വിവാഹം കൂടാൻ വന്ന താനിപ്പോൾ വിവാഹിതയാണ്… ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന സംഭവങ്ങൾ സത്യമോ മിഥ്യയോ…

രചന: Nitya Dilshe

അവൾ കഴുത്തിലെ താലിയിലേക്കു സൂക്ഷിച്ചു നോക്കി…വിരലുകൾ കൊണ്ട് നെറ്റിയിൽ തൊട്ടുനോക്കി..അവ ചുവന്നിരിക്കുന്നു…വിവാഹം കൂടാൻ വന്ന താനിപ്പോൾ വിവാഹിതയാണ്… ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന സംഭവങ്ങൾ സത്യമോ മിഥ്യയോ എന്നറിയാത്ത ആശങ്കയിലാണിപ്പോൾ…അവളുടെ കണ്ണുകൾ അടുത്തിരുന്ന മനുവിലേക്കു നീണ്ടു..

കണ്ണുകളടച്ചു കാറിലെ സീറ്റിലേക്ക് ചാരി കിടക്കുകയാണെങ്കിലും ദേവൂന്റെ പ്രവൃത്തികൾ മനു നോക്കിക്കണ്ടു..അവന്റെ മുഖത്ത് ഒളിപ്പിച്ചുവച്ച കുസൃതിച്ചിരി ആയിരുന്നപ്പോൾ…

ഒരിക്കൽ കൈയ്യിലൊരു തുണിസഞ്ചിയുമായി മുത്തച്ഛന്റെ കൈയ്യും പിടിച്ചു കയറിവന്ന പാവാടക്കാരി..ഞങ്ങളെക്കാൾ മൂന്നോ നാലോ വയസ്സിൽ കുറവ് … ആ വലിയ കണ്ണുകളിൽ നിറയെ ഭയമായിരുന്നു..

“ഇതാരാ മുത്തച്ഛ..പുതിയ പണിക്കാരിയാ..”

അമ്മുന്റെ ചോദ്യം കേട്ടതും അവൾ കണ്ണുനിറച്ച് മുത്തച്ഛന്റെ മുഖത്തേക്ക് നോക്കി… അവളുടെ പാറിപ്പറന്ന മുടി ഒതുക്കി മുത്തച്ഛൻ ഞങ്ങളോടായി പറഞ്ഞു..

“മുത്തച്ഛന്റെ വകയിലെ കുട്ടിയാ..ദേവയാനി..ദേവു…നമ്മൾ മാത്രേ ഉള്ളു ഇവൾക്ക്..ഇനിമുതൽ ഇവൾ ഇവടുണ്ടാവും..ഇവളെ കൂടി നിങ്ങൾ കൂട്ടണം ട്ടൊ….”

പതിയെ പതിയെ ഞങ്ങളിലൊരാളായി അവൾ മാറുകയായിരുന്നു….വളരുന്തോറും പഴയ പേടിയൊക്കെ കുറഞ്ഞു..അപ്പോഴേക്കും ഞങ്ങൾ കുറച്ച് മാറി പുതിയ വീട്ടിലേക്കു താമസം മാറിയിരുന്നു..ഇളയച്ഛനും കുടുംബവുമായിരുന്നു തറവാട്ടിൽ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം….വീട് മാറിയെങ്കിലും എന്റെ കൂട്ട് ഇളയച്ഛന്റെ മകനായ മാധവുമായിരുന്നു..ഒരേ പ്രായക്കാർ..അതുകൊണ്ട് എന്റെ ഉറക്കം ഭക്ഷണം ഇതൊക്കെ മിക്കതും തറവാട്ടിൽ തന്നെ..

രാത്രിയിൽ പുറത്ത് പോകാൻ മുത്തച്ഛൻ ഒരിക്കലും അനുവദിച്ചിരുന്നില്ല..എല്ലാവരും ഉറങ്ങിക്കഴിഞ്ഞു മട്ടുപ്പാവിനോട് ചേർന്നു നിൽക്കുന്ന പേരമരം വഴി യായിരുന്നു രാത്രികാലങ്ങളിലുള്ള ഞങ്ങളുടെ യാത്ര….ഞങ്ങളുടെ കള്ളത്തരങ്ങൾ കണ്ടുപിടിക്കുന്നതായിരുന്നു ദേവൂന്റെ മെയിൻ ജോലി ..ഒപ്പം അത് മുത്തച്ഛനോട് പറഞ്ഞു കൊടുക്കുമെന്ന ഭീഷണിയുമുണ്ടാവും…..രാത്രിയുള്ള ഞങ്ങളുടെ യാത്ര കണ്ടുപിടിച്ചതോടെ പിന്നെ അതുപറഞ്ഞായി ഭീഷണി..

പ്ലസ് 2 കഴിഞ്ഞ് എന്ജിനീറിങ്ങ് നു അഡ്മിഷൻ ശരിയാക്കി കാത്തിരിക്കുമ്പോഴാണ് ഞങ്ങളുടെ കൂട്ടുണ്ടായിരുന്ന ഫൈസലിന്റെ ഉപ്പ ഗൾഫിൽ നിന്നും കൊണ്ടുവന്ന സിഗരറ്റും ചൂണ്ടി അവൻ വന്നത്…. അതിന്റെ രുചി അറിയാനുള്ള ആവേശത്തിലാണ് രാത്രി ആവാനുള്ള ഞങ്ങളുടെ കാത്തിരിപ്പ്..മട്ടുപ്പാവിലിരുന്നു ആഞ്ഞു വലിച്ച് ചുമക്കുമ്പോഴാണ് ഒരു നിഴലനക്കം പോലെ ദേവു കയറി വന്നത്…

അവളെ കണ്ടതും ഫൈസലും മാധവും ഓടിമറഞ്ഞു…. അവൾ ഉറഞ്ഞു തുള്ളി എന്റെ അടുത്തേക്ക് പാഞ്ഞുവന്നു..

“ഹോ നാറീട്ടു പാടില്ല..ഇതെന്തായാലും മുത്തച്ഛനോട് പറഞ്ഞു കൊടുക്കും..ഇതുമാത്രമല്ല നിങ്ങളുടെ എല്ലാ കള്ളത്തരങ്ങളും എല്ലാരോടും പറയുന്നുണ്ട്…”

തിരിഞ്ഞവൾ നടക്കാൻ തുടങ്ങിയതും കൈപിടിച്ചു ഒറ്റവലിയായിരുന്നു…ബാലൻസ് തെറ്റി അവളെന്റെ മേലേക്ക് തന്നെയാണ് വീണത്..വീണതും സിഗരറ്റിന്റെ മണമടിച്ച് അവൾ നെറ്റിചുളിക്കുന്നത് കണ്ടു..പിന്നെയൊന്നും ആലോചിച്ചില്ല.. സിഗരറ്റിന്റെ മണമുള്ള എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി കോർത്തു..

“ഇതും കൂടി ചെന്നു പറഞ്ഞു കൊടുക്കടി…ഔദാര്യത്തിൽ കഴിയുന്നവർ അങ്ങനെ കഴിഞ്ഞാൽ മതി..മറ്റുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ട..കേട്ടോടി…”ദേഷ്യത്തോടെ അവളെ പിടിച്ചു തള്ളി. നെറ്റി ചുമരിലടിച്ചവൾ താഴേക്കു വീണു…കണ്ണുകൾ നിറഞ്ഞൊഴുകി നിസ്സാഹായതയോടെ എന്നെ നോക്കുന്നത് കണ്ടു..

കുറച്ചു കഴിഞ്ഞാണ് ചെയ്തത് എന്താണെന്ന ബോധമുണ്ടായത്.. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല….നേരെ വീട്ടിലേക്കു പോയി…രണ്ടുമൂന്നു ദിവസം തറവാട്ടിലേക്ക് വരാതെ പേടിച്ചാണ് കഴിഞ്ഞത്… “എന്താ പതിവില്ലാതെ വീട്ടിൽ തന്നെ ”

എന്നു ‘അമ്മ പലതവണ ചോദിച്ചു….അവൾ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നു മനസ്സിലായി….കുറച്ചു സമാധാനം കിട്ടി….എന്നാലും ചെയ്തതോർത്തുള്ള കുറ്റബോധം മനസ്സിൽ നീറികൊണ്ടിരുന്നു…

കോയമ്പത്തൂർ എൻജിനീയറിങ് നു ചേർന്നതിൽ പിന്നെ നാട്ടിൽ വരവ് കുറഞ്ഞു….തറവാട്ടിൽ ചെന്നാലും അവളെ ഒരു മിന്നായം പോലെ അടുക്കളയിൽ എവിടെയെങ്കിലും കാണാം….

ഒരിക്കൽ അമ്മയാരോടോ പറയുന്നത് കേട്ടു..അവൾ വല്ലാതെ ഒതുങ്ങിപ്പോയെന്നു…ജോലിക്കു വരുന്ന സ്ത്രീയെ ഒഴിവാക്കി ആ ജോലിയും അവൾ ഏറ്റെടുത്തെന്നു…

അമ്മുവിന്റെ കല്യാണതലേന്നാണ് പിന്നെ അവളെ അടുത്തു കാണുന്നത്…സംസാരിക്കാൻ പലവുരു നോക്കിയെങ്കിലും മുഖത്തൊരു മങ്ങിയ ചിരി വരുത്തി അവൾ ഒഴിഞ്ഞു മാറി..പണിക്കാരുടെ കൂടെ തന്നെയായിരുന്നു മിക്കതും..ഈ കുട്ടിക്കിത് എന്തു പറ്റിയതാവോ എന്നു പറഞ്ഞു അമ്മയും ചെറിയമ്മയും വിഷമിക്കുന്നത് കണ്ടു..

തിരിച്ചുപോകുന്നതിനു മുൻപ് അവളോട്‌ സംസാരിക്കണം എന്നു തീരുമാനിച്ചുറപ്പിച്ചിരുന്നു….അവൾ പോണില്ലെന്നറിഞ്ഞു കൊണ്ടു തന്നെയാണ് അമ്മുവിന്റെ വീട്ടിലേക്കുള്ള വിരുന്നു പോക്കിൽ നിന്നും ഞാനും ഒഴിവായത്..എല്ലാവരും പോയിക്കഴിഞ്ഞു തറവാട്ടിലേക്കെത്തിയ എന്നെ കണ്ടു അവളൊന്നു ഞെട്ടി..

എന്നെ കടന്നു പോവാനിറങ്ങിയ അവളെ അല്പം ബലം ചേർത്തു തന്നെയാണ് പിടിച്ചു നിർത്തിയത്..

“ഞാൻ പറയുന്നത് കേട്ടിട്ടു പോയാൽ മതി…അന്ന് ചെയ്തത് തെറ്റു തന്നെയാണ്..കുറ്റബോധമുണ്ടായിരുന്നു.. മാപ്പു പറയാൻ പലതവണ വന്നിട്ടുമുണ്ട്..ഇപ്പോൾ വന്നത് മറ്റൊരു കാര്യത്തിനാണ്.നിന്റെ സമ്മതം കിട്ടിയിട്ട് വേണം വീട്ടിൽ പറയാൻ…”

അവളെന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി… “അതേ..ജീവിതകാലം മുഴുവൻ കൂടെ കൂട്ടാൻ തന്നെയാണ്..”

“പ്രായശ്ചിത്തമാണോ..??” പെട്ടെന്ന് തന്നെ അവളുടെ ചോദ്യമുയർന്നു… “അല്ല..പ്രണയത്തോടെ ഈ മുഖമല്ലാതെ മറ്റൊരു മുഖം മനസ്സിൽ വന്നിട്ടില്ല..”

“എനിക്ക് ഇഷ്ടമല്ല….ഉണ്ട ചോറിനു നന്ദികേട് കാണിക്കില്ല..ഇവിടുത്തെ ചെക്കനെ വശീകരിച്ചെടുത്തു എന്നൊരു പേര് കേൾപ്പിക്കില്ല”

“പിന്നെന്തിനാ നിന്റെ ഡയറിയിൽ എന്റെ മുഖം വരച്ചുകൊണ്ടു നടക്കുന്നത്..” കേട്ടതും അവളുടെ മുഖം വിളറി….അവിടെ പരിഭ്രമം നിറഞ്ഞു…ചെയ്ത കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ മുഖം താഴ്ത്തി..ർ.പെട്ടെന്ന് തന്നെ ദേഷ്യതോടെ എന്റെ കൈ തട്ടിയെറിഞ്ഞു.. ശബ്ദത്തോടെ മുറിയിൽ കയറി വാതിലടച്ചു….

പിന്നീടവൾ എന്റെ മുന്നിൽ വന്നിട്ടില്ല.. കാണാൻ ഞാൻ കാണാൻ ശ്രമിച്ചുമില്ല…

അതിനിടയിൽ മാധവ് ഒപ്പം പഠിച്ച കുട്ടിയെ സെറ്റാക്കി..ചിങ്ങത്തിൽ കല്യാണമുറപ്പിച്ചു….അതറിഞ്ഞപ്പോൾ തൊട്ട് അമ്മക്കും എന്റെ കല്യാണത്തിനു ധൃതിയായി..

“പതിവുപോലെ കുട്ടിയെ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞു നേരം കളയുമോടാ..” മാധവിന്റെ ചോദ്യത്തിന് ഉത്തരം പറയാതെ അടുത്തയാഴ്ച കാണാമെന്നു പറഞ്ഞുവെച്ചു…

പറഞ്ഞപോലെ നാട്ടിലെത്തി ഒന്നു രണ്ടു പെണ്കുട്ടികളെ കണ്ടു..രണ്ടാമത്തെ പെണ്കുട്ടിയെ കണ്ട് സംസാരിച്ചിറങ്ങിയപ്പോൾ അച്ഛനോട് പറഞ്ഞു.. “ഈ കുട്ടിയെ മതി..അച്ഛൻ പറഞ്ഞുറപ്പിച്ചോളൂ..”

എന്റെ വാക്കുകൾ കേട്ടപ്പോൾ അച്ഛനും അമ്മയും അമ്പരന്നു..മാധവിന്റെ മുഖത്തു അല്പം സംശയഭാവം.. “ഇതിനേക്കാൾ നല്ല കുട്ടികളെയല്ലടാ നമ്മൾ ഇതിനു മുൻപ് കണ്ടത്..പിന്നെയെന്താ ഇത്..”

“എനിക്കിതാണ് ഇഷ്ടപ്പെട്ടത്..”

എന്റെ അറുത്ത് മുറിച്ച ഉത്തരം കേട്ടാവണം പിന്നെ ചോദ്യമൊന്നുമുണ്ടായില്ല.. എത്രയും പെട്ടെന്ന് വിവാഹം വേണമെന്നായിരുന്നു പെൺ വീട്ടുകാർക്ക്..എനിക്കും എതിർപ്പൊന്നുമുണ്ടായിരുന്നില്ല…നിശ്ചയമിന്നുമില്ലാതെ അടുത്തമാസം വിവാഹമെന്നുറപ്പിച്ചു..

പിന്നീടങ്ങോട്ട് തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു.. വിവാഹത്തിന്റെ അന്ന് മുതിർന്നവരുടെ അനുഗ്രഹം വാങ്ങുന്നതിനിടയിൽ പുറത്തു ബഹളം കേട്ടു..

“നമ്മളോടിതു വേണ്ടായിരുന്നു..ഇനിയിപ്പോ ക്ഷണിച്ചുവരുത്തിയവരോടെന്തു പറയും” വലിയമ്മാവനാണ്…

തളർന്നു വീണ അമ്മയെ ചെറിയമ്മയും അമ്മായിയും കൂടി കൊണ്ടുവരുന്നത് കണ്ടു…..

ആരോ പറഞ്ഞു കേട്ടു..പെണ്കുട്ടിയെ ഇന്നലെ തൊട്ടു കാണാനില്ലെന്ന്..കുറേനാളായി വീട്ടുതടങ്കലിലായിരുന്നത്രെ.. കല്യാണത്തിന് സമ്മതിച്ചപ്പോൾ ഒക്കെ മറന്നെന്നു വിചാരിച്ചു..വീട്ടുകാരെ കബളിപ്പിച്ചു പെണ്കുട്ടി ഇഷ്ടപ്പെട്ടവനോടൊപ്പം പോയി..

തളർന്നിരിക്കുന്ന അച്ഛനോടും ബന്ധുക്കളോടും ഒന്നേ പറഞ്ഞുള്ളു.. “ഒരു വിവാഹമുണ്ടെങ്കിൽ അതിന്ന്.. ഇല്ലെങ്കിൽ പിന്നെ ഇനി ഇങ്ങനെയൊന്നു കെട്ടിയൊരുങ്ങാൻ മനുവിനെ കിട്ടില്ല..”

എല്ലാവരും പരസ്പരം നോക്കുന്നത് കണ്ടു..പിന്നെ ആ നോട്ടം ചെന്നെത്തിയത് ദേവുവിൽ ആണ്..പിന്നെയെല്ലാം നടന്നത് നിമിഷങ്ങൾക്കുള്ളിലാണ്..തറവാട്ടു ക്ഷേത്രത്തിൽ വച്ചു ദേവുവിന്റെ കഴുത്തിൽ താലികെട്ടി…

“വീടെത്തി…ഇറങ്ങടാ…”

മനുവിന്റെ ശബ്ദം കേട്ടപ്പോഴാണ് കണ്ണു തുറന്നത്….മാധവ് ഡോർ തുറന്നു പിടിച്ചു നിൽപ്പുണ്ട്..ദേവുവിനൊപ്പം നീങ്ങിയ എന്നെയവൻ പിടിച്ചു വച്ചു.. അവന്റെ മുഖത്തു 100 വോൾട് ചിരി…

“ഇത്രയും വേണമായിരുന്നോ..നേരിട്ടു ചോദിച്ചാൽ മതിയായിരുന്നല്ലോ..എനിക്ക് മുൻപേ സംശയമുണ്ടായിരുന്നു..”

“അതേ..നേരിട്ടു ചോദിച്ചാൽ അവൾ പിടി തരില്ല..അപ്പോ ഇതേ ഉള്ളു വഴി….ഇപ്പൊ നോക്ക് ആർക്കും എതിർപ്പില്ല..പിന്നെ ഒളിച്ചോടാൻ തയ്യാറായ ഒരു പെണ്ണിനെ കണ്ടെത്തി ബ്രോക്കർടെ ലിസ്റ്റിൽ പെടുത്താൻ കുറച്ചു ബുദ്ധിമുട്ടി..”

“മനു….”

അപ്പോഴേക്കും വിളിയെത്തി…ആരതി പിടിച്ചു അമ്മയും ചെറിയമ്മയും ഉമ്മറത്തെത്തിയിരുന്നു…. തെളിഞ്ഞു കത്തുന്ന നിലവിളക്കുമായ് ദേവുനെ കൂട്ടിക്കൊണ്ട് ഞാൻ അകത്തേക്ക് നടന്നു…

സ്നേഹത്തോടെ…

രചന: Nitya Dilshe

Leave a Reply

Your email address will not be published. Required fields are marked *