എന്റെ ഏട്ടൻ ആകെ ക്ഷീണിച്ചു.

രചന: ഷെഫി സുബൈർ

അതെങ്ങന മഴയും, വെയിലും, ചൂടും, തണുപ്പുമൊന്നും നോക്കാതെ ആ വഴിയരികിൽ എത്ര മാസത്തോളമുള്ള കിടപ്പാണ്.

എന്റെ ഏട്ടൻ സുന്ദരനായിരുന്നു. വെളുത്തു, നല്ല ആരോഗ്യവുമൊക്കെയായി. ഇപ്പൊ കണ്ടില്ലേ ? കോലം കെട്ടുപ്പോയി.

ഞങ്ങളൊന്നിച്ചാണ്‌ നടപ്പും കിടപ്പുമെല്ലാം. ദേ, ഇപ്പൊ നോക്കിയേ, തനിച്ചു കിടക്കുന്നതു കണ്ടില്ലേ. അതെല്ലാം മരിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്ന എനിയ്ക്ക് വേണ്ടിയാണെന്നോർക്കുമ്പോൾ വല്ലാത്ത സങ്കടമാണ്.

കളിയും, ചിരിയുമെല്ലാം ഞങ്ങളൊന്നിച്ചായിരുന്നു. ഏട്ടനേക്കാളുപരി എനിക്കൊരു കൂട്ടുകാരനായിരുന്നു. എന്റെ പ്രണയവും, പരാതിയും, പരിഭവവുമെല്ലാം പറയാനൊരു കൂട്ടുക്കാരൻ.

ഇതെന്തു കിടപ്പാ ഏട്ടാ.. ഇനി നമ്മുടെ അമ്മയ്ക്ക് ഏട്ടൻ മാത്രമല്ലേയുള്ളു. ഈ വഴിയരികിൽ എനിയ്ക്ക് വേണ്ടി ഒരനാഥനെപ്പോലെ എന്റെ ഏട്ടൻ ആയുസ്സു കളയുമ്പോൾ എനിക്ക് ഭയങ്കര സങ്കടമുണ്ട്, ട്ടോ.. !

കൂടപ്പിറപ്പിനെ ഇതുപ്പോലെ സ്നേഹിക്കുന്നൊരു ഏട്ടന്റെ അനിയനായി പിറന്നതിലിപ്പോഴെനിക്ക് അഭിമാനം തോന്നുന്നുണ്ട്. ഇതുപ്പോലൊരു ഏട്ടനെ കിട്ടണമെന്ന് ഇപ്പോൾ പലരും പറയുന്നത് കേൾക്കുമ്പോൾ കുറച്ചു കുശുമ്പുമുണ്ട്.

വിഷത്തുള്ളികൾ എന്റെ വായിലേക്ക് അവരിറ്റിച്ചിറക്കിയപ്പോഴും എന്റെ മുന്നിൽ ഏട്ടന്റെ മുഖം മാത്രമായിരുന്നു. ഞാൻ വരുന്നതും നോക്കി പ്രതീക്ഷയോടെ നിൽക്കുന്ന എന്റെ ഏട്ടന്റെ രൂപമായിരുന്നു.

ഞാനൊരു തെറ്റും ചെയ്യില്ലാന്നു എന്റെ ഏട്ടന് അറിയാമല്ലോ. എന്നാലും ഏട്ടനെ കെട്ടി പിടിച്ചു ഒന്നു പൊട്ടിക്കരയാൻ എനിയ്ക്കും ആഗ്രഹമുണ്ടായിരുന്നു. സാരമില്ലെടാ, എന്റെ മോൻ വിഷമിക്കണ്ടാന്നു ഏട്ടൻ പറയുന്നത് കേൾക്കാൻ കൊതിയുണ്ടായിരുന്നു. ഒന്നിനും കഴിഞ്ഞില്ലല്ലോ…!

എന്നാലും എത്ര നാളെന്നു വെച്ച എന്റെ ഏട്ടൻ ഈ കിടപ്പു കിടക്കുന്നെ. നീതി നിഷേധത്തിന്റെ മുന്നിലെരിഞ്ഞു തീരുന്നതു എന്റെ ഏട്ടന്റെ ഒരായുസ്സ് മുഴുവനുമാണല്ലോ.

ഇനിയൊരു കൂടപ്പിറപ്പിനും ഈ ഒരു അവസ്ഥയുണ്ടാകാതിരിക്കട്ടെയെന്ന പ്രതീക്ഷയോടെ. പ്രാർത്ഥനയോടെ.

(സമർപ്പണം: ഒരനിയന് വേണ്ടി, സമരമുഖത്തു നീതി നിഷേധത്തിനെതിരെ പടപൊരുതുന്ന ശ്രീജിത്തെന്ന ഏട്ടന് വേണ്ടി )

രചന: ഷെഫി സുബൈർ

Leave a Reply

Your email address will not be published. Required fields are marked *