ചു , പാവം ഞാൻ😔😔.

ദയനീയമായി അമ്മയെ നോക്കിയപ്പോഴോ നൂറു വാട്ടിൻ്റെ ലൈറ്റിട്ട പോലത്തെ ഒരു ചിരി😁. അത് കൊലചിരിയാണെന്നു മനസ്സിലാക്കാൻ ഞാനൽപ്പം വൈകിപ്പോയി.

ആ വീട്ടിലെ ഓരോ മുക്കും മൂലയും ഞാനറിഞ്ഞു. എങ്ങനെ അറിയാതിരിക്കും അമ്മാതിരി പണിയല്ലേ ഓരോ ദിവസവും പോരാളി തരുന്നത്. അമ്മയുടെ ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഓരോ ടാസ്ക് കണ്ടുപിടിച്ചുകൊണ്ടാണ്.

ഉറക്കത്തിൽ നിന്നും കണ്ണും തിരുമ്മി എഴുന്നേൽക്കുമ്പോഴെ അമ്മ ടാസ്കുമായി റെഡിയായിരിക്കും. എവിടുന്നു കിട്ടുന്നോ ആവോ? പിന്നീട് അങ്ങോട്ട് ടാസ്കോട് ടാസ്ക് ആയിരുന്നു😵. ആ വീടിന്റെ ഓരോ ഭാഗവും ഞാനരിച്ചു പെറുക്കി അതായത് രമണാ അങ്ങ് വൃത്തിയാക്കി എടുത്തു.

ലോക്ഡൗൺ സീരീസിൻ്റെ ആദ്യ ഘട്ടം തീർന്നപ്പോഴേക്കും വീടങ്ങ് മാറി. അമ്മ എന്നെ കൊണ്ട് മാറ്റി എന്ന് പറയുന്നത് ആവും ശരി.

പിന്നെ പിന്നെ യുദ്ധം അങ്ങ്‌ അടുക്കളയിൽ ആയി . “അമ്മേ പൂമുഖത്തേക്കൊരോ ബ്ലാക്ക് ടീ” എന്നും പറഞ്ഞിരുന്ന ഞാനാ🤦. ഇപ്പോ ടീയും കടന്നു ചോറും കറിയും വരെ വച്ചു തുടങ്ങി. കാലം പോയൊരു പോക്കേ.🤷 അതിനിടയിലെങ്ങാൻ ഫോണൊന്ന് നോക്കിയാൽ മതി എവിടെ ആണെങ്കിലും അമ്മ പറന്നെത്തും കണ്ണുതെറ്റിയാൽ ഫോണിലാണെന്നും പറഞ്ഞു അതും കൊണ്ട് പോവും.

അമ്മ തന്ന പണികളൊക്കെ തീർത്തു ഫോണെടുത്ത് നോക്കാമെന്നു വച്ചാലോ കഷ്ടകാലത്തിന് ആരേലും ആ ഫോണിലേക്കായിരിക്കും വിളിക്കുക. മേമയോ മറ്റോ ആണെങ്കിൽ തീർന്നു. ഒരു മണിക്കൂർ കഴിയാതെ ഫോൺ കയ്യിൽ കിട്ടില്ല. മീൻകാരൻ്റെ പിന്നാലെ പൂച്ച നടക്കുന്ന പോലെ ഞാൻ നടക്കും എപ്പോൾ കഴിയും എന്നും നോക്കി. ഇനി എല്ലാം കഴിഞ്ഞ് ഫോൺ കിട്ടിയിലോ അതങ്ങനെ നമ്മടെ കരിക്കിൻ്റെ പാട്ടു പോലെ🎵 പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ

പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ🎶

എന്ന അവസ്ഥ റേഞ്ചും ഇല്ല. അങ്ങനെ നെറ്റ് വർക്കിനേയും പ്രാകി ടീവി കാണാമെന്നു വച്ചാലോ ചന്ദ്രോത്സവം നാലാം പ്രാവശ്യം, ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ഫുൾ ഡയലോഗ് ഇപ്പോൾ കാണാപാഠം ആണ്‌.

എന്നാൽ പിന്നെ ഉച്ചയ്ക്ക് ഊണും കഴിച്ചു ഉറങ്ങാമെന്നു വച്ചാലോ രാത്രി ഉറക്കം വരില്ലാന്നും പറഞ്ഞ് അവിടെ തന്നെ ഇരിക്കും. ഒരു ഞായറാഴ്ച കിട്ടിയാലും മൂന്നു നേരത്തിന് നാലുനേരം കിടന്നുറങ്ങിയിരുന്ന ഞാനാ ഇപ്പോ നിലാവത്ത് ആഴിച്ചിട്ട കോഴിയേപ്പോലെ രാവിലെയും രാത്രിയും ഉറക്കമില്ലാതെ നടക്കുന്നത്. ശരിക്കും ആരോ കണ്ണുവച്ചതാവണം.

അങ്ങനെ ലോക്ഡൗൺ തീർന്ന സമയം , ആമ പുറംതോടിനുള്ളിൽ നിന്നും തലയിടുന്നതു പോലെ എല്ലാവരും വീടുകളിൽ നിന്നും പുറത്തൊക്കെ ഇറങ്ങി തുടങ്ങിയ നേരം. ആരോ അമ്മയെ ഒന്ന് ഉപദേശിച്ചു. ഡ്രൈവിംഗ് പഠിക്കാൻ പറ്റിയ ടൈം ആണത്രേ. നല്ല ഉപദേശം. പറയുന്നവർക്ക് അതങ്ങു പറഞ്ഞാൽ മതിയല്ലോ പണി കിട്ടുന്നത് എനിക്കല്ലേ 😇.

പിന്നെയങ്ങോട്ട് അമ്മയുടെ വക നല്ല മേളമായിരുന്നു. കാര്യം എന്താണെന്നു വച്ചാൽ ലൈസൻസ് എടുത്ത് ഒരുവർഷം കഴിഞ്ഞിട്ടും വണ്ടി റോഡിലിറക്കാനുള്ള ധൈര്യം എനിക്കില്ല😔. വേറേ കുഴപ്പം ഒന്നുമില്ല മുന്നിൽ ഒരു വണ്ടി വന്നാൽ കൈവിറയ്ക്കും അത്രേ ഉളളൂ. ആകെ ഓടിക്കുന്നത് വീടിനു മുറ്റത്ത് ആണ് അതു രണ്ട് റൗണ്ട്. ഒന്നോ രണ്ടോ പ്രാവശ്യം പുറത്തേക്ക് എടുത്തിട്ടുണ്ട് അതും അനിയൻ്റെ കൂടെ . പറഞ്ഞ് പറഞ്ഞമ്മ അവസാനം അമ്മയുടെ പുന്നാരമകളെ അതായത് എൻ്റെ ചേച്ചിയെ പുകഴ്ത്താൻ തുടങ്ങി. അത് മ്മക്ക് പിടിച്ചില്ല. എന്ത് പറഞ്ഞാലും അവസാനം അവിടെ തന്നെ എത്തും . എന്നെ എവിടുന്നെങ്കിലും കളഞ്ഞു കിട്ടിയതാണോന്ന് ഒരു സംശയം ഇല്ലാതില്ല🤔🤔. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

രണ്ടും കൽപിച്ചു അമ്മയോട് പറഞ്ഞു .”വാ മ്മക്ക് റേഷൻ കടയിൽ പൂവാം “ന്ന്. അമ്മ അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെ നിൽപുണ്ട് 😲. അല്ല പിന്നെ നമ്മുടെ അടുത്താ കളി. അമ്മ തയ്യാറായി വന്നപ്പോഴേക്കും ഹെൽമറ്റും ചാവിയുമെടുത്ത് ഞാനിറങ്ങി. ആറുമാസം മുന്നേ വാങ്ങിയ ഹെൽമറ്റ് ആണ്, ആദ്യമായി ഇന്നാണ് വെയിൽ കൊള്ളുന്നത്😉.

അങ്ങനെ ഞാനെന്റെ ശകടം , എൻെറ അല്ല ചേച്ചിയുടെ മാസ്ട്രോ ഗേറ്റിനു പുറത്തിറക്കി. ഹെൽമറ്റും മാസ്കും ആകെ കൂടി ഒരു വീർപ്പുമുട്ടൽ . ഹെൽമറ്റ് വച്ചിട്ടാണേൽ ഒന്നും കേൾക്കുന്നുമില്ല. മാസ്ക് ആണേലോ ഒന്നനങ്ങിയാൽ കണ്ണിൽ കൊള്ളും😷. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ തികച്ചില്ല റേഷൻ കടയിലേക്ക്. എന്നോട് പൊയ്ക്കോളൂന്ന് പറഞ്ഞു. അടുത്ത വീട്ടിലെ ചേച്ചി കൂടെ ഉണ്ടായിരുന്നു. അമ്മയും ചേച്ചിയും പിന്നാലെ നടന്നു വരാമെന്നും പറഞ്ഞു.

അങ്ങനെ മുപ്പത്തിമുക്കോടി ദൈവങ്ങളേയും പ്രാർത്ഥിച്ചു ഞാനിറങ്ങി. പതുക്കെ പതുക്കെ ഇടവഴിയിൽ നിന്നും റോഡിലേക്ക് കയറി. എൻ്റെ ഭാഗ്യത്തിന് റോഡിൽ ഒരൊറ്റ വണ്ടി പോലും ഇല്ല. പതിയെ പതിയെ എൻറെ ശകടം മുന്നോട്ടു നീങ്ങി. 🎶ഞാനുമൊരു വർണ്ണപട്ടമായിരുന്നു 🎶 പാട്ടും പാടി നാലഞ്ചു ബസുകൾ വഴിയരികിൽ കിടപ്പുണ്ട്.

അങ്ങനെ അവസാനം ഞാൻ റേഷൻ കടയിലെത്തി. മുന്നിൽ തന്നെ വണ്ടി വച്ചു ഞാൻ ഉള്ളിലേക്കു കയറി നിന്നു. അധികം തിരക്കൊന്നുമില്ല. ഒന്നുരണ്ടു പേരു മാത്രം. മടി കാരണം ഹെൽമറ്റ് എൻ്റെ തലയിൽ തന്നെ ഇരുന്നു. അഞ്ചു മിനിട്ട് കഴിഞ്ഞു അമ്മയും ചേച്ചിയും എത്തി. റേഷൻ ഒക്കെ വാങ്ങി കിട്ടിയ അരിയെടുത്ത് ഞാൻ ഡിക്കിയിൽ വച്ചു . സ്കൂട്ടിയിൽ കയറിയിരുന്നു സ്റ്റാർട്ട് ചെയ്തു. പണിപാളി😇 സ്റ്റാർട്ട് ആവുന്നില്ല. വീണ്ടും വീണ്ടും സെൽഫ് അടിച്ചു നോക്കി എവിടെ നോ രക്ഷ. മെയിൻ സ്റ്റാൻഡിലിട്ടു അമ്മയോട് കിക്കറടിക്കാൻ പറഞ്ഞു. അമ്മയ്ക്ക് പിന്നെ അതു ശീലമാണ്. എന്നിട്ടും സ്റ്റാർട്ട് ആയില്ല. ഇതിനും കൊറോണ വന്നോ🤔🤔. കണ്ണിൽ കണ്ണിൽ ഞാനുമമ്മയും നോക്കി നിന്നു. മനസ്സിൽ അമ്മ വിളിക്കുന്ന ചീത്ത അമ്മയുടെ മുഖത്തു വിരിയുന്ന ഭാവങ്ങളിൽ നിന്നും എനിക്ക് വായിച്ചെടുക്കാം😡😡. മറ്റാരും അതറിയാതിരിക്കാൻ ഞാൻ നന്നായൊന്നു ഇളിച്ചുകൊടുത്തു😁😁.

ഞങ്ങളുടെ കഥപറച്ചിൽ കണ്ടു സഹതാപം തോന്നിയിട്ടാണെന്നു തോന്നുന്നു ഒരു ചേട്ടൻ എകദേശം ഒരു നാൽപതു വയസു പ്രായം വരും . എന്താ മോളെ പ്രശ്നം എന്നും ചോദിച്ചു വന്നു. പിന്നെ അങ്ങേരും വണ്ടിയും തമ്മിൽ ആയിരുന്നു യുദ്ധം. അതിനിടയ്ക്ക് ചുമ്മാ ഒന്നു തല ചെരിച്ചപ്പോൾ അതാ മുറ്റത്തൊരു മൈന😍.

ബൈക്കിൽ ഇരുന്ന്‌ കാലുരണ്ടും ഇരുവശത്തേക്കുമിട്ട് ഫോണിൽ കുത്തികളിക്കുന്നു. കുനിഞ്ഞിരിക്കുന്നത് കൊണ്ട് മുഖം കാണാനില്ല. പെട്ടെന്ന് ആണ് അങ്ങേര് മുഖമൊന്നുയർത്തിയത്. ആഹാ ചന്ദനക്കുറി ഒക്കെ ഉണ്ടല്ലോ😍. അവിടെയും മാസ്ക് ചതിച്ചു. മാസ്ക് വന്നേൽപിന്നെ മര്യാദയ്ക്ക് ഒന്നു വായ്നോക്കാൻ പറ്റിയിട്ടില്ല🤦.

അങ്ങനെ ആ സേട്ടനേയും വായ്നോക്കി നിൽക്കുന്ന നേരത്താണ് അടുത്തുനിന്ന് ഒരു ശബ്ദം. ആ സ്കൂട്ടി സ്റ്റാർട്ട് ആയി. ഛേ കുറച്ചു കഴിഞ്ഞു സ്റ്റാർട്ട് ആയാൽ മതിയായിരുന്നു. ആ ഏട്ടന് ഒരു താങ്ക്സും പറഞ്ഞു സ്കൂട്ടിയിൽ കയറി.

“അമ്മ നടന്നോ ഞാൻ വളയ്ക്കട്ടെ (സ്കൂട്ടി) എന്നു പറഞ്ഞു മുന്നിലേക്കു നോക്കിയപ്പോൾ അവിടെ ഒരു ഓട്ടർഷ (ഓട്ടോറിക്ഷ എന്ന് എമണ്ടൻ പേരൊക്കെ ഉണ്ടെങ്കിലും ഞങ്ങൾക്ക് ഓട്ടർഷ ആണ്‌😜😜). ഇതിപ്പോ എവിടുന്ന് വന്നോ ആവോ. ഏങ്ങനെയോ കഷ്ടപ്പെട്ട് ഒരു സൈഡിൽ കൂടെ എടുത്തു ഓട്ടോ കടന്നപ്പോൾ മുന്നിൽ നമ്മുടെ സേട്ടൻ. എൻ്റെ ദയനീയമായ നോട്ടം കൊണ്ടോ അതൊ സ്വന്തം വണ്ടിയോടുള്ള ഇഷ്ടക്കൂടുതലുകൊണ്ടോ അങ്ങേര് വേഗം രണ്ടുകാലുകൊണ്ട് തുഴഞ്ഞു ബൈക്ക് പുറകിലേക്ക് നീക്കി. നന്ദി സൂചകമായി ഞാൻ നന്നായി ഒന്നു ഇളിച്ചുകൊടുത്തു 😁😁.മാസ്ക് ഉള്ളത് കൊണ്ട് എന്തുകാണിച്ചാലും അറിയില്ല എന്നൊരു ധൈര്യം🤗🤗. ആ മുഖത്തും ചിരിയുണ്ടെന്ന് കുറുകിയ കണ്ണുകളിൽ നിന്നും മനസ്സിലായി. ഇനി എന്നെ ആക്കി ചിരിച്ചതാണോ??🤔🤔.

ഹാ എന്തേലും ആവട്ടെ. അങ്ങനെ ഒരുവിധത്തിൽ ഭൂമിദേവിയെ നമസ്കരിക്കാതെ സ്കൂട്ടി വളച്ചു അമ്മയുടെ അടുത്തെത്തി. നിർത്തണ്ട പൊയ്ക്കോളൂന്ന് അമ്മ പറഞ്ഞെങ്കിലും സേട്ടനെ കാണാനുള്ള ത്വര ഒന്നുകൊണ്ടു മാത്രം ഞാനൊന്നു തിരിഞ്ഞു നോക്കി . 😲😲 വൗ ബൂട്ടിഫുൾ പീപ്പിൾസ് ആ സേട്ടനടക്കം റേഷൻകടയിലുള്ള എല്ലാവരും എന്നേയും നോക്കി നിൽക്കുന്നു. വേണ്ടായിരുന്നു. പിന്നെ എങ്ങനെ എങ്കിലും അവിടുന്ന് പോയാൽ മതിയെന്നായി. ആകെയുള്ള ആശ്വാസം മാസ്കും ഹെൽമറ്റും ഉള്ളത് കൊണ്ട് ആർക്കും മനസ്സിലാവില്ല എന്നതാണ്. നേരെ നോക്കി വണ്ടിയെടുത്തു പിന്നെ ബ്രേക്ക് പിടിച്ചത് വീട്ടിൽ എത്തിയിട്ടാണ്.

ഹാവൂ എന്തൊരു ആശ്വാസം. എന്നാലും ആ സേട്ടനെ ശരിക്ക് അങ്ങോട്ട് വായ്നോക്കാൻ പറ്റിയില്ലല്ലൊ എന്നൊരു വിഷമം. സാരല്ല്യ റേഷൻകട അവിടെ തന്നെ ഉണ്ടല്ലോ. ഒരു കാര്യം ഞാൻ തീരുമാനിച്ചു ലോക്ഡൗൺ തീർന്നാലും റേഷൻകടയിൽ പോവുന്നത് ഞാൻ നിർത്തില്ല .എങ്ങാനും ബിരിയാണി കിട്ടിയാലോ😜😜😜😜😜😜😜😜😂🤣..

രചന: കൃഷ്ണ മനു

Leave a Reply

Your email address will not be published. Required fields are marked *