മണവാട്ടി

രചന :- -ഷാനിഫ് ഷാനി-

പറമ്പിലെ വാഴക്കും ചേനക്കൊക്കെ വളമിട്ട് ചെളിക്കാലുമായിട്ടാണ് മാനൂന്റെ വരവ്. വര്ണ വരവിൽ പശുതൊഴ്ത്ത്ന്ന് ചാണകം വാരി കുഴിയിലിടാനും ഓൻ മറന്നില്ല. കയ്യും കാലുമൊക്കെ കഴുകി അടുക്കള വാതിലിലൂടെ കേറി ഒരു പാത്രം ചോറും അതിലേക്ക് തലേന്ന് ഉണ്ടാക്കിയ മീൻചാറും ഒഴിച്ച് അയിൽക്ക് ഒരു കാന്താരിമുളകും കൂട്ടി ഒരു പിടി പിടിച്ചു. അപ്പോളാണ് ഉമ്മാന്റെ വരവ്.

“അല്ല മാനോ, നല്ല കോഴിക്കറീം ഉപ്പേരിയൊക്കെ ഉണ്ടാക്കി വെച്ചത് ഇജ് കണ്ടീല്ലേ, എന്നിട്ടാണോ ഇന്നലത്തെ മീൻ കറിയും കൂട്ടി തിന്ന്ണത്. ”

“എന്തിനാണുമ്മാ വെർതേ കളയ്ണത്, പടച്ചോനോട് സമാധാനം പറയണ്ടേ ഇതിനൊക്കെ ”

” ഇമ്മാന്റെ കുട്ടി തിന്ന് വേഗം വൃത്തിയായി നല്ല പേന്റും കുപ്പായൊക്കെ മാറ്റി ഖാദർക്കാന്റെ കൂടെ പൊയ്ക്കോ, മൂപ്പര് കൊണ്ടോട്ടീന്ന് നല്ലൊരു ആലോചന കൊണ്ടോന്നീണ്. ഇജൊന്ന് പോയി കണ്ടോക്ക്. ഞങ്ങൾക്കൊക്കെ ഇഷ്ടായി, അനക്കിഷ്ടാവാണേ ഞമ്മക്കത് ഒറപ്പിക്കാ”

നെച്ചിക്കാട്ടെ തറവാട്ടിലെ ബാപ്പു ഹാജിയാരെ ഇളയ മോനാണ് മാനു. ഓന്റെ ചെറുപ്പത്തിൽ മരിച്ചതാണ് ബാപ്പ. ഇട്ട് മൂടാനുള്ള സ്വത്തുണ്ട്. മാനൂന്റെ ജ്യേഷ്ഠന്മാരായ മൂന്നാളും ഓരോ ബിസിനസ്സ് ചെയ്യാണ്. ഇവനിപ്പോളും പാടത്തും പറമ്പിലും പശുക്കളെയും നോക്കി നടക്കാനാണ് ഇഷ്ടം. സ്വന്തായിട്ട് നയിച്ച് തിന്നണം. എന്നാലേ ഓനൊരു സംതൃപ്തി ഉള്ളൂ.

പെണ്ണ് കണ്ട് വന്നിട്ടും ഓന് പ്രത്യേകിച്ചൊരു അഭിപ്രായൊന്നും പറയാനുണ്ടായിരുന്നില്ല. ആകെ മൂഡോഫിലാണ്.

“എന്താ മാനോ അനക്ക് ആ കുട്ടിനെ ഇഷ്ടായിലേ?”

“ഇഷ്ടൊക്കെ ആയീണുമ്മാ, ഇപ്പളത്തെ പെൺകുട്ട്യോൾക്കൊക്കെ പഴേ ചിന്താഗതിയൊന്നുമല്ല. ആ പെണ്ണിന് നല്ല പഠിപ്പുണ്ട്, വെർതേ എന്തിനാ അയിന്റെ ഭാവി കളയണത്. ഞാനാണേ കറുത്തോനും കായില്ലാത്തോനും. ഞമ്മളെ ബാപ്പാന്റെ മൊതല് കണ്ടിട്ട് മൂളിയതാവും അവര്. മനസ്സിന് ഇഷ്ടല്ലാതെ വെർതേ എന്തിനാ കെട്ട്ണത്. മുമ്പൊരു പെണ്ണ് കാണാൻ പോയത് ഇൻക്കോർമ്മണ്ട്. അന്നാ പെണ്ണ് ഇന്റെ മുഖത്ത് നോക്കി പറഞ്ഞത് മറക്കൂല. ഓൾക്ക് തലേല് വിഗ്ഗ് വെക്കണം, ഫ്രീക്കനാവണോലോ… അയ്നൊന്നും ഇന്നെ കിട്ടൂല. ഞാനീ കൃഷി പണി ആയി നടക്ക്ണതൊന്നും ഇപ്പത്തെ പെൺകുട്ട്യോൾക്ക് പറ്റൂല. ഈ തടിമ്മേൽ പടച്ചോൻ തന്നതൊക്കെ ഉണ്ടാവും. അതിമ്മേലൊരു എക്സ്ട്രാ ഫിറ്റിംഗ്സും മാണ്ട. അങ്ങനെ പറ്റ്ണോൽ മതി ഇൻക്ക്. പോറ്റാനുള്ള ആരോഗ്യവും സ്നേഹിക്കാനുള്ളൊരു മനസ്സും ഉണ്ട്. ഞമ്മക്കൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയാ നല്ലത്. ”

” അത് ശരിയാ മാനോ, അന്റെ മൂത്തോല് കായി നോക്കി കെട്ടിയതോണ്ടാണല്ലോ ഞാനെന്നെ ഇപ്പളും അട്ക്കളേല്. പാവത്തിങ്ങളെ കെട്ടിയാ സ്നേഹണ്ടാവും ഇൻക്കൊരു കൂട്ടും ആവും… പക്ഷേങ്കില് ഇജ് പറയ്ണ മാതിരിയൊന്നും അല്ല ആ കുട്ടി. നല്ല കുട്ടിയാ, ഞാൻ മുമ്പ് ഓളെ കണ്ടാണ്. നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാ. ഞമ്മളെ പൊരേൽക്ക് പറ്റും. ഞമ്മക്കതെന്നെ ഉറപ്പിക്കാ മാനോ ”

അങ്ങനെ ഉമ്മാന്റെ ഇഷ്ടത്തിന് ഓനും മൂളി കല്യാണൊക്കെ നല്ല കളറായിട്ടെന്നെ നടന്നു. രണ്ട് മൂന്ന് ദിവസായിട്ട് ഓന്റെ പശുക്കൾക്കൊന്നും തീറ്റ കൊട്ക്കാൻ കഴിഞ്ഞീല്ല. രാത്രി വൈക്കോലും കാടിവെള്ളമൊക്കെ കൊട്ത്ത് മണവാട്ടിക്കൊരു മുഷിപ്പാവണ്ടാന്ന് വിജാരിച്ച് കുളിച്ച് ഫ്രഷായി മണിയറയിലേക്ക് ചെന്നു. മാനൂനെ കണ്ടതും ബഹുമാനപൂർവ്വം മണവാട്ടി ഇരുന്നിടത്തിന്ന് എണീറ്റു. അതിലും വിനയത്തോടെ ‘വേണ്ട ഇങ്ങളവിടെ ഇരുന്നോളീന്ന് ‘ മാനുവും. അത് കേട്ട് ഓളൊരു ചിരി ചിരിച്ചു, ഒരൊന്നൊന്നര ചിരി. മാനു ആകെ ചമ്മിചളമായി നിന്നു.

” ഇങ്ങള് പശുക്കൾക്ക് വൈക്കോലിട്ട് കൊട്ക്ക്ണതൊക്കെ ഞാൻ കണ്ടു. ഇൻക്കിഷ്ടായി ഈ മണ്ണിന്റെ മണമുള്ള ഇക്കാനെ” എന്നും പറഞ്ഞ് ഓള് കെട്ടി പിടിച്ചൊരു ഉമ്മ കൊട്ത്തു മാനൂന്റെ കവിളത്ത്. ആദ്യമായി കിട്ടിയ ചുംബനത്തിൽ അന്തം വിട്ട് റിലേ പോയ മാനു, ‘പടച്ചോനേ ഇജിന്റെ പ്രാർത്ഥന കേട്ടല്ലോ, ഞമ്മക്ക് പറ്റിയൊരു പെണ്ണിനെ തന്നല്ലോ’ന്നും പറഞ്ഞ് ഓളേം പൊക്കിയെട്ത്ത് പുതപ്പിനുള്ളിലേക്ക് ഊളിയിട്ടു, അവരൊന്നായി അവരുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടങ്ങി… ______

നല്ല മനസ്സുള്ളവരെ ദൈവം കൈവിടില്ല. കാത്തിരുന്നാലും കനകം തന്നെ കൊടുക്കും.

രചന :- -ഷാനിഫ് ഷാനി-

Leave a Reply

Your email address will not be published. Required fields are marked *