ഇന്ദ്രന്റെ വാക്കുകളിലും കണ്ണുകളിലും പ്രണയം നിറഞ്ഞിരുന്നു…

രചന: വേദാവതി

ആക്സിഡെന്‍റ് ആയി ഒരു പുതിയ കേസ് വന്നിട്ടുണ്ട് ദേവികേ, ഒരു രക്ഷയുമില്ല നല്ലവണ്ണം മനുഷ്യനെ വെറുപ്പിക്കുന്ന ഒരുത്തന്‍. പറ്റുമെങ്കില് നിനക്കു ഒന്നു കൈകാര്യം ചെയ്യാമോ?…

താര നേഴ്സ് തന്റെ സഹപ്രവര്‍ത്തികയും കൂടുകാരിയുമായ ദേവികയോട് ചോദിച്ചു.

ഓ ശരി, ചൂടാവന്‍ ഒരാളെ നോക്കി ഇരിക്കയാരുന്നു. നീ ആ പേഷ്യന്‍റ് ഷീറ്റ് ഇങ്ങ് താ.

റൂമിലേക്ക് ചെന്നപ്പോള് ഒരു 30 വയസ്സോളം തോന്നുന്ന ഒരു സുമുഖന്‍.. മുടിയെല്ലാം പാറിപറന്നു കിടക്കുന്നതു കണ്ടാല്‍ തോന്നും എന്തോ നിരാശ ജീവിതം നയിക്കുന്ന ആള്‍ എന്നു..

അതേ എന്റെ പേര് ദേവിക, ഞാന്‍ വേദനക്കുള്ള മരുന്ന് കുത്തിവെക്കാന്‍ വന്നതാ..

ഛേ, ഇതൊരു നാശമായല്ലോ…..

നിന്നോടൊക്കെയല്ലേടീ ഡാഷ് മോളെ എനിക്കു ഒരു കോപ്പും വേണ്ട എന്നു പറഞ്ഞത്

ആശുപത്രികിടക്കയില്‍ കിടന്നു കൊണ്ടു ഇന്ദ്രന്‍ കലി തുള്ളുകയാണ്.

മകന്റെ ഈ പെരുമാറ്റം കണ്ടു നിസ്സഹായയായി നില്‍ക്കുകയാണ് അവന്റെ ഒപ്പം ഉള്ള അമ്മ. നല്ല തറവാടിത്വം തോന്നുന്ന ഒരു അമ്മ, അവരുടെ മുഖം കണ്ടാല്‍ തന്നെ അറിയാം പുത്ര പ്രവൃത്തികളില്‍ യാതന അനുഭവിക്കുന്നവരാണെന്ന്.

അമ്മേ ഒരു നിമിഷം പുറത്തോട്ടൊന്ന് വരുമോ ? ദേവികയുടെ ചോദ്യം കേട്ടു അവര്‍ അവളോടൊപ്പം പുറത്തേക്ക് ഇറങ്ങി..

മോളെ, അവന്‍ അങ്ങനെയാ ഈ ഇടയായി.. എന്റെ കുഞ്ഞ് കുറെ നീറി നീറി കഴിയ്യുകയാണ്, കുഞ്ഞ് അവനോടു പൊറുക്കണം അവന്റെ ഈ വൃത്തികെട്ട വാക്കുകള്‍ക്ക് ഒരു പ്രശ്നവും ഹോസ്പിറ്റലില്‍ ദയവു ചെയ്തു ഉണ്ടാക്കരുത്.

അവരുടെ നിസഹായവസ്ഥ കണ്ടു ദേവിക അവരോടു ഒന്നും തന്നെ തട്ടികേറാന്‍ പോയില്ല, പകരം അവരോടു റൂമിന് പുറത്തു കാത്തു നില്ക്കാന്‍ പറഞ്ഞിട്ടു ഇന്ദ്രന്റെ അടുത്തേക്ക് പോയി.

താന്‍ ഇത്രേയേറെ തെറി വിളിച്ചിട്ടും ശാന്തമായി ഒരു പുഞ്ചിരിയോട് കടന്നു വരുന്നവളെ ഇന്ദ്രന്‍ നോക്കി.. ചന്ദനക്കുറി ഒക്കെ തൊട്ട് ഒരു ഐശ്വര്യമാര്‍ന്ന മുഖം..ആ പുഞ്ചിരിയില്‍ മിഴികളും തിളങ്ങുന്ന പോലെ, എന്തോ ഒരു ആകര്‍ഷണീയം ആ കണ്ണുകള്‍ക്കെന്ന് അവന് തോന്നി.

എടോ…..താന്‍ ആരോടാ ഈ തട്ടി കേറുന്നേ തന്റെ പെണ്ണുംപിള്ള ഉണ്ടോ ഇവിടെ ഇരിക്കുന്നെ.. പിന്നെ എന്നെ തെറി വിളിച്ചതിനുള്ള മറുപടി ഞാന്‍ ഇപ്പോ തന്നെ തരാം …

ടപ്പെ.. ചുറ്റും ഒന്നു നോക്കിയിട്ട്, അവന്റെ മുഖത്തിട്ടു നല്ല ആഞ്ഞു ഒരെണ്ണം കൊടുത്ത് അവള്‍,.

ഇത് എന്തിനാണെന്ന് അറിയാമോ?, ഒരു സ്ത്രീയെ അപമാനിക്കുന്നതിന്..പിന്നെ നേഴ്സ് തല്ലി എന്നും പറഞ്ഞു പരാതി കൊടുക്കാന്‍ ആണെങ്കില്‍ താന്‍ പോയി കൊടുക്ക്.. എനിക്കു ഒരു ചുക്കുമില്ലാ..തന്‍റേടത്തോട് വേറെ ജോലി നോക്കി പോകാന്‍ ഉള്ള വിദ്യാഭ്യാസവും കഴിവും എനിക്കുണ്ടു. കേട്ടോടോ…

അവളുടെ തല്ല് കിട്ടിയെങ്കിലും, ഇതിപ്പം എന്താ സംഭവിച്ചേ എന്നു മനസ്സിലാകാതെ, തലയില്‍ കൂടി ഒരു കിളി പറന്നു പോയിരിക്കുവാണു ഇന്ദ്രന്റെ. ശാന്തമായ് വന്നിരുന്ന അവള്‍ക്കെങ്ങനെ ഇപ്പോ അന്ന്യന്‍ സിനിമയിലെ പോലെ ദ്വന്ദമുഖങ്ങള്‍ നിമിഷങ്ങള്‍ക്കകം ആവുന്നേ എന്നു ഓര്‍ത്ത് അവന്‍.

എടോ തന്നോടാ ഞാന്‍ ചോദിക്കുന്നേ… താന്‍ ഏത് ലോകത്തിലാ?..

എടീ പിശാചേ എനിക്കു അനങ്ങാന്‍ വയ്യാത്ത കൊണ്ട് നീ രക്ഷപ്പെട്ടു. ഇതെല്ലാ കഴിഞ്ഞു ഞാന്‍ ഒന്നു നേരായാവട്ടെ, ഇതിനുള്ള മറുപടി ഞാന്‍ തന്നോളാം.

ഓ ശരി എന്നാല്‍,

പെട്ടെന്നു ഇന്ദ്രന്റെ ഭാവങ്ങള്‍ മാറി, തലയിണയില്‍ കൈകള്‍ അമര്‍ത്തി വേദന കടിച്ചു പിടിച്ച് കിടക്കുന്ന പോലെ തോന്നി..അത് കണ്ടപ്പോള്‍ തുന്നികെട്ടിയത് നന്നായ് വേദന ഉണ്ടാക്കുന്നു എന്നു അറിയാം…

അതേ വേദനക്കുള്ള മരുന്നുമായ് വന്നപ്പോള്‍ ആയിരുന്നു തന്റെ ഈ അരങ്ങേറ്റം… വേണമെന്നാല്‍ ഞാന്‍ മരുന്ന് തരാം,,..

എനിക്കൊന്നും വേണ്ട പിശാചേ ഒന്നു പോയി തരുമോ..

വേണ്ടെങ്കില്‍ വേണ്ട ഞാന്‍ പോവാ, പിന്നെ ഞാന്‍ തല്ലിയ കാര്യം അമ്മയോടും പറയേണ്ട, വെറുതെ എന്തിനാ അവരുടെ മുമ്പില്‍ നാണം കെടുന്നേ..

അപ്പോള്‍ ശരി കേട്ടോ ഞാന്‍ പോവാ, എന്റെ ഡ്യൂട്ടി തീരാറായ്, ഇനീം എന്തെങ്കിലും ഉണ്ടെങ്കില്‍ അടുത്ത നേഴ്സ് നോക്കി കോളും..

അതും പറഞ്ഞു ദേവിക ഒരു അടക്കി പിടിച്ച ചിരിയോടെ പുറത്തേക്ക് പോയി.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹെഡ് നേഴ്സ് വന്നു പറഞ്ഞു അതേ ദേവിക 103 ആം റൂമില്‍ നിന്നും രോഗിയെ നോക്കാന്‍ ഒരു കോള്‍ വന്നു താന്‍ ഒന്നു ചെല്ലുമോ…?

റൂമിലേക്ക് ചെന്നപ്പോള്‍ കണ്ടു വേദനയോട് പിടയുന്ന ഇന്ദ്രനെ, കണ്ടാല്‍ കഷ്ടം തോന്നിയെങ്കിലും നേരത്തേത്തെ വാക്കുകള്‍ അവളില്‍ ഒരലിവും വരുത്തിയില്ലാ..

കണ്ണടച്ച് കിടന്ന അവന്റെ അടുത്തു ചെന്നു..

കൈ നീട്ടിക്കെ ഇഞ്ചെക്ഷന്‍ എടുക്കട്ടെ…

കണ്ണു തുറന്നവന്‍ ഭൂതത്തെ കാണുന്ന പോലെ നോക്കുന്ന കണ്ടു… കൂടെ ഒരു പിറുപിറുക്കലും ഈ ശവമേ ഇവിടെ ഉള്ളോ., പോയെന്ന് കരുതി ഞാന്‍ വിളിച്ചതാ..

അതേ ഓരോന്ന് ആലോചിച്ചു കൂട്ടേണ്ട, ഞാന്‍ വെറുതെ പറഞ്ഞതാ ഷിഫ്ട് തീരുന്നു എന്നു, കൈ നീട്ടു മര്യാദക്ക്..

സിറിഞ്ചു കുത്തിയപ്പോള്‍ ഉള്ള അവന്റെ കണ്ണടക്കല്‍ കണ്ടപ്പോള്‍ ആ വെടും വായെ ഉള്ളൂ ശുദ്ധന്‍ ആണ് എന്നു മനസ്സിലായ്…

അപ്പോള്‍ ശരി, ഇനീം ഞാന്‍ ശരിക്കും ഹോസ്റ്റല്‍ പോവ്വാ,…നല്ല വണ്ണം ഉറങ്ങിക്കോളൂ…

പോടീ പിശാചേ എന്നും പറഞ്ഞു ദേഷ്യപ്പെട്ടു കിടക്കുന്ന ഇന്ദ്രനെ ചിരിച്ചു കാണിച്ചു അവള്‍ പുറത്തേക്ക് കടന്നു…

ഹോസ്റ്റല്‍ലേക്കുള്ള യാത്രയില്‍ ഇന്നത്തെ സംഭവങ്ങള്‍ മുഴുവന്‍ ഓര്‍ത്തു ദേവിക….അനാഥയായ താന്‍ എല്ലാരുടേം മുമ്പിലും ധൈര്യം കാണിച്ചു നടക്കുന്ന സ്വഭാവം..തന്റെ രൂപത്തിനും സ്വഭാവത്തിനും തമ്മില്‍ ഒരു ചേര്‍ച്ചയും വരില്ല, ചൊറിയുന്ന ആള്‍ക്കാരെ കാണുമ്പോള്‍…. അങ്ങനെ ഉള്ള താന്‍, ഇന്ന് ആദ്യമായിട്ടാണ് ഒരു പുരുഷന്റെ നേരെ കയ്യോങ്ങുന്നത് അതെല്ലാം ഓര്‍ത്ത് അവള്‍ക്ക് എന്തെന്നില്ലാത്ത ഒരു ആത്മധൈര്യം ആയി രുന്നു…

പിറ്റെന്നു രാവിലെ കുളിച്ചൊരുങ്ങി ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ എന്തോ അറിയാത്ത ഒരു ഉന്മേഷം, ആദ്യം തന്നെ 103 റൂമില്‍ പോയി..അപ്പോള്‍ ഇന്ദ്രനു വേദന കൂടിയ്യിട്ട് മരുന്ന് കൊടുത്തു ഉറങ്ങുകയാണ് എന്നു അമ്മ പറഞ്ഞു.

ഇതാണ് ദേവിക, ഞാന്‍ എപ്പോഴും പറയാറില്ലേ ഫോണില്‍ കൂടി… ഇന്ദ്രന്റെ അമ്മ ദേവികയെ അച്ഛന് പരിചയപ്പെടുത്തി കൊടുത്തു.

വളര നന്ദി മോളേ, കണ്ടതിലല്‍ സന്തോഷം…. അത് പറയുമ്പോള്‍ അച്ചന്റെ സ്വരം ഇടറിയിരുന്നു…

പൊതുവേ റൂമുകളില്‍ ഒരു പരിതിയില്‍ കൂടുതല്‍ നേരത്ത് നില്‍കാന്‍ പാടില്ല, പക്ഷേ അവരുടെ വിഷാദമുഖം കണ്ടപ്പോള്‍ കാര്യം എന്താണെന്നു തിരക്കണം എന്നു തോന്നി..

അതേ മോളെ അവനോടു ഒന്നും തോന്നരുതു, ഇതിപ്പോ, ഏകദേശം ഒന്നോന്നൊര വര്‍ഷ ത്തോളമായി അവന്‍ ഇങ്ങനെയാ.. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് ഒരു ഇഷ്ടത്തിലായിരുന്നു… പഠിത്തം കഴിഞ്ഞു അവര്‍ക്ക് ഒരുമിച്ച് ബാംഗ്ലൂര്‍ ജോലി കിട്ടി…വിവാഹം വരെ ഉറപ്പിക്കാറായ സമയത്താണ് ആ കുട്ടിക്ക് അമേരികയില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടുന്നേ…ഇവന് ഞങ്ങളെ വിട്ടു പോകാന്‍ ഒട്ടും താല്‍പര്യമില്ല, നാട്ടില്‍ തന്നെ നില്ക്കാന്‍ ആണ് താല്‍പര്യം എന്നും അവള്‍ക്കറിയാമെങ്കിലും അവസരം കിട്ടിയപ്പോള്‍ അവള്‍ മാറി, അതും നീണ്ട വര്‍ഷത്തേക്കുള്ള യാത്ര.. പറ്റുമെങ്കില്‍ അവിടെ സ്ഥിര താമാസം നോക്കണം എന്നൊക്കെ…. അവര്‍ തമ്മില്‍ അതിന്റെ പേരില്‍ പിരിഞ്ഞു.. അവള്‍ പോയി കഴിഞ്ഞ് നാട്ടിലേക്ക് ട്രാന്‍ഫര്‍ ആയി അവന്‍ വന്നെങ്കിലും..ആ പഴയ തമാശ പറഞ്ഞു നടക്കുന്ന ആളല്ലായിരുന്നു.. പിന്നീട് എല്ലാത്തിനോടും ദേഷ്യമാണ്.. നല്ല വണ്ണം കള്ളും കുടിക്കാന്‍ തുടങ്ങി.. അങ്ങനെ കള്ള്കുടിച്ചു വണ്ടി ഓടിച്ചു ഉണ്ടായ അപകടമാ ഇത്..ഇവനെ ഒന്നു നോര്‍മല്‍ ആയി കാണാന്‍ ഞങ്ങള്‍ നോക്കി ഇരിക്കയാ…അത് പറയുമ്പോള്‍ അവരുടെ കണ്ണു നിറയുന്നുണ്ടായിരുന്നു…

അമ്മ സമാധാനമായിരിക്ക് ഇതൊക്കെ ശരിയായിക്കൊളും സാവധാനം… എനിക്കു ഉള്ളില്‍ ദേഷ്യമൊന്നുമില്ല,

ഇത്രേയും നല്ല മാതാപിതാകളെ കിട്ടിയിട്ടാണോ തേച്ചിട്ട പെണ്ണിനോടുള്ള ദേഷ്യം മുഴുവന്‍ തീര്‍ക്കുന്നത് എന്നോര്‍ത്തു ഒരു പുച്ഛ്ചിരിയോടെ അടുത്ത രോഗിയുടെ അടുത്തേക്ക് ഞാന്‍ പോയി…പക്ഷേ അതിനോടൊപ്പം ആ മാതാപിതാകളോടുള്ള അവന്റെ കടമയും സ്നേഹവും അവളുടെ മനസ്സില്‍ അവനെകുറിച്ച് ഒരു നല്ല ഇമേജ് ഉണ്ടാക്കാന്‍ തുടങ്ങി..

പിന്നീടുള്ള ദിവസങ്ങളില്‍ ഡോക്ടര്‍ ചെക്കിങ് ടൈം ഡോക്ടറോടൊപ്പം പോകുമ്പോള്‍ പല്ല് കടിച്ചു ദേഷ്യത്തോടെ എന്നെ നോക്കുന്ന ഇന്ദ്രനെ കണ്ടു…ഒരു ഇളിഞ്ഞ ചിരിയോടെ അവിടം വിട്ടു പോകുമ്പോള്‍ ആരും കാണാതെ കവിളില്‍ തൊട്ടുകാണിച്ചു അന്നടിച്ചതിനെപ്പറ്റി കളിയാക്കാനും മറന്നില്ലാ…

പിറ്റേ ദിവസം ചെന്നപ്പോള്‍ ഞാന്‍ എന്റെ പ്രീയപ്പെട്ട ബുക്ക് കളക്ഷനുകളില്‍ നിന്നും ത് ആല്‍കെമിസ്റ്റ് എന്ന ബുക്ക് കൊണ്ട് കൊടുത്തു..

അതേ ഇരുന്നു ബോര്‍ അടിക്കുന്നുവെങ്കില്‍ ഇത് വായിച്ചോളൂ…

എനിക്കു നിന്റെ ഔദാര്യം ഒന്നും വേണ്ട, ഒരു അഞ്ചാറു ദിവ്സമ് കഴിഞ്ഞാല്‍ ഞാന്‍ ഡിസ്ചാര്‍ജ് ആയി കോളും…

ഒഹ്ഹ് ശരി.. എന്നാല്‍ ഞാന്‍ ഇത് ഇവിടെ വെക്കുവാ വേണമെങ്കില്‍ വായിക്കൂ..

അന്ന് രാത്രി കുറെ ബോറടിച്ചപ്പോള്‍, എന്തായാലും വായിയ്ക്കാം എന്നു കരുതി ആ പുസ്തകം വായിച്ചു തുടങ്ങി…അപ്പോള്‍ അതിനുള്ളില്‍ നിന്നും ഒരു ചിത്രം താഴെ വീണു… നിറഞ്ഞ മനസ്സോട് ചിരിച്ചു കൊണ്ട് കുറെ കുട്ടികളോടൊപ്പം ഒരു അനാഥാലയത്തില്‍ നില്ക്കുന്ന അവളുടെ ചിത്രം കണ്ടു…അത് കണ്ടപ്പോള്‍ ഈ പിശാചിന് ഇങ്ങനെയും ചിരിക്കാന്‍ അറിയാമോ എന്നു തോന്നിപ്പോയി.. കുറെ നേരം എന്തു കൊണ്ടെന്നറിയില്ല നോക്കി ഇരുന്നു ആ ചിത്രത്തില്‍….

പിറ്റേദിവസം ഓണം ആയതിനാല്‍ അച്ഛനും അമ്മയും ഉച്ചക്കുള്ള ഊണുമായി വരാമെന്ന് പറഞ്ഞു പോയി…

കുറെ നേരം ആ പിശാചിനെ നോക്കിയെങ്കിലും ഒടുവില്‍ എത്തിയത് ഒരു വേറെ നേഴ്സ്..

എന്തേ ദേവിക നേഴ്സ് ലീവില്‍ ആണോ…

ആഹ് അതേ അവള്‍ക്കു ഇന്ന് ഓഫ് ഡെയ് ആണ്..

ഒഹ്ഹ് ആ പിശാച് വന്നില്ലെങ്കില്‍ എന്താ എന്നു മനസ്സില്‍ ചിന്തിക്കുമ്പോളും, എന്തൊക്കെയോ പ്രത്യേകതകള്‍ അവളിലേക്ക് ആകര്‍ഷിക്കുന്നു…

എന്തേ ദേവികയോട് എന്തെങ്കിലും പറയാനുണ്ടോ? താര നേഴ്സിന്റെ ചോദ്യം കേട്ടു കൂര്‍പ്പിച്ചോരു നോട്ടം ആയിരുന്നു മറുപടി.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയും ഓണ സദ്യയുമായി എത്തി. വാഴയിലയില്‍ അവര്‍ സദ്യ വിളംപുംപോലും എന്തോ അവളെ പറ്റി ഓര്‍ത്ത് പോയി…

അതെന്താ അമ്മേ 4 ഇല, നമ്മള്‍ 3 പേര്‍ അല്ലേ?…

അല്ല മോനേ ഒരാളും കൂട് വരുന്നുണ്ട്..

ഇതാര് എന്നു ഓര്ത്തിരിക്കുമ്പോള്‍ റൂം തുറന്നു ഞാന്‍ ഇത് വരെ കാണാന്‍ കൊതിച്ചവള്‍ ഒരിളം തെന്നല്‍ പോലെ കയറി വരുന്നു…..

സെറ്റും മുണ്ടും ഒക്കെ ഉടുത്തു നല്ല സുന്ദരിയായിട്ടാണ് വരവ്…

മോനേ മോന് ഇഷ്ടപ്പെടുമോ എന്നറിയാഞ്ഞ കൊണ്ടാണ് നേരത്തെ പറയാതിരുന്നത്. പിന്നെ ദേവികയായിരുന്നു ഇവിടെ ആശുപത്രിയിലാണെങ്കിലും ഓണം മാറ്റി വെക്കാതെ അതിന്റെതായ രീതിയില്‍ കൂടണമെന്ന് ഞങ്ങളെ നിര്‍ബന്ധിച്ചത്, അപ്പോള്‍ പിന്നെ അവളെ കൂടി വിളിക്കണം എന്നു തോന്നി….

ഒന്നും മറുപടി ഞാന്‍ പറഞ്ഞില്ല എങ്കിലും, അച്ചന്‍റേം അമ്മേടെമ് ഒപ്പം ഇരുന്നു ഇങ്ങനെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചിട്ടു കുറെ നാള്‍ ആയല്ലോ എന്നു ഓര്‍ത്ത് പോയി…

കൈ കഴുകാനായി വാഷ് റൂമില്‍ പോകാനായി എഴുന്നേറ്റപ്പോള്‍ അവള്‍ തന്നെ സഹായിക്കാന്‍ മുന്നോട്ട് വന്നു….അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ സന്തോഷത്താല്‍ നന്ദി പറയാം എന്നു തോന്നി..

പക്ഷേ അവിടെയും അവളുടെ കവിളും തുടച്ചോണ്ടുള്ള കളിയാക്കല്‍ കണ്ടപ്പോള്‍ കാലില്‍ നിന്നും പെരുപ്പ് കേറി..

നിന്നെ ഞാന്‍ എടുത്തോളാമേടീ…. എന്റെ ആരോഗ്യം ഒന്നു ശരി ആവട്ടെ.. നീ എവിടെ ആണെങ്കിലും വന്നു തന്നോളാം നിനക്കുള്ളത്..

ഒഹ്ഹ് ശരി മാഷെ, കിടന്നു കീറാതെ അച്ഛനും അമ്മയും കേള്‍ക്കും.

ദേവിക അവനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ പരിപാലിക്കുന്നത് കണ്ടു, അച്ചന്‍റേം അമ്മേടേം മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു..

അതേ മോളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞു..

അമ്മ സന്തോഷത്തോടെ പറയുന്ന കേട്ടപ്പോള്‍ അവളുടെ മുഖത്തൊരു സങ്കടം വരുന്ന പോലെ ഇന്ദ്രന്‍ കണ്ടു…

ഇന്ദ്രനെ നോക്കിയപ്പോള്‍ സന്തോഷത്തോടെയുള്ള അവന്റെ മുഖം കണ്ടപ്പോള്‍ പെട്ടെന്നു തന്നെ അവള്‍ വെറുപ്പിച്ചു മുഖം തിരിച്ചു…

അവള്‍ക്ക് എത്രേയും പെട്ടെന്നു ആ റൂം വിട്ടു പോകാന്‍ തോന്നി.. ഇന്ദ്രനെയൊന്ന് ദേവിക നോക്കിയപ്പോള്‍ പുള്ളി ഇവിടെ ഒന്നും അല്ലാ എന്നുള്ള രീതിയില്‍ തന്നെ അവഗണിക്കുന്നതു പോലെ തോന്നി അവള്‍ക്ക്. അവള്‍ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു പോയി.. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.. ഇവള്‍ എങ്ങനെയാ ഇത്ര ഇവരോടെ അടുത്തതൊന്നും തനിക്ക് അറിയില്ലല്ലോ എന്നു ഇന്ദ്രന്‍ ചിന്തിച്ചു.

നല്ല സ്നേഹം ഉള്ള കുട്ടിയാ മോനേ അവള്‍, ജോലി തീര്‍ന്ന് ഹോസ്ടെലീല്‍ പോകേണ്ട സമയം ആയാലും അവള്‍ എന്റെ ഒപ്പം നടക്കാന്‍ വരുമായിരുന്നു വൈകുന്നേരങ്ങളില്‍. അങ്ങനെ അവളുമായ് നല്ല കൂട്ടായി. അനാഥയായി വളര്‍ന്ന അവള്‍ക്ക് ബന്ധങ്ങള്‍ കാണുമ്പോള്‍ എന്നും ഒരു കൊതി ആണ് എന്നൊക്കെ പറയുന്നതു കേട്ടപ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട് പലപ്പോഴും…

അമ്മയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ അമ്മക്ക് അവളെ വിട്ടു പിരിയുന്നതില്‍ നല്ല സങ്കടം ഉണ്ട് എന്നു തോന്നി.

എന്നാല്‍ തന്റെ മനസ്സ് അവളെ വീണ്ടും കാണാനായി തുടിക്കുന്നത് അവന്‍ തിരിച്ചറിഞ്ഞു….

തിരിച്ചു ഹോസ്റ്റല്‍ റൂമിലേക്ക് പോകുമ്പോളും എന്തു കൊണ്ട് ഇന്ദ്രന്‍ എന്നോടു ഒരു യാത്ര പറഞ്ഞില്ല എന്നു ദേവിക ഓര്‍ത്തു. അറിയാതെ ആശിച്ചത് മണ്ടത്തരം എന്നോര്‍ത്തു അവള്‍ തന്റെ മുറിയിലേക്ക് പൊയി ..കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആരൊക്കെയോ ഉണ്ട് എന്നു തോന്നിയ നിമിഷങ്ങള്‍.. എല്ലാ നിമിഷങ്ങള്‍ക്കം മായുന്ന പോലെ… ഒരിയ്ക്കലും രോഗികളോടൊ കുടുംബത്തോടോ അടുക്കാറില്ല താന്‍.. പക്ഷേ ഇത് മാത്രം എന്തോ ഒന്നു എന്നെ ഇന്ദ്രനിലേക്ക് ആകര്‍ഷിക്കുന്നു…അത് പക്ഷേ അവനോടുള്ള പ്രണയമാണോ അതോ അവന്റെ അമ്മയില്‍ നിന്നും ഒരു അമ്മയുടെ സ്നേഹം അടുത്തറിയുന്ന കൊണ്ടാണോ…ഇനീം നാളെ മുതല്‍ അവരെ കാണാന്‍ കഴിയില്ലല്ലോ എന്നു ആലോചിച്ചപ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടുന്നു…

മനസ്സിന് ആകെ ഒരു ഭാരം തോന്നി, കരഞ്ഞു കരഞ്ഞു തളര്‍ന്ന് അവള്‍ ഉറങ്ങി…

വാതിലില്‍ തുടരെ തുടരെയുള്ള മുട്ടല്‍ കേട്ടിട്ടാണ് കണ്ണു തുറന്നത്..

വാര്‍ഡെന്‍ വിളിക്കുന്നു റൂമിലേക്ക്..അടുത്ത റൂമിലെ കുട്ടി വന്നു പറഞ്ഞു…

നാശം റെന്‍റ് അടക്കാന്‍ മറന്നു എന്നു പറഞ്ഞു അതേ പോലെ എണീറ്റ് വാര്‍ഡന്‍റെ റൂമിലേക്ക് പോയി…

ഈ തള്ളക്കു ഈ സമയത്ത് തന്നെ ചൊറിയണം എന്നോര്‍ത്തു വാര്‍ഡന്‍റെ മുറിയിലേക്ക് തള്ളി കയറി ചെന്നു.

അതേ ഞാന്‍ ഇവിടെ നിന്നും ഒളിച്ചോടി ഒന്നും പോവില്ല. തരാന്‍ ഉള്ള റെന്‍റ് തന്നിട്ടെ പോവൂ, ഇനിയും ദിവസങ്ങള്‍ ഉണ്ടല്ലോ റെന്‍റ് അടക്കാന്‍ ഉള്ള കാലാവധി..,മര്യാദക്ക് ഒന്നു സ്വസ്ഥമായ് ഇരിക്കാനും സമ്മതിക്കില്ലേ..

ആര്‍ യു ഓക്കെ ദേവിക?.

എന്തൊന്നു ഓക്കെ.. എല്ലാം കണക്കാ.. ഡിസ്ചാര്‍ജ് ചെയ്യുമ്പോളും എന്തൊരു സന്തോഷമാരുന്നു..

ഇതെല്ലാം കേട്ടു വാര്‍ഡന്‍റെ നട്ടും ബോള്‍ട്ടും ഇളകി പോയെന്ന് തോന്നുന്നു.

ദേവിക എന്തുവാ നീ ഈ ഉറക്കപ്പിച്ചു പറയുന്നെ…നീ ഇതെന്തു കോലത്തിലാ?…

അപ്പോള്‍ ആണ് തന്റെ കോലം എന്താണ് എന്തൊക്കെയാണ് വിളിച്ച് പറയുന്നെ എന്നു അവള്‍ ആലോചിച്ചത്….

എല്ലാം കൂടി ആകെ ഭ്രാന്ത് പിടിച്ച് ഇരിക്കുമ്പോള്‍ , പെട്ടെന്നു അവിടെയുള്ള വെയിറ്റിങ് റൂമില്‍ നിന്നും ഒരു മറുപടി..

എടീ പിശാചേ അത് നിന്നെ എന്റെ കയ്യില്‍ കിട്ടാനുള്ള സന്തോഷമായി രുന്നു.

ഇതെനിക്ക് തോന്നലാണോ എന്നു ആലോചിച്ചു കിളി പോയിരിക്കുംപോഴാണ്.. വാര്‍ഡെന്‍റെ വെയിറ്റിങ് റൂമില്‍ നിന്നും എല്ലാം കേട്ടു കൊണ്ട് ഇന്ദ്രനും അച്ഛനും അമ്മയും ഇറങ്ങി വരുന്നത്…

ആ അമ്മ എന്റെ അടുത്തേക്ക് വന്നു. കരഞ്ഞു തളര്‍ന്ന എന്റെ കവിളില്‍ തലോടി..

മോളെ കണ്ടപ്പോള്‍ മുതല്‍ എനിക്കില്ലാതെ പോയ എന്റെ മോളെ പോലെയാ തോന്നിയേ.. പിന്നെ അവനും അങ്ങനെ ഒരിഷ്ടം പറഞ്ഞപ്പോള്‍. എന്തു കൊണ്ടും ഇന്നീ ഓണം ദിനത്തില്‍ തന്നെ അവന്റെ പെണ്ണായി മോളെ വീട്ടിലേക്ക് ക്ഷണിക്കണം എന്നു തോന്നി…

മോള്‍ക്ക് അവനെ ഇഷ്ടമാണോ എന്നറിയില്ലാ……എന്നാലും കൂട്ടുകാരിയുടെ കയ്യില്‍ നിന്നും അഡ്രെസ്സ് വാങ്ങി ഇവിടെ കേറിയത് വെറുതെ ആവില്ല എന്നു കരുതുന്നു..

അതും പറഞ്ഞു അച്ഛനും അമ്മയും വാര്‍ഡനോടൊപ്പം പുറത്തേക്ക് ഇറങ്ങി..

സ്വപ്നമാണോ നടക്കുന്നത് എന്നറിയാതെ അവള്‍ നെടുവീര്‍പ്പിട്ടു…

തിരിഞു നോക്കിയപ്പോള്‍ കണ്ടു ഇന്ദ്രന്‍ ഒരു കള്ള ചിരിയായി വാതില്‍ക്കല്‍ നില്‍ക്കുന്നത്.

പോരുന്നോ എന്റെ ഒപ്പം പിശാചേ?? എന്നു ചോദിച്ചപ്പോള്‍., അവന്റെ കണ്ണുകളില്‍ ഒരായിരിയം നക്ഷത്രതിളക്കം ഉണ്ടായിരുന്നു

അതേ, നീ എന്റെ കവിളില്‍ തന്നതിനുള്ള ശിക്ഷയാണ് എന്നു കരുതിയാല്‍ മതി എന്റെ ഒപ്പമുള്ള ജീവിതം…. അത് പറയുമ്പോള്‍ ഇന്ദ്രന്റെ വാക്കുകളിലും കണ്ണുകളിലും പ്രണയം നിറഞ്ഞിരുന്നു….

പരിസരം പോലും മറന്നു ഞാന്‍ ഓടി പോയി ഇന്ദ്രനെ കെട്ടിപ്പിടിക്കുമ്പോള്‍ ഇന്ന് മുതല്‍ ഞാന്‍ അനാഥയല്ലല്ലോ എന്നുള്ള സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞു…..

രചന: വേദാവതി

Leave a Reply

Your email address will not be published. Required fields are marked *