പാസ്സ്‌വേർഡ്

രചന : – ആതിര

കൂടെ സ്കൂളിൽ പഠിച്ച കല്യാണി ഇന്ന് ചാറ്റ് ചെയ്യുന്ന വഴി ചോദിച്ചു “നിന്റെ കെട്ടിയോൻ എങ്ങനാ നിന്നോട്.. നല്ല അടുപ്പം ആണോ എന്നൊക്കെ” ഞാനോർത്തു ഇനിയിപ്പോ എന്നാ പറഞ്ഞിട്ടെന്നാ കെട്ടി രണ്ടു പിള്ളേരും ആയി. കെട്ടിയോൻ എങ്ങനായാൽ എന്ത്. സത്യത്തിൽ അതാലോചിച്ചിരിക്കാൻ സമയമില്ല എനിക്ക്.

എന്നാലും കല്ലു എന്തിനാരിക്കും അങ്ങനെ ചോദിച്ചത്. ഇനി അവൾക്കു വല്ല പ്രശ്നവും ഉണ്ടോ. (സ്കൂളിലാർന്നപ്പോ എന്നെക്കൊണ്ട് നിർബന്ധിച്ചു വിളിപ്പിച്ചു കല്ലു എന്ന്. ഇപ്പൊ അതെ വായിൽ വരുന്നുള്ളു). ഞാൻ ഫേസ്ബുക്കിൽ അവളെ കാണാറുണ്ട്. സത്യം പറയാലോ സിനിമ നടിയുടെ കൂട്ടിരിക്കും അവളെ കാണാൻ.

കെട്ടിയോനേം കെട്ടിപ്പിടിച്ചുള്ള ആ ഇരിപ്പു കണ്ടാൽ എനിക്ക് കുറച്ചൊന്നുമല്ല അസൂയ തോന്നാറ്. വെട്ടു പോത്തു പോലെ മസിലും പിടിപ്പിച്ചു ഇരിക്കുന്ന നമ്മുടെ കെട്ടിയോനോട് ചിരിക്കാൻ പറഞ്ഞാലും കാര്യമില്ല. ചിരിക്കില്ലാന്നു നേർച്ചയുണ്ട് അതാട്ടോ. അവക്കും രണ്ടു പിള്ളേരുണ്ട്. എന്നാലും എന്തൊരു ലുക്കാ. ഞാനാണെങ്കിലോ വയറും ചാടി മുഖം മാത്രം കാണുന്നത് പോലെ ഫോട്ടോയും എടുത്ത് നടക്കുന്നു. മുഖം കൊഴപ്പമില്ല ഒപ്പിക്കാം.

“അന്നമ്മേ” അവൾ നീട്ടി വിളിച്ചു. “നീ പോയോ”. അന്ന എന്നുള്ള എന്റെ പേരും അവൾ മാറ്റി. ആൻ എന്നാക്കി. സങ്കടം വന്നാൽ മാത്രേ അന്നമ്മേ എന്ന് വിളിക്കാറുള്ളു. അവളുടെ കാര്യം പറഞ്ഞാൽ ബഹു വിറ്റാണ്.

അഞ്ചാം ക്ലാസ്സു വരെ ബഹറിനിൽ പഠിച്ചു ആറിൽ നാട്ടിലെ ഒരു ഇംഗ്ലീഷ് മീഡിയത്തിൽ വന്നു ചേർന്നതാണ് അവൾ. പൂത്ത പൈസക്കാരി. അവളുടെ അച്ഛന് ബിസിനെസ്സ്. ഞാനാകട്ടെ ഒരു മിഡിൽ ക്ലാസ്സുകാരി. അപ്പനും അമ്മയും ജോലിക്ക് പോകുന്നു. ഒരു ദിവസം ഞാനിഷ്ടപ്പെട്ട ഒരു കൂട്ടുകാരി എനിക്കിട്ടൊരു പണി തന്നപ്പോ ആരും കാണാതെ ക്ലാസിനു പുറത്തുള്ള മാവിന്റെ ചുവട്ടിലെ അരപ്ലേസിൽ ഇരുന്നു പിറുപിറുക്കുമ്പോളാണ് അവൾ എന്നോട് എന്താ പ്രശ്നം എന്ന് ചോദിക്കുന്നതും “കാര്യം കഴിഞ്ഞപ്പോ എല്ലാരും എന്നെ കറിവേപ്പില ആക്കി” എന്ന് ഞാൻ അവളോട് സങ്കടം പറയുന്നതും. അവൾ വളരെ വിഷമത്തോടെ എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. എന്നിട്ടൊരു ചോദ്യം. “Ann, by the way what is this kariveppila”

എന്റെ സാറേ എന്റെ സങ്കടം ആവിയായി പോയി. അതാണ് മൊതല്. പൈസക്കാരി ആണെങ്കിലും പാവം ആണ് കേട്ടോ. അയ്യോ പറഞ്ഞു പറഞ്ഞു എവിടെയോ എത്തി. അങ്ങനെ കുറെ കഥകൾ ഉണ്ടട്ടോ. മറ്റൊരിക്കൽ പറയാം.

കോളേജിൽ വേറെ വേറെ ആരുന്നു എങ്കിലും വല്ലപ്പോഴും അവളെ വിളിക്കും. കല്യാണം ഉറപ്പിച്ചപ്പോൾ എന്നോട് പറഞ്ഞിരുന്നു. അവളുടെ കഥകൾ എല്ലാം ഞാൻ ഒത്തിരി ഇന്ട്രെസ്റ്റോടെ കേക്കും. ഞാനൊക്കെ സ്വപ്നം കാണുന്നതുപോലെ ഉള്ള ഒരു ജീവിതം.

ഹണിമൂണിന് ഫ്രാൻസിന് പോയ ഫോട്ടോസ് കാണിച്ചപ്പോ എന്റെ അസൂയ ഹോ പറഞ്ഞറിയിക്കാൻ വയ്യ. എന്നാലും സന്തോഷം. അവൾ നന്നായിരിക്കുന്നല്ലോ. അങ്ങനെ ഒരു ദിവസം എന്റെയും കല്യാണം കഴിഞ്ഞു. അപ്പനും അമ്മയും കണ്ടു വച്ച ഒരു ജന്റിൽ മാൻ. ഞാനും ജോലിക്ക് പോയി തുടങ്ങി. അല്ലലില്ലാതെ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നു. ജോലിയുടെ പ്രഷർ വരുമ്പോ കുക്കർ പൊട്ടിത്തെറിക്കുന്നത് പോലെ എന്റെ കെട്ടിയോൻ പൊട്ടിത്തെറിക്കും. കേൾക്കാൻ ആർക്കു സമയം. അതിനിടെ രണ്ടു പിള്ളേരും ആയി. ഒന്നിനും സമയമില്ലാതെ ഓട്ടത്തിനിടക്ക് സമയം കിട്ടുമ്പോ ഇവിടെ വരും. കഥകളും കവിതകളും വായിക്കും. ഒരു പ്രത്യേക സുഖമാണ് അക്ഷരങ്ങളെ സ്നേഹിക്കാൻ. അങ്ങനെ ഇരിക്കുമ്പോളാണ് അവളുടെ അടുത്ത ചോദ്യം. “നിന്റെ കെട്ടിയോൻ നിന്നെ ഫേസ്ബുക് കാണിക്കാറുണ്ടോ” അടിപൊളി കെട്ടിയോൻ തന്നെ കാണാൻ കിട്ടാറില്ല അപ്പോളാണ് ലങ്ങേരുടെ ഫേസ്ബുക്. ആത്മഗതം. “ഇല്ലാടി എന്നാ പറ്റി.”

എനിക്ക് ഏട്ടന്റെ പാസ്‌വേഡ് അറിയില്ല. ഏട്ടൻ പാവമാ. നല്ലതാ. ബട്ട് എപ്പോളും ഫേസ്ബുക് ലോഗ് ഔട്ട് ആക്കി പോകും. ഒരിക്കൽ ചോദിച്ചപ്പോ പറയുവാ “നമ്മുക് പരസ്പരം നല്ല സ്നേഹം വേണം പക്ഷെ ഒരു അല്പം സ്പേസ് പരസ്പരം ഉണ്ടെങ്കിലേ എല്ലാ ബന്ധങ്ങളും സ്ട്രോങ്ങ് ആകു”. എന്ന്.

എന്തരോ എന്തോ. എല്ലാ പാസ്‌വേർഡും ഞാൻ ഓർത്തു വെക്കണം എന്നും പറഞ്ഞു ഞാൻ അങ്ങേരുടെ പാസ്സ്‌വേർഡ്‌ മറന്നു പോയാൽ അതിനും എന്നെ തെറി വിളിക്കുന്ന എന്റെ ബിനുവിനെ ഞാനും അപ്പൊ ഓർത്തു. ദേഷ്യം വരുമ്പോ അലർച്ച സഹിക്കണം എന്നല്ലാതെ വേറൊരു മറയും ഞങ്ങൾ തമ്മിൽ ഇല്ലല്ലോ എന്നോർത്തപ്പോ ഒരാശ്വാസം തോന്നി.

എങ്കിലും ഞാൻ അവളോട് ഒരു തത്വ ജ്ഞാനിയെ പോലെ പറഞ്ഞു. “കല്ലു നിനക്ക് നല്ല കഴിവില്ലേ. കെട്ടിയവന് നല്ല ജോലി ഉണ്ടെങ്കിലും നീ ജോലിക്കൊന്നും പോകാതെ ഇരിക്കുന്നത് കൊണ്ടാണ് നിനക്ക് ഇങ്ങനത്തെ ചിന്തകൾ ഒക്കെ. അല്ലെങ്കിൽ നിനക്കിഷ്ടമുള്ള മറ്റെന്തെങ്കിലും ചെയ്യൂ. സ്വന്തമായി നാല് രൂപ ഉണ്ടാകുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്ന് കൊണ്ടും കിട്ടൂല. ഒരു ജോലി ആയാൽ നിന്റെ ചിന്തകൾ ഒക്കെ വൈഡ് ആകും. ഇങ്ങനത്തെ വിഷമങ്ങൾ ഒക്കെ മാറും” ഞാൻ പറഞ്ഞു നിർത്തി.

രണ്ടു പിള്ളേരെയും സ്കൂളിലാക്കി എന്നും ജോലിക്ക് താമസിച്ചു പോയി മാനേജറിന്റെ തെറിയും മേടിച്ചു പണിയും എടുത്ത് തിരിച്ചു വീട്ടിൽ വരുമ്പോ പിള്ളേര് വീട് മറിച്ചു വച്ചിരിക്കുന്നതും കണ്ട് അവർക്കു ചുട്ട അടിയും ഫുഡും കൊടുത്ത് കെട്ടിയോനെയും ശുശ്രൂഷിച്ചു വീണ്ടും ഇതൊക്കെ തന്നെ എന്നും തുടരുന്ന എന്റെ വിഷമങ്ങൾ എങ്ങാനും അവളോട് പറഞ്ഞാൽ വീണ്ടും അവൾ കറിവേപ്പിലയുടെ അർഥം ചോദിച്ചാലോ എന്നോർത്തു ബാക്കി വന്നതൊക്കെ ഞാൻ വിഴുങ്ങി.
രചന : – ആതിര

Leave a Reply

Your email address will not be published. Required fields are marked *