പ്രതികാരദുർഗ്ഗ

രചന : – വിനീത അനിൽ

തിരക്കേറിയ തെരുവിന്റെ ബഹളങ്ങൾക്കിടയിലൂടെ ആ വിലപിടിപ്പുള്ള കാർ ഒഴുകി നീങ്ങി.

അണ്ടബുർജിയും പാനിപൂരിയും വാങ്ങുന്ന ആളുകൾക്കിടയിലൂടെ; കടും നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരുടെ ഇടയിലൂടെ; അങ്ങേയറ്റത്തുള്ള ദുർഗമ്മ ക്ഷേത്രത്തിനരികിലൂടെ തെരുവിലെ അവസാനത്തെ വീടിനു മുൻപിൽ കാർ നിന്നു.

പഴയ മാതൃകയിൽ പണി തീർത്ത വലിയൊരു ബംഗ്ലാവായിരുന്നു അത്. ചുറ്റുപാടും, ആ കെട്ടിടം മൊത്തമായും പലവർണങ്ങളിൽ ഉള്ള വിളക്കുകളാൽ അലംകൃതമായിരുന്നു. പുറത്തു നിന്നും നോക്കുന്നവർക്കു ചില്ലുജാലകങ്ങളിൽക്കൂടി കാണാവുന്ന കാഴ്ചകളിലൂടെ ഒരു മാന്ത്രികലോകം പോലെ തോന്നിപ്പിക്കാറുണ്ടായിരുന്നു.

ഡ്രൈവർ മാത്രം ഇറങ്ങി, ഗേറ്റ് കടന്നുള്ളിലേക്ക് കയറിപ്പോയി.

പല വർണങ്ങളിലുള്ള കർട്ടനുകൾ ഇളകിയാടുന്ന വലിയ സ്വീകരണ മുറിയിലെ ഊഞ്ഞാൽ.

കട്ടിലിൽ ഇരുന്ന കൊഴുത്ത മദാലസയായ സ്ത്രീ അയാളെ കണ്ടതോടെ ചിരപരിചിതനോടെന്ന പോൽ സംസാരിച്ചു തുടങ്ങി

“ബാബൂ..ഈ റോജു ദുർഗാവ്ക്കു വേറെ കസ്റ്റമർ ഉന്നാരു..വേറെ എവരെനാ കാവാലാ ?”( ഇന്നു ദുർഗക്ക് കസ്റ്റമർ ഉണ്ട് .വേറെ ആരെയെങ്കിലും വേണോ ?)

“ഒദ്ധമ്മാ..അയനക്കു ദുർഗമ്മ തപ്പ എവർനേം നച്ചവു”(വേണ്ട അദ്ദേഹത്തിന് ദുർഗയെ ഒഴികെ വേറെയാരെയും ഇഷ്ടമാവില്ല)

“ആയിത്തെ രേപു റണ്ടീ” (എങ്കിൽ നാളെ വരൂ)

ഡ്രൈവർ പോയി കാറിൽ കയറി ഓടിച്ചു പോകുന്നതും നോക്കി അവർ ഇരുന്നു. പല മുറികളിൽ നിന്നായി പെൺകുട്ടികൾ പുറത്തേക്കു എത്തിനോക്കി.. അവർ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു

“റെഡ്ഢിയാണ്..കയറി പൊയ്ക്കോളൂ”

വന്നത് പോലെ പെൺകുട്ടികൾ മുറികളിലേക്ക് അപ്രത്യക്ഷരായി. അവർ ഒന്നുകൂടി വിശാലമായി ചാരിയിരുന്നു കൊണ്ട് അടുത്ത് നിൽക്കുന്ന വിശ്വസ്തനായ ശിങ്കിടിയോട് ചോദിച്ചു.

“മുരുകാ..കുട്ടികളെല്ലാം എത്തിയോ”?

“ഇല്ലമ്മാ..ദുർഗ്ഗമ്മാവും സിനിയും കൂടി എത്താനുണ്ട്.ബാക്കി എല്ലാവരും എത്തി ”

പറയുന്നതിനിടയിൽ അയാൾ അക്ഷമയോടെ വാതിൽക്കലേക്കു നോക്കിക്കൊണ്ടിരുന്നു. ഏറ്റവും വിശ്വാസമുള്ള കുറച്ചു പെൺകുട്ടികൾക്ക് മാത്രമേ ആ ബംഗ്ലാവിൽ നിന്നും പുറംലോകം കാണാൻ സ്വാതന്ത്ര്യമുള്ളു. അതും വളരെ നാൾ കൂടിയിരിക്കുമ്പോൾ മാത്രം.

ആന്ധ്രാപ്രദേശിലെ തിരക്കേറിയ സ്ട്രീറ്റിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ബംഗ്ലാവായിരുന്നു അവരുടേത്. മലയാളിയായ രമ എന്ന രത്‌നമ്മയുടെ ആ ബംഗ്ലാവിലെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു മലയാളി പെൺകുട്ടികൾ. മലയാളി പെൺകുട്ടികൾ എന്ന ഒറ്റ പേരുമതി ആന്ധ്രയിലെ കോടീശ്വരന്മാരായ റെഡ്‌ഢികളും റാവുമാരും ഒഴുകിയെത്താൻ എന്നു അനുഭവം കൊണ്ട് അവർ പഠിച്ചിരുന്നു. കേരളത്തിൽ നിന്നും പെൺകുട്ടികളെ എത്തിക്കാൻ വേണ്ടി എത്ര തുക മുടക്കാനും അവർക്കു മടിയുണ്ടായിരുന്നില്ല.

കൂട്ടിന് മുരുകനും ശിങ്കിടികളും ഉള്ളത് എന്നും അവർക്കു ഇരട്ടി ബലം ആയിരുന്നു

പുറത്തു കാർ നിർത്തി ദുർഗയും സിനിയും കയറി വരുന്നത് കണ്ടപ്പോൾ അവർ ഇരിപ്പിടത്തിൽ നിന്നും എണീറ്റു.. അവർക്കു മുഖം കൊടുക്കാതെ ക്ഷീണിച്ച നടത്തവുമായി സിനി പതുക്കെ മുകളിലേക്ക് നടന്നു കയറി. അവളെ കണ്ടാലറിയാം ഇന്നവളെ കടിച്ചു കുടഞ്ഞ ചെന്നായുടെ ശൗര്യം. സഹിച്ചേ പറ്റൂ . അതാണ് ജീവിതം .

ഈ ബംഗ്ലാവിലെ ജീവിതം ഭാവഭേദമില്ലാതെ രത്‌നമ്മ അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു

“പാപ്പമ്മാ..വേഡിനീല് പെട്ടു കൊഞ്ചം” (പാപ്പമ്മാ കുറച്ചു വെള്ളം ചൂടാക്കൂ)

ദുർഗ പതിവ് പുഞ്ചിരിയോടെ തല ഉയർത്തിപ്പിടിച്ചു നടന്നു വന്നു ഇളം മഞ്ഞ ഷിഫോൺ സാരി ദുർമേദസ്സില്ലാത്ത വടിവൊത്ത അവളുടെ മേനിയിൽ ഒട്ടിക്കിടന്നു അരക്കെട്ടു വരെ പരന്നു കിടക്കുന്ന അഴിച്ചിട്ട കേശഭാരവും, തിളങ്ങുന്ന ഇളം നീല മിഴികളും, നെറ്റിയിലെ ചന്ദനക്കുറിയും അവൾക്കൊരു അലസ മനോഹര പരിവേഷം നൽകി.

ദുർഗ എന്നും രത്‌നമ്മയെ അതിശയിപ്പിച്ചു കൊണ്ടേയിരുന്നു.

വന്ന നാളുകളിൽ മറ്റുള്ള പെൺകുട്ടികളെ പോലെ അവൾ കരയുകയോ രക്ഷപെടാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല . വരുന്ന ഓരോ കസ്റ്റമറെയുംഅവൾ പുഞ്ചിരിയോടെ സ്വീകരിച്ചു. പോകുമ്പോളും അവളിലുള്ള താല്പര്യം തീരാതെയുള്ള അവരുടെ നോട്ടം രത്‌നമ്മയെ അതിശയിപ്പിച്ചു. ആദ്യ നാളുകളിൽ ഒരുദിവസം തന്നെ പലരാലും ഉപയോഗിക്കപ്പെടുമ്പോളും അവൾ നിഷേധിക്കുകയോ തളരുകയോ ചെയ്തില്ല.

അവളുടെ സൗന്ദര്യത്തെയും വൈഭവത്തെയും പറ്റി കേട്ടറിഞ്ഞു പലരും എത്തിയപ്പോൾ അവൾക്കു ഡിമാൻഡ് കൂട്ടി രത്‌നമ്മ.

ഒരു ദിവസം ഒരാൾക്ക്.അതും ലക്ഷങ്ങൾ ഉള്ളവന് മാത്രം .

കസ്റ്റമർ ഇല്ലാത്ത ദിവസങ്ങളിൽ അവൾ ബംഗ്ലാവിന് ചുറ്റും പല നിറങ്ങളിൽ ഉള്ള റോസുകൾ നട്ടുപിടിപ്പിച്ചു അതിനെ ശുശ്രൂഷിച്ചു രത്‌നമ്മയെ കൊണ്ട് സ്റ്റീരിയോയിൽ കീർത്തനങ്ങൾ ഇടുവിച്ചു മനോഹരമായി നൃത്തം ചവിട്ടി. അവളുടെ ഓരോ ചലനവും നർത്തകീ ലക്ഷണം തികഞ്ഞതായിരുന്നു വടിവൊത്ത ശരീരം ലാസ്യഭംഗിയിൽ ആടിത്തിമിർക്കുന്നത് കാണുമ്പോൾ രത്‌നമ്മ മനസ്സിൽ വീണ്ടും ഉറപ്പിക്കും അതെ, കഴിഞ്ഞ ജന്മത്തിൽ ഒരു നർത്തകി ആയിരുന്നിരിക്കണം ഇവൾ.

രത്‌നമ്മ ഓർത്തു നോക്കി , ആരായിരുന്നു ഇവളെ എനിക്ക് എത്തിച്ചത് .

കാമുകനാവാം; പക്ഷെ അന്നും അവളുടെ കണ്ണിൽ കണ്ണീരില്ലായിരുന്നു. അന്ന് പേര് ചോദിച്ചപ്പോൾ ദുർഗമ്മയുടെ അമ്പലത്തിലേക്ക് നോക്കി തണുത്ത ശബ്ദത്തിൽ അവൾ പറഞ്ഞു “ദുർഗ”

കസ്റ്റമറിൽ ചിലർ അവൾക്കു സമ്മാനങ്ങൾ നൽകാൻ ശ്രമിക്കാറുണ്ട്. പക്ഷെ അവൾ ആരോടും ഒന്നും സ്വീകരിക്കാറില്ല എന്നതും രത്‌നമ്മയെ അതിശയിപ്പിച്ചു. അവളുടെ നീണ്ട മൂക്കിൽ തിളങ്ങുന്ന ഡയമണ്ട് റിങ്ങ്.. അതായിരുന്നു ആദ്യമായും അവസാനമായും അവൾ സ്വീകരിച്ച സമ്മാനം. സ്ഥിരം കസ്റ്റമറായ നാഗരാജ റെഡ്ഢി എന്ന രത്നകച്ചവടക്കാരൻ നൽകിയതാണത്. അയാൾ അവളെ മാത്രമേ കൊണ്ടുപോകാറുള്ളൂ. അവർ തമ്മിൽ അനിർവ്വചനീയമായ ഒരു ബന്ധം ഉള്ളതായി രത്‌നമ്മക്കു തോന്നിയിട്ടുണ്ട് . ദുർഗ്ഗയുടെ കൂടെ രണ്ടു ദിവസം ചിലവഴിക്കാൻ എല്ലാ മാസവും ആദ്യത്തെ ആഴ്ച അയാളെത്തും. പണം മുൻ‌കൂർ അടക്കുന്നതുകൊണ്ട് രത്നമ്മക്കും പരാതിയില്ല. എങ്കിലും അൻപതിൽ കൂടുതൽ പ്രായമുള്ള അയാളും ഇരുപത്തിരണ്ടുകാരിയായ ദുർഗയും തമ്മിൽ എങ്ങനെ ഇതുപോലൊരു ബന്ധം ഉണ്ടായി എന്ന് എപ്പോളും അവർ ചിന്തിക്കാറുണ്ട്

*********

പഞ്ചനക്ഷത്ര ഹോട്ടലിലെ സ്യുട്ട് റൂമിൽ ദുർഗ്ഗയോടൊപ്പം തളർന്നു കിടക്കുമ്പോൾ പതിവുപോലെ റെഡ്ഢി സ്നേഹത്തോടെ ചോദിച്ചു

“ബങ്കാരം..നീക്കു ഏൻ കാവാലി ചെപ്പു ഏതഡികിനാ ഇപ്പിസ്‌താം നേനു.. നാതോ പാട്ടു റാവോച്ചു കഥാ എന്നി സാരി അടികിനാ നുവ്വു മട്ടും ഏമി ചെപ്പവൂ” (പൊന്നെ..നിനക്ക് എന്തുവേണം പറയു എന്തുതന്നെ ആയാലും തരും ഞാൻ എന്റെ കൂടെ പോരാൻ എത്ര പ്രാവശ്യമായി ഞാൻ വിളിക്കുന്നു നീ മാത്രം ഒന്നും പറയാത്തതെന്താ ?)

രണ്ടു വർഷത്തോളമായി അവളുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിന്റെ അടിമയാണയാൾ. ഓരോ നിമിഷവും അവളെ സ്വന്തമാക്കാനുള്ള ആഗ്രഹം അയാളിൽ വർദ്ധിച്ചു വന്നുകൊണ്ടിരുന്നു. സ്വന്തമാക്കുകയെന്നാൽ, ജീവിതത്തിൽ ഒരു തുണയായി കൂടെക്കൂട്ടുകയെന്നതാണ്. അവളെ പ്രലോഭിപ്പിക്കാനായി എന്തും നല്കാൻ അയാൾ ഒരുക്കമായിരുന്നു . ഭാര്യ മരിച്ചു തനിച്ചായിപ്പോയ അയാൾക്കു അവളെ കിട്ടുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന ഭ്രാന്തമായ ചിന്തയിലേക്ക് അയാൾ വീണു കഴിഞ്ഞിരുന്നു

ദുർഗ പതുക്കെ ബെഡിൽ എഴുന്നേറ്റിരുന്നു. കൈ എത്തിച്ചു ലൈറ്റ് ഓൺ ചെയ്ത ശേഷം എത്ര കണ്ടാലും മതിവരാത്ത മനോഹര പുഷ്പമായി അഴിഞ്ഞുലഞ്ഞ മുടി ബെഡിൽ വിടർത്തിയിട്ടു. ചുവന്ന ബെഡ്ഷീറ്റിൽ അവൾ ഒന്നുകൂടി തുടുത്തുനിന്നു

അയാളെ നോക്കി പുഞ്ചിരിക്കുമ്പോൾ, വെള്ള കല്ല് വച്ച അവളുടെ മൂക്കുത്തിയുടെ തിളക്കം അയാളുടെ ഉള്ളിലേക്കാഴ്ന്നിറങ്ങി .

ജ്വലിക്കുന്ന അവളുടെ സൗന്ദര്യത്തിന് മുന്നിൽ തീർത്തും പരവശനായിരുന്നു അയാളപ്പോൾ

“നാക് ഒക്കട്ടി കാവാലി അത് തപ്പ വേറെ ഏമി ഒദു “(എനിക്കു ഒരു കാര്യം വേണം .അതൊഴികെ മറ്റൊന്നും വേണ്ട എനിക്കു )

അപ്രതീക്ഷിതമായി അവളിൽ നിന്നും വന്ന വാക്കുകൾ അയാളെ ഞെട്ടിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ചാടിയെണീറ്റ് കട്ടിലിൽ നിന്നും താഴെ ഇറങ്ങി അവളുടെ മുൻപിൽ മുട്ടുകുത്തി അയാൾ. യജമാനന്റെ വാക്കുകൾക്കായി കാതോർക്കുന്ന നന്ദിയുള്ള ഒരു നായയെ പോലെ

*******

ഹോസ്പിറ്റലിലെ ശീതീകരിച്ച വരാന്തയിൽ വേണിയും ഭർത്താവ് മഹേഷും അക്ഷമയോടെ ഇരുന്നു.

ഇരട്ടക്കുഞ്ഞുങ്ങളായ അനഘയും അഞ്ജനയും അച്ഛന്റെയും അമ്മയുടെയും മടിയിൽ ചടഞ്ഞു കൂടിയി രുന്നു. ജന്മനാ ഉള്ള അരിഷ്ടതകളാൽ രണ്ടു പെൺകുട്ടികളും ചടച്ചു വിളർത്തിരുന്നു.

മഹേഷ് പാലക്കാട് അറിയപ്പെടുന്ന ഒരു ബിസിനസുകാരനാണ്. പ്രമാണിയായ അച്ഛന് ബിസിനസിൽ ചതി പറ്റി അവന്റെ ചെറുപ്പത്തിൽ തന്നെ ആത്മഹത്യ ചെയ്തിരുന്നു. പിന്നെ പൂർണമായും അമ്മയുടെ കീഴിലാണ് അവൻ വളർന്നത് .

സുന്ദരിയായ വേണിയുമായുള്ള വിവാഹം, പുതിയ ബിസിനസ്, അങ്ങനെ മഹേഷ് ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ കടക്കുകയായിരുന്നു. നാട്യമയൂരിപ്പട്ടം നേടിയിട്ടുള്ള വേണിക്ക്, സിനിമയിൽ അഭിനയിക്കാൻ ചാൻസുകൾ എത്തിയെങ്കിലും അതെല്ലാം ഉപേക്ഷിച്ചാണ് മഹേഷിന്റെ ഭാര്യയായത്.

എന്നാൽ നർത്തകിയുടേതായി ഇന്നവളിൽ ശേഷിക്കുന്നത് ആ വലിയ കണ്ണുകൾ മാത്രമാണ്. പ്രസവവും അതിനു ശേഷമുള്ള പലവിധ അസുഖങ്ങളും കോലം കെടുത്തിക്കളഞ്ഞു.

മക്കൾക്ക് കൂടെ കൂടെ വരുന്ന ശ്വാസം മുട്ടലും തളർച്ചയും നാട്ടിലെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഇങ്ങോട്ടേക്കാണ് റെഫർ ചെയ്തത്. ടെസ്റ്റുകൾ എല്ലാം കഴിഞ്ഞു റിസൾട്ടിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അവർ..

“ഡോക്ടർ വിളിക്കുന്നു”നഴ്സിന്റെ ശബ്ദമാണ് മഹേഷിന്റെ ചിന്തയെ ഉണർത്തിയത്.

“മിസ്റ്റർ ആൻഡ് മിസിസ് മഹേഷ് കുട്ടികളുടെ ടെസ്റ്റ് കഴിഞ്ഞു പക്ഷെ അതിന്റെ റിസൾട്ടിന് മുൻപ് അച്ഛനും അമ്മക്കും കൂടെ കുറച്ചു ടെസ്റ്റുകൾ ഉണ്ട്. അതുകൊണ്ട് രണ്ടുപേരും ഉള്ളിലേക്ക് വരൂ” ഡോക്ടർ ഉള്ളിലേക്ക് കയറിപ്പോയി .

പരസ്പരം നോക്കി പതുക്കെ ആ ദമ്പതികൾ ഡോക്ടറെ അനുഗമിച്ചു

“നാളെ ഹോസ്പിറ്റലിൽ പോകേണ്ട ദിവസമാണ് ഓർമ്മയുണ്ടോ ആവോ ” “ആ രാവിലെ റെഡി ആയ്ക്കോ പോകാം” വിരസമായ ശബ്ദത്തിൽ ലാപ്ടോപ്പിൽ നിന്നും തല ഉയർത്താതെ മഹേഷ് പറഞ്ഞു. ഭൂരിഭാഗം വിവാഹങ്ങളും പോലെ അവരുടെ ജീവിതവും മോഹവും ദാഹവും കടന്നു വിരസതയുടെ തീരത്തു തളർന്നടിയാൻ തുടങ്ങിയിരുന്നു

“ഒന്നു വേഗം ഇറങ്ങു വേണി ” മഹേഷ് അക്ഷമയോടെ കാറിന്റെ ഹോൺ ഒന്നൂടെ നീട്ടിയടിച്ചു. രണ്ടു കുട്ടികളെയും ചേർത്തുപിടിച്ചു ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ അവൾ ഇറങ്ങിവന്നു.

പതിവ് പോലെ കുട്ടികളെ എടുക്കാത്തതിന് വഴക്കിടാൻ വേണ്ടി കാറിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തേക്കു അവൾ നടന്നു

പെട്ടന്നാണ് ഗേറ്റ് കടന്നു വിലകൂടിയ ഒരു കാർ ഒഴുകിയെത്തിയത് “ആരാണോ ഈ നേരത്തു”? വേണിയുടെ പിറുപിറുപ്പിനിടയിലൂടെ കാർ പോർച്ചിലെത്തി. അവളുടെ തൊട്ടു മുൻപിൽ നിന്ന് ഡോർ തുറന്നു പുറത്തിറങ്ങിയതു സുന്ദരിയായ ഒരു യുവതിയായിരുന്നു.

ചുവന്ന പട്ടുസാരിയും ചുവപ്പു കല്ല് വച്ച രത്നാഭരണങ്ങളും അഴിച്ചിട്ട മുടിയും ചുവന്ന വട്ടപ്പൊട്ടും വെള്ളക്കൽ മുക്കുത്തിയും അവൾക്കു ഒരു ദേവീപരിവേഷം നൽകി. പുഞ്ചിരിയോടെ വേണിയുടെ മുൻപിൽ വന്നു കൈ കെട്ടി നിന്ന അവളെ മഹേഷ് ആർത്തിയോടെയും വേണി അപകർഷതാബോധത്തോടെയും നോക്കി

“എന്നെ മനസിലായില്ലേ ?ഞാൻ സുഗന്ധി ആണ് നിന്റെ പഴയ കളിക്കൂട്ടുകാരി സുഗന്ധി ..ലക്ഷ്മിയമ്മയുടെ മകൾ ”

ഒറ്റനിമിഷം. പ്രേതത്തെ കണ്ടതുപോലെ വേണി വീട്ടിനുള്ളിലേക്ക് തിരിച്ചോടി. യുവതി പതുക്കെ തല ഉയർത്തിപ്പിടിച്ചു മഹേഷിന്റെ മുഖത്തേക്ക് നോക്കി വിളറിവിയർത്തു ഞെട്ടിത്തരിച്ചു നിൽക്കുകയാണവൻ. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദുരന്തം കണ്മുൻപിൽ കണ്ടതുപോലെ! അവൻ കിതച്ചു. അവൾ പുഞ്ചിരിയോടെ വേണിയുടെ പിറകെ വീടിനുള്ളിലേക്ക് കയറിപോകുന്നതും നോക്കി അവൻ തളർന്നു നിന്നു.

കിടക്കയിൽ തളർന്നിരിക്കുന്ന വേണിയുടെ അരികിലേക്ക് അടുത്ത് കിടന്ന കസേര വലിച്ചിട്ടു സാരി ഉടയാതെ കാലിന്മേൽ കാൽ കയറ്റിവച്ചു ദുർഗ.

വിറങ്ങലിച്ച വേണിയുടെ മുഖത്തേക്ക് നോക്കി പുച്ഛചിരിയോടെ അവൾ ചോദിച്ചു

“ഇനിയും സംശയം ബാക്കിയുണ്ടോ വേണീ?സ്‌കൂളിലും ഡാൻസ് ക്‌ളാസിലും ഒന്നിച്ചുപഠിച്ച അതേ സുഗന്ധി ആണ് ഞാൻ..നാട്യമയൂരി പട്ടത്തിനായുള്ള മത്സരത്തിന് ഒരുങ്ങി വീട്ടിൽ നിന്നും ഇറങ്ങിയ മകൾ തിരിച്ചെത്താത്തതിൽ ആധിപിടിച്ചു ഹൃദയം പൊട്ടി മരിച്ച ലക്ഷ്മിയമ്മയുടെ മകൾ..ജീവിച്ചിരുന്നപ്പോൾ പങ്കുകച്ചവടക്കാരനെ പറ്റിച്ചു അയാളുടെ സ്വത്തുക്കൾ കൂടി കൈക്കലാക്കി എന്ന ദുഷ്‌പേര് മാത്രം നേടിയ നാരായണന്റെ മകൾ.”

മഹേഷ് കുട്ടികളെയും കൊണ്ട് റൂമിലേക്ക് തിടുക്കത്തിൽ കയറിവന്നു. അയാളെ തീർത്തും അവഗണിച്ചുകൊണ്ട് അവൾ തുടർന്നു

“എന്നെ ചതിച്ചിട്ടു നീ നേടാൻ കൊതിച്ചത് നാട്യമയൂരിപ്പട്ടം മാത്രമായിരുന്നില്ല അതുവഴി വരുന്ന സിനിമയുടെയും പ്രശസ്തിയുടെയും ലോകം കൂടി ആയിരുന്നു എന്നിട്ടു അത് നീ നേടിയോ?

“സ്വന്തം അച്ഛനെ ചതിച്ചയാളുടെ മകളെ നശിപ്പിക്കാൻ കിട്ടിയ അവസരം ഇവനും നന്നായി ഉപയോഗിച്ചു പക്ഷെ ഇവൻ ചതിക്കുമെന്നു നീ പ്രതീക്ഷിച്ചില്ല അല്ലെ? അതുകൊണ്ടല്ലേ അവസാനം ഗതികെട്ട് അവന്റെ ഭീഷണിക്കു മുൻപിൽ താലിക്കായ്‌ തല കുനിച്ചതു നീ ”

തല ഉയർത്താൻ കഴിയാതെ വേണി നിന്നുരുകുക ആയിരുന്നു..ഇന്നലെ എന്നപോലെ വർഷങ്ങൾക്കു മുൻപേ നടന്ന ഓരോ സംഭവവും അവൾക്കു മുന്നിൽ തെളിഞ്ഞു വന്നു

ഒരുങ്ങിവന്നു അമ്പലത്തിലേക്ക് പോകാൻ തനിക്കായി കാത്തിരുന്ന സുഗന്ധിക്ക്‌ കൊടുത്ത ജ്യുസിൽ ഉറക്കഗുളിക പൊടിച്ചു ചേർത്തത് മഹേഷായിരുന്നു അവനു അച്ഛനെ ചതിച്ചവന്റെ മകളോടുള്ള പ്രതികാരമായിരുന്നെങ്കിൽ; തന്റെ മുൻപിൽ നാട്യമയൂരിപട്ടവും അതിലൂടെ സിനിമയിലേക്കുള്ള വഴിയുമായിരുന്നു.

പക്ഷെ സുഗന്ധിയെയും കൊണ്ട് പോയി തിരിച്ചുവന്ന മൂന്നാം ദിവസം അവൻ ആവശ്യപ്പെട്ടത് അവനെ വിവാഹം കഴിക്കാനായിരുന്നു. അവന്റെ കൈക്കലുള്ള തെളിവുകൾ ഓരോന്നായി കണ്ടപ്പോൾ വേറെ വഴി ഉണ്ടായിരുന്നില്ല

ഹൃദയം പൊടിയുന്ന വേദനയോടെ വേണി സുഗന്ധിയുടെ നേർക്ക് കൈകൾ കൂപ്പി തൊഴുതു

“മാപ്പു”

ഒരു പൊട്ടിച്ചിരിയാണ് പകരം കേട്ടത് ചിരിയുടെ അവസാനം മഹേഷിന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു

“നിനക്കോർമയുണ്ടാവും ചോരയിൽ മുങ്ങി വേദന കൊണ്ട് അലറിക്കരയുമ്പോൾ ഒരു ഉപകാരം ചെയ്തു തരുംപോലെ എന്റെ ശരീരത്തിൽ മയക്കു മരുന്നു കുത്തിവച്ചു നീ. ”

“പഴുപ്പും അണുബാധയും കൊണ്ട് മരിക്കാറായ എനിക്കു ബോധം വരുമ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു ആശുപത്രിയിൽ ഏതോ പുതിയ ഒരാളായിരുന്നു എന്റെ കാവൽക്കാരൻ അപ്പോൾ .അവിടെ നിന്നും എത്തപ്പെട്ടത് നീ ഏല്പിച്ചുകൊടുത്ത ബംഗ്ലാവിലും”

“അവിടെ ഞാൻ നരകത്തീയിലൂടെ നടക്കുമ്പോൾ എന്റെ ‘അമ്മ എനിക്കായ് ഹൃദയം പൊട്ടി മരിച്ചപ്പോൾ നിങ്ങൾ രണ്ടുപേരും ജയിച്ചെന്നു കരുതി സുഖിച്ചു ജീവിച്ചു അല്ലെ ?

സ്വന്തം അച്ഛൻ ബിസിനസിൽ ചതിക്കപ്പെട്ടതാണോ അതോ രണ്ടാം ഭാര്യ കൊണ്ടുപോയതാണോ പണം എന്നിനിയെങ്കിലും ഒന്നു അന്വേഷിച്ചുകൊള്ളു മഹേഷ് ”

മഹേഷ് ഒന്നു നടുങ്ങി. ശരിയാണ് അച്ഛൻ പറഞ്ഞത് കള്ളമാണെന്നു മനസിലാക്കുമ്പോളേക്കും എല്ലാം കൈവിട്ടു പോയിരുന്നു. ഏതോ ഒരു സ്ത്രീയ്ക്കു വേണ്ടി എല്ലാം നശിപ്പിച്ചു എന്നു പറയാനുള്ള ധൈര്യം ഇല്ലാത്തതിനാലാവാം, ആ കുറ്റം മരിച്ചുപോയ സുഗന്ധിയുടെ അച്ഛന്റെ തലയിൽ കെട്ടിവച്ചത്.

അവൻ പരവശനായി ചുവരിലേക്കു ചാരി തളർന്നു നിന്നു

പതുക്കെ എണീറ്റ സുഗന്ധി പുഞ്ചിരിയോടെ വാതിലിനു നേർക്കു നടന്നു. പുറത്തു നിന്നും അവളുടെ ഡ്രൈവർ കയറിവന്നു ഒരു ഫയൽ കൊടുത്തു ഇറങ്ങിപ്പോയി.

അവൾ അത് വേണിയുടെ മടിയിൽ വച്ചുകൊടുത്തു ഒന്നും മനസിലാകാതെ വിറങ്ങലിച്ച അവസ്ഥയിൽ ഇരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി പുച്ഛച്ചിരിയോടെ അവൾ പറഞ്ഞു

“ഇത്രയും എനിക്കു ചെയ്തു തന്ന നിങ്ങള്ക്ക് എന്റെ വക ഒരു ചെറിയ സമ്മാനം ആണത് കുറെ മുൻപ് നീയറിയേണ്ടതായിരുന്നു ഈ സത്യം പക്ഷെ വിതച്ചത് ഞാൻ ആയതിനാൽ കൊയ്യാനുള്ള അവകാശവും എനിക്കു മാത്രമല്ലേ ?അതുകൊണ്ട് കഴിഞ്ഞ അഞ്ചു വർഷമായി ഒരു നിഴലായി ഞാൻ ഉണ്ടായിരുന്നു നിങ്ങളുടെ പുറകിൽ”

“നീയും നിന്റെ ഭർത്താവും രണ്ടു മക്കളും എയ്ഡ്സ് രോഗികളാണ് ഇപ്പോൾ … അതിന്റെ ആദ്യലക്ഷണങ്ങൾ പുറത്തുവരാൻ തുടങ്ങിയിരിക്കുമിപ്പോൾ.. കുഞ്ഞുങ്ങളെ ഒഴിവാക്കിയാലോ എന്നു ആദ്യം ചിന്തിച്ചതാണ് ഞാൻ പക്ഷെ ഒരമ്മ ആവാനുള്ള എന്റെ അവകാശം വരെ തകർത്തെറിഞ്ഞവർക്കു എന്തിന് മക്കൾ എന്നാലോചിച്ചപോൾ, അതാണ് ശരി എന്നു തോന്നി..”

‘ഒരു ഗ്ലാസ് ജ്യുസ് കുടിച്ചു ഉറങ്ങിയ ഞാൻ പിന്നീട് സുബോധത്തിലേക്കു വരുമ്പോൾ പെണ്ണിന്റെതായ എല്ലാം എനിക്കു നഷ്ടപ്പെട്ടിരുന്നു പഴുപ്പു ബാധിച്ച എന്റെ ഗർഭപാത്രം മുറിച്ചു കളഞ്ഞാണ് എന്റെ ജീവൻ രക്ഷപ്പെടുത്തിയതത്രെ അന്ന് ഡോക്ടർമാർ.”

കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ തരിച്ചിരിക്കുന്ന മഹേഷിന്റെ മുഖത്തു നോക്കി വാതിൽകടക്കും മുൻപ് അവൾ പറഞ്ഞു

“പേടിക്കേണ്ട എയ്ഡ്സ് വന്ന ആരും പെട്ടെന്ന് മരിക്കുന്നില്ല. ഇപ്പോൾ പക്ഷെ മനസും ശരീരവും കൊണ്ട് ഓരോ നിമിഷവും അവർ ദുർബലരാവും. അതുമാത്രമാണ് എനിക്കും കാണേണ്ടത് അതിലൂടെ എന്റെ അമ്മയുടെ ആത്മാവ് സന്തോഷിക്കും ”

പുറത്തേക്കു നടന്ന അവളെ പുറകിൽ നിന്നും ഞരങ്ങും പോലെ ദയനീയമായി വേണി വിളിച്ചു

“സുഗന്ധീ”

വിളികേട്ട അവൾ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

“സുഗന്ധി മരിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇപ്പോൾ ദുർഗ മാത്രമേയുള്ളു ബാക്കി. നിനക്കുള്ള കണക്കു തീർക്കാൻ മാത്രം ജീവിച്ച പ്രതികാരദുർഗ ”

പുറകിൽ നിന്നുള്ള പൊട്ടിക്കരച്ചിലിനെ അവഗണിച്ചു തല ഉയർത്തിപ്പിടിച്ചു അവൾ നടന്നു ചെന്നു കാറിൽ കയറി ആ വണ്ടി ഗേറ്റ് കടന്നു പോകുന്നതും നോക്കി മഹേഷ് നിലത്തേക്ക് കുഴഞ്ഞിരുന്നു

********

പിറ്റേന്നു രാവിലെ കസ്റ്റമർ വന്നത് പറയാൻ ചെന്ന രത്നമ്മയാണ് കണ്ടത്,

കിടക്കയിൽ പുഞ്ചിരിയോടെ.. പുതുവസ്ത്രങ്ങളും നിറയെ ആഭരണങ്ങളും അണിഞ്ഞു… നിറയെ പൂ ചൂടി ഒരു നവവധുവായി ദുർഗ ഉറങ്ങികിടക്കുന്നതാണ്. ഒരിക്കലും ഉണരാത്ത ആ ഉറക്കത്തിലും സംതൃപ്തിയുടെ ഒരു വിജയസ്മിതം ആ ചുണ്ടുകളിൽ വിടർന്നു നിന്നിരുന്നു

രചന : – വിനീത അനിൽ

Leave a Reply

Your email address will not be published. Required fields are marked *