നമ്മൾ തമ്മിൽ

രചന :- ബിജൊ.

“എന്നെ വേണ്ടങ്കിൽ അവളവസാനിപ്പിച്ചോട്ടെ എല്ലാം. പക്ഷെ എനിയ്ക്ക് കാരണമറിയണം. അതിനുള്ള അവകാശം രണ്ട് വർഷം കൂടെ പൊറുപ്പിച്ച എനിയ്ക്കില്ലേ…?”.

ആരൊടെന്നില്ലാതെ ജോണി പിറുപിറുത്തു.

നേരമേറെയായി ജോണി റബ്ബർ പ്ലാന്റേഷനടുത്തുള്ള കലിങ്കിൽ ഇരിപ്പ് തുടങ്ങിയിട്ട്. വഴിപോക്കരോട് സമാധാനം പറഞ്ഞ് മടുത്തു. ഇവിടുന്ന് നോക്കിയാൽ രാമച്ചനാട്ട് ബേക്കറിയുടെ മുൻപിൽ ബസ്സ് നിറുത്തുന്നതും ആലീസിറങ്ങുന്നതും കാണാം.

സെന്റ്.ജോർജ് പോയി, ഇനി രണ്ടരയ്ക്ക് അനുമോൾ. ജോണി വാച്ചിലേയ്ക്ക് നോക്കി, സമയം രണ്ടരയോടടുക്കുന്നു. ഈ ബസ്സിലുമില്ലെങ്കിൽ ഇനി നാലരയ്ക്ക് ആമ്പാടത്ത്.

രാമച്ചനാട്ട് ബേക്കറിയ്ക്ക് മുൻപിൽ അനുമോൾ നിറുത്തി. ബസ്സിൽ നിന്നും ഇറങ്ങുന്ന ആലീസിനെ കണ്ടപാടെ ജോണിയുടെ നെഞ്ചിടിപ്പിന്റെ വേഗമേറി.

ആലീസ് ടൈലർ ഷോപ്പിന്റെ ഓരം ചേർന്നുള്ള നടവഴിയിലേയ്ക്കിറങ്ങുമ്പോൾ തന്നെ കലിങ്കിൽ നിൽക്കുന്ന ജോണിയെ കണ്ടു. ഇരു ഹൃദയങ്ങളും ഒരേ താളത്തിൽ മിടിച്ചു.

“എനിയ്ക്ക് സംസാരിക്കണം ഒരഞ്ചു മിനിട്ട്! പ്ലീസ്…”.

ആലീസ് നടപ്പിന്റെ വേഗം കുറച്ചു.

“നീ ഇന്നലെ എന്നതാ വീട്ടിലോട്ട് അയച്ചേക്കണേ…?”.

“കണ്ടേച്ച് മനസ്സിലായില്ല്യോ…?”.

“മനസ്സിലായി ഡൈവേഴ്സിന്റെ കാര്യമെന്നതാ ഇപ്പോ…?”.

“എനിയ്ക്ക് വേണം…”.

“രണ്ട് വർഷം മുന്നെ നിന്റെ കഴുത്തേല് എന്റെ മിന്നു കേറുമ്പോ ഇതൊന്നും ആലോചിച്ചില്ല്യോ…?”.

“വന്നു കേറിയ അന്നു മുതൽ ഞാൻ പരാതികളല്ലാതെ എന്തെങ്കിലും അച്ചായന്റെ വായീന്ന് കേട്ടിട്ടുണ്ടോ?”.

ആലീസ് നിന്നു. ജോണി ആലീസിന്റെ കണ്ണുകളിലേയ്ക്ക് നോക്കി.

“പിന്നെ പരാതിയും പരിഭവവുമില്ലാത്ത കുടുബങ്ങളുണ്ടോ…?”.

“ഇല്ല…ഒരു കറി വെച്ചാൽ അപ്പോൾ പറയും അമ്മച്ചി വെക്കണപോലായിട്ടില്ല, അല്ലേൽ ഉപ്പില്ല…!, മഞ്ഞപ്പൊടി കൂടി…!,എരിവില്ല…!.

മുറ്റമടിച്ചാൽ പറയും കാക്ക കിളളീതു പോലെയുണ്ടെന്ന്, പെങ്ങളു മുറ്റമടിയ്ക്കുവായിരുന്നേൽ പുരയ്ക്കകം പോലെ മുറ്റം കിടക്കുമായിരുന്നു…!.

പിന്നെ തുണിയലക്കിയാൽ അമ്മച്ചി അലക്കിയാൽ ഇതിനേക്കാളും വെളുക്കുമായിരുന്നു…തുണി തേച്ചാലോ പെങ്ങളു തേക്കണപോലെ വടി പോലെയായില്ല.

ഇതൊക്കെ ഒന്നോ രണ്ടോ തവണയാണേൽ കുഴപ്പമില്ല… പക്ഷെ ഞാൻ രണ്ട് വർഷമായി നിരന്തരം കേട്ടോണ്ടിരിക്കുവാ… ഇതൊന്നുമല്ലാതെ എന്തൊക്കെ പറയൂന്ന് ജോണിച്ചായനറിയാലോ…?

എനിയ്ക്ക് ഞാനാവാനേ പറ്റൂ അമ്മച്ചീനേയോ ചേച്ചീനേയോ പോലെ ആകാൻ എനിയ്ക്ക് ഒക്കുകേല… പോരാത്തതിന് ഒരു കുഞ്ഞിനെ തരാതെ കർത്താവിന്റെ വക പരീക്ഷണം വേറെ…അതിനും ഞാനാകാരണം…മടുത്തു ജോണിച്ച ഇനി വയ്യ…”.

പറച്ചിലിന്റെ അവസാനത്തോടടുക്കുമ്പോൾ ആലീസിന്റെ ശബ്ദമിടറിത്തുടങ്ങിയിരുന്നു… ഒടുക്കം അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് നടന്നു പോയി. ചോദ്യമോ ഉത്തരമോ ഒന്നും തന്നെ ജോണിയ്ക്കുണ്ടായിരുന്നില്ല.

തലേന്നു കുടിച്ച മദ്യത്തിന്റെ മത്ത് ജോണിയുടെ തലയിൽ നിന്ന് വിട്ടൊഴിഞ്ഞിരുന്നില്ല. അക്കളയിലേയ്ക്ക് നടക്കുമ്പോൾ അയാളുടെ കാലുകളിടറുന്നുണ്ടായിരുന്നു… പതിവ് ചായയാണ് ഉദ്ദേശം.

അടുക്കളയിലേയ്ക്ക് പ്രവേശിച്ച ജോണി അമ്പരന്നു പോയി… ആലീസ്…!!!, പതിവുപോലെ അടുക്കളപ്പണിയിൽ വ്യാപൃതയായി നിൽക്കുന്നു.

“ആ… തല പൊങ്ങിയോ പൊന്നുമോന്റെ, മോളേ…അവന് ചായകൊടുത്തേ…”

അരി കഴുകിക്കൊണ്ടിരുന്ന അമ്മയുടെ അറിയിപ്പിനു മുൻപെ ആലീസ് ആവി പറക്കുന്ന ചായ ജോണിയ്ക്കു നേരെ നീട്ടി. അമ്പരപ്പ് വിട്ടുമാറാതെ ജോണി ചായ ഗ്ലാസ്സ് വാങ്ങി.

“ചൂടുണ്ടോന്ന് നോക്കിയേ…”

കുടിച്ചു നോക്കാതെ തന്നെ ജോണി ആലീസിന്റ മുഖത്തു നോക്കി ഉണ്ടെന്നുള്ള അർത്ഥത്തിൽ തലയാട്ടി.

പതിവുപോലെ കുളികഴിഞ്ഞ് ജോണി പ്രസ്സിലേക്കിറങ്ങാൻ തയ്യാറായി… ആലീസ് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പതിവ് കർമ്മങ്ങളിൽ വ്യാപൃതയാണ്.

ജോണി ഗെയിറ്റു കടക്കുന്നതിന് മുൻപെ വെറുതെ ഒന്ന്തിരിഞ്ഞു നോക്കി…പൂമുഖത്ത് നിൽക്കുന്ന ആലീസിനെ അയാൾ അടുക്കലേയ്ക്ക് കൈമാടി വിളിച്ചു.

“ആലീസേ… ഞാൻ നിന്നെ ഒരു പാട് വേദനിപ്പിച്ചല്ലേ… എനിയ്ക്ക് എന്റെ തെറ്റ് മനസ്സിലായി. നിന്റെ തീരുമാനമെന്തെന്ന് എനിക്കിപ്പോഴും അറിയില്ല… പക്ഷെ എനിയ്ക്ക് നീയില്ലാണ്ടെ… പറ്റുകേലാന്നേ…”.

“ജോണിച്ചാ… എല്ലാവരും ഒരേ പോലെയല്ല… അതേപോലെയാണ് ഓരോരുത്തരുടേയും മനസ്സ്. ജോണിച്ചന്റെ മനസ്സുപോലെ എന്റെ മനസ്സിനേയും കൊണ്ടുവരാനാണ് ഞാൻ ഈ വീടുവിട്ടിറങ്ങുന്നതിനു മുൻപ് വരെ ശ്രമിച്ചത്… ഒരിടത്തു പോലും ജോണിച്ചനെന്നെ കണ്ടില്ല… ജോണിച്ചനെന്നെ എല്ലാവരോടും താരതമ്യപ്പെടുത്തി… ഒടുവിൽ എന്നെതന്നെ എനിയ്ക്ക് മനസ്സിലാവാതെ വന്നപ്പോഴാണ് ഞാൻ ഇറങ്ങിപ്പോയത്… പക്ഷെ ഇന്നലെ നിങ്ങടെ മുഖം കണ്ടപ്പോൾ എന്റെ ചങ്ക് തകർന്നു പോയി. നിങ്ങളില്ലാണ്ടെ എനിയ്ക്കും പറ്റുകേല… എന്നോട് പൊറുത്തേരെ…”

ഗേറ്റിൽ പിടിച്ചു വിതുമ്പലൊതുക്കിക്കൊണ്ട് ഇത്രയും പറഞ്ഞ ആലീസിന്റെ മുഖം ചെമ്പരത്തിപ്പൂവ് പോലെ ചുമന്നു.

ജോണി കൈപ്പടം കൊണ്ട് തുളുമ്പി നിന്നിരുന്ന കണ്ണുനീർ തൂത്തു.

“എന്നോടും പൊറുത്തേരടീ… ഇനിയൊന്നും ഉണ്ടാവുകേല, നീ എങ്ങോടും പോവണ്ട… നീ… നീതന്നെ ആയാമതി, പിന്നെ…കൊച്ചുങ്ങള് അത് തമ്പുരാൻ തരുമ്പോ തരട്ടെ”.

ചുറ്റുപാട് നിരീക്ഷിച്ച്‌ ജോണി ഗേറ്റിൽ പിടിച്ചിരിക്കുന്ന ആലീസിന്റെ കയ്യിൽ കൗശലപൂർവ്വമൊരു ഉമ്മ കൊടുത്തു.

” യ്യോ,അമ്മച്ചി…! ”

” ആ ഡൈവേഴ്സിന്റെ പേപ്പറെന്ത്യേ…?”

“അതു കത്തിച്ചാ അച്ചായന് ഞാൻ ചായ തികത്തിയേ… ”

ആലീസ് കണ്ണീരിനിടയിലൂടെ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു. ആ മന്ദഹാസം ജോണിയിലേയ്ക്ക് പടർന്നു…പതിയെ അവരിൽ പുഞ്ചിരിയുടെ ഒരായിരം പൂക്കൾ വിടർന്നു. ……………………………………………………. “ആ പൂക്കൾ അവരുടെ ജീവിതത്തിൽ നിത്യവും സൗരഭ്യം പടർത്തട്ടെ… “.

രചന :- ബിജൊ.

Leave a Reply

Your email address will not be published. Required fields are marked *