പ്രഭാതത്തിന്റെ നേർത്ത തണുപ്പ് അപ്പുവിന്റെ ശരീരമാകെ അരിച്ചു കയറിയപ്പോൾ മെല്ലെ അവൻ കണ്ണുകൾ തുറന്നു…

രചന :- Anandhu Raghavan‎…

പ്രഭാതത്തിന്റെ നേർത്ത തണുപ്പ് അപ്പുവിന്റെ ശരീരമാകെ അരിച്ചു കയറിയപ്പോൾ മെല്ലെ അവൻ കണ്ണുകൾ തുറന്നു…

ബെഡിനരികെ തന്നെ മുഴുവൻ പല്ലുകളും പുറത്തുകാട്ടി ചിരിച്ചുകൊണ്ട് അമ്മൂട്ടി നിൽപ്പുണ്ടായിരുന്നു…

“ആ ജനൽ അടച്ചിട് അമ്മൂട്ടീ… നല്ല തണുപ്പാണ്..” ഞാൻ എഴുന്നേൽക്കാൻ വേണ്ടിയുള്ള അമ്മൂന്റെ ഓരോ തന്ത്രങ്ങൾ ആണ്…

“ഏട്ടൻ ഇങ്ങ് എഴുന്നേറ്റ് വന്നേ, ഈ അമ്മൂന് നേരത്തെ എണീക്കാമെങ്കിൽ ഇത്രേം വല്യ ഏട്ടന് രാവിലെ നേരത്തെ എഴുന്നേറ്റൂടെ…” ഇതും പറഞ്ഞ് അമ്മൂട്ടീ എന്റെ കയ്യിൽ പിടിച്ചു വലി തുടങ്ങി…

ഓൾ പിന്നെ എന്തേലും ഒരു കാര്യം ഉണ്ടേൽ അത് എങ്ങനെയും നേടിയെടുത്തിരിക്കും.. കൊച്ചു കുറുമ്പി ആണ്…

“അമ്മേ ഈ ഏട്ടൻ എണീക്കണില്ല..”

“അവൻ കുറച്ചു നേരം കൂടി കിടന്നോട്ടെ അമ്മൂ.. ഞായർ ഒരു ദിവസം അല്ലെ ലീവുള്ളു..”

അമ്മു എന്നെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല…

“എന്താണ് അമ്മുവിന് ഇന്നിത്ര ഉന്മേഷം..” എഴുന്നേറ്റിരുന്നുകൊണ്ട് ഞാൻ അമ്മുവിനോട് ചോദിച്ചു..

“ഹും.. ഏട്ടൻ കള്ളനാ.. ഇത്ര വേഗം മറന്നോ ഇന്നലെ പറഞ്ഞ കാര്യം..”

“ഓ… അപ്പോ അതാണ് കാര്യം അല്ലെ.. നമുക്ക് പോവാം ന്റെ അമ്മൂട്ട്യേ.., ഏട്ടൻ ഒന്ന് റെഡി ആവട്ടെ.. ”

സന്തോഷം കൊണ്ട് അമ്മൂട്ടിയുടെ മുഖം വിടർന്നു പുഞ്ചിരിക്കുന്ന മുഖവുമായി എനിക്ക് ഒരു ഉമ്മയും തന്ന് നേരെ കയ്യും പിടിച്ച് അടുക്കളയിലേക്ക് നടന്നു….

അപ്പുവിലും പതിനാല് വയസിനിളയതാണ് കുഞ്ഞുപെങ്ങൾ അമ്മു… അമ്മ ശാന്തയുടെയും അച്ഛൻ ഗോപാലിന്റെയും ജീവിതത്തിൽ വൈകിയെത്തിയ വസന്തം…

താഴെ വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്നു പറയുമ്പോലെ അമ്മൂട്ടി എപ്പോഴും അപ്പുവിന്റെ കയ്യിൽ തന്നെ ആയിരിക്കും… അത്രയ്ക്ക് ഇഷ്ടമായിരുന്നു അമ്മൂട്ടിയെ അവന്…

അമ്മൂന് രണ്ട് വയസ്സു തികയുന്നതിനുമുൻപേ ഒരാക്സിഡന്റിൽ മരിച്ചതാണ് അച്ഛൻ…

ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടും സഹിച്ചാണ് അമ്മ അമ്മുവിനെയും അപ്പുവിനേയും വളർത്തിയത്.. ഒരു അമ്മയാണെങ്കിലും അവർ ഒരു സ്ത്രീയാണ് ഒരുപാട് പരിമിതികൾ ഉണ്ട്..

ആ കഷ്ടപ്പാടിനും ബുദ്ധിമുട്ടിനും ഒക്കെ ഫലമുണ്ടായി.. ഇന്ന് അപ്പുവിന് നല്ലൊരു കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ഉണ്ട്… ബുദ്ധിമുട്ടില്ലാതെ സ്നേഹത്തോടെയും സന്തോഷത്തോടെയും കുടുംബം നല്ല രീതിയിൽ കഴിഞ്ഞു പോകുന്നു…

അവരെ സ്നേഹിക്കുന്നതിലും ആശ്വസിപ്പിക്കുന്നതിലും ഒന്നും അപ്പു ഒരു മടിയും കാട്ടാറില്ല.. അതൊക്കെ അവന്റെ കടമയാണെന്ന് അവനറിയാം…

അവരെ സ്നേഹിക്കുവാനും സന്തോഷിപ്പിക്കുവാനും…. അവരോടൊപ്പം ഒന്നിച്ചിരിക്കുവാനും.. ആ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കു ചേരാനും അവൻ മാത്രേ ഒള്ളു…

അമ്മൂട്ടിക്ക് ഒരേട്ടന്റെ സ്നേഹത്തോടൊപ്പം ഒരച്ഛന്റെ കരുതലും വാത്സല്യവും കൂടി അവൻ നൽകുമ്പോൾ അമ്മയുടെ മനസ്സിന് ഒരു സന്തോഷമാണ്…

അമ്മൂട്ടിയുടെ കൂടെ അടുക്കളയിൽ എത്തിയപ്പോൾ ആവി പറക്കുന്ന ഒരു ഗ്ലാസ് ചൂട് കട്ടൻ കാപ്പി കൊടുത്തുകൊണ്ട് അമ്മ ചോദിച്ചു..” ഇന്നെവിടേക്കാ രണ്ടാളും കൂടി..”

“അമ്മൂട്ടിക്ക് ഒരു പുത്തനുടുപ്പ് എടുക്കാൻ പുറത്തു പോകുവാ ഞങ്ങൾ…പിന്നെ ഞങ്ങൾക്ക് ഒരു ഐസ്ക്രീം ഒക്കെ കഴിക്കണം അല്ലെ അമ്മൂട്ടീ..” “ഉം..” ചിരിച്ചുകൊണ്ടവൾ മൂളിയപ്പോൾ അമ്മക്കും ചിരി വന്നു…

പുറത്തേക്ക് പോകാൻ റെഡിയായി ഏട്ടന്റെ കയ്യും പിടിച്ച് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അമ്മയെ നോക്കി അമ്മു കൈ വീശി കാണിച്ചു…

അവർ പോകുന്നതും നോക്കി ഉമ്മറപ്പടിയിൽ അങ്ങനെ നിക്കുമ്പോൾ ആ അമ്മയിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു.. ഏത് ദുഖങ്ങളെയും അകറ്റുന്ന സന്തോഷം….

സ്നേഹമാണ് ഏതൊരു ജീവിതത്തിന്റെയും അടിത്തറ… ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു പോകുവാൻ നമ്മെ സ്നേഹിക്കുന്നവരുടെ സന്തോഷത്തോടെയുള്ള ആ മുഖം ഒന്നു കണ്ടാൽ മാത്രം മതി….

രചന :- Anandhu Raghavan‎…

Leave a Reply

Your email address will not be published. Required fields are marked *