” ഞങ്ങളെ നാണം കെടുത്താൻ എന്തിനാ ഈ ഓട്ടോ ഓടിക്കുന്നത് “

രചന : – Ranjith Alachery Neelan‎

അച്ഛനെ വീടിന്റെ പിന്നിലേക്ക് മാറ്റി നിർത്തിയാണ് ഞാൻ അത് പറഞ്ഞത് ..

കാക്കി ഷർട്ടും ഇട്ട് അച്ഛൻ ഒന്നും മിണ്ടാതെ തല കുനിച്ച്‌ നിന്നൂ …

എത്ര തവണ പറഞ്ഞിരിക്കുന്നു അവളുടെ വീട്ടുകാർക്ക് അച്ഛൻ ഓട്ടോറിക്ഷ ഓടിക്കുന്നത് ഇഷ്ടമല്ല എന്ന് , എതിർപ്പുകളെ കണ്ടില്ല എന്ന് നടിച്ച്‌ വീണ്ടും അത് ആവർത്തിക്കുമ്പോൾ ദേഷ്യം വരില്ലേ … ??

മൗനം വിഴുങ്ങി കുറച്ചേറെ നേരം നിന്നതിന് ശേഷം അച്ഛൻ പിന്തിരിഞ്ഞ് ഓട്ടോറിക്ഷയിൽ ചെന്നിരുന്നു …

കുറച്ച്‌ കഴിഞ്ഞപ്പോൾ ഗെയ്റ്റും കടന്ന് ഓട്ടോ പോയി ” ആരോട് പറയാൻ ” എന്ന് ഭാര്യ അടക്കം പറഞ്ഞപ്പോൾ ദേഷ്യം ഇരട്ടിച്ചു ..

അടുക്കളയോട് ചേർന്ന മുറിയിൽ നിന്ന് അമ്മയുടെ തല പൊങ്ങി വരുന്നത് കണ്ടൂ , നോട്ടം അമ്മയ്ക്ക് നേരെ ആണെന്ന് കണ്ടപ്പോൾ അമ്മ കട്ടിലിലേക്ക് ചുരുണ്ടു ..!!

ഉച്ചയൂണിന്റെ നേരത്ത് അച്ഛൻ ഓട്ടോ ഓടിച്ച്‌ വീണ്ടും കയറിവന്നു , ദേഷ്യം അങ്ങ് ഇരച്ച് കയറി …!!!

“ഓഫിസിൽ ഇന്നലെയും അച്ഛന്റെ ഈ ലൊടുക്ക് വണ്ടിയെ കുറിച്ചായിരുന്നു ചർച്ച, കിഷോറിന്റെ ചോദ്യം സാറിന്റെ അച്ഛൻ ഇപ്പോളും ഓട്ടോ ഓടിക്കുകയാണോ എന്നാണ്, ഈ വയസാൻ കാലത്ത് ഇതിന്റെ ആവിശ്യം വല്ലോം ഉണ്ടോ ..!! ?? ”

ഒന്നും മിണ്ടാതെ അച്ഛന്റെ എലുമ്പൻ കൈകൾ ചോറിനെ ഉരുളയാക്കി ..!!!

അച്ഛന് അല്ലങ്കിലും എന്നെ എതിർക്കാൻ കഴിയില്ല , പെങ്ങളെ കെട്ടിച്ച കടം കിടപ്പാടം വിഴുങ്ങിയപ്പോൾ ഭാര്യവീട്ടിൽ നിന്ന് കിട്ടിയ സഹായത്തിൽ പണിത വീട്ടിൽ കഴിയുമ്പോൾ എന്നോട് തർക്കിക്കാൻ അഭിമാനം സമ്മതിക്കുന്നുണ്ടാവില്ല ..!!

വൈകുന്നേരം എനിക്ക് ഒന്ന് പനിച്ചു … അച്ഛനായിരുന്നു നിർബന്ധം മരുന്ന് വാങ്ങണം എന്ന് …!!

ഓട്ടോറിക്ഷ എടുക്കാൻ അഴയിൽ തൂക്കിയ ഷർട്ടിട്ട് അച്ഛൻ ഇറങ്ങിയപ്പോൾ ഞാൻ വിലക്കി

“കാറിൽ പോകാം ”

മറുപടി പറയാതെ ഷർട്ടിന്റെ ബട്ടൻസ് ഇട്ട് അച്ഛൻ ഓട്ടോറിക്ഷയുടെ കിക്കർ വലിച്ചു …!!

ഞാൻ സീറ്റിലെ പൊടി തൂവാല കൊണ്ട് തുടച്ച്‌ ഓട്ടോറിക്ഷയിൽ കയറി ഇരുന്നൂ … !!

പണ്ട് എത്ര തവണ കാഴ്ചകളുടെ അതിരുകൾ പിന്നിട്ട് ഞങ്ങൾ ഈ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരിക്കുന്നു , അമ്മയും ഞാനും അനിയത്തിയും അച്ഛന്റെ പിന്നിലിരുന്ന് പിന്നിട്ട വഴികളും ദൂരവും മനസിലേക്ക് ഓടിവന്നൂ

ക്ലിനിക്കിന്റെ തിരക്കിലേക്ക് വേഗത്തിൽ വണ്ടി ഓടിച്ച്‌ കയറ്റി അച്ഛൻ മുന്നിൽ നടന്നൂ , ഡോക്ടറുടെ ഫീസ് കൊടുക്കാൻ കാക്കിഷർട്ടിന്റെ കീശയിലേക്ക് കൈ നീങ്ങിയപ്പോൾ ഞാൻ വിലക്കി … അച്ഛൻ സമ്മതിച്ചില്ല … !!

ഇഞ്ചക്ഷൻ സമ്മാനിച്ച വേദനയിൽ ഓട്ടോറിക്ഷയിൽ വന്നിരുന്നപ്പോൾ അച്ഛനും കൂടെ വന്നൂ, ഓട്ടോറിക്ഷയെ ഒരു മകനെ എന്നപോലെ തലോടികൊണ്ട് പറഞ്ഞു …!!

“കൊല്ലം കൊറേയായി ഇത് ഓടിക്കാൻ തുടങ്ങിയിട്ട് , പിന്നെ വട്ടചിലവിനായി നിന്റെ മുന്നിൽ കൈനീട്ടാനും ഒരു മടി , അങ്ങനൊന്നും എനിക്ക് ശീലമില്ലല്ലോ ..!! ”

ഓട്ടോറിക്ഷയെ തൊട്ടും തലോടിയും കുറച്ച്‌ നേരം കൂടെ നിന്നിട്ട് അച്ഛൻ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് നടന്നൂ ..!!

എന്തൊക്കയോ പറയണം എന്ന് ഉണ്ടായിരുന്നു , തൊണ്ടയുടെ വെളിയിലേക്ക് വാക്കുകൾ വന്നില്ല ,ഓർമ്മകൾ പിന്നിലേക്ക് മറിഞ്ഞു , രാവിലെ അച്ഛൻ സവാരി പോകുന്നത് ,രാത്രിയിൽ വൈകി ദൂരെ നിന്ന് കാണുന്ന ഹെഡ്‌ലൈറ്റിന്റെ പ്രകാശവും കൈയിൽ കരുതുന്ന പലഹാരവും , ബാധ്യത പെരുകിയപ്പോൾ പൊതിച്ചോറും വെള്ളവുമായി രാത്രിയിൽ വീണ്ടും സവാരിക്ക് പോയത് ..!!

മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നും വാങ്ങി അച്ഛൻ വന്നപ്പോൾ ഞാൻ ഓട്ടോയിൽ ഇരുന്ന് ഒന്ന് മയങ്ങി …!! കണ്ണ് തുറന്നപ്പോൾ വീടിന്റെ മുറ്റത്ത് വണ്ടി എത്തിയിരുന്നു …!!

അച്ഛന്റെ തഴമ്പിച്ച എലുമ്പൻ കൈ എന്റെ നെറ്റിയിൽ തട്ടി …!!

“പനി കുറവുണ്ട് ഇപ്പോൾ …!! ”

ഓട്ടോയിൽ നിന്ന് ഞാൻ ഇറങ്ങും മുന്നേ അച്ഛൻ കിക്കർ വലിച്ചിരുന്നു .., എഞ്ചിന്റെ മുരൾച്ചയുടെ കൂടെ ഞാൻ അച്ഛനോട് പറഞ്ഞു

“അച്ഛാ നാളെ രാവിലെ ഒരു ഓട്ടം ഉണ്ട് എന്നെ ഒന്ന് ഓഫിസിൽ കൊണ്ട് വിടണം …”

അച്ഛൻ ഒന്ന് ചിരിച്ചു ,പിന്നെ മെല്ലെ ഗെയിറ്റും പിന്നിട്ട് ഓട്ടോ കടന്ന് പോയി …..!!

രചന : – Ranjith Alachery Neelan‎

Leave a Reply

Your email address will not be published. Required fields are marked *