കല്യാണത്തലേന്ന്

രചന : – Aparna Vijayan‎

അമൃത ചേച്ചിയുടെ കല്യാണതലേന്ന്, ചേച്ചിയെ മൈലാഞ്ചിയിടാൻ വിളിക്കാൻ പോയ ഞാൻ കാണുന്നത് ആളും മേളവുമില്ലാത്ത ഒരു കോണിൽ നിന്നു ചേച്ചി കരയുന്നതാണ് . നീ പൊയ്ക്കോ ഞാൻ വന്നോളാം എന്നു പറയുമ്പോഴും ചേച്ചി ഏങ്ങലടി പണിപ്പെട്ട് ഒതുക്കാൻ നോക്കുകയായിരുന്നു . കൈയിലിട്ട മൈലാഞ്ചിച്ചോപ്പിനേക്കാൾ ചേച്ചിയുടെ കണ്ണു ചുവന്നിരുന്നു . ഒരുക്കളങ്ങളെല്ലാം കഴിഞ്ഞ് കിടന്നപ്പോഴും ഒപ്പം കിടന്നിരുന്ന ഞാൻ അറിയുന്നുണ്ടായിരുന്നു ചേച്ചിയുടെ തേങ്ങലുകൾ . ഈ വീടുപേക്ഷിച്ചു പോവുന്നതിന്റെ ദുഃഖമാവുമെന്ന് കരുതി . രാവിലെ എണീറ്റപ്പോൾ കണ്ണീരു തോരാത്ത മുഖവും, നനഞ്ഞ തലയിണയും എന്നെ കൂടുതൽ അസ്വസ്‌ഥമാക്കി.

എന്തിനാണ് ചേച്ചി കരയുന്നതെന്നുള്ള എന്റെ ചോദ്യത്തെ നമ്മളെയെല്ലാം വിട്ടുപോവാൻ മടിയായിട്ടാണെന്നുള്ള അമ്മയുടെ ഉത്തരം അന്നത്തെ പത്തുവയസുകാരിയെ വിശ്വസിപ്പിക്കാൻ പോന്നവയായിരുന്നു .

കല്യാണം കഴിഞ്ഞു രണ്ടാഴ്ചക്കു ശേഷം ഞാൻ സ്കൂൾ വിട്ടുവരുമ്പോൾ ചേച്ചി അകത്തുണ്ട് . അമ്മ ഒരു മൂലയിലിരുന്നു കരയുന്നു .അച്ഛൻ ഉമ്മറത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. എന്റെ പഴയ ചേച്ചിയെയായിരുന്നില്ല എന്തൊക്കയോ പിറുപിറുക്കുന്നു .

മിട്ടായികവർ കൊണ്ട് മോതിരമുണ്ടാക്കി അണിയുന്നു . പൊട്ടിച്ചിരിക്കുന്നു . പൊട്ടിക്കരയുന്നു .വിവാഹം കഴിഞ്ഞു ആനന്ദത്തിൽ ആറാടിയ വീട് പെട്ടന്ന് തന്നെ ശോകമൂകമായി . പിറ്റേന്ന് വൈകിട്ട് തന്നെ ചേട്ടനുമെത്തി . കല്യാണചെറുക്കന്റെ പുഞ്ചിരിയൊക്കെ അസ്തമിച്ച മുഖം .

‘മോനെ കയറിയിരിക്ക് ‘ അമ്മ ചേട്ടനെ അകത്തേക്കിരിക്കാൻ വിളിച്ചു . ചേച്ചി ഉമ്മറത്തിന്റെ ആരഭിത്തിയിലിരുന്നു മാല കോർക്കുകയും അഴിക്കുകയുമായിരുന്നു , ചേച്ചി ചേട്ടനെ കണ്ടുവോ ? ഇടക്കൊക്കെ നോക്കുന്നുണ്ടായിരുന്നു .ചേട്ടൻ ദയനീയമായി നോക്കി പുഞ്ചരിച്ചു . പശ്ചാത്താപം നിഴലിച്ചു മുഖത്തോടെ അച്ഛൻ ഇറങ്ങി വന്നു. മുഖവുരയൊന്നുമില്ലാതെ പറഞ്ഞു .

“തെറ്റ് ചെയ്തത് ഞങ്ങളാ. എത്രയും പെട്ടന്നു ബന്ധം ഒഴിഞ്ഞുതരാം .അവൾക്കു ഒരാളോട് ഇഷ്ട്ടമുണ്ടായിരുന്നു ബന്ധുക്കളൊക്കെ എതിർക്കുമായിരുന്നു അതാ ഞങ്ങളും . പക്ഷെ വലിയൊരു തെറ്റായിപ്പോയി മോനോട് , അമ്മുനോട് , ആ പയ്യനോട് .” ആരുടെ മുൻപിലും കുനിയാത്ത അച്ഛന്റെ തല ചേട്ടന്റെ മുൻപിൽ താണു. അന്നുവരെ എന്റെ മനസ്സിലുണ്ടായിരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി. കല്യാണത്തലേന്ന് ചേച്ചി കരഞ്ഞത് അതിനും നാലു മാസങ്ങൾക്കും മുൻപ് കോളേജ് വിട്ടു വന്ന ചേച്ചിയെ അച്ഛൻ തല്ലിയത് , അമ്മ മരിക്കുമെന്ന് പറഞ്ഞത്, പഠിപ്പും നിർത്തി ചേച്ചിയെ പെട്ടന്ന് കല്യാണം കഴിച്ചയച്ചത് . ചേച്ചി ആരെയോ സ്നേഹിച്ചിരുന്നു ആ ബന്ധത്തെ വീട്ടിൽ ഇഷ്ടമായിരുന്നില്ല അതാണ് ഇന്ന് സ്വബോധമില്ലാതെ,എന്റെ പണ്ടത്തെ ചേച്ചി അല്ലാതാവാൻ കാരണം . അച്ഛനോടും അമ്മയോടും എനിക്ക് ദേഷ്യം തോന്നി പാവമായിരുന്നു എന്റെ ചേച്ചി എല്ലാം മനസിലടക്കിപ്പിടിച്ചു സ്വയമില്ലാതായി .

നോക്കിയപ്പോൾ ചേട്ടൻ കസേരയിലില്ല ചേച്ചിയുടെ തലമുടിയിൽ തലോടുകയായിരുന്നു .

“എന്തായാലും സംഭവിക്കാനുള്ളതെല്ലാം കഴിഞ്ഞു . തെറ്റും ശരിയും വേർതിരിച്ചിട്ടു എന്ത് കാര്യം . ഇന്നവളെന്റെ ഭാര്യയാണ് . കൈയൊഴിയാനല്ല കൈപിടിച്ചത്. ഞാൻ ഇവളെ കൊണ്ടുപോവാ .അസുഖം ഭേദമാവുമെന്ന് എനിക്ക് ഉറപ്പുണ്ട് . ”

ഞങ്ങളാരുടെയും സമ്മതത്തിനു കാത്തുനിൽക്കാതെ ചേട്ടൻ ചേച്ചിയുടെ കൈയും പിടിച്ചു നടന്നു .

വർഷങ്ങൾക്കിപ്പുറം എന്റെ കല്യാണത്തലേന്ന് മൈലാഞ്ചി അണിയിക്കുമ്പോൾ ചേട്ടന്റെ ഒപ്പം ചേച്ചി അടുത്തു വന്നു എന്നോട് പറഞ്ഞു “വർഷങ്ങൾക്കപ്പുറം ഞാൻ രക്തസാക്ഷിയായതോണ്ടാ ഇന്ന് നീ ആഗ്രഹിച്ച ജീവിതം കിട്ടുന്നത് . മൗനം സമ്മതമാക്കി ഞാൻ പുഞ്ചിരി തൂകി .

രചന : – Aparna Vijayan‎

Leave a Reply

Your email address will not be published. Required fields are marked *