ഔസേപ്പിന്റ ലീല

രചന: മിഥില

ഗ്ലാസിലെ അവസാന തുള്ളിയും വലിച്ചുകുടിച്ചുകൊണ്ട് ഔസേഫ് ദീര്‍ഘശ്വാസം വിട്ടു. രണ്ടു മിനിറ്റ് കണ്ണടച്ച് അങ്ങനെ തന്നെ നിന്നു. ആ താഴ്വരയില്‍ നിന്നും വീശിയ കാറ്റിനു പോലും ലഹരിയുണ്ടെന്നു അയാള്‍ക്ക് തോന്നി. എത്ര കുടിച്ചാലും അല്പം പോലും ബോധം പോകാതെ വീട്ടിലെത്തി ഉറങ്ങാറാണ് പതിവ്. ഇന്നെന്തോ വീട്ടിലേക്ക് പോകാനും തോന്നുന്നില്ല. വാറ്റുകാരന്‍ രാജപ്പന്റെ കുടിലില്‍ തന്നെ കിടന്നാലോ എന്നും ആലോചിച്ചുകൊണ്ട് ആ മുറിക്കുള്ളില്‍ നോക്കി. പഴയ ചാക്കുകള്‍ കൊണ്ട് ഉണ്ടാക്കിയ കൂര എന്നു പേര് പോലും വിളിക്കാനാവാത്ത ആ ചെറിയ ഇടത്തില്‍ ഒരു മൂലക്ക് ചുമച്ചു ചാകാറായ തള്ളയും 50 കഴിഞ്ഞ രാജപ്പനും പിന്നെ അയാളുടെ 17 വയസ്സുള്ള മകളും മാത്രമേയുള്ളൂ. ബോധം കെട്ട് കിടക്കുന്ന രാജപ്പനെ ഒന്ന് തൊഴിക്കാന്‍ തോന്നി. പെണ്‍കുട്ടി ആണേല്‍ ഭയന്ന കണ്ണുകളോടെ തന്നെ നോക്കുന്നുമുണ്ട്. അപ്പോ അവിടെ കിടക്കാനുള്ള തീരുമാനം മാറ്റി.

തോളിലെ തോര്‍ത്തെടുത്തു തലയില്‍ കെട്ടി കയ്യിലെ പഴയ ഒരു ടോര്‍ച്ചും തെളിച്ചു മലയിറങ്ങി. തണുത്തകാറ്റാടിച്ചപ്പോള്‍ നല്ല മൂടായി. പണ്ട് ഔസേപ്പിന്റെ അപ്പന്‍ ചാണ്ടി പഠിപ്പിച്ച നാടന്‍ പാട്ടും പാടിക്കൊണ്ട് ടോര്‍ച്ചും ചുഴറ്റി അയാള്‍ വേഗം നടന്നു നീങ്ങി. സമയം പോകും തോറും ഇരുട്ട് കനത്തുകൊണ്ടിരുന്നു. മലയിറങ്ങി നാല് വളവു കഴിഞ്ഞാല്‍ ഔസേപ്പിന്റെ വീടെത്തി. അന്നു രാവിലെ ഇറങ്ങാന്‍ നേരത്താണ് അടുത്ത വീട്ടിലെ തള്ള വന്ന് പറഞ്ഞത്, ലീലക്ക് വയറ്റിലൊണ്ടെന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നിന്ന ഔസേപ്പിന് എല്ലാം മറക്കാന്‍ കിട്ടിയ വഴിയാണ് മദ്യം.

അപ്പന്റെ അകന്ന ബന്ധത്തിലെ പെണ്ണിനെ കാണാന്‍ പോയപ്പോ ആ നിറത്തിലും മുടിയിലും വീണു പോയിരുന്നു. ഒറ്റത്തടിയായ തനിക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയത് അന്നാണ്. പിന്നെ പ്രായം 40 ആയെങ്കിലും പെണ്ണിന് 18 തികഞ്ഞതേ ഒള്ളൂ. പ്രാരാബ്ധക്കാരനും 8 പെണ്‍മക്കളുടെ തന്തയായ വയസ്സാണ് പവന്‍ 3 അങ്ങോട്ട് കൊടുത്തു മകളെ കെട്ടാം എന്ന് പറഞ്ഞ ഔസേപ്പിനെ വേണ്ടെന്നു വെക്കാന്‍ തോന്നിയില്ല. ലീലക്ക് പിന്നാലെ മൂന്നു പെണ്മക്കള്‍ കൂടിയുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ അന്ന് തന്നെ അവള്‍ പറഞ്ഞതാണ് അവള്‍ക്കൊരു നായര് ചെക്കനെ ഇഷ്ടമാണെന്നും. അയാള്‍ പട്ടണത്തില്‍ പഠിക്കാന്‍ പോയിരിക്കുകയാണെന്നും. ചേട്ടനെ വെറുപ്പൊന്നും ഇല്ല. പക്ഷെ അയാള്‍ വന്നാല്‍ തന്നെ വിടണമെന്ന് കൊച്ചുകുഞ്ഞിന്റെ വാശിപോലെ പറഞ്ഞു. ഔസേപ്പിന്റെ സമനില തെറ്റി. കാണാന്‍ കൊള്ളാവുന്നത് തിന്നാന്‍ കൊള്ളില്ല എന്ന് വല്യമ്മച്ചി പറഞ്ഞത് എത്ര സത്യമാ. എന്നാല്‍ താന്‍ കണ്ടതൊക്കെയും പാഴ്ക്കിനാവാണെന്ന് മനസിലാക്കിയ ഔസേപ്പ് പിറ്റേന്ന് മുതല്‍ കുടിച്ചു ബോധമില്ലാതെ വരും. പക്ഷെ അവളെ കാണുമ്പോള്‍ കെട്ടിറങ്ങും. പിന്നെ അവളെ എന്തൊക്കെ ചെയ്യുമെന്ന് ഓര്‍മ്മയുണ്ടാകില്ല. എന്നും പുലര്‍ച്ചെ തേങ്ങുന്ന ലീലയെ കണ്ടുകൊണ്ടാണ് അയാള്‍ ഉണരുന്നത്.

അവളുടെ ശരീരത്തിലെ പാടുകളൊക്കെയും അയല്‍പക്ക പെണ്ണുങ്ങള്‍ പുതുമോടിയുടെ കുറുമ്പാണെന്നു പറഞ്ഞവളെ കളിയാക്കിയിരുന്നു. വേദനകളൊക്കെ അവള്‍ ഉള്ളിലൊതുക്കി. ‘അമ്മ കല്യാണത്തിന് മുന്‍പ് പറഞ്ഞിരുന്നു ഭര്‍ത്താവ് എന്ത് പറഞ്ഞാലും അനുസരിക്കണം എന്ന്. എന്ത് സംഭവിച്ചാലും നല്ല പെണ്ണായി അനന്തനെ കാത്തിരിക്കണമെന്നു കരുതിയതാണ്. പക്ഷെ തനിക്കതിനു കഴിയാത്തതില്‍ പശ്ചാത്താപം തോന്നി. കാരണം ബോധമില്ലാതെ അയാള്‍ ചെയ്യുന്നതു എങ്ങനെ ഒരു കൊച്ചു പെണ്‍കുട്ടിക്ക് തടയാന്‍ കഴിയും. ഒരു ദിവസം എല്ലാം ഇട്ടെറിഞ്ഞു ഇറങ്ങിപ്പോയാലോ എന്ന് കരുതിയതാണ്. പക്ഷെ കഴിഞ്ഞില്ല. പിന്നെ വിധിയെ പഴിച്ചവള്‍ അവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു.

വീട്ടിലേക്ക് കയറിയ ഉടനെ അയാള്‍ അവളെ നോക്കി. പുല്‍പായയില്‍ ഒരുവശം ചെരിഞ്ഞു കിടക്കുകയാണ് പെണ്ണ്. എന്തോ എന്നും അവളെ കാണുമ്പോള്‍ തോന്നുന്ന വികാരം തോന്നുന്നില്ല. മെല്ലെ ചെന്ന് അവളെ നോക്കി അടുത്തിരുന്നു. അയാളുടെ സാമിപ്യം അറിഞ്ഞ ഉടനവള്‍ ഭയത്തോടെ എണീക്കാന്‍ ശ്രെമിച്ചു. അയാള്‍ രണ്ടു കൈകൊണ്ടും അവളെ പിടിച്ചു അവളുടെ മുഖം തന്റെ മുഖത്തോടു ചേര്‍ത്ത് വെച്ചു. വാറ്റിന്റെ മനം വന്നപ്പോള്‍ മനം പുരട്ടി അവള്‍ വീടിനു പുറത്തേക്കോടി. അയാള്‍ എന്ത് ചെയ്യണമെന്നറിയാതെ അവള്‍ക്കു പിറകെ ഓടിച്ചെന്നു. പെണ്ണിന്റെ ഛര്‍ദിയുടെ ശബ്ദം കേട്ട് അടുത്ത വീട്ടിലെ തള്ള അങ്ങോട്ടേക്ക് എത്തിനോക്കിക്കൊണ്ട് പറഞ്ഞു.

‘പെണ്ണിന് വയറ്റിലൊള്ളതാ, നിന്റെ സര്‍ക്കസ് ഒന്നും ഇനി വേണ്ടാ. അതെങ്ങനാ തള്ളേം തന്തേം ഉണ്ടേല്‍ അല്ലെ ഇതൊക്കെ അറിയാന്‍ വഴിയൊള്ളൂ.’

ഔസേപ്പ് ചെറിയൊരു ചമ്മലോടെ ലീലയെ നോക്കി. അവശയായ അവള്‍ വല്യമ്മ പറഞ്ഞത് കേട്ട് അയാളെ നോക്കി നിന്നു. ‘അന്തിച്ചു നിക്കാണ്ട് പെണ്ണിനേം കൊണ്ട് അകത്തേക്ക് പോടാ. സന്ധ്യക്ക് രണ്ടും ഇറങ്ങിയേക്കുവാ.’

മുറുക്കിചുവപ്പിച്ചു തുപ്പിക്കൊണ്ട് തള്ള അകത്തേക്ക് പോയി. ഇരുവരും അകത്തേക്ക് പോയി. അകത്തേക്ക് കേറിയതും ക്ഷീണത്താല്‍ ലീല വേച്ചു പോയി. നന്നായി ശര്‍ദ്ധിച്ചിരുന്നു. എന്ത് ചെയ്യും എന്നറിയാതെ നിന്ന ഔസേപ്പിനോട് ഇച്ചിരി കഞ്ഞിവെള്ളം തരാന്‍ ലീല പറഞ്ഞു. ഒരാശ്വാസം കിട്ടിയപ്പോള്‍ അവള്‍ അയാളെ നോക്കി ഇരുന്നു പോയി. താന്‍ ശര്‍ദ്ധിച്ചപ്പോ മുതല്‍ വെരുകിനെപ്പോലെ ആ ചെറിയ പുരയ്ക്കുള്ളില്‍ ഓടിനടക്കുന്ന അയാളെ ആദ്യമായി കൗതുകത്തോടെ നോക്കിപ്പോയി. എവിടെന്നോ ഒരു കമ്പിളി എടുത്തുകൊണ്ട് അവള്‍ക്ക് കൊടുത്തു. ചൂടുകാലത്തു തനിക്കു കമ്പിളി എടുത്തു തന്ന അയാളെ നോക്കി അവള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു. കൈവളകളും കുറുനിരകളും അതിനനുസരിച്ചു അനങ്ങിക്കൊണ്ടേയിരുന്നു. അവളുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട അന്തിച്ചു നില്‍ക്കുകയായിരുന്നു ഔസേപ്പ്. പിന്നെ ചമ്മിക്കൊണ്ട് അവിടെ നിന്നും മാറി നിന്നു. കല്യാണം കഴിഞ്ഞതില്‍ പിന്നെ ആദ്യമായാണ് അവള്‍ ചിരിക്കുന്നത് കാണുന്നത്. അവനത് ഇഷ്ടമായി. പോകെപ്പോകെ അവര്‍ ഇരുവരും അടുത്തു. വീര്‍ത്തു വരുന്ന വയറില്‍ അവരിരുവരും കൗതുകത്തോടെ നോക്കിയിരുന്നു. പതിയെ അവരൊരു കുടുംബം പോലെ ഉണ്ടും ഉറങ്ങിയും ഇരുന്നു. പക്ഷെ അവര്‍ക്കിടയിലെ മൗനം അങ്ങനെ തന്നെ തുടര്‍ന്നുകൊണ്ടിരുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി. ലീലക്ക് രണ്ടു കണ്‍മണികള്‍. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. കുഞ്ഞുങ്ങളെ കാണാന്‍ വന്ന എല്ലാവരും ഔസേപ്പിന്റെ കഴിവിനെയും പെണ്ണിന്റെ ഭാഗ്യത്തേയും പുകഴ്ത്തിക്കൊണ്ടാണ് മടങ്ങിയത്. കുഞ്ഞുങ്ങളെ നോക്കിയത് അയല്പക്കത്തെ തള്ള തന്നെയായിരുന്നു. അവരില്‍ നിന്നും ഔസേപ്പിന്റെ അനാഥത്വവും അമ്മയുടെ രണ്ടാം കെട്ടും ഒറ്റപ്പെട്ട ജീവിതവും അറിഞ്ഞപ്പോള്‍ കുഞ്ഞുങ്ങളോടെന്ന പോലെ വാത്സല്യം തോന്നിത്തുടങ്ങി. പ്രസവ ശുശ്രൂഷ കഴിഞ്ഞു വല്യമ്മയും പോയി. കുഞ്ഞുങ്ങള്‍ പാതിരാ പകലാക്കി കരഞ്ഞുകൊണ്ടിരിക്കെ അവള്‍ അവരെ വിളിച്ചു

‘അമ്മേടെ എലിക്കുട്ടിയും ചാക്കോച്ചനും മിണ്ടാതെ കിടന്നേ…’ കുഞ്ഞുങ്ങളെ കൊഞ്ചിച്ചു കൊണ്ട് ലീല വിളിച്ചത് കേട്ട ഔസേപ്പിന്റെ മുഖം വിടര്‍ന്നു.

‘നീയെന്താ വിളിച്ചേ?’ പാതര്‍ച്ചയോടെ അവള്‍ മറുപടി പറഞ്ഞു.

‘അല്ലാ, അത് പിന്നെ മക്കളെ എലിസബത്ത് എന്നും ചാക്കോച്ചി എന്നും വിളിക്കാന്ന് ഞാന്‍ ഓര്‍ത്തു.’

എന്തോ ഒരു വികാരത്തള്ളലില്‍ അവന്‍ അവളെ പുണര്‍ന്നു. അതുവരെ കാത്തുവച്ച സ്‌നേഹമെല്ലാം ഉമ്മയായി അവള്‍ക്ക് നല്‍കി. ശ്വാസം മുട്ടി കിതപ്പോടെ നിന്നവള്‍ മെല്ലെ നെഞ്ചോടു ചേര്‍ത്തു. തന്റെ ദേഹത്ത് പതിച്ച കണ്ണുനീരിന്റെ ചൂട് അവളെ അവനെ നോക്കാന്‍ പ്രേരിപ്പിച്ചു. നോക്കിയപ്പോള്‍ അയാള്‍ ചങ്കു പൊട്ടി കരയുന്നു. കരഞ്ഞു തന്റെ മനസിലെ വിഷമങ്ങളൊക്കെ ഒഴുക്കട്ടെ എന്ന് അവള്‍ കരുതി. അങ്ങനെ കുറേനേരം നിന്നു. പിന്നെ അവളോട് പറഞ്ഞു.

‘എന്റെ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും പേരുകളാ അത്. നിന്നെ ഞാന്‍ ഒത്തിരി വെഷമിപ്പിച്ചില്ലേ. അതാ മക്കടെ പേര് എന്റെ ഇഷ്ടത്തിന് ഇടാന്‍ പറയാഞ്ഞേ. പിന്നെ എങ്ങനെ പറയും എന്ന് അറിയില്ല പെണ്ണേ. ഞാന്‍ ഇങ്ങനെ ആയിപ്പോയി. എന്നോട് നീ ക്ഷമിക്കില്ലേ.’

തേങ്ങലോടെയാണ് അയാള്‍ നിര്‍ത്തിയത്. അവള്‍ ഒന്നും മിണ്ടാതെ അയാളെ തന്റെ മടിയില്‍ കിടത്തി. മുടിയിഴകളിലൂടെ വിരലുകള്‍ ഓടിച്ചു.

‘അച്ചായാ, എന്നോട് ഇങ്ങനെ ഒന്നും ഇനി മേലാ പറയല്ല്. കേട്ടല്ലോ. ഹാ. പിന്നെ എല്ലാം അങ്ങ് മറക്കെന്നെ. മേളിലിരുന്നോണ്ട് അവരൊക്കെ സന്തോഷിക്കുന്നുണ്ടാകും.’

അല്‍പനേരം മൗനമായിരുന്ന അന്തരീക്ഷം കുഞ്ഞുങ്ങളുടെ കരച്ചില്‍ കൊണ്ട് ശബ്ദമുഖരിതമായി. ഔസേപ്പ് എഴുന്നേറ്റ ഒരാളെ എടുത്തു കരച്ചില്‍ മാറ്റാന്‍ നോക്കി. നടക്കാതെ വന്നപ്പോ അവളെ നോക്കി. എന്ത് വേണേല്‍ ആയിക്കോ എന്ന വിധത്തില്‍ മുഖഭാവത്തില്‍ അവള്‍ കളിയാക്കി.

ഉറക്കമില്ലാത്ത ഔസേപ്പിന്റെ രാത്രികള്‍ അവിടെത്തുടങ്ങി.

രചന: മിഥില

Leave a Reply

Your email address will not be published. Required fields are marked *