ശരീരം വിറ്റു ജീവിക്കുന്ന നിന്നെ ഞാൻ പിന്നെന്തു വിളിക്കണം…..?

രചന : – അമ്മു

ശരീരം വിറ്റു ജീവിക്കുന്ന നിന്നെ ഞാൻ പിന്നെന്തു വിളിക്കണം…..?

സാവിത്രിയെന്നോ….. ?

ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ ഭേദം നിനക്ക് ചത്തൂടെ….. ? നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ നടക്കുന്നു……. ആർക്കും വേണ്ടിയാ നീയൊക്കെ ജീവിക്കുന്നത്……?

വിനയൻ നിന്നു വിറച്ചു…….

വിനൂ……. നിന്റെ മുന്നിൽ ഒരു ഏറ്റു പറച്ചിലിന് വന്നതല്ല ഞാൻ. എന്റെ ശരീരം അല്ലെ നിനക്കാവിശ്യം….. നിനക്ക് നിന്റെ ആശ നിറവേറ്റാം……. ഇന്നത്തെ കസ്റ്റമർ നീയാണെന്നു അറിഞ്ഞിരുന്നെങ്കിൽ…….

അതേടി അറിഞ്ഞിരുന്നെങ്കിൽ നീ വരില്ലായിരുന്നു……. എനിക്കറിയാം …. അത് കൊണ്ട് തന്നെയാണ് പറയാതെ വിളിച്ചു വരുത്തിയത്… നീയെന്തു കരുതി നിന്റെ ശരീരത്തോട് ആർത്തി പൂണ്ടു വിളിച്ച ഏതേലും കഴുത ആണെന്നോ….. അത്രമാത്രം വിനയൻ തരം താന്നിട്ടില്ല…..

നിന്നെ ഈ വേഷത്തിൽ…… ഒരു അഭിസാരിക എന്നാ ലേബലിൽ ഒന്നു കാണാൻ….. അതിനു വേണ്ടി മാത്രം…… അല്ലാതെ പലരാൽ ചവച്ചു തുപ്പിയ നിന്റെ ഈ ശരീരത്തോട് എനിക്ക് പ്രണയമൊന്നുമില്ല…….

എന്താടി നിന്റെ നാവിറങ്ങി പോയോ…..?

ദേവു പുഞ്ചിരിച്ചു…..

എന്താടി ചിരിക്കുന്നത്…. ?

ഒന്നുമില്ല വിനൂ ഞാനോർക്കുകയായിരുന്നു…. നീ ഒരുപാട് മാറി പോയിരിക്കുന്നു…. സംസാരത്തിനു കനം വച്ചിരിക്കുന്നു….. എന്തു പാവമായിരുന്നു നീ…. ? നിനക്കെന്നെ കൊണ്ട് ആവിശ്യമില്ലെങ്കിൽ ഞാൻ പോട്ടെ….. ?

ആവശ്യമോ നിന്നെയോ…. ? ഛീ….. വൃത്തികെട്ടവളേ….

ദേവു തിരിഞ്ഞു നടന്നു…..

നീ ഒന്നു നിന്നെ…… നിനക്ക് പൈസ വേണ്ടേ…..? ഇന്നത്തെ രാത്രിയുടെ വില….. എത്രയാണെങ്കിലും പറഞ്ഞോ…… അതും വാങ്ങി പോയാൽ മതി നീ….. ഞാൻ കാരണം ഇന്നത്തെ കച്ചോടം മുടങ്ങിയതല്ലേ……..?

വിനു പുച്ഛത്തോടെ പറഞ്ഞു…….

വേണം പതിനായിരം…….. അതാ എന്റെ റേറ്റ്……

പ്രതീക്ഷിക്കാത്ത മറുപടി അവളിൽ നിന്നും കേട്ടതിനാലാവണം വിനു ഞെട്ടി…. അത് പുറത്തു കാട്ടാതെ പണം അവൾക്കു നേരെ നീട്ടി…….

അവളത് ഭദ്രമായി ബാഗിൽ വച്ചു ഇനി ഞാൻ പോട്ടെ……. ? വിരോധമില്ലെങ്കിൽ എന്നെ ഒന്നും വീട്ടിൽ കൊണ്ടാക്കുമോ ഈ നേരത്തു വണ്ടി ഒന്നും കിട്ടാൻ വഴിയില്ല…..

അങ്ങാടിയിൽ അലയുന്ന പശുവിന് ഏത് നേരമായാലെന്താ….. ? പേടീം ഭയോം ഒക്കെ നാണോം മാനോം ഒള്ളോർക്കല്ലേ….. ?

ശരി വിനൂ ഞാനിറങ്ങട്ടെ……… ?

നിൽക്കു ഞാൻ വിടാം….. ഒന്നുമില്ലെങ്കിലും ഒരു കാലത്തു മനസ്സിൽ കൊണ്ട് നടന്നതല്ലേ നിന്നെ……

അവളൊന്നു പുഞ്ചിരിച്ചു……. വിഷാദം നിറഞ്ഞ പുഞ്ചിരി……

അവനൊപ്പം വണ്ടിയിലിരിക്കവേ ആ മകര മഞ്ഞിലും അവൾ വിയർത്തു…….

വിനൂ…… ഉം……. നിനക്ക് സുഖല്ലേ…… ? ഉം…… .

നിനക്കോർമ്മയുണ്ടോ വിനൂ….? നമ്മളിങ്ങനെ ഇരുന്നു ഒരുപാട് സംസാരിച്ചിട്ടുണ്ട്…… ഒരുപാട് സ്വപ്‌നങ്ങൾ നെയ്തിട്ടുണ്ട്……

ആഹാ നിനക്ക് ഓർമ്മയുണ്ട് അല്ലേടി വഞ്ചകി….. ?

ഹ… ഹ… വഞ്ചകി…

നീയെനിക്കു നൽകിയ ആദ്യത്തെ പേര് ഇതല്ലേ വിനൂ….. ?

ജന്മം നൽകി വളർത്തി വലുതാക്കിയവർക്കു വേണ്ടി കാമുകനായ നിന്നെ ഉപേക്ഷിച്ചപ്പോൾ ഞാൻ വഞ്ചകിയായി….. അതിപ്പോ നിനക്ക് വേണ്ടി അവരെ തള്ളിപറഞ്ഞിരുന്നെങ്കിലും ആ പേര് തന്നെ വീഴുമാരുന്നു അല്ലെ വിനൂ…… ?

മാതാപിതാക്കൾ ബാധ്യത തീർക്കാൻ വിവാഹമെന്ന പേരിൽ ഒരാളുടെ തലയിൽ വച്ചു കെട്ടിയപ്പോൾ നിനക്ക് ഞാൻ തേപ്പുകാരിയായി……. ചിലപ്പോഴൊക്കെ പെണ്ണിന്റെ നിസ്സഹായതയ്ക്ക് സമൂഹം ചാർത്തിയ പുതിയ പേര്……. “തേപ്പുകാരി….. ”

ആത്മഹത്യ ചെയ്യാൻ മനസില്ലായിരുന്നു വിനു…… മരണത്തെയെങ്കിലും ജയിക്കണം എന്ന വാശി…… അതാണെന്നെ ഇവിടെ വരെ എത്തിച്ചത്……

ഒന്നും മിണ്ടാതെ വിനു കേട്ടിരുന്നു അവൾ പറഞ്ഞത് ഏറെക്കുറെ ശരിയാണ്. എവിടൊ ഒരു വിങ്ങൽ…….. ഈ കൂടി കാഴ്ച വേണ്ടിയിരുന്നില്ല……

ഒക്കെ ശരിയാണ് അവളിപ്പോ ചെയ്യുന്ന ഈ തൊഴിൽ……? ഇതെന്തിന്റെ പേരിൽ ന്യായീകരിക്കും….. ?

വീടെത്തി…… നീയെന്താ എനിക്കുള്ള പുതിയ പേരിനായുള്ള ആലോചനയിലാണോ….. ? നീ വരു…… കയറിയിട്ട് പോവാം….. അല്ലെങ്കിൽ വേണ്ട…… ഈ നേരത്തു നിന്നെ എനിക്കൊപ്പം ആരെങ്കിലും കണ്ടാൽ നിനക്കതു മോശമാ….. നീ പൊയ്ക്കോ……. സഹായങ്ങൾക്ക് ഒരുപാട് നന്ദി…..

ഇല്ല ഞാനും വരുന്നു എനിക്ക് നിന്റെ കുട്ടികളെ ഒന്നു കാണണം.

ഒരു രാത്രിക്കു പതിനായിരങ്ങൾ വാങ്ങുന്നവളുടെ വീടിന്റെ അവസ്ഥ ഇത്ര ദയനീയമോ…… ? നിലത്തു വിരിച്ച പായയിൽ കിടന്നുറങ്ങുന്ന രണ്ടാൺകുട്ടികൾ….

വിനൂ നോക്ക് ഇതാണെന്റെ പൊന്നു മക്കൾ. മദ്യപാനിയായ ഭർത്താവ് മരണത്തിനു മുൻപ് എനിക്ക് തന്നിട്ട് പോയ എന്റെ സമ്പത്ത്. ബാധ്യതയാവുമെന്നു പേടിച്ചാവും അയാൾ മരിച്ചതിൽ പിന്നെ വീട്ടുകാരാരും തിരിഞ്ഞു നോക്കിയിട്ടില്ല.

അതോടെ നീ വിളിച്ച ആ മൂന്നാമത്തെ പേരിനു ഉടമയായി ഞാൻ “അഭിസാരിക…” അതെ വിനൂ ആ പേരിനു ഞാൻ അർഹയാണ്.

കാൻസർ കവർന്നു തിന്നുകൊണ്ടിരിക്കുന്ന എന്റെ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ഞാൻ മുട്ടാത്ത വാതിലുകളില്ല. മാന്യമായി ജോലി ചെയ്തു ജീവിച്ചൂടെ എന്നാവും നമ്മുടെ സമൂഹം ചോദിക്കുക…?

നാളെ മോനെ ഹോസ്പിറ്റലിൽ കൊണ്ട് പോവണം അതിനു കുറവുണ്ടായിരുന്ന പണമാണ് കുറച്ചു മുന്നേ ഞാൻ നിന്റെ കയ്യിൽ നിന്നു വാങ്ങിയത്….. അത് പെട്ടെന്നുണ്ടാക്കാൻ മറ്റൊരു വഴി എനിക്ക് മുന്നിൽ ഇല്ലായിരുന്നു…..

ചെയ്ത തെറ്റിനെ ന്യായീകരിക്കുകയല്ല വിനൂ ഞാൻ……. തെറ്റെന്നും തെറ്റു തന്നെയാണ്……. പക്ഷെ എന്റെ മുന്നിൽ ഇപ്പോൾ ശരി തെറ്റുകൾക്ക് സ്ഥാനം ഇല്ല. ഒരിക്കൽ പോലും സന്തോഷവും സുഖവും ഞാൻ അനുഭവിച്ചിട്ടില്ല. വേദനകൾ നിറഞ്ഞ പകലുകളും രാത്രികളുമാണ് കഴിഞ്ഞു പോയവയിൽ ഏറെയും…..

നീ എന്നോട് ക്ഷമിക്കൂ ….. നിന്റെ ജീവിതം തകർത്ത വഞ്ചകിയും തേപ്പുകാരിയും ആയ ഈ അഭിസാരികയോട് ക്ഷമിക്കൂ……

ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു നിർത്തി…..

ദേവൂ എന്റെ വാക്കുകൾ നിന്നെ വേദനിപ്പിച്ചെങ്കിൽ മാപ്പ്……

ഇല്ല വിനൂ…… ഒട്ടും വേദനിച്ചില്ല…… വേദന മറന്നിരിക്കുന്നു…. മനസിന്റെ മാത്രമല്ല ശരീരത്തിന്റെയും…… എന്റെ അവസ്ഥ നിന്നിൽ സഹതാപം ഉളവാക്കിയിരിക്കുന്നു……. അത് വേണ്ട……

എന്തിന്റെ പേരിലാണെങ്കിലും നമ്മുടെ സമൂഹം ഒരു അഭിസാരികയോട് സഹതപിക്കില്ല. അവൾക്കെന്നും പുതിയ പുതിയ പേരുകൾ ചാർത്തപെട്ടുകൊണ്ടേയിരിക്കും…..

വഞ്ചകി……തേപ്പുകാരി….. അഭിസാരിക……

ഇതിൽ നിന്നൊരു മോചനം അവൾക്കുണ്ടാകുകയില്ല…… ഒന്നു മാത്രം വിനൂ….. മനസ് കൊണ്ട് ഇത് മൂന്നും ഞാൻ ചെയ്തിട്ടില്ല…….

നേരം ഒരുപാടായി നീ പോകൂ…….

നിറഞ്ഞ കണ്ണുകളുമായി ഒന്നും പറയാനാവാതെ അവിടെ നിന്നിറങ്ങുമ്പോൾ ഒരു ചോദ്യമുണ്ടായിരുന്നു മനസ്സിൽ………..

അവൾക്കു ഈ പേരുകളൊക്കെ പതിച്ചു നൽകിയ കപട സദാചാരത്തിന്റെ മുഖം മൂടിയണിഞ്ഞ സമൂഹമേ നിന്നെ എന്തു പേരിട്ടു വിളിക്കണം ഞാൻ……….. ?

രചന : – അമ്മു

Leave a Reply

Your email address will not be published. Required fields are marked *