മധുരം തുടിക്കുന്ന എന്റെ ഓര്‍മ്മകള്‍

രചന : – Aswathy Achus

ഞാനെന്നാണ് ആദ്യമായ് അവളെ കാണുന്നത്? അവളിപ്പോള്‍ എന്റെ ഭാര്യയാണ്. ഒരുപക്ഷേ അവളെന്റെ ജീവിതത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ഞാനെന്താകുമെന്നു എനിക്കു തന്നെ അറിയില്ല…

ഒരുപാട് തവണ ഞാൻ അവളെ കണ്ടിട്ടുണ്ട്. കാണുമ്പോഴൊക്കെ അങ്ങനെ നോക്കി നിൽക്കും. അവളെയെപ്പോള്‍ കാണുമ്പോഴും മുഖം ഗൗരവമായി ഇരിക്കും. ചിരിക്കുന്നതു കണ്ടിട്ടേയില്ല. എന്നാലും എങ്ങനെയാണ് ഞാനവളെ ഇഷ്ടപ്പെട്ടത് എന്ന് എനിക്ക് തന്നെ അദ്ഭുതമാണ്.

ഒരു ദിവസം നേരം വൈകിയ അന്ന് എന്റെ ഓട്ടോയിലാണ് കയറിയത്. എവിടേക്കാ എന്നു ചോദിച്ചപ്പോള്‍ ഓഫീസിന്റെ പേര് പറഞ്ഞു. അത് കഴിഞ്ഞാണ് എന്നെ നോക്കിയത്. പെട്ടെന്ന് ‘നിങ്ങളോ’ എന്ന മുഖഭാവം കണ്ടപ്പോള്‍ എനിക്കെന്തോ ചിരി വന്നു. മിറര്‍വ്യൂവില്‍ ഞാന്‍ അവളെ നോക്കിയിരുന്നു. മുഖം കടുപ്പിച്ച് ഇരിക്കയാണ്. റൈറ്റിലെ ആദ്യത്തെ പോക്കറ്റ് റോഡില്‍ നിര്‍ത്തിയേക്ക് എന്നു പറഞ്ഞു. മുഖം കടുപ്പിച്ചാണെങ്കിലും സ്വരം നല്ലതായിരുന്നു. പോകുമ്പോള്‍ എന്നെ കടുപ്പിച്ചൊന്നു നോക്കാനും മറന്നില്ല.

പക്ഷേ അവസാനം എനിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. എങ്ങനെയാണ് അവളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടിയെടുക്കുക എന്നറിയാതെ ഞാന്‍ നിന്നു. പരാജിതന്റെ മനസ്സോടെയാണ് പിന്നെ ഞാന്‍ അവളെ കണ്ടതൊക്കെ. എനിക്കാണെങ്കില്‍ ഒടുക്കത്തെ പ്രേമം ആണ്. അവള്‍ക്കാണെങ്കില്‍ എന്നോട് ദേഷ്യവും.

അങ്ങനെയിരിക്കെയാണ് ഞാനവളെ കണ്ടുമുട്ടിയത്. അത് ഇവിടൊന്നുമല്ല. മെഡിക്കല്‍കോളേജില്‍. അമ്മ ഷുഗര്‍ കൂടി കിടപ്പിലാണ്. ടെസ്റ്റിന്റെ റിസള്‍ട്ട് എവിടെനിന്നാണ് വാങ്ങേണ്ടത് എന്നറിയാതെ നില്‍ക്കുമ്പോള്‍. എതിരെ ആരോ നടന്നു വരുന്നതുപോലെ തോന്നി. കലാസ്സു മാറ്റി നോക്കിയപ്പോള്‍ അത് അവളായിരുന്നു. ഒരു പച്ച ചുരിദാറണിഞ്ഞ്. അലസമായി വാരി കെട്ടിയ മുടി. എപ്പോഴുമുള്ള ഗൗരവഭാവത്തോടെ ‘എന്താ ഇവിടെ’ എന്നു ചോദിച്ചു. ‘അമ്മയുടെ ടെസ്റ്റിന്റെ റിസള്‍ട്ട് വാങ്ങാന്‍ വന്നതാ.’ ‘എന്നിട്ട് വാങ്ങിച്ചോ?’ ‘ഇല്ല. എവിടെയാണെന്ന്…’ ‘വരൂ…’ അവള്‍ ആ രസീറ്റ് വാങ്ങി നടന്നു. നീണ്ടു കിടക്കുന്ന ഹോളിലൂടെ അറ്റത്തെത്തി ഏതൊക്കെയോ വഴികളിലൂടെ നടന്ന് ലേബ് കണ്ടെത്തിയതുപോലെയാണ് എനിക്ക് തോന്നിയത്. അവള്‍ക്ക് പക്ഷേ, ഒരു മാറ്റവും ഇല്ല. എല്ലാം സ്വാഭാവികം മാത്രം. നേഴ്‌സിനോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും. റിസള്‍ട്ട് വാങ്ങി അവസാനം ഒരു താക്‌സ് പറയുമ്പോള്‍ അവള്‍ അവര്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു. ആഹാ. എത്ര മനോഹരമായിരുന്നു അത്. കവിളില്‍ നുണക്കുഴി വിരിഞ്ഞിട്ടുണ്ടായിരുന്നു. ഇത്രയും മനോഹരമായി ചിരിക്കുന്നവളാണോ ഇത്രയും ഗൗരവം പിടിച്ചു നടന്നിരുന്നത്.

പോകാനായി എന്നെ വിളിക്കുമ്പോള്‍ ഞാനവളെ നോക്കിനിന്നത് അവള്‍ കണ്ടില്ലെന്നു നടിച്ചു. ‘ഇയാളെന്താ ഇവിടെ?’ ‘എന്താ അമ്മയ്ക്ക് അസുഖം?’ ‘ഷുഗര്‍ കൂടിയതാ.’ ‘ഉം… ഇപ്പോള്‍ എങ്ങനെയുണ്ട്.’ ‘കുറവുണ്ടെന്നാ ഡോക്ടര്‍ പറഞ്ഞത്.’ ‘ഉം.’ ‘താനെന്താ ഇവിടെ’ അവളൊന്നും പറഞ്ഞില്ല. മിണ്ടാതെ ഉള്ള ആ നടപ്പുകണ്ടപ്പോള്‍ ചെറുതായ് ദേഷ്യംവന്നതാണ്. പക്ഷേ, അതിനേക്കാള്‍ ഇഷ്ടവും തോന്നി.

വാര്‍ഡില്‍ അമ്മയ്‌ക്കൊപ്പം അനിയത്തിയും അച്ഛനും ഉണ്ടായിരുന്നു. വളരെ മനോഹരമായ പഞ്ചിരി അവര്‍ക്കു നല്കി. വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ പറഞ്ഞു. ‘അനിയൻ ഇവിടെ കിടപ്പുണ്ട് ഐ.സി.യുവില്‍’ ഫോണ്‍ റിംങ് ചെയ്തപ്പോള, ‘ശരി കണ്ടതില്‍ സന്തോഷം. അച്ഛന്‍ വിളിക്കുന്നു. കാണാംട്ടോ.’ അവള്‍ ഒന്നും മിണ്ടാതെ പോയപ്പോള്‍ എന്റെ ഹൃദയം വേദനിച്ചത് ഞാനറിഞ്ഞു എന്തിനാണെന്നു മാത്രം മനസ്സിലായില്ല. ഇതിന്റെ പേരാണോ പ്രണയം. എനിക്കവളുടെ കൂടെ പകുതിവഴി പോകണമെന്നുണ്ടായിരുന്നു. പിന്നെ പെട്ടെന്ന് അവളുടെ അടുത്ത് ഓടിയടുത്തെത്തി. ‘എന്തെ?’ ‘ഒന്നൂല’ അവളെന്നെയൊന്നു നോക്കി. മിണ്ടാതെ നടന്നു. ‘ഞാന്‍ ഗള്‍ഫിലായിരുന്നു നാലു വര്‍ഷം. വന്നിട്ട് ഇപ്പോള്‍ ആറു മാസമായി.’ ‘ഉം’ ‘കടങ്ങളെല്ലാം വീട്ടി അത്യാവശം സമ്പാദ്യം ആയെന്നു തോന്നിയപ്പോള്‍ ഇങ്ങോട്ട് തിരിച്ചു വന്നു. ഒരു ഓട്ടോ വാങ്ങി.” അവളെന്നെ അദ്ഭുതത്തോടെ ഒന്നു നോക്കി. ‘നമ്മുടെ നാട്ടില്‍ നില്‍ക്കുന്ന സുഖം വേറെ എവിടെപ്പോയാലും കിട്ടില്ലല്ലോ. അതാ….’ ‘ഉം.’ ‘എന്നോട് ഒന്നും ചോദിക്കാനില്ലെ?’ അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി. പതിയെ പറഞ്ഞു. ‘എനിക്ക് റൂമിലെത്തിയിട്ട്. വീടുവരെ പോകണം. ഞാന്‍ പൊയ്‌ക്കോട്ടേ?’ വേണ്ടെന്നോ പൊയ്‌ക്കൊളു എന്നോ ഞാന്‍ പറഞ്ഞില്ല. പക്ഷേ, ഒപ്പമുള്ള നടത്തം നിര്‍ത്തിഅവള്‍ വരാന്തയുടെ അറ്റത്ത് മറയുന്നതുവരെ ഞാന്‍ നോക്കിനിന്നു.

അവളുടെ ഹൃദയം തുറക്കാനുള്ള താക്കോല്‍ അതിന്റെ പേര് സ്‌നേഹം എന്നാണെന്ന് എനിക്കറിയാം. പക്ഷേ, തുറക്കേണ്ടത് എങ്ങനെയാണെന്നു മാത്രം അറിയില്ലായിരുന്നു. പിന്നെ രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ ചെല്ലുമ്പോള്‍ അവളുണ്ടായിരുന്നില്ല. പകരം അവളുടെ അച്ഛനുമായി ഞാന്‍ പരിചയപ്പെട്ടു. അവളുടെ പേര് അപര്‍ണ എന്നാണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. അവളാണ് അവര്‍ക്കെല്ലാം. എന്ന് അച്ഛന്റെ സംസാരത്തില്‍നിന്ന് ഞാന്‍ മനസ്സിലായി. അപ്പോള്‍ കുഴപ്പമില്ല. വീടുനോക്കാനറിയുന്ന ഒരു പെണ്ണ് തന്നെയാണ്. എന്റെ സ്വപ്നം കാണല്‍ ഇപ്പോള്‍ വളരെ കൂടിയിട്ടുണ്ട്. ഹൃദയം നിറയെ സ്‌നേഹം മാത്രമുള്ള അവളെ നെഞ്ചോട് ചേര്‍ത്തു പിടക്കണം എന്നും. എന്നൊരു തോന്നല്‍. അതിനേക്കാളുപരി ആ സ്‌നേഹം ആ കരുതല്‍ അതെനിക്കും കൂടി കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. പക്ഷേ, ഞാന്‍ അവളെ സ്‌നേഹിക്കുന്ന കാര്യം എനിക്കു മാത്രമെ അറിയൂ.

അവളോട് പറയാനുള്ള ധൈര്യവുമില്ല. അവളെ വേറെ ആര്‍ക്കും കൊടുക്കാനും പറ്റില്ല. അവരുടെ കുടുംബവുമായി ഞാനും എന്റെ അച്ഛനും നല്ല ബന്ധമായി കഴിഞ്ഞിരുന്നു. അപര്‍ണ്ണയുടെ അച്ഛന്റെ നമ്പറും വാങ്ങിച്ചു. പോരുന്ന ദിവസം അവളെ കാണണം എന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. എവിടെയാണെന്ന് അന്വേഷിച്ചപ്പോഴാണ് അച്ഛന്‍ പറഞ്ഞത്: ‘ അവര്‍ വീട്ടിലേക്ക് പോയിട്ട് ഇപ്പോള്‍ 4 ദിവസം കഴിഞ്ഞു. അമ്മയെ വീട്ടിലാക്കി നമുക്ക് ഒരു ദിവസം അങ്ങോട്ട് പോകണം. നല്ല കുടുംബക്കാരാണ് അവര്‍.’ അപ്പോള്‍ ഉണ്ടായ സന്തോഷം എത്രയാണെന്ന് എനിക്കു മാത്രമെ അറിയൂ. അമ്മയെ ആശുപത്രിയില്‍നിന്ന് കൊണ്ട് വന്ന പിറ്റേ ദിവസം ഞാനും അച്ഛനും കൂടി അവളുടെ വീട്ടിലേക്ക് പോയി. ചെല്ലുമ്പോള്‍ അവളുണ്ടാകണെ എന്നായിരുന്നു പ്രാര്‍ത്ഥന.

ഒരു ചെറിയ ടറസുവീട്. വൃത്തിയും വെടിപ്പുമുണ്ട്. ഞങ്ങളെ പെട്ടെന്ന് കണ്ടപ്പോള്‍ അവള്‍ വല്ലാതെ അദ്ഭുതപ്പെട്ടു. ഞാനാണെങ്കില്‍ അവളെ കണ്ട മാത്രയില്‍ എല്ലാം മറന്നുപോയിരുന്നു. ഒരു ചെറു ചിരിയോടെ അവളെ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ കോരിത്തരിച്ചുപോയി. ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കണ്ടിട്ടേയില്ല എന്നു തോന്നി. പെണ്ണുകാണാന്‍ വന്ന ഒരു പ്രതീതി ആണ് എനിക്ക് ഉണ്ടായിരുന്നത്. ഇരിക്കാന്‍ പറഞ്ഞിട്ട് കുടിക്കാന്‍ വെള്ളമെടുക്കാന്‍ പോയി. അപ്പോഴേക്കും അച്ഛനും അമ്മയും വന്നിരുന്നു. അവരെ കണ്ട് വിശേഷം ചോദിച്ചു. ദുഃഖങ്ങള്‍ പങ്കുവെച്ചു, സന്തോഷവും. പോകാന്‍ നേരം അച്ഛന്‍ അപര്‍ണയുടെ അച്ഛനോട് പറഞ്ഞു. ”ഇവളെ ഞങ്ങള്‍ക്ക് തരുന്നോ. ഞങ്ങള്‍ പൊന്നുപോലെ നോക്കിക്കോളാം.” ഞാന്‍ ഞെട്ടിപ്പോയി. മനസ്സില്‍ കണ്ട കാര്യമാണല്ലോ അച്ഛന്‍ പറഞ്ഞത്. ഞാനവളുടെ മുഖത്തേക്ക് നോക്കി. അവളാകെ പതറിപ്പോയിരുന്നു. ഇതും മനസ്സില്‍ വെച്ചുകൊണ്ടാണോ വന്നത് എന്നൊരു നോട്ടം. അവളെ എങ്ങനെ ഞാനെന്റെ നിരപരാധിത്വം മനസ്സിലാക്കും എന്നറിയാതെ കുഴങ്ങി.

പിറ്റേന്ന് എനിക്കെന്തോ വളരെ പേടി തോന്നി. അതുകൊണ്ട് ഓട്ടോയെടുത്തില്ല. ബൈക്കെടുത്ത് വഴിയില്‍ കാത്തുനിന്നു. ചെറിയ ഭയത്തോടെയാണ് നിന്നത്. ബസ് ഇറങ്ങി നടന്നു വരുന്ന അവളെ കണ്ടപ്പോള്‍ അവിടെനിന്ന് ഓടിപ്പോകണമെന്ന് തോന്നി. എന്നെ കണ്ടപ്പോള്‍ അവള്‍ പെട്ടെന്ന് നിന്നു. പിന്നെ പതിയെ നടന്നു വന്നു എന്റെ മുന്‍പില്‍നിന്നു. എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അവളൊന്നു മുഖത്തു നോക്കിയപ്പോള്‍ എനിക്കൊന്നും പറയാന്‍ തോന്നിയില്ല. എന്നെ മറികടന്ന് മുന്നോട്ട് പോയപ്പോയപ്പോള്‍ പെട്ടെന്ന് കൈപിടിച്ച് നിര്‍ത്തി. റോഡാണെന്ന കാര്യം എനിക്കപ്പോള്‍ ഓര്‍മ്മയുണ്ടായിരുന്നില്ല. അവളുടെ മുഖത്ത് പതിവു ഗൗരവം ഉണ്ടായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. ആ കണ്ണുനീര്‍ തുടച്ചു മാറ്റുമ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു ഒപ്പം മനസ്സും. ആ നിമിഷം എനിക്കുറപ്പായിരുന്നു. ഇവളെന്റേതാണെന്ന്. ഈ ജീവിതം മുഴുവന്‍ എന്റേതായിരിക്കുമെന്നും

രചന : – Aswathy Achus

Leave a Reply

Your email address will not be published. Required fields are marked *