താലി…

രചന: Aparna aravindh.

അച്ഛന്റെ ഇളയമകളായിരുന്നു ഭാമ.. ഒരു കൊച്ചുമിടുക്കി.. ഭാമയെ നമുക്ക് ഡോക്ടർ ആക്കണം അമ്മ തലയിൽ തലോടിക്കൊണ്ട് എപ്പോളും പറയുമായിരുന്നു.. കുട്ടികുറുമ്പത്തിയായ് എല്ലാവരുടെയും ഓമനയായിരുന്നു ഭാമ.. മഴയത്ത് മുറ്റത്തെ പേരാലിന്റെ ചില്ലകുലുക്കി പൊട്ടിച്ചിരിക്കാനും ഇടവപ്പാതി നനച്ച വയൽവരമ്പത്തുകൂടി പാട്ടുപാടി ഓടാനും, തോർത്തുമുണ്ട് നനച്ചു പരലിനെ പിടിക്കാനും ഭാമ മുൻപിലുണ്ടാകും..

ശങ്കരന്റെ കുട്ട്യാ.. മിടുക്കിയാ.. നമ്മുടെ ഭാമയാ അവളുടെ നിഴൽവട്ടം കണ്ടാൽ പീടികകോലായിൽ നിന്ന് എല്ലാരും ചിരിച്ചുകൊണ്ട് പറയും..

മണ്ണും മഴയും ആസ്വദിച്ച് കളിച്ചിരുന്ന ഒരു മഴക്കാലത്താണ് ചുവന്ന വർണങ്ങൾ അവളെ ഒരു പെണ്ണാക്കിയത്, ഭാമ വലുതായി… അമ്മ കവിളിൽ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു..

ഉവ്വോ… ഞാൻ വലുതായോ.. ഭാമ കണ്ണാടിയിൽ നോക്കികൊണ്ട് മനസ്സിൽ ചോദിച്ചു.. ഏഴുദിവസത്തെ ഒറ്റപെടലിന് ശേഷം ഭാമ വീണ്ടും തുമ്പിയെ പിടിച്ചു, തോട്ടിൽ ചാടി, പൂ പറിച്ചു., കുട്ടന്റെ കൂടെ ഓടി കളിച്ചു..

ഭാമേ മതി ട്ടോ.. വലിയ കുട്ട്യായാൽ ഇങ്ങനെ ണ്ടോ പെണ്ണുങ്ങൾ,, !!! അമ്മമ്മ മുഖം വീർപ്പിച്ചുകൊണ്ട് ചോദിക്കും..

കവിളിൽ ഉമ്മനല്കി ഒന്ന് ചിണുങ്ങിയാൽ അമ്മമ്മയുടെ പരിഭവം അവസാനിക്കും.. എല്ലാവരെയും കൈയിലെടുക്കാൻ ഭാമയ്ക്ക് നല്ല മിടുക്കാണ്.

മഴയും വെയിലും മാറി മാറി വന്നു.. ഭാമ വല്യ കുട്ട്യായി.. പഠിത്തമൊക്കെ കഴിഞ്ഞ് നാരായണൻ ഡോക്ടറുടെ ആശുപത്രിലെ നഴ്‌സാണ് ഭാമ.

പഴയ ഓർമ പുതുക്കാൻ നാരങ്ങാമിട്ടായിയുടെ ചുവന്ന കളർ നോക്കി നാരായണേട്ടന്റെ കടയിൽ നിൽക്കുമ്പോളാണ് അമ്മാമ്മ വീട്ടിലേക്ക് വിളിക്കുന്നത്.. ഭാമേ വീട്ടിലേക്ക് വേഗം വായോ.. നിന്നെ കാണാൻ ഒരു കൂട്ടർ വീട്ടിൽ വന്നിട്ടുണ്ട്..

എന്നെകാണാനോ… എന്തിന്.. ഭാമ ഇപ്പോളും പഴയ പത്തുവയസ്സിൽ നിലക്കാണ്,,

അതൊക്കെ അമ്മ പറഞ്ഞുതരാം, അമ്മ അവളെ കുളിപ്പിച്ച് സാരിയുടുപ്പിച്ച് രാജീവിന്റെ മുൻപിൽ കൊണ്ടുപോയി നിർത്തി.

ചായ ഒരു കവിൾ കുടിച്ചുകൊണ്ട് രാജീവ്‌ ഭാമയെനോക്കി..

ഭാമയ്ക്ക് ഇഷ്ടായോ..

നാരങ്ങാ മിട്ടായി ഇഷ്ടാണോ

ഉവ്വ്.. ആർക്കാ മിട്ടായി ഇഷ്ടല്ലാത്തത്.. കല്യാണം കഴിഞ്ഞാൽ ഭാമയ്ക്ക് ഒത്തിരി മിട്ടായി വാങ്ങിത്തരാം ട്ടോ..

പാവം കൊച്ചുഭാമ.. അവൾക്കെന്ത് കല്യാണം, എന്ത്‌ ഭർത്താവ്.. നാരങ്ങാമിട്ടായിയുടെ ഒറ്റയുറപ്പിൽ അവൾ കല്യാണത്തിന് സമ്മതിച്ചു..

കഴുത്തിൽ സ്വർണം ഇടുമ്പോളും വളകിലുക്കുമ്പോളും ഭാമ നോക്കിയത് അച്ഛനെയാണ്.. അച്ഛന്റെ വിയർപ്പാണ്.. ഒരായുസ്സിന്റെ സമ്പാദ്യം.. പാവം അച്ഛൻ.. അവൾ കണ്ണുനിറച്ചു.. കല്യാണത്തിന് വന്നവരെല്ലാം സന്തോഷത്തിലാണ്.. അവളും വീട്ടുകാരുമൊഴികെ.. വീടിന്റെ കിലുക്കാംപെട്ടി ഇന്ന് പടിയിറങ്ങുമെന്നോർത്ത് ആ വീടിന്റെ ഓരോ മുക്കും മൂലയും തേങ്ങുന്നുണ്ടായിരുന്നു..

പ്രതീക്ഷയോടെയാണ് ഭാമ രാജീവിന്റെ വീടിന്റെ പടി ചവിട്ടിയത്.. ലോകം മാറി.. ചുറ്റുപാടുകൾ മാറി.. ഭാമയ്ക്ക് ശ്വാസം മുട്ടുന്നപോലെ തോന്നുമായിരുന്നു.. എന്നിരുന്നാലും അവൾ പുഞ്ചിരിച്ചു.. മരം കേറാൻ പഠിച്ചവൾ രണ്ട് ദിവസം കൊണ്ട് സദ്യയുണ്ടാക്കാൻ പഠിച്ചു..ജോലിയുപേക്ഷിക്കാൻ പറഞ്ഞപ്പോൾ മടിച്ചുകൊണ്ടാണെങ്കിലും അവൾ അതും ഉപേക്ഷിച്ചു. ഉറങ്ങാൻ പോലും സമയമെടുക്കാതെ അവൾ ഉത്തമ ഭാര്യയായ്..

രാജീവിന്റെ ഭാര്യ പോരാ ട്ടോ.. ഇങ്ങനേം ഉണ്ടോ പെണ്ണുങ്ങൾ..

ഊണും ഉറക്കവും സന്തോഷവും ത്യജിച്ച് ഉത്തമഭാര്യയാകാൻ ശ്രെമിച്ചിട്ടും കുറ്റപ്പെടുത്തലുകൾ കേട്ട് ഭാമ കണ്ണുനീർ പൊഴിച്ചു.. ചിരിക്കാൻ മാത്രം പഠിച്ചവൾ ഇരുട്ട് പരക്കുമ്പോൾ കരയാൻ തുടങ്ങി.. ചിരിക്കാൻ അവൾ മറന്നുപോയെന്ന് മനസിലായത് അമ്മയെ കാണാൻ പോയപ്പോളാണ്..

ദിവസങ്ങൾ യുഗങ്ങൾ പോലെ കടന്നുപോയി.. താലിയെന്ന് പേര് വിളിച്ച് അവൻ ചാർത്തിയ കൊലകയറിന് വർഷം രണ്ട് തികഞ്ഞു. ചുവന്ന വർണത്തിൽ അവളിലെ പെണ്ണ് ഒലിച്ചിറങ്ങുമ്പോൾ മച്ചിയെന്ന് പേര് വിളിച്ച് അവരവളെ കൊല്ലാതെ കൊന്നു… നാരങ്ങാമിട്ടായിയിലെ മധുരത്തിനായ് അവൾ വല്ലാതെ കൊതിച്ചു..കരിപിടിച്ച അടുക്കളച്ചുമരും രക്തക്കറ പുരണ്ട കീറത്തുണികളും മാത്രമാണ് അവളുടെ കണ്ണുനീർ കണ്ടത്.. സഹിക്കാതെ വന്ന ഒരു കർക്കിടക മഴയത്ത് അവൾ ആരോടും പറയാതെ പുറത്തിറങ്ങിയത്രേ… വാര്യത്തെ പൊട്ടകിണറ്റിൽ കല്ലിട്ട് നോക്കി ആഴം തീർച്ചപ്പെടുത്തി ഒരിറ്റ് കണ്ണീര് മഴയോടൊപ്പം കിണറിലുറ്റിച്ച്‌ അവളും ആ ആഴങ്ങളിലേക്ക് മുങ്ങിത്താഴാൻ കൊതിച്ചു.. ആധാരം പണയം വെച്ച്, ചോര നീരാക്കിയ സമ്പാദ്യം കൊണ്ട് തന്നെ കെട്ടിച്ചയച്ച അച്ഛനെ ഒരു നിമിഷം അവൾ ഓർത്തുപോയി,. അമ്മേടെ ഭാമകുട്ടിയാണ് ഞങ്ങളുടെ ജീവൻ എന്ന് പറഞ്ഞിരുന്ന അമ്മയെ അവൾ ഓർത്തുപോയി.. നാരങ്ങ മിട്ടായിയുടെ മധുരം നുകരാൻ കൂടെ വിളിച്ച രാജീവനെ അവൾ ഓർത്തുപോയി, പ്രസവിക്കാൻ യോഗമില്ലാത്ത അവളുടെ മച്ചിവയറിനെ തലോടിക്കൊണ്ട് അവൾ ആ കിണറ്റിലേക്ക് എടുത്ത് ചാടാൻ ഒരുങ്ങിയത്രേ.. ദൈവത്തിന്റെ കരച്ചിൽ കേട്ടാണ് അവൾ കണ്ണുതുറന്നത്… കാൽപ്പെരുമാറ്റം കേട്ട് അവൾ താഴോട്ട് ഇറങ്ങി നിന്നു.. കിണറിന്റെ പൊളിഞ്ഞമതിലിന്റെ മറവിൽ ഒളിഞ്ഞുനിന്നപ്പോളാണ് അവൾ അവരെ തെളിഞ് കണ്ടത്, ചോരക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ ഒരാണും ഒരു പെണ്ണും…

“ആരുമൊന്നുമറിയില്ല, നമുക്കിതിനെ വേണ്ടാ.. ഇവിടെ ഉപേക്ഷിക്കാം”,.. അവൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് കരഞ്ഞത് പോലുമില്ല… നായയ്‌ക്കൊ കുറുനരിയ്ക്കോ ആർക്ക് വേണമെങ്കിലും ഭക്ഷിക്കാം… അവർ ആ കുഞ്ഞിനെ നിലത്ത് കിടത്തി പോയ്‌… വിശന്ന് വലഞ്ഞ നായയും കുറുക്കനും ഇരതേടി വന്നിരുന്നു.. കരയുന്ന കുഞ്ഞിനെ നോക്കി അവർ പോലും നിന്നുപോയ്.. ഭാമയിലെ സ്ത്രീ ഉണർന്നതപ്പോളാണ് അവൾ ഓടിപോയ്‌ ആ കുഞ്ഞിനെ എടുത്തത്രെ.. നായ കടിച്ചില്ല കുറുക്കൻ നോക്കിയില്ല, ഏവർക്കുമറിയാം അമ്മ മനസ്സ്.. ചോരക്കുഞ്ഞിനെ വാരിയെടുത്ത് ചുംബിക്കുമ്പോൾ അവൾ ഓർത്തു, കുഞ്ഞിനെക്കളയാൻ വന്ന ആണിന് രാജീവിന്റെ മുഖമായിരുന്നു, പെണ്ണിന് ദീപയുടെയും.. അവൾ ഒന്ന് അട്ടഹസിച്ചു… അവരുടെ തെറ്റിന്റെ ഫലം.. ഈ ജീവൻ എന്ത്‌ പിഴച്ചു… അവൾ അതിനെ തുരുതുരെ ചുംബിച്ചു.. ചേർത്തുപിടിച്ചു.. കഴുത്തിലെ കൊലക്കയർ പൊട്ടിച്ച് പൊട്ടകിണറ്റിൽ എറിയുമ്പോൾ അവൾ തുടങ്ങിയത് ഒരു പുതുജീവനായിരുന്നു…. പഴയ നാരങ്ങാമിട്ടായിയുടെ മധുരത്തിലേക്കുള്ള ഒരു മടക്കയാത്ര.. ഒരമ്മയായുള്ള മടക്കയാത്ര…

രചന: Aparna aravindh.

Leave a Reply

Your email address will not be published. Required fields are marked *