നിന്നെയെനിക്കു വേണം പെണ്ണേ.. അത്രക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നു…

രചന: മിഴി മാധവ്

“അവരീ കല്യാണത്തിൽ നിന്നും പിൻമാറുകയാണെന്ന്.. ”

അമ്മാവന്റെ വാക്കുകൾ ഹൃദയത്തിലേക്കൊരു വേദനയോടെയാണ് വന്നു വീണത്. ഇനി കല്യാണത്തിന് വെറും പതിനഞ്ച് ദിവസങ്ങൾ മാത്രം!

“അതിപ്പോ ഏതായാലും നന്നായി ഇല്ലങ്കിൽ ഇവൻ കഷ്ടപ്പെട്ടു പോകുമായിരുന്നു. സ്ത്രിധനമായ് കിട്ടിയ കാശ് വൈകിക്കാതെ തിരിച്ചു കൊടുത്തേര് ശ്രീധരാ…!!”

വെറ്റില ചവച്ചു കൊണ്ട് അമ്മാവൻ പറയുന്നതു കേട്ടപ്പോൾ എനിക്ക് അരിശം കേറി വന്നു.

“എന്നാലും ന്റെ മോന് ഈ ഗതി വന്നല്ലോ”

അമ്മയും പിറുപിറുത്തു. അച്ഛൻ ഒന്നും മിണ്ടാതെ താടിക്ക് കയ്യും കൊടുത്തിരിക്കാണ്.

ഞാൻ നേരെ മുറിയിലേക്ക് നടന്നു. തലക്കു മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ വൈഗയുടെ മുഖം ഓർമ്മ വന്നു.

വെറും പാവമായിരുന്നു. പെണ്ണുകാണാൻ ചെന്നപ്പോൾ ഒരു പൂച്ചക്കുട്ടിയെ പോലെ പരുങ്ങി നിൽക്കുകയായിരുന്നു. ഒടുവിൽ പെണ്ണിനോട് സംസാരിച്ചോളാൻ പറഞ്ഞപ്പോൾ.

“എന്താ പേര്?”

“വൈഗ..!!”

കനം കുറഞ്ഞ മൃദുവായ ശബ്ദം.

“എന്നെ ഇഷ്ടപ്പെട്ടോ?”

അവൾ ജനലിലൂടെ പുറത്തേക്ക് ചെറിയൊരു ചമ്മലോടെ എനിക്ക് മുഖം തരാതെ നോക്കി നിന്നു.

“എന്തായാലും എനിക്കിഷ്ടപ്പെട്ടു. ഞാൻ ആഗ്രഹിച്ചതുപോലൊരു കുട്ടി. ഞാൻ കെട്ടിക്കോട്ടെ തന്നെ?”

അതു കേട്ടപ്പോൾ അവൾ എന്നെ നോക്കി ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ എനിക്ക് സന്തോഷമായ്..

പിന്നെ എല്ലാം വേഗത്തിലായിരുന്നു. ജാതക പ്രകാരം ആറ് മാസത്തിനു ശേഷമേ കല്യാണം നടത്താൻ പാടുള്ളു.അങ്ങനെ എന്റെ നിർബന്ധത്തിന് വഴങ്ങി നിശ്ചയം നടത്തി. ആറ് മാസം പ്രണയിച്ചു നടക്കാമല്ലോ.

കെട്ടുന്ന പെണ്ണിന് ജോലി വേണമെന്ന പിടിവാശിയൊന്നുമില്ലായിരുന്നെങ്കിലും അവളൊരു പ്രൈമറി സ്കൂളിലെ ടീച്ചറായിരുന്നു..

പലപ്പോഴും ഞാൻ അവളെ കാണാൻ സ്കൂളിനടുത്തുകൂടെ കറങ്ങും.. സ്കൂൾ വിട്ടാൽ എന്റെ നെഞ്ചിലൊരു ചെണ്ടമേളമാണ്..

ബൈക്കിനരികിലൂടെ എന്നെ കണ്ടിട്ടും കാണാത്തെപ്പോലെ കുട്ടികളോട് കിന്നരിച്ചു കൊണ്ട് കടന്നു പോകുമ്പോൾ ഞാൻ നീട്ടി വിളിക്കും.

ഡീ ടീച്ചറേന്ന്…

മുഖം വീർപ്പിച്ചു കൊണ്ട് തിരിച്ചു വന്ന് പറയും

“അഭിയേട്ടാ കുട്ടികൾ വരെ എന്നെ ഡീ ടീച്ചറേ എന്ന് വിളിച്ചു തുടങ്ങിയിട്ടോ..”

അവളുടെ പരിഭവത്തെ കളിയാക്കി കൊണ്ട് ഞാനവളെയും കൊണ്ട് ബൈക്കിൽ കറങ്ങും. അതിന് വല്ലാത്തൊരനുഭൂതിയാണ്..

പക്ഷേ…!!

ഇന്നവൾ ഒരു കാല് നഷ്ടപ്പെട് ഹോസ്പിറ്റലിലാണ്.നിയന്ത്രണം വിട്ടു വന്ന ബസിനടയിൽ പോകേണ്ട ഒരു കുട്ടിയുടെ ജീവൻ രക്ഷിച്ചപ്പോൾ അവൾക്ക് നഷ്ടപ്പെട്ടത് ഒരു കാലായിരുന്നു. ഇന്നവൾ വിവാഹം വേണ്ടെന്നു വെയ്ക്കുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടാണ്.

ഹോസ്പിറ്റലിലെ അവളുടെ മുറിയിലേക്ക് ഞാൻ ചെല്ലുമ്പോൾ അവളുടെ അടുത്ത് അമ്മയും അച്ഛനുമുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവർ മെല്ലെ പുറത്തേക്കിറങ്ങി..

എന്നെ കണ്ടതും അവളുടെ മിഴികൾ പൊട്ടിയൊലിച്ചു..

“എന്തേ വിവാഹം വേണ്ടാന്നു പറഞ്ഞത്?”

“അത് അഭിയേട്ടാ ഞാൻ.”

സങ്കടം കൊണ്ടവളുടെ ശബ്ദം മുറിഞ്ഞു.

“നിന്നെയെനിക്കു വേണം പെണ്ണേ.. അത്രക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നു. നിശ്ചയിച്ച തിയതിയിൽ തന്നെ ഞാൻ നിന്റെ കഴുത്തിൽ താലികെട്ടും..

ഡീ ടീച്ചറേ നിനക്കൊപ്പം ഞാനില്ലെ..”

അവൾ പൊട്ടി കരയുമ്പോൾ ഞാനവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചു..

രചന: മിഴി മാധവ്

Leave a Reply

Your email address will not be published. Required fields are marked *