നിന്നിലേക്ക് ഞാൻ പകർന്നു തരാതിരുന്നതും ഇപ്പോൾ ഞാൻ പകുത് നൽകാൻ ശ്രമിക്കുന്നതും എന്റെ ഉള്ളിലെ പ്രണയം തന്നെയാണ്…

രചന: ലോല

അഞ്ചുവർഷങ്ങൾക്കിപ്പുറം അവിചാരിതമായി ഭാര്യയായിരുന്നവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ മനസ്സൊന്നു പിടഞ്ഞു ശ്വാസം ദ്രുതഗതിയിലായി കണ്ണിലൊരൽപ്പം ഉറവ പൊട്ടി…

എന്നെ കണ്ടപ്പോൾ പുഞ്ചിരിയോടെ ഓടിവന്നു വിശേഷങ്ങൾ ചോദിക്കുന്നവളെ തെല്ലൊരു അത്ഭുതത്തോടെ തന്നെ നോക്കി നിന്നു…

മൂന്നു വയസ്സുകാരി മകളെ എന്റെ കയ്യിൽ ഏൽപ്പിച്ചു അല്പം കുറുമ്പി ആണെന്ന് അവൾ പറയുമ്പോൾ ആ കുഞ്ഞിപെണ്ണ് കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുകയായിരുന്നു…

ഭാര്യയെ പറ്റിയും മകളെപ്പറ്റിയും അച്ഛനമ്മമാരെപ്പറ്റിയും വാതോരാതെ അന്വേഷിക്കുന്നവളെ നിന്ദിച്ചതിലുള്ള സങ്കടക്കടൽ മനസ്സിന്റെ ആഴങ്ങളിൽ അലയടിച്ചു കൊണ്ടിരുന്നു…

സുമുഖനായ ചെറുപ്പക്കാരനെ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയപ്പോൾ ആ കണ്ണുകളിൽ കണ്ടത് വിജയ് ചിരിയോ പുച്ഛത്തോടെയുള്ള നോട്ടമോ അല്ല മറിച്ച് ഒരു ഭാര്യയുടെ അഭിമാനമാണ്….

അഞ്ചു വർഷങ്ങൾക്ക് മുമ്പ് വെറുപ്പോടെ മാത്രം ഞാൻ നോക്കിയിരുന്നവൾ കുറ്റങ്ങൾ എണ്ണിപറഞ്ഞു ക്രൂരമായ വാക്കുകൾ കൊണ്ട് മർദ്ദനമേറ്റുവാങ്ങിയവൾ, രാത്രികളിലെ കാമക്രീഡകൾക്ക് ഇരയായവൾ, അവഗണനകളെ ചിരിയോടെ നേരിട്ടവൾ, പെണ്ണ് എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നവൾ…

ഒരിക്കൽപോലും പ്രണയത്തോടെ ഞാനവളെ നോക്കിയിട്ടില്ല.. ഒരു വാക്കു കൊണ്ടു പോലും അവളെ സ്നേഹിച്ചിട്ടില്ല…

ക്രൂരമായ ഭോഗത്തിനു ശേഷം ഒരിറ്റു ആശ്രയം ആഗ്രഹിച്ചപോലെ ഒന്ന് ചേർത്തണക്കാൻ പോലും എന്നിലെ മൃഗത്തിന് കഴിഞ്ഞിട്ടില്ല…

അടങ്ങാത്ത ദാഹത്തോടെ അവളെ പ്രാപിക്കുമ്പോൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നവളെ വിജയച്ചിരിയോടെ നേരിടുന്ന ഞാൻ എന്ന വ്യക്തിയോട് അറപ്പായി തുടങ്ങിയിരിക്കുന്നു ഇപ്പോൾ….

എന്റെ മാത്രമായ ലോകത്തേക്ക് അനുവാദമില്ലാതെ കടന്നു വന്നവളോട് വെറുപ്പായിരുന്നു… ഉറക്കെ ചിരിക്കുന്നവളോട്, വിഷമത്തെ പോലും പുഞ്ചിരിയോടെ നേരിടുന്നവളോട്, വാതോരാതെ സംസാരിക്കുന്നവളോട് അവഗണനകളിൽ തളരാത്തവളോട് എനിക്ക് അടങ്ങാത്ത ദേഷ്യവും അറപ്പുമായിരുന്നു.. നീളം കുറഞ്ഞു തടിച്ച ശരീരമുള്ളവളോട് എന്റെ സൗന്ദര്യബോധം പാടെ തകർത്തു കളഞ്ഞവളോട് പകയായിരുന്നു….

നേർത്ത ഒരു പുഞ്ചിരി ആഗ്രഹിച്ചവൾക്ക്. സ്വാന്തനവാക്ക് പ്രതീക്ഷവൾക്ക് നൽകിയതെല്ലാം സ്വാർത്ഥതയുടെ മൂടുപടമണിഞ്ഞവന്റെ ക്രൂരമായ പീഡനങ്ങൾ ആയിരുന്നു…

എന്നിലെ ആണിന്റെ ആവേശങ്ങളെ തൃപ്തിപ്പെടുത്താൻ അവളിലെ പെണ്ണിന് കഴിയുമായിരുന്നിട്ടും നീ വെറും മാംസപിണ്ഡമാണെന്ന് അട്ടഹസിച്ച നാളുകൾ എത്രയേറെ പിന്നിലാണ്…

ഒരിറ്റു സ്നേഹത്തിനായി യാചിച്ചവളെ, കരുണയോടെയുള്ള വാക്കുകൾ പ്രതീക്ഷിച്ചവളെ പക എന്ന ചാട്ടുളി കൊണ്ട് പ്രഹരിക്കുകയായിരുന്നു താൻ.

ഇല്ലാത്ത കുറ്റങ്ങൾ എണ്ണി പറഞ്ഞപ്പോഴും, ഉദരത്തിലെ ജീവനെ നിർദാക്ഷണ്യം കൊന്നുകളഞ്ഞപ്പോഴും ഒരിറ്റു കണ്ണീരോടെ എന്നെ അഭിമുഖീകരിച്ചവൾ….

വിവാഹമോചനത്തിനായി കോടതിമുറിയിൽ അവളെ തേജോവധം ചെയ്യുമ്പോഴും എന്റെ ചുണ്ടിലെ പരിഹാസ ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല..

അവസാന ആശ്രയത്തിനായി എന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോഴും അവൾ പ്രതീക്ഷിച്ചു കാണും ഞാനവളെ സ്നേഹിച്ചിരുന്നുവെന്ന്…അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന്..

അവളുടെ അസാന്നിധ്യം അറിയുവാൻ തുടങ്ങിയത് അവൾ ഇല്ലാതെ ആയപ്പോഴാണ്…ചെമ്പരത്തി ഇട്ട് കാച്ചിയ എണ്ണയുടെ മണം, നേർത്ത കണ്ണുനീർച്ചുവയുള്ള പൂർത്തിയാകാൻ കഴിയാതെ പോയ വാചകങ്ങൾ, ചെറിയ തമാശയ്ക് പോലും ഉറക്കെ ചിരിക്കുന്ന സ്വരം.. എല്ലാം വളരെയധികം ആകർഷിക്കുന്നത് പോലെ… ജീവനിൽ നിന്നെന്തോ പിഴുതുമാറ്റപ്പെട്ടതുപോലെ…

അവൾ താലോലിക്കാറുള്ള ജമന്തിതൈകൾ വാടികരിഞ്ഞു പോയി… മനുഷ്യ ജീവനെ പോലെ തന്നെയാണ് എല്ലാ ജീവനും, ആഹാരവും വെള്ളവും മാത്രം പോരാ സ്നേഹവും സ്വാന്തനവും ജീവിക്കാൻ ആവശ്യമാണ്…

അവളുടെ ശൂന്യത നികത്താൻ മറ്റൊരുവളെ സ്വന്തമാക്കി…പുരോഗമനചിന്താഗതി യുള്ള പുതിയ ഭാര്യ വീട്ടുജോലികൾ എല്ലാം പകുത് നൽകി.. ആഹാരം കഴിക്കാൻ വേറെ നിവർത്തി ഇല്ലാതെ വന്നപ്പോൾ അതും ചെയ്തു… വൈകിയെത്തുന്ന ദിവസങ്ങളിൽ കാത്തിരിക്കുന്നവളെ കുറ്റബോധത്തോടെ ഓർത്തു… അതിതീവ്രമായ പ്രണയത്തോടെ പുതിയ ഭാര്യയിലേക് അടുക്കുമ്പോൾ വെറുപ്പോടെ തട്ടി മാറ്റുന്ന കൈകളെ തടുക്കാൻ കഴിഞ്ഞില്ല… ആ കൈകൾ നിന്നിലെ പെണ്ണിനെ തിരയുകയായിരുന്നു…

എന്റെ ഉള്ളിലെ പ്രണയം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.. നിന്നിലേക്ക് ഞാൻ പകർന്നു തരാതിരുന്നതും ഇപ്പോൾ ഞാൻ പകുത് നൽകാൻ ശ്രമിക്കുന്നതും എന്റെ ഉള്ളിലെ പ്രണയം തന്നെയാണ്..

ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം അവളോട് എന്തെങ്കിലും ഒരു വാക്ക് സംസാരിക്കണം എന്ന് തോന്നി… ഇന്ന് എനിക്ക് പ്രണയം തോന്നുന്നു അവളുടെ പേടമാൻ മിഴികളോട്.. അവളുടെ നുണക്കുഴികളോട്… അവളുടെ ചെഞ്ചുണ്ടിനോട്… അതിലൊക്കെ ഏറെയും അവളിലെ പെണ്ണിനോട്…

നേരം വൈകാറായി, കാത്തിരിക്കാൻ ആരുമില്ലെങ്കിലും പോകേണ്ട സമയം ആഗതമായിരിക്കുന്നു… ഒരുപക്ഷെ ഞങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഇല്ലായിരുന്നെങ്കിൽ അവളെ മറ്റാർക്കും കൊടുക്കാതെ സ്വന്തമാക്കിയേനെ… യാത്ര പറയുമ്പോ അവളുടെ കണ്ണിലുണ്ടായ നോവിന് എന്നെ ദഹിപ്പിക്കാൻ ശേഷി ഉണ്ടായിരുന്നു…

നിറഞ്ഞ ചിരിയോടെ അവളെ യാത്രയാകുമ്പോൾ ആ കുഞ്ഞിപ്പെണ്ണ് എന്നെ നോക്കി പാൽപുഞ്ചിരി തൂകുന്നുണ്ടായിരുന്നു…ഈ നിമിഷം നിഛലമായിരുന്നെങ്കിൽ ഈ നിമിഷം എന്റെ മനസിന്റെ സൂര്യൻ അസ്തമിച്ചിരുന്നെങ്കിൽ ഈ നിമിഷം ഞാൻ മരണപ്പെട്ടിരുന്നെങ്കിൽ സുഖമുള്ള ഈ ഓർമ്മകൾ എന്നെ വിട്ടു പോകില്ലായിരുന്നു……..

ഒരു കുഞ്ഞുകഥ….ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്കായി ഒരു വരി കുറിക്കണേ… 😊❤️

രചന: ലോല

Leave a Reply

Your email address will not be published. Required fields are marked *