ഇന്ന് ആണ് ആ ദിവസം. പണ്ടൊരിക്കൽ ഞാൻ ഒരുപാട് സ്വപ്നം കണ്ട ദിവസം….

രചന: കണ്ണകി കണ്ണകി

പുനർവിവാഹം…

മുന്നിൽ അലയടിക്കുന്ന ഈ തിരമാലകൾക്കുപോലും ഇന്നെന്റെ ഉള്ളിലെ അഗ്നിയെ ശമിപ്പിക്കാൻ കഴിയില്ല. ജീവിതത്തിലെ ഏറ്റവും സുപ്രധാന തീരുമാനം ഇന്ന് ഞാൻ എടുക്കണം. പക്ഷെ എങ്ങനെ. ഒരു ഭാഗത്തു പ്രാണനായവൻ മറുഭാഗത്തു ആ പ്രാണന്റെ പ്രാണൻ ആയ എന്റെ മകൾ.. ആരെ തിരഞ്ഞെടുക്കും. ഉള്ളിൽ എരിയുന്ന അഗ്നിയെ എങ്ങനെ ശമിപ്പിക്കും.. അറിയില്ല

40 വയസുകാരിക്ക് താങ്ങാൻ ആകുന്നില്ലാല്ലോ മഹാദേവാ . ആരെ തള്ളും ആരെ കൊള്ളും ഒന്നുമറിയില്ല. അമൃത ശങ്കർ എന്ന ഞാൻ തോറ്റു പോകുകയാണോ?.. ചിഞ്ചു… എന്റെയും ശങ്കുവേട്ടന്റെയും പ്രാണൻ. ശങ്കുവേട്ടൻ ഞങ്ങളെ വിട്ടുപോയപ്പോൾ പോലും എനിക്ക് ജീവിക്കാൻ കരുത്തേകിയവൾ. അവൾ എന്ന് തൊട്ടാണ് ഇത്ര വളർന്നത്? അവൾ ഇന്ന് ആവശ്യപ്പെടുന്നത് പണ്ടെങ്ങോ എന്റെ ഹൃദയത്തിന്റെ കോണിൽ താഴിട്ട് പൂട്ടിയ സ്വപ്നത്തെയാണ്. വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിക്കുക ആണവൾ. പക്ഷെ എങ്ങിനെ? കഴിയുമോ എനിക്ക് അതിനു….

ഒരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോകുകയായിരുന്നു ഞങ്ങളുടെ ജീവിതം ശങ്കുവേട്ടന്റെ മരണത്തിൽ നിന്ന് പോലും എന്നെ കരകയറ്റിയത് ചിഞ്ചുവിന്റെ കളി ചിരികൾ ആയിരുന്നു. അവൾക്കു ഞാനും എനിക്ക് അവളും അങ്ങനെ ആയിരുന്നു ഞങ്ങളുടെ ജീവിതം. പിന്നീട് എപ്പോഴാണ് മൂന്നാമതൊരാൾ ഞങ്ങളുടെ ജീവിതത്തിൽ വേണം എന്നവൾക്ക് തോന്നിയത്?. ഈ 15 വർഷത്തിനിടയിൽ ഒരിക്കൽ പോലും അവൾ എന്നോട് ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ഇന്ന്….

പണ്ടെങ്ങോ ഒളുപ്പിച്ചു വെച്ച എന്റെ സ്വപ്നത്തെ അവൾ കണ്ടെത്തിയിരിക്കുന്നു.. എന്റെ ഡയറിയുടെ താളുകളിലൂടെ….

ആ താളുകളിൽ ഒരിക്കലും അമൃതയെ കാണാൻ സാധിക്കില്ല. ആ താളുകളിൽ നിറഞ്ഞു നിന്നത് അമ്മുട്ടി ആയിരുന്നു..ഹരീയേട്ടന്റെ അമ്മുട്ടി.. അവളും ഹരിയുമൊത്തുള്ള ജീവിത സ്വപ്‌നങ്ങൾ ആയിരുന്നു ആ താളു കൾക്ക് നിറം പകർന്നിരുന്നത്. അവർ കൈകോർത്തു നടന്ന പാതകളും പാടവരമ്പുകളും, ഒരിക്കലും പിരിയാതെ ഇരിക്കാനായി കെട്ടിയ പട്ടും ഒക്കെ നിറഞ്ഞു നില്ക്കുന്നു അതിൽ. ആത്മപ്രണയത്തിന്റെ ആത്മനിർവൃതി ആയിരുന്നു ആ താളുകൾ നിറയെ. തന്റെ പ്രിയനേ കുറിച്ചുള്ള സ്വപ്‌നങ്ങൾ നിറഞ്ഞു നിന്നിരുന്നു. എല്ലാം എത്ര പെട്ടന്നാണ് അവസാനിച്ചത്.

അവസാനം സ്വന്തം വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ശങ്കുവേട്ടന്റെ താലി സ്വീകരിക്കേണ്ടതായി വന്നു. താലി കഴുത്തിൽ വീഴുന്നതിനു ഒരു നിമിഷം മുൻപ് വരെ ഹരിയേട്ടന്റെ അമ്മുട്ടിയുടെ കണ്ണിൽ പ്രതീക്ഷയുടെ ഒരു കുഞ്ഞു തെളിച്ചം ഉണ്ടായിരുന്നു. ആ താലി കഴുത്തിൽ വീണ നിമിഷം അവൾക്കുള്ളിലെ അമ്മുട്ടിക്ക് അവൾ തന്നെ ചിത ഒരുക്കിയിരുന്നു. പിന്നെ അങ്ങട് അമൃത ആകുകയായിരുന്നു അവൾ. ആദ്യരാത്രി തന്റെ പുരുഷന്റെ കാലിൽ വീണു തന്റെ കഴിഞ്ഞ കാലത്തകുറിച്ചവൾ പറഞ്ഞപ്പോൾ വെറുപ്പോടെ മുഖം തിരിക്കുമെന്ന് കരുതിയവൻ ചേർത്തുപിടിക്കുകയാണ് ചെയ്തത്. പിന്നീട് ഒരിക്കൽ പോലും കഴിഞ്ഞകാലത്തെ ഓര്മിപ്പിക്കും വിധം ഒരു വാക്കോ പ്രവർത്തിയോ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല. പ്രണയിക്കുകയായിരുന്നു അദ്ദേഹം എന്നെ. നിസ്വാർത്ഥമായ പ്രണയം. ഒരിക്കലും ഭർത്താവിന്റെ അധികാരത്തോടെ എന്റെ ശരീരത്തെ സ്പർശിക്കാൻ മുതിർന്നില്ല. ആ മനുഷ്യനോട് ആദ്യം തോന്നിയ ബഹുമാനം പിന്നീട് എപ്പോഴാണ് പ്രണയം ആയത്? എനിക്കും അറിയില്ല. അദ്ദേഹത്തിന്റെ പ്രണയത്തിൽ ഞാൻ എന്റെ പൂർവകാലത്തെ എന്റെ ഹൃദയത്തിന്റെ ഒരു മൂലയിൽ ബന്ധിയാക്കി.. ഇനി ഒരിക്കലും പുറത്തു വരാത്ത വിധം…

ഇത്രേ ഒക്കെ ആയെങ്കിലും എന്ത് കൊണ്ടോ ആ ഡയറി നശിപ്പിക്കാൻ മാത്രം എന്റെ കൈ പൊങ്ങിയില്ല? എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ എനിക്കും കഴിയില്ല. അദ്ദേഹത്തോട് ചോദിച്ചപ്പോൾ സൂക്ഷിച്ചു വെച്ചു കൊള്ളാൻ പറഞ്ഞു.എന്തിന് എന്ന എന്റെ ചോദ്യത്തിന് മൗനം കൊണ്ട് ഉത്തരം നൽകി ശങ്കുവേട്ടൻ. ഒരിക്കൽ ഞങ്ങളുടെ മാത്രമായ നിമിഷത്തിൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു : ഒരിക്കൽ പോലും ദേഷ്യം തോന്നിയിട്ടില്ലേ എന്നോട്.. അതിനുള്ള ഉത്തരം ഇങ്ങനെ ആയിരുന്നു ” എന്തിനാണ് പെണ്ണെ എനിക്ക് നിന്നോട് ദേഷ്യം. നിന്നിൽ ഒരു പ്രണയം ഉണ്ടായിരുന്നിരിക്കാം എനിക്ക് മുന്നേ പക്ഷെ ഞാൻ നിന്റെ ജീവിതത്തിൽ വന്ന അന്ന് തൊട്ട് നീ എന്നെ നിന്റെ പ്രണയമായി ഉൾകൊള്ളാൻ ശ്രെമിക്കുകയായിരുന്നു. ആ നിന്നോട് എനിക്ക് തോന്നുന്നത് സ്നേഹം ആണ്.. മനസ് നിറഞ്ഞു ഞാൻ നിന്നെ സ്നേഹിക്കുന്നു പെണ്ണേ ” ആ നിമിഷം അദ്ദേഹം എന്റെ പ്രാണൻ ആവുകയായിരുന്നു ഒപ്പം എന്റെ പ്രണയവും…

ശങ്കുവേട്ടന്റെ അവസാന നിമിഷം വരെ എന്നെ തോളോട് തോൾ ചേർത്ത് നിർത്തിയിരുന്നു. പഴയ നാട്ടിൻപുറത്തുകാരിയിൽ നിന്ന് ഇന്നത്തെ പെണ്ണിലേക്കുള്ള എന്റെ മാറ്റം അതും ശംങ്കുവേട്ടന്റെ നിർബന്ധം ആയിരുന്നു. എത്രയൊക്കെ ശക്ത ആണെങ്കിലും ഇന്ന് ഞാൻ അശക്ത ആകുന്നപോലെ. ചിഞ്ചു എന്നോട് ഉന്നയിച്ച ആവശ്യം എങ്ങനെ ഞാൻ…? വർഷങ്ങൾക്ക് മുന്പേ ഞാൻ ബന്ധിയാക്കിയ കാര്യങ്ങൾ ആണ് ഇന്നവൾ പുറത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടിരിക്കുന്നത് . ഇന്ന് അവൾ ആവശ്യപ്പെട്ടത് ഒരു അച്ഛന്റെ സ്നേഹം ആണ്. അത് അവളുടെ അധികാരം ആണ്. എങ്ങനെ ഞാൻ അത് സാധ്യമാകും എന്ന് അവളോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞ ഉത്തരം എന്നെ തകർക്കും വിധം ഉള്ളതായിരുന്നു. ഹരിയേട്ടൻ.. അതായിരുന്നു അവൾ പറഞ്ഞ, കണ്ടെത്തിയ ഉത്തരം. അതെ അവൾ ഇന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഞാനും ഹരീയേട്ടനുമായുള്ള ജീവിതം ആണ്. പക്ഷെ എങ്ങനെ?

ഒരിക്കൽ ഞാൻ മൂലം തകർന്നതാണ് ആ ജീവിതം..ഇനിയും… വേണ്ട.. ഹരീയേട്ടന്റെ അമ്മുട്ടി ആയി മാറാൻ ഇനി എനിക്ക് സാധിക്കില്ല.. പക്ഷെ ചിഞ്ചു അവളുടെ വാശിക്കു മുന്നിൽ മാത്രമേ അമൃത തോറ്റിട്ടുള്ളു. എന്ത് ചെയ്യും? . ചിഞ്ചു ഇന്നാവശ്യപ്പെടുന്നത് അവളുടെ അമ്മയുടെ “പുനർവിഹാഹം” ആണ്. അങ്ങനെ ഒരു വിവാഹം ഞാൻ എന്റെ ശങ്കുവേട്ടനോട്‌ ചെയ്യുന്ന ചതിയല്ലേ? ചോദ്യങ്ങൾ അനേകം ആണെന്റെ മനസ്സിൽ… ഉത്തരമായി ഒന്നും തന്നെയില്ല താനും .. ഇത്രയും നേരം ഇരുന്നിട്ടും ഈ കടൽതീരത്തെ ജലപ്രാവാഹത്തിന് പോലും എന്റെ ഉള്ളിലെ അഗ്നിയെ തണുപ്പിക്കാൻ ആകുന്നില്ലലോ മഹാദേവ…

തോളിൽ ഒരു കരസ്പർശമേറ്റപ്പോൾ തല ഉയർത്തി നോക്കി. ഹരിയേട്ടൻ. അധികം നേരം ആ മുഖത്തേക്ക് നോക്കാനുള്ള ശക്തി ഉണ്ടായില്ല. മുഖം കുനിച്ചു. അടുത്തു വന്നിരുന്നുകൊണ്ട് പറന്നു തുടങ്ങി.. നീ മുഖം കുനിക്കേണ്ട ആവശ്യമില്ല അമ്മു. ഏതൊരു പുത്രിയും ചെയ്യുന്നതേ നീയും ചെയ്തുള്ളു. മാതാപിതാക്കളോടുള്ള നിന്റെ കടമ ആണത്. അത് ചെയ്തത്കൊണ്ട് നീ എനിക്ക് വെറുക്കപെട്ടവൾ ആകില്ല. തല ഉയർത്തി നോക്കി. ചുണ്ടിൽ ഒരു നറുപുഞ്ചിരിയോടെ ഇരിക്കുന്ന ഹരീയേട്ടനെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ ആ പഴയ അമ്മുട്ടി ആയി മാറി. പിന്നേം മനസിനെ പറഞ്ഞു പഠിപ്പിച്ചു . പാടില്ല.. തെറ്റാണത്…

ഹരിയേട്ടൻ തുടർന്നു… ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചിതല്ല ഞാൻ. ഒരിക്കൽ യാദൃശ്ചികമായിട്ടാണ് ചിഞ്ചുവിനെ കണ്ടത്. കണ്ടമാത്രയിൽ ഉള്ളിൽ തോന്നിയത് വാത്സല്യം ആണ്. അത് എന്ത് കൊണ്ടാണെന്നു ചോദിച്ചാൽ അതിനൊരു ഉത്തരം നൽകാൻ എനിക്ക് കഴിയില്ല. പിന്നെയും ഇടക്ക് അവളെ കാണും.

ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്നവൾ പതിയെ ഒരു നറുപുഞ്ചിരി എനിക്ക് സമ്മാനിച്ചു തുടങ്ങി. അമ്മു നുണ പറയുകയല്ല ഞാൻ ആ പുഞ്ചിരി ഏറ്റുവാങ്ങിയത് ഇണയെ ഹൃദയത്തിലേക്കാണ്. പിന്നീടൊരിക്കൽ അവൾ വന്നെന്നോട് സംസാരിച്ചു. പേരെന്താണെന്നും വീട്ടിലാരൊക്കെ ഉണ്ടെന്നും അങ്ങനെ എന്തൊക്കെയോ അവസാനം തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കൈയിൽ പിടിച്ചവൾ പറഞ്ഞു, എന്റെ അമ്മയോട് ദേഷ്യമൊന്നും തോന്നല്ലെട്ടോ എന്ന്. മനസിലാകാത്തവണ്ണമുള്ള എന്റെ നോട്ടം കണ്ടിട്ടാകണം അവൾ പറഞ്ഞു തുടങ്ങുകയായിടുന്നു. ശങ്കുവിന്റെ അമൃതയെ പറ്റി. ശങ്കുവിന്റെ അമൃത എന്ന് പറഞ്ഞപ്പോൾ ആ സ്വരം ഒന്നിടറിയോ… അറിയില്ല..

അവൾ പറഞ്ഞു തീർന്നപ്പോഴേക്കും ഇരുകണ്ണുകളിലും ഒരു നീർതിളക്കം ഉണ്ടായിരുന്നു. പിന്നീട് അവൾ ചോദിച്ച ചോദ്യം എനിക്ക് ഞെട്ടൽ ഉളവാക്കുന്നതായിരുന്നു, അവൾ എന്നോട് ചോദിച്ചു ഒറ്റക്കായി പോയ എന്റെ അമ്മക്ക് ഒരു കൂട്ടാകാൻ വരുമോ എന്ന്. അച്ഛന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമില്ലാത്ത അവൾക്ക് ഒരു അച്ഛനാകാൻ വരുമോ എന്ന്.പ്രായത്തിന്റെ ചാപല്യമായി ആ വാക്കുകളെ കാണാൻ എനിക്ക് സാധിച്ചില്ല അമ്മു കാരണം അവളുടെ സ്വരം അത്ര ദൃഢമായിരുന്നു. ആ നിമിഷം പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല എനിക്ക് . ഒരു വേള ഞാനും അതാഗ്രഹിച്ചുപോയി എന്നതാണ് സത്യം.

അമ്മു ഒരിക്കലും നിന്നെ ഞാൻ നിർബന്ധിക്കില്ല. നിനക്ക് വേണ്ടി അല്ലെങ്കിൽ നമ്മുടെ മോൾക്ക്‌ വേണ്ടി അനുവദിച്ചൂടെ നിനക്ക് എന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ …. ചിഞ്ചുമോൾക്ക് ഒരു അച്ഛന്റെ സ്നേഹം ലഭിക്കാനായെങ്കിലും സമ്മതിച്ചൂടെ.. അതോ ഇനിയും ഞാൻ കാത്തിരിക്കണം എന്നാണോ? അതിനും സന്തോഷമേയുള്ളൂ ഇത്രയും പറഞ്ഞു അവിടുന്നെഴുന്നേറ്റു നടന്നു.

ചോദ്യോത്തരങ്ങളുടെ ഒരു വടംവലി നടക്കുകയായിരുന്നു എന്റെ മനസ്സിൽ. സന്ധ്യ ആയിട്ടും ഒരു തീരുമാനത്തിൽ എത്താൻ എനിക്ക് സാധിച്ചില്ല. എങ്കിലും അവിടുന്നിറങ്ങി. വീട്ടിൽ ചെല്ലുമ്പോൾ കാത്തിരിക്കുന്നുണ്ട് ചിഞ്ചുമോൾ. അവളോട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറി കട്ടിലിൽ ചെന്നു കിടന്നു. ഇന്നത്തെ ദിവസം അത്രയേറെ എന്നെ തളർത്തിയിരുന്നു. കുറച്ചു കഴിഞ്ഞു അടുത്തവൾ വന്നു കിടന്നുകൊണ്ട് പറഞ്ഞു, കൊതിച്ചുപോയി അമ്മേ ഒരച്ഛന്റെ സ്നേഹം ഇതുവരെ അനുഭവിക്കാതിരുന്ന സ്നേഹം ഹരിയച്ചനിൽ നിന്ന് കിട്ടിയപ്പോ മോൾ ആഗ്രഹിച്ചു പോയി . എന്നാലും അമ്മയേക്കാളും വലുതല്ല മോൾക്ക് ഒന്നും. വേണ്ട അമ്മേ അമ്മക്ക് സങ്കടം ആകുന്നതൊന്നും മോൾക്ക് വേണ്ടത്.പെട്ടന്ന് തിരിന്നു കിടന്നവളെ മാറോട് ചേർത്തപ്പോൾ മനസിൽ ഉറച്ച ഒരു തീരുമാനം എടുത്തിരുന്നു. 💓💓💓💓💓💓 ഇന്ന് ആണ് ആ ദിവസം. പണ്ടൊരിക്കൽ ഞാൻ ഒരുപാട് സ്വപ്നം കണ്ട ദിവസം. ആളോ ആരവമോ ഒന്നുമില്ലാതെ ഹരിയേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി. അമ്മയുടെ വിവാഹത്തിൽ അമ്മയേക്കാൾ സന്തോഷവതി ആയി എന്റെ അല്ല ഞങ്ങളുടെ ചിഞ്ചുമോൾ. അല്ലെങ്കിലും അവൾക്ക് വേണ്ടി ആണല്ലോ . ഒരിക്കലും ലഭിക്കില്ല എന്ന് കരുതിയ സ്നേഹം ലഭിക്കും എന്നുറപ്പുള്ളത് കൊണ്ടാണെന്നു തോന്നുന്നു അവളുടെ ആഹ്ലാദത്തിന് അതിർവരമ്പുകൾ നിർണയിക്കുക പ്രയാസം. ഹരിയേട്ടന്റെ കൈയിൽ തൂങ്ങി നടപ്പാണവൾ.. ഹരി ഏട്ടൻ ആണെങ്കിലോ മറ്റൊരാൾക്കും കൊടുക്കില്ല എന്ന രീതിയിൽ അവളെ പൊതിഞ്ഞു പിടിച്ചിട്ടും ഉണ്ട്. അവർ അവരുടേതായ ലോകത്താണ്. വീട്ടിലെത്തിയപ്പോഴേക്കും അവൾ ഹരിയേട്ടന്റെ കൈയും വലിച്ചു അവളുടെ റൂമിലേക്ക് കൊണ്ട് പോയി. അവളുടെ കൂട്ടുകാരികളെയും പുസ്തകങ്ങളെയും എല്ലാം ഹരി ഏട്ടന് പരിചയപ്പെടുത്തി കൊടുക്കുകയാണ് അവൾ. അവൾക്കു മാത്രമായി കിട്ടിയ സ്വത്ത്‌ പോലെ ആണവൾക്ക് ഹരിയേട്ടൻ. ഹരിയേട്ടനും ഉത്സാഹത്തോടെ അവളെ കേട്ടിരിക്കുന്നുണ്ട്. ഒട്ടും മടുപ്പില്ലാതെ.. ഇപ്പൊ അവരെ കണ്ടാൽ ഹരിയേട്ടൻ അവളുടെ അച്ഛൻ അല്ല എന്നാരും പറയില്ല . ഇന്നൊരു ഒറ്റ ദിവസം കൊണ്ട് തന്നെ എനിക്ക് മനസിലായി എന്റെ ചിഞ്ചുന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന്. അവൾക്ക് ഒരു അച്ഛന്റെ സ്നേഹം അത് ഹരിയേട്ടനിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളു. ഇന്ന് ഈ നിമിഷം ഒരുവേള ആ പഴയ അമ്മുട്ടി ആയി മാറിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു . ഇപ്പോഴും എനിക്ക് അറിയില്ല ശംങ്കുവേട്ടനോട് ഞാൻ ചെയ്തത് ശരിയോ തെറ്റോ എന്ന്. പക്ഷെ എന്റെ മോൾക് വേണ്ടി ഞാൻ എടുത്ത ഈ തീരുമാനം ശംങ്കുവേട്ടന് മനസിലാകും അല്ലെങ്കിൽ ഒരുപക്ഷെ ശംങ്കുവേട്ടനും ഇതാഗ്രഹിച്ചിരുന്നിരിക്കാം.. അവൾ അദ്ദേഹത്തിന്റെ പ്രാണൻ ആയിരുന്നല്ലോ .എങ്കിലും മനസാൽ അദ്ദേഹത്തോടെ മാപ്പ് ചോദിച്ചുകൊണ്ട് ഇന്ന് തുടങ്ങുകയാണ് ഞാൻ പഴയ അമ്മുട്ടിയിലേക്കുള്ള യാത്ര, അതെ ഹരിയേട്ടന്റെ അമ്മുട്ടിലേക്കുള്ള യാത്ര.. …. ഒപ്പം കൂട്ടായി ഹരിയേട്ടനും ഞങ്ങളുടെ മകളും.. 💞കണ്ണകി 💞

രചന: കണ്ണകി കണ്ണകി

Leave a Reply

Your email address will not be published. Required fields are marked *