സിന്ധൂനദീതടസംസ്കാരം

രചന :- അരുൺ –

കഞ്ഞീം,പയറും വയറുനിറച്ച… ‘ആ’ ഉച്ചക്ക് ശേഷമുള്ള പീരിയഡ്, വകതിരിവ് ലവലേശമില്ലാത്ത ചരിത്രം ആയിരുന്നു…! ഏമ്പക്കത്തോടൊപ്പം ഉറക്കവും തളം കെട്ടി നിന്ന ആ ക്ലാസ്സ് മുറിയിലേക്ക് ചരിത്ര പുസ്തകത്തിലെ ആറാം അധ്യായത്തിൽ ഊരിപ്പിടിച്ച ഉടവാളുമായ് നിൽക്കുന്ന ത്സാൻസി റാണിയെ പോലെ… കൈയ്യിലൊരു നീളൻ ചൂരൽ വടിയുമായി റോസമ്മ ടീച്ചർ നടന്നടുത്തു !

പതിവ് ചാടി എണീറ്റുള്ള ഗുഡാഫ്റ്റർ നൂൺ ടീച്ചറിനും, ഇരിക്കുന്ന സമയത്ത് പരസ്പരം നടത്തുന്ന കാലിൽ ചവിട്ടലിനും ശേഷം… ചൂരൽ കുരിശ് കണ്ട് ഭയന്ന ‘സാത്താൻ’ കുഞ്ഞുങ്ങൾ സമാധാന പ്രിയരായ ‘ആട്ടിൻ’ പറ്റങ്ങളായ് മാറി.

അധോലോക രാജാക്കന്മാരായ അബു സലീമും, ഛോട്ടാ രാജനും, ഷക്കീലും, ദാവൂദും, മേമനും ഒക്കെ വസിക്കുന്ന ക്ലാസിലെ ‘അണ്ടർ വേൾഡായ’പിൻ ബെഞ്ചിലേക്ക് ടീച്ചർ ഒന്നിരുത്തി നോക്കിയപ്പോൾ … പുസ്തകത്തിലുള്ള വെല്ലിംഗ്ടൺ പ്രഭുവിന്റെ ചിത്രത്തിൽ പാന്റിന് മേൽ ‘ നിക്കർ ‘ വരച്ചു കൊണ്ടിരുന്ന എന്റെ പേന അറിയാതെ നിശ്ചലമായി!.

പിന്നെ ബോർഡിലേക്ക് തിരിഞ്ഞ ടീച്ചർ… കറുത്ത ഉടുപ്പിട്ട ആ മുക്കാലി ബോർഡിൽ “സിന്ധൂ നദീതട സംസ്കാരം” എന്ന് വലിയ അക്ഷരത്തിൽ ചോക്ക് കൊണ്ട് വെള്ള പൂശി. ഇത് വായിച്ച തികഞ്ഞ ‘സംസ്കാരിയായ ‘ എന്റെ മനസിലേക്കപ്പോൾ… രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന ചുരുണ്ട മുടിക്കാരി സിന്ധു, ഒരു വലിയബക്കറ്റ് തുണിയുമായി പുഴയിലേക്ക് അലക്കാൻ പോകുന്ന രംഗം തെളിഞ്ഞ് വരികയും, തത്ഫലമായി രൂപം കൊണ്ട ചിരി അണപൊട്ടിച്ചുകൊണ്ട് കുതിച്ചൊഴുകുകയും ചെയ്തു!.

അനവസരത്തിൽ ഉണ്ടായ എന്റെ ആ ‘കൊലച്ചിരി ‘ (എന്നെ കൊല്ലാനായ് ഉണ്ടായ ചിരി) ക്ലാസ് മുറിയാകെ കൂട്ടച്ചിരിയുടെ അലമാലകൾ തീർത്തു.

എന്റെ തികച്ചും ഉത്തേജക പരമായ ഈ പ്രവൃത്തിയിൽ… (ബാക്കി കുഞ്ഞാടുകളെ ചിരിക്കാൻ ഉത്തേജിപ്പിച്ചത്) ക്രൂദ്ധയായ ‘റാണി, ഝാൻസി ‘ എന്നെ നോക്കി സ്റ്റാൻഡ് അപ് എന്ന് അലറുകയും, അങ്ങനെ ഈ നാട്ടുരാജാവ് സിംഹാസനം നഷ്ടപ്പെട്ട് കുന്താസനസ്ഥനാകാൻ നിർബന്ധിതനാകുകയും ചെയ്തു!.

വടി പോലുള്ള ആ നിൽപ്പ് …ആദ്യം ഒരസൗകര്യമായി തോന്നിയെങ്കിലും, ചിന്നു, ചിഞ്ചു,മഞ്ചു എന്നി മഞ്ചുളാംഗികളെയും, സരിതാ, സവിത, സുനിത തുടങ്ങിയ സുന്ദരാംഗികളെയും ‘ഏരിയൽ വ്യൂ ‘ വഴി ദർശിച്ച് സായൂജ്യമടയാൻ ഇത് അടിയന് വഴിയൊരുക്കി!

പിന്നീട് ടീച്ചർ മോഹൻ ജദാരോ, ഹാരപ്പ എന്നൊക്കെ പറഞ്ഞ് കത്തിക്കയറിയപ്പോൾ ഇവരൊക്കെ ‘ആരപ്പാ ‘ ! എന്ന മട്ടിൽ നിന്ന് ഞാൻ എന്റെ പതിവ് മനോരാജ്യ സഞ്ചാരം തുടങ്ങി…

വിഷയം ചരിത്ര മായതിനാലും, അദ്ധ്യായം നദീതട സംസ്കാരത്തെ കുറിച്ചായതിനാലും ഞാൻ എന്റെ നാടിനെ ചുറ്റി ഒഴുകുന്ന നദീതടത്തിലേക്കാണ് അന്ന് സഞ്ചാരത്തിനിറങ്ങിയത്. എന്റെ ചിന്തകളിലേക്ക് അവളുടെ ചരിത്രം പതിയെ അപ്പോൾ തെളിഞ്ഞ് വന്നു!!

ഏതോ മലനിരകളിൽ ഒരു കുഞ്ഞു നീരുറവയായി പൊട്ടി വിടർന്ന അവളെ കാട്ടുചെടികളും, പൂക്കളും കൈ പിടിച്ച് ഉരുളൻ കല്ലുകൾക്കിടയിലൂടെ താഴെക്ക് കൊണ്ടുവന്നു…! പിന്നീട് പാറക്കെട്ടുകൾ അവളെ വെള്ളി പാദസരവും, കൊഞ്ചും കൈവളകളും അണിയിച്ചു…! അങ്ങനെ എവിടെ നിന്നൊക്കെയോ ഒഴുകിയെത്തിയ കുറെ സമപ്രായക്കാരികളെയും കൂട്ടി ഉല്ലസിച്ചൊഴുകി വന്ന അവളെ ഇടുക്കിയിൽ വെച്ച് ആരൊക്കെയോ ചേർന്ന് അണകെട്ടി ബലമായി പിടിച്ച് നിർത്തുന്നു…! എന്നിട്ട് ആകെ ഭയന്ന് പോയ ആ പെൺകൊടിയെ അവിടെ നിന്നും ടണലിലൂടെ വലിച്ചിഴച്ച് മൂലമറ്റം പവ്വർ ഹൗസിലേക്കെത്തിക്കുന്നു…! അവിടെ വെച്ച് അവളുടെ വിലപിടിപ്പുള്ളതെല്ലാം (വൈദ്യുതി ) കവർന്നെടുത്ത ശേഷം നിഷ്കരുണം ഉപേക്ഷിക്കുന്നിടത്താണ് ഞങ്ങളുടെ നദീതട സംസ്കാരം ആരംഭിക്കുന്നത്.

പിന്നീടൊരു കണ്ണീർ ചാലായ് ഒഴുകി തുടങ്ങുന്ന അവൾ കാഞ്ഞാറും, മലങ്കരയുമൊക്കെ ചുറ്റി ഞങ്ങളുടെ പട്ടണത്തിന് ‘തൊടുപുഴ ‘യെന്ന മനോഹരമായ പേരും നൽകി! കുറെ നല്ല നാട്ടിൻ പുറങ്ങളെയും തഴുകി മൂന്ന് പുഴകളുടെ സംഗമസ്ഥാനമായ മുവാറ്റുപുഴയിലെത്തുകയും, അവിടെ നിന്നും പിന്നെയും പല വഴികളിലൂടൊഴുകി പെരിയാറിലെത്തുകയും അങ്ങനെ അറബിക്കടലിൽ ചേരുകയും ചെയ്യുമ്പോഴാണ് അവളുടെ ‘സംസ്കാരം’ പൂർണ്ണമാവുന്നത്!!

ഈ പുഴയും, ഇതിനെ ചുറ്റിപ്പറ്റി രൂപം കൊണ്ട കഥകളും ഞാൻ മുഴുവനായ് എഴുതാൻ പോയാൽ, അത് പിന്നീട് ചരിത്ര പുസ്തകത്തിന്റെ ഭാഗമായി മാറുകയും, അത് പഠിച്ച് പരീക്ഷ എഴുതേണ്ടി വരുന്ന വിദ്യാർത്ഥികൾ എന്നെ മനസ്സാ ശപിക്കുകയും ചെയ്യുമെന്നതിനാൽ, ആ സാഹസത്തിന് മുതിരാതെ രണ്ട് ചരിത്ര ഏടുകൾ മാത്രം പറയാനായി നമുക്ക് ആ ക്ലാസ്സിലേക്ക് തന്നെ മടങ്ങാം.

അങ്ങനെ ക്ലാസ്സിൽ നിന്നും നദിക്കരയിലെത്തിയ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയ ചരിത്രം, ഒരു സാഹസിക സംഭവമാണ്…

ഞങ്ങളുടെ കുളിക്കടവിനോട് ചേർന്ന് പുഴയിലേക്ക് ചാഞ്ഞൊരു വലിയ വാകമരം നില്പുണ്ടായിരുന്നു. ഇതിൽ കയറി, മുകളിലെ കൊമ്പിൽ നിന്നും താഴെ പുഴയിലേക്ക് ഡൈവിംഗ് നടത്തി, തൊട്ടപ്പുറത്തെ കടവിൽ കുളിക്കുന്ന സമപ്രായക്കാരായ തരുണീ മണികളുടെ മുൻപിൽ ‘കടത്തനാടൻ അമ്പാടിയായി ‘ഞാൻ തിളങ്ങി നിന്നിരുന്ന കാലമായിരുന്നു അത്.

മറ്റുള്ള ചങ്ങാതിമാരൊക്കെ എൻറത്ര അതിസാഹസികന്മാരല്ലാത്തതിനാലും, അമ്മ അടിക്കാൻ ഓടിക്കുമ്പോൾ സ്പ്രിന്റ് ചെയ്ത് രക്ഷപെടാൻ കാലിന് എന്നേക്കാൾ നീളക്കുറവായതിനാലും, എന്റെ ഈ സാഹസിക വൃത്തിക്ക് വേറാരും മുതിർന്നില്ല…

അങ്ങനെ തരുണീ മണിമാരുടെ ഇടയിൽ തികഞ്ഞ ഒരു ‘ഷോ’ മാനായി ഞാൻ കഴിഞ്ഞ് വരവേ, ഒരു നാൾ കുളിക്കടവിൽ എന്റെ ആരാധികമാരെല്ലാം ഹാജരായിരുന്ന ഒരു ദിവസം… തൈപറമ്പിൽ അശോകനായ എന്നെ – പന്തെറിയിപ്പിച്ച് വശം കെടുത്തിച്ച ‘കുട്ടാപ്പിയെ ‘ കൊണ്ടു വന്ന എന്റെ ആജന്മ ശത്രു, അരശുംമൂട്ടിൽ അപ്പുകുട്ടൻ “അമ്പട്ടൻ പാര ബിജുക്കുട്ടൻ” (മാന്യ വായനക്കാർ ചക്ദേ ഇന്ത്യ മറന്ന് കാണില്ലല്ലോ) അതാ ഞാൻ ചാടുന്ന വാകമരത്തിലേക്ക് ഏന്തി വലിഞ്ഞ് കേറുന്നു!!

എന്റെ നെഞ്ചിടിപ്പ് കൂട്ടി വാകയിൽ പിടിച്ച് കയറിയ അവൻ, അതിന്റെ മെയിൻ ബ്രാഞ്ചിലെ – ‘സ്കൈലൈൻ ‘ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ‘കാക്ക ഫാമിലിയുടെ ‘ കാര്യം അറിഞ്ഞിരുന്നില്ല. ആ കയറ്റത്തിനിടെ അവനൊരു കൈയ്യബദ്ധം സംഭവിച്ചു. ആവേശം മൂത്ത അവൻ കയറി പിടിച്ചത് ആ അപ്പാർട്ട് മെന്റിന്റെ ഡൗൺ ഫ്ലോറിലെ ബെഡ് റൂമിലായിരുന്നു!! ആ പിടുത്തത്തിൽ ബെഡ്ഡിൽ കിടന്ന രണ്ട് ‘പ്ലേ ക്ലാസ് ‘ കാരടക്കം ഫ്ലാറ്റിന്റെ ഡൗൺ ഫ്ലോറിളകി താഴെ പുഴയിൽ വീണു! ഒരു നിമിഷം സ്തബ്ധനായി പോയ അവനെ ‘കാക്കയമ്മ ‘ ആഞ്ഞ് കൊത്താൻ തുടങ്ങി. ആ അമ്മയുടെ നിലവിളി കേട്ടെത്തിയ സമീപ കാക്ക വാസികളുടെ കനത്ത ‘ഷെല്ലാക്രമണത്തിൽ ‘ നിലതെറ്റിപ്പോയ അവൻ, ചില്ലയിൽ കുടുങ്ങിയ തന്റെ ഉടുമുണ്ടുമുരിഞ്ഞ് ആദിമ മനുഷ്യരൂപം പ്രാപിച്ച് താഴെ പുഴയിലേക്ക് വീഴുന്ന കാഴ്ചയായിരുന്നു പിന്നീടുണ്ടായത്.

ഇതു കണ്ട തരുണീ മണികളുടെ കൂട്ട ചിരിക്കിടയിൽ ഓരോ വട്ടവും ടിയാന്റെ തല ജലോപരിതലത്തിലെത്തുമ്പോൾ കാക്കകൾ പൂർവ്വാധികം ശക്തിയോടെ ആഞ്ഞ് കൊത്തി. അങ്ങനെ വശം കെട്ട് പോയ അവനെ, മുണ്ടുടുപ്പിച്ച്, വാസു മേസ്തിരിടെ സിമന്റ് ചട്ടി കൊണ്ടൊരു ഹെൽമറ്റും ധരിപ്പിച്ച്, രാജാവിന് ചുറ്റും കുന്തക്കാരെന്ന വണ്ണം വടിയുമായി ഞങ്ങൾ വീട്ടിലെത്തിച്ചപ്പോൾ ആ ‘ നഗ്നചരിത്രം’ പൂർണ്ണമായി !!

ചരിത്രം രണ്ട്

അക്കാലത്തെ ഞങ്ങളുടെ പ്രധാന വിനോദം ചൂണ്ടയിട്ടുള്ള മത്സ്യ ബന്ധനമായിരുന്നു. മീനം രാശിക്കാരനായതിനാലാണോ എന്തോ, മീൻ പിടിക്കുന്ന കാര്യത്തിൽ എനിക്ക് ഒടുക്കത്തെ രാശിയായിരുന്നു!.പതിവായി എന്റെ ചൂണ്ടയിൽ ആരൽ, പൂളോൻ, മനഞ്ഞ്, കുറുവ, ആറ്റ് കൊഞ്ച് തുടങ്ങി പല ജാതിയും കുടുങ്ങിയപ്പോൾ, ചങ്ങാതി ബിജുവിന്റെ ചൂണ്ടയിൽ… പഴത്തൊലി, ഉപേക്ഷിച്ച ജെട്ടി ആറ്റ് പായൽ, മരക്കൊമ്പ് തുടങ്ങിയവ നിർദ്ദാഷിണ്യം ഉടക്കി.

അങ്ങനെ ആകെ പരിഹാസ്യനായ് മാറിയ ബിജു ഒരു ദിവസം ചൂണ്ട ഇടാൻ വന്നത് അമ്മ അറിയാതെതെ, അച്ഛൻ ചന്തയിൽ നിന്നും വാങ്ങിയ മുഴുത്ത ഒരു ‘അയല ‘ മീനെയും തോർത്തിൽ ഒളിപ്പിച്ച് കൊണ്ടായിരുന്നു. പതിവ് നിരാശാജനകമായ പ്രകടനത്തിന് ശേഷം അവൻ ഞങ്ങൾ കാണാതെ അവന്റെ അഭിമാനം രക്ഷിക്കുന്നതിനായി ആ ‘അയല ‘മീൻ ചൂണ്ടയിൽ കൊരുത്ത് പുഴയിലേക്കിട്ടു. അല്പ സമയത്തിന് ശേഷം അതിനെ വെള്ളത്തിൽ നിന്നും പൊക്കിയെടുത്തിട്ട്, പരമ പുച്ഛഭാവത്തിൽ ഫെവിക്കോളിന്റെ പരസ്യത്തെ അനുസ്മരിപ്പിക്കും വിധം കിട്ടിയെടാ എന്ന ആക്രോശത്തോടെ എന്റെ അടുത്തെത്തി! അങ്ങനെ ഉപ്പുവെള്ളത്തിൽ കടലിൽ കിടക്കുന്ന അയലയെ പുഴയിലെ ശുദ്ധജലത്തിൽ നിന്ന് പിടിച്ച് ‘ശശി ‘ ആയി മാറിയ ‘ബിജുക്കുട്ടൻ ഒരിക്കൽ കൂടി അവന്റെ നിലവാരം കാത്തു സൂക്ഷിച്ചു.

ഈ ചരിത്ര കഥകളിൽ അഭിരമിച്ച്, മനോരാജ്യത്തിൽ മുഴുകി, സ്ഥാനഭ്രഷ്ടനായി നിന്ന നാട്ടുരാജാവിനോട് ഒട്ടും പ്രതീക്ഷിക്കാതെ അപ്പോൾ ടീച്ചർ ഒരു ചോദ്യം ചോദിച്ചു.

മനസ്സ് നദീ തീരത്ത് അലഞ്ഞ് കൊണ്ടിരുന്നതിനാൽ, ടീച്ചർ ചോദ്യമാദ്യം മലയാളത്തിൽ ചോദിച്ചപ്പോൾ ഞാൻ കേട്ടില്ല. എന്റെ മനോരാജ്യത്തിന്റെ വിസ്തൃതി മനസ്സിലാക്കിയിട്ടോ, പഴയ ഉത്തേജക മരുന്നിന്റെ ദേഷ്യം കൊണ്ടോ ഈ ‘മലയാളം മീഡിയം’ ഒൻപതാം ക്ലാസുകാരനോട് ടീച്ചർ ആ ചോദ്യം ഇംഗ്ലീഷിൽ ഒന്നു കൂടി ആവർത്തിച്ചു. ഇത്തവണ ഞാൻ ‘ശെരി …….ക്കും’ കേട്ടു…!

“ഇൻ വിച്ച് ഏജ് ഹാരപ്പൻ സിവിലൈസേഷൻ റ്റുക് പ്ലേസ്… ? ”

ഇതായിരുന്നു ഞാൻ കേട്ട ആ ചോദ്യം.

ഇത് കേട്ടപ്പോൾ എനിക്ക് മനസിലായത്, ടീച്ചർ ചോദിച്ച ചോദ്യം, ഹാരപ്പൻ എന്നയാൾ ( മിക്കവാറും ഇതഴുതിയ ദുഷ്ടൻ ) എത്രാം വയസിലാണ് സിവിൽ സർവ്വീസിന് പഠിക്കാൻ ഈ സ്ഥലത്ത് എത്തിയത് എന്നാണ് !!

കണക്ക് കൂട്ടിയപ്പോൾ എസ് .എസ് .എൽ. സിം, ഡിഗ്രീം കഴിയാതെ ഇതിനൊന്നും പോകാൻ വഴി ഇല്ല…! ഒട്ടും താമസിച്ചില്ല പതിനഞ്ച് അധികം അഞ്ച് …ഇരുപത് കഴിഞ്ഞ്, അയാളുടെ ‘ഇരുപത്തി ഒന്നാം ‘ വയസ്സിൽ എന്നൊരു ഉഗ്രൻ മറുപടി ഞാൻ തട്ടി വിട്ടു.

സി. കെ വിനീത് ഗോളടിക്കുമ്പോൾ ‘മഞ്ഞപ്പട ‘ ഉണ്ടാക്കുന്ന ആഹ്ലാദാരവമായിരുന്നു പിന്നീട് ക്ലാസിൽ മുഴങ്ങി കേട്ടത്!

പക്ഷെ ടീച്ചർ ചോദിച്ചത് ഏത് കാലഘട്ടത്തിലായിരുന്നു ഹാരപ്പ സംസ്കാരം നിലനിന്നത് എന്നായിരുന്നു! ഉത്തരമായ ‘വെങ്കല യുഗം'( ബ്രോൺസ് ഏജ് ) എന്ന് നൂറുവട്ടം പിറ്റേന്ന് എഴുതി വരാൻ ടീച്ചർ ശിക്ഷ വിധിച്ചപ്പോഴേക്കും , ആ പീരിയഡ് തീർന്നു എന്നറിയിച്ച് ബെൽ മുഴങ്ങി.

പിന്നീട് കുറെ കാലത്തേക്ക് ഞാൻ സ്കൂളിൽ ‘മിസ്റ്റർ ഹാരപ്പാ ‘എന്നാണ് അറിയപ്പെട്ടിരുന്നത്!!.

…… ണിം…..

രചന :- അരുൺ –

Leave a Reply

Your email address will not be published. Required fields are marked *