സുമിത്ര

രചന : – ദീപു അത്തിക്കയം

” എടാ നീ ഇപ്പഴും നിന്നെ ചതച്ചിട്ട് പോയവളെ ഓർത്തിരിക്കയാണോ? ” മുറിയിൽ ഒറ്റയ്ക്കിരിക്കുന്ന സേതുവിനോട് അമ്മ ചോദിച്ചു

ആറുവർഷത്തെ പ്രണയമായിരുന്നു സേതുവും മേഘയും തമ്മിൽ . ഒരുപാട് ഓർമ്മകൾ സേതുവിന് സമ്മാനിച്ചിട്ട് തന്റെ വീട്ടുകാർ ചൂണ്ടിക്കാട്ടിയ ഗൾഫുകാരന്റെ കൂടെ അവൾ വിവാഹം കഴിച്ചുപോയി . ഇവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് സേതുവിന്റെ അമ്മയ്ക്ക് അറിയാമായിരുന്നു.

” ടാ , പോയവൾ പോയി , അവൾ ഇപ്പോൾ സുഖമായി ഇരിപ്പുണ്ടാകും , നീ വെറുതെ അതോർത്തിരിക്കാതെ നീ ഈ കല്യാണത്തിന് ഒന്ന് സമ്മതിക്ക് ” അമ്മ സേതുവിനോട് അപേക്ഷിച്ചു

” എനിക്കാരെയും കെട്ടേണ്ട ഞാനിങ്ങനെയൊക്കെ പൊയ്ക്കോളാം “, സേതു ദേഷ്യപ്പെട്ടുകൊണ്ട് അമ്മയുടെ നേരെ ചാടി , അമ്മ ഒന്നും മിണ്ടാതെ തലകുനിച്ച് സേതുവിന്റെ മുറിയിൽ നിന്നിറങ്ങി.

” ടാ അമ്മാവൻ വന്നിട്ടുണ്ട് “, അമ്മയുടെ ശബ്ദം സേതുവിന്റെ കാതുകളിൽ തുളഞ്ഞുകയറി

അമ്മാവന്റെ കൂട്ടുകാരന്റെ മകളാണ് സുമിത്ര. സേതുവിന്റെ അച്ഛന്റെ ഉറ്റസുഹൃത്തും കൂടിയായിരുന്നു അവളുടെ അഛൻ . ജന്മനാ ഊമയാണ് സുമിത്ര. അവളുമായുള്ള വിവാഹത്തിനാണ് അമ്മയും അമ്മാവനും ഇപ്പോൾ സേതുവിനെ നിർബന്ധിക്കുന്നത്. പഴയ കടപ്പാടിന്റെയും സേതുവിന്റെ ഇപ്പോഴത്തെ അവസ്ഥയും കണക്കിലെടുത്ത് അവർ അത് ഏതു വിധേനയും നടത്താൻ തീരുമാനിച്ചു.

” മോനേ നിന്റെ അച്ഛൻ ഉള്ളപ്പോൾ വാക്കുകൊടുത്തതാ സേതുവിന്റെ പെണ്ണാണ് സുമിത്രയെന്ന്. അച്ഛന്റെ തീരുമാനത്തിന് നീയായിട്ട് മാറ്റം വരുത്തരുത്. അച്ഛൻ പോയിട്ട് ഇന്ന് 5 വർഷം കഴിഞ്ഞു, വെറുതെ ആത്മാവിനെ വേദനിപ്പിക്കണ്ട”, അമ്മാവന്റെ വാക്കുകൾ സേതുവിന് ഒട്ടും ഇഷ്ടമായില്ല.

” നീ ആലോജിക്ക്, ഞാൻ ഇറങ്ങുവാ ” ” ഓപ്പോളെ ഞാൻ അങ്ങോട്ട്…” അമ്മാവൻ ഇറങ്ങി പോയി

മേഘ പോയതിൽ പിന്നെ ആകെ ഒരു മൂടാപ്പാണ്. കൂട്ടുകാരുടെ കളിയാക്കലാണ് സേതുവിന് സഹിക്കാൻ കഴിയാത്തത്. എല്ലാത്തിലും ഒരു അറുതി വേണമെന്ന് സേതുവിന്റെ തോന്നി. ഒരിക്കലും ഒരു ഭാര്യയായി മറ്റൊരു പെണ്ണിന്നെ ചിത്രീകരിക്കാൻ പോലും സേതുവിന് കഴിയില്ലായിരുന്നു. പേരിനൊരെണ്ണം എന്ന രീതിയിൽ സേതു സുമിത്രയുമായുള്ള വിവാഹത്തിന് സമ്മതിച്ചു. ‘ ഒന്നുംലെങ്കിലും പരാതിയൊന്നും കേൾക്കണ്ടല്ലോ, ഊമയല്ലേ….’ സേതു മനസ്സിൽ പറഞ്ഞു

” ദൈവം എന്റെ പ്രാർത്ഥന കേട്ടു , ഏട്ടാ അവൻ കല്യാണത്തിന് സമ്മതിച്ചു “, സേതുവിന്റെ അമ്മ അപ്പോൾ തന്നെ അമ്മാവനെ വിളിച്ച് കാര്യം അറിയിച്ചു.

” ഇനി ഒട്ടും വൈകണ്ട, അടുത്ത മുഹൂർതത്തിൽ തന്നെ കെട്ട് നടത്തണം “, അമ്മാവന് ദൃതിയായി. മീനമാസത്തിലെ പതിനാലാം തീയതി സേതു സുമിത്രയുടെ കഴുത്തിൽ താലിചാർത്തി.

” സുമംഗലി ആയിരിക്കട്ടെ ” വിവാഹരാത്രി ബന്ധുക്കളെല്ലാം സുമിത്രയെ അനുഗ്രഹിച്ചു . അമ്മ ഒരു ഗ്ലാസ് പാലുകൊടുത്ത് സുമിത്രയെ സേതുവിനരികിലേക്ക് പറഞ്ഞയച്ചു. മുറിയിൽ കയറിയ സുമിത്രയെ കണ്ടപ്പോൾ സേതുവിനെ ദേഷ്യം ഇരട്ടിച്ചു. മേശമേൽ എന്തോ കുത്തിക്കുറിച്ച് കൊണ്ടിരുന്ന സേതു പെട്ടെന്ന് ചാടി എഴുന്നേറ്റ് ഒരു തലയിണയും പുതപ്പും തറയിലേക്ക്‌ എറിഞ്ഞു. നടയ്ക്കുന്നത് എന്തെന്നറിയാതെ സുമിത്ര പരിഭ്രമിച്ചു നിന്നു.

” നിന്നെ ഞാൻ ഒരിക്കലും ഒരു ഭാര്യയായി അംഗീകരിക്കില്ല, എനിക്കൊരു പെണ്ണിനോട് മാത്രമാണ് ഇഷ്ടമുള്ളത്. പക്ഷേ വിധി എനിക്കവളെ തന്നില്ല………. നിനക്കെന്നും ഈ തറയിലാണ് സ്ഥാനം……. പിന്നെ ഒരാശ്വാസം ഉണ്ട് നീ പൊട്ടിയല്ലേ….. ഒന്നും മിണ്ടില്ലല്ലോ… അതുകൊണ്ടാ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ ……….. “, സേതു ദേഷ്യം ഒട്ടും നിയന്ത്രിക്കാതെ ആക്രോശിച്ചു.

സുമിത്രക്ക് തലചുറ്റുന്നതുപോലെ തോന്നി. വേറൊരു പെണ്ണിനോട് സേതുവിന് ഇഷ്ടമുണ്ടെന്ന കാര്യം അവൾ അറിഞ്ഞിരുന്നില്ല. ഒന്ന് പൊട്ടിക്കരയാൻ പോലും സാധിക്കാതെ സുമിത്ര ആ വിരിപ്പിൽ പോയി കിടന്നു.

” മോളെ, അവൻ എന്തെങ്കിലും ദേഷ്യപ്പെട്ടു പറഞ്ഞിരുന്നോ “, അമ്മയുടെ വാക്കുകൾ സുമിത്രയെ വിറകൊള്ളിച്ചു. ആംഗ്യ ഭാഷയിൽ എന്തൊക്കെയോ അവൾ കാണിച്ചു. പക്ഷേ അപ്പോഴും അവളുടെ കണ്ണിലെ കണ്ണീർ ചാലിട്ടൊഴുകിക്കൊണ്ടിരുന്നു.

” നീയാ കുഞ്ഞിനോട് ചെയ്യുന്ന ദ്രോഹത്തിന് നീ അനുഭവിക്കുമെടാ.. , സങ്കടങ്ങൾ ഒന്ന് പറഞ്ഞ് കരയാൻ പോലും കഴിയാത്ത മിണ്ടാപ്രാണിയാ അത്…, അതിനെ കരയിച്ചാൽ ഉണ്ടല്ലോ…..” അമ്മയ്ക്കു ദേഷ്യവും സങ്കടവും നിയന്ത്രിക്കാനായില്ല

മാസങ്ങൾ കടന്നുപോയി തന്നെ ചതിച്ചിട്ട് പോയവൾ ഇപ്പോൾ നല്ല സുഖത്തിൽ ജീവിക്കുകയാണെന്ന് ഒരു സുഹൃത്ത് വഴി സേതു അറിഞ്ഞു. അവൾ സമ്മാനിച്ച പ്രണയ നിമിഷങ്ങൾ നെഞ്ചിലിട്ട് നീറുമ്പോൾ സേതു അവളെയോർത്ത് കവിതകൾ ഒക്കെ കുത്തിക്കുറിച് കൊണ്ടിരുന്നു. എല്ലാം സുമിത്ര ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

” മോനെ , നാളെ വീട് വരെയൊന്ന് വരണം, മുകളിൽ കുറച്ച് പണിയുണ്ട്, നീ ഒന്ന് വന്ന് നോക്ക്‌..”, അമ്മാവൻ സേതുവിനെ വിളിച്ചിട്ട് പറഞ്ഞു.

പക്ഷേ സേതുവിനെ കാത്തിരുന്നത് ഒരു അപകടമായിരുന്നു. മച്ചിൻ മുകളിൽ കയറിയ സേതു കാൽവഴുതി നിലത്തുവീണു. ഏണിടിച്ചു വീണ സേതുവിന്റെ നടുവിന് പരിക്കേറ്റു. സേതുവിനെ താങ്ങിയെടുത്ത് അമ്മാവനും മറ്റും ആശുപത്രിയിലേക്ക് പോയി.

” നട്ടെല്ലിന് ചെറിയ ക്ഷതം ഉണ്ട്, പേടിക്കണ്ട, രണ്ടുമാസം ബെഡ് റെസ്റ്റ് എടുത്താൽ ശെരി ആകും…”, ഡോക്ടർ പറഞ്ഞു. കരഞ്ഞു കലങ്ങിയ സുമിത്രയുടെ കണ്ണുകൾ കണ്ടപ്പോൾ സേതുവിന് ദേഷ്യം വന്നു.

” നീ എന്തിനാ കിടന്ന് മോങ്ങുന്നത്?….”, സേതു സുമിത്രയോട് ദേഷ്യത്തിൽ ചോദിച്ചു. ആശുപത്രിയിൽ നിന്നവരെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ സേതു ഒന്നൊതുങ്ങി.

വീട്ടിൽ വന്ന സേതുവിന് എഴുന്നേൽക്കാൻ പോലും കഴിയുമായിരുന്നില്ല. എന്താവശ്യമുണ്ടെങ്കിലും സേതു എപ്പോഴും അമ്മയെ വിളിച്ചുകൊണ്ടിരുന്നു. എന്നാൽ ഊണും ഉറക്കവും എല്ലാം ഉപേക്ഷിച്ച് സേതുവിന്റെ കാൽക്കീഴിൽ ഒരടിമയെപ്പോലെ സുമിത്ര ഇരിപ്പുണ്ടായിരുന്നു.

” നീയെത്ര ശ്രമിച്ചാലും എനിക്ക് നിന്നോട് സ്നേഹം തോന്നില്ല..”, ഒട്ടും ദയ ഇല്ലാതെ സേതു പറഞ്ഞു.

എന്നാൽ അതൊന്നും കൂട്ടാക്കാതെ സേതുവിന്റെ എന്ത് കാര്യത്തിലും സുമിത്ര കൂടി നിന്നിരുന്നു. താൻ ഉറങ്ങുന്ന സമയങ്ങളിൽ മാത്രമാണ് സുമിത്ര ആഹാരംപോലും കഴിച്ചതെന്ന് സേതു ശ്രദ്ധിച്ചു. തന്റെ വിസർജം പോലും ഒരു മടിയുമില്ലാതെ വൃത്തിയാക്കുന്ന സുമിത്രയെ അത്ഭുതത്തോടെ സേതു നോക്കിനിന്നു. സേതുവിന് ആഹാരംപോലും നല്കിയിരുന്നത് സുമിത്രയുടെ കൈകൾ ആയിരുന്നു. നീരുകൊള്ളുന്ന സേതുവിന്റെ കാലുകളിൽ രാത്രിമുഴുവൻ സുമിത്ര എണ്ണയിട്ട് തിരുമിയിരുന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണ സുമിത്ര രാവിലെ ഉണർന്നപ്പോൾ വീണ്ടും സേതുവിന്റെ കാലുകളെ തലോടുകയായിരുന്നു. ഒരു കൊച്ചുക്കുട്ടിയെ നോക്കുന്ന രീതിയിൽ സുമിത്ര സേതുവിനെ പരിചരിച്ചു. മൗനമായി ഇതെല്ലാം നോക്കിക്കാണുകയായിരുന്ന സേതുവിന് ഒരു കാര്യം ബോധ്യമായി. ജീവനുതുല്യം സ്നേഹിച്ചവൾ ചതിച്ചപ്പോൾ ജീവൻ തരുന്നൊരു പെണ്ണിനെയാണ് ഈശ്വരൻ സേതുവിന് കൊടുത്തത്. അതു മനസ്സിലാക്കാതെ പോയ സേതുവാണ് ‘പൊട്ടൻ’ എന്ന് അയാൾ ആയിരംവട്ടം മനസ്സിൽ പറഞ്ഞു.

” സേതു നൗ യൂ ആർ ആൾ റൈറ് , ഇനി ജോലിക്ക് പോകാം, സേതു പെട്ടെന്നാണ് റിക്കവർ ആയത്…” ” ദൈവത്തിന് നന്ദി പറഞ്ഞോളൂ…. എങ്കിൽ ഞാൻ ഇറങ്ങട്ടെ.”, വീട്ടിൽ വന്ന് സേതുവിനെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു.

പക്ഷേ സേതു പഴയരീതിയിൽ ആയെങ്കിലും സുമിത്രയോട് സംസാരിക്കാൻ ഒരു മടി പോലെ തോന്നി. അന്ന് രാത്രി അവൾ മുറിയിൽ വന്നെങ്കിലും സേതുവിന് ഒന്നും അവളോട് മിണ്ടാൻ സാധിച്ചില്ല. തന്നിലെ എന്തോ ഒന്ന് സേതുവിനെ പുറകോട്ടു വലിച്ചു. അവൾ പതിവുപോലെ തറയിൽ പോയി കിടന്നുറങ്ങി. വെളുപ്പായപ്പോൾ ജനലിനപ്പുറം ഒരു വെളിച്ചം കണ്ടാണ് സുമിത്ര ഉണർന്നത്. പുറത്തോട്ട് നോക്കിയപ്പോൾ സേതു എന്തൊക്കെയോ തീയിൽ കത്തിക്കുന്നതാണ് സുമിത്ര കണ്ടത്. പെട്ടന്ന് തന്നെ അവൾ മേശവിരിപ്പിൽ നോക്കി. സേതു തന്റെ പൂർവ്വ കാമുകിയെ ഓർത്ത് എഴുതിയ കവിതകൾ ഒന്നും അവിടെ കാണുന്നില്ല. സേതു അതെല്ലാം അഗ്നിയിൽ ലയിപ്പിച്ചിരിക്കുന്നു. പുറത്തുനിന്നും മുറിയിലേക്ക് കയറിവന്ന സേതുവിനെ സുമിത്ര അത്ഭുതത്തോടെ നോക്കിനിന്നു. ഒരു നീണ്ട നെടുവീർപ്പിന് ശേഷം സുമിത്രയെ തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് സേതു പറഞ്ഞു.. ” ഒരായിരം ജന്മം തപസ്സിരുന്നാൽ പോലും നിന്നെ പോലെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്താൻ ആകില്ല. നന്ദി പറയേണ്ടത് മേഘയോടാണ്, എന്റെ ജീവിതത്തിൽ നിന്നും പോയതിന് , ഇനി നിനക്കായി എന്റെ സ്വരം ഉയരും , ഒരു ആയുസ്സിൽ കരഞ്ഞു തീർക്കാൻ ഉള്ള കണ്ണുനീർ നീ ഇപ്പോൾ തന്നെ തീർത്തു, ഇനിവേണ്ട, ഇനി ആ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല….”,

നടക്കുന്നത് സ്വപ്നമോ അതോ സത്യമോ എന്ന് സുമിത്രയ്ക്ക് തിരിച്ചറിയാനായില്ല. തന്നിലേക്ക് അടുപ്പിച്ച സുമിത്രയെ കെട്ടിപ്പിടിച്ച് എത്രനേരം നിന്നുവെന്ന് സേതുവിന് നിശ്ചയമുണ്ടായിരുന്നില്ല.

ഒരുപക്ഷേ അടർന്നു പോകാൻ അവൾക്കും അടർത്തിമാറ്റാൻ സേതുവിനും കഴിയാത്തത് കൊണ്ടാകും ആ ഒത്തുചേരലിന് ദൈർഘ്യം ഏറിയത്. പുറത്ത് ആർത്തു പെയ്യുന്ന മഴ പോലും താൻ അഗ്നിക്ക് സമ്മാനിച്ച ഭൂതകാല സ്മരണകളെ ചെറു ചാരം പോലും അവശേഷിപ്പിക്കാതെ മണ്ണിൽ അലിയിച്ചു ചേർത്തതും അതിന്റെ തെളിവായിരുന്നില്ലേ…………. . .

രചന : – ദീപു അത്തിക്കയം

Leave a Reply

Your email address will not be published. Required fields are marked *