ഒരു കല്യാണം ഉണ്ടാക്കിയ കല്യാണം

രചന :- കീർത്തന ദ്വിഷി

ഏപ്രിലിലെ ചൂട് എനിക്കേറ്റവും പ്രിയമുള്ള ഒരു കാര്യമാണ് . മറ്റുള്ളവർ ഡിസംബറിലെ തണുപ്പിൽ കോച്ചി പിടിച്ചു പുതച്ചുമൂടി കിടന്നുറങ്ങുമ്പോൾ ഞാൻ പുതചുമൂടി കിടന്നുറങ്ങുന്നത് ഏപ്രിൽ മെയ് മാസത്തിലെ കൊടും ചൂടിൽ ആണ് . അന്ന് ഏപ്രിൽ 21 ന് … അതിനു തലേദിവസം അച്ഛന്റെ ഒരു അകന്ന ബന്ധത്തിലെ കല്ല്യാണ ത്തേക്കുറിച്ച് ചർച്ച ചെയ്താണ് അവർ ഉറങ്ങിയത്. ഞാനില്ല എന്ന് തലേന്ന് തന്നെ പറഞ്ഞിരുന്നു. പക്ഷേ കാലത്ത് അവർ വാക്കുമാറി. പോയി യാത്രയാവാൻ പറഞ്ഞു.

കാലത്തെ എഴുന്നേറ്റത് പ്രാകിക്കൊണ്ടാണെലും പുതിയ ചുരിദാർ ആണല്ലോ ഇട്ടുപോക്കുന്നതെന്ന ത്രില്ലിൽ ഞാനങ്ങ് വേഗം പോയി കുളിച്ചു യാത്രയായി നിന്നു.

“ആരുടെ കല്ല്യാണ അമ്മേ..?”

“ഇന്നാള് ഒരു ചേട്ടനും വല്യച്ഛനും വന്നില്ലേ കല്ല്യാണം വിളിക്കാൻ…”

“ഒാ മനസ്സിലായി..”

അല്ലേലും ചേട്ടന്മാരെ നമ്മള് പണ്ടെ ശ്രദ്ധിക്കുമല്ലോ…. വീണ്ടും സംശയം…

“അതാരാ അവർ..”

അതാ വിശദീകരണം കൊണ്ട് അച്ഛൻ പുറത്തുവന്നു..

“എന്റെ മാമന്റെ മോനും അവന്റെ മോനുമാണ് വന്നത്..”

ഓ… ന്തേലും ആവട്ടെന്ന് കരുതി. പിന്നെ പണ്ടുമുതലേ ഇക്ക് ഭക്ഷണത്തിനോട് ഇക്കിത്തിരി സ്നേഹ കൂടുതൽ ഉള്ളൊണ്ട് സദ്യയെ ഓർത്ത് ഞാനും പുറപ്പെട്ടു.. സദ്യ യൊക്കെ ആരാ വെറുതെ വിടാലെ..?

അവിടെ എത്തിയപ്പോ അച്ഛന്റെ ബന്ധുക്കളൊക്കെ ഒരേ ചോദ്യം.. “ അറിയോ”…? ന്ന്… ഒന്നു പുഞ്ചിരിച്ചു കൊടുത്തു എല്ലാവർക്കും… ഇല്യന്നോ ഉണ്ടെന്നോ പറഞ്ഞില്ല… എങ്ങനെയുണ്ട്…?😋😋 ഞാനെങ്ങനെ അറിയാനാ… ഹാ.. ആത്മഗതം എന്നൊന്ന് ഉണ്ടായത് നന്നായി.. അല്ലേൽ ഞാനിതൊക്കെ ആരോട് പറയും ആ നേരത്ത്…? ഓർമ്മ വെച്ചതിനുശേഷം ഇവരെയൊക്കെ ഞാൻ ആദ്യമായാണ് കാണുന്നത് തന്നെ.

ആരും സംസാരിക്കാൻ ഇല്ലാത്തതുകൊണ്ട് അനിയത്തിയുമായി വഴക്കുണ്ടാക്കി ഫോണിൽ സ്നൈക് ഗെയിം കളിച്ച് ഇരിക്കുകയായിരുന്ന എന്റെ മുഖത്തുനോക്കി ചിരിക്കുന്ന ഒരു ചെക്ക് ഷർട്ട് ക്കാരനെ ശ്രദ്ധയിൽപ്പെട്ടത്

‘ഓ ഇതന്ന് വന്ന ചേട്ടനല്ലെ.’

ഞാനും ഒന്ന് ചിരിച്ചുകൊടുത്തു. കുറച്ചുകഴിഞ്ഞ് എവിടെ നോക്കുമ്പോഴും ഈ മനുഷ്യൻ മുഖത്ത് നോക്കി ചിരിക്കുന്നു.. “കാണാൻ കൊള്ളാം… പക്ഷേ ചേട്ടനാണ് …” ഞാൻ നല്ല കുട്ടിയായി . റിസപ്ഷന് പോകാൻ അവരൊക്കെ ഒരുങ്ങി വന്നു. നമ്മുടെ കഥാപാത്രം അതാ ഒരു നീല പ്ലൈൻ ഷർട്ടും വെള്ള മുണ്ടുമെടുത്ത് വരുന്നു. നീല പണ്ടേ മ്മടെ വീക്ക്നെസ് ആണ്. കൂടെ വെള്ളമുണ്ടും.. നല്ല കോംബിനേഷൻ. ഒന്നു ചിരിച്ചുകോടുത്തു.. ആ ചിരി ആള് പെട്ടന്ന് പ്രതീക്ഷിച്ചില്ല . “നല്ല ഭംഗിയുണ്ട് ന്ന്‌ പറയണമെന്ന് കരുതി”. പക്ഷേ ഒരു ചിരി മാത്രമേ പുറത്തേക്ക് വന്നുള്ളൂ .. റിസപ്ഷന് പോയപ്പോൾ ഒറ്റക്കായ പോലെ തോന്നി. സാധാരണ എല്ലാ കല്ല്യാണങ്ങൾക്കും കസിൻസിൻറെ കൂടെ അടിച്ചുപൊളിക്കുന്ന ഞാൻ വളരെ ‘ ഡീസന്റ്’ ചമഞ്ഞ് ഉറക്കം തൂങ്ങി . അവിടെ എത്തിയപ്പോൾ വീണ്ടും ഉഷാറായി… ഭക്ഷണമുണ്ടല്ലോ.. വെള്ളയപ്പം നിക്ക് ആദ്യെ ഇഷ്ടാണ്. അതോണ്ട് വിനയകുലീനയായി ഞാൻ കഴിച്ചു.. ഇത്തിരി സ്പീഡ് കൂടിയോ ന്ന്‌ ഒരു സംശയം മത്രുള്ളു… അതവസാനിപ്പിച്ച് നേരെ നോക്കിയപ്പോ അന്തംവിട്ട് കുന്തം വിഴുങ്ങി നോക്കി നിൽക്കുന്ന രണ്ടു കണ്ണുകൾ കണ്ടൂ.. ഒരു വളിഞ ചിരി വെച്ചു കൊടുത്തു.

“അല്ലേലും ഇക്ക്‌ മറ്റുള്ള പെൺപിള്ളേരെ പോലെ ജാടയൊന്നുല്ല. “ അങ്ങനെ മനസ്സിൽ പറഞ്ഞ് ആശ്വസിച്ചുവെങ്കിലും ആ ചേട്ടൻ കണ്ട നല്ല ചമ്മൽ നിക്കുണ്ടാർന്ന്. അല്ല.. ഞാനെന്തിന് കാര്യാക്കണംം? ഇന്ന് കഴിഞ്ഞാൽ പിന്നെ ഇവരെയൊന്നും ഞാൻ കാണില്ലല്ലോ എന്ന ആശ്വാസത്തിൽ ഞാൻ കൈ കഴുകി പോന്നു. അവിടെ നിന്നും തിരിച്ചു കല്ല്യാണവീട്ടിൽ എത്തി അവിടെനിന്നും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോഴും അവിടെ അവരൊന്നും എത്തിയിരുന്നില്ല.. ഓട്ടോ കാത്തു നിൽക്കുന്ന നേരത്താണ് ചെക്കന്റെയും പെണ്ണിന്റെയും കൂടെ ആങ്ങള പെട്ടിയും പിടിച്ച് ഇറങ്ങി വന്നത്. അച്ഛനും അമ്മയും അവരോട് യാത്ര പറഞ്ഞു. അവരങ്ങു നടന്നു നീങ്ങി. ആ ഇടവഴിയുടെ അറ്റത്ത് നിന്നും ആ കണ്ണുകൾ ന്നെ പാളിനോക്കി. ഞങ്ങളുടെ മിഴികൾ പരസ്പരം യാത്ര പറയുന്നതിലുപരി ഇനിയും കാണാം എന്ന സന്ദേശമാണ് കൈമാറിയത്. വീടെത്തിയപ്പോൾ ഒരു സമാധാനവും ഇല്ല. എന്തോ അവിടെ ഇട്ടു പോന്ന പോലെ ഒരു തോന്നൽ.. അന്നു രാത്രി മുഴുവനും ആ നോട്ടം മനസ്സിന്റെ ‘ വടക്കുകിഴക്കേ അറ്റത്ത് ‘ അലയടിച്ചുകൊണ്ടിരുന്നു.

പിറ്റെ ദിവസം വന്ന ന്റെ മുഖപുസ്തക താളിൽ വന്ന റിക്വസ്റ്റുകളുടെ കൂട്ടത്തിൽ ആസെപ്റ്റ് ചെയ്തവയിൽ നമ്മുടെ കഥാപാത്രം പെട്ടത് ഞാനറിഞ്ഞില്ല.. അന്നു രാത്രി ഒരു മെസ്സേജ് വന്നു. “അമ്മു ന്നാണോ വീട്ടിൽ വിളിക്കാ..?”

“അതേ..”

(ഹും ..വലിയൊരു കണ്ടുപിടുത്തം.. ന്റെ പ്രൊഫൈലിൽ കാണാലോ.)

“ഇയാളുടെ അച്ഛന് വല്ല അസുഖവും ഇപ്പൊ അടുത്ത് വന്നിരുന്നോ.. ?”

ആ ചോദ്യം കേട്ടപ്പോൾ പ്രൊഫൈൽ ഒന്ന് പരതി … നോക്കിയപ്പോൾ മ്മടെ ആളാണ്… തപ്പി പിടിച്ച് റിക്വസ്റ്റ് അയച്ചിരിക്കുന്നത് . സ്റ്റാറ്റസ് സിംഗിൾ ആണ്..😂😂 അതാണല്ലോ അറിയേണ്ടതും.. അന്ന് അവിടന്ന് തുടങ്ങിയ സംസാരം ഇന്ന് ദാ ഇവിടെ ഈ ബെഡ്റൂമിൽ വന്നാണ് അവസാനിച്ചത്… 5 വർഷത്തിന്റെ കാത്തിരിപ്പിന് ഒടുവിൽ ഒരു നിലവിളക്കിന്റെ ശോഭയിൽ ഇന്നലെ ഞാൻ ഒരു താലിയുടെയും ഒരു നുള്ള് കുങ്കുമത്തിന്റെ യും. അവകാശത്തിൽ ഞാനീ പടി കടന്നു…

ശുഭം….

രചന :- കീർത്തന ദ്വിഷി

Leave a Reply

Your email address will not be published. Required fields are marked *