മസാലദോശ തിന്നാൻ വേണ്ടി ഗർഭിണിയായതുപ്പോലെയുണ്ടല്ലോ പെണ്ണെ നീ.

രചന: ഷെഫി സുബൈർ

പുറത്തേക്കിറങ്ങാൻ പോയപ്പോൾ നിറവയറും താങ്ങി പിടിച്ചു, ആ ആര്യഭവൻ ഹോട്ടലിൽ നിന്നു ഒരു മസാലദോശ മറക്കാതെ വാങ്ങിക്കൊണ്ടു വരണയെന്നു പ്രിയതമയുടെ ചോദ്യത്തിന് ഇതായിരുന്നു എന്റെ മറുപടി.

ഈ സമയത്തു ഗർഭിണി പെണ്ണിന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കണമെന്നു ഏട്ടന് അറിയില്ലേ ? മറന്നില്ലെങ്കിൽ കൊണ്ടു വരാമെന്നു പറഞ്ഞപ്പോൾ, ഇതിപ്പോൾ എനിക്കു മാത്രമല്ലല്ലോ. വയറ്റിലുള്ള ഏട്ടന്റെ കുഞ്ഞിനും വേണ്ടിയല്ലേ.

വാതിലിന്റെ മറവിൽ നിന്നു ഒരു കള്ളച്ചിരിയോടെ അവളതു പറയുമ്പോൾ, ഈശ്വരാ മസാലദോശയില്ലാതെ ഇന്നിവിടേക്കു കയറി വന്നാലുള്ള അവസ്ഥയെന്താണാന്നു വെറുതെ മനസ്സിലൊന്നു ആലോചിച്ചുപ്പോയി.

അവളെയൊന്നു ദേഷ്യം പിടിപ്പിക്കാനായി മറന്നു പോയെന്നു പറഞ്ഞു മസാലദോശയുടെ പൊതി ബൈക്കിൽ തന്നെ വെച്ചു.

അല്ലെങ്കിലും ഏട്ടനെന്നോടു ഒരു സ്നേഹവുമില്ല. മനഃപൂർവം മറന്നതായിരിക്കും. ഏട്ടന്റെ ആവശ്യങ്ങളെല്ലാം സാധിച്ചല്ലോ. ഒരു കൊതികൊണ്ടു പറഞ്ഞു പോയതല്ലേ ? പരിഭവവും, ദേഷ്യവും കണ്ണുനീരിന്റെ നനവോടെ തലയിണയെടുത്തു എന്റെ നേർക്കൊരു ഏറും.

ഈ സമയത്തു വെറുതെ നീ ശരീരമിട്ടിങ്ങനെ അനക്കല്ലേ.

അല്ലെങ്കിലും നിങ്ങളുടെ കുഞ്ഞിനോടല്ലേ സ്നേഹമുള്ളു. എന്നോട് ഒരിത്തിരി സ്നേഹമുണ്ടായിരുന്നെങ്കിൽ ഏട്ടൻ മറക്കില്ലായിരുന്നു.

ഇനി എന്നെ തൊടാനും വരണ്ട. എന്നോട് മിണ്ടാനും വരണ്ട.

പുറത്തുപ്പോയി മസാലദോശയുടെ പൊതിയെടുത്തു കൊണ്ടു വന്നപ്പോഴേക്കും അവളൊരു വശം ചേർന്നു കട്ടിലിൽ കിടന്നു കഴിഞ്ഞിരുന്നു.

അവളുടെ മൂക്കിനു നേരെ പൊതി പിടിച്ചപ്പോൾ ഒരു ചിരിയോടെ അവൾ എഴുന്നേറ്റു. അല്ലെങ്കിലും എന്റെ ഏട്ടൻ എന്റെ കാര്യങ്ങളൊന്നും മറക്കില്ലെന്ന് എനിക്കറിയായിരുന്നു.

മസാലദോശ വായിലേക്ക് വെച്ചുകൊടുക്കുമ്പോൾ അവളുടെ വയറിലേക്ക് നോക്കി ഒരു കുസൃതി ചിരിയോടെ ഞാൻ പറഞ്ഞു.

എന്റെ പൊന്നെ, നീ പെട്ടെന്നൊന്നു പുറത്തേക്കു വാ. നിന്റെ പാവം അച്ഛൻ മസാലദോശ വാങ്ങി മടുത്തു, ട്ടോ… !

രചന: ഷെഫി സുബൈർ

Leave a Reply

Your email address will not be published. Required fields are marked *