മീനാക്ഷിയെയും കുട്ടനെയും കാണുമ്പോൾ എനിക്കിപ്പോൾ പേടിയും അത്ഭുതവുമാണ്…

രചന : – സമീർ ചെങ്ങമ്പള്ളി

ഇങ്ങനെയൊന്നുമല്ലായിരുന്നു എന്റെ കുട്ടികൾ….

ഏഴ് വർഷങ്ങൾക്ക് മുൻപ് എന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവമുണ്ടായതിന് ശേഷം…

അവർക്കെന്ത്പറ്റി ???….

അന്നൊരിക്കൽ, മീനാക്ഷിയും കുട്ടനും ചിരിയും ബഹളവുമായി വീടിനകം മുഴുവൻ ഓടിക്കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.. ഞാനവരുടെ അടുത്തേക്ക് ചെന്നുനിന്നു….

“ഇനി അമ്മയുടെ മൂക്കിൽ ആദ്യം തൊടുന്നവനാര് ??…”

അവർ രണ്ടുപേരും എന്റെ നേരെ ഓടിവന്നു. അവരുടെ കൈ എത്തിപ്പിടിക്കാതിരിക്കാൻ പൊട്ടിചിരിച്ചുക്കൊണ്ട് ഞാൻ അടുക്കളയിലേക്ക് പാഞ്ഞു.

അപ്പോഴാണ് അത് സംഭവിച്ചത്.

ഉച്ചയൂൺ തയ്യാറാക്കുന്നതിനിടെ എന്റെ കൈതട്ടി തറയിൽ മറിഞ്ഞുവീണിരുന്ന എണ്ണപ്പാത്രം ഞാൻ കണ്ടില്ലായിരുന്നു.

ഞാൻ അടുക്കളയിലേക്ക് അലക്ഷ്യമായി ഓടിക്കയറിയതും ചിതറിത്തെറിച്ച എണ്ണയിലേക്ക് കാലെടുത്തുവെച്ചു.

അതോടെ ഒരു വലിയ ശബ്ദത്തോടെ തലപ്പിന്നിലെക്കിടിച്ചുകൊണ്ട് ഞാൻ തറയിൽ വീണു.

ചോര തളംകെട്ടിയ തറയിലേക്ക് പാഞ്ഞുവരുന്ന ബാലേട്ടൻ, എന്റെ ശരീരത്തിനരികെ ഇരുന്ന് നിലവിളിച്ചു കരഞ്ഞിരുന്ന എന്റെ കുഞ്ഞുങ്ങൾ…

പതിയെ എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി… പിന്നീട് നടന്നതൊന്നും എന്റെ ഓർമയിലില്ല…

ഞാൻ സുദീർഘമായി ഉറങ്ങി.അത് ഏഴുവർഷത്തോളം നീണ്ടുനിന്നെന്ന് മനസ്സിലായത് ആശുപത്രി മുറിയിലെ കലണ്ടർ നോക്കിയപ്പോൾ മാത്രമാണ്…

അമ്മയ്ക്ക് ബോധം വീണു, എല്ലാവരെയും ഓർക്കാൻ കഴിയുന്നുവെന്ന് “കൈഫോണിലൂടെ” ബാലേട്ടൻ ആഹ്ലാദത്തോടെ മക്കളോട് വിളിച്ചുപറഞ്ഞപ്പോൾ അവരുടെ മറുപടി കേട്ട് ഞെട്ടിയത് ഞാൻ മാത്രമായിരുന്നു …

“അമ്മയേയും കൂട്ടി അച്ഛൻ വീട്ടിലേക്ക് വരുന്നുണ്ടല്ലോ… അതുകൊണ്ട് ഞങ്ങൾ അങ്ങോട്ട് വരണോ ???..” എന്നായിരുന്നു മീനാക്ഷി അപ്പോൾ ചോദിച്ചത്…

ഞാൻ ബാലേട്ടന്റെ മുഖത്തേക്ക് നോക്കി. അവളുടെ മറുപടിയിൽ തെല്ലുപോലും കൂസലില്ലാതെ ബാലേട്ടൻ “കൈഫോണിൽ” കൈ തട്ടി കളിക്കുന്നത് കണ്ടപ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു….

“എന്തെയ് എന്റെ മക്കൾ എന്നെ കാണാൻ വരാത്തെ…???…എന്നെ കാണാൻ അവർക്ക് തെല്ലുപോലും ആഗ്രഹമില്ലേ ? ”

വീട്ടിലെത്തിയതും ഞാൻ കാറിൽ നിന്നും പാഞ്ഞിറങ്ങി. മീനു, കുട്ടാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് അകത്തേക്കോടി.

താഴത്തെ മുറികളിലോരോന്നും ഞാൻ അവരെ പാഞ്ഞു നടന്നു നോക്കി. കണ്ടില്ല. ഒടുവിൽ ഗോവണി കേറി മുകളിലേക്ക് ചെന്നു.

കണ്ണട ധരിച്ച ഒരു കൗമാരക്കാരനതാ “കൈഫോണിൽ” എന്തൊക്കെയോ വേഗത്തിൽ കുത്തിക്കുറിക്കുന്നു. ഇടയ്ക്കിടെ ശബ്ദം താഴ്ത്തി ചിരിക്കുന്നുമുണ്ട്…

ചുറ്റുപാടികളിലൊന്നും ശ്രദ്ധകൊടുക്കാതെ കൈഫോണിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന അവന്റെ അടുത്തേക്ക് ഞാൻ പതിയെ നടന്നടുത്തു.

കുറ്റിരോമങ്ങൾ വളർന്നു തുടങ്ങിയ ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു….

കൈഫോണിൽ ബീപ് എന്ന് ശബ്ദിച്ചതും അവൻ എന്തൊക്കെയോ വായിച്ചു ചിരിക്കാൻ തുടങ്ങി…. ബാലേട്ടനെപ്പോലെ നുണക്കുഴികൾ കാണിച്ചുകൊണ്ട്…

“കുട്ടാ….. ”

അവൻ പതിയെ മുഖമുയർത്തി എന്നെ നോക്കി..

“അമ്മാ…… ”

ഏഴ് വർഷങ്ങൾക്ക് ശേഷം കുട്ടൻ എന്നെ അമ്മേ എന്ന് വിളിച്ചുകേട്ടതും എന്നിലെ മാതൃത്വം കോരിത്തരിച്ചു. ഞാൻ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു…

“മതി… മതി… എന്താ അമ്മേ.. ഇങ്ങനെ സെന്റി അടിക്കാതെ… അമ്മ അകത്തേക്ക് പോയി റസ്റ്റ്‌ എടുത്തേ… ഞാനിപ്പോൾ വരാം… ”

അവൻ എന്റെ കൈകൾ ശരീരത്തിൽ നിന്നും ബലമായി ഊരിമാറ്റി.

ഞാൻ നിസ്സഹായതയോടെ അവന്റെ മുഖത്തേക്ക് നോക്കി… അവൻ “കൈഫോണിൽ “വീണ്ടും കുത്തിക്കുറിക്കാൻ തുടങ്ങി…

ഹൃദയം നുറുങ്ങുന്ന വേദനയിൽ ഞാൻ തൊട്ടടുത്ത മുറിയിലേക്ക് ചെന്നു.

കണ്ണട ധരിച്ച ഒരു ചെറുപ്പക്കാരിയതാ കൈഫോണിൽ ആരോടെക്കെയോ ശബ്ദം താഴ്ത്തി സംസാരിക്കുന്നു. ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുന്നുമുണ്ട്…. അവളെന്നെ കണ്ടതും സംസാരം നിർത്തി …

കൈഫോൺ ചെവിയിൽ നിന്നും മാറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു….

“What a surprise… അമ്മ !!!!….ഞാൻ ഇപ്പോൾ വരാട്ടോ… ഇതൊന്ന് തീർക്കട്ടെ… അമ്മ അടിയിലേക്ക് നടന്നോളൂ… ”

അവളുടെ മറുപടി കേട്ടതും എന്റെ ആത്മാവ് മരിച്ചതുപോലെ തോന്നി…..

ഞാൻ അവളുടെ മുൻപിൽ നിന്നും പതിയെ നടന്നകന്നു.

“ദൈവമേ… ഞാനെന്തൊക്കെയാണ് ഈ കാണുന്നത്… ഇത് എന്റെ മക്കളാണോ??..അവർക്കെന്താ പറ്റിയെ”

ഞാൻ നെഞ്ചിൽ കൈവെച്ചു നെടുവീർപ്പിട്ടു…

അതൊരു തുടക്കമായിരുന്നു…

പിന്നീടുള്ള ഓരോ ദിവസവും ഞാൻ എന്റെ മക്കളെ നിരീക്ഷിക്കാൻ തുടങ്ങി…

മുൻപൊക്കെ പ്രഭാതമായാൽ ദൈവത്തോട് ഭക്തിയോടെ കൈകൂപ്പി തുടങ്ങിയിരുന്ന അവരിപ്പോൾ, ലൈറ്റ് ഇടുന്നതിന് മുൻപേ കട്ടിലിന് ചുറ്റും കൈഫോണിന് വേണ്ടി പരതും…

പിന്നേ ആ ഫോണും പിടിച്ച് തലകുനിച്ച് ബാത്റൂമിലേക്ക് നടക്കും…

കുളിക്കുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും “തലകുനിഞ്ഞുകൊണ്ടേ ” ഇരിക്കും…

ഭക്ഷണം കഴിക്കാൻ വിളിച്ചാൽ കൈഫോണും കയ്യിലേന്തി അവർ തീന്മേശയ്ക്ക് മുന്പിലിരിക്കും. ഓരോ ഉരുള ചോറിന്റെ കൂടെയും തൊട്ടുകൂട്ടാനെന്നപോലെ അതിൽ തോണ്ടിക്കൊണ്ടിരിക്കും….

തൊട്ടപ്പുറത്തെ കസേരയിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അച്ചന്റേയോ കൂടെപ്പിറപ്പിന്റെയോ മുഖത്തേക്ക് നോക്കാൻപോലും ശ്രമിക്കാറില്ല….

അർദ്ധരാത്രിയിൽ….

ഇരുട്ട് മുറിയിലെ അവരുടെ പുതപ്പുകളിൽ നിന്നും പുറത്തേക്ക് തെളിയുന്ന വെളിച്ചം കാണുമ്പോഴെല്ലാം എന്റെ മനസ്സ് പിടക്കാൻ തുടങ്ങും, ദൈവമേ ഇരുട്ടും മുൻപേ നിദ്ര പുൽകിയിരുന്ന എന്റെ മക്കൾക്ക് ഉറക്കത്തിനോടും ഇപ്പോൾ വെറുപ്പാണോ ??..

നടുമുറ്റത്തെ മുത്തശ്ശി മാവിലെ മാമ്പഴങ്ങളോരോന്നും ഞെട്ടറ്റു വീഴുമ്പോൾ പെറുക്കിയെടുക്കാൻ മത്സരിച്ചോടിയുരുന്ന അവരിപ്പോൾ നടുമുറ്റത്തേക്ക് വരാറേയില്ല….

മുല്ലയും ജമന്തിയും തെച്ചിയും മന്ദാരവുമെല്ലാം ഈ അവഗണന താങ്ങാനാകാതെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ തൊടിയിലുണ്ട്…..

അങ്ങനെയിരിക്കെ ഒരു ദിവസം പ്രഭാതത്തിൽ …

പതിവിൽ നിന്ന് വിപരീതമായി “തലനിവർത്തിപ്പിടിച്ച്” രണ്ടുപേരും എന്റെ അടുത്തേക്ക് വന്നു… അവരുടെ മുഖത്ത് നിരാശയും അങ്കലാപ്പും പ്രകടമായിരുന്നു

“അമ്മേ… എന്റെ ഫോൺ കണ്ടോ… ??”

ഞാനവരോട് സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

“ഫോൺ ഞാനെടുത്ത് വെച്ചിട്ടുണ്ട്… നിങ്ങൾ ഭക്ഷണം കഴിച്ചതിന് ശേഷം തരാം.. അതിൽ നോക്കിയല്ലേ എന്നും കഴിക്കാറ്.. ഇന്നെങ്കിലും പരസ്പരം മുഖത്തോട് മുഖം നോക്കി കഴിക്ക്… ”

അവർ രണ്ടുപേരും ഈർഷ്യതയോടെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ബാത്റൂമിലേക്ക് വേഗത്തിൽ നടന്നു.

പിന്നീട് ദ്രുത വേഗത്തിൽ കൈകൾ കഴുകിയതിന് ശേഷം തീന്മേശയിലേക്ക് ഓടി വന്നിരുന്നു.

രണ്ട്‌ അപ്പം പ്ലേറ്റിലേക്ക് ഇട്ടതിന് ശേഷം കറികലത്തിൽ നിന്നും അൽപ്പം കറി പ്ലേറ്റിലേക്ക് ഒഴിച്ചു.

പിന്നേ അൽപ്പ സമയത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ….

ഒരു അലർച്ച….

“അമ്മേ… നിങ്ങൾക്കെന്താ ഭ്രാന്തായോ ??”

അവരുടെ അലർച്ച കേട്ടതും ബാലേട്ടൻ കുളിമുറിയിൽ നിന്നും ഓടി വന്നു.

“എന്താ… എന്താ… ”

“അമ്മയ്ക്ക് തലയ്ക്ക് സുഖമില്ലച്ഛാ… കണ്ടോ ഞങ്ങളുടെ ഫോൺ പൊട്ടിച്ചു കറിയിലിട്ടു…ഇത് നോക്ക് …പുതിയ ഫോണായിരുന്നു ”

അവർ രണ്ടുപേരും ദേഷ്യവും സങ്കടവും സഹിക്കാനാകാതെ വിറച്ചുനിന്നു…

ബാലേട്ടൻ എന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കിയതും ഞാൻ നിസ്സംഗതയോടെ തലകുനിച്ചു നിന്നു.

“നിനക്കെന്താ വട്ടായോ… രാവിലെ മനുഷ്യന് ഇതാണോ തിന്നാൻ കൊടുക്കാ ?”

ഞാൻ ബാലേട്ടനെ രൂക്ഷമായി നോക്കി. പിന്നേ, പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു…

“അതിന് ഇവറ്റകളൊന്നും മനുഷ്യരല്ലല്ലോ… മെഷീനല്ലേ… വികാരവും വിവേകവും ഇല്ലാതെ തലകുനിച്ചു നടക്കുന്ന വെറും മെഷീനുകൾ …

ഞാൻ ഉറങ്ങുന്നതിന് മുൻപ് എന്റെ മക്കൾ മനുഷ്യരായിരുന്നു… ഉറങ്ങി എണീറ്റപ്പോഴേക്കും അവർ വേറാരൊക്കെയോ ആയി മാറി…

അച്ചനെയും അമ്മയെയും സ്നേഹിക്കാൻ മനസ്സില്ലാത്ത … പ്രകൃതിയെ അറിയാൻ സമയമില്ലാത്ത വെറും യന്ത്രങ്ങൾ….

ഇവർക്ക് മനുഷ്യന്മാരെക്കാൾ ബന്ധവും സ്നേഹവും യന്ത്രങ്ങളോടാണ്….അപ്പോൾ അവർ തിന്നേണ്ടതും അതാണ്…. ”

എന്റെ വാക്കുകളെ അത്ഭുതത്തോടെ ശ്രവിച്ചിരുന്ന ബാലേട്ടനും മക്കളും തലകുമ്പിട്ട് നിന്നു….

ഞാൻ അവരെ ശ്രദ്ധിക്കാതെ പുറത്തേക്ക് നടന്നു…

അല്പസമയത്തിന് ശേഷം, പിറകുവശത്തെ അലക്കുകല്ലിൽ വിദൂരതയിലേക്ക് നോക്കി നിർവികാരതയോടെ ഇരിക്കുകയായിരുന്ന എന്റെ അടുത്തേക്ക് ബാലേട്ടൻ നടന്നുവന്നു,

എന്റെ ചുമലിൽ മൃദുവായി സ്പർശിച്ചു…

അതോടെ, മനസ്സിൽ വന്നു മൂടിയ കാർമേഘങ്ങൾ ചെറുതുള്ളികളായി മിഴികളിലൂടെ പുറത്തേക്കൊഴുകിതുടങ്ങി …..

“ദെണ്ണംകൊണ്ടാ ഏട്ടാ…ഇനിയെങ്കിലും അവർ നമ്മുടെ മുഖത്തേക്ക് നോക്കട്ടെ… ഈ തൊടിയിലൂടെ നടക്കട്ടെ … പൂക്കൾ പറിക്കട്ടെ…. വെയിൽ കൊള്ളട്ടെ…ഭക്ഷണം കഴിക്കട്ടെ….നേരത്തെ ഉറങ്ങട്ടെ… തല ഉയർത്തിപിടിച്ച് നടക്കട്ടെ… ”

(വർഷങ്ങൾക്ക് മുൻപുള്ള നമ്മുടെ കുട്ടിക്കാലം പൂക്കളെയും കിളികളെയും പ്രണയിച്ചവരുടേതായിരുന്നു…… ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കിയവരുടേതായിരുന്നു….

തല ഉയർത്തിപ്പിടിച്ചവരുടേതായിരുന്നു…)

രചന : – സമീർ ചെങ്ങമ്പള്ളി

Leave a Reply

Your email address will not be published. Required fields are marked *