മൂക്കൂത്തി….

രചന: Ammu Santhosh

മൂക്കൂത്തി വെള്ളക്കല്ലിന്റെതായിരുന്നു .ചെറുതായിരുന്നു .അതവളുടെ നീണ്ട മൂക്കിലങ്ങനേ ഇഷ്ടത്തോടെ പറ്റിക്കിടന്നു .ആദിക്ക് ഇത് സർപ്രൈസ് ആകും വാസുകി ഓർത്തു .എന്തായിരിക്കും പറയുക ?അവൾക്കു ചിരി വന്നു .ചില സിനിമകളൊക്കെ കാണുമ്പോൾ അതിൽ അഭിനയിച്ചിരിക്കുന്ന സ്ത്രീകൾ മുക്കൂത്തി അണിഞ്ഞിട്ടുണ്ടെങ്കിൽ നല്ല ഭംഗിയല്ലേ അത് എന്ന് ചിലപ്പോളൊക്കെ ആദി ചോദിക്കാറുണ്ട് ..അങ്ങനെ ആണ് ആദിക്ക് മൂക്കൂത്തി ഇഷ്ടമാണെന്നു അവൾ കണ്ടുപിടിച്ചത് ..വാസുകിക്ക് മൂക്കൂത്തി ഭയങ്കര ഇഷ്ടമായിരുന്നു പക്ഷെ അവളുടെ അച്ഛൻ അതനുവദിച്ചില്ല ..പിന്നീടെപ്പോളോ പല ഇഷ്ടങ്ങളും വഴിയിൽ ഉപേക്ഷിച്ചതുപോലെ അവൾ അതും മറന്നു ..ആദിയുടെ ഇഷ്ടങ്ങളൊന്നും അവനങ്ങനെ വിശദമായി പറയുകയൊന്നുമില്ല. ചിലതൊക്കെ വാസുകി അന്വേഷിച്ചു കണ്ടുപിടിക്കുന്നതാണ്.

ആദിയുടെ കൂടെ ജീവിച്ചു തുടങ്ങിയതിൽ പിന്നെ പല സ്ത്രീകളെയും പോലെ അവളും അവളുട ഇഷ്ടങ്ങളൊക്കെ ഒരു മൂലയിൽ വെച്ചു. അവന്റ ഇഷ്ടങ്ങളിലേക്കു ഒതുങ്ങാൻ ശ്രമിച്ചു .. .ചിലപ്പോളൊക്കെ എന്തൊക്കെയോ നഷ്ടമായത് അവൾ അറിയാറുണ്ട് അതൊക്കെ സ്വകാര്യ ഇഷ്ടങ്ങളായിരുന്നു .പങ്കജ് ഉദാസിന്റെ ഗസലുകൾ ,മഴ നനയുന്നത് , പരിപ്പുവടയും കട്ടൻകാപ്പിയും..കവിതകൾ .അങ്ങനെ..

.രണ്ടു കുട്ടികളായപ്പോളേക്കും താൻ വേറൊരാളായി മാറിയ പോലെ തോന്നും .ഈയിടെ കണ്ണാടിയിൽ നോക്കിയപ്പോളാണ് ഏറെ ദിവസങ്ങളായല്ലോ കണ്ണാടിയിൽ നോക്കിയിട്ട് എന്ന് പോലും ഓർത്തത് .നെറ്റി കയറി തുടങ്ങിയിരിക്കുന്നു ..ഒന്ന് രണ്ടു നരകൾ അവിടെയിവിടെയായി കാണാം ..രാത്രി വൈകി വരുന്ന ആദിയെ കാത്തിരുന്ന് കാത്തിരുന്നു കണ്ണിനു താഴെ കറുപ്പ് വീണിരിക്കുന്നു ..മുടി ഒന്ന് ഷാംപൂ ചെയ്തിട്ടിട്ട് മാസങ്ങളായി .

പുലർച്ചെ തുടങ്ങുന്ന ജോലിയാണ് ,,കുട്ടികളും ആദിയും പോയ്കഴിഞ്ഞാലും പിന്നെയുമുണ്ട് മണിക്കൂറുകൾ നീളുന്ന ജോലികൾ ..എല്ലാം ഒതുക്കി ആദിയിലേക്ക് ഒരു യാത്ര പോകാൻ തോന്നും. ആദിയെ അത്ര ഇഷ്ടം ആണവൾക്ക്.

ആദി തന്റെ കണ്ണുകളിലേക്കു നോക്കി കിടന്നു അൽപനേരം സംസാരിച്ചിരുന്നെങ്കിൽ എന്നവൾ ചിന്തിക്കാറുണ്ട് .അടുക്കളയിൽ ജോലി ചെയ്യുമ്പോൾ പിന്നിലൂടെ വന്നു ചേർത്ത് പിടിച്ചു തോളിൽ മുഖമമർത്തി ഞാൻ സഹായിക്കണോ വാസു? എന്ന് ചോദിച്ചെങ്കില്,, .പക്ഷെ ആദിക്ക് തന്നോട് ഇഷ്ടം ഉണ്ടെന്നും അവൾക്കറിയാം. അവന്റെ കുസൃതി നിറഞ്ഞ കണ്ണുകളിൽ ആ ഇഷ്ടം ഉണ്ട്. പക്ഷെ പിശുക്കനാണ് സ്നേഹത്തിന്റെ കാര്യത്തിൽ. താൻ ചിന്തിക്കുന്നതൊക്കെ വല്ല സീരിയലിലും സിനിമയിലും ഒക്കെ ആണ് നടക്കുക എന്ന് കളിയായി പറയും.

“ആഹാ മുക്കൂത്തി ഗംഭീരമായല്ലോ ! നല്ലോണം ചേരുന്നുണ്ട് കേട്ടോ ” താഴത്തെ ഫ്ളാറ്റിലെ കേണൽ അങ്കിൾ ആണ് .അവൾ ചിരിച്ചു

“എപ്പോ മൂക്ക് കുത്തി? വെള്ള കല്ല് തിളങ്ങുന്നല്ലോ വാസുകി സൂപ്പർ ആയി ” അനുചേച്ചി ..തൊട്ടടുത്ത ഫ്ലാറ്റിലെയാണ്.

വാസുകി മറുപടി കൊടുത്തു മെല്ലെ നന്ദിപൂർവം ഒന്ന് തലയിളക്കി. മക്കൾ വരുന്ന ബസിന്റെ സമയം ആയി.

“ആഹാ ചേച്ചി അടിപൊളിയായല്ലോ! ഇപ്പൊ കണ്ടാൽ മഞ്ജു വാരിയറിനെ പോലെ ഉണ്ട് “ബസിലെ പയ്യൻ പറഞ്ഞപ്പോൾ അവൾ ശരിക്കും ചിരിച്ചു പോയി.

“അമ്മയ്ക്ക് നല്ല ഭംഗി ഉണ്ട് കേട്ടോ മുക്കൂത്തി. എപ്പോളാ കുത്തിയെ ?” മക്കളും പറഞ്ഞപ്പോ ആകെ ഒരു ഉണർവ് വന്ന പോലെ.

“അച്ഛനോട് പറയരുത് ട്ടോ സർപ്രൈസ് “അവൾ പറഞ്ഞു

ആദി പതിവിലും നേരെത്തെ വന്നു.

“പുതിയ സിനിമക്ക് ടിക്കറ്റ് കിട്ടി. വേഗം റെഡി ആയിക്കോ”

അയാൾ പറഞ്ഞപ്പോൾ വാസുകി ഒരു ചിരിയോടെ മുന്നിൽ വന്നു.

“സമയം ആയി വേഗം “പറഞ്ഞു കൊണ്ട് ആദി തിരിഞ്ഞു റൂമിലേക്ക് പോയി. അവളുടെ മനസ്സിടിഞ്ഞു മുഖത്തു നോക്കുന്നു കൂടിയില്ല.

രാത്രി സിനിമക്ക് ശേഷം റെസ്റ്ററെന്റിൽ ഭക്ഷണമൊക്കെ കഴിക്കുമ്പോളും ആദി അതേ കുറിച്ച് ഒരു അക്ഷരം പറഞ്ഞില്ല. അവനതു കണ്ടിട്ടില്ല. എന്നവൾക്കു മനസിലായി. പിറ്റേന്നും ആദി അത് കണ്ടില്ല.

“ഞാൻ കുറച്ചു പച്ചക്കറി വാങ്ങി വരാം ”

ഫ്ലാറ്റിനു താഴെ നല്കുന്ന പച്ചക്കറിക്കാരന്റെ അരികിലേക്ക് നടക്കുമ്പോൾ അവൾ കുട്ടികളോടായി പറഞ്ഞു “അച്ഛാ ” ആദി മകളെ ഒന്ന് നോക്കി.

“അച്ഛൻ അമ്മയുടെ മുക്കൂത്തി കണ്ടില്ലേ ?”

“ഇല്ലാലോ ‘അമ്മ മൂക്ക് കുത്തിയോ? ”

“എത്ര ദിവസമായി ..കഷ്ടംണ്ടു. പാവം അമ്മ. അച്ഛനപ്പോ അമ്മയോട് മുഖത്തെക്ക് നോക്കാറ് കൂടിയില്ല അല്ലെ ?”

ആദി സ്തബ്ധനായി. ആ ഒമ്പത് വയസ്സുകാരിയുടെ മുന്നിൽ പെട്ടന്ന് താൻ ഒരു പാട് ചെറുതായ പോലെ അവന് തോന്നി.

“എല്ലാരും പറഞ്ഞു അമ്മയെ കാണാൻ നല്ല ഭംഗി ഉണ്ടെന്ന്. അച്ഛൻ മാത്രം …പാവം അമ്മ. അച്ഛന് സർപ്രൈസ് ആകട്ടെ എന്ന് കരുതി പറയാതെ ഇരിക്കുവാ. അച്ഛനിനി എന്ന് കാണാനാ ഇത്? “ആദി ഉത്തരം ഇല്ലാതെ ഇരുന്നു.

കുളി കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ വന്നപ്പോൾ ആദി ..വാസുകി മെല്ലെ ചിരിച്ചു

‘കണ്ണടയ്ക്കു ” അവൻ മെല്ലെ പറഞ്ഞു.

“വാസുകി സംശയത്തോടെ ഒന്ന് നോക്കി

‘കണ്ണടയ്ക്കു വാസു ”

അവൾ കണ്ണുകൾ ചേർത്തടച്ചു മൂക്ക് ചെറുതായി വേദനിച്ചപ്പോൾ ഒന്ന് ചിണുങ്ങി അവൾ.

“ഇനി തുറന്നോ”അവൾ കണ്ണാടിയിൽ നോക്കി മൂക്കിൽ തൊട്ടു. തിളങ്ങുന്ന ചുവപ്പു കല്ല് മൂക്കൂത്തി.

“നിനക്ക് കൂടുതൽ ഭംഗി വെള്ളയെക്കാൾ ഈ ചുവപ്പാണ് ..”അവൻ അവളോട് മെല്ലെ പറഞ്ഞു

അവളുട കണ്ണൊന്നു നിറഞ്ഞു. അവന്റെ അരികിൽ നിന്നു അവൾ ബാൽക്കണിയിലേക്കു നടന്നു.

“”ദേഷ്യം ആണോ എന്നോട് “? അവൻ ആ തോളിൽ പിടിച്ചു തനിക്കഭിമുഖമായി നിർത്തി.

“എന്തിനാ ആദി ദേഷ്യം? അവൾ ആ കവിളിൽ കൈ അമർത്തി. “ജോലിയിൽ ഇപ്പൊ നല്ല ടെൻഷൻ ഉണ്ട്. തിരക്കാണെങ്കിൽ കൈയിൽ നിൽക്കുന്നില്ല സത്യതിൽ നീ ആഗ്രഹിക്കുന്ന ഒരാളാകാൻ പറ്റാത്തതിൽ വിഷമം ഉണ്ടെനിക് ..സ്നേഹം ഇല്ലാഞ്ഞിട്ട എന്ന് മാത്രം എന്റെ മോൾക്ക് തോന്നരുത് ..”

വാസുകിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി ഇറ്റു.

ആദി ആ കണ്ണീരിൽ മെല്ലെ ചുംബിച്ചു. പിന്നെ മുക്കൂത്തിയിൽ. ഒടുവിൽ അത് വഴുതി ഇറങ്ങി ചുണ്ടിൽ ചേർന്നു.

വാസുകിയുടെ തളർന്നു പോയ ഉടലിനെ കൈകളിൽ കോരിയെടുത്ത് അയാൾ മുറിയിലേക്ക് നടന്നു.

പ്രണയം അങ്ങനെയാണ്. പൊടുന്നനെ …കാലഭേദങ്ങളറിയാതെ … അതങ്ങനെ …നമ്മിലേക്ക്‌ പതിക്കുന്ന മഴയാകും.. ചിലപ്പോളൊക്കെ നമ്മെ നനയ്ക്കുന്ന മഴയാകും.. തീരെ നിനച്ചിരിക്കാതെ.നമ്മുടെ തോന്നലുകളെയെല്ലാം മാറ്റിമറിച്ചുകൊണ്ട്… ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ, ഇനിയും കഥകൾക്കും നോവലുകൾക്കും ഈ പേജ് ലൈക്ക് ചെയ്യൂ…

രചന: Ammu Santhosh

Leave a Reply

Your email address will not be published. Required fields are marked *