സാരിയൊക്കെ തീരെ ഒതുക്കമില്ലാതെ വരി ഉടുത്തിരിക്കുന്നു. വലതു കൈയിൽ കറുത്ത സ്ട്രാഫിന്റെ ഒരു വാച്ച്…

രചന: ആശ രവി

“നീ ഇപ്പൊ ഓടി വരേണ്ട കാര്യം ഒന്നൂല്ലാരുന്നു മനു… ഞാൻ ആ ദാസനോട് പറഞ്ഞതാ നിന്നെ അറിയിക്കേണ്ടന്ന്.. വല്ല നാട്ടിലും കിടക്കുന്ന നിങ്ങടെ മനസമാധാനം കൂടി കളയാൻ… ”

“അമ്മ ഇപ്പൊ അതൊന്നും ആലോചിക്കേണ്ട… നന്നായിട്ട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞില്ലേ… ഞാൻ എന്റെ ജോലികളെല്ലാം പലരെ ആയി ഏല്പിച്ചിട്ടാ പോന്നെ.. അടുത്ത മാസം വെക്കേഷൻ തുടങ്ങുവല്ലേ… മോളേം കൂട്ടി ആമിയും ഇങ്ങ് പോരും… അമ്മ പഴേപോലെ ഓടി നടക്കുന്ന കണ്ടിട്ടേ ഞങ്ങൾ തിരിച്ചു പോകുള്ളൂ… ”

“നിക്ക് ഇപ്പൊ ഒന്നൂല്ലടാ… പത്തറുപത്തഞ്ചു കൊല്ലമായിട്ട് പണിയെടുത്ത ഹൃദയമൊന്നു പണിമുടക്കാൻ നോക്കിയതല്ലേ ”

“മതി മതി തമാശ… എവിടെ അമ്മേടെ മെഡിക്കൽ റിപോർട്സും മറ്റും… ഒന്ന് നോക്കട്ടെ ”

“അതൊക്കെ ആ കുട്ടീടെ കൈയിലാ… അവൾടെ സീനിയർ ഡോക്ടറെ ആണ് കാണുന്നെ. .. അവൾ ഒക്കെ വേണ്ട രീതിയിൽ ചെയ്തോളും ”

“ആര് ? ഭദ്രയോ ??”

“ഉം ”

“അവളെന്നാ വന്നത്… ”

“അവളിപ്പോ ഇവിടെയാ മനു… ശ്രീജിത്തുമായിട്ട് ന്തോക്കെയോ പ്രശ്നങ്ങൾ ഉണ്ട്…. ഏഴെട്ടു മാസമായി കുട്ടി ഇങ്ങ് പോന്നിട്ട്… ”

“ന്ത്‌ പ്രശ്നം… അമ്മ ചോദിച്ചില്ലേ അവളോട്‌ ??”

“ചോദിച്ചാൽ പറയോ അവൾ… അവൾടെ സങ്കടങ്ങൾ അവൾ ആരേം അറിയിക്കില്ലല്ലൊ… സഹികെട്ടിട്ടുണ്ടാകും ന്റെ കുട്ടി… അതാ ഇറങ്ങി പോന്നെ.. പണ്ടും അവൾ അങ്ങനെ തന്നെ ആയിരുന്നില്ലേ മനു ?”

അമ്മയുടെ ചോദ്യത്തിനു മുന്നിൽ മൗനം പാലിക്കുവാനേ മനുവിനായുള്ളു. മറുപടി ഇല്ലാതെ അവൻ അമ്മയുടെ മുറി വിട്ടിറങ്ങി. മുറ്റത്ത്‌ നാരായണി കൊപ്ര ചിക്കുന്നുണ്ടായിരുന്നു. അവർ മനുവിനെ നോക്കി നിഷ്കളങ്കമായി ചിരിച്ചു. മനു ഉമ്മറത്ത്‌ നിന്നും പടിഞ്ഞാട്ടേയ്ക്ക് നോക്കി…

“ദദ്ര അവിടെ ഇല്ല കുഞ്ഞേ…ആശൂത്രിന്ന് വരാറാകുന്നെ ഉള്ളു.. ”

മനു ഒന്ന് ചൂളി പോയി. ഇവർക്ക് എങ്ങനെ മനസിലായി ഞാൻ ഭദ്രയെ ആണ് നോക്കിയതെന്നു…. ഇനിയും നിന്നാൽ ശരിയാകില്ലന്ന് തോന്നീട്ടാകും മനു തൊടിയിലേക്കിറങ്ങി… ആർക്കും ഒന്നിനും വലിയ മാറ്റമൊന്നൂല്ല… താൻ മാത്രമേ മറിയുള്ളോ? പല നിറത്തിൽ പൂവിട്ടു നിന്നിരുന്ന ചെമ്പരത്തികൾ ഒക്കെയും ഇന്ന് മരം കണക്കെ വളർന്നിരിക്കുന്നു. ഈ തൊടിയിൽ നിന്നായിരുന്നു അവൾ പണ്ട് താളി ഉണ്ടാക്കാൻ പൂക്കളിറുത്ത്. അവൾക്ക് എത്താത്ത ഉയരത്തിൽ നിന്നും എത്രയോ പൂക്കൾ ഞാനും പറിച്ചു കൊടുത്തിരിക്കുന്നു. അന്നൊക്കെ അവൾക്ക് കർപ്പൂരത്തിന്റെ മണമായിരുന്നു. വീടിന്റെ കിഴക്കേ അരുവിലെ പൂജ മുറിയിൽ മാത്രമുണ്ടായിരുന്ന മണം. തൊടിയുടെ അപ്പുറം നാഗക്കാവാണ്. നാഗത്താനും നാഗയക്ഷിയും ഒക്കെയുള്ള മുത്തശ്ശിയുടെ കഥകളിലെ നാഗക്കാവ്. ആയില്യം നാളിൽ പൂജകളും മറ്റും ഇവിടെ നടത്തിയിരുന്നു. ഇപ്പോൾ പൂജ മുടങ്ങിയിട്ട് അഞ്ചാറ് കൊല്ലം ആകുന്നു.

എന്തൊക്കെയോ ഓർത്ത് അങ്ങനെ നിക്കുമ്പോൾ മുറ്റത്തു ഒരു വണ്ടി വന്ന ശബ്ദം കേട്ട് അങ്ങോട്ട് നടന്നു. ഭദ്രയാണ്… സാരിയൊക്കെ തീരെ ഒതുക്കമില്ലാതെ വരി ഉടുത്തിരിക്കുന്നു. വലതു കൈയിൽ കറുത്ത സ്ട്രാഫിന്റെ ഒരു വാച്ച് അല്ലാതെ മറ്റൊരു ആഭരണവും അവൾ ധരിച്ചിരുന്നില്ല. അവൾ എന്നെ കണ്ടില്ല. നേരെ അമ്മയുടെ മുറിയിലേക്ക് നടന്നു. അവളുടെ മുന്നിലേക്ക് പോകാൻ എന്റെ കുറ്റബോധം എന്നെ അനുവദിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും അവളോട് സംസാരിക്കാൻ ഉറപ്പിച്ചു ഞാനും അമ്മയുടെ മുറിയിലേക്ക് നടന്നു. അവൾ അമ്മയോട് സംസാരിക്കുകയാണ്..

“ന്റെ അമ്മക്കുട്ടി രാവിലത്തെ ഭക്ഷണം കഴിച്ചില്ലേ ഇതുവരെ? ”

“ഉവ്വ്… കഴിച്ചു മോളെ ”

“ന്നിട്ട് ന്തേ രാവിലത്തെ ഗുളിക ഒക്കെ ഇവിടെ ഇങ്ങനെ ഇരിക്കുന്നെ? ആ കാർത്തുവെച്ചിയോടു ഞാൻ പറഞ്ഞിരുന്നൂലോ ഇതൊക്കെ നോക്കി ചെയ്യാണോന്ന്… എവിടെ പോയി ന്നിട്ട്? ”

“അവൾ അപ്പുറത്തെ മുറ്റത്തു ഉണ്ട് കുട്ടി… മനു ഉള്ളോണ്ടാ അവൾ ശ്രദ്ധിക്കാഞ്ഞേ.. ഞാനും മറന്നു… ഇങ്ങു തന്നേക്ക്… ”

“വന്നുവോ?? ”

അമ്മയ്ക്ക് നേരെ ഗ്ലാസ്‌ നീട്ടിക്കൊണ്ട് നിർവികാരതയോടെ അവൾ ചോദിച്ചു.

“ഉവ്വ്.. കണ്ടില്ലേ മോള്.. മുറ്റത്തു ഉണ്ടാരുന്നൂലോ… ”

“ഇല്ല… അഹ് ഞാൻ ഇറങ്ങട്ടെ… രാത്രി ഡ്യൂട്ടി കഴിഞ്ഞു ആകെ മുഴിഞ്ഞു ഇരിക്കുവാ… അമ്മ മരുന്നൊക്കെ മുടക്കാതെ കഴിക്കണം… ”

അവൾ ഇറങ്ങാൻ ഭാവിക്കയാണെന്ന് മനസിലായപ്പോൾ ഞാൻ അകത്തേക്ക് ചെന്നു.. എന്നെ കണ്ട ഭാവം നടിക്കാതെ അവൾ പുറത്തേക്കിറങ്ങിപ്പോയി. ഞാൻ മെല്ലെ അമ്മയുടെ അരികിലേക്ക് ഇരുന്നു.

“കുറ്റബോധം തോന്നുന്നുണ്ടോ നിനക്ക്? ” അമ്മയുടെ ചോദ്യത്തിൽ സങ്കടം കലങ്ങി ചേർന്നിരുന്നു. ഞാൻ മൗനമായി ഒന്ന് ചിരിച്ചു.

“പന്ത്രണ്ടു വർഷക്കാലത്തോളമായി അല്ലെ അമ്മാ അവൾ ന്നോട് മിണ്ടിയിട്ട്… ”

“ഉം.. പണ്ട് നീ പിണങ്ങുമ്പോൾ മനുവേട്ടനോട് ഒന്ന് മിണ്ടാൻ പറ അമ്മൂട്ടീമ്മേ എന്ന് പറഞ്ഞു വന്നിരുന്ന കുട്ട്യാ.. ഒക്കെ ഓരോ വാശികൾ. ഒന്നും വേണ്ടന്ന് അമ്മ അന്നേ പറഞ്ഞതല്ലേ. ”

“അവൾക്കിപ്പോഴും എന്നോട് ദേഷ്യണോ അമ്മേ.. ”

“നിക്ക് അറീല മനു… നീ പോയതിൽ പിന്നെയല്ലേ അവൾ ഇവിടേയ്ക്ക് വരാറ്… നിന്റെ കാര്യങ്ങൾ ഒന്നും ഞങ്ങൾക്കിടയിൽ വരാറില്ല… പാവം കുട്ടി… നീ കാരണം കൊറേ കരഞ്ഞതാ അവൾ… നീയായിട്ട് ഇനി അവളോട് ഒന്നും ചോദിച്ചു മനസ് വിഷമിപ്പിക്കരുത്.. ”

“ഞാൻ ആരേം കരയിക്കാൻ പോണില്ല… എന്നും എന്റെ തീരുമാനങ്ങൾ മാത്രമാണല്ലോ എല്ലാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കീട്ടുള്ളത്.. ”

“അതിൽ ഇനിയും നിനക്ക് സംശയം ഉണ്ടോ? വിവാഹ നിശ്ചയം കഴിഞ്ഞു ഇട്ട മോതിരം വരെ തിരിച്ചു വാങ്ങി നീ ഇവിടേയ്ക്ക് കയറി വന്ന അന്ന് മുതൽ നിന്റെ തീരുമാനങ്ങൾ ഒക്കെ തെറ്റായിരുന്നു മോനെ… ”

അമ്മയുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു. കൂടുതൽ വാഗ്വാദങ്ങൾക്ക് വഴി വെയ്ക്കാതെ ഞാൻ ആ മുറി വിട്ടിറങ്ങി. അമ്മ പറഞ്ഞതൊക്കെ ശരിയാണ്. ഏറെയും വാശികൾ ആയിരുന്നു. പക്ഷെ എന്റെതുമാത്രമായ ശരികൾ ആരും ചോദിച്ചില്ല. എങ്കിലും അവളോട് ഒന്ന് സംസാരിക്കണം എന്ന് വല്ലാത്ത മോഹം. ന്തായാലും ഇവിടെ വെച്ച് വേണ്ട. അമ്പാട്ടേയ്ക്ക് പോകാം. പക്ഷെ തന്നെ കാണുമ്പോൾ ഉള്ള സരസ്വതിയമ്മയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നതിൽ ആശങ്കയുണ്ട്. അമ്പാട്ടേയ്ക്ക് കയറി ചെല്ലുമ്പോൾ നല്ല നെഞ്ചിടിപ്പ് ഉണ്ടായിരുന്നു. വാതിൽ തുറന്നത് സരസ്വതിയമ്മ ആയിരുന്നു. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഒന്നും വിളിച്ചു പറയാത്ത ആ നോട്ടം മനുവിനെ വല്ലാതെ തളർത്തി.

“വന്നൂന്ന് അറിഞ്ഞു… ന്തേ ഇവിടേയ്ക്ക്? ”

“ഭദ്ര… ”

“ഹോസ്പിറ്റലിലെ കാര്യം വല്ലതും ആണേൽ അവൾ അവിടേയ്ക്ക് കൊണ്ട് വന്നോളും… ഇവിടേയ്ക്ക് വന്നു ബുദ്ധിമുട്ടണം എന്നില്ല. ”

“അല്ല… നിക്ക് ഭദ്രയോടു ഒന്ന് സംസാരിക്കണം.. ”

“മതിയായില്ലേ നിനക്ക്?? ചത്ത ശവം പോലെ ആക്കി ഇട്ടിട്ട് ഈ പടി ഇറങ്ങി പോയവനല്ലേ നീ.. ഇനിയും കൊന്ന് ചോര കുടിക്കണോ അതിന്റെ?? ”

ആ കണ്ണുകൾ ദേഷ്യവും സങ്കടവും കൊണ്ട് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

“അമ്മേ.. ന്താ അമ്മേ ഇത്. അയാൾക്ക് ന്നെ ഒന്ന് കാണണം എന്നല്ലേ പറഞ്ഞുള്ളു.. അമ്മ അകത്തേയ്ക്ക് പൊയ്ക്കുള്ളു… ”

സരസ്വതിയമ്മയെ അകത്തേക്ക് പറഞ്ഞു വിട്ട് ഭദ്ര മനുവിന് മുന്നിലായി നിന്നു. ആ മുഖത്തേയ്ക്ക് നോക്കാൻ അവൻ നന്നേ പാടുപെട്ടു.

“ന്താ.. ന്താ ഇനിയും പറഞ്ഞു തീർക്കാൻ ഉള്ളത്??? ഒക്കെ ഒരിക്കൽ പറഞ്ഞവസാനിപ്പിച്ചതല്ലേ?? ഇനിയും അതിലെന്താണ് പറയാൻ ബാക്കിയുള്ളത്?? ”

അവൾ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു.

“ഭദ്ര… ഒരു ഏറ്റുപറച്ചിലിനോ കുറ്റപ്പെടുത്തലിനോ ഒന്നും അല്ല ഞാൻ വന്നത്. എനിക്ക് ഒന്ന് സംസാരിക്കണം എന്ന് തോന്നി. അത്ര മാത്രം.. അമ്മയുടെ ഈ പ്രതികരണം ഞാൻ പ്രതീക്ഷിച്ചതാണ്. ”

“പറഞ്ഞോളൂ പറയാൻ ഉള്ളതൊക്കെ ”

“ഭദ്ര… നീ ഈ ഒരു ആറ്റിട്യൂഡിൽ നിൽക്കുമ്പോൾ ഞാൻ എന്ത് സംസാരിക്കാനാണ്?? എനിക്കറിയാം നിന്റെ ഈ അവസ്ഥയ്ക്ക് കാരണം ഞാൻ ആണ്.. ഞാൻ മാത്രം… ഞാൻ എന്റെ താല്പര്യങ്ങൾക്ക് പരിധി വെച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും ആകില്ലായിരുന്നു.. ”

“എനിക്ക് നിങ്ങളോട് ദേഷ്യമോ പകയോ ഒന്നും തോന്നാറില്ല. ആ കാലമൊക്കെ എന്നെ കഴിഞ്ഞു… അതേ പറ്റി പറഞ്ഞു ബുദ്ധിമുട്ടണ്ട.. ”

“നമ്മൾ ചില വാശികൾ മാറ്റി വെച്ചിരുന്നു എങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.. ”

“നിങ്ങൾക്ക് ഒപ്പമായിരുന്നു എങ്കിൽ ചിലപ്പോൾ ഇതിലും മോശമായി പോയേനെ ന്റെ അവസ്ഥ… ഇപ്പോൾ അറ്റ്ലീസ്റ്റ് എനിക്ക് ഒരു വരുമാനം എങ്കിലും ഉണ്ട്.. ”

തികഞ്ഞ പുച്ഛത്തോടെ അത് പറഞ്ഞവൾ അകത്തേക്ക് പോയി. നിശ്ശബ്ദനാകൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ആ വഴികൾ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഓർത്തു, അത്രയേറെ അവളുടെ ഉള്ളിൽ ഞാൻ വെറുക്കപ്പെട്ടവനായിരിക്കുന്നു. ഇപ്പോൾ ആലോചിക്കുമ്പൾ ശരിയാണ്. അവൾ മാത്രമായിരുന്നു ശരി.

ഭദ്രയും ഞാനും അയൽക്കാരായിരുന്നു. ഞങ്ങൾക്ക് രണ്ട് വീടുകളും സ്വന്തം വീടുകൾ തന്നെയായിരുന്നു. കളിക്കൂട്ടുകാരി പിന്നെ പ്രണയിനി ആകാൻ വലിയ താമസം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഇഷ്ടം മനസിലാക്കിയ വീട്ടുകാർക്കും എതിർക്കാൻ യാതൊരു കാരണങ്ങളും ഉണ്ടായിരുന്നില്ല. അവളുടെ ഹൗസ്സർജൻസി കഴിഞ്ഞ നാളുകളിൽ ആയിരുന്നു ഇംഗ്ലണ്ടിൽ പോയി ഹയർസ്റ്റഡീസ് ചെയ്താലോ എന്നൊരു ഓപ്ഷൻ അവൾ എന്നോട് ഷെയർ ചെയുന്നത്. അന്ന് ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു ഏതാണ്ട് രണ്ട് മാസം കഴിഞ്ഞിരുന്നു. സ്കോളർഷിപ് ലഭിച്ചാൽ മാത്രം യുകെ പഠനം നടത്തണം എന്നായിരുന്നു അവളുടെ ആഗ്രഹം. വളരെ വലിയ തുക മുടക്കി പഠിക്കാൻ അവൾ താല്പര്യപ്പെട്ടില്ല. ഇന്ത്യയിൽ നിന്ന് പോലും ഒന്നോ രണ്ടോ പേർക്ക് ലഭിക്കുന്ന സ്കോളർഷിപ്പിന് അവൾ അപ്ലിക്കേഷൻ അയച്ചു. പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവൾ ആ സ്കോളർഷിപ് നേടിയെടുത്തു. അത്രത്തോളം ഒന്നും ബ്രില്ലിയൻറ് അല്ലാത്തതിനാൽ ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല. ആ ഒരു നിമിഷം തൊട്ട് എന്റെ ചിന്തകൾ ഏതൊക്കെയോ വഴിക്ക് പോയി.

“ഭദ്ര… എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്… വീട്ടിൽ വെച്ച് വേണ്ട… പുറത്തേക്ക് എവിടെയെങ്കിലും പോകാം.. നീ എപ്പോൾ ഫ്രീ ആകും.. ”

“ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ തുടങ്ങുവാ.. 8 പോയിന്റ് കഫെലേക്ക് വരാൻ പറ്റുമോ? ”

“ശരി… ഞാൻ എത്താം ”

അരമണിക്കൂറിനുള്ളിൽ ഞാൻ അവിടെയെത്തി അവൾക്കായി കാത്തിരുന്നു.

“എന്താ മനുവേട്ടാ… എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്? ”

“ഭദ്ര ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നീ പക്വതയോടെ കേൾക്കണം.. ”

“എന്താ ഇങ്ങനെ ഒരു പ്രീ ഫേസ്… കാര്യം പറയെന്നെ.. ”

“ആക്ച്വലി നീ യുകെ യിൽ പോയി ഹയർ സ്റ്റഡീസ് നടത്തുന്നതിനോട് എനിക്ക് യാതൊരു താല്പര്യവുമില്ല. നീ ഇതിനു അപ്ലൈ ചെയുമ്പോൾ പോലും നിനക്ക് ഇത് കിട്ടും എന്നു ഞാൻ കരുതിയിരുന്നില്ല. അവിടെ നീ രണ്ട് വർഷം നിന്നു കോഴ്സ് ചെയ്താലും വീണ്ടും നാട്ടിലേക്ക് വരും എന്ന് എനിക്ക് തോന്നുന്നില്ല. ഇവിടുത്തെതിനെ അപേക്ഷിച്ചു ഒരുപാട് ബെറ്റർ സാഹചര്യങ്ങൾ ആണവിടെ. സൊ നീ അവിടെ തന്നെ തുടരും. നമ്മൾ ഒരുമിച്ചു ഒരു ജീവിതത്തിനു ഞാനും അവിടേയ്ക്ക് വരേണ്ടി വരും. വീടും വീട്ടുകാരെയും ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക്ക് പോകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല… അതുകൊണ്ട് തന്നെ ഹയർസ്റ്റഡീസ് ഇവിടെ എവിടെയെങ്കിലും ചെയ്യുന്നതിനെ പറ്റി നമുക്ക് ആലോചിക്കാം.. ”

“മനുവേട്ടാ നിങ്ങൾ എന്തിനാണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്?? ഞാൻ എന്റെ പഠനം കഴിഞ്ഞു നാട്ടിൽ തന്നെ പ്രാക്ടീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്… അല്ലാതെ അവിടെ സെറ്റിൽഡ് ആകുന്നതിനെ പറ്റി ഒന്നും ഞാൻ ചിന്തിച്ചിട്ട് പോലുമില്ല.. ”

“ഇല്ല ഭദ്ര… നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇതിനു സമ്മതമല്ല… ”

“നിങ്ങൾ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുകയാണ്… ”

ആ സംസാരം അങ്ങനെ നീണ്ടു പോയി. പക്ഷെ രണ്ടുപേരും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. എല്ലാവരും അന്നും അവളുടെ പക്ഷത്തു ആയിരുന്നു. ഒടുവിൽ…

“ഭദ്ര എന്താ നിന്റെ തീരുമാനം? ”

“ഞാൻ പറഞ്ഞതിന് മാറ്റമൊന്നും ഇല്ല. മനുവേട്ടന്റെ ഓരോ പൊട്ട ചിന്തകൾക്ക് മുന്നിൽ എന്റെ ഇത്ര വർഷത്തെ അധ്വാനത്തെ, എന്റെ കരിയറിനെ വിട്ട് കളയാൻ എനിക്ക് പറ്റില്ല ”

“ശരി, നിനക്ക് നമ്മൾ ഒന്നിച്ചുള്ള ജീവിതമാണോ അതോ നിന്റെ കരിയർ ആണോ വലുത്… ”

“എനിക്ക് രണ്ടും വലുതാണ്… ഒന്നിന് വേണ്ടി മറ്റൊന്ന് ഉപേക്ഷിക്കാൻ കഴിയില്ല… ”

“എങ്കിൽ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം… ഇതാ നീ ഇട്ട് തന്ന മോതിരം… നിന്റെ കൈയിലുള്ളത് കൂടി ഊരി തന്നാൽ എല്ലാം അവസാനിപ്പിക്കാം… ”

ഒന്നും മനസിലാകാതെ നിന്ന അവളുടെ കൈയിൽ നിന്നും ആ മോതിരവും ഊരി ഞാൻ ഇറങ്ങി നടന്നു. എല്ലാവരുടെയും എതിർപ്പിനെ മറികടന്നു കൊണ്ട് മറ്റൊരു പെണ്ണിനെ നിശ്ചയിച്ച മുഹൂർത്തത്തിൽ താലി കെട്ടാനും ഞാൻ തീരുമാനിച്ചു. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹമില്ലാതെ നടക്കാൻ പോകുന്ന ആ വിവാഹത്തിന് അവളെ ക്ഷണിക്കാൻ ആയിരുന്നു അവസാനമായി അമ്പാട്ടേയ്ക്ക് പോയത്.

“എന്റെ കല്യാണം ആണ്.. ആര് വന്നില്ലെങ്കിലും നീ അവിടെ ഉണ്ടാകണം”

എന്ന് പറഞ്ഞു അവളുടെ മുഖത്തേക്ക് ലെറ്റർ ഞാൻ എറിഞ്ഞു. ഒരക്ഷരം പോലും അവൾ തിരിച്ചു പറഞ്ഞില്ല. അവളെ ജയിച്ച സന്തോഷത്തോടെ ആ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിവാഹത്തിന് അവളും എത്തി. ഞാൻ മറ്റൊരു പെണ്ണിന് പുടവ കൊടുക്കുന്നത് എന്റെ അമ്മയ്ക്ക് ഒപ്പം അവളും നോക്കി നിന്നു. എന്റെ വിവാഹ ശേഷം ഭദ്ര യുകെ യിലേക്ക് പോയി. പക്ഷെ ഞാൻ വിചാരിച്ചത് പോലെ ഒന്നുമല്ല പിന്നീട് നടന്നത്. മുംബൈയിൽ ബിസിനസ്‌മാൻ ആയിരുന്ന ആമിയുടെ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ ബിസിനസും കാര്യങ്ങളും നോക്കി നടത്താൻ ഞാനും ആമിയും നിർബന്ധിതരായി. ഒഴിഞ്ഞു മാറാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. വീടും വീട്ടുകാരെയും വിട്ട് ഞാൻ മുംബൈ എന്ന നഗരത്തിലെക്ക് ചേക്കെറി. എന്ത്‌ ഭയന്നാണോ ഭദ്രയുടെ യാത്ര ഞാൻ തടഞ്ഞതു അത് തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചു. ആമി നല്ല ഒരു ബിസിനസ്‌ പാർട്ണർ ആയിരുന്നു. പക്ഷെ എനിക്ക് നല്ല ഒരു ലൈഫ് പാർട്ണർ ആകാൻ ഒരിക്കലും കഴിഞ്ഞില്ല. അതിനിടയിൽ എപ്പോഴോ ഭദ്രയുടെ വിവാഹം കഴിഞ്ഞു എന്നും അറിഞ്ഞു. ഒക്കെ ഓർത്തു വരാന്തയിൽ ഇരുന്നു ഞാൻ ഒന്ന് മയങ്ങി.

“കട്ടൻചായ ”

ആ ശബ്ദം കേട്ട് ഞാൻ ഉണർന്നു. പുഞ്ചിരിച്ചു കൊണ്ട് ഭദ്ര മുന്നിൽ. ഞാൻ സ്വപ്നം കാണുകയാണോ എന്ന് സംശയിച്ചു നോക്കി.

“ദേ ഈ കട്ടൻ കുടിക്കു.. ”

അവൾ എനിക്ക് മുന്നിലേക്ക് നീട്ടി. ന്നിട്ട് എന്റെ അരികിൽ തന്നെ ഇരുന്നു.

“ദേ ഇയാളുടെ പ്രിയപ്പെട്ട ഇലയട… ”

എനിക്ക് നേരെ അത് നീട്ടുന്ന ഒന്നും മനസിലാകാതെ ഞാൻ അവളെ നോക്കി.

“പറഞ്ഞതൊന്നും കാര്യമാക്കണ്ട. പോട്ടെ… ഒക്കെ എന്നോ കഴിഞ്ഞു പോയത്.. ഇനിയും അതൊന്നും ഓർക്കേണ്ട… ”

“മം.. നീ പറഞ്ഞതൊന്നും കൂടുതൽ അല്ല.. അന്ന് അങ്ങനെ ഒക്കെ സംഭവിച്ചു പോയി…മാപ്പ്… തെറ്റിപ്പോയത് എനിക്ക് തന്നെ ആയിരുന്നു… തിരുത്താൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ…… പോട്ടെ അല്ലെ.. ”

“ഉം.. പോട്ടെ… എങ്ങനെ ഉണ്ട് മുംബൈ ലൈഫ് ഒക്കെ? ”

“ഇനി അങ്ങോട്ടേക്കില്ല…. ”

“അപ്പൊ ആമി.. ”

“ഡിവോഴ്സ്ഡ് !”

“അമ്മൂട്ടീമ്മ ഒന്നും പറഞ്ഞില്ല… ”

“അമ്മ അറിഞ്ഞിട്ടില്ല… എന്നോട് ഒത്തു പോകാതെ ആയപ്പോ അവൾ പുതിയ പാർട്ണറെ കണ്ടെത്തി… പിന്നെ ഞാൻ അതിൽ എതിർപ്പ് ഒന്നും പറഞ്ഞില്ല.. പിന്നെ അവൾ മാന്യയാണ് എന്റെ പത്തു വർഷത്തെ കഷ്ടപ്പാടിന്റെ കണക്ക് തീർത്തു ഒരു തുകയും വെച്ച് നീട്ടി… എന്തോ വാങ്ങാൻ തോന്നിയില്ല.. നിക്ക് ന്റെ മോളെ മാത്രം മതിയായിരുന്നു. അത് അവൾക്കും വിഷയമല്ലാത്തതിനാൽ മോൾ ന്റെ ഒപ്പമാണ്. ”

“ന്നിട്ട് മോൾ എവിടെ? ”

“അവളിപ്പോ ആമിടെ അമ്മേടെ അടുത്താണ്. വെക്കേഷൻ ആകുമ്പോൾ ഇങ്ങോട്ടേക്കു കൊണ്ട് വരണം. ന്നിട്ട് അമ്മയെ ഒക്കെ പറഞ്ഞു മനസിലാക്കണം. ”

“മം നമ്മൾ വിചാരിക്കുന്നത് പോലെ ആകില്ലലോ.. ”

“അതേ… ആട്ടെ ശ്രീജിത്തുമായിട്ട് ന്താ പ്രശ്നം? ”

“പ്രഫഷണൽ ജെലസി… അല്ലാതെന്തു? ഞാൻ ജോലിയ്ക്ക് പോകണ്ട എന്നൊന്നും പറയില്ല…പുള്ളിയെക്കൾ ഞാൻ പേരെടുക്കാൻ പാടില്ല. അത്ര തന്നെ… അതിന്റെ പേരിലുള്ള കൊറേയെറെ പ്രശ്നങ്ങൾ… ”

“പുള്ളി ഹോസ്പിറ്റലിൽ വരാറില്ലേ ഇപ്പൊ? ”

“ഉണ്ട്… മിക്കപ്പോഴും കാണും… പുള്ളിയെ കാണുന്നത് തന്നെ എനിക്ക് ഒരുതരം അസ്വസ്ഥതയാണ്.”

“എങ്കിൽ നിനക്ക് ദൂരേയ്ക്ക് എവിടെയെങ്കിലും നോക്കിക്കൂടെ? ”

“ഏയ് അതൊരിക്കലും ഇല്ല. എനിക്ക് ഈ നാട്ടിൽ തന്നെ ജോലി ചെയ്യണം. ന്റെ ജീവിതത്തിന്റെ തന്നെ വാശിയാണത്.. ”

“എന്നോടുള്ള വാശി… അല്ലെ? ”

“ഏറെക്കുറെ അത് തന്നെ!”

“ഇനി ഇപ്പൊ ന്താ പ്ലാൻ? ”

“ബന്ധം വേർപെടുത്തുന്നതിനെ പറ്റി വീട്ടിൽ സംസാരമുണ്ട്… ഞാൻ തീരുമാനം ഒന്നും എടുത്തിട്ടില്ല… ആലോചിക്കണം എല്ലാം അതേ പറ്റി… ”

“മം…ജീവിതമല്ലേ… ഒരുപാട് ചിന്തിക്കേണം. നിന്റെ തീരുമാനം എന്നും ശരിയായിരിക്കും ”

“ന്നാ ഞാൻ ഇറങ്ങട്ടെ… നൈറ്റ്‌ ഡ്യൂട്ടി ആണ്.. ”

“ശരി അപ്പൊ കാണാം.. നിന്നോട് കൊറേ കാലങ്ങൾക്ക് ശേഷം ഒന്ന് സംസാരിച്ചപ്പോൾ വല്ലാത്ത ആശ്വാസം… നഷ്ടപ്പെട്ടത് ന്തോ തിരിച്ചു കിട്ടും പോലെ !”

അതിനു പറയാൻ ഭദ്രയ്ക്ക് മറുപടി ഉണ്ടയിരുന്നില്ല. അവൾ മുറ്റത്തേക്ക് ഇറങ്ങി കാറിൽ കയറാൻ ഒരുങ്ങി.

“മനുവേട്ടാ… ” ഒരു പിൻവിളി കേട്ട് മനു തിരിഞ്ഞു നോക്കി.

“ഇനി മോള് വിളിക്കുമ്പോൾ പറഞ്ഞേക്ക് ഇവിടെ ഒരാൾ കൂടി അവളെ കാത്തിരിപ്പുണ്ടെന്ന് ”

രചന: ആശ രവി

Leave a Reply

Your email address will not be published. Required fields are marked *