കല്യാണപ്പെണ്ണ്

രചന :- അഞ്ജു……

” നിനക്കിത് ഫസ്റ്റ് ടൈമാണല്ലേ?

വലിച്ചൂതി വിടുന്ന പുകച്ചുരുളുകളെ നോക്കി ഭംഗി ആസ്വദിച്ചു കൊണ്ട് വിവേക് ചോദിച്ചു.

വാടി ചതഞ്ഞ മുല്ലപ്പൂക്കൾക്കിടയിൽ നിന്ന് വസ്ത്രങ്ങൾ വാരി ചുറ്റി നിശബ്ദയായി വേച്ച് വേച്ച് വന്ദന ബാത്ത് റൂമിലേക്ക് നടന്നു.

തുറന്നിട്ട ഷവറിന് താഴെ അതേ അവസ്ഥയിൽ അവളിരുന്നു.

ഇന്നത്തെ ദിവസം തന്റേതായിരുന്നു . എന്നിട്ടും ഈ ദിവസത്തിൽ മുഴുവൻ തിരഞ്ഞിട്ടും തന്നെ എവിടേയും കാണാൻ കഴിയുന്നില്ല

രാവിലെ മുതൽ ആരൊക്കെയോ ഒരുക്കുന്നു. ഓരോന്ന് പറയിക്കുന്നു… ചെയ്യിക്കുന്നു… ഇപ്പോൾ ഈ കഴിഞ്ഞത് വരെ.. ചാവി കൊടുത്ത പാവ പോലെ…

ഇന്ന് തന്റെ ആദ്യ രാത്രിയാണ്.

ശരീരത്തിലാകെ നീലിച്ച് കിടക്കുന്ന പാടുകളും വെള്ളം തട്ടുമ്പോൾ നീറുന്ന പോറലുകളും പറയുന്നത് അത് തന്നെയാണ്.

കയ്യിലൊരു ഗ്ലാസ് പാലും എടുത്തു കൊണ്ട് ഈ മുറിയിലേക്ക് കയറി വരുമ്പോഴുണ്ടായിരുന്ന അങ്കലാപ്പ് ഭീതിയും വേദനയും ആയി മാറിയത് ക്ഷണനേരം കൊണ്ടായിരുന്നു.

ഇതാണോ സ്നേഹം…. ഇങ്ങനെയാണോ സ്നേഹിക്കേണ്ടത്.

മനസ്സ് തൊടാതെ ശരീരത്തിൽ തൊട്ട് കീഴ്പ്പെടുത്തുന്ന സ്നേഹം.

ഉടലാകെ ചുട്ടു പഴുക്കുന്ന പോലെ …

തന്റേതല്ലാത്ത എവിടെയോ എത്തപ്പെട്ട അപരിചിതത്വത്തിൽ ,കട്ടിലിന്റെ ഓരത്ത് ചുരുണ്ട് കൂടി ക്ലോക്കിന്റെ ടിക് ടിക് ശബ്ദം കാതോർത്ത് അവൾ നേരം വെളുപ്പിച്ചു.

രാവിലെ കുളി കഴിഞ്ഞ് വന്ദന മുറിയിലേക്ക് ചെല്ലുമ്പോൾ വിവേക് കട്ടിലിൽ എഴുന്നേറ്റിരിക്കുന്നുണ്ട്.അവന്റെ മുഖം കണ്ടപ്പോൾ അവളുടെ ഉള്ളു പിടച്ചു.

തലേ ദിവസം രാത്രി കണ്ട ആളേ അല്ല. തികച്ചും സൗമ്യമായ മുഖഭാവം.

“ഇന്നലെ നിനക്ക് വിഷമം ആയോ വന്ദൂ ? ഞാൻ ആകെ ടെൻഷനിൽ ആയി പോയി. ടെൻഷൻ വന്നാൽ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല.ഇനി അങ്ങനെയൊന്നും ഉണ്ടാകില്ല. സോറി… ”

അലിവോടെ അവളെ ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു.

തന്റെ കൈകൾക്കുളളിൽ ഒന്നും മിണ്ടാതെ തീർത്തും നിസ്സംഗയായി വിറങ്ങലിച്ചു നിൽക്കുന്ന വന്ദനയുടെ മുഖഭാവം അവന്റെ സൗമ്യതയെ മെല്ലെ മെല്ലെ എവിടെയോ മറച്ചു കളഞ്ഞു.

അവന്റെ കണ്ണുകൾ ചുവന്നു. ചുണ്ടുകൾ വക്രിച്ചു.മുഖം ഭീകരമായി. അവളെ ഒരു മൂലയിലേക്ക് തള്ളിയിട്ട് ഓരോ സാധനങ്ങളായി വലിച്ചെറിയാൻ തുടങ്ങി. ബെഡ് ഷീറ്റും തലയിണയും ചുരുട്ടി എറിഞ്ഞ് വിവേക് അലറി ചിരിക്കാൻ തുടങ്ങി.

ബഹളം കേട്ട് തടയാനെത്തിയ അമ്മയേയും അവൻ തള്ളിത്താഴെയിട്ടു. കുറച്ച് സമയം അങ്ങോട്ടുമിങ്ങോട്ടും ധൃതിയിൽ നടന്ന് മേശ വലിപ്പിൽ നിന്ന് എന്തൊക്കെയോ ഗുളികകൾ എടുത്ത് കഴിച്ച് ബൈക്കുമെടുത്ത് വിവേക് പുറത്തെങ്ങോട്ടോ പോയി.

ഈ കോലാഹലങ്ങൾക്കിടയിൽ ഒന്നും മനസ്സിലാക്കാനാകാതെ പകച്ചു നിൽക്കുന്ന രണ്ടു കണ്ണുകളെ നേരിടാനാകാതെ ആ അമ്മ പുറത്തേക്ക് നടന്നു.

വന്ദനക്കാകെ ഒരു പന്തികേട് തോന്നി… ഒരു കെണിയിലകപ്പെട്ടതു പോലെ … അവൾ മെല്ലെ മേശവലിപ്പ് തുറന്നു.

മൂന്നു നാലു തരം മരുന്നുകൾ.ആ ഗുളികകൾ കൈയിലെടുത്ത് പേരുകൾ വായിച്ചപ്പോൾ അവളുടെ അസ്വാസ്ഥ്യം ഏറി. സംശയം തീർക്കാനായി കൂട്ടുകാരിയായ ഫാർമസിസ്റ്റിനെ വിളിച്ചു കാര്യം തിരക്കി.

“ഇതൊക്കെ ആരാ കഴിക്കുന്നത് വന്ദനാ?” കൂട്ടുകാരിയുടെ ചോദ്യം.

” അത് ഇവിടെ എന്റെ ബന്ധത്തിൽ പെട്ട ഒരാളാ …”

” കടുത്ത മാനസിക രോഗം ഉള്ളവർക്കാണ് ഇത്തരം മരുന്നുകൾ കൊടുക്കാറുള്ളത്. നിന്റെ ബന്ധുവിനെ നന്നായി സൂക്ഷിച്ചോ …”

കൂടുതൽ വിവരങ്ങൾ കേൾക്കാനുള്ള ശക്തിയില്ലാതെ വന്ദന ഫോൺ വെച്ചു . കനം തൂങ്ങി തളർന്നു പോയ മനസ്സും കൊണ്ടവൾ കിടക്കയിലേക്ക് മറിഞ്ഞു വീണു.

എത്ര നേരം അങ്ങനെ കിടന്നു എന്ന് അറിയില്ല. വിവേക് വന്നു തട്ടി വിളിച്ചപ്പോഴാണ് അവളുണരുന്നത്.

അവന്റെ വിളറി വെളുത്ത മുഖം കണ്ട പാടെ ഞെട്ടി കുതറി മാറി , ലക്ഷ്യം തെറ്റിയ അമ്പ് കണക്കേ അവൾ പുറത്തേക്കോടി.

“എനിക്കെന്റെ വീട്ടിൽ പോണം. എന്റെച്ഛനോട് ഇവിടെ വന്ന് എന്നെ കൊണ്ടു പോവാൻ പറയണം”

കിതച്ചു കൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു.

………

“ഞങ്ങളുടെ മോന് അങ്ങനെ അസുഖമെന്ന് പറയാനായിട്ടൊന്നുമില്ല.ചില നേരത്തിങ്ങനാ… മൂക്കിൻ തുമ്പത്താ ദേഷ്യം. അത് തീരും വരെ അൽപസ്വൽപം ബഹളം ഉണ്ടാക്കും. അത്രേ ഉള്ളൂ. അല്ലാത്ത സമയത്ത് പട്ടു പോലത്തെ സ്വഭാവം ആണ് അവന്റേത്.

ഒരു കല്യാണമൊക്കെ കഴിച്ച് ഉത്തരവാദിത്ത്വമൊക്കെ വന്നു കഴിഞ്ഞാൽ എല്ലാം ശരിയാകും എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്.

കുറച്ച് ക്ഷമ കാണിക്കണം. വന്ദന ഒരു കാര്യവുമില്ലാതെ നിസ്സാര കാര്യത്തെ ഊതിപ്പെരുപ്പിച്ച് വലുതാക്കുകയാണ്. പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് മക്കൾ ഓരോന്ന് പറയുകയും ചെയ്യുകയും ചെയ്യുമ്പോൾ നമ്മൾ മുതിർന്നവർ തിരുത്തിക്കൊടുക്കുകയല്ലേ വേണ്ടത്. ”

“നിങ്ങൾ മിണ്ടരുത്. എല്ലാം അറിഞ്ഞ് വെച്ച് കൊണ്ട് ഞങ്ങളെ ചതിച്ചിട്ട്, എന്റെ മോളുടെ ജീവിതം നശിപ്പിച്ചിട്ട് നിന്ന് ന്യായം പറയരുത്.

വലിയ തറവാട്ടുകാരായിട്ട് കാര്യമില്ല. അന്തസ്സ് വേണം.

ഇമ്മാതിരി നെറികേട് ഒരിക്കലും ആരോടും കാണിക്കരുത്. നിങ്ങൾക്കും ഇല്ലേ ഒരു പെൺകുട്ടി.

അവൾക്കാണ് ഈ ഗതി വന്നിരുന്നതെങ്കിൽ നിങ്ങൾ വെറുതെ ഇരിക്കുമോ?

അസുഖം വന്നാൽ ചികിത്സിപ്പിക്കണം. അല്ലാതെ കല്യാണം കഴിപ്പിക്കുകയല്ല വേണ്ടത്.

നിങ്ങളുടെ മകന്റെ ഭ്രാന്ത് മാറ്റാൻ ശ്രമിക്കേണ്ടത് എന്റെ മോളുടെ ജീവിതം കൊണ്ടല്ല.”

വാതിലിനരികിൽ നിലത്തിരുന്ന് തേങ്ങുകയായിരുന്ന വന്ദന പതുക്കെ എഴുന്നേറ്റ് ചെന്ന് വെള്ളം നിറച്ച് വച്ചിരിക്കുന്ന ജഗ്ഗെടുത്ത് അതോടെ തന്നെ ദാഹം തീർത്തു.

വന്ദനയുടെ ഭാവിയും ജീവിതവും വീണ്ടും ഒരു തീരുമാനത്തിനായി കാത്തു നിൽക്കുന്നു.

അവൾ വിവേകിന്റെ അച്ഛന്റേയും അമ്മയുടേയും നേർക്ക് നടന്നു.

“നിങ്ങൾ പറഞ്ഞത് ശരിയായിരിക്കും. വിവേകേട്ടന് ഒരസുഖവും ഉണ്ടാവില്ലായിരിക്കും. ഉണ്ടെങ്കിൽ തന്നെ സമയം കൊണ്ട് മാറുമായിരിക്കും.

ഇനിയൊരു പക്ഷെ മാറിയില്ലെങ്കിൽ …

ഞാനൊരു സാധാരണ പെൺകുട്ടിയാ…

അടുത്ത നിമിഷം എന്തു സംഭവിക്കും എന്നോർത്ത് പേടിച്ച് പേടിച്ച് ഉരുകി ജീവിതത്തെ പരീക്ഷിച്ച് നരകിക്കാൻ വയ്യ….

ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും പേരിൽ സീതയും സാവിത്രിയുമാകാനും സ്വർഗ്ഗം നേടാനും ഞാനില്ല ….

എന്റെ സ്വർഗ്ഗവും നരകവുമൊക്കെ ഈ ഭൂമിയിൽ തന്നെയാ..

വിവേകേട്ടന് ഇപ്പോഴാവശ്യം ഒരു ഭാര്യയെ അല്ല… നല്ലൊരു ഡോക്ടറെയാണ്..

എന്നെ വിരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന ഈ അഞ്ചര പവന്റെ ഭാരം ഇപ്പോഴെനിക്ക് താങ്ങാവുന്നതിലേറെയാണ്.

എന്റെ പ്രവൃത്തിയിലെ ശരിയും തെറ്റും കൂട്ടിക്കിഴിച്ചു നോക്കുന്നില്ല.

മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നു.

കൂടുതൽ മുറുകുന്നതിന് മുമ്പ് ഈ കുരുക്ക്…. ഈ താലി ഞാനിവിടെ അഴിച്ചു വെക്കുകയാണ്.”

തലേന്നാൾ വിളക്കേന്തിക്കൊണ്ട് വലതുകാൽ വെച്ച് കയറി വന്ന പടിക്കെട്ട് തിരിച്ചിറങ്ങുമ്പോൾ അവളുടെ കാലടികൾ ഇടറുന്നുണ്ടായിരുന്നില്ല.

കാറിന്റെ ഡോറടയുന്നതും അകന്നു പോകുന്നതു മറിഞ്ഞ് മുകളിലെ മുറിയിൽ സിഗരറ്റ് എരിഞ്ഞു കൊണ്ടിരുന്നു.

രചന :- അഞ്ജു……

Leave a Reply

Your email address will not be published. Required fields are marked *