ചിന്നൂട്ടി ഉറങ്ങീട്ടോ, അത്രയും പറഞ്ഞു നെഞ്ചിലോട്ടവളെ ചേർത്ത് പിടിച്ചു പുണർന്നു…

രചന: Saheer Sha

സ്നേഹമഴയായ്…

“ദേ.. ചിന്നൂട്ടി ഉറങ്ങീട്ടോ..” അത്രയും പറഞ്ഞു നെഞ്ചിലോട്ടവളെ ചേർത്ത് പിടിച്ചു.. ഇറുകെ പുണർന്നു..

” ചേട്ടായീ.. നാളെ ചിന്നൂട്ടിന്റെ സ്കൂളിൽ പോവാൻ മറക്കല്ലേ ട്ടോ.. മറക്കോ..”

” ഇല്ലേടീ.. മറക്കൂല..” അവളുടെ പിൻകഴുത്തിലൂടെ മുഖമിട്ടുരുമി മെല്ലെ ചെവിയിലൊരു കടിയും കൊടുത്താണത് പറഞ്ഞത്…

” എന്നാൽ ചേട്ടായി സത്യം ചെയ്യ്.. ” പുറംതിരിഞ്ഞ് എന്റെ കണ്ണുകളിലേക്ക് നോക്കിയവളത് പറഞ്ഞപ്പോൾ വേറെ മാർഗ്ഗമില്ലായിരുന്നു.. “സത്യമായിട്ടും നാളെ പോവാം.. ” എന്ന് പറഞ്ഞവളെ ശക്തമായി ചേർത്ത് പിടിച്ചപ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു..

അവൾക്കറിയാമായിരുന്നു ആ നിമിഷത്തിൽ എന്താവശ്യവും ഞാൻ സമ്മതിക്കുമെന്ന്..

കാര്യങ്ങൾ സാധിച്ചെടുക്കാൻ എന്റെ ശ്രീക്കുട്ടി ഉപയോഗപ്പെടുത്തുന്ന സമയമാണത്.. പട്ടിണിയാവുമെന്ന ഭയത്താൽ സമ്മതിക്കുവാനെ നിവൃത്തിയുണ്ടാവുകയൊള്ളൂ..

ചിന്നൂട്ടി ഈ വർഷം LKG യിൽ നിന്നും UKG യിലെത്തിയിരിക്കുകയാണ്.. എത്ര പെട്ടെന്നാണ് ദിവസങ്ങൾ കടന്നു പോവുന്നത്.. ചിന്തിക്കുമ്പോൾ അത്ഭുതം തോന്നുന്നു..

പുതിയ അദ്ധ്യായന വർഷത്തിലെ രക്ഷകർത്തൃ യോഗത്തിന് ശ്രീക്കുട്ടിയായിരുന്നു പോയിരുന്നത്.. അന്ന് മുതൽ തുടങ്ങിയതാണവൾ ചിന്നൂട്ടിയുടെ സ്കൂളിൽ പോവാൻ എന്നെ നിർബന്ധിക്കുന്നത്…

പുതിയ ടീച്ചർക്ക് അച്ഛനെയും അമ്മയെയും കാണണമെന്ന്.. ഒരു പ്രാവിശ്യമെങ്കിലും രണ്ട് പേരും സ്കൂളിൽ ചെല്ലണമെന്ന്.. ഇപ്പോഴത്തെ ടീച്ചർമാരുടെ ഓരോരൊ ആവശ്യങ്ങൾ..!

എന്തായാലും ഇന്നലത്തെ സ്നേഹക്കളരിയിൽ വെച്ച് സത്യം ചെയ്തതിനാൽ ഓഫീസിൽ നിന്നും നേരത്തെയിറങ്ങി സ്കൂളിൽ പോവാമെന്ന് തന്നെ തീരുമാനിച്ചു..

സ്കൂളിലേയ്ക്ക് കാലെടുത്ത് വെക്കുമ്പോൾ തന്നെ കുന്നോളം ഓർമ്മകളാണ് ഇങ്ങനെ ഒഴുകിയെത്തുന്നത്.. ഞാൻ പഠിച്ചു വളർന്ന എന്റെ സ്കൂൾ.. ഹൃദയത്തോട് എന്നും ചേർത്ത് പിടിക്കുന്ന എന്നെ ജീവിക്കാൻ പഠിപ്പിച്ച എന്റെ കലാലയം..

ആ ഓർമ്മകളിലെവിടെയൊക്കെയോ അവളുടെ മുഖവും തെളിയുന്നില്ലയോ.. മെല്ലെ ഓർമ്മകൾ അവളിലേക്ക് മാത്രമായപ്പോൾ ഒരൽപ്പം കണ്ണ്നീര് പൊടിഞ്ഞത് ഞാനറിഞ്ഞു…

ചിന്നൂട്ടിയുടെ ക്ലാസ്സ് അന്വേഷിച്ച് കണ്ടെത്തുന്നവരെയും മനസ്സ് എങ്ങോട്ടൊക്കെയോ സഞ്ചരിച്ച് കൊണ്ടിരിക്കുയായിരുന്നു…

“Excuse me teacher..” എന്റെ ശബ്ദം കേട്ടിട്ടെന്നോണം ടീച്ചർ തിരിഞ്ഞ് നോക്കിയപ്പോൾ ശരിക്കും ഞെട്ടിയത് ഞാനായിരുന്നു..

ദൈവമേ.. ഞാൻ സ്വപ്നം കാണുകയാണോ.. അവൾ..! എന്റെ എല്ലാമെല്ലാമായിരുന്ന മാളവിക.. മാളു..

ചിന്നൂട്ടി എന്റെയടുത്തേയ്ക്ക് ഓടി വന്നപ്പോളും എന്നോട് എന്തൊക്കെയോ പറയുമ്പോളും ഞാൻ ഏതോ മായാലോകത്തായിരുന്നു..

” അഭീ.. കുറച്ചു നേരം വെയിറ്റ് ചെയ്യൂ.. ഞാൻ ഇപ്പോൾ വരാം..” എന്നവൾ പറഞ്ഞപ്പോളാണ് എനിക്ക് സ്ഥലകാല ബോധമുണ്ടായത്..

ജീവിതക്കാലം മുഴുവനും ഒരുമിച്ച് ജീവിക്കണമെന്ന് എന്റെ കൂടെ സ്വപ്നം കണ്ട എന്റെ മാളു.. അവളെ ചിന്നൂട്ടിയുടെ ടീച്ചറുടെ വേഷത്തിൽ കാണേണ്ടി വരുമെന്നത് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല..

അവളെയും കാത്ത് വരാന്തയിലെ ആ തൂണിൽ ചാരി നിൽക്കുമ്പോൾ തൂണിന്റെ മറവിലൂടെ എന്റെ കൈകൾ കോർത്തു പിടിക്കാറുണ്ടായിരുന്ന ആ പഴയ ചുരുണ്ട മുടിക്കാരിയുടെ എന്റെ മാളുവിന്റെ പ്രണയാർദ്രമായ കരിമഷി എഴുതിയ കണ്ണുകളാണ് എനിക്കോർമ്മ വന്നത്.. ആ നിമിഷങ്ങളിൽ അവളുടെ തിളക്കമാർന്ന കണ്ണുകൾ നൽകിയിരുന്ന സൗന്ദര്യം വേറെയെവിടെയും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല..

കാലം കവർന്നെടുത്തുവെന്ന് കരുതിയ മധുരവും കയ്‌പ്പേറിയതുമായ ഓർമ്മകൾ വീണ്ടും എന്നിലേക്ക് ഒഴുകിയെത്താൻ തുടങ്ങി..

കൗമാരം അതിന്റെ എല്ലാ നിഗൂഢതകളും പ്രകടിപ്പിച്ചു തുടങ്ങിയിരുന്ന സ്കൂൾ കാലത്ത് മൊട്ടിട്ട ആ പ്രണയം കോളേജിലെത്തിയിട്ടും അതിന് ശേഷവും പിണക്കവും ഇണക്കങ്ങളുമായി അതിശക്തമായി തുടർന്ന് കൊണ്ടേയിരുന്നു.. എന്റെ ജീവന്റെ പാതി അവൾ തന്നെയാണെന്ന് ഉറപ്പിച്ച നാളുകൾ.. ഒരു ദിവസം കാണാതിരുന്നാൽ എന്തോ ഒരു തരം വിങ്ങലായിരുന്നു..

എല്ലാം ഒറ്റ ദിവസം കൊണ്ട് കൈവിട്ട് പോവുകയായിരുന്നു.. എന്തൊക്കെയാണ് അന്ന് സംഭവിച്ചതെന്ന് ചിന്തിക്കുമ്പോൾ ഇപ്പോഴും എനിക്ക് ഒരു തരം വിറയലാണ്..

അന്നൊരു ശനിയാഴ്ച്ചയായിരുന്നു.. എന്റെ അമ്മാവന്റെ മകളുടെ കല്ല്യാണം.. വീട്ടുക്കാരും കുടുംബക്കാരുമെല്ലാം ഒത്തു ചേർന്ന് ആഘോഷമാക്കിയ സുന്ദരരാത്രിയ്ക്ക് ശേഷമുള്ള പ്രഭാതം.. കല്ല്യാണം നടക്കുന്ന മണ്ഡപത്തിലേക്ക് പോകുവാനുള്ള തിരക്കിലായിരുന്നു എല്ലാവരും…

അപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ വാർത്ത കേൾക്കുന്നത്.. ‘കല്ല്യാണപയ്യനെ കാണ്മാനില്ല.. അവന് ഈ കല്ല്യാണത്തിന് താല്പര്യമില്ലായിരുന്നു..’

കൂടുതൽ അന്വേഷിച്ചപ്പോളാണ് അവനൊരു ഗേ (സ്വവർഗ്ഗാനുരാഗി) ആയിരുന്നുവെന്നും വീട്ടുക്കാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിച്ചതായിരുന്നുവെന്നും മനസ്സിലാവുന്നത്..

ഒരു നിമിഷം കല്ല്യാണവീട് മരണ വീട് പോലെയായി.. എല്ലാവരും തളർന്ന് പോയി.. ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് അമ്മയുടെ ആ ശബ്ദം കേൾക്കുന്നത്.. “..ന്റെ അഭിമോൻ ശ്രീക്കുട്ടിയുടെ കഴുത്തിൽ താലി കെട്ടും.. കല്ല്യാണം പറഞ്ഞ മുഹൂർത്തത്തിൽ തന്നെ നമുക്ക് നടത്താം..”

ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി.. എല്ലാവരും എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നു..

“അമ്മേ.. അമ്മ എന്താണീ പറയുന്നത്.. എനിക്കൊരിക്കലും ചിന്തിക്കാൻ പറ്റില്ല ശ്രീക്കുട്ടിയെ.. ഇങ്ങനെ.. എന്റെ ഭാര്യയായി..” എങ്ങനെയോ ലഭിച്ച ധൈര്യത്തിൽ അത്രയും ഞാൻ പറഞ്ഞൊപ്പിച്ചു..

“അഭിമോനേ.. മോൻ അങ്ങനെ പറയരുത്.. ഈ കല്ല്യാണം നടന്നില്ലെങ്കിൽ അമ്മാവൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. മോൻ സമ്മതിക്ക്..” കരഞ്ഞ് കൊണ്ടുള്ള അമ്മാവന്റെ വാക്കുകൾ കേട്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞെങ്കിലും പറയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല..

“ഞാൻ മറ്റൊരു കുട്ടിയുമായി ഇഷ്ടത്തിലാണ്.. 7 വർഷമായി ഞങ്ങളുടെ ഇഷ്ടം തുടങ്ങിയിട്ട്.. മറ്റൊരാളെ ഭാര്യയായി സങ്കൽപ്പിക്കാൻ പോലും എനിക്ക് പറ്റില്ല..” അത് പറയുമ്പോഴും എനിക്ക് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല..

“മോനേ.. ഇന്ന് ന്റെ ശ്രീക്കുട്ടിയുടെ കല്ല്യാണം നടന്നില്ലെങ്കിൽ ഉറപ്പായും ഒരു നിമിഷം പോലും പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.. മോനെ കൊണ്ടേ ഇനി നമ്മുടെ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ.. ഞാൻ മോന്റെ കാല് പിടിക്കാം..” എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹമെന്റെ കാലുകളിലേക്ക് വീണു..

എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു.. ഞാൻ നിന്ന് വിയർത്തു..

കുടുംബക്കാരും വീട്ടുക്കാരുമെല്ലാം എന്നെ നിർബന്ധിക്കാൻ തുടങ്ങി.. ആ നിമിഷം എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു..

“ഈ കല്ല്യാണം നടക്കാത്തതിന്റെ പേരിൽ ഇവിടെയുള്ളവർക്ക് എന്തെങ്കിലും സംഭവിച്ചാൽ മോനെ നീ ജീവിതക്കാലം മുഴുവനും അതിന് ഉത്തരം പറയേണ്ടി വരും.. പിന്നെ നീ എവിടെ പോയാലും നിനക്ക് ഒരു സമാധാനവുമുണ്ടാവില്ല.. അമ്മേടെ മോൻ സമ്മതിക്ക്.. നമ്മുടെ കുടുംബത്തിനെ രക്ഷിക്കേണ്ടത് നിന്റെ ഉത്തരവാദിത്ത്യമാണ്.. മോൻ മറുത്തൊന്നും പറയരുത് ശ്രീക്കുട്ടിയെ ഞാനെന്റെ മരുമോളായി സ്വീകരിച്ചു കഴിഞ്ഞു..”

എന്ത് പറയണമെന്ന് എനിക്കപ്പോളും അറിയില്ലായിരുന്നു.. എന്റെ തല പിളർന്ന് പോവുന്ന അവസ്ഥയായിരുന്നുവെനിക്ക്..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. എന്റെ ഓരോ ചലനവും യാന്ത്രികമായിരുന്നു.. എന്താണ് സംഭവിച്ചതെന്നോ ഞാൻ വിവാഹിതനായെന്നോ എന്റെ മനസ്സിനെപ്പോലും വിശ്വസിപ്പിക്കുവാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല..

ആരും കാണാതെ ഒരുപ്പാട് കരഞ്ഞു.. അപ്പോളും എന്റെ മാളൂന്റെ മുഖം മാത്രമായിരുന്നുവെന്റെ മനസ്സിൽ.. അവളില്ലാത്തൊരു ജീവിതം തനിക്ക് വേണ്ടെന്ന് വരെ ഒരു നിമിഷം ചിന്തിച്ചു..

ആഗ്രഹിച്ചതെല്ലാം കൈവിട്ടുപോകുമ്പോൾ തിരിച്ചുപിടിക്കാൻ കഴിയാതെ നിസ്സഹായനായ് നിൽക്കുന്ന നിമിഷമുണ്ട്. അതിനെയാണ് വിധി എന്നു വിളിക്കുന്നത്..

മാളൂന് തന്നോട് പരിഭവമൊന്നുമില്ലായെന്നും അവൾക്ക് തന്നെ മനസ്സിലാവുമെന്നും അവൾ എന്നോട് പറയാൻ പറഞ്ഞതായിട്ട് പിന്നീട് ആരോ പറഞ്ഞറിഞ്ഞു…

കല്ല്യാണം കഴിഞ്ഞു ഒരു മാസത്തോളമായിട്ടും ശ്രീക്കുട്ടിയുമായി അടുക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.. അവൾ കിടപ്പറയിൽ എന്നോടൊപ്പം നിദ്രയിലാവുമ്പോൾ ചിലപ്പോഴെങ്കിലും അവളുടെ സ്പർശം അടുത്തറിയുമ്പോൾ എന്നിലുണ്ടാവുന്ന വികാരങ്ങൾ പലപ്പോഴും മാളുവിന്റെ മുഖമോർക്കുമ്പോൾ ശമിക്കുമായിരുന്നു..

പക്ഷെ കൂട്ടിനൊരു പെണ്ണും തണുപ്പുള്ള രാത്രികളും മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാത്ത സ്വർഗ്ഗീയ നിമിഷങ്ങളും എപ്പോഴോ എന്നെയും കീഴ്പ്പെടുത്തിക്കളഞ്ഞു..

അവിടെ നിന്നും ഞാനെന്റെ ശ്രീക്കുട്ടിയെ അടുത്തറിയുകയായിരുന്നു..

നെഞ്ചിലേയ്ക്കവളെ ചേർത്തുപിടിച്ചപ്പോൾ ആ കണ്ണുകളിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾ മാത്രം മതിയായിരുന്നുവെനിക്ക് ഒരായിരം വർഷം അവളെ ഈ നെഞ്ചോട് ചേർത്തുപിടിക്കാൻ…

എന്റെ കൈകളിൽ മുറുകെ പിടിച്ച് നടക്കുമ്പോളൊക്കെയും അവൾ അനുഭവിക്കുന്ന സന്തോഷവും സുരക്ഷിതത്ത്വവും ഞാനും ആസ്വദിക്കാൻ തുടങ്ങുകയായിരുന്നു..

പിന്നീട് ചിന്നൂട്ടി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു..

എന്നിരുന്നാലും പലപ്പോളും മാളൂന്റെ മുഖമെന്റെ മനസ്സിലേക്ക് വന്നു ചേരാറുണ്ട്.. ഒരിക്കലും ഹൃദയത്തിൽ നിന്ന് എടുത്ത് മാറ്റാൻ കഴിയാത്ത ഒരാളാണ് മാളുവെന്നത് ഞാൻ അടുത്തറിഞ്ഞിട്ടുമുണ്ട്..

അഭീ.. എന്ന വിളിയാണ് എന്നെ ഓർമ്മകളിൽ നിന്ന് വിളിച്ചുണർത്തിയത്.. പുഞ്ചിരിക്കുന്ന മുഖവുമായി മാളവിക ടീച്ചർ എന്റെ മുമ്പിൽ നിൽക്കുന്നു..

ഒരു പക്ഷെ അപ്പോഴും എനിക്കവളുടെ മുഖത്തേക്ക് നോക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. അവളോട് ചെയ്ത തെറ്റിന്റെ കുറ്റബോധം എന്നെ വേട്ടയാടുന്നുണ്ടായിരുന്നു…

“സുഖമല്ലേ അഭീ.. എത്ര നാളായെടാ കണ്ടിട്ട്..” ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൾ സംസാരിക്കാൻ തുടങ്ങി.. പതിയെ പതിയെ ഞങ്ങളുടെ സംസാരം പഴയ ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി..

നീണ്ട ഇടവേളയ്ക്കു ശേഷം ഒരുമിച്ചിരിക്കുമ്പോളുണ്ടാവുന്ന സന്തോഷം നക്ഷത്ര തിളക്കമുള്ള അവളുടെ കണ്ണുകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു..

എത്ര സമയമാണ് അങ്ങനെ സംസാരിച്ചതെന്ന് അറിയില്ല.. ഒരു നീണ്ട ബെല്ലിന്റെ ശബ്ദമാണ് ഞങ്ങളുടെ സംസാരത്തിന് അന്ത്യം കുറിച്ചത്.. സ്കൂൾ വിട്ടിരിക്കുന്നു.. കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്.. ചിന്നൂട്ടിയെ തിരഞ്ഞ് അവളുടെ ക്ലാസ്സിലേക്ക് മെല്ലെ ഞാൻ നടക്കാൻ തുടങ്ങി.. കൂടെ അവളും..

ആദ്യമായി അച്ഛന്റെ കൂടെ സ്കൂളിൽ നിന്ന് മടങ്ങി വന്നതിന്റെ സന്തോഷത്തിലായിരുന്നു ചിന്നൂട്ടി..

“അമ്മേ.. അമ്മേ..” വീട്ടുമുറ്റത്തെത്തിയപ്പോൾ അവൾ വിളിച്ചു കൂവി..

പുഞ്ചിരിക്കുന്ന മുഖവുമായി ശ്രീക്കുട്ടി പുറത്തേക്ക് വന്നു..

“ആഹാ..! ചിന്നൂട്ടിയുടെ സ്കൂളിൽ പോയല്ലേ.. ഞാൻ കരുതി ഇന്നും പോവില്ലായെന്ന്..” അവൾ സന്തോഷത്തോടെയാണത് പറഞ്ഞത്..

“നിന്നോട് സത്യം ചെയ്തതല്ലേ എന്നു കരുതി പോയതാ.. ഒരുപ്പാട് ജോലിയുണ്ടായിരുന്നു ഓഫീസിൽ..” അത്ര സന്തോഷമില്ലാത്ത രീതിയിലാണ് ഞാനത് പറഞ്ഞത്..

“എന്നിട്ട് ടീച്ചറെ കണ്ടില്ലേ.. ടീച്ചർ എന്താണു പറഞ്ഞത്..” അവൾ എന്നെ വിടാനുള്ള ഒരുക്കമില്ല..

“ടീച്ചർ എന്ത് പറയാൻ..! ചിന്നൂട്ടി മിടുക്കിയാണെന്ന് പറഞ്ഞു അല്ലെ ചിന്നൂസേ.. ആ പിന്നെ ഇടയ്ക്കിടക്ക് സ്കൂളിലേക്ക് വരാനും പറഞ്ഞിട്ടുണ്ട്..”

ഞാൻ അത് പറഞ്ഞതും അവൾ നിറുത്താതെ ചിരിക്കാൻ തുടങ്ങി…

“എന്താടീ ഇത്രയ്ക്ക് ചിരിക്കാൻ ഞാൻ എന്തെങ്കിലും തമാശ പറഞ്ഞോ..?” കുറച്ചു ദേഷ്യത്തോടെയാണ് ഞാനത് ചോദിച്ചത്..

“അല്ല.. ഇടയ്ക്കിടക്ക് വരാൻ ടീച്ചർ പറഞ്ഞതാണോ..? അതോ ഇടയ്ക്കിടക്ക് മാളുവിനെ കാണാൻ ഇയാൾ ഉണ്ടാക്കിയ തന്ത്രമാണോ ഇതെന്ന് ആലോചിച്ചു ചിരിച്ചതാണേ..”

ശരിയ്ക്കും ഞാൻ അപ്പോൾ ഇളിഭ്യനാവുകയായിരുന്നു..

ശരിക്കും ചിന്നൂട്ടിയുടെ പുതിയ ടീച്ചർ മാളുവാണെന്നറിഞ്ഞതിൽ പിന്നെ എങ്ങനെയെങ്കിലും എന്നെ അവിടെയെത്തിക്കാൻ ശ്രീക്കുട്ടി ഉണ്ടാക്കിയെടുത്ത തന്ത്രമായിരുന്നു ഇതെല്ലാമെന്ന് അപ്പോളാണ് ഞാൻ മനസ്സിലാക്കിയത്..

ശ്രീക്കുട്ടിയും മാളുവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഞാൻ ഇന്ന് വരുന്ന വിവരം മാളു അറിഞ്ഞിട്ടുണ്ടായിരുന്നുവെന്നും പിന്നീട് മനസ്സിലാവുകയും ചെയ്തു..

ശ്രീക്കുട്ടിയെ എന്റെ നെഞ്ചിലേക്ക് ചേർത്തു വെച്ച് കിടക്കുമ്പോൾ ഞാൻ ആലോചിച്ചു.. ഞാൻ എത്ര ഭാഗ്യവാനാണ് എന്റെ ശ്രീക്കുട്ടിയെ പോലൊരാളെ ഭാര്യയായി ലഭിച്ചതിൽ.. ഇന്നു വരെ ഒരു കാര്യത്തിനും അവളെന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.. എന്റെ സന്തോഷം മാത്രമേ അവൾ നോക്കിയിട്ടൊള്ളൂ.. ഇന്നും കണ്ടില്ലേ അവളാണ് എന്നെ മാളുവിന്റെയടുത്തേക്ക് പറഞ്ഞയച്ചത്..

ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോളാണ് ശ്രീക്കുട്ടി പെട്ടെന്ന് ചോദിക്കുന്നത്.. “ചേട്ടായീ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ..? ചേട്ടായിക്ക് എന്നെയാണോ മാളുവിനെയാണോ ഏറ്റവും കൂടുതൽ ഇഷ്ടം..?”

അവളുടെ നിഷ്കളങ്കമായ ആ ചോദ്യം കേട്ടപ്പോൾ ശരിക്കുമെനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.. “ന്റെ.. പൊന്നു ശ്രീക്കുട്ടീ.. നീ കഴിഞ്ഞിട്ടേ എനിക്ക് ആരുമൊള്ളൂ.. നീ അല്ലെ എന്റെ രാജകുമാരി..”

അത്രയും പറഞ്ഞ് ഞാനവളെ എന്നിലേക്ക് വലിച്ചു മാറോടണക്കി.. ഇറുകെ പുണർന്നു..

“നിനക്കറിയോ.. നമ്മൾ കുട്ടിക്കാലത്ത് കളിച്ചു നടന്ന വീടും പറമ്പുമൊക്കെയില്ലേ.. അതൊക്കെ നമ്മൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ.. അത് നൽകുന്ന ഓർമ്മകൾക്ക് പ്രത്യേക സന്തോഷമില്ലേ.. സത്യം പറയാലോ അതു പോലെയാണെനിക്ക് മാളു.. മറക്കാനാവാത്ത ഒരുപ്പാട് ഓർമ്മകൾ നൽകിയ വ്യക്തി..

എന്നാൽ നമ്മുടെ സ്വന്തം അധ്വാനം കൊണ്ട് നമ്മൾ ഉണ്ടാക്കിയ വീടും പറമ്പുമൊക്കെയില്ലേ.. നമ്മുടെ സ്വന്തമെന്ന് എപ്പോഴും ഉറപ്പുള്ള ഒന്ന്.. എവിടെപ്പോയാലും അവിടേയ്ക്ക് മടങ്ങിയെത്താൻ നമ്മൾ കൊതിക്കാറില്ലേ.. അതാണ് ശ്രീക്കുട്ടീ നീ.. എന്റെ മാത്രം സ്വന്തം..”

—————————————————————————

ആദ്യാനുരാഗത്തിന്റെ നിറവും മണവും ജീവിതാന്ത്യത്തോളം നിലനിൽക്കുന്നതാണ്..

വിവാഹത്തിനു മുൻപ് പ്രണയിച്ചവരും അതിനു ശേഷം ആ അനുഭൂതി നുകർന്നവരുമുണ്ടാകാം…

കാലത്തിന്റെ നെറികേടിൽ പ്രണയം ഉപേക്ഷിക്കേണ്ടി വന്നിരിക്കാം…

പ്രേമത്തെ മുറിച്ചെറിഞ്ഞ് മറ്റൊരാളെ വിവാഹം കഴിക്കാൻ നിർബന്ധിതരായിത്തീർന്നിരിക്കാം…

എന്നാൽ ആദ്യാനുരാഗം ജീവിതത്തിന്റെ ഒരു ദശാസന്ധിയിൽ പൂർണ്ണത കൈവരിക്കും… നീണ്ട ഇടവേളക്കു ശേഷമുള്ള ഒരു സ്നേഹമഴയായത് പെയ്തിറങ്ങും…

രചന: Saheer Sha

Leave a Reply

Your email address will not be published. Required fields are marked *