ഒരുതരി പൊന്നിൽ തീർത്ത മിന്ന്

രചന : – ദീപാ. ഷാജൻ

‘എടാ മരമാക്രി… നീയെന്നെ തേപ്പുപെട്ടീന്നു വിളിക്കും അല്ലെ.. നിന്റെ പുറം ഞാനിന്നു പള്ളിപ്പറമ്പാക്കുമെടാ.. ‘

ഷെബിനെ കുനിച്ചു നിർത്തി മുതുകിടിച്ചു നിരത്തുകയാണ് റോസ്

‘പിന്നെ നാലാമത്തെയാളെയും തേച്ച നിന്നെ പിന്നെ ഞാൻ മാലാഖ എന്നു വിളിക്കാം.. തേപ്പുപെട്ടി… ‘

റോസ് ഇടിയുടെ ശക്തി കൂട്ടി.

‘എടീ റോസമ്മേ.. മതി നിർത്തേടി മരഭൂതമേ .. ഞാനിനി വിളിക്കില്ല അങ്ങനെ.. സോറി’

‘ഹും.. തൽകാലം വെറുതെ വിടുന്നു.. എന്നെ ഇനിയങ്ങനെ വിളിച്ചാലാ.. നിന്നെ ഞാൻ കൊന്നുകളയും.. ‘

‘സത്യം പറ നീയെന്തിനാടി ആ പാവം അനന്ദൂനേം തേച്ചത്. അവൻ പാവമല്ലാരുന്നോ’

‘അയ്യടാ പാവം.. നീ ഇപ്പൊ ഈ കോളജിൽ അല്ലല്ലോ. നീയൊള്ളപ്പോ അവൻ ഫസ്റ്റ് ഇയർ അല്ലാരുന്നോ.. അതാ നിനക്കങ്ങനെ തോന്നുന്നെ.. എടാ അവൻ മഹാ തല്ലിപ്പൊളിയാ.. എന്റെ കൂട്ടുകാരിയെ അവൻ പ്രേമം പറഞ്ഞു കൊണ്ട് നടന്നു. എന്നിട്ട് എല്ലാം കഴിഞ്ഞപ്പോ അവളെ തേച്ചു. അതു കൊണ്ടല്ലേ ഞാൻ അവനെ പരിശുദ്ധ പ്രേമത്തിന്റെ പേരും പറഞ്ഞു തേച്ചത്. ഇന്ന് കോളജിലെ അവസാന ദിവസമല്ലേ.. പിന്നെ നമ്മൾ ഇവിടുന്നു വീടും മാറി പോകുവല്ലേ. അപ്പൊ പിന്നെ അവൻ തിരക്കി വരാനൊന്നും പോകുന്നില്ല.’

‘അപ്പൊ ബാക്കിയൊക്കെയോ?’

‘അതുപിന്നെ നിനക്കറിഞ്ഞുകൂടെ.. കൊറേ ദിവസമാകുമ്പോ എനിക്കുബോറടിക്കും..’

‘അപ്പൊ.. കല്യാണം കഴിച്ചാലോ.. അവനേം ബോറടിക്കുമോ..’

‘അത് അപ്പോഴല്ലേ.. അന്നേരം നോക്കാം.. എനിക്ക് കല്യാണത്തിലൊന്നും വല്യ താത്പര്യമില്ലടാ.. … അല്ലാ.. അച്ചായൻ എന്നെ പിക്ക് ചെയ്യാനെന്ന പേരിൽ ആ സുന്ദരിക്കോതയെ കാണാനിറങ്ങിയതല്ലേ.. ചെല്ല്.. ചെല്ല്… ശ്രീദേവി അന്ധർജനം നോക്കി നിക്കുന്നുണ്ടാകും. ഞാൻ ആ കാന്റീനിൽ കാണും.. ഇന്നൂടല്ലേയുള്ളൂ.. അനന്തുവിനെ ശരിക്കൊന്നു വലിപ്പിക്കട്ടെ.. നീ പോകാൻ നേരം പറഞ്ഞാൽ മതി..’

*********

ഷെബിന്റെയും റോസിന്റെയും അച്ചന്മാർ ഒന്നിച്ചു ജോലി ചെയ്യുന്നവരാണ്. ഒന്നിച്ചു ഒരേ കോംബൗണ്ടിലാണ് താമസം. ഷെബിന്റെ പപ്പയുടെ കുടുംബം പാലായിലാണ്. റോസിന്റെ ഇടുക്കിയിലും. ഒരേ കമ്പനിയിൽ രണ്ടു ഡിവിഷനിൽ കഴിഞ്ഞ മുപ്പതുവര്ഷമായി ജോലി ചെയ്യുന്നു. കല്യാണം കഴിഞ്ഞു ഭാര്യമാരെയും കൂട്ടി എറണാകുളത്തു വാടകക്ക് താമസിക്കുന്നു. ഷെബിൻ റോസിനെക്കാൾ മൂന്നു നാലു വയസ്സ് മൂത്തതാണ്. റോസ് ഒറ്റപുത്രിയും ഷെബിന് ഒരു പെങ്ങളുമുണ്ട്. ഷൈനി.. അവളെ കെട്ടിച്ചു വിട്ടു.

റോസിന്റെ അപ്പച്ചന്റെ ഇടുക്കിയിലുള്ള വീട്ടിൽ ഇപ്പോൾ ആരുമില്ല. പുള്ളീടെ അപ്പച്ചൻ മരിച്ചിട്ട് പന്ത്രണ്ട് കൊല്ലമായി. കഴിഞ്ഞ വർഷം അമ്മച്ചിയും പോയി. കൂടെയുണ്ടാരുന്ന ഇളയ മോൻ ഭാര്യെടെ കൂടെ അമേരിക്കക്കും പോയി.. റോസിന്റെ അപ്പച്ചന്റെ വീതം വിറ്റിട്ട് എറണാകുളത്തു ഒരു വില്ല ബുക്ക് ചെയ്തിട്ടുണ്ട്. അതേ കോളനിയിൽ ഷെബിന്റെ പപ്പയും വില്ല മേടിച്ചിട്ടിട്ടുണ്ട്.

ഒന്നിച്ചു താമസം മാറാനാണ് പ്ലാൻ. ഈ വർഷം റോസിന്റെ ഡിഗ്രി കഴിയും. ഷെബീൻ എം ബി എ കഴിഞ്ഞു എറണാകുളത്തു തന്നെ ജോലി ചെയ്യുന്നു. ഇപ്പൊ ബാംഗ്ലൂരിൽ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്. അടുത്തമാസം ജോയിൻ ചെയ്യണം. മൂന്നു മാസം ട്രെയിനിങ്. പിന്നെ സ്ഥിരജോലി.

***********

വൈകിട്ട്‌ ഷെബിന്റെ പപ്പയും മമ്മയും റോസിന്റെ വീട്ടിൽ വന്നു. ഷെബിനും റോസും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഷെബിന്റെ പപ്പ ആദ്യ ബോംബിട്ടത്.

‘എടോ.. തന്റെ മോളെ ഞങ്ങൾക് തരാമെന്നു നേരത്തെ വാക്ക് പറഞ്ഞിട്ട്….ഇപ്പൊ അവൾക് കൊറേ വിവാഹലോചനകളൊക്കെ വരുന്നെന്നോ.. താൻ പറഞ്ഞ വാക്ക് മാറ്റാൻ നോക്കുവാണോ.’

ഷെബിനും റോസും കണ്ണു മിഴിച്ചു മുഖത്തോടു മുഖം നോക്കി.

‘പിന്നേ… വാക്ക് മാറാനോ ഈ ഞാനോ.. ഒന്നു പോടാ.. ആലോചന വരുന്നത് നമ്മളോട് ചോദിച്ചിട്ടാണോ.. വന്നതൊക്കെ ഞാൻ മടക്കി അയച്ചു. ഇനി പിള്ളേരുടെ ഇഷ്ട്ടം നോക്കിയാ മതി.. ഞാൻ ഇപ്പോഴേ റെഡി..’

‘അതിപ്പോ അവരോട് ചോദിക്കാൻ എന്തിരിക്കുന്നു.. രണ്ടും എപ്പോഴും കുറുകിക്കൊണ്ടിരിക്കുന്ന കണ്ടാ മനസ്സിലാവില്ലേ.. ‘

ഷെബിന്റെ മമ്മി അടുത്ത ബോംബിട്ടു.

‘ഇതെന്നാ ഏർപ്പാടാ.. ഞങ്ങൾ നല്ല കൂട്ടുകാരാ.. കല്യാണം പോലും.. ഒന്ന് പോ മമ്മി.’

റോസ് പറഞ്ഞു..

‘എടി കൊച്ചേ.. ഞങ്ങളും ഈ പ്രായം കഴിഞ്ഞാ വന്നേ.. രണ്ടിനും കല്യാണം കഴിക്കാതെ കറങ്ങി നടക്കാനാ താത്പര്യമെങ്കിൽ അതു നടക്കില്ല..’

‘ദേ.. മമ്മി..’

എന്തോ പറയാൻ ഒരുങ്ങിയ റോസിനെ ഷെബിൻ പിടിച്ചു വലിച്ചു കൊണ്ടു പോയി.

‘കണ്ടോ.. ചെറുക്കനു ബുദ്ധിയുണ്ട്. ‘

എല്ലാവരും പറഞ്ഞു ചിരിക്കാൻ തുടങ്ങി.

‘എടാ നീയെന്തിനാ എന്നെ പിടിച്ചു വലിച്ചു കൊണ്ടുവന്നത്.. നിൻറേം ശ്രീദേവീടേം കാര്യം പറഞ്ഞൂടാരുന്നോ.. ഞാൻ അത് പറയാൻ തുടങ്ങിയതല്ലേ..’

‘എടി പൊട്ടി.. നിനക്കറിയില്ലേ.. നമ്മുടെ പേരെന്റ്സിന്റെ സ്വഭാവം. അവർ അവളെ അപായപ്പെടുത്തും.. നമുക്ക് വേറെന്തേലും വഴി നോക്കാം.’

രണ്ടു പേരും ചിന്തിച്ചിരുന്നു

‘ഐഡിയ… എടാ നമുക്ക് കല്യാണം കഴിക്കാം.. എന്നിട് മൂന്നു മാസം കഴിഞ്ഞു നിന്റെ കൂടെ ഞാൻ ബാംഗ്ളൂർക്ക് വരൂല്ലേ അപ്പൊ നമ്മൾ തമ്മിൽ നല്ല വഴക്കാണെന്നു പറഞ്ഞു ഡിവോഴ്സ് ചെയ്യാം.. പിന്നെ നീ പറയുന്ന പെണ്ണിനെ അവർ കെട്ടിച്ചു തരും. ‘

‘നീയെന്താ കല്യാണം കളിയായിട്ടാണോ കാണുന്നെ.. അതൊന്നും ശരിയാവില്ല.. ഈ കല്യാണം മുടക്കണം. അല്ലാതെ വേറെ മാർഗമില്ല.’

*********

അവർ ആകുന്ന പണി പതിനെട്ടും നോക്കി . ഒടുവിൽ വീട്ടുകാരെ തമ്മിൽ അടിപ്പിക്കാൻ വരെ തുനിഞ്ഞു.. വിവാഹ ഒരുക്കങ്ങൾ മുറുകുന്നതല്ലാതെ അയഞ്ഞില്ല..

ഇനി വേറെ മാർഗം അവരുടെ മുന്നിൽ ഇല്ലായിരുന്നു. റോസ് പറഞ്ഞ മാർഗം അവലംബിക്കാൻ തീരുമാനിച്ചു.

*********

വിവാഹം പൊടി പൊടിച്ചു.. വിവാഹ ഫോട്ടോയിലും വീഡിയോയിലും അവർ നന്നായി അഭിനയിച്ചു. അന്ന് തന്നെ അവർ പുതിയ വില്ലയിലേക്കു താമസം മാറി.

രാത്രി ഷെബിന്റെ മുറിയിലേക്ക് അവന്റെ പെങ്ങൾ റോസിനെ തള്ളി വിട്ടു.

‘എന്താടീ.. ആദിരാത്രി പാലൊന്നും കൊണ്ട് വന്നില്ലേ..’

‘പിന്നേ പാല്.. ഒന്നു പോടാ മരമാക്രി… ‘

രണ്ടു പേരും ചിരിക്കാൻ തുടങ്ങി..

‘ചിരിക്കാതെ അപ്പുറത്തും കേട്ടാൽ അവരൊക്കെ തെറ്റിദ്ധരിക്കും…’

‘ഈ ഇത്തിരി പൊന്നിന്റെ മിന്നിനു വേണ്ടീട്ടാണോ ആൾക്കാരു ചാകാൻ നടക്കുന്നെ..’ അവൾ മിന്നു മാല ഊരി മേശപ്പുറത്തു വച്ചു. ഞാനീ ഡ്രെസ്സൊക്കെ മാറീട്ടു വരാം.. നമുക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കട്ടിലിലും സോഫയിലുമായി മാറി മാറി കിടക്കാം.. ‘

അവൾ പറഞ്ഞു.

അവൻ സമ്മതത്തോടെ തലയാട്ടി.

നല്ല സുഹൃത്തുക്കളായി അവർ തുടർന്നു.. വിരുന്നു പോക്കുമൊക്കെയായി ദിവസങ്ങൾ പോയി. രാവും പകലും ഒന്നിച്ചായതുകൊണ്ട് അവരുടെ സൗഹൃദം ബലപ്പെട്ടു.. എന്നാലും പഴയ കുട്ടിക്കളി മാറിയില്ല.

ഷെബീന് ബാംഗ്ലൂർക്ക് പോകേണ്ട ദിവസം വന്നു. എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിഷമം റോസിനെ പിടികൂടി. എന്താണെന്നറിയില്ല.

ഷെബീന് ബാംഗ്ലൂർക്ക് യാത്രയായി..

മുറിയിൽ വന്ന റോസിന് എന്തോ നഷ്ടപ്പെട്ട ഒരു ദുഃഖം അനുഭവപ്പെട്ടു.. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. രാത്രി കിടക്കാൻ നേരം അവൾ അലമാരയിൽ അശ്രദ്ധമായി ഊരിയെറിയപ്പെട്ട ആ നിധി എടുത്തു. ഒരു തരി പൊന്ന്.. ഈ പൊന്നിന്റെ വില അവൾക്കിപ്പോൾ മനസ്സിലായി തുടങ്ങി.

എന്നും ഷെബീന് ഫോൺ ചെയ്യും. സൗഹൃദ സംഭാഷണങ്ങൾ മാത്രം.. മറ്റൊന്നും പറയാൻ അവൾക് മനസ്സു വന്നില്ല.. ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ ഒരു വിശേഷം പറഞ്ഞു.

‘എടീ… ഞാൻ എന്റെ ശ്രീകുട്ടിയെ ഇങ്ങു കൊണ്ടുവന്നു. ഇപ്പോൾ ഞങ്ങൾ ഒന്നിച്ച ഒരു വീടെടുത്തു… ഞാൻ അവളുടെ കയ്യിൽ കൊടുക്കാം..’

റോസിന്റെ കൈ യാന്ത്രികമായി ഫോൺ കട്ട് ചെയ്യാൻ പോയപ്പോൾ മരുതലക്കൽ ശബ്ദം വന്നു.

‘ഹലോ.. റോസ്.. ഞാനാ ശ്രീദേവി.. നീ ഞങ്ങൾക്കുവേണ്ടി ഇത്രയും വലിയ ത്യാഗം ചെയ്തു.. എങ്ങനെ നന്ദി പറയണമെന്നറിയില്ല..’

റോസ് ഒന്നും കേട്ടില്ല.. ഫോൺ കട്ട് ചെയ്ത് അവൾ കിടക്കയിലേക്ക് വീണു..

******* എന്നും ഷെബീന് വിളിക്കും.. വിശേഷങ്ങൾ പറയും. മൂന്നുമാസം കഴിഞ്ഞപ്പോൾ ഷെബിന്റെ കഴിവ് കണ്ട കമ്പനി അവനെ അമേരിക്കയിൽ അസിസ്റ്റന്റ് മാനേജരായി പോസ്റ്റ് ചെയ്തു. രണ്ടാഴ്ചക്കുള്ളിൽ പോകണം. രണ്ടാഴ്ചത്തേക്ക് അവൻ നാട്ടിൽ വന്നു.

റോസിന് വന്ന മാറ്റം അവനെ അത്ഭുതപ്പെടുത്തി.. അടുക്കളയിൽ കയറാത്ത അവൾ മമ്മീടെ കൂടെ സഹായിക്കുന്നു..

‘മമ്മി.. ഇവൾക്കിതെന്തു പറ്റി.. ‘

‘എടാ.. അവളിപ്പോൾ എന്റെ നല്ല മരുമകളാ.. എല്ലാ ജോലീം ചെയ്യും..’

ഷെബീന് അവൾടെ അടുത്തു വന്നു പറഞ്ഞു

‘നീ അഭിനയിച്ചു തകർക്കുവാ അല്ലെടി.. കള്ളി..’

റോസ് അത്ര തെളിമയില്ലാതെ ചിരിച്ചു.

‘നീയിങ്ങ് വന്നേ.. ഒരു കാര്യം പറയട്ടെ.. ‘

അവൾ അവന്റെ കൂടെ മുറിയിൽ ചെന്നു.

‘മുൻപേ പപ്പാ ചോദിച്ചപ്പോ ഫാമിലി വിസ ഇല്ലെന്നു വെറുതെ പറഞ്ഞതാ.. ഉണ്ട് പക്ഷെ.. നീയാദ്യം ഡിവോഴ്സ് തരണം. എന്നാലെ എനിക്ക് ശ്രീക്കുട്ടീടെ പേരിൽ വിസ ഉണ്ടാക്കാൻ പറ്റൂ.. പാവത്തിനെ ഒറ്റക്ക് ബാംഗ്ലൂര് ആക്കി വന്നതാ ഞാൻ. ഇന്ന് തന്നെ നീ ഒപ്പിടണം.. എന്നാലേ രണ്ടാഴ്ചക്കുള്ളിൽ എല്ലാം ശരിയാകൂ. ഇന്നാ ഇതിൽ ഒപ്പിട്..’

ഒപ്പിടില്ലന്നോരായിരം വട്ടം അവൾ മനസ്സിൽ പറഞ്ഞു. പക്ഷെ.. വേറെ മാർഗമില്ല. താനായിട്ടുണ്ടാക്കിയ കുരുക്കാണ്.. അല്ലെങ്കിൽ ഒരു പാവം പെണ്ണിന്റെ ജീവിതം ഇല്ലാതാവും..

അവൾ ഒപ്പിട്ടു കൊടുത്തു..

അടുത്ത ദിവസം തന്നെ ഷെബീന് സന്തോഷത്തോടെ യാത്രയായി. ഇനി എന്തേലും കാരണം കണ്ടെത്തി ഈ വീട്ടിൽ നിന്നിറങ്ങണം.. കുറച്ച് ദിവസം കഴിയട്ടെ.

**********

ഒരാഴ്ച കഴിഞ്ഞു ഷെബീന് വീണ്ടും വന്നു.

‘പോകുന്നതിനുമുൻപ് എല്ലാവരേം ഒന്നു കണ്ടിട്ടു പോകാമെന്ന് കരുതി.’

റോസ് അവന്റെ പുറകെ ഒരു പാവയെ പോലെ റൂമിലേക്ക് പോയി.

‘എന്തായാലും എല്ലാം കഴിഞ്ഞില്ലേ. ഇനി ആ മിന്നു മാല ഇങ്ങു തന്നേക്കൂ. അതിനി ശ്രീദേവിക്ക് അവകാശപ്പെട്ടതാണ്.’

റോസ് ഞെട്ടലോടെ കഴുത്തിൽ കിടന്ന മാലയിൽ നോക്കി.

‘ഞാൻ ഇത് തരില്ല. ഇത് എൻറെയാ..’

‘എന്താ.. ഒരുതരി പൊന്നിന്റെ വില നിനക്കു മനസിലായോ..’

റോസ് അവനെ നോക്കി.

‘നിന്നെ ഇതൊന്നു മനസിലാക്കി തരണം എന്നെ ഉണ്ടായിരുന്നുള്ളു. എതായാലും ഈ മിന്ന് നീ തന്നെ വച്ചോ.. അവൾക് ഞാൻ വേറെ വാങ്ങിക്കോളാം. പിന്നെ ഫാമിലി വിസ റെഡിയായി. ഇന്ന് വൈകിട്ട്കൊച്ചിന്നാ ഫ്ലൈറ്റ്. അവൾ അങ്ങോട്ടു വരും. ഞാൻ പപ്പയോടും മമ്മയോടും അപ്പച്ചനോടും മമ്മിയോടും എല്ലാം പറഞ്ഞു മനസിലാക്കിക്കോളാം. നീ നിന്റെ ഡ്രസ്സും മറ്റു സാധാനങ്ങളുമൊക്കെ പാക്ക് ചെയ്തു റെഡി ആയിക്കോ.. നിന്നെ വീട്ടിൽ വിട്ടിട്ട് ഞാൻ പൊക്കോളാടീ..’

അവൾ കണ്ണീരോടെ എല്ലാം പാക്ക് ചെയ്തു. പോകുന്ന വഴി വീടിന്റെ അടുത്തെത്തിയിട്ടും വണ്ടി നിർത്തിയില്ല. എയർപ്പോർട്ടിൽ ചെന്നപ്പോൾ അവൻ പറഞ്ഞു. ഞാൻ പോയിട്ടു പപ്പ നിന്നെ കൊണ്ടു വിട്ടോളും. അവൻ എല്ലാവരേം കൈ കാണിച്ച ശേഷം അകത്തേക്ക് പോയി.

********** പെട്ടെന്ന് അവൾക്കൊരു ഫോൺ വന്നു ഷെബിന്റെ നമ്പർ.

‘എടീ.. പോത്തെ.. നിന്റെ ബാഗും കൂടി എടുത്തൊണ്ടാ ഞാൻ വന്നത്. എനിക്കിനി ഇറങ്ങി വരാൻ പറ്റില്ല. വന്നു ഇത് എടുത്തോണ്ട് പോ.. ‘ അവൾ അകത്തേക്ക് കയറി ചെന്നു. പക്ഷെ അവർ അകത്തേക്ക് ബോർഡിങ് പാസ് ഇല്ലാതെ കടത്തി വിടില്ലാന്ന് പറഞ്ഞു. അപ്പോൾ ഷെബിൻ ബോർഡിങ് പാസ്സുമായി എത്തി. അവൾ അവിശ്വസനീയതയോടെ അവനെ നോക്കി. അവൻ കണ്ണടച്ചു കാണിച്ചു.

ചെക്ക് ഇൻ കഴിഞ്ഞു രണ്ടു പേരും വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നു.

‘എന്തൊക്കെയാ.. ഇവിടെ നടന്നെ.ഡിവോഴ്സ് പേപ്പർ??.’ റോസ് ചോദിച്ചു

‘പേപ്പർ തരുമ്പോ വായിച്ചു നോക്കണം. അത് വിസക്കുള്ള ഫോമായിരുന്നു.ഞാൻ വെറുതെ പറഞ്ഞതാ ശ്രീദേവീടെ കാര്യം.. അവളെ അതിൽപിന്നെ ഞാൻ കണ്ടിട്ടില്ല. അന്ന് നിന്നോട് സംസാരിച്ചത് എന്റെ കൂടെ ജോലി ചെയ്യുന്ന ആശയാ…പിന്നേ….’

‘പിന്നേ…??’

‘അന്ന് കോളേജിൽ അവസാന ദിവസം കാണാൻ പോയില്ലേ. അന്ന് അവളെനിക്കൊരു സൂത്രം തന്നു..’

‘എന്ത്’ റോസ് കണ്ണുരുട്ടി..

‘അത്…. അവൾടെ കല്യാണക്കുറി… അവൾ നിന്നെക്കാൾ വലിയ ഇരുമ്പു തേപ്പുപെട്ടിയാടീ..’

‘ഹാ… ഹാ… ഹാ… ഹാ…’ പരിസരം മറന്നു റോസ് ചിരിച്ചു. എല്ലാവരും അവളെ നോക്കി. ഷെബീന് അവൾക് ചെറിയ ഒരു നുള്ളു കൊടുത്തു.

‘അന്ന് നീ എന്നെ കളിയാക്കി കൊല്ലുമെന്നറിഞ്ഞോണ്ടാ പറയാതിരുന്നെ.. പക്ഷെ കല്യാണം മുടക്കണമെന്നുണ്ടായിരുന്നു. പിന്നെ നിന്റെ ഒടുക്കത്തെ ഐഡിയ കേട്ടപ്പോ ഒരു പണി തരണമെന്ന് തോന്നി.. പക്ഷെ നിന്നെ പിരിഞ്ഞിരുന്നപ്പോഴാ എന്റെ റോസമ്മ എനിക്ക്‌ എത്ര മാത്രം പ്രിയപ്പെട്ടവളാണെന്നു മനസ്സിലായത്. നിനക്കും അതു മനസിലാക്കിത്തരാൻ വേണ്ടിയാ.. ഈ നാടകം ഒക്കെ കളിച്ചെ.. ഐ ലവ് യൂ റോസമ്മേ..’

‘ഐ ലവ് യൂ ടൂ… ഷെബിച്ചായാ…’

‘എന്താ വിളിച്ചേ..’

‘അല്ലാ.. ഭർത്താവിനോടുള്ള ബഹുമാനം… ‘

‘നീയിനി അങ്ങനെ വിളിച്ചാൽ മതി.. കേൾക്കാൻ ഒരു സുഖമുണ്ട്.. ‘’

റോസ് ഷെബിന്റെ തോളിലേക്കു ചാഞ്ഞു..

********

രചന : – ദീപാ. ഷാജൻ

Leave a Reply

Your email address will not be published. Required fields are marked *