ഒരു ഹോസ്പിറ്റൽ പ്രണയകഥ

രചന : – ദീപാ ഷാജൻ

കൂട്ടുകാരന്റെ കുഞ്ഞിനെ കാണാൻ എറണാകുളത്തു ഹോസ്പിറ്റലിൽ പോയതായിരുന്നു സന്ദീപ്. കുഞ്ഞിന് ബിലിറുബിൻ കൂടി കുട്ടികളുടെ ഐ സി യൂവിലായിരുന്നു. കൂട്ടുകാരന്റെ കൂടെ കുഞ്ഞിന്റെ വിവരങ്ങൾ അറിയാൻ അവൻ ഐ സി യൂ വിന്റെ മുന്നിലെത്തി. അവിടെ വാതിൽ തുറന്നു പുറത്തേക്ക് വന്നത് അക്ഷരാർഥത്തിൽ ഒരു മാലാഖ തന്നെയായിരുന്നു. അവളുടെ മുന്നിൽ വായും പൊളിച്ചു നിന്ന അവനു കൂട്ടുകാരൻ ഒരു തട്ടു കൊടുത്തപ്പോളാണ് സ്ഥലകാല ബോധം വന്നത്. അവർ കുഞ്ഞിന്റെ കാര്യങ്ങൾ അന്വേഷിച്ചു.

പിന്നീട് കുഞ്ഞിന്റെ കാര്യങ്ങൾ അറിയാൻ കൂട്ടുകാരനെക്കാളും ആവേശം സന്ദീപിനായിരുന്നു. എപ്പോഴും പോയി അന്വേഷിക്കും. അങ്ങനെ നഴ്‌സിന്റെ പേര് പ്രിയ എന്നാണ് എന്നു മനസ്സിലാക്കി. രണ്ടാം ദിവസം കുഞ്ഞിന്റെ കാര്യം അന്വേഷിച്ചു ചെന്ന സന്ദീപിനോട് കാര്യങ്ങൾ പറഞ്ഞത് മറ്റൊരു നേഴ്സ് ആയിരുന്നു.

‘അല്ല സിസ്റ്ററെ… മറ്റെ സിസ്റ്ററില്ലേ.. പ്രിയ..’ സന്ദീപ് ചോദിച്ചു. അവളൊന്നു ഇരുത്തി മൂളി.. എന്നിട്ട് പ്രിയക്കു നെറ്റ് ഡ്യൂട്ടി ആണെന്നറിയിച്ചു.

അന്ന് രാത്രി അവൻ വീണ്ടും അവിടെ ചെന്നു പ്രിയതന്നെ വാതിൽ തുറന്നു. അവൻ കുഞ്ഞിന്റെ കാര്യം അന്വേഷിച്ചു. അവൾ നെറ്റിചുളിച്ചു ‘കുഞ്ഞു ഡിസ്ചാർജ് ആയ കാര്യം കൂട്ടുകാരൻ പറഞ്ഞില്ലേ. ‘ അവൻ ഒന്നു ചമ്മി.. ‘അല്ല.. ഞാൻ വന്നതെ.. കുഞ്ഞിനു വേണ്ടി വീട്ടിൽ ചെയ്യണ്ട കാര്യങ്ങളെ പറ്റി അറിയാനാണ്. കൂട്ടുകാരന്റെ വൈഫിന് സിസ്റ്ററെ പറ്റി നല്ല അഭിപ്രായമാ. അതുകൊണ്ട് സിസ്റ്ററിന്റെ നമ്പർ ഒന്നു തരാൻ പറഞ്ഞു.’

സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

‘സിസ്റ്റർക്കു സംശയമാണെങ്കിൽ ഞാൻ അവനെ വിളിക്കാം.’

അവൻ മാറി നിന്നു കൂട്ടുകാരനെ വിളിച്ചു. അവനോട് പറഞ്ഞു.

‘എടാ സഹകരിക്കണം. അവൾടെ നമ്പർ ഒന്നു വാങ്ങാനാ..’

അവൻ ചുരുക്കത്തിൽ മാറിനിന്നു കൂട്ടുകാരനെ എല്ലാം പറഞ്ഞു മനസ്സിലാക്കി. എന്നിട്ട് ഫോൺ അവൾടെ കയ്യിൽ കൊടുത്തു. അവൾ പറഞ്ഞ് കൊടുത്ത നമ്പർ അവൻ അവൻറെ മനസ്സിൽ കുറിച്ചിട്ടു.

‘താങ്ക്സ്..’

അവൻ അവിടെ നിന്നും തിരിച്ചു നടന്നു. രണ്ടു ദിവസം കഴിഞ്ഞ് സന്ദീപ് പ്രിയയെ ഫോണിൽ വിളിച്ചു.

‘ കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല എന്തു ചെയ്യണം സിസ്റ്റർ. ‘

ഫോണിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവൾക് സംശയം ഒന്നും തോന്നിയില്ല. അവൾ കുഞ്ഞിന്റെ കരച്ചിൽ നിർത്താനുള്ള വഴികൾ പറഞ്ഞു കൊടുത്തു. *******

പിന്നീട് അവൻ എന്നും ഫോൺ ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അവൾക്ക് ആരോചക മായി തോന്നിയെങ്കിലും അവൻ അവന്റെ വാചക കസർത്തു കൊണ്ട് അവളെ കയ്യിലെടുത്തു. അവർ നല്ല കൂട്ടായി.

പിന്നെ അവളെ പറ്റിയുള്ള എല്ലാ വിവരങ്ങളും അവൾ പറഞ്ഞു. നാട് തൃശൂർ ജില്ലയിൽ. പക്ഷെ അവിടെ ഇപ്പൊ ആരുമില്ല. ഒരു മുത്തശ്ശി മാത്രമാണുണ്ടായിരുന്നത്. അവർ രണ്ടു വർഷം മുൻപ് മരിച്ചു. അതിനുശേഷം ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ. ഇതിനിടെ ലോണെടുത്താണ് ബാംഗ്ലൂര് നഴ്സിങ് പഠിച്ചത്. ഇവിടെ എറണാകുളത്തു ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി കിട്ടിയപ്പോൾ ഹോസ്റ്റലിലേക്ക് മാറി.

അവനും പറഞ്ഞു. അവന്റെ കഥ. ‘ ഞാൻ ഒരു സ്കൂൾ മാഷാണ്. വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും അനിയനും ഉണ്ട്. അനിയത്തിയെ കെട്ടിക്കണം. അതിനുള്ള കഷ്ടപ്പാടാണ്. ശമ്പളം വളരെ തുച്ഛമാണ്.’

‘സാരമില്ല മാഷേ.. എല്ലാം നടക്കും. ‘

‘എനിക്ക് തന്നെ ഒന്നു കാണണം. എപ്പോഴാ സമയം കിട്ടുന്നെ. ‘

‘എന്തിനാ മാഷേ കാണുന്നെ.. എന്തായാലും നാളെ എനിക്ക് ഓഫ് ആണ്. നാളെ പറ്റുമെങ്കിൽ പൊന്നോളൂ. നമുക്ക് ഇവിടെ അടുത്തൊരു പാർക്കുണ്ട് അവിടെ വച്ച് കാണാം . ബൈ.. ‘

എന്തോ പ്രിയക്കു അവനോട് എന്താണ് തോന്നുന്നതെന്നു മനസ്സിലായില്ല. എന്തായാലും അവനെ കാണണമെന്ന് ഉള്ളുകൊണ്ട് അവളും ആശിച്ചു.

പിറ്റേ ദിവസം അവർ പാർക്കിൽ വച്ചു കണ്ടു. രണ്ടു പേരും ആദ്യം ഒന്നും സംസാരിച്ചില്ല. സന്ദീപാണ് ആദ്യം സംസാരിച്ചത്.

‘വളച്ചുകെട്ടില്ലാതെ കാര്യം പറയാം. എനിക്ക് തന്നെ ഇഷ്ടമാണ്. തന്റെ എല്ലാ സങ്കടങ്ങളോടും കൂടി തന്നെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. എന്റെ എല്ലാ പ്രാരാബ്ധങ്ങളോടും കൂടി തനിക്കെന്നെ ഇഷ്ടമാണെങ്കിൽ മാത്രം.. എന്റെ ഇഷ്ടത്തിന് എന്റെ വീട്ടുകാർ എതിരു നിൽക്കില്ല. എന്റെ പെങ്ങളുടെ കല്യാണം കഴിയുന്നതുവരെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഈ കണ്ണിനി നിറയില്ലെന്നു ഞാൻ ഉറപ്പു തരാം.’

ഇത്രയും പറഞ്ഞു അവൻ അവളുടെ കണ്ണിലേക്ക് നോക്കി. പ്രിയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

‘ഞാൻ ഒരനാഥയാണ്. എന്നെ സ്വീകരിക്കാൻ മാഷിന്റെ വീട്ടുകാർ തയ്യാറാകുമോ?ജീവിതത്തിൽ ഇന്ന് വരെ സ്നേഹം ഒരമ്മയുടെ സ്നേഹം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല. മാഷിന്റെ അമ്മ എനിക്കത് തരുമോ? ഒരച്ഛന്റെ സംരക്ഷണം കിട്ടിയിട്ടില്ല. മാഷിന്റെ അച്ഛൻ എനിക്കാസംരക്ഷണം തരുമോ? സഹോദരങ്ങളെന്താണെന്ന് സഹോദര സ്നേഹം എന്താണ് എന്നെനിക്കറിയായില്ല. മാഷിന്റെ സഹോദരങ്ങൾ എനിക്കത് മനസിലാക്കി തരുമോ ?’

ഇതിനെല്ലാം ഉത്തരമായി അവളെ മാറോടു ചേർക്കാൻ മാത്രമേ സന്ദീപിന് കഴിഞ്ഞുള്ളു. അവളുടെ നിറഞ്ഞ കണ്ണുകൾ അവൻ തുടച്ചു. അവന്റെയും കണ്ണുകൾ നിറഞ്ഞു. അതൊരു. വാഗ്ദാനമായിരുന്നു എന്നും എന്നും കൂടെയുണ്ടാകും എന്ന വാഗ്ദാനം.

*************

പിന്നീട് അവർ ഫോണിൽ കൂടി ഒരുപാട് അടുത്തു. പിരിയാനാകാത്ത വിധം.

ഒരു ദിവസം പ്രിയക്കു സന്ദീപിനെ ഫോൺ വന്നു. പിറന്നാൾ ആശംസിക്കാനാണെന്നു അവൾക് അറിയാമായിരുന്നു. ‘എടോ.. താൻ തൃശ്ശൂരുള്ള സാന്ദീപനി ചാരിറ്റബിൾ ഹോസ്പിറ്റൽ വരെ ഒന്നു വരണം. അത്യാവശ്യമാണ്.’

ഒരുപാട് വട്ടം തിരക്കിയിട്ടും. അവൻ കാര്യം വ്യക്തമായി പറഞ്ഞില്ല.

പ്രിയ പിറ്റേ ദിവസം ലീവ് എടുത്തു. രാവിലെ തന്നെ ത്രിശ്ശൂർക് തിരിച്ചു. ബസ് സ്റ്റാൻഡിൽ സന്ദീപിന്റെ കൂട്ടുകാരൻ ഉണ്ടായിരുന്നു. അവൾ എന്താ കാര്യം എന്നു ചോദിച്ചു കൊണ്ടേയിരുന്നു. അയാൾ ഒന്നും വിട്ടു പറഞ്ഞില്ല. അയാളുടെ കാറിൽ അവർ ഹോസ്പിറ്റലിൽ എത്തി. അവൾ അയാളുടെ പുറകെ ആന്തലോടെ നടന്നു.

ഡോക്ടർ ഗംഗാധരമേനോൻ ( എം ബി ബി സി, എം ഡി, ഒൻകോളജിസ്റ്റ്) എന്നെഴുതിയ ബോർഡുള്ള റൂമിനു മുന്നിൽ അവർ നിന്നു. കൂട്ടുകാരൻ അവളെ അകത്തേക്ക് ക്ഷണിച്ചു. പത്തറുപത് വയസ്സുള്ള സുമുഖനായ ഒരു മനുഷ്യൻ ഡോക്ടറുടെ സീറ്റിൽ ഉണ്ടായിരുന്നു. എതിരെയുള്ള സീറ്റിൽ സന്ദീപ് ഇരിക്കുന്നുണ്ടായിരുന്നു. ഡോക്ടർ അവളോട് ഇരിക്കാൻ ആംഗ്യം കാട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞു. ഒൻകോളജി എന്നാൽ കാൻസർ ചികിത്സയാണെന്നു അവർക്കറിയാം. അവൾ ഡോക്ടറെ നോക്കി. ഡോക്ടർ പറഞ്ഞു തുടങ്ങി

‘സന്ദീപിന് മോളോട് നേരിട്ടു പറയാൻ വയ്യാത്തത് കൊണ്ടാണ് ഇങ്ങോട്ടു വിളിപ്പിച്ചത്. ഞാൻ പറയുന്നത് മോള് മനധൈര്യത്തോടെ കേൾക്കണം.’ അവൾ മൂളി. എന്നിട്ട് കേൾക്കാൻ പോകുന്നത് എന്താണേലും ധൈര്യത്തോടെ സ്വീകരിക്കാൻ കണ്ണുകൾ മുറുക്കി അടച്ചു. കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു.

പെട്ടെന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടി കണ്ണു തുറന്നത്. അവൾക് വിശ്വസിക്കാനായില്ല. പാട്ടുസാരിയുടുത്ത കുലീനയായ ഒരു സ്ത്രീയും സുന്ദരിയായ ഒരു യുവതിയും ഒരു കൊച്ചു പയ്യനും പിന്നെ കൂട്ടുകാരനും സന്ദീപും കൂടെ ഡോക്ടറും ഒന്നിച്ചു ഹാപ്പി ബിർത്ഡേ പാടുന്നു. അവൾക് ഒന്നും മനസ്സിലായില്ല. അവർ അവളെക്കൊണ്ട് അവളുടെ പേരെഴുതിയ കേക്ക് മുറിപ്പിച്ചു. അവൾ ഒന്നും മനസ്സിലാകാതെ സന്ദീപിനെ നോക്കി.

‘മോളെ.. ഞാൻ നീ ബോർഡിൽ പേര് കണ്ട ഗംഗാധരമേനോൻ . ഇതെന്റെ മകൻ സന്ദീപ്.. ഡോക്ടർ സന്ദീപ്… ഇതിവന്റെ അമ്മ ഡോക്ടർ പദ്മാവതി ഗൈനകോളജിസ്റ്റ് ആണ്. ഇത് മകൾ മാളവിക. മാളു ഇപ്പൊ എം ബി ബി എസ് കഴിഞ്ഞതെയുള്ളൂ. ഇത് ഇളയ മകൻ ഉണ്ണി. പ്ലസ് ടുവിന് പഠിക്കുന്നു. അടുത്ത വർഷം ഇവനും ചേരും മെഡിസിന്.’

‘ഇവൻ നിന്നോട് കള്ളം പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ ഡോക്ടർ ആണെന്ന് പറഞ്ഞാൽ നീ അവനെ ഇഷ്ടമാണെങ്കിൽ കൂടി സമ്മതിക്കില്ല.. ഇത്ര നാളുകൊണ്ട് നിന്റെ സ്വഭാവം അവൻ മനസ്സിലാക്കി. ഇവൻ കുട്ടികളുടെ ഡോക്ടർ ആയതു കൊണ്ടാണ് അന്ന് ഈ കൂട്ടുകാരൻ ഇവനെ വിളിച്ചത്. നിന്നെ കണ്ടതുമുതലുള്ള കാര്യങ്ങൾ എല്ലാം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. പിന്നെ മോളോട് ചോദിക്കാതെ ഒരു തീരുമാനമെടുത്തു. അടുത്ത വർഷം ഉണ്ണി പോകുന്ന അതേ കോളേജിൽ മോളേയും ചേർക്കും മെഡിസിന്. ഏട്ടത്തിയമ്മ ഉള്ളതുകൊണ്ട് ഇവനും ഉഴപ്പില്ല. മോള് നേഴ്സ് ആയതുകൊണ്ട് ഞങ്ങൾക്കൊരു കുറച്ചിലുമില്ല. പക്ഷെ ഈ ആശുപത്രി ഇത് നമ്മുടെയാ. എന്റെ ഒരു സ്വപ്നമാ.. പാവങ്ങൾക്ക് സൗജന്യ ചികിത്സയാണ്. അതുകൊണ്ട് ഫ്രീ ആയി ജോലി ചെയ്യാൻ ഡോക്ടർമാരെ വേണം അതാ. ‘

അയാൾ കണ്ണിറുക്കി. എല്ലാവരും ചിരിച്ചു.

‘അതേ ഇതിനിടെ എന്റെ ബ്രോക്കർ ഫീസും ചിലവും മറക്കല്ലേ.. ഞാൻ കാരണമാ ഇതൊക്കെ സംഭവിച്ചത്..’ എല്ലാവരും ഉറക്കെ ചിരിച്ചു

ഇത്തവണ വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു. അത് പക്ഷെ സന്തോഷത്തിന്റേതായിരുന്നു.

സന്ദീപ് പ്രിയയെ ചേർത്തു പിടിച്ചു.

*******

രചന : – ദീപാ ഷാജൻ

Leave a Reply

Your email address will not be published. Required fields are marked *