ഷൈമ

രചന : – ഇബ്രാഹീം നിലമ്പൂർ

” ഷൈമാ….ഞാൻ പുറത്തു പോയി വരാം ഇവിടെ ഒരാൾ വരും… വേണ്ട പോലെ സ്വീകരിക്കണം.. എതിർത്തൊന്നും പറയരുത്.. എനിക്ക് വേണ്ടപ്പെട്ട ഒരാളും നമ്മുടെ ജീവിത പ്രശ്നവും കൂടിയാണ് ”

നിങ്ങളെ കൂട്ടുകാരനാണെങ്കിൽ ഞാൻ സദ്യയുണ്ടാക്കാം, പക്ഷേ ഞാനൊരു പെണ്ണൊരുത്തി ഒറ്റക്കെങ്ങനാ ഈ പരിചയമില്ലാത്ത സ്ഥലത്ത് പരിചയമില്ലാത്ത ആൾക്ക് ഭക്ഷണം വിളമ്പാ..?..നിക്ക് പേടിയാ ഷാജിക്കാ..

ഷൈമ നിഷ്കളങ്കമായി പറഞ്ഞു.

എടി പൊട്ടി…ഭക്ഷണമുണ്ടാക്കി വിളമ്പാൻ ഇത് ഹോട്ടലൊന്നുമല്ല… അതുക്കും മേലെ ചിലവില്ലാതെ പെട്ടെന്ന് പണക്കാരാക്കുന്ന സത്കാരം.!

‘ഇക്കാ…നിങ്ങളെന്തൊക്കെയാണീ പറേണത്.. നിക്കൊന്നും മനസ്സിലാവണില്യ’

” ധൃതി വെക്കാതെ ഷൈമ.. എല്ലാം മനസ്സിലായിക്കോളും ” എന്നു കണ്ണിറുക്കി പറഞ്ഞു ഷാജി പോകാനായി ബൈക്കിൽ കയറി.

നിങ്ങൾ പോകുന്നിടത്ത് ഞാനും വരും. അങ്ങനെ എന്നെ ഒറ്റക്കാക്കി പോവണ്ട” എന്നും പറഞ്ഞു ഉടുത്തിരുന്ന മാക്സിയുമിട്ട് ഷൈമയും ബൈക്കിനു പിന്നിൽ കയറി ഇരിപ്പായി.

“എന്തോന്ന് വിചാരിച്ചാ ഷൈമേ നീ കളിക്കുന്നത്…. നീ പോയി കുളിച്ചൊരുങ്ങി സുന്ദരിക്കോതയായി നിക്ക്.. ചെല്ല്.”

ഇക്കാ.. ഞാൻ കാര്യായിട്ടാ ചോദിക്കണത് എന്താണ് ഇക്ക ഉദ്ദേശിക്കണത്..?

‘മോളൂ…. നിനക്കറിയാലോ എന്റെ കയ്യിൽ കാശില്ലാന്ന് .വീട്ടുകാരുടേം നാട്ടുകാരുടേം കൺവെട്ടത്തു നിന്നും രക്ഷപ്പെടാനല്ലേ നമ്മളിത്രേം ദൂരേക്ക് രായ്ക്കുരാമാനം ആരുമറിയാതെ പുറപ്പെട്ടത്…

നിന്റെ ഭർത്താവ് ഒരു മൊശടനായതു കൊണ്ടല്ലേ നിനക്ക് വേണ്ട സ്നേഹവും കരുതലും കിട്ടാതിരുന്നത്… മൂന്നാലു ദിവസമായി നിനക്കത് വേണ്ടുവോളം ഞാൻ തരുന്നുണ്ട് …

” അതു കൊണ്ട് ഞാനിപ്പോ എന്ത് ചെയ്യണംന്നാ ഇക്ക പറയുന്നേ”

“നീ ഒന്നും ചെയ്യണ്ടടീ.. ചെയ്യേണ്ടതെല്ലാം വരുന്നോർ ചെയ്തോളും… ഞാൻ തരുന്നതെല്ലാം അവരും തരും… പിന്നെ കൈ നിറയെ പുത്തനും..

ഷൈമയുടെ തല പെരുത്തു,കണ്ണിൽ ഇരുട്ടു കയറി എന്തൊക്കെയോ അരുതായ്മകൾ നടക്കാൻ പോവുന്നുവെന്ന് അപ്പോൾ മാത്രമാണവൾ ചിന്തിച്ചത്.

ഗ്രാമീണ നിഷ്കളങ്കതയിൽ പുറം ലോകത്തിന്റെ ചതിക്കുഴികളെക്കുറിച്ച് ബോധേഡല്ലാത്ത, പുറമേ കാണുന്നതെല്ലാം യാഥാർത്ഥ്യമാണെന്ന് ധരിക്കുന്ന ശരാശരി പെൺകുട്ടികളിലൊരാൾ തന്നെയായിരുന്നു ഷൈമ.

വിവാഹം കഴിഞ്ഞു അഞ്ചു വർഷമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ പോവുന്നതിനിടയിലാണ് എല്ലൈസി പോളിസിയുമായി വരാറുള്ള ഷാജിയുടെ ചിരിയിലും തേനിൽ പൊതിഞ്ഞ സംസാരത്തിലും അവൾ വീണത്.

പക്ഷേ അതിത്ര വലിയ കരകയറാൻ പറ്റാത്ത വീഴ്‌ചയായിരിക്കുമെന്ന് സ്വപ്നേപി അവൾ ചിന്തിച്ചിരുന്നില്ല. അല്ലെങ്കിലും അനുഭവത്തെ മാത്രം ഗുരുവായി ആശ്രയിച്ച് ചിന്താശേഷിയെ പണയം വെക്കാൻ നാം മിടുക്കരാണല്ലോ…😏😏

അവൾ ബൈക്കിൽ നിന്നിറങ്ങി വാടക ഫ്ലാറ്റിന്റെ ബഡ്റൂമിലേക് ഓടുകയായിരുന്നു. വാതിൽ പോലും സാക്ഷയിടാൻ മറന്ന് കട്ടിലിൽ കമിഴ്ന്നു കിടന്നു മുഖം പൊത്തി കരഞ്ഞു.

ഒരുപാട് കരഞ്ഞപ്പോൾ എന്തൊക്കെയോ എനർജി കിട്ടിയ പ്രതീതി.

ശരീരത്തിലൊരു കൈ ഇഴഞ്ഞു തുടങ്ങിയപ്പോഴാണ് അവൾ പിടഞ്ഞെണീറ്റത്.അതെ ഷാജിയെന്ന കഴുകൻ പറഞ്ഞ അവന്റെ കൂട്ടുകാരൻ… !!

അവനെ തള്ളി മാറ്റി ഓടാൻ ശ്രമിച്ചെങ്കിലും കൈ കരുത്ത് കൊണ്ട് അവനവളെ വലിച്ച് തറയിലിട്ടു. ദേഹത്തിരിക്കുന്ന ആജാനുബാഹുവിനെ തള്ളി മാറ്റാൻ കഴിയാതെ ഷാജിയെ വിളിച്ചു കരഞ്ഞെങ്കിലും കിട്ടാൻ പോവുന്ന പണത്തെക്കുറിച്ചുള്ള മനോരാജ്യം പണിയുകയായിരുന്നു അവൻ.

പെട്ടെന്നാണ് കട്ടിലിനടിയിൽ കിടന്ന പട്ടിക കഷ്ണം അവളുടെ കണ്ണിലുടക്കിയത്. കൈയ്യിലെടുത്ത പട്ടിക കൊണ്ട് അവന്റെ കണ്ണിനുലക്ഷ്യമാക്കി കുത്തിയത് പിഴച്ചില്ല. വേദന കൊണ്ടു പുളഞ്ഞു പിടയുന്ന അവന്റെ മൂർദ്ധാവ് ലക്ഷ്യമാക്കി പട്ടിക കൊണ്ടൊന്ന് പെടച്ചു.

ഒരാർത്ത നാദത്തോടെ പിടഞ്ഞു വീണ അവന്റെ ശിരസ്സിൽ നിന്നും ചീറ്റിത്തെറിച്ച രക്തകണങ്ങൾ വെള്ളച്ചുമരിൽ ചുമന്ന ചിത്രം തീർത്തു.

ആർത്തനാദം കേട്ടു അവിടേക്കു വന്ന ഷാജി ഒരു യക്ഷിയെപ്പോലെ ഉഗ്രരൂപിയായി കണ്ണുകൾ ചുവപ്പിച്ച് കിതച്ചു നിൽക്കുന്ന ഷൈമയെ കണ്ടു പകച്ചോടാൻ ശ്രമിച്ചു.

പട്ടിക കഷ്ണം വീണ്ടും വായുവിൽ ഉയർന്നു താണു. ഒന്നു വെട്ടിവിറച്ച ഷാജിയുടെ ഉടലും പതിയെ നിശ്ചലമായി.

വനിതാ പോലീസുകാർക്ക് കൈയ്യാമം വെക്കാൻ കൈ നീട്ടികൊടുക്കുമ്പോഴും അവളുടെ മുഖത്ത് ഭാവപ്കർച്ച ഒന്നുമുണ്ടായിരുന്നില്ല.

നീണ്ട കാലത്തെ ജയിൽവാസം അവളെ പക്വമതിയാക്കിയെങ്കിലും തിരിച്ചെത്തിയപ്പഴേക്ക് വേണ്ടപ്പെട്ടതെല്ലാം അവൾക്ക് കൈവിട്ട് പോയിരുന്നു.

വാൽകഷ്ണം: ഇതൊരു ആസ്വാദനത്തിന് എഴുതിയ കഥയല്ല. ജീവിതം പാഴായ ഒരു പെണ്ണിന്റെ നഷ്ട ജീവിതമാണ്.

മനുഷ്യനു മാത്രമായി കനിഞ്ഞു കിട്ടിയ ബുദ്ധി വിവേകപരമായി ഉപയോഗിക്കാൻ പഠിക്കാത്തിടത്തോളം തുടർക്കഥകൾ ആവർത്തിച്ചു കൊണ്ടിരിക്കും.

ഒരാൾ ഇളിച്ചു കാണിക്കുമ്പഴേക്കും അതാണ് സ്നേഹപ്രബഞ്ചമെന്ന് ധരിച്ചുവശായി എല്ലാം ഇട്ടെറിഞ്ഞ് സ്വയം ദുരന്തം രചിക്കുന്ന ഷൈമമാർ ഉണ്ടാവാതിരിക്കട്ടെ.

രചന : – ഇബ്രാഹീം നിലമ്പൂർ

Leave a Reply

Your email address will not be published. Required fields are marked *