കല്യാണം കഴിഞ്ഞ ശേഷം വീട്ടിൽ

രചന : – Aswathy Achus‎

കല്യാണം കഴിഞ്ഞ ശേഷം വീട്ടിൽ വരുമ്പോൾ അച്ഛനും അമ്മയ്ക്കും വയങ്കര സന്തോഷമാണ്. എന്താ കറി വെക്കേണ്ടത് ചായക്ക് എന്താ ഉണ്ടാക്കേണ്ടത് അവനെന്താ കഴിക്കുക അവനെന്താണ് ഇഷ്ടം അങ്ങനെ അങ്ങനെ ഒരു നൂറ് ചോദ്യങ്ങൾ. അച്ഛനും അമ്മയ്ക്കും തന്റെ മക്കൾ എത്ര വലുതായാലും ചെറിയ കുട്ടികളാണ് എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ

രാത്രി എണീക്കുന്ന ദിവസങ്ങളിൽ പാതി ചാരിയ വാതിൽ പഴുതിലൂടെ ഞാൻ അവരെ നോക്കി നിൽക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്ന നിമിഷങ്ങളിൽ ആണ് ഞാൻ ഇപ്പോൾ. എന്ത് കൊണ്ട് ഞാനിതൊന്നും മുൻപേ ഓർത്തില്ല….തിരിച്ചറിഞ്ഞില്ല… അറിയില്ല. പാവം എന്റെ അച്ഛനും അമ്മയും അവർ കഷ്ടപെടുന്നതിന്……ഒരു കണക്കും ഇല്ലല്ലോ. എന്ത് ക്ഷീണമാണ് അവർക്ക്. ഭാരം താങ്ങി ഭാരം താങ്ങി ക്ഷീണിച്ചു പോയ കാലുകൾ. ആ സമയങ്ങളിൽ അവർക്കൊപ്പം ഉണ്ടാകണമെന്നും ഒരു കുറവും വരാതെ നോക്കണം എന്നും ആഗ്രഹിച്ച ഒരു ഞാൻ ഉണ്ടായിരുന്നു. ആ എന്നെ ഇവിടെ ഉപേക്ഷിച്ചാണല്ലോ ഞാൻ പുതിയ ജീവിതത്തിലേക്ക് പോയത്. എന്റെ ദൈവമേ ഓർക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോകുന്നു.

ഒരാഴ്ചത്തെ നല്ല നിമിഷങ്ങൾ കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു വന്നത് ആരും കാണാതിരിക്കാൻ ഞാൻ പാട് പെടുകയായിരുന്നു.

എന്റെ ഭർത്താവിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ഞാൻ സന്തോഷത്തോടെ തന്നെയാണ്. പക്ഷേ അവിടെ ഇല്ലാത്ത എന്തോ ഒന്ന് എന്റെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്ക് കിട്ടിക്കഴിഞ്ഞിരുന്നു. നമ്മുടെ അച്ഛനോടും അമ്മയോടും ഒപ്പം ജീവിക്കുന്ന നാളുകളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകൾ എന്ന് ഞാനിപ്പോൾ തിരിച്ചറിയുകയാണ്.

കല്യാണം കഴിഞ്ഞ ശേഷം വീട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *