പരസ്പരം സ്നേഹം വാരിക്കോരി നൽകാൻ തുടങ്ങിയപ്പോ വീട്ടുകാര് പിടിച്ച് കെട്ടിച്ചു…

രചന: Nidhana S Dileep

കാറിൽ നിന്നും ഭൂമിയിലേക്ക് കാലെടുത്ത് വെച്ച പാടെ ചുറ്റും നോക്കി

ഛേ…എനിക്ക് പറ്റിയ സ്ഥലമല്ല.ധാവണിയൊക്കെ ഉടുത്ത ഒരു നാട്ടിൻപുറത്ത്കാരി നായികയുടെ എൻട്രീക്ക് പറ്റിയ സ്ഥലം.റോഡിൽ മുഴുവൻ വാകപ്പൂക്കൾ വീണ് കിടക്കുന്നു.നല്ല ഇളം കാറ്റും.നല്ലൊരു ഗ്രാമ പ്രദേശം.

വീടൊക്കെ കണ്ട് അയൽവാസികളെ പരിചയപ്പെടാൻ പോയി.തൊട്ടടുത്ത വീട്ടിൽ പോയപ്പോൾ വീടിനുള്ളിൽ നിന്നും ബഹളം.

അമ്മേ..ഇവ്ടേ വെച്ച അഞ്ചു രൂപ കോയ്ൻ എവ്ടേ…ഈ വീട്ടിൽ ഒരു സാധനം വെച്ചാ പിന്നെ കാണില്ലാ…

കോളിങ് ബെൽ അടിച്ചപ്പോൾ ഒരു അമ്മ പുറത്തേക്ക് വന്നു.

എന്റെ പേര് ഗയ…ആ വീട്ടിൽ പുതുതായി താമസിക്കാൻ വന്നതാ…

ആ…ആരോ പറഞ്ഞിരുന്നു പുതിയ ആൾക്കാർ വാടകയ്ക്ക് വരുംന്ന്…മോളായിരുന്നോ..എന്താ ചെയ്യുന്നേ…

ടീച്ചറാ….

അമ്മേ…അഞ്ചു രൂപ എവ്ടേയാ വച്ചേ…

റൂമിനുള്ളിൽ നിന്നും ഗർജനം പിന്നേയും വന്നു.

മോനാ… അനന്ത പന്മനാഭൻ..നന്ദൂന്ന് വിളിക്കും..മോളിരിക്ക്…ഞാനിപ്പോ വരാം ഇനിയാ അഞ്ചു രൂപ കിട്ടിയില്ലേ അവൻ ഈ വീട് തല തിരിച്ച് വെക്കും.

അമ്മ പോയതും സെൻട്രൽ ഹോൾ ആകെ നോക്കി.വീട്ടിൽ സോഫയുണ്ടോ..?ന്നു ആരേലും ചോദിച്ചാ…ആ ..ഉണ്ട് എന്നു പറയാനൊരെണ്ണം.കണ്ടാലറിയാം ഈ ചിങ്ങത്തിൽ ഷഷ്ഠി പൂർത്തിയാവുംന്നു.പൊട്ടി വീഴുമോന്നു പേടിച്ചാ അതിന് മോളിലിരുന്നത്.പിന്നെ കർട്ടന്റെ കാര്യം പറയുവാണേൽ ഞാൻ വാങ്ങുന്ന ഫുഡ്പാത്തിൽ ഇതിലും നല്ല സാധനം കിട്ടും.അതിലൊന്നു തൊട്ടാ ഒരു കഷ്ണം കൈയിലിരിക്കും.മേശ..കസേര പോലുള്ളതിന്റെ കാര്യം പറയുവാണേൽ …വിഗലാംഗ പെൻഷന് അപേക്ഷ കൊടുത്തോ…ആവോ…ചുവരിൽ ഒരു ക്ലോക്ക് കണ്ടു.വാച്ചിൽ നോക്കി.ഭാഗ്യം…സമയം കറക്ടാണ്.കാണാതായ പൈസ കിട്ടി തോന്നുന്നു.ഉള്ളിലെ ഗർജനം നിന്നു.

ആളെ കണ്ടില്ലേലും ആളെ കണ്ടില്ലേലും സ്വഭാവം ഏകദേശം പിടി കിട്ടി.മുറിഞ്ഞ കൈക്ക് ഉപ്പു തേക്കാത്ത ജാതി.അർക്കീസ്.അങ്ങേരുടെ അച്ഛൻ അത്ര പിശുക്കനല്ലാ തോന്നുന്നു.അതോണ്ടല്ലേ ഒരു പിശുക്കും കാണിക്കാതെ അനന്ത പദ്മനാഭൻന്നു നീട്ടി വലിച്ച് പേരിട്ടിരിക്കുന്നത്…

മുഷിഞ്ഞോ….

ഇല്ല….

ചിരിച്ചു കൊണ്ടു പറഞ്ഞു

നന്ദൂന് ഒരു രൂപ വെറ്തേ കളയുന്നത് ഇഷ്ടല്ല.എല്ലാറ്റിനും ഒരു കണക്കുണ്ടാവും…

അപ്പോ ഞാൻ പറഞ്ഞത് കറക്ടാ…

അമ്മേ.. ഞാനിറങ്ങുവാ…

ഷർട്ടിന്റെ കൈ മടക്കി കൊണ്ട് പറഞ്ഞു.നമ്മളെ ശ്രധ്ദിക്കുന്ന പോലുമില്ല.

നന്ദൂ…അപ്പുറത്ത് പുതുതായി താമസിക്കാൻ വന്ന കുട്ടിയാ..ഗയ..

മ്ം….

മറുപടി കഴിഞ്ഞു.

ചിറഞ്ഞുള്ള നോട്ടംന്നു കേട്ടിട്ടേ ഉള്ളൂ.എന്നെ ഒട്ടും പിടിച്ചില്ലാന്നു തോന്നുന്നു

ഇപ്പോഴും ഈ മോഡൽ ഷേർട്ട് ഒക്കെ ഉണ്ടോ.പണ്ട് എന്റെ അച്ചാച്ഛനുണ്ടായിരുന്നു ഈ മോഡൽ ഒരെണ്ണം.പക്ഷേ കളറ് പച്ചയായിരുന്നു.

എന്നെ ഒന്നു തുറിച്ച് നോക്കിയിട്ട് ചേതകിൽ കേറി പോയി.

എനിക്കാണേൽ മനസിൽ എന്തേലും ഉണ്ടേ അപ്പോ പറയണം.അങ്ങനെ ഒന്നു പറഞ്ഞത് കൊണ്ടാ ഈ ഓണം കേറാ മൂലയിൽ പണിഷ്മെന്റ് ട്രാൻസ്ഫറായത്.ഇൻസ്പെൻഷന് വന്ന എ ഇ ഒയെ പറ്റി ഒന്നു കമന്റടിച്ചതാ.എന്റെ കഷ്ടകാലത്തിന് അത് അയാൾ കേൾക്കുകയും ചെയ്തു.എ ഇ ഓ എന്നൊക്കെ പറഞ്ഞാ കഷണ്ടിയൊക്കെ ആയി കുടവയറൊക്കെ ഉള്ള ഏജ് ഓവർ കേസായിരിക്കണം.ഇത് ഒരു മാതിരി ഹൃതിക് റോഷന് ഢീക്വൂവിൽ ഉണ്ടാത് പോലൊരു ഐറ്റം.അറിയാണ്ട് എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന നെറ്റിയിൽ പൂവുള്ള സ്വർണ ചിറകുള്ള പക്ഷി ഉണർന്ന് ഒരു പാട്ടു പാടി.അത്രേ ഉള്ളൂ.അങ്ങേര് പെട്ടീം പ്രമാണോം എട്ത്ത് ഇങ്ങോട്ട് പോക്കാളാൻ പറഞ്ഞു.

നന്ദുവിന്റെ കല്യാണമൊന്നും കഴിഞ്ഞില്ലേ….

അവനോട് കല്യാണത്തിന്റെ കാര്യം പറയുമ്പോ തൊടങ്ങും കെട്ടി കഴിഞ്ഞാലുള്ള ചെലവിന്റെ കണക്ക് പറയാൻ.കെട്ടി കൊണ്ട് വരുന്ന പെണ്ണിന് വാങ്ങി കൊടുക്കേണ്ട…സാരി..മാല..പ്രസവം…കുട്ടികളുടെ ചെലവ്…അവരുടെ വിദ്യാഭ്യാസം.അതിലും നല്ലത് അത്രേം പൈസ വല്ല ബാങ്കിലുമിട്ടാ..അതിന്റെ പലിശ കൊണ്ട് ജീവിക്കാം..വയ്യാത്ത കാലത്ത് ഒരു ഹോം നേഴ്സിനെ വെച്ചാ മതീന്നൊക്കെയാ അവൻ പറയുന്നേ.പറഞ്ഞ് പറഞ്ഞ് എന്റെ വായയിലെ വെള്ളം വറ്റിയപ്പോ ഞാൻ നിർത്തി.അവന് തോന്നുമ്പോ കെട്ടട്ടേ…

ശബാഷ്….

ഒരു ചോദ്യം വായിൽ വന്നതാ..എന്റയ അമ്മേക്കാൾ പ്രായമുള്ളതല്ലേ..ആ ചോദ്യം തൊണ്ട തൊടാതെ വിഴുങ്ങി.

എന്തായാലും അർക്കീസിന് എന്നെ തീരെ പിടിച്ചില്ല.ഞാനുമായി അങ്കം കുറിച്ചു.ഞാൻ വിട്ട് കൊടുക്ക്വോ…ഞാനും അങ്കം കുറിച്ചു.എന്നെ കാണുന്നതേ കലിയാ…

ഒരു ദിവസം വീട് ചുറ്റി കണുമ്പോൾ അർക്കീസിന്റെ മുറീലും കേറി.റൂമിൽ ഒരു ഡയറി.അതിൽ മുട്ടു സൂചി വാങ്ങിയ കണക്കു പോലും ഏഴുതി വെച്ചിരിക്കുന്നു.

നിന്നോടാരാ…എന്റെ മുറീല് കേറാൻ പറഞ്ഞത്..എന്റെ മുറീല് ആരും കേറുന്നത് എനിക്ക് ഇഷ്ടല്ല…

വീട് ചുറ്റി കാണുമ്പോ കേറീന്നേ ഉള്ളൂ…

എങ്ങനെ ആയാലും ഏന്റെ മുറീല് കേറുന്നത് എനിക്ക് ഇഷ്ടല്ല..

അതെനിക്ക് തീരെ പിടിച്ചില്ല

തന്റെ പറച്ചിൽ കേട്ടാ തോന്ന്വല്ലോ..ഞാനിവ്ടെ സ്ഥിര താമസത്തിന് വന്നതിണെന്ന്.അലാലേ താമസിക്കാൻ പറ്റിയ സ്ഥലം…നൂറു രൂപയ്ക്ക് മോളിൽ വില ഉള്ള എന്തേലും ഇതിനുള്ളിലുള്ളിൽ ഉണ്ടായിരുന്നേ..പിന്നേം

അല്ലേല് കുളിക്ക്വേം നനയ്ക്കുവേം ചെയ്യാണ്ട് കുട്ടിക്കൂറ പൗഡറും ദേഹത്ത് പൊത്തീട്ട് നടക്കുന്ന നിന്നെ ഞാനീ റൂമിൽ താമസിപ്പിക്കാൻ പോവല്ലേ…പിന്നെ ചിലപ്പോ ഞാൻ നിന്റെ അച്ഛന്റെ കാലത്തെ ഷർട്ട് ഇടും..ചിലപ്പോ അച്ഛച്ഛന്റെ കാലത്തെ ഷർട്ട് ഇടും അത് എന്റെ ഇഷ്ടാ…

താൻ പോടോ…അർക്കീസേ…

നീ പോടീ…കുട്ടിക്കൂറേ…

അതേ…ഈ കർട്ടൻ എവ്ടുന്നു വാങ്ങിച്ചതാ…

അർക്കീസിനെ ചൊറിയാൻ ഒരു സുഖം.ഞായറാഴ്ച ഇരുന്ന് പത്രം വായിക്കുവാണ് .ചോദ്യം കേട്ട് പത്രത്തിൽ നിന്നും തല പൊക്കി.

അത് ഒറ്റ പീസേ ഉണ്ടായിരുന്നുള്ളൂ..ഇനി കിട്ട്വോന്നറിയില്ല…

മുഖത്തൂന്ന് അഭിമാനം വഴിഞ്ഞൊഴുകി.

ഹേയ്…വാങ്ങാനല്ല..ഫുട്പാത്തിൽ പോലും ഇത്രേം ലോ ക്വാളിറ്റി ഉള്ളത് കിട്ടില്ല..അതോണ്ട് ചോദിച്ചതാ…

ഡീ…കുട്ടിക്കൂറ പൗഡറുമിട്ട് നടന്നാ പോരാ..വക തിരിവ് വേണം..വക തിരിവ്…ആരോട് എന്താ..സംസിരിക്കേണ്ടത് ന്നു പോലും അറിയാത്ത ജന്തു..അതെങ്ങനെയാ…വകതിരിവ് ഉണ്ടായിരുന്നേ…ആണൊരുത്തൻ ഉള്ള ഇടത്ത് കുട്ടി നിക്കറും ഇട്ടിട്ട് തയ്ച്ച പോലത്തെ ഷർട്ടും ഇട്ടിട്ടോണ്ട് വര്വോ..

ഹതപ്രവേരാ….

ഞാൻ ചോദിച്ചതില് എന്താടോ തെറ്റ്…തനെന്ന് ഈ അർക്കീസ് നിർത്തുന്നോ..അന്നേ താൻ നന്നാവൂ…പിന്നെ എന്തിടണംന്നുള്ളത് എന്റെ ഇഷ്ടാ..താൻ തന്റെ കാര്യം നോക്കിയാ മതി.

നീ പഠിപ്പിക്കുന്ന പിള്ളേരുടെ കാര്യം…

കേട്ടിട്ടുണ്ട്…ഇത് കുറേ കേട്ടിട്ടുണ്ട്

എന്തായാലും തന്നെക്കാൾ ഭേദം ആയിരിക്കും.

യുദ്ധം മുറുകിയപ്പോൾ അമ്മ രണ്ടാളെയും പിടിച്ച് മാറ്റി.

ഡോ…അർക്കീസേ…

സ്കൂളീന്ന് വരൂന്ന വഴിയിൽ അർക്കിൺീസ് ചേദക് ശകടത്തിൽ പോകുന്നത് കണ്ടു

നിന്നോട് കുറേ ആയി പറയുന്നു അങ്ങനെ വിളിക്കര്ത് ന്ന്

വീട്ടിലേക്കല്ലേ…എന്നെ കൂടി കൂട്ട്വോ…ഇന്ന് വീട്ടിൽ പോവണം അതാ…

പറ്റില്ല…

ഞാൻ കേറീന്ന് വെച്ച് പെട്രോളൊന്നും അധികം ചെലവാകൂലാലോ…

എന്തായിലും തന്നെ കേറ്റാൻ സൗകര്യമില്ല..

അതും പറഞ്ഞ് ദുഷ്ടൻ പേടകത്തിൽ പോയി

വീട്ടിൽ പോയ ആൾ വന്നോ..കുറേ ദിവസം നിന്നല്ലോ….

അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു

അമ്മ ചിരിയോടെ ചോദിച്ചു.അർക്കീസ് അമ്മേടെ കാലിൽ കുഴമ്പിട്ട് കൊടുക്കുകയാണ്.

ഇതെന്താ കാലിന് പറ്റിയേ…

ഒന്നുളുക്കി….

അർക്കീസ് സെൻട്രൽ ഹാൾ മുഴുവൻ കണ്ണോടിക്കുന്നുണ്ട്.കുറച്ച് കഴിഞ്ഞാണ് കത്തിയത് കർട്ടൻ മാറ്റിയിരിക്കുന്നു.

നന്ദുവേട്ടാ…കർട്ടൻ സൂപ്പറായിട്ടുണ്ട്…

ആളൊന്ന് ഞെട്ടി.

അമ്മേ.. ഓർഡർ ചെയ്ത സോഫ നാളെ എത്തും.

അത് എന്നെ ഉദ്ദേശിച്ചാ പറഞ്ഞത് എന്ന് മനസിലാക്കാൻ കവടി നിരത്തുവൊന്നും വേണ്ട.

മോള് വീട്ടിൽ പോയിട്ട് വിശേഷമൊന്നും പറഞ്ഞില്ലലോ.

ഒരു വിശേഷം ഉണ്ട്….എന്നെ പെണ്ണു കാണാൻ ഒരാളു വന്നിരുന്നു…

അർക്കീസിന്റെ മുഖ ഭാവം ഒന്നു മാറി.അതു കണുമ്പോൾ എനിക്കങ്ങ് രസം കേറി

അമ്മേ…എന്നാ…ഗ്ലാമറാന്നറിയോ…ഷർട്ടൊക്കെ കാണണം….

കൈ മാറി പഴകിയ പത്ത് രൂപേടെ നോട്ട് പോലെ ആകെ വാടി തളർന്നു പോയി അങ്ങേരുടെ മുഖം.ഇത്രേ ഞാനും ഉദ്ദേശിച്ചുള്ളൂ.

നീ നിർത്തിയോ…കുറച്ചൂടി തടവ്…നല്ല സുഖമുണ്ടായിരുന്നു…

ഇത്ര സുഖമൊക്കെ മതീ…ഇനി നാളെ തടവാം.

അതും പറഞ്ഞ് അർക്കീസ് എന്നെ നോക്കുക കൂടി ചെയ്യാതെ അകത്തേക്ക് പോയി.

നാശം…എത്ര രൂപയാ അധിക ചെലവായേ…ഏത് നേരത്താണാവോ…ഇതൊക്കെ വാങ്ങാൻ തോന്നിയേ…അതെങ്ങനെയാ…കണ്ടക ശനി ഒരോ കുരിപ്പിന്റെ രൂപത്തിൽ ഇങ്ങോട്ട് കെട്ടി എട്ക്കുവല്ലേ….

എന്തൊക്കെയോ പിറുപിറുത്തോണ്ട് ഡയറീല് കൂട്ടീം വെട്ടീം കളിക്കുന്നുണ്ട്.

എന്താ ഈ പിറോ പിറുക്കുന്നേ…

നിനക്ക് എനുസരണന്നു പറഞ്ഞ സാധനമെന്താന്ന് അറിയില്ലേ…എത്ര പ്രാവിശ്യായി നിന്നോട് പറയുന്നു എന്റെ റൂമിൽ കേറരുത് ന്നു.

എനിക്ക് ഒരു ഡൗട്ട് ചോദിക്കാനുണ്ടായിരുന്നു അത് ചോദിക്കാനാ വന്നേ…

ഞാനും വിട്ട് കൊടുത്തില്ല.ആങ്ങേര് ഒന്ന് അടങ്ങി.

തനിക്കെന്താ എന്നെ വേറൊരാൾ പെണ്ണ് കാണാൻ വന്നാ പ്രശ്നം…

എനിക്കെന്താ…പ്രശ്നമുണ്ടാവാൻ നിന്നെ പെണ്ണ് കാണാൻ വന്നത് എന്റെ അമ്മായിയപ്പാനൊന്നും അല്ലല്ലോ…

ഉറപ്പാണല്ലോ ഒരു പ്രശ്നമില്ലാന്ന്…

ആ…അതേ

ആലസമായ് പറഞ്ഞു.

എനിക്ക് പ്രശ്നമുണ്ടായിരുന്നു.ഇനി തനിക്കും പ്രശ്നമുണ്ടേൽ വീട്ടിൽ പറഞ്ഞ് ആ പ്രശ്നം സോൾവ് ചെയ്യാംന്നു വെച്ചാ.ഇനി എനിക്കും പ്രശ്നമില്ല..അപ്പോ..ബൈ…

ഡീ….കുട്ടിക്കൂറേ…നിക്കെടീ…എനിക്ക് പ്രശ്നമുണ്ട്…

താൻ പോടോ അർക്കീസേ…ഇനി ആ പ്രശ്നം താൻ കൈയിൽ തന്നെ വെച്ചോ…

പിറകീന്നു അർക്കീസ് വിളിച്ച് പറഞ്ഞപ്പോൾ തിരിഞ്ഞ് പോലും നോക്കാതെ വിളിച്ച് കൂവീട്ട് വീട്ടിലേക്ക് വെച്ച് പിടിച്ചു.

പിറ്റേന്ന് വീട്ടിൽ പോവുമ്പോ കൊടുത്ത പൈസ മൊതലാക്കാനെന്നോണം അർക്കീസ് പത്രം അരിച്ച് പൊറുക്കുന്നു.ഒന്നു മുരടനക്കിയപ്പോൾ തല ഉയർത്തി. കണ്ണുകൾ ഒന്നു തിളങ്ങി.ഒന്നു നോക്കിട്ട് മുഖം തിരിച്ച് അടുക്കളയിലേക്ക് നടന്നു.ഹല്ല പിന്നെ.അങ്ങേർക്ക് പ്രശ്നമില്ലാ പോലും.

ആഹാ..ഇതെന്താ… സാരിയൊക്കെ ഉടുത്ത്…സുന്ദരി ആയിട്ടുണ്ടല്ലോ…

കണ്ട പാടെ അമ്മ പറഞ്ഞു.

നന്നായിട്ടുണ്ടോ…

നന്നായിട്ടുണ്ട്…

കുറേ നേരം അമ്മയോട് കത്തിയടിച്ചു.

ഡോ…താനെന്തിനാ ഈ റൂമിലേക്ക് എന്നെ പിടിച്ച് വലിച്ച് കൊണ്ടു വന്നേ…ഈ റൂമിൽ കേറരുത് ന്നല്ലേ എന്നോട് പറഞ്ഞേ..

നീ അന്നു പറഞ്ഞില്ല നൂറു രൂപേ കുടുതൽ വിലയുള്ള സാധനെമെന്തേലും ഈ റൂമിലുണ്ടായിരുന്നേ ഈ മുറീല് താമസിച്ചോളാംന്നു.ഇത് മൂന്നൂറ്റി അമ്പത് രൂപയുണ്ട്

നിങ്ങളീ ജന്മം നന്നാവില്ലേ മനിഷ്യാ…

അർക്കീസിന്റെ നെഞ്ചിൽ ചെറുതായി ഒന്നു തള്ളി

നീയും നന്നാവില്ലാലോ….

രണ്ടു കൈയും അർക്കീസിന്റെ നെഞ്ചിൽ തന്നെ പിടിച്ച് വെച്ച് കൊണ്ട് മറു ചോദ്യ്‌ ചോദിച്ചു

ഇതെന്താ…സാരി ഒക്കെ ഉടുത്ത്…

ആണൊരുത്തൻ ഉള്ള വീട്ടിൽ എങ്ങെനോ വരാൻ പാടില്ലാന്നു പറഞ്ഞില്ലേ…

അത് ഞാൻ വെറ്തേ പറഞ്ഞതല്ലേ…കുട്ടിക്കൂറക്ക് അതാ ചേർച്ച.

വേണ്ട…ഞാൻ നന്നാവാൻ തീരുമാനിച്ചു.

പിന്നീട് അങ്ങോട്ട് ഒരു അർക്കീസും കാണിക്കാതെ സാനേഹം വാരിക്കോരി തന്നു.ഞങ്ങള് പരസ്പരം സ്നേഹം വാരിക്കോരി നൽകാൻ തുടങ്ങിയപ്പോ വീട്ടുകാര് പിടിച്ച് കെട്ടിച്ചു

ഛേ…ഇന്ന് മാത്രം എത്രയാ അധിക ചെലവ്….കല്യാണമൊന്നും കഴിക്കേണ്ടായിരുന്നു.ആ പൈസ ബാങ്കിൽ ഫിക്സെഡ് ഡെപോസിറ്റ് ഇട്ടാ ഇ പലിശ കൊണ്ട് ജീവിക്കായിരുന്നു

എന്നേം മോനെയും ഇന്ന് ഒന്ന് കറങ്ങാൻ കൊണ്ടു പോയി.അതിന്റേ ബജറ്റ് അവതരണമാണ് നടന്നു കൊണ്ടിരിക്കുന്നത്.

മോനുറങ്ങിയതും അടുത്തേക്ക് നീങ്ങി കിടന്നു.

എന്താ…

ദേഷ്യത്തിൽ ചോദിച്ചു.

മ്..ച്ച്…

അങ്ങേര് പിന്നേം നീങ്ങി കിടന്ന് കൈ ദേഹത്തേക്ക് വെച്ചു.

താനേ..ഇനി എനിക്കും മോനും ചെലാവാകുന്ന പൈസ ബാങ്കിൽ ഫിക്സെഡ് ഡെപോസിറ്റ് ഇട്ട് ജീവിച്ചോ…എന്നെ തൊട്ട് പോവരുത്..മോനേം..

ദേഹത്ത് വെച്ച കൈ വലിച്ചെറിഞ്ഞു.

ടീ…ഞാനത് തമാശക്ക് പറഞ്ഞതല്ലേ…

ആണോ…എന്നാ എനിക്കത് അത്ര തമാശയല്ലാ…

സോറീ…എന്റെ ചക്കര കുട്ടിക്കൂറയല്ലേ…ഞാനിനി ഒരിക്കലും പറയില്ല…മിണ്ടെടീ….

ദേ…മനിഷ്യാ..മേലാ…ബാങ്കിലിടുന്ന ഫിക്സെഡ് ഡെപോസിറ്റിന്റെ കാര്യം പറഞ്ഞാ…നിങ്ങളുടെ അർക്കീസാണേ സത്യം ഞാനും മോനും മിണ്ടില്ല..മാത്രല്ല… ബെഡ്റൂമിൽ നോ എൻട്രീ ബോർഡ് ഞാൻ വെക്കും.വർഷം ആറായി ഞാനിത് കേൾക്കുന്നു

അയ്യോ..നീ വർഷത്തിന്റെ കണക്കു പറഞ്ഞപ്പോഴാ ഓർത്തേ…നമുക്ക് അടുത്ത കുഞ്ഞിന്റെ കാര്യം ശരിയാക്കേണ്ടേ

അവസാനിച്ചു

രചന: Nidhana S Dileep

Leave a Reply

Your email address will not be published. Required fields are marked *