കടലിൽ കലങ്ങിയ മുലപ്പാൽ

രചന : – P. Sudhia

തന്റെ കൈക്കുഞ്ഞുമായി അവൾ ടൗണിലെ തിരക്കിനിടയിലുടെ പായുമ്പോഴും അവളുടെ മുലപ്പാൽ കിനിയുന്നുണ്ടായിരുന്നു… തന്റെ കുഞ്ഞ് വിശന്നു നിലവിളിച്ചപ്പോ മുലപ്പാൽ നല്കാൻ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചാണ് ആ അമ്മ നഗരത്തിരക്കുകളിൽ നെട്ടോട്ടം നടത്തുന്നത്.

വഴിയിൽ പലരെയും കണ്ടു ,സ്ത്രീകളോട് കാര്യം പറഞ്ഞ് അറിയാവുന്ന ഭാഷയിൽ സഹായമഭ്യർത്ഥിച്ചു. സ്വന്തം തിരക്കുകളിൽ മുഴുകിയിരുന്ന അവർ അവൾക്ക് ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുക മാത്രം ചെയ്തു. മുഷിഞ്ഞു നാറിയ അതിനകത്തെ ഗന്ധം കുഞ്ഞിനെ ശ്വാസം മുട്ടിച്ചപ്പോ അവൾ അവിടെ നിന്നിറങ്ങി.

പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യമായിട്ടു കൂടി വിശന്നു കരയുന്ന തന്റെ പൊന്നോമനയെ ഓർത്ത് മുലപ്പാൽ നല്കാനിത്തിരി സ്ഥലത്തിനായി പലരേയും കണ്ടു കേണു. ടൈ കെട്ടിയ ചിലർ അത് കണ്ടില്ലെന്നു നടിച്ചു നടന്നകന്നു. മറ്റു ചിലർ കാമവെറിയോടെ ചുരത്തുന്ന അവളുടെ മറുകളിലേക്ക് നോക്കി കൊതി പൂണ്ടു.

അടുത്തുള്ള പല വീടുകളിലും കടകളിലും അവൾ ഓടിക്കയറി, കുഞ്ഞിനു മുലയൂട്ടാൻ ഇത്തിരി സ്ഥലത്തിനായി. ചിലർ നാടോടിയെന്ന് പറഞ്ഞവളെ പുച്ഛത്തോടെ ഇറക്കി വിട്ടു. മറ്റു ചിലർ കാമത്തിന്റെ മൂന്നാം കണ്ണുകൊണ്ടവളെ അകത്തേക്ക് സ്വാഗതം ചെയ്തു. സ്വന്തം കുഞ്ഞിനെപ്പോലെ സ്വന്തം മാനത്തിനു വില കല്പിച്ചണ്ടവൾക്കതു മരണത്തിനു സമമായിരുന്നു.

തന്റെ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ഗത്യന്തരമില്ലാതെ റോഡ് സൈഡിൽ വച്ച് അവളുടെ മാനം അവൾക്ക് മറക്കേണ്ടി വന്നു. പാതയോരത്തിരുന്നു മുലയൂട്ടിയ അവളെ ചിലർ വേശ്യയെന്നു വിളിച്ചു. പലരും പുച്ഛിച്ചു.മറ്റു ചിലർ ഒളികണ്ണിട്ടു അവളുടെ മാറിന്റെ നഗ്നത ആസ്വദിച്ചു. എന്തിനേറെ അതു ഫോണിൽ പകർത്താൻ വരെ ആളുണ്ടായി.

വിശന്നുവലഞ്ഞ ഒരു കുഞ്ഞിന് മുലയൂട്ടുന്ന ആ അമ്മയെ ആരും കണ്ടില്ലാ…. കണ്ടത് നടുറോഡിൽ തുണിയഴിച്ച പെഴച്ച സ്ത്രീയെ മാത്രം. എന്തുകൊണ്ടാണെന്നറീല്ല കളളക്കണ്ണുകൾക്കും മൊബൈൽ ക്യാമറയ്ക്കും മുന്നിൽ അവളുടെ മാറു ചുരത്താൻ മടിച്ചു…

ഇത്തിരി വൈകിയാണെങ്കിലും ചുറ്റും കൂടിയ കഴുകൻ കണ്ണുകളിൽ നിന്നവളെ രക്ഷിക്കാനൊരാരാളുണ്ടായി . തിരക്കുകളിൽ നിന്നു തിരക്കിലേക്കു പായുന്ന വൈറ്റ് കോളർ ജോലിക്കാരല്ല… സമൂഹത്തിലെ ഉന്നതരുമല്ല. സമൂഹം ഗുണ്ടയെന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്ന അവിടുത്തെ ഒരു ഓട്ടോക്കാരൻ.

ആളെ തല്ലീട്ടോ കൊന്നിട്ടോ ഗുണ്ടയെന്ന പേരു അവനു കിട്ടീതെന്നറിയില്ല. എന്നാലും കുഞ്ഞിനു ജീവൻ നല്കാൻ പാടുപെടുന്ന അമ്മയെയും അവരുടെ മാനവും അവൻ കണ്ടു. അമ്മയെയും കുഞ്ഞിനെയും തന്റെ ഓട്ടോയിൽ കയറ്റി സൈഡ് കർട്ടൻ ഇട്ടു അവർക്ക് സ്വകാര്യത നല്കി അവൻ പുറത്തു കാവൽ നിന്നു.അവിടെ ആ സ്വകാര്യതയിൽ അവളുടെ മാറു നന്നായി ചുരന്നു ആ കുഞ്ഞിനായി.

തന്റെ കുഞ്ഞിന്റെ വിശപ്പകറ്റിയ അവൾ നന്ദിയോടെ അവനെ നോക്കി. പലരും നോക്കി ചിരിച്ചപ്പോഴും അവൾ അവർക്കിടയിലൂടെ തളരാതെ നടന്നു. ഏതോ ഒരു അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കിടത്തി. ഒരു സ്നേഹചുമ്പനം നല്കി അവൾ യാത്രയായി.മാനത്തിനു വില കല്പിച്ച അവൾക്ക് നടുറോഡിൽ തുണി അഴിക്കേണ്ടി വന്നു. ജീവനേക്കാളേരെ മാനത്തിനു വില നല്കിയ അവൾ നടുക്കടലിനെ അഭയം പ്രാപിച്ചു.

തന്റെ ഭർത്താവ് മരിച്ചപ്പോ ഒരു ജീവിതമാർഗം തേടി തന്റെ കുഞ്ഞുമായി ഈ നാട്ടിൽ എത്തിയയതായിരുന്നു അവൾ….വയറു വിശന്നപ്പോപ്പോലും തെണ്ടിത്തിന്നാതെ വയറുമുറുക്കി ഉടുത്തു കഴിഞ്ഞിരുന്ന അവൾ സ്വന്തം കുഞ്ഞിനു വേണ്ടി അവൾ പലരുടെയും മുന്നിൽ കൈ നീട്ടിയിരുന്നു.പണത്തിനും ജോലിക്കും പകരം മാനം ചോദിച്ചപ്പോൾ അവൾ വഴങ്ങിയില്ല… മറ്റു ചിലർ അവളെ പരിഹസിച്ചു…

അന്നേയ്ക്ക് മൂന്നാം ദിവസം തന്റെ കുഞ്ഞിനെ ലാളിച്ച് കൊതി തീരാത്ത ആ അമ്മയുടെ ശരീരം തീരത്തടിഞ്ഞപ്പോൾ കുഞ്ഞുമായി ഓടിയ അവൾക്കു മുന്നിൽ മുഖം തിരിച്ചവരെല്ലാം അവളുടെ മരണ വാർത്ത ഫേസ്ബുക്കിൽ ഷെയർ ചെയ്തു… ഫീലിംങ് സാഡ് (feeling Sad) എന്ന അടിക്കുറിപ്പോടെ…..

അവരൊന്നും ഒരിക്കലും ചിന്തിച്ചു കാണില്ല കടലിന്റെ അഗാധങ്ങളിലേക്കു പോകുമ്പോഴും തന്റെ കുഞ്ഞിനെ ഓർത്ത് അവളുടെ മാറ് ചുരന്നിരുന്നു എന്ന്….

രചന : – P. Sudhi

Leave a Reply

Your email address will not be published. Required fields are marked *