മറുതീരങ്ങൾ തേടി…

രചന: Deepa Jdevan

ബാഗെടുത്ത് കയ്യിൽ പിടിച്ചു, കാറിന്റെ ഡോർ ലോക്ക് ചെയ്‌ത്, ഗേറ്റടച്ചു പൂട്ടാനായി ചെന്നപ്പോൾ എന്നത്തേയും പോലെ എതിർവശത്തെ ഗെയ്റ്റിലേക്ക് ഒന്നു പാളിനോക്കി ദേവിക. ഒരു അഞ്ചുവയസ്സുകാരി അന്നും ഗെയ്റ്റിൽ കയറി നിന്നു ഉഞ്ഞാലാടിക്കൊണ്ടിരുന്നു. ദേവികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അഴികൾക്കിടയിലൂടെ ആ കുഞ്ഞുമുഖം അവളെ നോക്കി പുഞ്ചിരി തൂകി. ദേവിക അവളുടെ മിഖത്തേക്കു നോക്കി വിടർന്നു ചിരിച്ചു. അതു പ്രതീക്ഷിച്ചു നിന്നതുപോലെ ആ കൊച്ചുകുട്ടി ചാടിയിറങ്ങി റോഡിലേക്ക് പാഞ്ഞു.

“ദേവൂ…” പെട്ടന്നാണ് വീടിനുള്ളിൽ നിന്നും വിളിയുയർന്നത്. ഗെയ്റ്റടച്ചു വീട്ടിലേക്കു തിരിയാൻ തുടങ്ങിയ ദേവിക പെട്ടന്ന് തിരിഞ്ഞു നോക്കി. അതേ നിമിഷത്തിൽ ആ കുഞ്ഞും പിന്തിരിഞ്ഞു നോക്കി. വീടിന്റെ വരാന്ത കടന്ന് ചുരിദാരണിഞ്ഞ ഒരു യുവതി കുട്ടിയുടെ നേരെ നടന്നു വരുന്നത് അവൾ കണ്ടു. പെട്ടന്ന് ദേവിക തിരിഞ്ഞു വീട്ടിലേക്കു നടന്നു.

” അമ്മേ..ദേ നോക്കിയേ…അമ്മേടെ ബുക്കിലെ ആന്റിയാ അമ്മേ അതു.”

“ആര്… ഏതു ബുക്ക്…”

അവരുടെ വർത്തമാനം ദേവികയിൽ കൗതുകമുണർത്തി.

“അമ്മേ…അമ്മയുടെ കയിൽ നിറയെ ഉള്ള ബുക്കില്ലേ…അതിലൊരു ആന്റയില്ലേ…” കുഞ്ഞുവായിൽ അവൾ എന്തൊക്കയോ വിളിച്ചു കൂവി.

ഒരു പുഞ്ചിരിയോടെ ദേവിക വാതിൽ തുറന്ന് അകത്തു കയറി വാതിലടച്ചു.

പടികൾകയറി ബെഡ്റൂമിലെത്തി ബാഗ് ബെഡിലേക്കിട്ടു. ടൗവൽ എടുത്തു ബാത്‌റൂമിനു നേരെ തിരിഞ്ഞപ്പോൾ കോളിങ് ബെൽ ശബ്ദിച്ചു. ഒരു നിമിഷം താഴേക്ക്‌നോക്കിയിട്ട് അവൾ ബാത്റൂമിലേക്ക് നടന്നു.

മുഖം അമർത്തി തുടച്ചിട്ടവൾ വാതിൽ തുറന്നു. അവൾ താഴെയെത്തുന്ന നേരമത്രയും ബെൽ നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.

വാതിൽ തുറന്ന ദേവികയുടെ മുഖം കൗതുകത്താൽ വിടർന്നു. തൊട്ടു മുൻപ് അപ്പുറത്തെ ഗെയ്റ്റിൽ കണ്ട അമ്മയും മകളുമായിരുന്നു അതു. ദേവികയെ കണ്ടതും കുട്ടിയുടെ അമ്മ അവളെ ബലമായി അമർത്തിപ്പിടിച്ചു.

ദേവിക അവരെ നോക്കി മന്ദഹസിച്ചു. ആ യുവതിയുടെ മുഖം അത്ഭുതം കൊണ്ടു വിടർന്നു.

” ആരാണ്..”

“യ്യോ..!! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.” യുവതി ആഹ്ലാദം അടക്കാൻ വയ്യാതെ പറഞ്ഞു.

” വരൂ… അകത്തേക്ക് വരൂ.” ദേവിക അവരെ ക്ഷെണിച്ചു. പിന്നെ തിരിഞ്ഞു നടന്നു. അവളുടെ പിന്നാലെ യുവതി കുട്ടിയുമായി അകത്തേക്ക് കയറി.

“ഇരിക്കൂ..” കസേരയിലേക്കിരുന്നുകൊണ്ടു ദേവിക പറഞ്ഞു. അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ യുവതി എതിർവശത്തെ സെറ്റിയിലേക്കിരുന്നു.

“ഇനി പറയൂ, ആരാണ്? എന്താണ് വന്നത് ? ” അവളാരാഞ്ഞു.

” ശോ .. എനിക്കിത് വിശ്വസിക്കാനേ ആവുന്നില്ലല്ലോ” യുവതി പിന്നെയും പറഞ്ഞു. ആഹ്ലാദം അവരുടെ മുഖത്തും വാക്കുകളിലും തെളിഞ്ഞു കാണാമായിരുന്നു.

“ശോ, പരിചയപ്പെടുത്താൻ മറന്നു. ഞങ്ങൾ അപ്പുറത്തെ പുതിയ താമസക്കാരാണ്.” കുഞ്ഞ് അവളുടെ മടിയിൽ നിന്നും ഊർന്നിറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

” എന്റെ പേര് പ്രിയദർശിനി. ഹസ്ബൻഡ് ഇവിടെ ബാങ്കിൽ ആണ് . കുറച്ചു നാൾ ഗൾഫിൽ ആരുന്നു. ഇതു ഞങ്ങളുടെ മോൾ ദേവിക. ” ദേവിക പുഞ്ചിരിയോടെ അവർ പറയുന്നത് കേട്ടിരുന്നു.

“മോളെ വിട്ടേക്കു…അവൾ നടന്നോട്ടെ ”

“ഇയ്യോ.., വേണ്ട. അവൾ വല്യ കുസൃതിയാണ്. ഒക്കെ നാശമാക്കും ” പ്രിയദർശിനി സങ്കോചത്തോടെ പറഞ്ഞു.

ദേവിക അവരെ നോക്കികൊണ്ടേയിരുന്നു. അവരുടെ വിടർന്ന മിഴികളും സംഭ്രമം നിറഞ്ഞ മുഖഭാവവും ഇന്നത്തെ കാലത്തും ഇത്രയും ശാലീനതയുള്ള പെണ്കുട്ടികൾ ഉണ്ടല്ലോ എന്നവൾ അത്ഭുതപ്പെട്ടു.

“അതു സാരമില്ല ,വിട്ടേക്കു.”

അമ്മയുടെ പിടി അയഞ്ഞതും കുട്ടി പിടഞ്ഞിറങ്ങി ഓട്ടം തുടങ്ങി. മോളെ പതുക്കെ..വീഴും…എന്നൊക്കെ അവർ പറയുന്നുണ്ടായിരുന്നു.

“ഇനി പറയൂ ,എന്താണ് വന്നത്?”

” ഞാൻ എന്താണ് വിളിക്കേണ്ടത്”അവർ പിന്നെയും ദേവികയെ നോക്കി .

” എന്തും വിളിച്ചോളൂ”

“എന്നാൽ ചേച്ചി എന്നുവിളിച്ചോട്ടെ”

“അതിനെന്താ…ആയിക്കോളൂ”

” ഞാൻ ചേച്ചിയുടെ ഒരു വലിയ ആരാധികയാണ്. എല്ലാ പുസ്തകവും വായ്ച്ചിട്ടുണ്ട്. പിന്നെ സ്വന്തമായി വാങ്ങിക്കുകയും ചെയ്യും. എന്റെ ഹസ്ബൻഡ് വായിക്കില്ലെങ്കിലും ചേച്ചിയുടെ എല്ലാ പുസ്തകവും വാങ്ങി തരും.” അവർ ഒറ്റശ്വാസത്തിൽ പറഞ്ഞു് നിർത്തി.

“എങ്ങനെയാ ചേച്ചി ഇതൊക്കെ എഴുത്തുന്നെ. മൗനം എന്നു പറയുന്ന ചെറുകഥയിൽ പ്രണയ നഷ്ടത്തെപ്പറ്റിയി പറയുന്നത് കേട്ട് …ഹോ…’എന്റെ പ്രണയത്തിന്റെ മാധുര്യവും വിരഹവും കണ്ടുനിന്ന നക്ഷത്രങ്ങളെ..മൊഴിയില്ലാത്ത നിങ്ങൾക്ക് എങ്ങനെയാണ് എന്നെ സഹായിക്കാനാവുക’. എന്തൊരു സങ്കല്പമാ ചേച്ചിയത്….എങ്ങനെയാണ് ഇങ്ങനെയൊക്കെ…” പ്രിയദർശിനി ആവേശത്തോടെ പിന്നെയും ചോദിച്ചുകൊണ്ടേയിരുന്നു. ദേവിക കൗതുകത്തോടെ അവളെ കേട്ടിരുന്നു.

ഏറെനേരം കഴിഞ്ഞപ്പോൾ ‘ ഇന്ന് ഹസ്ബൻഡ് വരും ‘ എന്നും പറഞ്ഞു കുട്ടിയെമെടുത്തവൾ യാത്ര പറഞ്ഞു.

വാതിലടച്ച് അടുക്കളയിലേക്ക് നടക്കുമ്പോൾ ദേവികയുടെ മനസ് ഭൂതകാലത്തിലേക്ക് പാഞ്ഞു. പൂമ്പാറ്റയെപോലെ പാറി നടന്നിരുന്ന ബാല്യവും ഒന്നിനെയും പേടിയില്ലാതിരുന്ന കൗമാരവും പ്രണയത്തിലേക്കാഴ്ന്നിറങ്ങിയ യൗവനവുമെല്ലാം ഒന്നൊന്നായി അവളുടെയുള്ളിൽ തെളിഞ്ഞു.

ചായക്ക് വെള്ളം പകർന്നു ഗ്യാസിൽ വെച്ചു , തീ പകർന്നു.

ശ്യാം.

പെട്ടന്നവളുടെ മനസിൽ ശ്യാമിന്റെ മുഖം തെളിഞ്ഞു. പെട്ടന്നൊരു ദിനം അയലത്തെ വീടിന്റെ ഗെയ്റ്റിൽ വിടർന്ന കുഞ്ഞുമുഖത്തിനു ശ്യാമിന്റെ മുഖവുമായി തോന്നിയ സാമ്യം ഒട്ടൊരു വിസ്മയത്തോടെയാണ് ദേവിക നോക്കിയത്. അതൊന്നുമാത്രമാണ്‌ വൈകുന്നേരങ്ങളിൽ വീട്ടിലെത്തുമ്പോൾ അയലത്തെ ഗൈറ്റിലേക്ക് പാളിനോക്കാൻ അവളെ പ്രേരിപ്പിച്ചിരുന്നത്.

‘ശ്യാം .എവിടെയായിരിക്കുമിപ്പോൾ. ഏഴു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഒന്നു കണ്ടിട്ട്.’ ഒരു നെടുവീർപ്പോടെ അവളോർത്തു.

തിളച്ചവെള്ളത്തിൽ ചയപ്പൊടിയും പഞ്ചസാരയുമിട്ടിളക്കി ഗ്ലാസ്സിൽ പകര്ന്ന് അതുമായി പിൻവരന്തയിലേക്കു നടന്നവൾ.

വിദൂരതയിലേക്ക് മിഴികൾ നട്ടു ചുണ്ടിലേക്കു ചയക്കപ്പെടുപ്പിക്കുമ്പോൾ ശ്യാമിന്റെ ഓർമകളിൽ അവളുടെ മിഴികൾ നിറഞ്ഞു.

‘എന്തിനായിരുന്നു ശ്യാം തന്റെ സ്നേഹം നിഷേധിച്ചു അകന്നു പോയത്. ആർക്കുവേണ്ടിയായിരുന്നു. അറിയില്ല. മറ്റാരോടോ ഉള്ളൊരു പ്രണയത്തിനു അറിയാതെയും പിന്നെ അറിഞ്ഞു സാക്ഷിയാകേണ്ടി വന്നപ്പോൾ താൻ തന്നെയല്ലേ എല്ലാം മറച്ചു വെച്ചത്. വിട്ടുകൊടുത്ത്….പിന്നീടെപ്പോഴോ കൂട്ടുകാർ ആരോ പറഞ്ഞ് അവനിതെല്ലാം അറിഞ്ഞപ്പോഴും താനെല്ലാം നിഷേധിക്കുവല്ലേ ചെയ്തത്.

അറിയാതെയും പറയാതെയും പോകുന്ന ഇഷ്ടങ്ങളെല്ലാം നഷ്ടങ്ങളാണെന്നും ..ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടങ്ങളെപ്പറ്റിയോർത്തു ജീവിതം നഷ്ടപ്പെടുത്തരുതെന്നും പറഞ്ഞു താൻ തന്നെയല്ലേ അവനെ മടക്കി അയച്ചത്.

എത്ര പ്രീയപ്പെട്ടവ ആയിരുന്നാലും മുറിച്ചുമാറ്റപ്പെടേണ്ടത് മുറിച്ചു മാറ്റുക തന്നെ വേണം….

ഏഴുവർഷം…. എത്രപെട്ടന്നാണ് കടന്നുപോയത്…

ശ്യാം…നീയെവിടെയാണ്…എങ്ങനെയിരിക്കുന്നു… നിന്റെ വിവാഹം കഴിഞ്ഞോ.. ഭാര്യ, കുട്ടികൾ… ഒരു നെടുവീർപ്പോടെ ദേവിക അകലേക്ക് മിഴിപാകിയിരുന്നു… കണ്ണുകൾ നിറഞ്ഞു കാഴ്ചമങ്ങിയിരുന്നു…

നേരം കടന്നുപോയി…മുറ്റത്തരുകിലെ നിറയെ പൂത്തുനിക്കുന്ന ചെമ്പകത്തിലിരുന്നു കാക്ക ചാഞ്ഞുംചരിഞ്ഞും നോക്കി നീട്ടിവിളിച്ചു കരഞ്ഞപ്പോഴാണ് ഓർമകൾ മുറിഞ്ഞു അവളെഴുന്നേറ്റത്… നേരമെത്രയായി… ആവോ…!

കുടിച്ചു തീർത്ത ഗ്ലാസ്സുമെടുത് അടുക്കളയിലേക്ക് നടന്നു ദേവിക… ഒന്നും കഴിക്കാൻ തോന്നിയില്ല…

കോണിപ്പടികൾ കേറി മുകളിലേക്ക് നടക്കുമ്പോൾ ക്ലോക്കിൽ ആറുമണിയടിച്ചു..

വിളക്ക് വെക്കലും നമജപവും മുടങ്ങിയിട്ട എത്രയോ നാളുകളായി… എന്തു പ്രാർത്ഥിക്കാൻ…ആർക്കുവേണ്ടി പ്രാർത്ഥിക്കാൻ… മരണം പടികടന്നെത്തുന്ന നാൾ വരെ ഇങ്ങനെയൊക്കെ അങ്ങു പോകണം. അല്ലെങ്കിൽ തന്നെ ഏതു കാലത്താണ് ദൈവം തന്റെ പ്രാർത്ഥന കേട്ടിട്ടുള്ളത്…

ബെഡ്റൂമിൽകടന്നു വാതിലടച്ചു ബെഡിലേക്ക് കയറി ചുരുണ്ടുകൂടി അവൾ.. ശ്യാം പോയതിനു ശേഷം തനിക്കുവന്ന മാറ്റങ്ങളെക്കുറിച്ചു ഓർത്തുകിടന്നു..

ഒരു സിനിമ കണ്ടിട്ടില്ല, താനെഴുത്തുന്നതുൾപ്പടെ ഒരു പുസ്തകവും വായിച്ചിട്ടില്ല, സാരിയല്ലാതെ മറ്റൊരു വസ്ത്രത്തിന്റെയും പകിട്ട് മനസിലേക്കെത്തിയിട്ടില്ല, ശബ്ദം ഉയർത്തി സംസാരിച്ചിട്ടില്ല, ആരോടും വഴക്കടിച്ചില്ല..ഉപദേശിച്ചിട്ടില്ല… എന്തിനേറെ പറയുന്നു വയർ നിറയെ ഒന്നു ഭക്ഷണം കൂടി കഴിച്ചിട്ടില്ല….

എവിടേയോ തനിക്ക് തന്നെ നഷ്ട്ടപ്പെട്ടു പോയിരുന്നു…

ശ്യാമിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇന്നും അവൾക്കറിയില്ല..അല്ലെങ്കിൽ അവൾ അന്വേഷിച്ചില്ല… അവനെ നഷ്ടമായ ആദ്യനാളുകളിൽ വെറും ശൂന്യതയിൽ കുഴഞ്ഞുകിടന്നു അവളുടെ മനസ്… പിന്നെപ്പിന്നെ വിരസമായ ജീവിതം.. ഇടക്കെപ്പോഴോ മനസിന്റെ നൊമ്പരങ്ങൾ കടലാസിൽ കൊറിയിട്ടു തുടങ്ങി… പതിയെ എഴുത്തു മാത്രമായി ലോകം ചുരുങ്ങി..

അതിനിടയിൽ പത്രപ്രവർത്തകനായ സുഹൃത്തിനെ കണ്ടുമുട്ടുന്നിടത്തു വെച്ചു ദേവികയുടെ ജീവിതത്തിന്റെ രണ്ടാമത്തെ അദ്ധ്യായം ആരംഭിച്ചു. അയാളുടെ പത്രത്തിലൂടെ അച്ചടിച്ചു വന്ന അവളുടെ കഥകൾ അവളിന്നും ജീവനോടെ ഉണ്ടെന്നതിനു തെളിവായി..

അവസാനം എഴുവര്ഷങ്ങൾക്കിപ്പുറം സാഹിത്യ അക്കാദമി അവാർഡിൽ എത്തിനിൽക്കുന്നു അവളുടെ എഴുത്തിന്റെ ലോകം.

ലൈറ്റ് അണച്ചു കണ്ണുകളടച്ചു ഉറക്കം കാത്തുകിടന്നു ദേവിക. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° പത്രങ്ങളെല്ലാം കഴുകി കമഴ്ത്തി അടുക്കളയിലെ ലൈറ് അണച്ചു വാതിൽചാരി മുറിയിലെത്തുമ്പോൾ, ഉറങ്ങിയ മോളുടെ ചുമലിൽ തഴുകി മൊബൈലിൽ നോക്കിക്കിടക്കുകയായിരുന്നു പ്രിയദർശിനിയുടെ ഭർത്താവ്.

” ശ്യാമേട്ടാ..” അവളുടെ വിളികേട്ട് ഫോണില്നിന്നും കണ്ണെടുക്കാതെ അയാൾ മൂളി.

” ദേ, ഇന്നൊരു അത്ഭുതം നടന്നു..” അവൾ പുതപ്പെടുത്ത് മോളെ പുതപ്പിച്ചു കൊണ്ട് അയാളെ നോക്കി. അയാൾ പിന്നെയും മൂളി.

“കേട്ടോ..ഞാൻ പറയുന്നത്..” അവൾക്ക് പെട്ടന്ന് ശുണ്ഠി വന്നു. കയ്യെത്തി അയാളുടെ കൈയി നിന്നും ഫോൺ പിടിച്ചുവാങ്ങി. അയാൾ കപടദേഷ്യത്തോടെ അവളെനോക്കി. പിന്നെ, ‘ഫോൺ ഇങ്ങു താടി’ എന്നുപറഞ്ഞു അവളുടെ നേരെ ഉയർന്നു ചെന്നു. അയാളുടെ നെഞ്ചിൽ ഇരുകരങ്ങളുമമർത്തി അവളെയാളെ തലയിണയിലേക്ക് മറിച്ചിട്ടു.

” അവിടെ കിടക്ക്‌, ഞാൻ പറയുന്നത് കേട്ടിട്ട് മതി ഫോൺ.” അവൾ ശുണ്ഠിയെടുത്തു..

‘ ഇങ്ങു തരുന്നുണ്ടോ’ എന്നുപറഞ്ഞയാളത് പിടിച്ചുവാങ്ങി. അവൾ മുഖംവീർപ്പിച്ചു തിരിഞ്ഞിരുന്നു.

ഒരുനിമിഷം അയാളതുനോക്കിയിട്ട് ഇടതുകൈനീട്ടി അവളുടെ വിരലുകളിൽ കോർത്തു പിടിച്ചു ‘നീ പറയെടി’ എന്നുപറഞ്ഞു. അവളുടെ മുഖംവിടർന്നു, ചാടി തിരിഞ്ഞു അയാൾക്ക് അഭിമുഖമിരുന്നു.

” പിന്നേ.. നമ്മുടെ ദേവിക ഇല്ലേ..”‘ അവൾ പറഞ്ഞുതുടങ്ങി..’ മ്മ്’ അയാൾ മൂളി അപ്പോഴും അയാളുടെ കണ്ണുകൾ ഫോണിൽ തന്നെ ആയിരുന്നു.

” മോൾക്കെന്തുപറ്റി…” അവളിൽ നിന്നും ശബ്ദം കേൾക്കാതിരുന്നപ്പോൾ അയാൾ തിരക്കി.

” മോൾക്കല്ല…മോളുടെ കാര്യമല്ല ഞാൻ പറഞ്ഞത്..”

” പിന്നെ… മറ്റാരുടെ കാര്യമാ..”

“അതോ..നമ്മുടെ എഴുത്തുകാരി ദേവികയില്ലേ…”

അയാളുടെ കൈകളൊന്നു വിറച്ചു…കണ്ണുകൾ പിടഞ്ഞുണർന്നു.. ഹൃദയമൊന്നു കുതിച്ചുയർന്നു… ഫോണിൽ നിന്നും തലയുയർത്തി അയാൾ ഭാര്യയുടെ മുഖത്തേക്ക് ഉറ്റുനോക്കി..

” മ്മ്…പറ..” തലയിണ എടുത്ത് ക്രാസിയിലേക്ക് ഉയർത്തിചാരി അതിലേക്ക് ചാഞ്ഞിരുന്ന് അയാൾ ചോദിച്ചു.

” ശ്യാമേട്ടാ..പറഞ്ഞാൽ അത്ഭുതമാകും..” അവൾ ഉത്സാഹത്തോടെ പറഞ്ഞു.

” നീ പറയുന്നുണ്ടോ..” അയാൾ അക്ഷമനായി.

” ദേവിക ഇപ്പൊ എവിടെയാണെന്ന് ശ്യാമേട്ടനു അറിയാമോ..?” അവളുടെ ചോദ്യം ഒരീർച്ചവാളിന്റെ മൂർച്ചയോട് അയാളുടെ ഹൃദയത്തിലെവിടെയോ തറഞ്ഞുകേറി.. അയാളൊന്നു പിടഞ്ഞു.. അറിയാമോ..? അയാൾ സ്വയം ചോദിച്ചു. ‘ ദേവു.. അവളിപ്പോൾ എവിടെയാണ്’ ഹൃദയത്തിൽ അഗ്നിപർവതങ്ങൾ ഒന്നൊന്നായി പൊട്ടിച്ചിതറി..തിളച്ചുതൂവിയ ലാവയിൽ അയാളുടെ ഹൃദയം ഉരുകിയൊലിക്കാൻ തുടങ്ങി..

” പറയൂ, അവരിപ്പോൾ എവിടെയാണെന്ന് ശ്യാമേട്ടന് അറിയാമോ.?” അവൾ വീണ്ടും ഭർത്താവിനോട് ചോദിച്ചു.

അയാൾ ഇമയനക്കാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. പിന്നെ അറിയില്ല എന്നര്ഥത്തിൽ ശിരസ് ഇരുവശത്തേക്കും ചലിപ്പിച്ചു.

” ശ്യാമേട്ടാ, അവർ നമ്മുടെ തൊട്ടടുത്തു തന്നെ ഉണ്ട്.” അയാൾ ഞെട്ടി എഴുന്നേറ്റു.

” നീ..നീയെന്താ പറഞ്ഞതു..?” ഭാര്യയുടെ ചുമലിൽ പിടിമുറുക്കി പരവശ്യത്തോടെ അയാൾ ചോദിച്ചു.

” അതേ ശ്യാമേട്ടാ. അവർ നമ്മുടെ തൊട്ടടുത്തുണ്ട്. ഞാനിന്ന് അവരെ കണ്ടു, സംസാരിച്ചു” അവളുടെ ആഹ്ലാദം നിറഞ്ഞ ശബ്ദം അയാളുടെ കാതിനുള്ളിൽ പ്രകമ്പനം സൃഷ്ടിച്ചു.

മുഖം വിളറി….

ഹൃദയം കാറ്റിലാടുന്ന അരയാലില പോലെ വിറകൊള്ളുന്നത് അയാളറിഞ്ഞു…

അയാൾ തിരിഞ്ഞു ജാലകത്തിനരുകിലേക്ക് നടന്നു. ജനാലകൾ മലർക്കെ തുറന്ന് അഴികളിൽ വിരൽമുറുക്കി അകലേക്ക് മിഴികൾനീട്ടി.. എതിർവശത്തെ വീട്ടിലെ മുകൽനിലയിലെ മുറിയിൽ നിന്നും നിറഞ്ഞൊഴുകുന്ന വെളിച്ചത്തിലേക്കയാളുടെ മിഴികൾ തറഞ്ഞു…

” എന്താ, ശ്യാമേട്ടാ..?” അരികിൽ വന്നു പ്രീയദർശിനി അയാളോട് ചേർന്നു നിന്ന് ചോദിച്ചു. അവളുടെ സാമിപ്യം അയാളുടെ ഓരോ അണുവിനെയും ചുട്ടുപൊള്ളിച്ചു.

അയാൾ മറുപടി പറയുന്നതിന് മുൻപ് മോളുണർന്നു കരഞ്ഞു. അവൾ തിരിഞ്ഞുചെന്നു കുഞ്ഞിനെ എടുത്തു തോളിൽ കിടത്തി മെല്ലെ താരാട്ട് പാടി. ശ്യാം തിരിഞ്ഞു മേശപ്പുറത്തുനിന്നും സിഗരറ്റും ലൈറ്ററും എടുത്ത് ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി.

കസേരയിലേക്ക് ചാരിയിരുന്നു സിഗരറ്റിന് തീകൊളുത്തുമ്പോൾ അയാളുടെ മനസ് ഭൂതകാലത്തിലേക്ക് ഊളിയിട്ടു..

ഡിഗ്രി ക്ലാസ്സുകളുടെ ആദ്യദിനങ്ങളിൽ ഏതോ ഒരു ദിവസമാണ് സഹപാഠികളുടെ കൂട്ടത്തിൽ, തന്നെ കാണുമ്പോൾ മിഴികൾ തിളങ്ങുന്ന ഒരു പെണ്കുട്ടിയെ ശ്രദ്ധിച്ചത്. ‘ദേവിക ജയശങ്കർ..!! ‘സൗഹൃദം സ്ഥാപിക്കാൻ ചെന്നപ്പോൾ തിളക്കം ഒളിപ്പിച്ചുവെച്ച വിഷാദം നിറഞ്ഞ മിഴികളിൽ ജ്വാലകൾ നിറച്ചു അവൾ സൗഹൃദം പങ്കുവെച്ചു. ദിവസങ്ങൾകൊണ്ട് തങ്ങളുടെ സൗഹൃദം ആ കാമ്പസ് മുഴുവൻ അറിഞ്ഞു.

അവൾ സ്‌പെഷ്യൽ ആയിരുന്നു. മറ്റുപെണ്കുട്ടികളെ പോലെ ആയിരുന്നില്ല.. അവൾ ആകെ ‘എടാ’ എന്നു വിളിച്ചിരുന്നത് തന്നെ മാത്രം ആയിരുന്നു. തോന്നുന്നവരെയെല്ലാം എടാ എടി എന്നു വിളിക്കുന്ന തന്നോട് അവൾ ഒരിക്കൽ പറഞ്ഞു, ഗീവ് ആൻഡ് ടേക്ക് റെസ്‌പെക്ട… എന്താ എന്നു ചോദിച്ചപോൾ., പേരിട്ടിരിക്കുന്നത് വിളിക്കാനല്ലേ പിന്നെ എന്തിനാണ് എല്ലാവരെയും എടാ എടി എന്നു വിളിക്കുന്നതെന്ന്…. എല്ലാ കാര്യത്തിലും പുതിയ ശീലങ്ങൾ അവൾ പടിപ്പിച്ചുതന്നു…

അവളെ ഒരു കാര്യം പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നു… അവൾക്ക് ബോധ്യമാകാത്ത കാര്യത്തിൽ തന്നോട് പോലും വിട്ടുവീഴ്ച ചെയ്തിരുന്നില്ല…

അവൾ ദേഷ്യപ്പെടും…. പക്ഷെ പിണങ്ങില്ല…. അവൾ കരയും…ആരെയും കരയിക്കില്ല… അവളെ എത്രവേണേലും കളിയാക്കാം… അവൾ പക്ഷെ തിരിച്ചു കളിയാക്കാറില്ല… ആർക്കുവേണ്ടിയും എത്ര ത്യാഗം വേണമെങ്കിലും സഹിക്കും… ഒരാൾ ചീത്ത ആണെന്ന് പറഞ്ഞാൽ അയാളോട് സംസാരിക്കരുതെന്ന് പറഞ്ഞാൽ, പോയി സംസാരിച്ചു അയാൾ അങ്ങനെ ആവനുള്ള കാരണം കണ്ടുപിടിച്ചു തിരുത്തി, കൂടെ കൊണ്ടുനടന്നു സ്നേഹവും കരുതലും വാരിക്കോരി കൊടുത്ത് നേരായ വഴിയിലേക്ക് ആക്കിയിട്ടേ അവൾക്ക് ഉറങ്ങാൻ പറ്റുമായിരുന്നുള്ളൂ…

പൊട്ടിത്തെറിച്ചു സംസാരിക്കുന്ന… മുന്നിൽ വന്നു എത്ര പരുഷമായിട്ട് സംസാരിക്കുന്നവന്റെയും കണ്ണിൽ നോട്ടമുറപ്പിച്ചു നിൽക്കാൻ തന്റേടമുള്ള പെണ്ണ്…. ആ നിമിഷങ്ങളിലൊക്കെ വിഷാദം നിറഞ്ഞ മിഴികളിൽ ഇത്രയും അഗ്നി എവിടുന്നു വരുന്നു എന്ന് താൻ അത്ഭുതപ്പെട്ടിട്ടുണ്ട്….

തന്നെപ്പോലെ ശാന്തനും സൗമ്യനും ആയൊരാൾക്ക് എങ്ങനെയാണ് ഇത്ര പൊട്ടിത്തെറിക്കുന്ന അവളുമായി കൂട്ടുകൂടാൻ സാധിക്കുന്നു എന്ന് കൂട്ടുകാർ തന്നെ ചോദിച്ചിട്ടുണ്ട്….

പക്ഷെ… പെണ്കുട്ടികളെ പോലെ പെരുമാറുമ്പോൾ തങ്ങൾ ഇരുവരും പെണ്കുട്ടികളും… ആണ്കുട്ടികളെ പോലെ പെരുമാറുമ്പോൾ തങ്ങൾ ഇരുവരും ആണ്കുട്ടികളും ആയിരുന്നു…

ശ്യാമിനു മിഴികൾ നീറി…

തന്റെ ജീവിതത്തിൽ അവൾ ഉണ്ടായിരുന്നപ്പോൾ താനൊരു ബുദ്ധിമുട്ടും അറിഞ്ഞിരുന്നില്ല… അമ്മയും ചേച്ചിയും അനിയത്തിയും ടീച്ചറും കൂട്ടുകാരിയും ഒക്കെ ആവാൻ അവൾക്ക് സാധിക്കുമായിരുന്നു… പക്ഷെ കണ്ണുകളിൽ ആദ്യം കണ്ട ആ തിളക്കം പിന്നീട് കണ്ടിട്ടേയില്ല….

അവളുടെ മിഴികൾ നിറയുന്നത് തനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. എന്നോ ഒരുദിനം ആരോ ഒരാൾ എന്തോ പറഞ്ഞതുകേട്ട് ആദ്യമായി അവൾ കരഞ്ഞു…. അന്ന് തനിക്കുണ്ടായ കോപം… ക്ലസ്മുറിയുടെ ചുമരിൽചേർത്ത് ദേഷ്യം തീരുന്നവരെ അവനെ മർദിച്ചു… അന്നും അവൾ കരയാൻ പാകത്തിൽ എന്താണ് അവൻ പറഞ്ഞതെന്ന് മാത്രം തിരക്കാൻ താൻ മറന്നു….

ഓർമകളിൽ ചുട്ടുപൊള്ളി അയാളുടെ കവിൽത്തടം നനഞ്ഞു….

എന്തിനായിരിക്കും അന്നവൾ കരഞ്ഞത്…!! ഇന്നും തനിക്കറിയില്ല…

ആ അവൾ ഇന്നെവിടെയാണ് ? അവൾക്ക് സുഖമാണോ ? അവൾ വിവാഹിത ആണോ ? ഒന്നും അറിയില്ല…. അവളുടെ ബുക്കുകളിൽ എല്ലാം ‘ദേവിക ജയശങ്കർ’ എന്നു തന്നെയാണ്… എന്താണങ്ങനെ ?

പേടിയാണ്… ഒരു ബുക്ക് പോലും ഇന്നുവരെ തുറന്നു നോക്കിയിട്ടില്ല… ഒരക്ഷരം പോലും വായിച്ചു നോക്കിയിട്ടില്ല… അവളുടെ അക്ഷരങ്ങളിൽ അവളുടെ ആത്മാവുണ്ടായിരിക്കും…. ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണ്… അവളുടേതായ ഒരു വാക്ക് കേട്ടാൽ മതി…വായിച്ചാൽ മതി… പിന്നീടൊരിക്കലും തനിക്ക് അവളിൽ നിന്നും മാറിനിൽക്കാൻ ആവില്ല….

എവിടെയാണ് തനിക്ക് പിഴവ് പറ്റിയത് ? മഹിമയോടുള്ള പ്രണയമായിരുന്നോ സർവതും തകർത്തു കളഞ്ഞത് ? എന്നിട്ട് തനിക്ക് മഹിയെ കിട്ടിയോ ?

അയാളുടെ ചുണ്ടിൽ സ്വയം പുച്ഛിക്കുന്നൊരു ചിരി വിടർന്നു കൊഴിഞ്ഞു… ചുണ്ടിലേക്ക് തിരുകിയ സിഗരറ്റ് അകത്തേക്കാഞ്ഞുവലിച്ചു പുറത്തേക്ക് തള്ളുമ്പോൾ വിവേചിച്ചറിയനാവാത്തൊരു ഭാവം അയാളുടെ മുഖത്തു നിറഞ്ഞിരുന്നു…

മഹിമയോടുള്ള പ്രണയത്തിൽ താൻ തകർത്തുകളഞ്ഞത് കളങ്കമില്ലാത്ത സ്നേഹത്തിൽ പൊതിഞ്ഞ പരിശുദ്ധമായ ഒരു ജീവിതം കാത്തുവച്ചു തന്നെ മാത്രം കാത്തിരുന്ന തന്റെ ഉറ്റ സുഹൃത്തിന്റെ ഒപ്പമുണ്ടായിരുന്ന ആ ജീവിതം ആയിരുന്നോ… അവളുടെ കണ്ണുകളിൽ അന്നാദ്യമായി കണ്ട തിളക്കം തന്നോടുള്ള പ്രണയം ആയിരുന്നോ…? ആവോ..? താൻ സന്തോഷവനാണോ? അവളെ പിരിഞ്ഞതിനു ശേഷം മഹിമയുടെ ഒപ്പമുള്ള നാളുകളോ… പ്രീയദർശിനിയെ വിഹാഹം ചെയ്‌ത ശേഷമുള്ള നാളുകളിലോ സന്തോഷം അറിഞ്ഞിട്ടുണ്ടോ താൻ..?

ഇല്ല എന്നു മനസാക്ഷി കരയുന്നത് അയാളറിഞ്ഞു….

സിഗരറ്റ് ചുണ്ടിനിടയിലേക്ക് തിരുകി പിന്നെയും അകത്തേക്കാഞ്ഞു വലിച്ചു അയാൾ…..

അവസാനം എന്തു സംഭവിച്ചു…. കുടുംബത്തിന് വേണ്ടി താനും മഹിമയും വേർപിരിഞ്ഞു… എല്ലാവരിൽ നിന്നും രക്ഷപെടുന്നതിനായി ഓടിയൊളിച്ചു… കഴിവതും ദൂരേക്ക്…ദൂരേക്ക്….

ഒരിക്കൽപോലും അവളെ തിരക്കിയില്ല…

മരുഭൂമിയിലെ ഏകാന്തത നിറഞ്ഞ ജീവിതത്തിനിടയിൽ കൂട്ടുകാർ ആരോ തന്നൊരു പത്തക്കങ്ങൾക്ക് അപ്പുറം വരെ മാത്രമേ തങ്ങൾ തമ്മിലുള്ള അകലം ഉള്ളു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ജീവിതം മെല്ലെ കൈപ്പിടിയിൽ നിന്നും വഴുതി പോകാൻ തുടങ്ങിയിരുന്നു…

നീണ്ട എട്ടുവര്ഷങ്ങൾ കടന്നുപോയിരുന്നു… പ്രസരിപ്പാർന്ന യൗവനത്തിന്റെ ആദ്യനാളുകൾ പോയ്മറഞ്ഞിരുന്നു…. സംസാരങ്ങൾക്കിടയിൽ എപ്പോഴോ തിരിച്ചറിഞ്ഞു അവൾക്ക് തന്നോടുള്ള പ്രണയത്തിന്റെ ആഴം…

കൂടെ നടന്നിട്ടും തനെന്തേ അതു തിരിച്ചറിയാതെ പോയി…? അവളുടെ മിഴികളിൽ നിറഞ്ഞുനിന്നിരുന്ന അധികാര ഭാവത്തിൽ മറഞ്ഞിരുന്നു സമർപ്പണഭാവം തനിക്കെന്തേ മനസിലായില്ല..? അവളുടെ ആജ്ഞാസ്വരത്തിന്റെ പിന്നിലെ ആർദ്രത തനെന്തേ അറിയാതെ പോയി…?

പ്രണയിനിയുടെ അരികിലേക്ക് ഓടിമറയുമ്പോൾ വരാന്തയുടെ തൂണുകൾക്കു മറവിൽ പിടഞ്ഞുണർന്നു നനവാർന്ന മിഴിയണകൾ തനെന്തേ കണ്ടില്ല…?

കൂട്ടുകാർക്കിടയിൽ കളിയാക്കലുകളും അര്ഥംവച്ചുള്ള പരിഹാസങ്ങളും കേട്ട് നിശ്ശബ്ദമായിരുന്നു പുഞ്ചിരിതൂകുന്ന അവളുടെ നെഞ്ചിന്റെ പിടപ്പും തുടിപ്പും തനെന്തേ തിരിച്ചറിഞ്ഞില്ല…?

പ്രണയിനിക്കപ്പം താൻ ആർത്തുല്ലസിച്ചു നടന്നിരുന്ന നാളുകളിൽ, ലൈബ്രറികളിലൂടെയും ബുക്സ്റ്റാളുകളിലൂടെയും അലഞ്ഞുനടന്നു തന്റെ അസ്സൈന്മെന്റുകളും, പ്രോജക്റ്റുകളും ചെയ്തു ഡിപ്പാർട്ട്മെന്റ് ടേബിളിൽ എത്തിക്കുന്നതൊന്നും താൻ അറിഞ്ഞിരുന്നില്ല… സെമിനാറുകൾ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് പിടിച്ചിരുത്തി പഠിപ്പിച്ചു തന്നു തന്നെ സജമാക്കുമായിരുന്നു അവൾ….

തനെന്തേ അതൊന്നും കണ്ടില്ല..? ഒരു ദിവസം പോലും ഒരിത്തിരി നേരം അവൾക്കരുകിൽ ചെലവഴിച്ചില്ല..? ഒരു പരിഭവവും അവൾ പറഞ്ഞിട്ടില്ല… എത്ര സഹിച്ചു കാണും…എത്ര വേദനിച്ചു കാണും…!

ഒരു വ്യാഴവട്ടക്കാലം അവൾ തനിക്കു പകർന്നു നൽകിയ സ്നേഹത്തെ തള്ളിപ്പറഞ്ഞു… ഒരു ദയയും കൂടാതെ… എന്തിന് വേണ്ടി..? ക്രൂരമായ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചപ്പോൾ പോലും അവൾ പരാതി പറഞ്ഞില്ല…പരിഭവിച്ചില്ല…കണ്ണുനീർ പൊഴിച്ചില്ല…. നന്ദിമാത്രം പറഞ്ഞു..

ചിലപ്പോൾ ചില ബന്ധങ്ങൾ മുറിച്ചു മാറ്റുക തന്നെ വേണം അവ എത്ര പ്രീയപ്പെട്ടവ ആണെങ്കിൽ പോലും എന്നു പറഞ്ഞപ്പോൾ… ‘ഞാൻ പ്രീയപ്പെട്ടവൾ ആണെന്ന് പറഞ്ഞല്ലോ.. മതി അതു തന്നെ ധാരാളം.. ഈയൊരു ജന്മം ജീവിച്ചു തീർക്കാൻ ഈയൊരു വാക്ക് തന്നെ ധാരാളം..’ എന്നുപറഞ്ഞു നനുനനുത്തൊരു പുഞ്ചിരി തന്നു തിരിഞ്ഞു നോക്കാതെ പടിയിറങ്ങിപോയി…

ഈശ്വര…! അതിനു ശേഷം… സുഖവും സന്തോഷവും സമാധാനവും ഇല്ലാതെ ഞാനിന്നും ജീവിക്കുന്നു…

പ്രാണൻ എടുത്തു തന്ന ദേവികയോ.. പ്രണയിച്ചു കൂടെ നടന്ന മഹിമയോ ഇല്ലാതെ… പ്രിയദർശിനി എന്ന ഏതോ ഒരു പെണ്കുട്ടിയെ കൂടെകൂട്ടി താൻ ജീവിക്കുന്നു..

അപ്പോഴും..ഇപ്പോഴും..ദേവികയെ കുറിച്ചു ഓർത്തു വേദനിക്കുന്നു….

മാപ്പ് ദേവു…. മാപ്പ്… നിന്നെ അറിയാതെ പോയതിൽ…. അറിഞ്ഞിട്ടും നിന്നെ കൂടെ കൂട്ടാതെ പോയതിൽ…തള്ളിക്കളഞ്ഞതിൽ….

അയാൾ നൊമ്പരപ്പെട്ടുകൊണ്ടേയിരുന്നു….

ചുമലിൽ മൃദുസ്പര്ശം.. മുഖം തിരിച്ചുനോക്കിയപ്പോൾ അരികിൽ പ്രീയദര്ശിനി… ” മോളുറങ്ങി… ശ്യാമേട്ടൻ വന്നു കിടക്കൂ… നേരം ഒരുപാടായി..” അവൾ പറഞ്ഞു.

” മ്മ്..കിടക്കാം..നീയിവിടെ ഇരിക്കൂ..”

” എന്താ ശ്യാമേട്ടാ..എന്തെങ്കിലും സങ്കടം ഉണ്ടോ.?” അവൾ മെല്ലേ അയാളുടെ ചുമലിൽ പിടിച്ചു.

” മ്മ്.. ഇല്ല, നേരത്തെ പറഞ്ഞുവന്നത് പൂർത്തിയാക്കിയില്ല.” അയാളുടെ മിഴികൾ അവളുടെ മുഖത്തു തറച്ചുനിന്നു.

” ശ്യാമേട്ടാ.. ആ എഴുത്തുകാരിയില്ലേ… ദേവിക ജയശങ്കർ. അവർ താമസിക്കുന്ന വീടാണതു.” എതിർവശത്തെ വിരൽചൂണ്ടി അവൾ പറഞ്ഞു.

ശ്യാം ഞെട്ടിപ്പോയി. വിശ്വാസം വരാതെ അയാൾ ഭാര്യയെ തുറിച്ചു നോക്കി. പിന്നെ തിരിഞ്ഞു എതിർവീട്ടിലേക്കും.

അപ്പോഴും മുകളിലത്തെ മുറിയിൽ വെളിച്ചം തെളിഞ്ഞു കിടന്നിരുന്നു…

” നീ…നീയെന്താ പറഞ്ഞേ..” അയാളുടെ വിരലുകൾ അവളുടെ ചുമലിൽ മുറുകി.

” സത്യാ ശ്യാമേട്ടാ..മോള് എന്നും നോക്കി നിൽക്കുമായിരുന്നു.. ഇന്ന് മോളു പറഞ്ഞിട്ടാ ഞാൻ കൂടി കണ്ടത്. പിന്നെ ചെന്നു പരിചയപ്പെട്ടു. എന്തൊരു ശാന്തമായ മുഖം ആണ് ചേട്ടാ അതു… അവർ എത്ര പതുക്കയാ സംസാരിക്കുന്നതു എന്നറിയാമോ.. എനിക്കെന്തോ അവരോട് സംസാരിച്ചപ്പോ കരച്ചിൽ വന്നു. തിരികെ വന്നു കിടന്നു ഞാനൊത്തിരി കരഞ്ഞു.” അവൾ പറഞ്ഞു നിർത്തി അയാളുടെ ചുമലിലേക്ക് മുഖം ചായ്ച്ചു.

അയാൾ നിർജീവമായി പോയിരുന്നു… മനസിൽ വേലിയേറ്റം നടക്കുന്നു.. ദേവു… എത്രയോ വർഷങ്ങൾക്ക് ശേഷം ദേവു തന്റെ അരുകിൽ…

എന്തു സംഭവിച്ചാലും നാളെ ദേവുനേ കാണണം… എന്റെ ദേവു ആണവൾ.. ദേവുനു ശ്യാം ഇല്ലാതെ ജീവിക്കാൻ ആവില്ല… അയാളുടെ മനസ് ചരടു പൊട്ടിയ പട്ടം പോലെ പറന്നു നടന്നു…

” ശ്യാമേട്ടാ…ഉറങ്ങേണ്ടേ..” ഭാര്യയുടെ ശബ്ദം അയാളെ ഓർമയിൽ നിന്നുണർത്തി.

” നീ പോയി കിടന്നോളൂ.. ഞാനല്പനേരം കൂടി ഇവിടെ ഇരിക്കട്ടെ…” അയാളെ ഒന്നു നോക്കി നെറുകയിൽ ഒന്നു തലോടി… മുഖം കുനിച്ചു ആ നെറ്റിയിൽ ചുണ്ടമർത്തി ഒന്നുകൂടി അയാളെ നോക്കി അവൾ തിരിഞ്ഞു നടന്നു..

അയാൾക്ക് പെട്ടന്ന് ദേവികയെ ഓർമവന്നു..

നേരം വെളുക്കാൻ യുഗങ്ങളുടെ താമസമുണ്ടെന്നു അയാൾക്ക് തോന്നി…

ബ്രേക്ഫാസ്റ്റ് കഴിഞ്ഞു പ്രീയദർശിനിക്കൊപ്പം ദേവുനേ കാണാൻ പോകാൻ റെഡി ആകുകയായിരുന്നു ശ്യാം. ട്രിം ചെയ്ത താടിമീശയിൽ പലതവണ തടവിനോക്കി അയാൾ.. ദേവുനു ഇഷ്ട്ടം അങ്ങനെ ആയിരുന്നു…

പ്രീയയുടെ സിന്ദൂരച്ചെപ്പിൽ നിന്നും ഒരു നുള്ളെടുത്ത് നെറ്റിയിൽ നീളത്തിൽ കുറിവരച്ചു… അതും ദേവുന്റെ ഇഷ്ട്ടം ആയിരുന്നു..

എന്തെങ്കിലും ആഘോഷങ്ങളിൽ മാത്രം അണിയാറുള്ള കുർത്തി എടുത്തു വിടർത്തി നോക്കി..അതും അണിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ താൻ വിവാഹിതൻ ആണെന്നോ തനിക്കൊരു മോളുണ്ടെന്നോ ശ്യാം മറന്നു പോയി… അയാളുടെ മുന്നിൽ ദേവിക മാത്രമേ ഉണ്ടായിരുന്നുള്ളു…

മോളേയുമെടുത്ത് മുന്നിൽ നടക്കുന്ന പ്രീയദർശിനിയുടെ പിന്നാലെ ഗേറ്റ് കടന്നു അകത്തേക്ക് ചെന്നപ്പോൾ ശ്യാമിന്റെ ഹൃദയം വിറകൊണ്ടു.

നേരിൽ കാണാൻ പോകുകയാണ്… വർഷങ്ങൾക്ക് ശേഷം… ശരീരം വിയർത്തു തണുക്കുന്നത് അയാളറിഞ്ഞു…

കോളിങ് ബില്ലിൽ വിരലമർത്തി കാത്തുനിന്നു പ്രീയദര്ശിനി. കുറച്ചു നേരംകഴിഞ്ഞിട്ടും പ്രതികരണം ഒന്നും കാണാഞ്ഞിട്ട അവൾ വേഗം ജനലരുകിൽ ചെന്നു അകത്തേക്ക് നോക്കി… പക്ഷെ ഒന്നും കാണാൻ സാധിച്ചില്ല.

അപ്പോ മുറ്റത്തു കാൽപ്പെരുമാറ്റം കേട്ടു ഇരുവരും തിരിഞ്ഞു നോക്കി. ബ്രോക്കർ വാസുദേവൻ ആയിരുന്നു.

‘ ആ സാറേ’ എന്നുപറഞ്ഞു അയാൾ വേഗം അവരുടെ അടുത്തേക്ക് ചെന്നു.

” ചേട്ടാ, ദേവിക മേഡം എവിടെ ” അയാളെ കണ്ടമാത്രയിൽ പ്രീയദര്ശിനി ചോദിച്ചു.

” അയ്യോ മോളെ.. ദേവികക്കുഞ്ഞു പോയിട്ട് ഒരു അരമണിക്കൂർ ആയല്ലോ… എന്തേ” പറച്ചിലും ചോദ്യവും ഒന്നിച്ചായിരുന്നു.

” പോയന്നോ…? എവിടേക്ക്..?” ശ്യാം ഒരാന്തലോടെ തിരക്കി.

” അതറിയില്ല…ഇന്നലെ രാത്രി തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഒരു പന്ത്രണ്ടു മണി ഒക്കെ കാണും… എന്താ സാറേ..” അയാൾ ആകാംഷയോടെ ശ്യാമിന്റെ നോക്കി. ശ്യാമിനു വാക്കുകൾ തൊണ്ടയിൽ തടഞ്ഞു… പരവേശത്തോടെ അയാൾ ആ വീടിനെ നോക്കി…

ദേവു…നീ…വീണ്ടും…എന്നെ തോല്പിക്കുകയാണല്ലേ….

” ശെടാ… ഈ ശ്യാമേട്ടന് ഭാഗ്യമില്ല..” അങ്ങനെ പറഞ്ഞുകൊണ്ട് പ്രീയ കുഞ്ഞുമായി തിരിഞ്ഞു ഗേറ്റിലേക്ക് ഒറ്റനടത്തം..!

ശ്യാമിന്റെ മുഖത്തു സ്വയം നിന്ദിക്കുന്നോരു ചിരി വിടർന്നു.

‘അതേ…ശ്യാമിനു ഭാഗ്യമില്ല. എത്രയോ വർഷങ്ങൾക്ക് മുൻപ് ഞാൻ തട്ടിയെറിഞ്ഞ ഭാഗ്യമണിതെന്നറിയമോ നിനക്ക്… ഇനിയാ ഭാഗ്യം എനിക്ക് കൂട്ടിനുണ്ടാവില്ല പ്രീയേ.’ അയാളുടെ മനസ് തേങ്ങി..

” ആ സാറേ, ദേവികക്കുഞ്ഞു പോകുന്നതിനു മുൻപ് ഇതു സാറിനു തരണമെന്നു പറഞ്ഞേൽപ്പിച്ചിരുന്നു..” അയാൾ കക്ഷത്തിൽ നിന്നും ഡയറിയെടുത്തു തുറന്നു ഒരു ബ്രൗണ് എൻവലപ്പ് എടുത്ത് ശ്യാമിനു നേരെ നീട്ടി.

വിറക്കുന്ന വിരലുകളാൽ ശ്യാമതുവാങ്ങി തുറന്നു.. അതിനുള്ളിൽ നടുവേ മടക്കിയ ഒരു തുണ്ട് കടലാസ്…മെല്ലെ തുറന്നു…

ഇളം നിലമഷിയാൽ കുഞ്ഞക്ഷരങ്ങൾ…

” ശ്യാം… ഗേറ്റിൽ വിടർന്ന മിഴികളുള്ള കുഞ്ഞു പൂമ്പാറ്റയെ കണ്ടപ്പോൾ എന്റെയുള്ളിൽ തെളിഞ്ഞത് നിന്റെ മുഖമാണ്. സാമ്യപ്പെടുത്തൽ എന്തിനെ എന്നു നെഞ്ചുപിടഞ്ഞു പോയിരുന്നു.. അവളുടെ പേര് ദേവിക എന്നാണെന്ന് അറിഞ്ഞപ്പോഴും… അവളുടെ വിരൽതുമ്പിലെ കുളിർമ്മ ഹൃദയത്തിൽ തൊട്ടപ്പോഴും നിന്റെ സാമിപ്യം ഞാൻ അറിഞ്ഞതാണ്… രാത്രി വൈകുവോളം ഉറക്കം വരാതെ ജനലഴികളിൽ മുഖം അമർത്തി നിൽക്കുമ്പോഴും അടുത്ത വീടിന്റെ വരാന്തയിൽ കണ്ട നിഴൽ നിന്റേതാണെന്നു തിരിച്ചറിയാൻ എനിക്ക് ഒരു സെക്കന്റ് തികച്ചു വേണ്ടിയിരുന്നില്ല ശ്യാം… വയ്യ… നിന്നെ കാണാൻ എനിക്കാവില്ല…. മറ്റൊരു പെണ്കുട്ടിയുടെ കൈപിടിച്ചു… നീയണിയിച്ച താലിയും സിന്ദൂരവുമായി നിന്റെ അരുകിൽ… വയ്യ… ഒന്നും കാണാൻ എനിക്കാവില്ല… എന്റെ ഓർമകളിൽ എന്നും നിനക്കരുകിൽ ഞാൻ മാത്രമേ ഉള്ളു… യുഗങ്ങളോളം ഞാൻ കാത്തിരുന്നോളം… എന്നാലും മറ്റൊരു പെണ്കുട്ടിക്കൊപ്പം നിന്നെ കാണാൻ വയ്യ… എന്റെ സ്നേഹം കാണാതെ പോയതിനും.. ഒന്നും നൽകാതെ പോയതിനും… നന്ദിയുണ്ട്… അല്ലെങ്കിൽ ഞാൻ നിന്നെ വെറുത്തു പോയേനേ…

ഞാൻ വാക്കു പാലിക്കുന്നു… ഇനി ഒരിക്കലും ശല്യപ്പെടുത്തുകയില്ല… പോവാണ്…എന്നെന്നേക്കുമായി… മറക്കണം എന്നു പറഞ്ഞില്ലേ…ശ്രമിക്കുകയാണ്… ഒരിക്കൽ ഞാൻ പറഞ്ഞിരുന്നില്ലേ ശ്യാം..’ നീയൊരിക്കൽ സങ്കടപ്പെടും.. അന്ന്, ഇന്നീ പറഞ്ഞതിനും ചെയ്തതിനും ഒക്കെ കണ്ണീരൊഴുക്കേണ്ടി വരും. അന്നുപക്ഷെ വല്ലാതെ താമസിച്ചു പോകും. ഇതൊന്നു ഓർത്തുവെച്ചോളൂ എന്ന്’ സത്യമായില്ലേ ശ്യാം.. വേണ്ട, ഇനിയൊരു കൂടിക്കാഴ്ച മരണത്തിനു ശേഷം അല്ലാതെ ഉണ്ടാവുകയില്ല… അന്നും നിനക്ക് അവകാശികൾ ഇല്ലായെങ്കിൽ മാത്രം… അതല്ലയെങ്കിൽ… കാത്തിരിക്കാം ഞാൻ നീ എനിക്കായി മാത്രം ജനിക്കുന്നൊരു ജന്മത്തിനായി… പോട്ടെ… ഞാൻ…പൊയ്ക്കോട്ടെ….!!”

ശ്യാമിന്റെ മിഴികൾ ഏറെനേരം ആ പേപ്പറിൽ തറഞ്ഞുനിന്നു. ‘ ശെരിയാണ്‌ ദേവു. ഈ വേദന… ഇതു… സീതയെ പിരിഞ്ഞ രാമന് അനുഭവിക്കാൻ ഉള്ളതാണ്. ഞാനതിന് തയ്യാറാണ്… ദേവു… മാപ്പ്… കെട്ടുപാടുകൾ ഇല്ലാത്ത മറ്റൊരു ജന്മത്തിനായി ഞാനും കാത്തിരിക്കും ദേവു…മാപ്പ്…മാപ്പ്…’

പേപ്പർ മടക്കി കവറിലേക്കിട്ട് കുർത്തിയുടെ പോക്കറ്റിലേക്ക് താഴ്ത്തി മുഖം കുനിച്ചു അയാൾ മുന്നോട്ട് നടന്നു. വാസുദേവൻ അതുനോക്കി നിന്നു.

അയാളുടെ ശിരസിന് മീതെ സൂര്യൻ കൊടും ചൂടിന്റെ കുത്തഴിച്ചുവിട്ടുകൊണ്ട് രഥത്തിലേറി ഭൂമിയുടെ നെറുകയിലൂടെ പ്രയാണം തുടങ്ങിയിരുന്നു…

ശുഭം❤️

Nb: ബന്ധങ്ങളിൽ മൗനത്തിനു ഇടം കൊടുക്കരുത്. ചിലപ്പോൾ മുറിച്ചുകടക്കാനാവാത്ത അകലം തീർത്തുകൊണ്ടായിരിക്കും മൗനത്തിന്റെ മടക്കയാത്ര… അതു പ്രാണനെ പച്ചയോടെ ദഹിപ്പിക്കും..ഉമിത്തീയിലെന്നപോലെ ദഹിപ്പിക്കും. മൗനത്തിനെ സ്നേഹിക്കരുത് ഏകാന്തത എന്ന തടവറയായിരിക്കും അതു നൽകുന്ന സമ്മാനം…!!

രചന: Deepa Jdevan

Leave a Reply

Your email address will not be published. Required fields are marked *