താന്തോന്നി മറിയ

രചന : – അന്നമ്മ ജോസഫ്

അപ്പച്ചാ …. എനിക്കൊരു ബുള്ളറ്റ് വേണം ന്ന് പറയാൻ തുടങ്ങീട്ട് കാലം കുറെ ആയീ…. ഇനീം വച്ചു താമസിപ്പിച്ചാ അപ്പനാന്നു നോക്കൂല്ല …. അതെങ്ങനാ കള്ളുകുടിക്കാനും കറങ്ങി നടക്കാനും ചിക്കിലി ഇറക്കും. ഒരു ബുള്ളറ്റ് വാങ്ങാൻ നയാ പൈസ തരില്ല. കാണിച്ചു തരാം . ഇന്ന് രണ്ടിലൊന്നറിയണം എനിക്ക്…

വറീതു മുതലാളിയുടെ ഒറ്റ മകൾ മറിയ അതാണ് ഞാൻ. എനിക്ക് ബുള്ളറ്റിൽ കയറി ലോകം ചുറ്റണം ഒരു പരദേശിയെ പോലെ. കാലം കുറെ ആയി അപ്പച്ചന്റെ പുറകെ നടക്കുന്നു ഇതും പറഞ്ഞ്….. എവിടെ കേൾക്കാൻ ബുള്ളറ്റ് ന്ന് പറയുമ്പോ …. ങേഹേ…. നമ്മടെ അപ്പന്റെ ചെവി കേക്കൂല്ലാന്നേ. എന്നാ പറയാനാ അപ്പനായി പോയില്ലെ, ഇല്ലേൽ കൊണ്ടോയി വല്ല കാട്ടിലും കളയാരുന്നു. കെട്ടിക്കഴിഞ്ഞാൽ ആമ്പ്രന്നോൻ ഇതിനു വല്ലതും സമ്മതിക്കുവോ? പിന്നേ ഞങ്ങളീ പാലാക്കാരി നസ്രാണിച്ചികൾക്ക് ഒരു എല്ല് കൂടുതലാന്നേ അയിനെ കൊണ്ടു തന്നെ ഇച്ചിരി വെള്ളം അടിച്ചു നാലു കാലെ വരുന്ന അച്ചായന്മാർക്കെ കെട്ടിച്ചും കൊടുക്കു.പിന്നെ അതിയാനെ മേയ്ക്കാനും മക്കളെ നോക്കാനും കുടുംബത്തെ നോക്കാനും ആയി സമയം അങ്ങ് പോകുന്നേ. അതു കൊണ്ടാ ഈ പ്രായത്തിൽ ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്നത്.

അപ്പച്ചന്റെ മടി ഇന്നു ഞാൻ മാറ്റും ഒരു ഐഡിയ ഉണ്ട് കയ്യിൽ ഇന്ന് ഞാൻ പൊളിക്കും….

അപ്പോഴും തുള്ളിച്ചാടിയുള്ള എന്റെ പോക്ക് കണ്ട് വറീതു മുതലാളി കസേരയിൽ ചാഞ്ഞിരുന്നു .ഡീ മറിയപ്പെണ്ണേ ആ തങ്കച്ചൻ ഒരു പൊതി തരും ഇച്ചിരി നല്ല ഏലക്കാ യാ .അവൻ ഹൈറേഞ്ചീന്ന് കൊണ്ടോന്നതാ ,അതിങ്ങ് വാങ്ങിക്കൊണ്ടു വന്നേക്കണം. അപ്പച്ചനെ രൂക്ഷമായി നോക്കിക്കൊണ്ട് ഞാൻ പുറത്തേക്ക് പാഞ്ഞു, ടൗണിലെത്തി.

തങ്കച്ചൻ ചേട്ടാ എന്നതോ ഒരു പൊതി തരൂന്ന് അപ്പച്ചൻ പറഞ്ഞാരുന്നു .തങ്കച്ചൻ തന്ന പൊതി ഞാനിങ്ങുവാങ്ങി, ഒറ്റക്കണ്ണടച്ചു കാട്ടി ഒരു കള്ളച്ചിരിയോടെ ഒരു ചോദ്യം ,ചേട്ടോ ഈ ബിവറേജ് എവിടാ …. എന്തിനാ കുഞ്ഞേ ബിവറേജിൽ പോകുന്നത് .അപ്പച്ചന് സാധനം വാങ്ങാനാന്നോ, ഞാൻ വാങ്ങിത്തരാം. ഓ എന്നാത്തിനാന്നേ …. ഞാൻ തന്നെ വാങ്ങിച്ചോളാന്നേ.

നിങ്ങളോർക്കും ഇപ്പോ എന്നാത്തിനാ ബിവറേജിലെന്ന് ഇല്ലേ… കാത്തിരുന്നു കാണാം… നേരേ ക്യൂ പോലും നിൽക്കാതെ വറീതു മുതലാളിയുടെ മകൾ .നാട്ടുകാരുടെ കണ്ണൊന്നു മഞ്ഞളിച്ചു. എനിക്കു പിന്നെ നാണവും മാനവും ഇല്ലല്ലോന്നേ…. ചേട്ടാ രണ്ട് ഫുള്ള്…. കുപ്പി വാങ്ങി കയ്യിൽ പിടിച്ച് നേരേ ഒരു ടൂ വീലർ ഷോപ്പിലേക്ക് …. ഹൊ !! നെഞ്ചും വിരിച്ചും നിൽക്കുന്ന ബുള്ളറ്റ്കളെ കണ്ടപ്പോൾ, അപ്പോ ചെത്തി ഇറക്കിയ പനങ്കള്ള് കുടിച്ച ഒരു ലഹരിയാന്നേ തോന്നിയത്.

(എന്താ കുട്ടി വേണ്ടത്…. കടയിലെ സെയിൽസ്മാനാ… ) ചേട്ടോ ഒരു ബുള്ളറ്റ് വേണം…. കണ്ണു തള്ളി നിൽക്കാതെ ഈ വണ്ടി വാങ്ങാൻ എന്നതാ ചെയ്യേണ്ടത് ന്ന് വച്ചാ ചെയ്യ്. ഒരു കസേരയിൽ നേരേ കയറി ഇരുന്നു. ചേട്ടാ ഇതാ എന്റെ വീട്ടിലെ നമ്പർ വച്ചോ ആവശ്യം വരും.പതിയെ കുപ്പി പുറത്തെടുത്തു സിനിമാ സ്റ്റെലിൽ കുപ്പിയുടെ അടപ്പിൽ രണ്ട് മുട്ടു മുട്ടി അങ്ങ് കടിച്ചു തുറന്നു. ഒറ്റ കമിഴ്ത്ത് … ഹൊ !! എന്റെ അന്തോണീസ് പുണ്യാളാ ഈ തന്തത്തെണ്ടി ഇതാന്നോ മടക്ക് മടക്ക്ന്ന് വായിലേക്കൊഴിച്ച് ,വച്ച് കീറുന്നത്…. പിന്നെ ഒന്നും നോക്കിയില്ല കണ്ണും അടച്ചങ്ങ് കുടിച്ചു. ആഹഹാ ….!!എന്താ സുഖം ഞാനിപ്പോ പറന്നു നടക്കുവാ, വായുവിൽ.പതിയെ എണീറ്റു ഡാ!! &$ &* മക്കളെ എനിക്കൊരു ബുള്ളറ്റ് വേണം ന്ന് പറഞ്ഞ കേട്ടില്ലേടാ. നമ്മൾ കിടിലൻ പെർഫോമെൻസു കാഴ്ച വച്ചു തുടങ്ങി. ഇപ്പഴാ മനസ്സിലായേ കുടിക്കുന്ന നസ്രാണികൾ എന്തിനാ മുണ്ട് ഉടുക്കുന്നേന്ന്. ഈ പ്രകടനത്തിന് പഞ്ച് ഒണ്ടാകാനാന്നേ … ആദ്യം മുണ്ടങ്ങ് മടക്കി കുത്തും. പഞ്ചിന്റെ പാരമ്യതയിൽ അതിച്ചിരി മേലോട്ടാക്കി തലയിൽ കെട്ടും…. എന്റെ പുണ്യാളാ അടുത്ത പ്രാവശ്യം എന്നെ ആണാക്കണേ. എന്ന് പ്രാർത്ഥിച്ച് വായിൽ വിരിഞ്ഞ പൂക്കൾ ഒക്കെ പെറുക്കി ഈ മറിയപ്പെണ്ണ് ഒരു അത്തപ്പൂക്കളം അങ്ങിട്ടു. ആഹാ നമ്പർ കൊടുത്തതിനു ഫലം ഉണ്ടായി എന്റെ അപ്പച്ചൻ എത്തി…. കണ്ണ് തള്ളിനിൽക്കുന്ന എന്റെ നസ്രാണി അപ്പനെ കാണാൻ എന്നതാ ഒരു ചന്തം. ഒരു കൊമ്പൻ മീശേം, രണ്ട് ഉണ്ടക്കണ്ണുകളും . പല്ലും കടിച്ചു നിൽക്കുന്ന കാർന്നോരുടെ മുഖത്തേക്ക് ഞാനൊന്നു നോക്കി…. ഡോ…… കള്ളക്കെളവാ എനിക്ക് ബുള്ളറ്റ് വേണം.

ആ നിഷ്ഠൂര ജന്മം ഒരു ദയയും ഇല്ലാതെ ഒറ്റ പറച്ചില്…. എന്റേൽ കാശില്ല….

എന്റെ അവസാന ആയുധം ഞാനെടുത്തു….. ഏലക്കാപ്പൊതി താഴേക്ക് വലിച്ചെറിഞ്ഞു. അപ്പച്ചൻ ഞെട്ടിത്തരിച്ചു …. ഞാൻ പൊട്ടിച്ചിരിച്ചു….. എന്റെ ലാസ്റ്റ് ഡയലോഗ്……

നിങ്ങ എന്നെ പറ്റിക്കാൻ നോക്കുവാ അല്ലേ ? തങ്കച്ചൻ ഏലക്കാപ്പൊതി തരുന്നല്ലേ കാർന്നോര് പറഞ്ഞത്….. ന്നിട്ട് എറിഞ്ഞപ്പോ വീണത് പണക്കെട്ട്. ബുള്ളറ്റ് വാങ്ങുന്നോ ഇല്ലയോ? ആ ചോദ്യത്തിൽ അപ്പച്ചന്റെ അടി പതറിപോയി, ഇനിം നിന്നാൽ ഞാൻ കൂതറ ആകൂന്നൊള്ള തോന്നൽ കൊണ്ടാവാം …. സമ്മതം മൂളി…. അങ്ങനെ മറിയപ്പെണ്ണ് ബുള്ളറ്റ് സ്വന്തമാക്കി….. ആഗ്രഹം സഫലമായി എന്നു മാത്രമല്ല ….. ഒരിക്കലും ഓടിക്കാനും പറ്റിയില്ല ……

അതിന്റെ കലിപ്പിന് പണ്ടാരം അടങ്ങാൻ കാർന്നോര്, എന്റെ മാരക പെർഫോമെൻസ് കണ്ട ടൂ വീലർ കടയുടമ ആന്റണി നെട്ടൂക്കാരന് എന്നെ അങ്ങ് കെട്ടിച്ചു കൊടുത്തു …. സ്ത്രീധനത്തിന്റെ കൂടെ ആ ഒണക്കത്തലയൻ ബുള്ളറ്റ് ചോദിച്ചു വാങ്ങി …. ഞാൻ കട്ടേം പടോം മടക്കി വീട്ടിൽ കുത്തിയിരുപ്പായി …..

രചന : – അന്നമ്മ ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *