സ്വാർത്ഥൻ

രചന : – ആദർശ് മോഹനൻ

“മോനെ മനു ഇനിയെത്ര കാലമാ നീ അവളെയോർത്തിങ്ങനെ തള്ളി നീക്കുന്നത്, നമ്മുടെ ആദി മോനേ ഓർത്തെങ്കിലും നീ ഒരു വിവാഹം കഴിക്കണം ഒരമ്മയുടെ വാത്സല്യം കിട്ടാതെ അവൻ വളരാൻ പാടില്ല, നീയിങ്ങനെ വിഷമിച്ച് കഴിയുന്നത് കാണുമ്പോൾ ഈ അമ്മയ്ക്ക് സഹിക്കാനാവുന്നില്ലെടാ ”

പണ്ടും അമ്മയുടെ കണ്ണീരിനു മുൻപിലേ ഞാൻ തോറ്റു കൊടുക്കാറുള്ളൂ, പക്ഷെ ഇന്നെനിക്ക് ആ വാക്കുകളെ ഉൾക്കൊള്ളാൻ പോലും കഴിഞ്ഞിരുന്നില്ല. മേശപ്പുറത്തിരുന്ന ആ പഴയ പത്രത്തിലെ മാട്രിമണി കോളത്തിലേക്ക് വീണ്ടും ഞാനൊന്ന് കണ്ണോടിച്ചു, അന്നെനിക്ക് അതു കണ്ടപ്പോൾ അടങ്ങാത്ത ദേഷ്യമാണുളവായത്, എങ്കിൽ ഇന്നിത് വായിക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റലാണ്

രണ്ടാം വിവാഹം വധുവിനെ ആവശ്യമുണ്ട് പേര്: മനോജ് വയസ്സ്: 33 ഇരു നിറം, ഉയരം: 5′ 7

മരണക്കിടക്കയിൽ കിടന്നു കൊണ്ട് ഭർത്താവിനു വിവാഹമാലോചിച്ച ഭാര്യ, അത് വേറെ ആരുമായിരുന്നില്ല. എന്റെ ലക്ഷ്മി തന്നെയായിരുന്നു. അമ്മ കൂടി അതിനു കൂട്ടുനിന്നു എന്ന് കേട്ടപ്പോളാണ് ഞാനാകെ തളർന്നു പോയത്

ക്യാൻസർ എന്ന മാരക രോഗം അവളെ കാർന്നുതിന്നുമ്പോൾ വേദന കടിച്ചമർത്തിക്കിടക്കുന്നത് ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട്, പഞ്ഞി മെത്തയിലെ തല ഭാഗം നഖക്ഷതങ്ങളാൽ കീറി മുറിച്ച രാത്രികൾ ഒരുപാടവൾ തള്ളി നീക്കി. ദിവസങ്ങളെണ്ണിയവൾ അർദ്ധ ശയ്യയിൽ കിടക്കുമ്പോഴും ആ വേദനയിലും പുഞ്ചിരിച്ചു കൊണ്ടവളെന്നോട് ആവശ്യപ്പെട്ടത് മറ്റൊരു വിവാഹം കഴിക്കുവാനായിരുന്നു.പ്രതീക്ഷ കൈവിടാതെ ഞാൻ കാത്തിരുന്നപ്പോഴുo സ്വന്തം ആയുസ്സിനെപ്പറ്റി നല്ല ധാരണയവൾക്കുണ്ടായിരുന്ന പോലെയായിരുന്നു അവളുടെ പെരുമാറ്റം. അന്നും അവളുടെ ആ ആവശ്യത്തെ ഒരു കളിയായി മാത്രമാണ് ഞാനും കണ്ടത്

ഇന്നലെയും ആദി മോൻ അവന്റെ അമ്മയേപ്പറ്റി ചോദിച്ചു . നെഞ്ചിൽ തല ചായ്ച്ചു കിടന്ന നിഷ്കളങ്കമായ ആ പിഞ്ചു പൈതലിന്റെ ചോദ്യത്തിന് ഉത്തരമായത് എന്റെ നെഞ്ചിടിപ്പിന്റെ എണ്ണം തെറ്റിയ താളം മാത്രമായിരുന്നു. ലക്ഷ്മിയുടെ മരണം ഇപ്പോഴും എനിക്ക് പൂർണ്ണമായും ഉൾക്കൊള്ളുവാനായിട്ടില്ല. അവളെക്കുറിച്ചുള്ള ഓർമ്മകൾ എനിക്കു ചുറ്റും വലം വെച്ചു കൊണ്ടിരിക്കയാണ്. സഹപ്രവർത്തകരുടെ സഹതാപവാക്കുകൾ എന്നെ സാന്ത്വനപ്പെടുത്തിയില്ല മറിച്ച് ഹൃദയം കീറി മുറിക്കുന്ന വേദനയാണുളവായത്

കുറച്ചു നാളത്തേക്കൊരു വിശ്രമം ആവശ്യമാണെന്നെനിക്കും തോന്നി, അവളില്ലാത്ത ഓരോ രാവും തള്ളി നീക്കുമ്പോൾ ഉള്ളിൽ നിലനിന്നിരുന്നത് തീരാ ദുഃഖങ്ങൾ മാത്രമായിരുന്നു

ഉമ്മറത്ത് ബ്രോക്കർ ദാമുവേട്ടനുമായി ചർച്ചയിലായിരുന്നു അച്ഛൻ, മകന്റെ രണ്ടാം കെട്ടിന്റെ ആലോചനക്കുള്ള തിരക്കിൽ

നീണ്ട നാലു വർഷങ്ങൾക്കു മുൻപ് ഇതിനേക്കാൾ വലിയ ചർച്ച നടന്നതാണ് ഈ ഉമ്മറത്ത് . വിവാഹ നിശ്ചയത്തിന്റെ വക്കിലെത്തിയ ആ പഴയ ജാതകത്തെ പത്തിൽ നാലു പൊരുത്തമേയുള്ളോ എന്നു പറഞ്ഞ് അച്ഛൻ തള്ളിക്കളഞ്ഞത് പുത്തൻവീട്ടിലെ പണക്കൊഴുപ്പിന്റെ ബന്ധം മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ്

അവിടത്തെ ഒരേയൊരു പെൺതരിയുമായി എന്റെ വിവാഹം ഉറപ്പിച്ചത് എന്നോട് ചോദിക്കാതെത്തന്നെയായിരുന്നു. ഒത്തു വന്ന ജാതകത്തിൽ പത്തിലൊമ്പത് പൊരുത്തം ഉണ്ടായപ്പോഴും എന്റെ മുഖത്ത് തെളിച്ചമുണ്ടായിരുന്നില്ല. ജനിച്ചതിനു ശേഷം ഇന്നുവരെ അച്ഛനെ ധിക്കരിക്കാത്ത ഞാൻ ഇഷ്ടമില്ലാത്ത ആ ബന്ധത്തിനു വഴങ്ങി.

അന്തസ്സും കുടുംബ മഹിമയുമുള്ള ആ ബന്ധം എന്തുകൊണ്ടും യോജിച്ചതു തന്നെയായിരുന്നെങ്കിലും യാതൊരു വിധ ന്യായവും ഇല്ലാതെ അച്ഛൻ ചെയ്ത വിശ്വാസ വഞ്ചനയായിരുന്നു മനസ്സിൽ അതു കൊണ്ടു തന്നെ ആ അരിശം തീർത്തത് ഒരു തെറ്റും ചെയ്യാത്ത അവളോടായിരുന്നു

വിവാഹപ്പന്തലിൽ ചുവന്നു തുടുത്ത മുഖവുമായി താലികെട്ടിയപ്പോഴും ആദ്യരാത്രി അർദ്ധക്ഷീണമഭിനയിച്ച് തിരിഞ്ഞു കിടന്നപ്പോഴും അവളുടെ കണ്ണിൽ നിറഞ്ഞ സ്നേഹം മാത്രമാണ് ഞാൻ കണ്ടത്. കാരണമുണ്ടാക്കി ഒരുപാട് ഞാനവളെ ശകാരിച്ചിട്ടുണ്ട് , ഒരുപാട് രാവുകളിൽ കിടപ്പറയിൽ ഒരു കയ്യകലത്തിൽ മാത്രം ഞാനവളെ കിടത്തിയിട്ടുണ്ട് . എന്നിട്ടും സ്നേഹം കൊണ്ടവളെന്നെ വീർപ്പുമുട്ടിക്കുകയായിരുന്നു,കരുതൽ കൊണ്ടെന്നെ കീഴ്പ്പെടുത്തുകയായിരുന്നവൾ

അവളെ അവഗണിച്ച ആ നിമിഷങ്ങളെ ആയിരം തവണ ശപിച്ചു കൊണ്ടിരിക്കയാണ് ഞാൻ, അവളില്ലാത്ത രാവുകൾ അസഹ്യമാണിന്നെനിക്ക് , ഇന്നും എന്റെ സ്വപ്നങ്ങളിൽ അവളുടെ മുഖം മാത്രമാണുള്ളത് . സ്വപനത്തിൽ എന്നും അവളെന്നെ ഓർമ്മപ്പെടുത്തും അച്ഛനും അമ്മയ്ക്കും തണലായി ആദി മോനു താങ്ങായി നിൽക്കാൻ വേണ്ടി മറ്റൊരു വിവാഹം കഴിക്കണം എന്ന്.

ഒരുമിച്ചുള്ള ജീവിതത്തിൽ ഒരിക്കൽ പോലും അവളെന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല ആദ്യമായും അവസാനമായും ആവശ്യപ്പെട്ടത് ഈയൊരു കാര്യം മാത്രമായിരുന്നു. എന്നും അവളെന്റെ ഇഷ്ടത്തിനു വേണ്ടി മാത്രമാണ് ജീവിച്ചത്. ഒരുപാട് ഉയരങ്ങളിലേക്ക് എത്തേണ്ട നർത്തകിയായിരുന്ന അവളുടെ ചുവടുകളെ എന്റെ സ്വകാര്യതയിൽ മാത്രം ഞാനൊതുക്കി നിർത്തി, എന്റെയിഷ്ടത്തിനു വേണ്ടി മാത്രം വഴങ്ങിക്കൊണ്ട് അവളാ ചിലങ്കയെ എന്നന്നേക്കുമായി ഉപേക്ഷിക്കുകയായിരുന്നു

അതെ സ്വാർത്ഥനായിരുന്നു ഞാൻ കളങ്കമില്ലാത്ത ,കാപട്യമില്ലാത്ത അവളുടെ സ്നേഹത്തെ അങ്ങേയറ്റം ചൂഷണം ചെയ്യുകയായിരുന്നു ഞാൻ

എന്റെ മൗനം സമ്മതമെന്ന മട്ടിലാണ് അച്ഛൻ . വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന മനോഭാവം മാത്രമാണ് അച്ഛനിൽ ഞാൻ കണ്ടത് ഞാൻ സ്നേഹിച്ചതിനേക്കാൾ പതിന്മടങ്ങ് സ്നേഹം അവൾ അച്ഛനും അമ്മയ്ക്കും കൊടുത്തിട്ടുണ്ട് എന്നിട്ടും അവരത് ഇന്നു മറക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ ഞാൻ തിരിച്ചറിയുന്നുണ്ട് നഷ്ടപ്പെട്ടത് എനിക്കും എന്റെ ആദി മോനും മാത്രമായിരുന്നെന്ന്

ഇന്നു ഞങ്ങളുടെ നാലാം വിവാഹ വാർഷികമാണ് എല്ലാവർഷത്തേയും പോലെ ഈ വർഷവും എനിക്ക് പ്രിയപ്പെട്ടതു തന്നെയായിരുന്നു.ലക്ഷ്മിയെന്ന പുണ്യത്തിന്റെ നെറുകിൽ ഞാൻ സിന്ദൂരം ചാർത്തിയ ആ സുദിനം. തെക്കേപ്പറമ്പിലെ പേരാലിന്റെ കട വേരോട് ചേർന്നു നിന്ന അവളുടെ അസ്ഥിത്തറയിലെ മൺചിരാതിൽ ഞാൻ തിരി കൊളുത്തി. ഒപ്പം അവളോടും ചിലത് പറയാനുണ്ടായിരുന്നു എനിക്ക്

“ലക്ഷ്മി നിന്നോടുള്ള കടം ഞാനെങ്ങെനെ വീട്ടും ? നിന്നെ സ്നേഹിച്ചു കൊതി തീർന്നില്ല. വിധിയെന്നെ തട്ടിക്കളിക്കുകയാണ് എങ്കിലും ഇന്നു ഞാൻ സ്വന്തമായൊരു തീരുമാനത്തിലെത്തി, പണ്ടൊരിക്കൽ ഞാൻ നിന്നോട് കളിയായി ചോദിച്ചിട്ടുണ്ട്, എന്റെ മരണശേഷം നിന്റെ ജീവിതം എങ്ങനെ ജീവിച്ചു തീർക്കും എന്ന്. അന്നും നീ എനിക്ക് മറുപടി തന്നത് നിന്റെ ചുണ്ടുകളല്ല നിന്റെ കണ്ണുകളായിരുന്നു അതിൽ നിന്നൊഴുകിയ കണ്ണുനീരായിരുന്നു. നീ പറയാനാഗ്രഹിച്ചത് ഞാനാ കണ്ണുകളിൽ നിന്നും വ്യക്തമായി വായിച്ചെടുത്തതാണ്

ഇന്നും നീ സ്വപ്നങ്ങളിൽ വന്നെന്നെ പരീക്ഷിക്കുകയാണല്ലേ? എന്റെ സ്വപ്നങ്ങളിൽ നിനക്ക് ജീവനുള്ളിടത്തോളം കാലം മറ്റൊരു പെണ്ണിനെപ്പറ്റി ഞാനെങ്ങനെ ചിന്തിക്കും ലക്ഷ്മി ? കഴിഞ്ഞ നാലു വർഷത്തിൽ നീയെനിക്കു സമ്മാനിച്ച ഓർമ്മകൾ മാത്രം മതി ശിഷ്ടകാലം എനിക്ക് ജീവിച്ച് തീർക്കാൻ

നിനക്കു വേണ്ടി ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല . എങ്കിലും നിന്റെ ഈയൊരു ആവശ്യത്തെ ഞാൻ ധിക്കരിക്കുകയാണ്, എന്റെ സ്വാർത്ഥത തന്നെയാണതിന് കാരണം എന്തെന്നാൽ നിന്നോടുള്ള സ്നേഹമാണിന്നെന്റെ സ്വാർത്ഥത . മരണം കൊണ്ട് നീയെന്നെ തോൽപ്പിച്ചു ഇനി പ്രണയം കൊണ്ട് ഞാൻ നിന്നെ തോൽപ്പിച്ചു കൊള്ളട്ടെ ലക്ഷ്മി”

അസ്ഥിത്തറയിൽ മണ്ണോടടിഞ്ഞു കിടക്കുന്ന അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു കാർമേഘം തെല്ലു പോലും മറയ്ക്കാത്ത തെളിമാനത്തു നിന്നും വേനൽവർഷം എന്റെ കവിളിലേക്ക് കുത്തിപ്പെയ്തിറങ്ങി

“ആത്മാവിന് ആനന്ദമാണ് മഴ” പക്ഷെ എനിക്ക് തോന്നിയത് എന്റെ കലങ്ങിയൊഴുകിയ കവിൾത്തടങ്ങളെ തുടച്ചു നീക്കുവാൻ വേണ്ടി അവൾ എന്നിൽ പെയ്തിറങ്ങിയപ്പോലാണ്.കാരണം എന്റെ കണ്ണുനീരവൾ ഒരിക്കലും ആഗ്രഹിക്കുന്നില്ലായിരിക്കണം

ത്രിസന്ധ്യയിൽ ഉമ്മറപ്പടിയിലെന്നേയും കാത്ത് അച്ഛനിരിപ്പുണ്ടായിരുന്നു . പിച്ചിച്ചീന്തിയ ആ പഴയ ജാതകത്തിന്റെ പുത്തൻ പകർപ്പ് അച്ഛനെന്നെ ഏൽപ്പിച്ചപ്പോഴും എനിക്ക് പുച്ഛമാണ് തോന്നിയത്, അതും വാങ്ങി ഞാൻ അടുക്കളയിലേക്ക് നടന്നു, എന്റെ തീരുമാനം അറിയുവാനായി കാത്തുകെട്ടിക്കിടപ്പുണ്ടായിരുന്ന അമ്മയോട് മറുപടിയായ് ഞാൻ പറഞ്ഞു

“അമ്മേ ആദി മോനു അമ്മ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ അവന്റെ അച്ഛൻ ഇന്നും ജീവനോടെയുണ്ട്, ഇനിയൊരു വിവാഹത്തെപ്പറ്റി ഞാൻ ചിന്തിച്ചിട്ടുപോലുമില്ല, ഇനിയൊട്ടും ചിന്തിക്കാനും പോണില്ല ”

എന്റെ മറുപടിയിൽ അതൃപ്തയായി സാരിത്തുമ്പു കൊണ്ട് മുഖം പൊത്തി അമ്മ വിതുമ്പുമ്പോഴും അച്ഛനുള്ള ഉത്തരം അമ്മയുടെ മുക്കാലടുപ്പിൽ എരിഞ്ഞമരുന്നുണ്ടായിരുന്നു

നെഞ്ചുനീറുന്ന ഓർമ്മകളുടെ ആ രാത്രിയിലും മാറിൽ തല ചായ്ച്ചു കിടന്ന ആദി മോൻ എന്നോടാ ചോദ്യം ചോദിച്ചു

“അച്ഛാ , അച്ഛമ്മ പറഞ്ഞു പുതിയ അമ്മ വരുംന്ന്, ശരിയാണോ അച്ഛാ? എനിക്കന്റെ പഴയ ലച്ചുമ്മയെ മതീ ട്ടാ”

നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ടപ്പോൾ എന്റെ കണ്ണുകൾ കവിഞ്ഞൊഴുകി കഴുത്തിലൂടെ ഒലിച്ചിറങ്ങിയ നീരിനെ അവന്റെ ഇളം കൈകളാൽ തുടച്ചു നീക്കി കൊണ്ടവൻ വീണ്ടും ചോദിച്ചു

“എന്തിനാ അച്ഛാ കരേണത്? ആദി മോന് വിഷമാവും, കരയണ്ടാട്ടോ ”

ഇടനെഞ്ചിലെ ഇളം ചൂടുപ്പറ്റിക്കിടന്ന അവനെ ഞാൻ ഒന്നു കൂടെ മാറോട് ചേർത്തു നിർത്തി, തലങ്ങും വിലങ്ങും അവന്റെ മൂർദ്ധാവിൽ ചുംബിച്ചു.

ചന്ദനത്തിരിയുടെ ചാരം പറ്റിക്കിടന്ന ചലനമറ്റ അവളുടെ ചിലങ്കയിലേക്ക് ഞാനൊന്നു നോക്കി. മുകളിൽ ചുമരിൽ തൂക്കിയിട്ട ലക്ഷ്മിയുടെ കളഭക്കുറിച്ചാർത്തിയ ഫോട്ടോയിൽ കൈചൂണ്ടിക്കാണിച്ചു കൊണ്ട് ഞാനവനോടായ് പറഞ്ഞു

“എന്റെ ആദി മോന് ഒരമ്മയേ ഉള്ളൂ അത് ആക്കാണുന്ന ലച്ചുമ്മയാണ് ”

രചന : – ആദർശ് മോഹനൻ

Leave a Reply

Your email address will not be published. Required fields are marked *