വട്ടപൂജ്യം

രചന: സന്തോഷ് അപ്പുക്കുട്ടൻ

“ചെക്കനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ട നിലക്ക് നമ്മൾക്ക് ഭാവി കാര്യങ്ങളും കൂടി ”

വാക്കുകൾ മുഴുമിപ്പിക്കാതെ ചെക്കന്റെ അമ്മാവൻ, ദിവാകരനെ നോക്കി;

“അല്ലാ ദിനേശിന്റെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും പെങ്ങൻമാരും വന്ന് കുട്ടിയെ കാണണ്ടേ?”

ദിവാകരന്റെ ചോദ്യം കേട്ടപ്പോൾ, അമ്മാവൻ ശങ്കരൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

“അവരൊക്കെ ശാലിനിയെ ആദ്യം കണ്ടിട്ടുണ്ട്. അവർക്കൊക്കെ ഇഷ്ടമാണ് ശാലിനിയെ! ”

ശങ്കരൻ ദിനേഷിനെ നോക്കി –

“ഇവനു ഇഷ്ടപ്പെടുമോയെന്ന് അറിയാനേ ബാക്കിയുണ്ടായിരുന്നുള്ളു’

“ശാലിനി മോളെ കണ്ടപ്പോൾ ദേ ഇവനും ഫ്ലാറ്റ് ”

അതും പറഞ്ഞ് ശങ്കരൻ പൊട്ടിച്ചിരിച്ചപ്പോൾ, ആ ചിരിയിൽ -ദിവാകരനും ലതയും ചേർന്നു.

ആ സമയം ലജ്ജയിൽ കുതിരുന്ന-ശാലിനിയെ നോക്കി കണ്ണുകൾ കൊണ്ട് കഥ പറയുകയായിരുന്നു ദിനേഷ്.

“എന്റെ മോളെ ഞാൻ ഒന്നും നിർബന്ധിപ്പിച്ച് ചെയ്യിപ്പിക്കില്ല ശങ്കരാ!

അവൾക്ക് ഇഷ്ടപ്പെട്ട ചെക്കനെ, അവളോട് തന്നെ കണ്ടെത്തിക്കോളാനാണ് ഞാൻ പറഞ്ഞിട്ടുള്ളത് ”

ശങ്കരൻ അത്ഭുതത്തോടെ ദിവാകരനെ നോക്കി.

“കാരണം നമ്മൾ ഈ വിവാഹം നടത്തിക്കൊടുത്താലും ഒന്നിച്ചു ജീവിക്കേണ്ടവർ അവരാണ്”

അതും പറഞ്ഞ് ദിവാകരൻ മകളെ നോക്കി.

അവളുടെ മുഖത്ത് ചെക്കനെ ഇഷ്ടപ്പെട്ട തിന്റെ തിളക്കം ഉണ്ട്.

അല്ലെങ്കിലും ആരാണ് ദിനേഷിനെ ഇഷ്ടപ്പെടാതിരിക്കുക.

പേരുകേട്ട തറവാട്ടിലെ പയ്യൻ,

സിനിമാനടനെ പോലെ സുന്ദരൻ,

സർക്കാർ ഉദ്യോഗസ്ഥൻ.

ദിവാകരന്റെ ഭാര്യ ലത, ഭാവി മരുമകനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

ഭർത്താവിന്റെ തറവാട്ടിൽ ഇതുപോലെയൊരു മരുമകൻ എത്തിയിട്ടില്ല.

ബന്ധുമിത്രാദികളുടെ മുന്നിൽ ഷൈൻ ചെയ്യാൻ ഇതിലും വലിയ അവസരമില്ലായെന്ന് ഓർത്തപ്പോൾ ലതയുടെ ചുണ്ടിൽ പുഞ്ചിരിയൂറി .

“നിങ്ങൾക്ക് വല്ല ഡിമാന്റും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം”

ദിവാകരന്റെ ചോദ്യം കേട്ടപ്പോൾ അമ്മാവൻ ചെക്കനെ നോക്കി.

ദിനേഷ്,അമ്മാവന്റ ചെവിട്ടിലേക്ക് ചുണ്ടു ചേർത്തു.

“ദിവാകരന് മകളായ ശാലിനിയെ കൂടാതെ ഒരു മകനുണ്ടല്ലേ?”

ശങ്കരനിൽ നിന്ന് ചോദ്യമുയർന്നപ്പോൾ ദിവാകരൻ തലയാട്ടി.

“അതേ – അവൻ ബാംഗ്ലൂരിൽ പഠിക്കുകയാണ് ”

ശങ്കരൻ ചിന്തയോടെ തലയാട്ടി.

“ദിവാകരന്റെ കാലശേഷം ഈ സ്വത്തുക്കളുടെ ഒരു ഭാഗം ശാലിനിമോൾക്ക് ഉള്ളതാണെന്നറിയാം -എന്നാലും ”

പറയാൻ മടിച്ചെന്ന പോലെ ശങ്കരൻ ദിവാകരനെ നോക്കി –

“എന്താണെങ്കിലും പറയാൻ മടിക്കണ്ട ശങ്കരാ ”

ദിവാകരന്റെ പ്രോത്സാഹനം കിട്ടിയപ്പോൾ ശങ്കരൻ സോഫയിൽ നിന്ന് ഒന്നു നിവർന്നു.

“പെണ്ണിനെ ഇറക്കിവിടുമ്പോൾ അമ്പത് ലക്ഷം രൂപയും ഇരുനൂറ്റിയൊന്ന് പവനും, ഒരു കാറും, അത്രയുള്ളൂ ഡിമാന്റ്

“കാറ് ഏത് വേണം റോൾസ് റോയിസോ, ഫെരാരിയോ?”

പൊടുന്നനെ ശാലിനിയിൽ നിന്നുയർന്ന ചോദ്യം കേട്ട് ഞെട്ടിയ ശങ്കരൻ, ദിനേഷിനെ നോക്കി;

മുഖത്തെ ചോരമയം വറ്റി,വിളറി വെളുത്തിരിക്കുകയായിരുന്നു ദിനേഷ്.

“മോളേ ”

ദിവാകരൻ ശാലിനിയെ നോക്കി പതിയെ വിളിച്ചു.

” അച്ഛനൊന്നു -മിണ്ടാതിരിക്കുന്നുണ്ടോ?”

അതും പറഞ്ഞ് ശാലിനി ശങ്കരനെയും, ദിനേഷിനെയും മാറി മാറി നോക്കി.

“ഒരു ഉളുപ്പുമില്ലാതെ എത്ര ലാഘവത്തോടെയാണ് പൊന്നും, പൈസയും കാറും ചോദിക്കുന്നത്?”

“പോലീസിനെ വിളിക്കുകയാണ് ചെയ്യേണ്ടത്.

പക്ഷേ നിങ്ങൾ ഞങ്ങളുടെ അതിഥികൾ ആയതു കൊണ്ട് ചെയ്യുന്നില്ല”

കത്തിക്കയറി നിന്ന ശാലിനിയുടെ മുഖം വല്ലാതെ ചുവന്നിരുന്നു.

” അത് അച്ഛൻ പറഞ്ഞിട്ടാണ് ചോദിച്ചത് ”

ചമ്മലോടെ ദിനേഷ് പറഞ്ഞപ്പോൾ ശാലിനി പൊട്ടി ചിരിച്ചു.

” ന്റെ പൊന്നു ദിനേശാ – നിങ്ങൾക്ക് ആക്രാന്തം മാത്രമല്ല നട്ടെല്ല് കൂടി ഇല്ലായെന്ന് മനസ്സിലായി ”

“സ്വന്തമായി ഒരഭിപ്രായം ഇല്ലാത്ത നിങ്ങളൊരിക്കലും നല്ലൊരു ഭർത്താവാ കില്ല”

ദിനേശനും, അമ്മാവൻ ശങ്കരനും ഇനിയെന്ത് എന്ന ഭാവത്തിൽ പരസ്പരം നോക്കി .

“മോളെ ഒന്നുകൂടി ചിന്തിച്ചിട്ട് ”

ശങ്കരൻ അവസാനമാർഗ്ഗമെന്നോണം ശാലിനിയെ നോക്കി –

” ചിന്തിക്കാൻ ഒന്നും ഇല്ല അമ്മാവാ!

എന്റെ അച്ഛന്റെ സമ്പത്ത് കണ്ട് വരുന്ന നാൽക്കാലിക ളെ അല്ല എനിക്കു വേണ്ടത്! ”

“പകരം എത്രവിയർത്തിട്ടാണെങ്കിലും എന്നെ പൊന്നുപോലെ നോക്കുന്ന ഒരു ഇരുകാലി ഭർത്താവിനെയാണ് ”

” അവർ അറിയാതെ പറഞ്ഞതല്ലേ – മോളൊന്നു അടങ്ങ് ”

ഭാവി മരുമകനായി കണ്ട സിനിമാനടന്റെ മുഖത്ത് നിന്ന് വിയർപ്പ് ചാലൊഴുകുന്നത് കണ്ട് ലതയ്ക്ക് സങ്കടമായി.

“അമ്മ ഒന്നുമിണ്ടാതിരിക്കുന്നുണ്ടോ?

“കണക്കു പറഞ്ഞ് കാശ് വാങ്ങി, എന്നെ കൊണ്ടുപോകാൻ ഞാനെന്താ ഇവിടെ അധികപറ്റോ?”

ആ ചോദ്യത്തോടെ എല്ലാ സ്വപ്നങ്ങളും തകർന്ന ലത അടുക്കളയിലേക്ക് നടന്നു.

ശാലിനി ദിനേഷിന്റെ നേർക്ക് തിരിഞ്ഞു.

” ആ പോയ എന്റെ അമ്മയുണ്ടല്ലോ? വല്യ ധനിക കുടുംബത്തിലാണ് ജനിച്ചത്.”

അന്ന് വെറും കൂലിപ്പണിക്കാരനായ എന്റെ അച്ഛനുമായി പ്രണയത്തിലായി ആ വീട് വിട്ടു വരുമ്പോൾ, ആ തറവാട്ടിൽ നിന്ന് ഒരു ചില്ലി കാശ് പോലും എന്റെ അമ്മ എടുത്തില്ല ”

” ആ തറവാട്ടിൽ നിന്ന് ഒന്നും എടുക്കരുതെന്ന് പറഞ്ഞിരുന്നു എന്റെ അച്ഛൻ”

“അച്ചൻ വാങ്ങി കൊടുത്ത ഡ്രസ്സുമായാണ് എന്റെ അമ്മ അച്ഛന്റയരികിലേക്ക് ഇറങ്ങി വന്നത് ”

ശാലിനി ദിവാകരനു ചാരത്തേക്ക് നീങ്ങി നിന്നു.

” ആ ദാരിദ്ര്യത്തിലും ഒരു കഷ്ടപാട് പോലും അറിയിക്കാതെയാണ് എന്റെ അച്ഛൻ അമ്മയെ നോക്കിയത് ”

” കൊടിയ ദാരിദ്ര്യത്തിലേക്ക് നില തെറ്റി വീണeപ്പാഴും, ഒരഞ്ചു പൈസയ്ക്ക് വേണ്ടി ആ തറവാട്ടിലേക്ക് എന്റെ അമ്മയെ പറഞ്ഞയച്ചിട്ടില്ല”

” അതാവണം ആണ് . അല്ലാതെ പെണ്ണും വീട്ടിലെ സ്വത്ത് കണ്ട് നാവും നുണഞ്ഞ് കയറി വരുന്നവനല്ല ”

ദിനേഷ് ഒന്നും മിണ്ടാനാവാതെ അമ്മാവനെ നോക്കി.

അമ്മാവൻ പതിയെ എഴുന്നേറ്റ് ദിവാകരന്റെ അടുത്തേക്ക് നീങ്ങി.

” ഇത്രയും വലിയ സ്വത്ത്ക്കാരനായോണ്ടാണ് ഇത്രയും ചോദിച്ചത്. ഞങ്ങൾക്ക് ഒന്നും വേണ്ടെങ്കിലോ?”

അവസാന ശ്രമം എന്ന പോലെ ശങ്കരൻ ദിവാകരനെ നോക്കി.

ദിവാകരൻ ഒരു ചിരിയോടെ ശങ്കരനെ നോക്കി.

” ഇനി ഒന്നും വേണ്ടാന്ന് പറഞ്ഞാലും ഈ വിവാഹം നടക്കില്ല ശങ്കരാ!”

” എന്റെ മകൾ മനസ്സുകൊണ്ട് വെറുത്ത് പോയ ഒരു ബന്ധം കൂട്ടി ചേർക്കാൻ എനിക്കാവില്ല.”

ശാലിനി പതിയെ ദിനേഷിന്റെ അരികിലേക്ക് വന്നു.

“സോറി ട്ടാ! ”

“ഞാനല്ലേ സോറി പറയേണ്ടത് ശാലിനീ ”

“ഇത്രയും ഡിഗ്രി യൊക്കെ നേടിയിട്ട്, ഒരു വകതിരിവ് ഇല്ലാതെ പോയ ഞാനല്ലേ പശ്ചാത്തപിക്കേണ്ടത് ശാലിനീ? ”

ദിനേഷിന്റെ വാക്കുകൾ കേട്ടപ്പോൾ, എന്തോ ഒരു വല്ലായ്മ തോന്നി ശാലിനിക്ക്.

അയാൾക്കു നേരെ ഒരു പുഞ്ചിരിയെറിഞ്ഞു അവൾ.

“പിന്നെ പെട്ടെന്നു വന്ന ദേഷ്യം കൊണ്ടു പറഞ്ഞു പോയതല്ല കേട്ടോ!”

“നിങ്ങളെ പോലെയുള്ള വിദ്യാസമ്പന്നർ ഇങ്ങിനെയൊക്കെ വിലപേശുന്നതു കാണുമ്പോൾ സങ്കടമുണ്ട്! ”

” അവിടെയാണ് വിദ്യഭ്യാസം ഇല്ലാത്ത എന്റെ അച്ഛനൊക്കെ നിങ്ങളെക്കാൾ ഉയർന്നു നിൽക്കുന്നത് ”

ശാലിനി അച്ഛനെ കെട്ടിപ്പിടിച്ച് ആ മുഖത്തേക്ക് നോക്കി.

“ഇതാണ് അന്നും ഇന്നും എന്നുംഎന്റെ റോൾ മോഡൽ”

” അതു കൊണ്ടു തന്നെയാണ് പൊന്നും പണവും ചോദിച്ചു വരുന്നവരെ കണ്ടാൽ ഭ്രാന്ത് പിടിക്കുന്നതും ”

ശാലിനിയോട് ഒന്നും പറയാൻ കഴിയാതെ,ആ അച്ഛനെയും മകളെയും നോക്കി, അമ്മാവനോടൊപ്പം പടിയിറങ്ങുമ്പോൾ, താനിപ്പോഴും ഒരു വട്ടപൂജ്യമാണെന്ന് ദിനേശിനു തോന്നി.

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *