നമ്മളിൽ പലർക്കും കാണും കുഞ്ഞു നാളിൽ മനസ്സിൽ തോന്നിയ ഒരിക്കലും നടക്കാത്ത ചില കുഞ്ഞു പ്രണയം…

രചന: പ്രവീണ കൃഷ്ണ

സ്കൂളിലേക്കുള്ള യാത്രയിൽ ബസിൽ വച്ചാണ് ആദ്യമായി ഞാൻ അരുണേട്ടനെ കാണുന്നത്…

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം അച്ഛന് സ്ഥലം മാറ്റം കിട്ടിയാണ് ഞങ്ങൾ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക്‌ വരുന്നത്.. അവിടെ കോട്ടൺ ഹിൽ ഗേൾസ് സ്കൂളിൽ എന്നെ ചേർത്തു.. വീടിനടുത്തു നിന്നും എന്റെ ക്ലാസ്സിൽ ഉള്ള കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ട് സ്കൂൾ ബസിൽ വിടാതെ കെ സ് എസ് ആർ ടി സി ബസിൽ ആയിരുന്നു എന്നെ വിട്ടിരുന്നത്…

സ്കൂളിലേക്ക് പോകുമ്പോൾ ഇരിക്കാൻ സീറ്റ്‌ കിട്ടുമായിരുന്നു എന്നാൽ തിരികെ വരുമ്പോൾ നല്ല തിരക്ക് ഉള്ളതിനാൽ ഇരിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അതിന് കഴിയാറില്ല.. അങ്ങനെ ഒരു ദിവസം വൈകിട്ട് വീട്ടിലേക്ക് പോകാൻ വേണ്ടി ബസിൽ കയറിയപ്പോൾ ആയിരുന്നു ഞാൻ അരുണേട്ടനെ കാണുന്നത്…

അന്ന് ബസിൽ പതിവിലും കൂടുതൽ തിരക്ക് ഉണ്ടായിരുന്നു പോരാത്തതിന് ബാഗിന് നല്ല ഭാരവും.. ബസിനുള്ളിൽ ബാഗും തൂക്കി നിൽക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു അത് കണ്ടിട്ട് ആവണം അരുണേട്ടൻ എന്റെ ബാഗ് വാങ്ങി വച്ചു… പിന്നെ അത് സ്ഥിരം ആകാൻ തുടങ്ങി… ആദ്യം ഒരു ചിരിയിൽ മാത്രം ഒതുങ്ങിയ ഞങ്ങളുടെ സൗഹൃദം പിന്നെ സംഭാഷണത്തിലേക്ക് തിരിഞ്ഞു…

എനിക്ക് അരുണേട്ടനോട് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം വികാരം ആയിരുന്നു പ്രണയമെന്നോ സൗഹൃദം എന്നോ എന്താണ് അതിനെ വിളിക്കേണ്ടത് എന്നെനിക്കു അറിയില്ലാരുന്നു… ഇത് ഞാൻ എന്റെ സുഹൃത്ത് ദിവ്യയോട് പറഞ്ഞു…

“പ്രണയമോ??? എന്താ പാറൂ നീ പറയുന്നത് അരുണേട്ടന് നിന്നെക്കാളും പത്തു പതിമൂന്ന് വയസ് കൂടുതൽ ഉണ്ട്… ”

“അതിനെന്താ എന്റെ അച്ഛന് അമ്മയെക്കാൾ പത്തു പതിമൂന്ന് വയസ് കൂടുതൽ ഉണ്ടല്ലോ.. ”

“വലുതാകുമ്പോൾ ഞാനും അരുണേട്ടനെ കല്യാണം കഴിക്കും.. നീ നോക്കിക്കോ ”

ഞാൻ പത്താം ക്ലാസ്സിൽ ആയപ്പോൾ അരുണേട്ടന് ജോലി ആയി അന്ന് ആരെക്കാളും സന്തോഷിച്ചതും ഞാൻ ആയിരിക്കും… ഞാൻ വളരും തോറും എന്റെ ഉള്ളിലെ അരുണേട്ടനോടുള്ള പ്രണയവും വളർന്നു കൊണ്ടിരുന്നു.. എന്നാൽ ഒരിക്കൽ പോലും അരുണേട്ടനോട് അത് തുറന്നു പറയാൻ ഞാൻ ധൈര്യം കാണിച്ചില്ല..

ഞാൻ പ്ലസ് ടു വിന് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് എന്നെ ഒത്തിരി സങ്കടത്തിൽ ആക്കിയ ആ സംഭവം ഉണ്ടായത്.. എന്റെ അരുണേട്ടന്റെ കല്യാണം.. ഏട്ടൻ പ്രണയിച്ചിരുന്ന കുട്ടിയെ ആണ് കല്യാണം കഴിക്കുന്നത് എന്ന് കൂടെ അറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി കാരണം ഒരിക്കൽ പോലും അരുണേട്ടൻ അതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല….

ആ കല്യാണത്തിന് ഞാൻ പോയില്ല… തല വേദന ആണെന്ന് പറഞ്ഞു ഞാൻ അന്ന് വീട്ടിൽ ഇരുന്നു കരഞ്ഞു… പിന്നെ അരുണേട്ടനെ കാണുമ്പോൾ ഞാൻ ഒഴിഞ്ഞു മാറാൻ തുടങ്ങി… ഇനിയും ആ നാട്ടിൽ പിടിച്ചു നിക്കാൻ എനിക്ക് പറ്റാതെ ആയി… പ്ലസ് ടു കഴിഞ്ഞപ്പോൾ വീട്ടിൽ ബഹളം വച്ച് ഞാൻ എറണാകുളത്തേക്ക്‌ പഠിക്കാൻ പോയി… ശരിക്കും അരുണേട്ടനെ മറക്കാൻ ആയിരുന്നു ഞാൻ മാറി നിന്നത് എന്നാൽ അതിന് എനിക്ക് കഴിഞ്ഞില്ല….

അവധിക്കു വീട്ടിൽ വന്നപ്പോൾ ഞാൻ അരുണേട്ടനെ കാണാൻ തീരുമാനിച്ചു… ഞാൻ നേരെ അരുണേട്ടന്റെ വീട്ടിലേക്ക് പോയി…

“ആഹാ പാറൂ നീ അങ്ങ് വളർന്നു പോയല്ലോ… ദേവൂ ഇങ്ങു വന്നേ ഇതാരാന്ന് മനസ്സിലായോ ”

“ആഹാ പാറൂവോ… കേറി വാ മോളേ അരുൺ എപ്പോഴും പറയും നിന്റെ കാര്യം ബസിൽ അരുണിന് ഒരു അനിയത്തി കുട്ടി ഉണ്ട്.. വായാടി ആണ് എന്നൊക്കെ എന്നും നിന്റെ കാര്യം പറയാനേ നേരം ഉണ്ടായിരുന്നുള്ളൂ… ”

അരുണേട്ടന് ഞാൻ അനിയത്തിക്കുട്ടിയെ പോലെ ആണെന്ന് അറിഞ്ഞ ആ നിമിഷം അവിടെ നിന്നും പോരാൻ തോന്നിയതാ പക്ഷെ ആ ചേച്ചിയുടെ സ്നേഹം എന്നെ അവിടെ പിടിച്ചു നിർത്തി..

“കല്യാണത്തിന് വരാത്തതിലും എന്നോട് പറയാതെ നാട് വിട്ടതിലും എനിക്ക് പിണക്കം ഉണ്ട് കേട്ടോ… ”

“അത് പിന്നെ… അന്ന് പറയാൻ പറ്റിയില്ല പെട്ടെന്നുള്ള തീരുമാനം ആയിരുന്നു.. ”

“ചേച്ചി ഞാൻ ഇറങ്ങട്ടെ അമ്മ തിരക്കും ”

“ഇനിയും വരണം കേട്ടോ… ”

ഞാൻ ഒന്ന് ചിരിച്ചു എന്ന് വരുത്തി..

“അരുൺ പാറൂനെ വീട്ടിൽ ആകിയിട്ട് വാ ”

“വേണ്ട ചേച്ചി ഞാൻ നടന്നു പോകാം അത്ര ദൂരം അല്ലേ ഒള്ളു… ”

“ജാട കാണിക്കാതെ വണ്ടിയിലോട്ട് കേറു പാറൂ വലുതായപ്പോൾ പെണ്ണിന്റെ ജാട കണ്ടില്ലേ… ”

അങ്ങനെ അരുണേട്ടൻ എന്നെ വീട്ടിലേക്ക് കൊണ്ട് ആക്കി…

“അരുണേട്ടാ ഒരു മിനിറ്റ് ഞാൻ ദാ വരുന്നു ” എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് പോയി… സ്കൂൾ കാലത്തിൽ അരുണേട്ടന് കൊടുക്കാൻ ആഗ്രഹിച്ചു ഒരു ചെപ്പിൽ സൂക്ഷിച്ച മഞ്ചാടിയും കുന്നിക്കുരുവും രണ്ട് മയിൽപ്പീലി തുണ്ടും എടുത്തു കൊണ്ട് വന്ന് ഞാൻ അരുണേട്ടന് കൊടുത്തു…

“എന്താടി ഇത് ”

” ഏട്ടന് അനിയത്തി കുട്ടിയുടെ വിവാഹ സമ്മാനം…. ”

ഇത് പറഞ്ഞു മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു…

നമ്മളിൽ പലർക്കും കാണും കുഞ്ഞു നാളിൽ മനസ്സിൽ തോന്നിയ ഒരിക്കലും നടക്കാത്ത ചില കുഞ്ഞു പ്രണയം… അറിവില്ലാത്ത പ്രായത്തിൽ തോന്നുന്ന ആ പ്രണയത്തിന്റെ ഓർമയ്ക്ക് ഇന്നും നല്ല മധുരമാണ്…..

രചന: പ്രവീണ കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *