ഫേസ്ബുക്ക പ്രണയം യുവാവ് വഞ്ചിക്കപ്പെട്ടു’

രചന : – Prajith Surendrababu

“അടിപൊളി !ഇത്രയും നാൾ യുവതികൾ ആയിരുന്നു ഇപ്പൊ തിരിച്ചായോ”

പത്രവാർത്ത പുച്ഛത്തോടെ അരുൺ വായിച്ചു

” ഇവർക്കൊന്നും വേറെ പണിയില്ലെ ,കൺമുന്നിൽ കാണുന്നോരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലത്താ ഒരു ഫേസ് ബുക്ക് പ്രണയം ”

പത്രംമടക്കി വച്ചിട്ട് അരുൺ സോഫയിൽ നിവർന്നിരുന്നു

” പ്രേമിക്കുന്നേൽ വല്ല കാശുകാരി പെൺപിള്ളാരേം പ്രേമിക്കണം എന്നിട്ട അവളേം കെട്ടി സുഖജീവിതം അടിപൊളി !”

“കൊള്ളാം മോനെ നല്ല പദ്ധതി ”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അതാ മുറ്റമടിക്കുന്ന ചൂലുമായി അടുത്തേക്കു വരുന്നു അമ്മ.

“മോന് ജോലി എവിട്ടുന്നാ പറഞ്ഞെ?”

“ദുബായ്‌ ”

അമ്മയുടെ ചോദ്യത്തിനു തല കുമ്പിട്ടു കൊണ്ട് അവൻ പറഞ്ഞു. അമ്മയ്ക്ക് അല്പം നർമ്മബോധം കൂടുതലാണ് അതുകൊണ്ട് ഇനിയുള്ള മറുപടി തനിക്കിട്ടുള്ള പണിയാവും എന്നവൻ ഊഹിച്ചു.

” ദുബായ്ൽ ജോലി കാശുകാരി പെണ്ണ് സുഖജീവിതം.. നടക്കും നടക്കും.ഇവിടെ ഗൾഫ് കാർ അങ്ങട് കാശു കൊടുക്കാം ന്ന് പറഞ്ഞിട്ടു പോലും പെണ്ണ കിട്ടുന്നില്ല അപ്പോഴാ ഇവിടൊരുത്തൻ…..”

ഊഹം തെറ്റിയില്ല പതിവു ശൈലിയിൽ തന്നെ അമ്മ തകർത്തു

.” മോൻ പോയി കുളിച്ചൊരുങ്ങി ചുന്ദരൻ ആയി വാ വായ്നോക്കാൻ പോകേണ്ടതല്ലെ……”

പിന്നെ അവിടെ നിക്കുന്നത് പന്തിയല്ലന്നു മനസ്സലാക്കി അരുൺപതുക്കെ റൂമിലേക്കു പോയി…..

മകനെ കളിയാക്കി വിട്ടെങ്കിലും ലക്ഷ്മിക്ക് അറിയാം അവന്റെ മനസ്.കഴിഞ്ഞ ലീവിനു അരുൺ വന്നപ്പോൾ അവർ അവനോട് ചോദിച്ചിരുന്നു.

“മോനെ നിന്റെ സങ്കൽപ്പത്തിലുള്ള പെൺകുട്ടി എങ്ങനാ അമ്മയോട് പറയ് അതു വച്ച് വേണം അമ്മയ്ക്ക് നിനക്കായി പെണ്ണു നോക്കാൻ ”

” അത് അമ്മാ എനിക്ക് വല്ല്യ സങ്കൽപ്പങ്ങൾ ഒന്നും ഇല്ല. എന്റെ അമ്മയേയും അച്ഛനേയും പൊന്നുപോലെ നോക്കുന്നവളാകണം പിന്നെ നമ്മളെക്കാൾ സാമ്പത്തിക ശേഷി കുറഞ്ഞതോ അല്ലേൽ നമുക്കൊപ്പം നിൽക്കുന്നതോ ആയൊരു കുടുംബത്തിന്നു മതി അമ്മാ.. അതാകുമ്പോൾ ഉള്ളതുകൊണ്ട് ഓണം പോലെ നമുക്കൊപ്പം കഴിഞ്ഞോളും ”

മകന്റെ മറുപടി കേട്ട് അന്ന് അഭിമാനമാണ് തോന്ന്യത്. ചെറുപുഞ്ചിരിയോടെ അതൊക്കെ ഓർത്തു ലക്ഷ്മി നിന്നു

” നീ ഇതേതു ലോകത്താ ലക്ഷ്മി ഇവിടൊന്നും ഇല്ലേ ”

അരുണിന്റെ അച്ഛൻ മുറ്റത്തേക്കിറങ്ങി വന്നു.സുധാകരൻ, പഴയ പ്രവാസിയാണ് ഇപ്പോൾ കൃഷിയൊക്കെയായ് നാട്ടിൽ തന്നെയാണ്. അരുണിനു തന്നെ കാൾ ഇഷ്ടം അച്ഛനോടാണോ.. പലപ്പോഴും ലക്ഷ്മിക്ക് അസൂയ തോന്നീട്ടുണ്ട് അത്രക്ക് കൂട്ടാണവർ

” അവൻ എവിടെ, ആ രമേശൻ വിളിച്ചിരുന്നു. അവൻ കൊണ്ടു വന്ന ആ ആലോചനയില്ലെ… ജാതകം നല്ല ചേർച്ചയാണെന്ന് .കൊച്ചിനെ ഇന്നൊന്ന പോയി കാണാനാ പറയുന്നെ ”

സുധാകരൻ പറഞ്ഞു നിർത്തുമ്പോൾ അരുൺ കുളി കഴിഞ്ഞെത്തി.

” ഫോട്ടോ കണ്ടതല്ലെ എന്നിക്കിഷ്ടായ് അവർക്കും ഓക്കെ ആണേൽ വാക്കുറപ്പിപ്പിന്റെ അന്നു കാണാം ”

“തറുതല പറയാണ്ട് ഒന്നവിടം വരെ പോ ചെക്കാ 24 മണികൂറും ബൈക്കിൽ കറങ്ങി നടക്കുവല്ലെ ഇന്ന് കറങ്ങുമ്പോൾ ഒന്നതു വഴി പോ” ലക്ഷ്മിക്കു ദേഷ്യം വന്നു “അങ്ങിനെ സ്നേഹത്തിൽ പറയ് ”

അമ്മയോട് തർക്കിക്കുന്നത് പന്തിയല്ല എന്ന മനസിലാക്കി അരുൺ പോകാൻ തീരുമാനിച്ചു.

“ആര്യ അരുൺ, അളിയാ നല്ല ചേർച്ചയുണ്ട്. ഫോട്ടോ കണ്ടിട്ട് കാണാനും ഭംഗിയുണ്ട് ബാങ്ക് കോച്ചിംഗ് അല്ലെ അപ്പൊ ജോലിയും ഉറപ്പാ കുടംബവും തരക്കേടില്ല നിന്റെ സങ്കൽപ്പങ്ങൾക്ക് ഇത് 100 % ഓക്കെ ആണ്. ഇവളെ തന്നെ അങ്ങ് കെട്ടെടാ…”

അരുണിന്റെ ബൈക്കിനു പിന്നിൽ ഇരുന്ന് വിഷ്ണു അഭിപ്രായപ്പെട്ടു. നാട്ടിൽ വന്നാൽ അരുണിന്റെ വലം കൈ ആണ് വിഷ്ണു എന്തിനും കൂടെ നിക്കുന്ന ചങ്ക് ബ്രോ.. വിഷ്ണു പറഞ്ഞതു ശരിയാ എല്ലാ രീതിയിലും തന്റെ സങ്കൽപ്പത്തിന് ഇണങ്ങിയൊരു ബന്ധമാണ് ഇത്.. വരട്ടെ നോക്കാം അരുൺ മനസിൽ ഓർത്തു. ആര്യയുടെ വീട്ടിൽ അരുണിനെ പ്രതീക്ഷിച്ച് ഇരിക്കയായിരുന്നു എല്ലാരും

“ദൈവമേ ഇ തേലും ഒന്നു നടന്നാൽ മത്യാരുന്നു..”

ആര്യയുടെ അച്ഛൻ രാമൻ നായർ പ്രാർത്ഥനയെന്നോണം പറഞ്ഞു

“എന്നാലും എല്ലാം മറച്ചു വച്ചോണ്ട് ചതിയല്ലെ നമ്മൾ… ”

ആര്യയുടെ അമ്മ ശാരദ പറഞ്ഞു മുഴുവനാക്കും മുന്നേ ‘മിണ്ടരുത് ‘ എന്ന അർത്ഥത്തിൽ രാമൻ നായർ ചൂണ്ടുവിരൽ ചുണ്ടിൽ വച്ച് ആംഗ്യം കാട്ടി.ശാരദ വാക്കുകൾ വിഴുങ്ങി നിശബ്ദയായി ഇതേ സമയം തന്നെ വീട്ടുമുറ്റത്ത് അരുണിന്റെ ബൈക്ക് വന്ന നിന്നു…………..

ബൈക്കിൽ നിന്ന് ഇറങ്ങുമ്പോഴേക്കും രാമൻ നായർ മുറ്റത്തേക്ക് ഇറങ്ങി ചെന്നു

” വീട് കണ്ടെത്താൻ ബുദ്ധിമുട്ടിയോ ”

“കുറച്ച് ”

ഭവ്യതയോടെ അരുൺ മറുപടി പറഞ്ഞു അകത്തു കയറി ഇരുന്ന ശേഷം രാമൻ നായർ ബന്ധുക്കളെ ഓരോരുത്തരെ പരിചയ പെടുത്തി ശാരദയുടെ മുഖത്ത് നോക്കിയപ്പോൾ എന്തോ ഒരു പന്തികേട് അരുണിനു തോന്നി

” ഇവർക്ക എന്തേ നിന്നെ പിടിച്ചില്ലേ ”

വിഷ്ണു അടക്കം പറഞ്ഞു.

“എന്നാൽ പിന്നെ മോളെ വിളിക്ക് ”

രാമൻ നായർ ശാരദയെ നോക്കി ചായയുമായി നാണത്തോടെ മുഖം കുനിച്ച് വരുന്ന ആര്യയുടെ രൂപം അരുൺ മനസിൽ ഓർത്തു ” പക്ഷെ ശാരദയാണ് ചായയുമായി വന്നത് പിന്നിലേക്ക് അരുൺ ഒന്ന് പാളി നോക്കി പിന്നിൽ തലകുനിച്ച് ആര്യ. ഇയാൾക്ക എന്തേ ഒന്നു ഭംഗിയായ് ഒരുങ്ങികൂടെ… അരുൺ മനസിൽ ഓർത്തു മാത്രമല്ല ആര്യയുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചു അണിഞ്ഞൊരുങ്ങാണ്ട് പോലും അവൾ എത്ര സുന്ദരിയാ… അരുണിനു അവൾടെ മുഖത്തു നിന്നു കണ്ണെടുക്കാൻ തോന്നിയില്ല

“അവർക്ക് എന്തേലും സംസാരിക്കാനുണ്ടേൽ ആയികോട്ടെ ”

ഇന്നത്തെ പെണ്ണുകാണലിൽ വിഷ്ണുവിനു മുൻകൂട്ടി പറഞ്ഞു വച്ചിരുന്ന റോൾ ഇതായിരുന്നു. ആര്യയുടെ പിന്നാലെ മുറ്റത്തേക്കിറങ്ങുമ്പോഴും രാമൻ നായരുടെ വിളറിയ മുഖം അവൻ ശ്രദ്ധിക്കാണ്ടിരുന്നില്ല

“തനിക്കെന്തേ എന്നെ ഇഷ്ടായില്ലെ?”

” ആയി ”

ആര്യ മുഖത്ത് നോക്കാണ്ട് മറുപടി പറഞ്ഞു

” പിന്നെന്തേ ഇങ്ങനെ?ആകെ ഒരു പന്തികേടാ ഈ വീടുമൊത്തം ”

അരുണിന് അരിശം കയറി

“ചേട്ടനോട് ഞാൻ ഒരു കാര്യം പറയട്ടെ…..”

അപ്പോഴാണ് ആദ്യമായി അവൾ അരുണിന്റെ മുഖത്ത് നോക്യത്

“ങും! പറയ്”

“എനിക്കൊരാളോട് പ്രണയം ഉണ്ടായിരുന്നു ഞങ്ങൾ വിവാഹിതരാകാനിരുന്നതാ പക്ഷെ… ”

ആര്യയുടെ കണ്ണുകളിൽ നനവ് പടർന്നു.

“പറയ് പിന്നെ എന്തു പറ്റി ”

“ഞാൻ അവനെ സ്നേഹിച്ചപ്പോൾ അവൻ സ്നേഹിച്ചത് പണത്തെയാണ്. എന്റെ മനന്നു മനസിലാക്കീട്ട് അച്ഛൻ പോയിരുന്നു അവനെ കാണാൻ. തിരികെ എത്തി വൈകാതെ അച്ഛൻ വീടുവിൽക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാ അവന്റെ ഡിമാൻറുകൾ ഞാൻ അറിയുന്നെ എന്റെ വീട്ടകാരെ ചെരുവ ഴിലാക്കി എനിക്ക് ഒരു സുഖവും നേടണ്ട കഷ്ടപെട്ടാ അച്ഛൻ എന്നെ വളർത്തിയതും പഠിപ്പിച്ചതും…. സ്നേഹത്തിനു മുകളിൽ സമ്പത്തിനു മുൻതൂക്കം നൽകിയ അവനെ വേണ്ട എന്നു വച്ചതും ഞാൻ തന്നാ. പക്ഷെ അതോടെ അവൻ വാശിയായി എന്നെ മടുത്ത് ഉപേക്ഷിച്ചതാ എന്ന് പറഞ്ഞുണ്ടാക്കി നാട്ടിൽ ഞങ്ങളെ നാണം കെടുത്തി. എനിക്ക വന്ന വിവാഹാലോചനകൾ എല്ലാം മുടക്കി കൊണ്ടിരിക്കയാണ്. ഒരു കാലത്ത് അവനെ ന്നേഹിച്ചു എന്ന തെറ്റ് മാത്രമേ ഞാൻ ചെയ്തുള്ളൂ.. അതോർക്കുമ്പോൾ എനിക്കിപ്പൊ എന്നോട് തന്നെ അറപ്പു തോന്നുന്നു. ഞാൻ തെറ്റുകാരിയല്ല എന്ന് അച്ഛനറിയാം അതോണ്ടാ ഒന്നും പറയാണ്ട് മറച്ചുവച്ചത് പക്ഷെ നിങ്ങളെ പറ്റിക്കാൻ എനിക്ക് മനസു വരുന്നില്ല. മറ്റാരേലും പറഞ്ഞ് നിങ്ങൾ ഇതറിഞ്ഞാൽ എന്റെ അച്ഛൻ നിങ്ങളുടെ കണ്ണിൽ ചതിയനാകും അതെനിക്ക് സഹിക്കില്ല ആ കണ്ണുകൾ നനയാണ്ടിരിക്കാനാ ഇന്നും ജീവിച്ചിരിക്കുന്നെ ഞാൻ……. ”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അൽപസമയം അരുൺ നിശബ്ദനായി നിന്നു പിന്നെ ആര്യക്കു നേരെ തിരിഞ്ഞു

“തനിക്കേലും പറയാൻ തോന്ന്യല്ലോ..അപ്പൊ ശരി ഞാൻ ഇറങ്ങുന്നു ”

തിരിഞ്ഞു നോക്കാണ്ട് അവൻ നടന്നകലുമ്പോൾ മുഖം പൊത്തി കരഞ്ഞു നിന്നു ആര്യ മുറ്റത്ത് എത്തുമ്പോൾ രാമൻ നായരും വിഷ്ണുവുമെല്ലാം അവിടെ നിൽക്കുന്നുണ്ടായിരുന്നു

“ഒന്നും പറയാണ്ട് മോളെ എന്നെ കൊണ്ട് കെട്ടിക്കാം എന്നാണോ കരുതിയെ ”

അരുണിന്റെ ചോദ്യത്തിനു മുന്നിൽ മറുപടിയില്ലാണ്ട് അയാൾ പതറി.

” അത് എന്റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല എല്ലാരും കൂടി……. ”

അയാളുടെ തൊണ്ടയിടറി

” ഇതിപ്പൊ ഞാൻ ഒക്കെ പറഞ്ഞാലും എന്താ സംഭവിക്കുക? അവൻ കഷ്ടപെട്ട് എന്റെ വിലാസവും തപ്പി പിടിച്ച് വരും ഓരോന്ന് പറഞ്ഞു മുടക്കാൻ കേൾക്കുന്നവർക്ക് സത്യം അറിയണ്ടല്ലോ….. അവസാനം ഞാനും നാണം കെടും ”

” വാടാ പോകാം”

ഒന്നും മനസിലാകാണ്ട് നിക്കുന്ന വിഷ്ണുവിനെ നോക്കിക്കൊണ്ട് അരുൺബൈക്ക് സ്റ്റാർട്ട് ചെയ്തു.തിരിക്കുന്ന തനിടയിൽ ഒരു നോട്ടം പിന്നിലേക്ക് നോക്കി അവിടെ ചുവരുകൾക്ക് പിന്നിൽ നനവാർന്ന രണ്ടു കണ്ണുകൾ അവൻ കണ്ടു….. തന്നെ തുറിച്ച് നോക്കുന്ന രണ്ടു കണ്ണകൾ…..

ബൈക്ക തിരിച്ച് ഒരു നിമിഷം അരുൺ ഒന്നു നിർത്തി

” അവനെ കാണുവാണേൽ പറഞ്ഞേക്ക്, ആ കല്യാണം മുടക്കിയെ ദേ ഇവളെ ഞാനങ്ങു കെട്ടാൻ പോകുവാന്ന് ഇനി ഇതു മുടക്കാനായി കഷ്ടപ്പെട്ട സമയവും കാശും കളയണ്ടെന്ന ”

അരുൺ ന്റെ നോട്ടം ആര്യയുടെ മുഖത്തായിരുന്നു ആ കലങ്ങിയ കണ്ണുകളിൽ ഒരു തെളിച്ചം അവൻ കണ്ടു

” അധികം വൈകാണ്ട് ഒരു മോതിരം ആ വിരലിൽ ഞാനങ്ങിടും ഇനിയാരും കൊത്തിക്കൊണ്ട് പോകാണ്ടിരിക്കാനാ”

പുഞ്ചിരിച്ചു കൊണ്ട് അരുൺ പറയുമ്പോൾ രാമൻ നായർ നിറകണ്ണുകളോടെ കൈകൂപ്പി

” അരുത് ”

അരുൺബൈക്ക് നിർത്തി അയാളുടെ മുന്നിൽ ചെന്നു

“ഇങ്ങനൊരു മോൾടെഅച്ഛനാകാൻ കഴിഞ്ഞത് നിങ്ങടെ ഭാഗ്യമാ സ്വന്തം ഇഷ്ടങ്ങൾക്കു മേൽ തന്റെ കുടുംബത്തെ സ്നേഹിക്കുന്ന ഇയാളെ തന്നെയാ എന്റെ അച്ഛനും അമ്മക്കും മരുമകളായി കൊടുക്കേണ്ടത് ”

നടന്ന്അവൻ ആര്യയുടെ മുന്നിലെത്തിയിരുന്നു

” ഇനി കാണുമ്പോൾ ഈ വിഷാദമൊക്കെ കളഞ്ഞ് ഒരുങ്ങി നല്ല സുന്ദരി കുട്ടിയായിയിക്കണം കേട്ടോ ”

കണ്ണുനീർ മാത്രം കണ്ട ആ മുഖത്ത് നാണം മിന്നിമറയുന്നത് അവൻ കണ്ടു. തിരികെ പോകാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരു സംതൃപ്തി അരുണിന്റെ മനസ്സിൽ നിറഞ്ഞു… എന്നാൽ സംഭവിച്ചതൊന്നും മനസിലായില്ലെങ്കിലും അവിടെ നടന്നതൊകെ കണ്ടപ്പോൾ തന്റെ ചങ്ങാതി ഒരു സംഭവം തന്നെയാണെന്ന് വിഷ്ണു ഉറപ്പിച്ചു……..

രചന : – Prajith Surendrababu

Leave a Reply

Your email address will not be published. Required fields are marked *