ഓണക്കോടി

രചന: സിന്ധു ആർ നായർ

അമ്മേ എപ്പഴാ അമ്മേ നമ്മൾ ഓണക്കോടി എടുക്കാൻ പോകുന്നെ. അമ്മുനും മിന്നുന്നുമൊക്കെ എടുത്തല്ലോ ഓണക്കോടി.

ഇന്നലെ അവരുടെ അച്ഛൻ അവരെയും കൊണ്ടുപോയി എടുത്തോണ്ട് വന്നല്ലോ. അമ്മു ചോദിച്ചു നമ്മൾ എപ്പഴാ പോകുന്നെന്ന്.

കിച്ചുവിന്റെ ചോദ്യം കേട്ട ആമി എന്തു പറയണം അറിയാതെ കുഴങ്ങി.

നമ്മൾ ഓണക്കോടി എടുക്കാനൊന്നും പോകുന്നില്ല പറഞ്ഞാൽ അതു മോനു വിഷമം ആകും. എന്നാൽ പോകാം പറഞ്ഞാൽ അവൻ സമാധാനം തരില്ല.

എപ്പഴാ പോകുന്നെ ചോദിച്ചോണ്ടിരിക്കും അതുകൊണ്ട് തന്റെ പൊന്നുമോനെ എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയാതെ ആമി വിഷമിച്ചു.

അമ്മേ എപ്പഴാ അമ്മേ പറയമ്മേ. അവൻ ചോദിച്ചോണ്ടിരുന്നു.

എന്റെ കിച്ചു മോനേ ഒന്നു മിണ്ടാതിരുന്നേ. നിനക്കെന്ന. നീ എന്തിനാ അമ്മയെ ഇങ്ങനെ വിഷമിപ്പിക്കുന്നെ. നീ അവിടെങ്ങാനും പോയി കളിക്ക്.

അമ്മേ ഞാൻ അമ്മയെ വിഷമിപ്പിച്ചെന്നോ. ഓണക്കോടി എടുക്കാൻ പോകുന്നെ എപ്പഴാ ചോദിച്ചതല്ലേ അമ്മേ ഞാൻ. മ്മ് ഞാൻ കളിക്കാൻ പോവാ. അമ്മേടെ വിഷമം മാറീട്ടു വരാം ഞാൻ. അപ്പോൾ പറയണം നമ്മൾ എപ്പഴാ പോകുന്നെന്ന്. എന്നും പറഞ്ഞു അവൻ ഓടി അപ്പുറത്തേക്ക് കളിക്കാനായി.

കിച്ചു കളിക്കാൻ പോയതും ആമി അതുവരെ അടക്കി വെച്ച സങ്കടം കണ്ണുനീരായി ഒഴുകിയിറങ്ങി..

എത്ര സന്തോഷമായിരുന്നു തങ്ങളുടെ ജീവിതം. ഓണം വന്നാലും വിഷു ആയാലും ഏട്ടൻ അതു ഉത്സവം ആക്കുമായിരുന്നു.

കിച്ചുവിന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനിടയിൽ ചെറിയൊരു നെഞ്ചുവേദന പോലെ വന്നതാ ഏട്ടന്.

പെട്ടെന്ന് തന്നെ എല്ലാവരും കൂടെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. പക്ഷേ ചെന്നു കണ്ടതും ഡോക്ടർ പറഞ്ഞു എല്ലാം കഴിഞ്ഞിരിക്കുന്നു താനും മോനും ഈ ലോകത്ത് ഒറ്റക്കായിരിക്കുന്നു. തങ്ങളുടെ എല്ലാം എല്ലാം ആയിരുന്നവൻ തങ്ങളെ വിട്ടു പോയിരിക്കുന്നു.

എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടുവർഷം ആകുന്നു. അന്നുമുതൽ ആടിനെ വളർത്തിയും കോഴിയെ വളർത്തിയുമൊക്കെ ആണ് അവളും മോനും ഓരോ ദിവസവും കഴിഞ്ഞു പോകുന്നത്.

കഴിഞ്ഞ ഓണം അച്ഛ മരിച്ചിട്ട് ഒരു വർഷം ആയിട്ടില്ലാത്തതിനാൽ കിച്ചുനോട് ഓണക്കോടി എടുക്കാൻ പാടില്ല അച്ഛക്ക് സങ്കടമാകും എന്നൊക്കെ പറഞ്ഞു. പിന്നെ അവൻ വഴക്കൊന്നും ഉണ്ടാക്കാൻ നിന്നില്ലായിരുന്നു.

ആമി എന്താ ആമി നീ എന്താ ഇരുന്നുറങ്ങുവാണോ. ആമിയേ…

ആരോ വിളിക്കുന്നെ കേട്ടപ്പോൾ ആമി ചിന്തയിൽ നിന്നുണർന്നു. നോക്കിയപ്പോൾ അപ്പുറത്തെ അമ്മുന്റേം മിന്നുവിന്റേം അച്ഛനും അമ്മയും ഉണ്ട്.

ആമി അവരെ കണ്ട് എണീറ്റു. കണ്ണേട്ടനൊക്കെയോ എന്താണ് സുമി രണ്ടാളുടെ ആമി ചോദിച്ചു.

സുമിയുടെ കൈയിൽ ടെക്സറ്റൈൽസ്‌ കവർ ഇരിക്കുന്നത് ആമി കണ്ടു. ഈശ്വരാ ഇവർ ഓണക്കോടി കാണിക്കാൻ വന്നതാകും. കിച്ചുവെങ്ങാനും ഇപ്പോൾ ഇങ്ങോട്ട് വന്നാൽ. പിന്നെയും അവൻ വഴക്കിടും. ആമി ഓർത്തു.

മ്മ് കയറി വാ കണ്ണേട്ടാ വാ സുമി. ആമി രണ്ടാളെയും അകത്തേക്ക് വിളിച്ചു.

ഇവിടിരിക്കാം ആമി. ഇവിടിരുന്നാൽ നല്ല കാറ്റുണ്ടല്ലോ പറഞ്ഞു കണ്ണനും സുമിയും വരാന്തയിൽ ഇരുന്നു.

ആമി കിച്ചു വരുന്നുണ്ടോ നോക്കുന്നുണ്ടായിരുന്നു. അതു ശ്രദ്ധിച്ച സുമി പറഞ്ഞു. നീ ആരെയാ നോക്കുന്നെ ആമി. കിച്ചുവാണെങ്കിൽ അവിടെ കളിക്കുവാ. അവനിപ്പോ വരില്ല.

പിന്നേ കിച്ചു പറഞ്ഞു നിന്നോട് അവൻ പറഞ്ഞതൊക്കെ. ഓണക്കോടി എടുക്കാൻ പോകാൻ നീ സമ്മതിച്ചില്ലെന്നൊക്കെ. അവൻ കുഞ്ഞല്ലേ ആമി അവന് എന്തറിയാം.

പിന്നെ ഞങ്ങൾ വന്നത് സുമി കണ്ണനെ നോക്കി. ആമി ഞങ്ങൾ വന്നത് ഇതൊക്കെ നിനക്ക് തരാൻ വേണ്ടിയാണ്. നിനക്കും മോനുമുള്ള ഓണക്കോടിയാണ്. ഞങ്ങൾ ഇന്നലെ പോയി ഡ്രസ്സ്‌ എടുക്കാൻ.

ഞങ്ങൾ വിളിച്ചാലും നീ വരില്ലെന്ന് അറിയാം അതുകൊണ്ടാ നിന്നെ വിളിക്കാഞ്ഞത്. പിന്നെ ഓണത്തിന് നീ ഇവിടെ ഒന്നും വെക്കേണ്ട നമ്മുടെ വീട്ടിൽ കൂടാം. നീ ഇത് വാങ്ങിക്ക് കണ്ണൻ പറഞ്ഞു.

പിന്നെ കിച്ചുവിനോട് ഇത് ഞങ്ങൾ കൊണ്ടുവന്നതാ പറയണ്ട ചിലപ്പോൾ അവൻ നിന്നോടും ഓണക്കോടി വാങ്ങാൻ പറഞ്ഞാലോ. അതുകൊണ്ട് അവൻ സ്കൂളിൽ പോയ സമയത്ത് നീ വാങ്ങിയതാ പറഞ്ഞാൽ മതി സുമി പറഞ്ഞു.

ആമിക്ക് എന്തു പറയണം അറിയാതെ പൊട്ടിക്കരഞ്ഞു അവൾ. കണ്ണേട്ടാ, സുമി നിങ്ങൾ.

കരയാതെ ആമി ആരുമില്ലാത്തവർക്കു താങ്ങായി ആരെങ്കിലും ഉണ്ടാകുമെന്നേ. നീ വിഷമിക്കാതെ നമ്മുടെ കിച്ചു വളർന്നു വരുമ്പോൾ നിന്റെ എല്ലാ സങ്കടങ്ങളും മാറും. അതുവരെ ഇങ്ങനൊക്കെ പോകട്ടെ. അപ്പോൾ ഓണത്തിന് ഞങ്ങളുടെ വീട്ടിൽ എന്നും പറഞ്ഞു അവർ ഇറങ്ങി.

ആമിയും ഓർത്തു ആരും ഇല്ലാത്തവർക്ക് ആരെയെങ്കിലും തുണക്കായി ഈശ്വരൻ കൊടുക്കും.

രചന: സിന്ധു ആർ നായർ

Leave a Reply

Your email address will not be published. Required fields are marked *