ഏഴ് വർഷങ്ങൾ ഉള്ളിൽ കാത്ത് വെച്ച സ്നേഹത്തിന്റെ പാലാഴി അവൾക്കായി പകർന്നുകൊടുക്കണം…

രചന: അധിരഥൻ അധിരഥൻ

🌹#പരോൾ

“വേണു തന്റെ പരോൾ സാങ്ഷൻ ആയിട്ടുണ്ട് ”

സെൻട്രൽ ജയിലിലെ തോട്ടപ്പണി കഴിഞ്ഞു സെല്ലിലേക്ക് നടക്കുന്നതിനിടയിൽ ജയിൽ സൂപ്രണ്ട് പറഞ്ഞു…

അതിഭാവുകത്വമില്ലാതെ വേണു സൂപ്രണ്ടിനെ നോക്കി ചെറുതായി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല…

ഏഴ് ദിവസത്തേക്കാണ് പരോൾ ,

വേണു തലകുലുക്കി സെല്ലു തുറന്ന് അകത്തേക്ക് കയറി , പിന്നാലെ സഹതടവുകാരും… അവരൊക്കെ ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ വേണു അതൊന്നും കേട്ടില്ല.. മൂലയിൽ ചാരി വെച്ചിരിക്കുന്ന പുൽപ്പായ എടുത്ത് നിലത്ത് വിരിച്ച് നീണ്ട് നിവർന്ന് കിടന്നു…

അയാൾ പഴയകാര്യങ്ങൾ ഓർക്കുകയാണ്…

പുറംലോകം കാണാതെ ഈ മതികെട്ടിനുള്ളിൽ തള്ളിനീക്കിയത് നീണ്ട 7വർഷങ്ങളാണ്..

ഇനിയുമുണ്ട് 3 വർഷങ്ങൾ , വെറും തടവല്ല കഠിനതടവ്.. മനസിൽ ഓർത്തു അയാളുടെ കണ്ണുകൾ പതിയെ നിറഞ്ഞു താഴെക്കൊഴുകി..

കൂലി പണികൊണ്ടായിരുന്നു വേണു കുടുംബം നോക്കിയിരുന്നത്. ഭാര്യ അമ്പിളിയും പ്ലസ്ടുവിന് പഠിക്കുന്ന മകൾ രേഷ്മയും അടങ്ങുന്ന കൊച്ചു കുടുംബം. അറിയാവുന്ന കമ്പിപണി ഇല്ലെങ്കിലും കിട്ടുന്ന എന്ത് ജോലിയും ചെയ്യാനുള്ള വേണുവിന്റെ മനസാണ് അയാളെ കറിയാച്ചന്റെ പൈനാപ്പിൾ തോട്ടത്തിലെ പണിക്ക് എത്തിച്ചത്…

കറിയാച്ചന് പൈനാപ്പിൾ , റബ്ബർ, കുരുമുളക് അങ്ങിനെ പല തോട്ടങ്ങളും കിഴക്കൻ മലയിൽ ഒന്ന് രണ്ട് എസ്റ്റേറ്റുകളുമൊക്കെ ഉള്ളയാളാണ്… എന്തുജോലിയും ചെയ്യാനുള്ള വേണുവിന്റെ ആത്മാർത്ഥയും അയാളുടെ കുടുംബ പശ്ചാത്തലവും അറിഞ്ഞപ്പോൾ കറിയാച്ചൻ വേണുവിനെയും കുടുംബത്തെയും ഉടുമ്പുംചോലയിലെ അയാളുടെ എസ്റ്റേറ്റ്റ്റിലേക്ക് ജോലികയച്ചു… കറിയാച്ചന്റെ പിടിപ്പുകൊണ്ട് അവിടെ തന്നെയുള്ള സ്കൂളിൽ മോൾക്ക് അഡ്മിഷനും ശരിയാക്കി… കൂലി അൽപ്പം കുറവാണെങ്കിലും എന്നും തൊഴിൽ ഉണ്ടെന്നുള്ള ആശ്വാസം കൊണ്ടാണ് വേണു കറിയാച്ചനോട് എതിരോന്നും പറഞ്ഞില്ല…

നഗരത്തിന്റെ ചൂടും ബഹളവും വിട്ട് കിഴക്കൻ മലയുടെ കുളിരുള്ള മനോഹാരിതയിലേക്ക് വേണുവും കുടുംബവും പറിച്ചു നടപ്പെട്ടു… എസ്റ്റേറ്റിനോട് ചേർന്ന് തന്നെയുള്ള ലേബർ കോളനിയിലെ രണ്ടുമുറികളും , ചെറിയ കോലായിയും കൊച്ചടുക്കളയും ഉള്ള കൊച്ചുവീട് …

അവിടെ 25 ഓളം വീടുകൾ ഉണ്ടെങ്കിലും പതിനഞ്ചിൽ താഴെ വീടുകളിൽ മാത്രേ ആൾതാമസമുള്ളു… രാവിലെ രേഷ്മ സ്കൂളിൽ പോയാൽ വേണുവും ഭാര്യയും എസ്റ്റേറ്റിലേക്ക് പോകും.. വേണുവിന് തോട്ടത്തിലും അമ്പിളിക്ക് ചായപ്പൊടി യൂണിറ്റിലും ആയിരുന്നു ജോലി…

ആദ്യമൊക്കെ പരിച്ചയക്കുറവുണ്ടായിരുന്നെങ്കിലും സൂപ്പർവൈസർ ഹരീഷ് പതിയെ പതിയെ അമ്പിളിയെ എല്ലാം കാര്യങ്ങളും പഠിപ്പിച്ചു കൊടുത്തു….. പക്ഷെ ആ യാത്രയിൽ അവർക്കിടയിൽ മറ്റൊരു ബന്ധം മുളപൊട്ടുന്നുണ്ടായിരുന്നു…

പൊതുവെ ശാന്ത സ്വഭാവക്കാരിയായ അമ്പിളിയെ ഓരോന്ന് പറഞ്ഞും കാണിച്ചും ,വാങ്ങികൊടുത്തും ഹരീഷ് തന്നിലേക്കടുപ്പിച്ചു..എപ്പോഴും ചിരിച്ചമുഖവുമായി നടക്കുന്ന ഒരാളായത് മാത്രമായിരുന്നില്ല അവൾക്കവനോട് അടുപ്പം തോന്നിയത്…

അയാൾ അവളുടെ കറുപ്പിന് ഏഴഴക്കാണെന്നു പറയും.. നരച്ചു നൂലുപൊങ്ങിയ സാരിയിൽ പോലും താൻ സുന്ദരിയാണെന്നുമോക്കെയും..കേൾക്കുമ്പോൾ, അവളുടെ പൊട്ടബുദ്ധിയിൽ മോഹങ്ങൾ ഇതളിട്ടു … ഒരിക്കൽപ്പോലും തന്റെ ഭർത്താവിൽ നിന്ന് കേട്ടിട്ടില്ലത്തതിനെക്കാൾ നല്ലവാക്കുകൾ അവളിൽ ഉൾപുളകം തീർത്തപ്പോൾ അവൾ അറിഞ്ഞുകൊണ്ട് തന്നെ വേണുവിനെ മറക്കുകയായിരുന്നു….

വികാരങ്ങളുടെ വേലിയേറ്റത്തിൽ മനസിന്റെ കടിഞ്ഞാൺ കൈവിട്ട്പോയ ഒരു സന്ധ്യയിൽ അമ്പിളി ഹരീഷിന്റെ കാൽക്കൽ തന്നെ പണയപ്പെടുത്തി… അതിന് വേണ്ടി ഹരീഷ് വേണുവിനെ തന്ത്രപരമായ ടൗണിലെക്കയച്ചിരുന്നു.

ഉള്ളാൽ ചിരിച്ചുകൊണ്ട് ഹരീഷ് അമ്പിളിയോട് സംഭവിച്ചു പോയതിന് വാക്കുകളിൽ കാപട്യം നിറച്ച് മാപ്പിരന്നു…

” സാറെന്തിനാ എന്നോട് ക്ഷമപറയുന്നെ… പൂർണമാനസോടെയാ എന്നെ ഞാൻ സാറിന് തന്നത്… നിങ്ങളെപോലെ എന്നെ ആരും ഇതുവരെ സ്നേഹിച്ചിട്ടില്ല… എന്റെ ഭർത്താവുപോലും.. എന്തേലും വാങ്ങിത്തരണമെങ്കിപോലും പലവട്ടം പിന്നാലെ നടന്ന് ചോദിക്കണം.. പക്ഷെ നിങ്ങൾ…

അവൾ ഹരീഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

അവളുടെ മുടിയിൽ തലോടികൊണ്ടു ഹരീഷ് തന്റെ സിമ്പതി ഏറ്റു എന്നർത്ഥത്തിൽ വശ്യമായി ഒന്ന് ചിരിച്ചു…

” എന്നെ ചതിക്കരുത്, .. എന്നെ കൈവിട്ട് കളയരുത്…

ഇനി .. ഇനി നിങ്ങളില്ലാതെ എനിക്ക് പറ്റില്ല…

നിറഞ്ഞ മിഴികളോടെ അവൾ അവനെ നോക്കി…

” എന്നെ പറ്റി അങ്ങനെയാണോ താൻ കരുതിയിരുന്നത്… ചതിക്കാനല്ല , അത്രയ്ക്ക് ഇഷ്ട്ടയത് കൊണ്ടാ തന്നോട് ഞാൻ അടുത്തത് … അല്ലാതെ….

ഹരീഷ് ഒന്നിന് പിറകെ ഒന്നായി തന്റെ നമ്പറുകൾ ഇറക്കി… എല്ലാം അവന് കാഴ്ചവച്ചവൾക്ക് ആ വാക്കുകൾ അത്ര വിലപ്പെട്ടതായിരുന്നു അവൾ അവനെ ശ്വാസംമുട്ടിക്കുന്നപോലെ വട്ടം കെട്ടിപ്പിടിച്ചു…

ഹരീഷ് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഊരി വെച്ചിരുന്ന താലിമാല അമ്പിളി വീണ്ടും കഴുതിലിട്ടു…

പിന്നീടങ്ങോട്ടുള്ള നാളുകൾ അമ്പിളിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതായിരുന്നു… നടപ്പിലും സംസാരത്തിലും രൂപത്തിലും അടിമുടി ആകെ മാറിപോയിരുന്നു അവൾ.. ചോദിക്കാതെ തന്നെ അയാൾ അവൾക്കൊരുന്ന് വാങ്ങി കൊടുത്തു… കൂട്ടത്തിൽ രേഷ്മയ്ക്കുള്ള ചിലതും….

അവന്റെ പ്രണയത്തിൽ കെട്ടഴിഞ്ഞപ്പട്ടം പോലെ പാറി നടന്ന അമ്പിളിക്ക്, ഹരീഷ് വാങ്ങി കൊടുത്ത ഒരു സെക്കന്റ് ഹാൻഡ് മൊബൈൽ ഫോൺ കിട്ടിയതോടെ മാറ്റങ്ങളുടെ പട്ടികകൾ ഏറെക്കുറെ പൂർത്തിയായി…

അവളിലെ മാറ്റങ്ങൾ വേണു ശ്രദ്ധിച്ചുവെങ്കിലും ഒന്നും ചോദിച്ചില്ല… കാരണം ഇപ്പൊ അവളോട് എന്തെങ്കിലുമൊന്നു ചോദിച്ചാലോ സ്നേഹത്തോടെ ഒന്നടുത്ത് ചെന്ന് കെട്ടിപ്പിടിച്ചാലോ ആ നിമിഷം കുതറി മാറുകയാണ് അവൾ , അകാരണമായ ദേഷ്യവും…. ഒച്ചപ്പാടും ബഹളവും പതിവായപ്പോൾ വേണു തന്നെ സ്വയം പിൻവാങ്ങി…

വിയർത്തോലിച്ചു വരുന്ന തന്റെ നെഞ്ചിൽ മുഖമമർത്തി കെട്ടിപ്പിടിച്ചിരുന്ന തന്റെ ഭാര്യയുടെ പുതിയ ശീലങ്ങൾ അയാളെ വല്ലാതെ ഉള്ളുപൊള്ളിച്ചു…. ചോദ്യങ്ങൾ ഇനിയും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും എന്ന് അയാൾക്ക് മനസ്സിലായിരുന്നു…

കൃത്യമായ ഇടവേളകളിൽ ഹരീഷും അമ്പിളിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി കൊണ്ടിരുന്നു….. പക്ഷെ ഒരു ദിവസം അയാൾ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് സ്കൂൾ വിട്ട് വരുന്ന വഴി രേഷ്മ കണ്ടു…. അമ്പിളിയോട് അതേപ്പറ്റി ചോദിച്ചതിന് മുഖമടച്ചുള്ളൊരു അടിയായിരുന്നു അവൾക്കുള്ള ഉത്തരം…

പതിയെ പതിയെ വേണുവിനും കാര്യങ്ങൾ മനസിലായി തുടങ്ങി… അമ്പിളിയിൽ നിന്നുള്ള ഉത്തരം തൃപ്തികരമല്ലെന്ന് തോന്നിയത് കൊണ്ടാവും അയാൾ നേരെ ഹരീഷിനെ ചെന്ന് കണ്ടു കാര്യം തിരക്കി…

“ഞങ്ങളൊക്കെ പാവങ്ങളാ സാറേ… പട്ടിണിയാണേലും എനിക്കെന്റെ കുടുംബം സ്വർഗാ.. ദയവ് ചെയ്ത അത് നശിപ്പിക്കരുത്…. എന്റെ ഭാര്യേം മോളാ , എന്റെ ജീവിതം… അരുതാത്തത്എന്തേലും നിങ്ങൾ തമ്മിൽ സംഭവിച്ചുപോയിട്ടുണ്ടെങ്കി ഞാൻ എല്ലാം ക്ഷമിക്കാൻ തയ്യാറാ… ആരും ഒന്നും അറിയില്ല… വിട്ടേക്ക് സാറേ… ഞങ്ങളെങ്ങിനെലും ജീവിച്ചോട്ടെ….

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് വേണു ഇറങ്ങിപ്പോയി. മറുത്തോരക്ഷരം പറയാതെ ഹരീഷ് എല്ലാം കേട്ട് നിന്നു…

പിറ്റേന്ന് രാവിലെ കറിയാച്ചനെ കാണാൻ പോയ വേണു വന്നപ്പോൾ നന്നായി ഇരുട്ടിയിരുന്നു… വീട്ടിൽ വെട്ടവും വെളിച്ചവും കാണാതായതോടെ വേണുവിന് വല്ലാത്ത സംശയവും പേടിയുമായി….

” അമ്പിളി, …. മോളെ രേഷമേ…

പതറിയ ശബ്ദത്തിൽ വിളിച്ചുകൊണ്ട് അയാൾ അകത്തേക്ക് കയറി… പെട്ടെന്ന് ഇരുട്ടിലൂടെ ഒരാൾ ഓടി വന്ന് വേണുവിന്റെ പിന്നിലൂടെ കെട്ടിപ്പിടിച്ചു… വേണു അമ്പരന്ന് മുന്നോട്ട് മാറി…

” അച്ഛാ….

രേഷമ കരഞ്ഞു കൊണ്ട് അയാളെ വീണ്ടും കെട്ടിപ്പിടിച്ചു…

” എന്ത് പറ്റി മോളെ… നീയെന്തിനാ കരയുന്നെ… അമ്മയെന്തേ?

അയാൾ വെപ്രാളത്തിൽ ചോദിച്ചു കൊണ്ട് പോക്കറ്റിൽ നിന്ന് ലൈറ്റർ എടുത്ത് കത്തിച്ചു… മുടികളെല്ലാം പാറിപ്പറന്നു, കീറിപ്പറിഞ്ഞ ചുരിദാറും, ചുണ്ടിലും മുഖത്തും മുറിവുമായി മങ്ങിയവെളിച്ചതിൽ മുന്നിൽ നിൽക്കുന്ന മകളെ കണ്ട് വേണു നടുങ്ങി…

” നിനക്കിതെന്താ പറ്റിയെ മോളെ ? …

കരഞ്ഞു കലങ്ങി നിൽക്കുന്ന അവളെ കണ്ട് വേണുവിന്റെ പേടി കൂടി..

” ഇവിടെമാത്രമെന്താ കറന്റ് ഇല്ലാത്തെ… ?

വേണുവിന്റെ ചോദ്യം കേട്ട് രേഷമ കൈനീട്ടി മെയിൻ സ്വിച്ച്ലേക്ക് കാണിച്ചു… അത് ഓഫ് ചെയ്തിട്ടിരിക്കുന്നു… അയാൾക്ക് കാര്യങ്ങളുടെ ഏകദേശ രൂപം മനസിലായത് പോലെ നിർവികാരനായി അൽപ്പനേരം നിന്നു… പിന്നെ യാന്ത്രികമെന്നപോലെ നടന്ന് ചെന്ന് മെയിൻ സ്വിച്ച് ഓൺ ചെയ്തു… എഴുനേറ്റ് നിൽക്കാൻ പോലും വയ്യാതെ നിൽക്കുന്ന മകളെ കണ്ട് വേണു തളർന്നിരുന്നു… അച്ഛന്റെ മടിയിലേക്ക് വീണ് രേഷ്മ പൊട്ടിക്കരഞ്ഞു….

” അച്ഛാ……. അയാളും…. അമ്മേം…

മുഴുവിപ്പിക്കും മുന്നേ വേണു അവളുടെ വാ പോത്തി… മറുകൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു….. ആ കരച്ചിൽ ഒരിടിമുഴക്കംപോലെ കോളനിയും കടന്ന് കിഴക്കൻ മലയിൽ മുഴങ്ങി കേട്ടൂ…

അടുക്കളയുടെ ഇരുണ്ട വെളിച്ചത്തിലെ ആൾപ്പെരുമാറ്റം കേട്ട് വേണു അകത്തേക്ക് ചെന്നു…

” നീയോ പിഴച്ചു പോയി … നമ്മുടെ മോളെ കൂടെ പിഴപ്പിക്കണായിരുന്നോടി… തേ%$###$$

മൂലയിൽ അയാളെ നോക്കി നിസ്സഹായയിരിക്കുന്ന അമ്പിളിയെകണ്ട് വേണു അലറിക്കൊണ്ടു മേശപ്പുറത്ത് കൈയിൽ തടഞ്ഞ കത്തിയെടുത്ത് അവളുടെ കഴുത്തിന് നേരെ വീശി….. കൊരവള്ളി പൊട്ടി ചോരചീറ്റി, ഒന്ന് ഉറക്കെ കരയുകപോലും ചെയ്യാതെ അമ്പിളി വേണുവിന്റെ കാൽക്കൽ കിടന്ന് പിടഞ്ഞു…

എസ്റ്റേറ്റ് ഔട്ട് ഹൗസിൽനിന്ന് രക്ഷപെടാനുള്ള തിരക്കിലായിരുന്നു ഹരീഷ്… ഓടി രക്ഷപ്പെടും എന്നറിയാവുന്നത് കൊണ്ട് വേണു എല്ലാ വാതിലുകളും ജനലുകളും അടച്ചിരുന്നു….

” എനിക്കൊരു തെറ്റ് പറ്റി, … പ്ലീസ്, എന്നോട് ക്ഷമിക്കു… ഞാ…. ഞാ …ൻ വേണൊങ്കി അവളെ ഞാൻ കെട്ടികൊളം…. പ്ലീസ് എന്നെ…. എന്നെ ഒന്നും ചെയ്യരുത്….

ചോര പുരണ്ട കത്തിയുമായി നിൽക്കുന്ന വേണുവിനെ കണ്ട് പേടിച്ചയാൾ മാപ്പിരന്നു….

” നീ … നീ .. എന്റെ മോളെ… കെട്ടോ ? …

” ങാ…. ഞാ… ഞാ..ൻ കെട്ടിക്കൊളാ…

വേണുവിന്റെ ചോദ്യം കേട്ട് പേടിയോടെ ഹരീഷ് പറഞ്ഞു…

അൽപ്പം ശാന്തനായി വേണു ഹരീഷിന്റെ അടുത്തേക്ക് ചെന്ന്.. വിറയലോടെ ഹരീഷ്….

” നിന്നോട് ഞാൻ കാല് പിടിച്ചു പറഞ്ഞതല്ലേ എന്റെ കുടുംബത്തെ വെറുതെ വിട്ടേക്കാൻ… നിങ്ങളുടെ എല്ലാ തെറ്റും ഞാൻ ക്ഷമിച്ചതല്ലേ… എന്നിട്ടും എന്തിനായിരുന്നു.. വീണ്ടും നീ … ആദ്യം എന്റെ ഭാര്യയെ… ഇപ്പൊ എന്റെ മകളെയും…..

നിറഞ്ഞമിഴിയോടെ ശാന്തനായി വേണു ചോദിച്ചൂ…

” ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി എന്റെ കുടുംബം തകർത്തിട്ട് നീയെന്ത് നേടിയെടാ……

അലറിക്കൊണ്ടു വേണു ഹരീഷിന്റെ അടിവയറ്റിൽ ആഞ്ഞു കുത്തി…ഒന്നല്ല പലവട്ടം….

മകളെയും കൂട്ടി വേണു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ആയുധവുമായി കീഴടങ്ങി…

” മകളെ ബലാൽസംഗം ചെയ്ത തോട്ടം സൂപ്പർവൈസറെയും അതിന് കൂട്ട് നിന്ന് ഭാര്യയെയും തോട്ടം തൊഴിലാളിയായ ഭർത്താവ് കുത്തിക്കൊന്നു “…..

മാധ്യമങ്ങൾക്ക് ഒരാഴ്ചയോളം ആഘോഷമായിരുന്നു…

പത്രത്താളുകളിലും, അന്തിച്ചർച്ചയിലും വാർത്തകളും തലക്കെട്ടുകളും നിറഞ്ഞു….

പുതിയൊരു ” ഇര “യുടെ പേര്കൂടി എഴുതി ചേർക്കപ്പെട്ടിരിക്കുന്നു….

തോട്ടം തൊഴിലാളികളും കറിയാച്ചനും വേണുവിനും മോൾക്കും വേണ്ടി അണിനിരന്നു… ജോലിചെയ്ത് പലയിടത്തും പലരെയും വശീകരിച്ചും ഭീഷണിപ്പെടുത്തിയും പലതും നേടിയവനായിരുന്നു ഹരീഷ് എന്ന് അവന്റെ ഭൂതകാലം തേടിപ്പോയ പൊലീസുകാർ കണ്ടെത്തി…

കോടതി , വിചാരണ, ഒടുവിൽ പത്ത് കൊല്ലത്തെ കഠിന തടവിന് ശിക്ഷിച്ചുകൊണ്ടു കോടതി വേണുവിനെ ജയിലേക്ക് അയച്ചു… മോളെ ഷെൽട്ടർ ഹോമിലേക്കും.. പക്ഷെ അവിടെ നിന്ന് തോട്ടം തൊഴിലാളികളും കറിയാച്ചനും അവളെ ഏറ്റെടുത്തു… വളർത്തി, പഠിപ്പിച്ചു..

” മോൾടെ കല്യാണത്തിന് പരോൾ കിട്ടിയിട്ട് നീ കരയാണോ വേണു…

സഹതടവുകാരൻ ജമാലിക്ക വേണുവിനെ തട്ടിവിളിച്ചപ്പോൾ അയാൾ പതിയെ കണ്ണ് തുറന്നു…

” മ്മ്‌ടെ സങ്കടങ്ങളൊക്കെ പടച്ചോൻ കാണണ്ട്ഡോ.. അതുകൊണ്ടല്ലേ നല്ലൊരു മരുമോനെ കിട്ടീത്…

വേണു ചെറുതായി ഒന്ന് പുഞ്ചിരിച്ചു…

അവളോട് ഇഷ്ട്ടം തോന്നിയപ്പോൾ തന്നെ രതീഷ് അത് തുറന്ന് പറഞ്ഞിരുന്നു..

” എനിക്ക് അച്ഛൻ മാത്ര ഉള്ളു… ഇഷ്ടം എന്തായാലും അച്ഛനോട് പറഞ്ഞമതി… എന്റെ എല്ലാം കാര്യങ്ങളും കേട്ട് കഴിഞ്ഞിട്ട്, അപ്പോഴും ഈ ഇഷ്ട്ടം ഉണ്ടേൽ നമുക്ക് നോക്കാം…

രേഷ്മ തുറന്നടിച്ചു പറഞ്ഞു…

” അച്ഛനിപ്പോ ജയിൽ അല്ലെ… ഞാൻ പോയി കണ്ടോളം… സമ്മതോം വാങ്ങിക്കാം, അതിനുമുമ്പ് ഇയാളുടെ മനസോന്നറിയാൻ വന്നതാ….

രതീഷിന്റെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി…

വേണുവിനെ കാണാൻ രതീഷ് ഒരുദിവസം എത്തി… ഒന്നും അങ്ങോട്ട് പറയാൻ സമ്മതിക്കാതെ അവൻ എല്ലാം അയാളോട് പറഞ്ഞുകൊണ്ടിരുന്നു.. കറിയാച്ചനാണ് എല്ലാകാര്യങ്ങളും പറഞ്ഞതെന്ന് കൂടി അറിഞ്ഞപ്പോൾ അവന്റെ ഇഷ്ടത്തിന് തടസം നിൽക്കാൻ വേണുവിന് തോന്നിയില്ല…

” അച്ഛനും രേഷ്മയ്ക്കും ,… ആർക്കും ഒന്നും സംഭവിച്ചിട്ടില്ല… ഒരു ദുസ്വപ്നം കണ്ടു അത്രേയുള്ളൂ….

ഇത് അവളോട് തോന്നിയ സഹതാപോ, സങ്കടോ കൊണ്ടൊന്നുമല്ല… എനിക്ക് അത്രേയ്ക്ക് ഇഷ്ട്ടയത്കൊണ്ടാണ്… എന്റെ അമ്മയ്ക്കും…

രതീഷ് അത് പറഞ്ഞപ്പോൾ വേണുവിന്റെ കണ്ണുകൾ കണ്ണീരിൽ തിളങ്ങി …

ഇഷ്ട്ടം എന്ന വാക്കിന് നന്മ എന്ന അർത്ഥം കൂടിയുണ്ടെന്ന് വേണു അവനിലൂടെ തിരിച്ചറിഞ്ഞു…

” എന്റെ മോള് ഭാഗ്യം ചെയ്തോളാ…

അയാൾ മനസിൽ പറഞ്ഞു…

അവൻ വന്നതും പറഞ്ഞതും എല്ലാം അയാൾ ഓർത്തെടുത്തു…. പതിയെ അയാളൊരു ദീർഘനിശ്വാസം വലിച്ചുവിട്ടു….

കാണാൻ പല അവസരങ്ങളുണ്ടായിട്ടും തന്റെ മകൾ ഇവിടെ വന്ന് തന്നെയൊരിക്കലും കാണരുതെന്നും , ഇവിടെയുള്ളവരുടെ അർത്ഥം വെച്ചോരു നോട്ടംകൊണ്ട് പോലും തന്റെ മകളിനി വേദനിക്കാൻ പാടില്ലെന്ന് അയാളിലെ അച്ഛന്റെ മനസിന് നിർബന്ധമുണ്ടായിരുന്നു…..

പലവട്ടം കാണാനുള്ള ആഗ്രഹത്താൽ ഹൃദയം പിടഞ്ഞപ്പോഴും ഉള്ളാലെ അവളെ കാണാതെ കണ്ട് പിടിച്ചു നിന്നതും, നെഞ്ചിൽ ചായുറക്കിയ ഓർമകളെ താലോലിച്ചും, അവൾ നടന്ന് കയറുന്ന വളർച്ചയുടെ പടവുകൾ കേട്ട്മാത്രമറിഞ്ഞും , ഏഴ് വർഷം ഉള്ളിലൊതുക്കിയ നൊമ്പരങ്ങളും, സങ്കടങ്ങളും, ഇത്രനാൾ നീണ്ടു പോയാ ദീർഘമായ മൗനത്തിന്റെ കാർമേഘങ്ങളുമെല്ലാം ആ അച്ഛനും മകൾക്കുമിടയിൽ നാളെ പെയ്തൊഴിയാൻ പോകുകയാണ്….

ഇനിയുള്ള ഏഴ് ദിവസങ്ങൾകൊണ്ട് , ഏഴ് വർഷങ്ങൾ ഉള്ളിൽ കാത്ത് വെച്ച സ്നേഹത്തിന്റെ പാലാഴി അവൾക്കായി പകർന്നുകൊടുക്കണം… ഒപ്പം നേരുള്ള ആണൊരുത്തന്റെ കൈയിലേക്ക് അവളെ വിശ്വസിച്ചേല്പിക്കണം….

നൊമ്പരങ്ങൾക്ക് ഏഴ് ദിവസത്തെ അവധികൊടുത്ത് മൗനം മറനീക്കി പുതിയ പ്രഭാതം വിരിയുന്നത് സ്വപ്‌നംകണ്ട്, നേർത്ത പുഞ്ചിരിയോടെ അയാൾ ഉറങ്ങാൻ കിടന്നു…..

രചന: അധിരഥൻ അധിരഥൻ

Leave a Reply

Your email address will not be published. Required fields are marked *