ഉപ്പും മുളകും

രചന : – ബിജൊ.

“ഹൊ… എന്തൊരു എരിവാ….!!! ”

കപ്പളയ്ങ്ങാക്കറി ചോറിലൊഴിച്ച് കൂട്ടിക്കുഴച്ച് വായിലേയ്ക്ക് ആർത്തിയോടെ വിജയൻ തള്ളിവെച്ച മാത്രയിൽ നാവിന്റെ രസമുകുളങ്ങളിൽ തീപോലെ എരിവ് പടർന്നു കയറി..

എങ്കിൽ നാരങ്ങാ അച്ചാറ് തൊട്ട്കൂട്ടി ചോറുണ്ണാമെന്ന് വെച്ചാൽ…ഉപ്പും…!!! എന്നും അവള് നാരങ്ങഅച്ചാറ് ചോറിൽ വെയ്ക്കുന്നതാ ഇന്നതിന് ഭയങ്കര ഉപ്പ്…!!!

അവളെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ….. അരിശത്തോടെ വിജയൻ പല്ലിറുമ്മി. കുറച്ചു നിമിഷങ്ങൾ ചോറ് കുത്തിക്കുഴച്ചിരുന്നു വിശപ്പിന്റെ ആധിക്യത്തിൽ എരിവും ഉപ്പും അയാളങ്ങ് സഹിച്ചു.

കൈ കഴുകുമ്പോൾ ആശാരികുമാരേട്ടൻ ചോദിച്ചു.

“ന്താ…വിജയാ കരഞ്ഞോ…?”

“കരഞ്ഞൊന്നുമില്ല ചേട്ടാ കറിയ്ക്ക് ഇത്തിരി എരി കൂടിപ്പോയി… അതാ.”

“അല്ലേലും അവറ്റകൾക്ക് വാരിവലിച്ചങ്ങോട്ട് ഇട്ടാ മതിയല്ലോ… ഉപ്പായാലും മുളകായാലും…”

വൈകിട്ട് വീട്ടിൽ എത്തിയ വിജയൻ കയ്യിലെ ചോറു പാത്രം ഇടുന്ന സഞ്ചി അടുക്കളയിലേയ്ക്ക് വലിച്ചെറിഞ്ഞു. അടുക്കളയിൽ പാത്രം കഴുകി കൊണ്ടിരുന്ന ഗീത സഞ്ചി വീഴുന്ന ശബ്ദം കേട്ട് ഞെട്ടിത്തെറിച്ചു പോയി.

“ഒള്ള മുളക് മുഴുവൻ ഇരുന്ന് അരിഞ്ഞിട്ടോ നീ… മനുഷ്യൻ എരിഞ്ഞ് പണ്ടാരടങ്ങി… ആ അച്ചാറിൽ നീ പിന്നെയും ഉപ്പ് വാരിയിട്ടോ…?. വിശന്ന് പൊരിഞ്ഞ് ഉച്ചയ്ക്ക് ഇത്തിരി ചോറുണ്ണണതാ…”

കോമരം തുള്ളി നിൽക്കുന്ന വിജയനെ കണ്ട് ഗീത പരിഭ്രമിച്ചു പോയി. ഒന്നും മിണ്ടാതെ ഗീത സഞ്ചിയും തെറിച്ചു പോയ പാത്രങ്ങളും എടുത്തു. വിജയൻ അരിശത്തോടെ എന്തെല്ലാമോ പറഞ്ഞു കൊണ്ട് അകത്തേയ്ക്ക് പോയി.

അത്താഴം കഴിഞ്ഞ് വിജയൻ മനോരമ വീക്കിലി വായിച്ചു കൊണ്ട് കിടക്കുകയാണ്. ഗീത മുറിയിൽ കയറി വാതിലിന്റെ ഓടാമ്പലിട്ടു.

“ലൈറ്റ് അണയ്ക്കട്ടെ…?”

വിജയൻ വായന അവസാനിപ്പിച്ച് വീക്കിലി മേശപ്പുറത്തേയ്ക്കിട്ടു.

“പിള്ളാര് കിടന്നോ?…”

ഉം… മൂളിക്കൊണ്ട് ഗീത കട്ടിലിൽ വന്നിരുന്ന് കണ്ണടയ്ച്ച് പ്രാർത്ഥിച്ച് കിടന്നു.

“നീയെന്താ എന്നും ഈ പ്രാർത്ഥിക്കണേ…? ”

“ഒന്നുമില്ല…”

“ഹ…പറയടീ…”

വിജയൻ പരിഭവത്തോടുകൂടി അരുകിൽ കിടക്കുന്ന ഗീതയെ തന്നിലേയ്ക്ക് ചേർത്ത് കിടത്താൻ ഒരുശ്രമം നടത്തി.

“നിന്നെയെന്താ കുഴമ്പിന്റെ മണം…”

“ഒന്നുമില്ല… ചുമ്മാ തൂത്തതാ…”

വിജയൻ എഴുന്നേറ്റ് ലൈറ്റിട്ടു. ഗീതയുടെ തോളിൽ ചതവുപറ്റി കരുവാളിച്ച ഒരു പാടുണ്ട്. കൈ മുട്ടിൽ ഉരഞ്ഞ് അൽപം തോല് പോയിട്ടുമുണ്ട്…

“ഇതെന്ത് പറ്റിയതാ… എവിടേലും വീണോ നീ…!!?”.

ഒന്നും മിണ്ടാതെ പരിഭവത്തോടെ കിടന്ന ഗീത ഒടുവിൽ വിജയന്റെ സ്നേഹപൂർവ്വമായ ചോദ്യത്തിന് മറുപടി പറഞ്ഞു തുടങ്ങി…

“ഇന്നലെ വരുമ്പോൾ കറിവെയ്ക്കാൻ വാങ്ങി വരാമെന്ന് പറഞ്ഞിട്ട് കൊണ്ടു വന്നായിരുന്നോ…?”

“ഇന്നലെ സൈറ്റീന്ന് പൈസ കിട്ടീല്ല ഗീതേ… കോൺട്രാക്ടർ വന്നില്ല.”

“ഞാൻ അതിന് എന്തേലും പറഞ്ഞോ ചേട്ടനോട്…വെറും കൈയ്യോടെ വന്നപ്പോഴേ എനിയ്ക്ക് മനസ്സിലായിരുന്നു. കാലത്തെഴുന്നേറ്റ് ആ കയ്യാലേടെ മോളിൽ നിൽക്കുന്ന കപ്ലത്തേന്ന് തോട്ടി കൊണ്ട് കപ്ലയ്ങ്ങ കുത്തിയിട്ടതാ അത് നേരെ തോളേലേയ്ക്ക് വന്നു വീണു… കയ്യാലേന്ന് കാല് തെറ്റി താഴേയ്ക്കു വീണപ്പോ കൈ മുട്ട് എവിടെയോ ഉരഞ്ഞതാ… ചേട്ടന് ചോറുണ്ണാൻ എന്തേലും ചാറു കൂട്ടാൻ വേണ്ടെ…അതായിരുന്നു രാത്രി കിടക്കുമ്പോൾ എന്റെ ചിന്ത…”

വിജയൻ ഒന്നും മിണ്ടാതെ ഗീതയെ തന്നെ നോക്കികിടന്നു.

“എന്നിട്ട് ചേട്ടൻ ചോറുണ്ടില്ലേ ഉച്ചയ്ക്ക്… ഒത്തിരി എരിയായിരുന്നോ…?”

“ഇല്ല…”

“ആ വടക്കേപ്പുറത്ത് നിക്കണ മുളകിനല്ലേലും ഇത്തിരി എരി കൂടുതലാ…”

വിജയൻ ഗീതയെ വാത്സല്യത്തോടെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ച് തോളിൽ ഉമ്മ വെയ്ക്കാൻ തുനിഞ്ഞു…

“അയ്യേ… പോ അവിടുന്ന്, വേണ്ട കൊഴമ്പ് മണക്കും…”

“സാരമില്ല…നിന്റെ സ്നേഹത്തിന്റെ സുഗന്ധത്തിന് അപ്പുറം എന്ത് ഗന്ധമാണ്…ഗീതേ…”.

അയാൾ കുഴമ്പു പുരണ്ട ഗീതയുടെ ചുമലിൽ അമർത്തി ഉമ്മവെച്ചു…

രചന : – ബിജൊ.

Leave a Reply

Your email address will not be published. Required fields are marked *