എനിക്ക് നിന്റെ മടിയിൽ തല വെച്ച് നിന്റെ കൈ എന്റെ ഉള്ളം കൈയ്യിൽ ചേർത്ത് വെച്ച് കിടന്നുറങ്ങണം…

രചന : വിജയ് കുമാർ ഉണ്ണികൃഷ്ണൻ

അവളേ കാറിൽ കയറ്റി യാത്രയാക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

ഒരു ഏട്ടന്റെ ഉത്തരവാദിത്തം നിറവേറ്റിയതിന്റെ സംതൃപ്തി ഒന്നുമായിരുന്നില്ല മനസ്സിൽ… വല്ലാത്ത ഒരു ഒറ്റപ്പെടൽ..

അതിനൊരു കാരണമുണ്ട്… ഇന്നലെ രാത്രിയിൽ പതിവ് പോലെ അവൾ എന്റെ റൂമിൽ വന്നു..

എന്നിട്ടവൾ എന്നോട് പറഞ്ഞു !!

ഡാ ഏട്ടാ.. എനിക്ക് ഒരാഗ്രഹമുണ്ട്..,, .

നീ പറഞ്ഞോടി പോത്തേ… !!

നിനക്ക് ഇന്നെങ്കിലും എന്നെ പോത്തേ എന്ന് വിളിക്കാതെ പേര് വിളിച്ചൂടെ…

പോത്തു പോലെ വളർന്ന നിന്നെ പിന്നെ എന്ത് വിളിക്കാനാണ്…

എന്നാലും എന്നത്തേയും പോലെയല്ലല്ലോ നാളെ ഞാൻ ഇവിടെ നിന്നും പോകുകയല്ലേ…. ഒന്ന് പേര് വിളിക്കടാ മരപ്പട്ടി………

ദാ കണ്ടോ പോത്തിന് ദേഷ്യം വന്നു. എന്താ ചേല് മുഖത്ത്..

ഒന്ന് പോടാ ഏട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട്….

നിനക്കിപ്പോൾ എന്താ വേണ്ടത് പെണ്ണെ…?

ഏട്ടാ എനിയ്ക്കിന്നു ഈ മുറിയിൽ കിടക്കണം……. സമ്മതിയ്ക്കുമോ.?

അതിപ്പോൾ എന്റെ മുറിയെന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ മിക്കവാറും നീയല്ലേ കിടക്കാറുള്ളത്.. എന്നോട് ചോദിയ്ക്കണോ.

അതല്ലടാ ഏട്ടാ.. ഇന്ന് നീയും എന്റെ കൂടെ വേണം ..

എന്തിനാ പെണ്ണേ..?

എനിക്ക് നിന്റെ മടിയിൽ തല വെച്ച് നിന്റെ കൈ എന്റെ ഉള്ളം കൈയ്യിൽ ചേർത്ത് വെച്ച് കിടന്നുറങ്ങണം…

“ഏട്ടന് ഓർമ്മയില്ലേ കുഞ്ഞിലേ ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മഴ നനഞ്ഞു പനി വന്നു വിറച്ചു രാത്രിയിൽ ഏട്ടന്റെ മടിയിൽ കിടക്കണമെന്നു വാശി പിടിച്ചതും രാത്രി മുഴുവനും എന്നെ മടിയിൽ കിടത്തി ഏട്ടൻ ഉറങ്ങാതെ ഇരുന്നതും…

ഡി പോത്തേ നീ ഇപ്പോൾ ആ പഴയ പത്തു വയസ്സുകാരി അല്ല നാളെ ഒരു പുതിയ വീട്ടിൽ ചെന്ന് കയറേണ്ടവളാണ്… ഒരാളുടെ ഭാര്യയാകേണ്ട പെണ്ണ്….

അത് കൊണ്ട് ഞാൻ ഏട്ടന്റെ അനിയത്തി അല്ലാതാകില്ലല്ലോ… എന്റെ ആഗ്രഹം സാധിച്ചു തരുമോ…

നീ പറഞ്ഞത് എന്തെങ്കിലും ഞാൻ സാധിച്ചു തരാതെ ഇരുന്നിട്ടുണ്ടോ ഇത് വരെ… ദാ വന്നു കിടന്നോളൂ….

ഡാ ഏട്ടാ ഞാൻ ഇവിടുന്നു പോയാൽ നിനക്ക് വിഷമമാകില്ലേ.. ഞാൻ പോകണോ…. ഇവിടെ നിന്നാൽ പോരെ..

നീ പോകുന്നത് ഈ ഏട്ടന് സങ്കടമാണ് എന്നാലും പോകാതിരിയ്ക്കാൻ പറ്റില്ലല്ലോ ഇത് എല്ലാ പെൺകുട്ടികളുടെയും ജീവിതത്തിലുള്ളതാണ്……

എന്നാലും ഇനി നീ ആരോടാ വഴക്കിടുക ആരെയാണ് പോത്തേ എന്ന് വിളിക്കുക എല്ലാ കുരുത്തക്കേടുകൾക്കും സപ്പോർട്ട് ചെയ്യുക എല്ലാത്തിനും ഞാൻ വേണ്ടേ ഇവിടെ…?

നീ എന്നെക്കൂടി കരയിക്കല്ലേ മാളു….!!!

ഓഹ് അപ്പോൾ എന്റെ പേര് വിളിക്കാനും അറിയാം കുരങ്ങന്… എന്തായാലും ഞാൻ പോയാലും ഉടനെ തിരിച്ചു വരും എന്റെ ഏട്ടന് വഴക്കിടാനും സ്നേഹിയ്ക്കാനും പറ്റിയ ഒരാളുമായി… ഉറപ്പ്….

സമ്മതിച്ചു അത് ഞാൻ നിനക്ക് വിട്ടു തന്നിട്ടുള്ള അവകാശമല്ലേ……

അത് കേട്ടാൽ മതി… “” എന്നാൽ ഞാൻ ഉറങ്ങിക്കോട്ടെ ഏട്ടാ എന്നെ വിട്ടിട്ടു ഇവിടുന്നെങ്ങും പോകരുതേ..

ഇല്ല മാളു നീ ധൈര്യമായി ഉറങ്ങിക്കോളൂ…..

എന്റെ മടിയിൽ കണ്ണുകളടച്ചു കിടന്നുറങ്ങുന്ന അവളുടെ മുടിയിഴകളിൽ തലോടി ഞാൻ ആ മുഖത്തേയ്ക്കു നോക്കി….

നാളെ മറ്റൊരുവന്റെ ഭാര്യയാകേണ്ട എന്റെ പെങ്ങളൂട്ടിയാണ് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ എന്റെ മടിയിൽ ഉറങ്ങുന്നത്….ഉറങ്ങട്ടെ.. അവൾ…

ഇതാണ് എന്റെ പെങ്ങൾ.. ഈ കാലത്തിനുള്ളിൽ എന്റെ മനസ്സ് വായിച്ചെടുത്തവൾ ..

ഞാൻ “ഡി “എന്ന് വിളിച്ചാൽ പോടാ തെണ്ടി എന്ന് വിളിക്കുന്നവൾ. എന്റെ പ്ലേറ്റിൽ നിന്നും ഭക്ഷണം തട്ടിയെടുത്തു കൊണ്ടോടുന്നവൾ….

കൂട്ടുകാരുമായി കമ്പനി കൂടി രാത്രിയിൽ താമസിച്ചു വരുമ്പോൾ ‘അമ്മ അറിയാതെ കതകു തുറന്നു തന്നു ചെവിയ്ക്കു പിടിച്ചു കിഴുക്കി എനിക്ക് ഭക്ഷണം വിളമ്പി തരുന്നവൾ…… പഴ്സിൽ നിന്നും നൂറു രൂപ എടുക്കാൻ പറഞ്ഞാൽ അഞ്ഞൂറ് രൂപ എടുത്തിട്ട് പിശുക്കൻ എന്ന് പറയുന്നവൾ..

ഇതൊക്കെയാണെങ്കിലും ഞാൻ ഒന്ന് ദേഷ്യപ്പെട്ടാൽ മുഖം വീർപ്പിച്ചു മിണ്ടാതെ നടക്കുന്നവൾ.. ഇതൊക്കെയാണ് എന്റെ മാളു…..

അവൾ എനിയ്ക്ക് വെറും പെങ്ങളൂട്ടി മാത്രമല്ല.. നല്ല സുഹൃത്താണ്. ചില നേരങ്ങളിൽ അവൾ എനിക്ക് അമ്മയാണ്…… എല്ലാം കൂടി ചേർന്നാൽ ഈ ഏട്ടന്റെ കട്ട ചങ്കാണ് അവൾ

ഇപ്പോൾ മനസ്സിനൊരു വിങ്ങൽ. അവൾക്ക് ചേരുന്ന പയ്യനെ തന്നെ കണ്ടു പിടിക്കാൻ പറ്റിയെങ്കിലും നാളെ രാവിലെ അവൾ ഈ പടിയിറങ്ങുമ്പോൾ ശൂന്യമാകുന്നത് ഈ വീട് മാത്രമല്ല എന്റെ മനസ്സ് കൂടിയാണ്…

മാളു നീ പറഞ്ഞത് പോലെ ഒരു പെൺകുട്ടിയെ എനിക്കായി കണ്ടു പിടിയ്ക്കുമായിരിയ്ക്കും.. പക്ഷേ പകരം വെയ്ക്കാൻ പറ്റാത്ത ഒന്നുണ്ടിവിടെ ഈ ഏട്ടന്റെ മനസ്സിൽ നിന്നോടുള്ള വാത്സല്യം, കരുതൽ.. അതൊന്നും ആർക്കും നികത്താൻ കഴിയില്ല…

നീയാണ് എന്റെ ജീവിതത്തിൽ പകരക്കാർ ഇല്ലാത്ത എന്റെ സ്വന്തം പെങ്ങളൂട്ടി..

ഞാൻ അവളുടെ നെറ്റിയിൽ മെല്ലെ ചുംബിച്ചു….

****

“മോനേ സഞ്ജു… അമ്മയുടെ വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്..

നിനക്ക് അവളെ പിരിഞ്ഞതിൽ സങ്കടമുണ്ട് അല്ലേ മോനെ

എന്താ അമ്മയ്ക്കും വിഷമമില്ലേ..? ..

ഉണ്ടല്ലോ മോനെ എല്ലാ അമ്മമാർക്കും അങ്ങനെ തന്നെയല്ലേ പക്ഷെ നിന്റെ ഈ കണ്ണുകൾ കണ്ടാൽ അമ്മയ്ക്കു മനസ്സിലാകും എന്നെക്കാളേറെ നീ വിഷമിക്കുന്നുണ്ടെന്ന്….

പക്ഷേ എല്ലാ പെൺകുട്ടികളുടെയും വീട്ടുകാർ ഈ വേർപാട് സഹിച്ചേ പറ്റൂ അതാണ് കുടുംബ ജീവിതം.

‘അമ്മ പറഞ്ഞത് ശരിയാണ് ഇത്രയും നാൾ അവൾ നമ്മളോടൊപ്പമുണ്ടായിരുന്നുവെങ്കിലും ഇന്നലെയാണ് അവളുടെ സ്നേഹത്തിന്റെ ആഴം എനിക്ക് മനസ്സിലായത്..

അവൾ നമ്മുടെ വീടിന്റെ വിളക്കായിരുന്നു അമ്മേ ഏത് ഇരുട്ടിലും പ്രഭ ചൊരിയുന്ന എഴു തിരിയിട്ട നിലവിളക്ക്… അവൾക്കു പകരമാകില്ല ആരും ഒന്നും…

N B.. പെങ്ങൾമാരെ ജീവന് തുല്യം സ്നേഹിയ്ക്കുന്ന ആങ്ങളമാർക്കും അവരെ ജീവനേക്കാളേറെ സ്നേഹിയ്ക്കുന്ന പെങ്ങളൂട്ടികൾക്കും ഈ കഥ സമർപ്പിക്കുന്നു……

തികച്ചും സങ്കല്പികമാണ് ഈ കഥ.. തെറ്റ് കുറ്റങ്ങൾ എല്ലാവരും സദയം ക്ഷമിയ്ക്കുക….. 🙏🙏🙏

രചന : വിജയ് കുമാർ ഉണ്ണികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *