നിങ്ങൾ ഒട്ടും റൊമാന്റിക്കല്ല..

രചന : – എ കെ സി അലി…

കെട്ടു കഴിഞ്ഞിട്ടധികമായില്ല എങ്കിലും അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ ചിന്തകളിലൊരു ഇടിമുഴക്കം നടന്നു..

ഇനി വല്ലപ്പോഴും മാത്രമുള്ള എന്റെ സംസാരമാണോ കാരണം.. ?

അതോ ‘എന്നമ്മ ഇവളോട് എന്നെപ്പറ്റി ഒന്നും പറഞ്ഞു കൊടുത്തില്ലേ ? ഉള്ളിലെ ചോദ്യങ്ങൾ ഒരു ഭാഗത്ത് എന്നെ നിർത്തിയപ്പോൾ..

തിരിച്ചൊരു മറുവാക്ക് പറയാൻ കിട്ടാതെ ഞാൻ അവളെ നോക്കി പുഞ്ചിരിച്ച് എന്റെ നെഞ്ചിലെ പിടച്ചിൽ മറച്ചു..

എനിക്ക് തോന്നി ഇവൾ എന്നെപ്പോലെയുള്ള ഒരുത്തനെയല്ല പ്രതീക്ഷിച്ചതെന്ന്..

അവൾ ആഗ്രഹിച്ചു വെച്ചിട്ടുണ്ടാവാം.. മനസ്സിൽ കോർത്തു വെച്ചിട്ടുണ്ടാവാം അവളുടെ സങ്കൽപ്പ നായകനെ..

അന്നു രാത്രി ഞാൻ എന്നിലെ പ്രണയ നായകനെ അന്വേഷിച്ചു കൊണ്ട് ആറു വർഷങ്ങൾക്ക് പിറകിലേക്ക് പോയി..

ദാ കിടക്കുന്നു ഞാൻ വിഷം കഴിച്ച് ഐ സി യു വിൽ .. തൊട്ടടുത്ത് മരിച്ചാലും എന്റെ പ്രണയം മതി എന്നുറപ്പിച്ചവളും..

അതിനും പിറകിലേക്ക് പോയപ്പോൾ അവളുടെ നെറുകിൽ ചുംബിച്ച് കൊണ്ട് ഞാൻ നിൽക്കുന്നു.. ഒരൊറ്റ ഹൃദയമായി ഞങ്ങൾ കൈ കോർത്തു നടക്കുന്നു..

ഇന്നലെകളിലൊരു ദിവസം അവളുടെ ചാലിട്ടൊഴുകിയ മിഴികൾ തുടച്ചു കൊടുത്ത് കൊണ്ട് ഞാൻ ചോദിച്ച ആ ചോദ്യം വീണ്ടും ഞാൻ ചോദിച്ചു ” എന്തിനാ നീ കരയുന്നേ.. ? അവളുടെ ഉത്തരം എന്റെ കാതിൽ വീണ്ടും വന്നു മുഴങ്ങി.. “എന്റെ കല്യാണം ഉറപ്പിച്ചു നീ ഇല്ലാതെ എനിക്കൊരു ജന്മം വേണ്ട.. ”

കല്യാണ തലേന്ന് രാത്രി ഞങ്ങൾ അവസാനമായി പരസ്പരം ചേർത്തു പിടിച്ചു..

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി അവളെന്റെ കണ്ണുകളിലേക്കും .. നനഞ്ഞ മിഴികൾ തിരിച്ചെടുക്കുമ്പോൾ ഇടതു കയ്യിലെ വിഷക്കുപ്പി അവൾ എനിക്ക് നേരെ നീട്ടി ഞാൻ അവളുടെ വലതു കരം ചേർത്തു പിടിച്ചു.. ഞങ്ങളുടെ ചുണ്ടുകൾ വിതുമ്പിയില്ല.. ഞങ്ങളുടെ ഹൃദയം പിടഞ്ഞില്ല .. ഞങ്ങൾ ആരെയും ശപിച്ചില്ല ..

അവസാനമായി കണ്ണീരു കലർന്ന പുഞ്ചിരിയുമായി വിഷം വായിലേക്ക് ഒഴിക്കുമ്പോൾ അവളെന്റെ കൈകളിൽ മുറുക്കി പിടിച്ചിരുന്നു..

ആ നിമിഷം എന്തോ എന്റെ കണ്ണുകളിലേക്കാഴ്ന്നിറങ്ങിയതു പോലെ..

എന്നെ ആരോ ഉണർത്തുമ്പോൾ ഞാൻ തിരയുകയായിരിന്നു അവളെ..

എന്റെ പ്രണയവുമായി അവളെ മണ്ണിലേക്ക് വെച്ചെന്നറിഞ്ഞപ്പോൾ ഞാൻ പാതി മരിച്ചിരുന്നു..

പാതി ജീവിതം ഒരു ഭ്രാന്തിന്റെ ഒഴുക്കിലായിരിന്നു.. ഒറ്റ മുറിയിൽ ഇരുന്നു ആകാശത്തിലെ ഒറ്റ നക്ഷത്രത്തെ ഞാൻ തിരയുകയായിരുന്നു..

എന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയുടെ കണ്ണീരിനു മുമ്പിൽ ഞാൻ പലപ്പോഴും തിരികെ വരാൻ ശ്രമിച്ചിരുന്നു.. അമ്മയുടെ പ്രാർത്ഥനകൾ എന്നെ തിരിച്ചു കൊണ്ടു വന്നു..

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്റെ വിവാഹമായിരുന്നു . അതു ഞാൻ സാധിപ്പിച്ചു കൊടുത്തത് ഞാൻ കാരണം ഇനിയും അമ്മയുടെ കണ്ണുകൾ നിറയരുതെന്ന് തോന്നിപ്പോയത് കൊണ്ടാണ്..

എന്നിലെ പ്രണയ നായകൻ എവിടെ എന്ന് കണ്ടെത്തി വരുമ്പോഴേക്കും എന്റെ കണ്ണുകൾ നനഞ്ഞിരുന്നു.. അന്നു രാത്രി എനിക്കുറങ്ങാനായില്ല…

അതിരാവിലെ എണീറ്റ് ആ പഴയ പത്രം ഞാൻ തിരഞ്ഞു നോക്കി.. എന്റെ ബാഗിനറയിൽ ഇരുന്ന ആ പത്രത്തിന്റെ രണ്ടാം പേജ് മറിച്ചു ഞാൻ വായിച്ചു ” കല്യാണ തലേന്ന് കമിതാക്കൾ വിഷം കഴിച്ചു .യുവതി മരിച്ചു… കണ്ണുകൾ വീണ്ടും ഈറണനിഞ്ഞു..

അവൾ കാണാതെ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ ആ പത്രം അവൾക്ക് നേരെ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു രണ്ടാമത്തെ പേജിലുണ്ട് നീ പറഞ്ഞതിനുള്ള ഉത്തരമെല്ലാം .ഒന്നും ഒളിച്ചു വെക്കാൻ എനിക്കാവില്ല..

പൂമുഖത്തെ കസേരയിൽ ഇരിക്കുമ്പോൾ ഞാൻ ഏതോ ചിന്തകളിലേക്ക് വഴുതി വീണു..

അതെല്ലാം വായിച്ചവൾ എനിക്കരികിൽ വരുമ്പോൾ ഒരു പൊട്ടിത്തെറി ഞാൻ പ്രതീക്ഷിച്ചിരുന്നു.. എന്നാൽ അവൾ എന്റെ കൈകൾ ചേർത്തു പിടിച്ചു.. എനിക്ക തൊരു സാന്ത്വനം പോലെ തോന്നി..

ഞാൻ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ ഒരു കുറ്റബോധം കണക്കെ നിറഞ്ഞിരിക്കുന്നു.. ഞാൻ അവളുടെ മിഴി തുടച്ചു കൊടുത്തു.. ആ നിമിഷം എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ടവൾ ചോദിച്ചു .. ” അവളെപ്പോലെ എന്നെയും സ്നേഹിക്കാമോ” എന്ന്..

അവളുടെ നെറുകിൽ ഒരു ചുംബനം എല്ലാറ്റിനുമുള്ള ഉത്തരമായി നൽകിയപ്പോൾ എന്റെ കണ്ണുകളിൽ ഒരു പ്രകാശം പരന്നിരുന്നു..

രചന : – എ കെ സി അലി…

Leave a Reply

Your email address will not be published. Required fields are marked *